ശങ്കരാചാര്യരുടെ ‘തത്വബോധ’മെന്ന ചെറിയ ഗ്രന്ഥം ചോദ്യോത്തര രൂപത്തിലാണ്. അതില്‍ ഒരു ചോദ്യം ഇതാണ് – ‘ആത്മാ ക:’. ആത്മാവ് എന്നാല്‍ എന്ത്?
സ്ഥൂല സൂക്ഷ്മ കാരണശരീരാദ് വ്യതിരിക്ത: പഞ്ചകോശാതീത: സന്‍ അവസ്ഥാത്രയസാക്ഷീ സച്ചിദാനന്ദരൂപ: സന്‍ യസ്തിഷ്ഠതി സ ആത്മാ
എന്നാണ് ഉത്തരം. സ്ഥൂല – സൂക്ഷ്മ – കാരണ – ശരീരങ്ങളില്‍ നിന്ന് വ്യത്യസ്തനായി പഞ്ചകോശങ്ങള്‍ക്ക് അപ്പുറത്തിരുന്ന് അവസ്ഥാത്രയങ്ങള്‍ക്കും സാക്ഷിയായി സച്ചിദാനന്ദരൂപനായി ഇരിക്കുന്നവനാണ് ആത്മാവ്. സംസ്‌കൃതത്തില്‍ ആത്മാ എന്നേ പറയൂ.
കഠിനമായ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമ്പോള്‍ പലരീതികള്‍ ഉപയോഗിക്കും. ആത്മാവ് എന്തല്ല എന്നാണ് ആദ്യം പറയുന്നത്.
ഭൂമി, ജലം, അഗ്‌നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതാണ് സ്ഥൂല (പുറത്തു കാണുന്ന) ശരീരം. മുമ്പു ചെയ്ത സല്‍ക്കര്‍മ്മങ്ങളുടെ ഫലമായുണ്ടായതാണ് ഇത്. സുഖം, ദുഖം മുതലായ അനുഭവങ്ങളുടെ ഇരിപ്പിടമാണ് ഈ ശരീരം. ജനിക്കുകയും വളരുകയും പരിണമിക്കുകയും നിലനില്‍ക്കുകയും മരിക്കുകയും ചെയ്യുന്നതാണ് ഇത്. സ്ഥൂല ശരീരം ആത്മാവല്ല.
ഇനി സൂക്ഷ്മ ശരീരം. ശബ്ദ – സ്പര്‍ശ-രൂപ-രസ-ഗന്ധങ്ങളാല്‍ നിര്‍മ്മിതമാണ് ഇത്. മുമ്പു ചെയ്ത സല്‍ക്കര്‍മ്മങ്ങളുടെ ഫലമായുണ്ടായതാണ് ഇതും. സുഖം, ദുഖം മുതലായ അനുഭവങ്ങള്‍ ഇത് സാധിപ്പിച്ചു തരുന്നു. കണ്ണ്-മൂക്ക്-നാക്ക്-ത്വക്ക്-ചെവി എന്നീ പഞ്ചജ്ഞാനേന്ദ്രിയങ്ങള്‍, നാക്ക് -കൈ -കാല്‍-ഗുദം-ലിംഗം എന്നീ പഞ്ചകര്‍മ്മേന്ദ്രിയങ്ങള്‍, പ്രാണന്‍ – അപാനന്‍ -വ്യാനന്‍-ഉദാനന്‍-സമാനന്‍ എന്നീ പഞ്ചപ്രാണങ്ങള്‍, മനസ്സ്, ബുദ്ധി എന്നിങ്ങനെ 17 ഘടകങ്ങള്‍ ചേര്‍ന്നതാണ് സൂക്ഷ്മ ശരീരം. ഇതിനെ കാണാനാവില്ല. ഇതും ആത്മാവല്ല.
ഇനി കാരണശരീരം. സ്ഥൂല – സൂക്ഷ്മ ശരീരങ്ങള്‍ക്ക് കാരണക്കാരനാണ് ഇത്. ഇതിനെ നിര്‍വചിക്കാനാവില്ല. ഇത് അവിദ്യാരൂപമാണ്, അനാദിയുമാണ്. തന്റെ യഥാര്‍ഥ രൂപത്തെ അറിയാത്തവനുമാണ്. ഇതും ആത്മാവല്ല. പഞ്ചകോശങ്ങളില്‍ ആദ്യത്തേത് അന്നമയ കോശം. അന്നരസത്തില്‍ ജനിച്ച് അന്നരസത്താല്‍ വളര്‍ച്ച പ്രാപിച്ച് അന്നരൂപത്തിലുള്ള ഭൂമിയില്‍ വിലയം പ്രാപിക്കുന്നതാണ് അന്നമയ കോശം. ഇതു തന്നെ സ്ഥൂല ശരീരം.
പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നീ പഞ്ച പ്രാണങ്ങളും നാക്ക് – കൈ – കാല്‍ – ഗുദം – ലിംഗം എന്നീ പഞ്ചകര്‍മ്മേന്ദ്രിയങ്ങളും ചേര്‍ന്നതാണ് പ്രാണമയകോശം.
കണ്ണ് – മൂക്ക് – നാക്ക് – ത്വക്ക് – ചെവി എന്നീ പഞ്ചജ്ഞാനേന്ദ്രിയങ്ങളും മനസ്സും ചേര്‍ന്നാല്‍ മനോമയകോശം.
