രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനം കൂടിക്കൂടിവരികയാണെന്ന് ചില ക്രിസ്ത്യന്‍ നേതാക്കള്‍ പരാതിയുമായി രംഗത്തു വന്നിരിക്കുന്നു. ‘അലയന്‍സ് ഡിഫന്‍ഡിങ്ങ് ഫ്രീഡം ഇന്ത്യ’ എന്ന ഒരു കടലാസുസംഘടനയുടെ പേരിലാണ് ചില മത നേതാക്കള്‍ ദല്‍ഹിയില്‍ പത്രസമ്മേളനം നടത്തി ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന് പരാതിപ്പെട്ടത്. എന്നാല്‍ ഇത്തരം പീഡനങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ഇയ്യിടെ പത്രമാധ്യമങ്ങളിലൊന്നും ആരും കണ്ടിട്ടില്ല. പിന്നെ എന്താണു മതനേതാക്കള്‍ക്ക് പെട്ടെന്നുണ്ടായ പ്രകോപനത്തിനു കാരണം എന്ന് ചിന്തിക്കുമ്പോഴാണ് ചില ക്രിസ്ത്യന്‍ മതസ്ഥാപനങ്ങളുടെ വിദേശ സഹായം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. വിദേശത്തുനിന്നു കിട്ടുന്ന പണത്തിന്റെ കണക്കു ചോദിക്കുക, കണക്കില്‍ വെട്ടിപ്പുകള്‍ കാണുമ്പോള്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുക, സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടുക എന്നീ വിധത്തിലുള്ള ”പീഡനങ്ങള്‍” കേന്ദ്ര ആഭ്യന്തരവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ് വാര്‍ത്ത.
എറണാകുളം അങ്കമാലി അതിരൂപത, വരാപ്പുഴ അതിരൂപത, കൊച്ചി രൂപത, കാഞ്ഞിരപ്പള്ളി രൂപത, വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊ സൈറ്റി എന്നിവ സമര്‍പ്പിച്ച 2009-10 മുതല്‍ 2013-2014 വരെയുള്ള കണക്കിലാണ് കോടികളുടെ വെട്ടിപ്പ് കണ്ടത്. തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അതുമാത്രമല്ല ഇതുസംബന്ധിച്ച് ആരെങ്കിലും വിവരാവകാശ നിയമപ്രകാരം രേഖകള്‍ ആ വശ്യപ്പെട്ടാല്‍ അതും കൊടുക്കണം. അതോടെ വെട്ടിപ്പിന്റെ കഥ നാട്ടിലാകെ പാട്ടാകും. വിവരാവകാശപ്രകാരം ചില കുരുട്ടുബുദ്ധികള്‍ രേഖകള്‍ ആവശ്യപ്പെട്ട് ശല്യം ചെയ്യുന്നുമുണ്ട്. പാതിരിമാര്‍ക്ക് അത്യാവശ്യം കീശവീര്‍പ്പിക്കാനും കുടുംബം പച്ചപിടിപ്പിക്കാനും മറ്റും സാധിക്കുന്ന വഴിയാണ് വിദേശത്തുനിന്നുള്ള സഹായധനത്തിലെ കയ്യിട്ടുവാരല്‍. ആ വഴിയാണ് കേന്ദ്രസര്‍ക്കാര്‍ അടയ്ക്കുന്നത്. ഇതു മതസ്വാതന്ത്ര്യം നിഷേധിക്കലല്ലെങ്കില്‍ പിന്നെ എന്താണ്?