ഭാഗവതംപോലുള്ള ഹൈന്ദവപുരാണങ്ങളനുസരിച്ച് സൃഷ്ടിപരമ്പരയുടെ കഥ പോകുന്നത് മറ്റൊരു തരത്തിലാണ്. ബ്രഹ്‌മാവ്, സ്വയം രണ്ടു പകുതികളായി പിളര്‍ന്ന് അതിലൊന്ന് പുരുഷരൂപമായും മറ്റേത് സ്ത്രീരൂപമായും ഉടല്‍ ചമഞ്ഞു നിന്നു. അതിലെ പുരുഷരൂപമായിരുന്നു മനുവംശസ്ഥാപകനായ സ്വായംഭുവമനു. സ്ത്രീരൂപമായ ശതരൂപ, ഹൈന്ദവധര്‍മ്മത്തിലെ ആദിമാതാവും. ഈ ദമ്പതികള്‍ക്ക് അഞ്ചു മക്കളുണ്ടായി. പ്രിയവ്രതന്‍, ഉത്താനപാദന്‍ എന്നീ പേരുകളില്‍ രണ്ടു പുത്രന്മാരും ആകൂതി, ദേവഹൂതി, പ്രസൂതി എന്നീ പേരുകളില്‍ മൂന്നു പെണ്‍മക്കളും. ഇതില്‍ ആകൂതിയെ രുചി പ്രജാപതിയും ദേവഹൂതിയെ കര്‍ദ്ദമപ്രജാപതിയും പ്രസൂതിയെ ദക്ഷപ്രജാപതിയും വിവാഹം കഴിച്ചു (പ്രജാപതിമാര്‍ സൃഷ്ടികര്‍മ്മത്തില്‍ ബ്രഹ്‌മാവിന്റെ സഹായികളാണ്. അതുകൊണ്ടുതന്നെ, പുരാണങ്ങള്‍ പ്രകാരം, മനുഷ്യന്‍ സൃഷ്ടിക്കപ്പെടുന്നതിനുമുമ്പുതന്നെ സൃഷ്ടികര്‍ത്താക്കളായ ഇവര്‍ സ്വയംഭൂക്കളായി സൃഷ്ടിക്കപ്പെട്ടിരുന്നു എന്നറിയുക). പ്രിയവ്രതന്‍ വിശ്വകര്‍മ്മാവിന്റെ പുത്രി ബര്‍ഹിസ്മതിയെ വിവാഹം ചെയ്തു. ആ ദമ്പതികള്‍ക്ക് പത്ത് ആണ്‍മക്കളും ഒരു മകളും പിറന്നു. ഉത്താനപാദന്‍ സുനീതിയെയും സുരുചിയെയും കല്യാണം കഴിച്ചു. ഈ ബന്ധത്തില്‍ സുനീതിക്ക് ധ്രുവനും സുരുചിക്ക് ഉത്തമനും പിറന്നു. ഇവര്‍ക്കുണ്ടായ സന്തതിപരമ്പരകളുടെ പിന്‍ഗാമികളാണ് ഹൈന്ദവസങ്കല്പമനുസരിച്ച് ഭൂമിയുടെ ചെങ്കോല്‍ കൈക്കലാക്കിയ മനുഷ്യവര്‍ഗ്ഗം! മതപരമായ ആശയസമന്വയങ്ങളിലേക്ക് വെളിച്ചമെത്തിക്കാനാണ് ഈ കഥകളെല്ലാം ഇവിടെ എടുത്തു ചൊല്ലുന്നത്.