പഞ്ചജ്ഞാനേന്ദ്രിയങ്ങളും ബുദ്ധിയും ചേര്‍ന്നാല്‍ വിജ്ഞാനമയകോശം.കാരണശരീരഭൂതമായ അവിദ്യയില്‍ ഉറച്ച മലിനമായ എന്നാല്‍ പ്രിയം, മോദം, പ്രമോദം എന്നീ വൃത്തികളോടു കൂടിയ സത്വമാണ് ആനന്ദമയകോശം. ഈ അഞ്ചു കോശങ്ങളും ആത്മാവല്ല.
ഇനി മൂന്ന് അവസ്ഥകള്‍. കണ്ണ്, മൂക്ക് മുതലായ ഇന്ദ്രിയങ്ങളാലും ശബ്ദം, സ്പര്‍ശം മുതലായ വിഷയങ്ങളാലും അറിയപ്പെടുന്നതാണ് ജാഗ്രത് എന്ന ഉണര്‍ന്നിരിക്കുന്ന അവസ്ഥ.
ജാഗ്രദവസ്ഥയില്‍ കണ്ടതും കേട്ടതും അനുഭവിച്ചതും അനുസരിച്ച് ഉറക്കത്തില്‍ ഒരു പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നു. ആ അവസ്ഥയാണ് സ്വപ്‌നം. ഇത് ഉറക്കത്തിന്റെ ഒരു ഘട്ടമാണ്.
ഇനി സുഷുപ്തി അവസ്ഥ. ഞാന്‍ ഒന്നും അറിയുന്നില്ല. ഞാന്‍ സുഖമായ ഉറക്കം അനുഭവിക്കുന്നു എന്ന അവസ്ഥയാണിത്. ഈ മൂന്നവസ്ഥകള്‍ക്കും സാക്ഷിയാണ് ആത്മാവ്.
മേല്‍പ്പറഞ്ഞതൊന്നും ആത്മാവല്ല. എന്റെ വള, എന്റെ വീട് എന്ന് നാം പറയും. ഞാന്‍ വളയല്ല, ഞാന്‍ വീടല്ല എന്നു വ്യക്തം. അതുപോലെ എന്റെ ശരീരം, എന്റെ പ്രാണങ്ങള്‍, എന്റെ മനസ്സ്, എന്റെ ബുദ്ധി എന്നു നാം പറയും. എന്റേതൊന്നും ഞാനല്ല എന്നും വ്യക്തം. അതുകൊണ്ട് മേല്‍പ്പറഞ്ഞ എന്നില്‍ നിന്നു ഭിന്നമായ ഒന്നും ആത്മാവല്ല.
പിന്നെ എന്താണ് ആത്മാവ്? ആത്മാവ് സച്ചിദാനന്ദ (സത്ത്, ചിത്ത്, ആനന്ദം) സ്വരൂപനാണ്. ഭൂതകാലത്തും വര്‍ത്തമാനകാലത്തും ഭാവിയിലും നിലനില്ക്കുന്നതാണ് സത്ത്. ജ്ഞാനസ്വരൂപമാണ് ചിത്ത്. സുഖസ്വരൂപമാണ് ആനന്ദം. ആത്മാവ് ഇത് മൂന്നുമാണ്.
ഇതൊക്കെയാണെങ്കിലും ഈ ശരീരം ഞാനാണ് എന്ന തെറ്റായ ജ്ഞാനം (അവിദ്യ) നിലനില്ക്കുന്നുണ്ട്. അവിദ്യ എന്ന ഉപാധിയോടു കൂടിയ ആ സ്ഥൂല ശരീരാഭിമാനിയെയാണ് ജീവന്‍ എന്നു വിളിക്കുന്നത്. അത് ബ്രഹ്‌മത്തിന്റെ പ്രതിബിംബമാണ്. മായ എന്ന ഉപാധിയോടുകൂടിയ ആത്മാവാണ് ഈശ്വരന്‍.
ഇങ്ങനെ അവിദ്യാ – മായാ ഉപാധി ഭേദം കൊണ്ടാണ് ജീവ – ഈശ്വരഭേദം വരുന്നത്. ഈ ഉപാധി ഭേദം നിലനില്ക്കുന്നേടത്തോളം കാലം ഈ ജനന മരണ രൂപത്തിലുള്ള സംസാരം നിലനില്ക്കും.
തത് ത്വം അസി എന്ന വാക്യത്തിലെ തത് ഈശ്വരനും ത്വം ജീവാത്മാവും ആണ്. രണ്ടും ഒന്നു തന്നെ എന്നാണ് മഹാവാക്യം ഘോഷിക്കുന്നത്. ഈശ്വരന്‍ എന്നതിന് ഉപാധിരഹിതമായ ചൈതന്യം എന്നും ലക്ഷ്യാര്‍ത്ഥമെടുക്കണം. ഇതേ അര്‍ത്ഥം തന്നെയാണ് മറ്റു മഹാവാക്യങ്ങള്‍ക്കും. ഉപാധിരഹിതമായാല്‍ ജീവനും ശുദ്ധ ചൈതന്യം തന്നെ. ഈ ബോധം ലഭിക്കുന്നവന്‍ ജീവന്മുക്തന്‍.