കോണ്‍ഗ്രസ്സും ഏതാനും പ്രതിപക്ഷ കക്ഷികളും ചേര്‍ന്നുണ്ടാക്കിയ ‘ഇന്ത്യാ മുന്നണി’യിലെ ‘ഇന്ത്യ’യില്‍ ജനാധിപത്യവും പത്ര സ്വാതന്ത്ര്യവും എങ്ങനെയായിരിക്കും എന്നതിന്റെ ചെറിയ സാമ്പിള്‍ കാണണ്ടേ? കഴിഞ്ഞ ദിവസം ഈ മുന്നണിയിലെ പ്രബലന്മാര്‍ ഒത്തുകൂടിയ ഏകോപന സമിതി കൂലങ്കഷമായി ചര്‍ച്ചകള്‍ നടത്തി ഒരു പട്ടിക തയ്യാറാക്കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ പ്രകടനപത്രിക തയ്യാറാക്കേണ്ട രാഷ്ട്രീയ ബുദ്ധിജീവികളുടെ പട്ടികയല്ല; മുന്നണി പരിപാടി ആസൂത്രണം ചെയ്യാന്‍ പ്രാപ്തരായ രാഷ്ട്രീയ ബുദ്ധിരാക്ഷന്മാരുടെ പട്ടികയുമല്ല. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത സത്യങ്ങള്‍ വിളിച്ചു പറയുന്ന ചില പത്രക്കാരുടെ പട്ടികയാണ്. മുന്നണി ബഹിഷ്‌കരിക്കേണ്ട പത്രക്കാരുടെ കരിമ്പട്ടിക. മുന്നണികള്‍ അയിത്തം കല്പിച്ചു നാലയലത്തെങ്ങും നിര്‍ത്താന്‍ പാടില്ലാത്തവരുടെ പട്ടിക. ആദ്യ പട്ടികയില്‍ ഉള്ളത് ഇംഗ്ലീഷ് – ഹിന്ദി ചാനലുകളിലുള്ള പതിനാല് അവതാരകരാണ്. സംസ്ഥാനങ്ങളിലേക്ക് പട്ടിക നീട്ടാന്‍ ഉദ്ദേശിക്കുന്നു എന്നും പറഞ്ഞു കഴിഞ്ഞു. അവര്‍ പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ നിലപാടു മാറ്റി വെറ്റില വെച്ച് ക്ഷമ ചോദിച്ചാല്‍ അവരുടെ പേരുകള്‍ കരിമ്പട്ടികയില്‍ നിന്ന് വെട്ടാം എന്ന ഒരു ഔദാര്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കരിമ്പട്ടികയില്‍പെട്ട് ജീവിതം വഴിമുട്ടിയവര്‍ ആരൊക്കെയാണെന്നോ? റിപ്പബ്ലിക്ക് ടിവിയിലെ അര്‍ണാബ് ഗോസ്വാമി, ന്യൂസ് 18 ലെ അമന്‍ ചോപ്ര, അമിഷ് ദേവ്ഗണ്‍, ആനന്ദ് നരസിംഹന്‍, ഭാരത് ടി.വിയിലെ അതിഥി ത്യാഗി, ഡി.ഡി. ന്യൂസിലെ അശോക് ശ്രീവാസ്തവ, ആജ് തക്കിലെ സുധീര്‍ ചൗധരി, ചിത്ര ത്രിപാഠി, ഭാരത് 24 ലെ റുബിക ലിഖായത്ത്, ഇന്ത്യ ടുഡെയിലെ ഗൗരവ് സാവന്ത്, ശിവ് അരൂര്‍, ഇന്ത്യ ടി.വി.യിലെ പ്രാചി പരാശര്‍, ടൈംസ് നൗ നവ് ഭാരതിലെ നവിക കുമാര്‍, സുശാന്ത് സിന്‍ഹ എന്നിവരാണവര്‍.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി പത്രക്കാരുടെ കരിമ്പട്ടിക ഉണ്ടാക്കിയാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തെ ദ്രോഹിച്ചത്. ഓര്‍ഗനൈസറും മതര്‍ലാന്‍ഡും പാഞ്ചജന്യയുമൊക്കെ പൂട്ടി താഴിട്ടത്. ‘ഇന്ത്യാമുന്നണി’ക്കാര്‍ക്ക് അടിയന്തരാവസ്ഥയുടെ ബലം പോയിട്ട് അധികാരക്കസേര പോലുമില്ല. എന്നിട്ടും ദില്ലിയില്‍ മുന്നണി നേതാക്കളിരുന്നു പത്രക്കാരുടെ കരിമ്പട്ടിക തയ്യാറാക്കി പുറത്തുവിട്ടിരിക്കയാണ്. ഇവരെങ്ങാന്‍ അധികാരത്തില്‍ വന്നാല്‍ എതിര്‍ ശബ്ദമുയര്‍ത്തുന്നവന്റെ അവസ്ഥ എന്തായിരിക്കും? മണിപ്പൂരില്‍ വസ്തുത അന്വേഷിക്കാന്‍ ആളെ വിട്ട് റിപ്പോര്‍ട്ടുണ്ടാക്കി വിവാദത്തില്‍ തല കുടുങ്ങിക്കിടക്കുന്ന എഡിറ്റേഴ്‌സ് ഗില്‍ഡ് മഹാന്മാര്‍ക്ക് പത്രക്കാരുടെ കരിമ്പട്ടിക തയ്യാറാക്കുന്ന മുന്നണിയുടെ ഫാസിസ്റ്റ് മനഃശാസ്ത്രത്തെക്കുറിച്ച് ഒരു അന്വേഷണം വേണമെന്ന് തോന്നുന്നേയില്ല. അടിയന്തരാവസ്ഥയില്‍ ഇന്ദിര കുമ്പിടാന്‍ പറഞ്ഞപ്പോള്‍ ചില പത്രക്കാര്‍ മുട്ടിലിഴഞ്ഞു സ്വന്തം സംസ്‌കാരം കാണിച്ചിരുന്നു. ആ വര്‍ഗ്ഗം കുറ്റിയറ്റിട്ടില്ല എന്നതിനുള്ള തെളിവാണിത്.