ഏറെക്കുറെ സമാനമായ ആദിമസൃഷ്ടിയുടെ കഥപോലെത്തന്നെ, പ്രസിദ്ധമായ ‘നോഹയുടെ പെട്ടക’ത്തിന്റെ കഥയോടു തോളുരുമ്മുന്ന മറ്റൊരു കഥ ‘മാത്സ്യപുരാണ’ത്തിലും കാണുന്നുണ്ട്. ‘നോഹയുടെ പെട്ടക’ത്തിന്റെ കഥ ഇങ്ങനെയാണ്: യഹോവയുടെ മുന്നറിയിപ്പനുസരിച്ച് തന്റെ അറനൂറാമത്തെ വയസ്സില്‍ നോഹ തയ്യാറാക്കിയ കപ്പലാണ് ‘നോഹയുടെ പെട്ടകം’ എന്ന പേരില്‍ സെമറ്റിക്ക് ഗ്രന്ഥങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഭൂമിയില്‍, മനുഷ്യരുടെ മുറതെറ്റിയ ജീവിതം കണ്ട് കുപിതനായ യഹോവ ഈ അധര്‍മ്മിഷ്ഠ രെ ശിക്ഷിക്കാനൊരുങ്ങുന്നു. പക്ഷേ, നീതിമാനായ നോഹയെ ഈ ശിക്ഷയില്‍നിന്ന് ഒഴിവാക്കി നിര്‍ത്താനാണ് യഹോവ ഇഷ്ടപ്പെട്ടത്. അതിനായി ഗോഫര്‍ മരംകൊണ്ട് ഒരു കപ്പലുണ്ടാക്കി, ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങളുടെയും ഓരോ ജോഡി ഇണകളെയും സമാഹരിച്ചുകൊണ്ട് കപ്പലില്‍ കയറി ഇരുന്നുകൊള്ളാന്‍ ദൈവം നോഹയോടാവശ്യപ്പെടുന്നു. ഒരാഴ്ചത്തെ നിരന്തരപരിശ്രമംകൊണ്ട് നോഹ ദൈവഹിതം നിറവേറ്റി കപ്പലില്‍ സുരക്ഷിതനായി കുടുംബസമേതം കയറിയിരുന്നു. അതിനോടകം തിമിര്‍ത്തു പെയ്ത പേമാരിയില്‍ ഭൂമി പ്രളയജലംകൊണ്ട് സമ്പൂര്‍ണ്ണമായി മൂടപ്പെട്ടു. നൂറ്റിഅമ്പതു ദിവസങ്ങള്‍ക്കു ശേഷം മഴ നിന്ന് ജലവിതാനം കുറയാന്‍ തുടങ്ങിയപ്പോള്‍ നോഹയുടെ കപ്പല്‍, അരാരത്ത് പര്‍വ്വതശൃംഗങ്ങളില്‍ തടഞ്ഞ് മലമുകളില്‍ ഇരിപ്പുറപ്പിച്ചു. അപ്പോള്‍ നോഹ പുറത്തേക്കു പറത്തിവിട്ട വെള്ളരിപ്രാവ് ഒരു ഒലീവിലയും കൊത്തിക്കൊണ്ടാണ് തിരിച്ചെത്തിയത്. ഇതില്‍ സുരക്ഷയുടെ ദൈവസന്ദേശം തിരിച്ചറിഞ്ഞ നോഹ കപ്പലില്‍ നിന്നിറങ്ങുകയും ദൈവപ്രീതിക്കായി യാഗമൊന്നു നടത്തി, സന്തുഷ്ടനായ ദൈവത്തില്‍നിന്ന്, ഇനിയൊരിക്കലും ഇത്തരത്തിലൊരു പ്രളയം ഉണ്ടാക്കുകയില്ലെന്ന് ഉടമ്പടി സമ്പാദിക്കുകയും ചെയ്തു എന്നുള്ളതാണ് ആ കഥ.
ഇതിനു സമാന്തരമായിത്തന്നെയാണ് മാത്സ്യപുരാണത്തിലെ കഥയും സഞ്ചരിക്കുന്നത്. സത്യവ്രതമനു ബദരിയില്‍ തപസ്സുചെയ്യുന്ന കാലത്ത് ഒരിക്കല്‍ സന്ധ്യാവന്ദനത്തിനായി കൃതമലാനദിയില്‍ ഇറങ്ങവേ, ഒരു മത്സ്യം അദ്ദേഹത്തിന്റെ കാലില്‍ മുട്ടിയുരുമ്മി സ്‌നേഹപ്രകടനം നടത്തിക്കൊണ്ടിരുന്നു. രാജാവിന്റെ ശ്രദ്ധ ഈ വിധത്തില്‍ തന്നിലേക്കാകര്‍ഷിച്ച ആ മത്സ്യം, മറ്റൊരു വലിയ മത്സ്യം തന്നെ വിഴുങ്ങാന്‍ അടുത്തുകൊണ്ടിരിക്കുന്നുണ്ടെന്നും തന്നെ രക്ഷിക്കണമെന്നും അപേക്ഷിച്ചതനുസരിച്ച് മനു ആ മത്സ്യത്തെ ഒരു കുടത്തിലാക്കി സുരക്ഷിതമായി ഒളിച്ചു വെച്ചു. ക്രമേണ വളര്‍ന്നു വലുതായ ആ മത്സ്യത്തെ ഉള്‍ക്കൊള്ളാന്‍ ആ കുടം പോരാതെ വരികയാല്‍ അതിനെ അവിടെനിന്നു മാറ്റി ഒരു കുട്ടകത്തിലേക്കും അവിടെനിന്ന് കുളത്തിലേക്കും പിന്നെ ഗംഗാനദിയിലേക്കും മനു മാറ്റിപ്പാര്‍പ്പിച്ചു. നദിയില്‍ കിടന്ന് മത്സ്യം പിന്നെ യും വളര്‍ന്നുകൊണ്ടിരുന്നു. കുറെ കാലത്തിനുശേഷം ഒരു ദിവസം സന്ധ്യാവന്ദനത്തിനായി മനു ഗംഗയിലിറങ്ങിയപ്പോള്‍ ആ മത്സ്യം അദ്ദേഹത്തിനു മുമ്പില്‍ പ്രത്യക്ഷപ്പെട്ട്, അന്നു തൊട്ട് ഏഴു ദിവസത്തിനകം പ്രളയമുണ്ടാവാന്‍ പോകുന്നുണ്ടെന്നും ഒരു തോണിയുണ്ടാക്കി ലോകത്തില്‍ അന്ന് നിലവിലുള്ള സര്‍വ്വ ജീവജാലങ്ങളുടെയും ജൈവബീജങ്ങള്‍ ശേഖരിച്ച് സപ്തര്‍ഷികളെയും കൂട്ടി അതില്‍ കയറിയിരിക്കണമെന്നും നിര്‍ദ്ദേശിച്ച് അപ്രത്യക്ഷമായി.
മീന്‍ പറഞ്ഞതുപോലെ മനു ഒരു തോണി നിര്‍മ്മിച്ച് സകല ജൈവബീജങ്ങളും സമാഹരിച്ച് സപ്തര്‍ഷികളോടൊപ്പം അതില്‍ കയറി ഇരുന്നു. ഏഴാം ദിവസം പെയ്തു തിമര്‍ത്ത പേമാരിയെത്തുടര്‍ന്ന് ഭൂമി പ്രളയാമഗ്നമാവാന്‍ തുടങ്ങിയപ്പോള്‍ മത്സ്യം അവിടെ പ്രത്യക്ഷമായി. തോണിയില്‍ കെട്ടിയിരുന്ന കയറെടുത്ത് മനു മത്സ്യത്തിന്റെ കൊമ്പില്‍ ബന്ധിച്ചു. ഉടന്‍ മത്സ്യം അവരെയും വലിച്ചുകൊണ്ട് മുന്നോട്ടു നീന്താന്‍ തുടങ്ങി. തിമിര്‍ത്തുപെയ്യുന്ന മഴ നിമിത്തം ജലവിതാനം ഹിമഗിരിശൃംഗങ്ങളുടെ മുകള്‍പ്പരപ്പു തൊട്ടു. അപ്പോള്‍ തോണിയെ കയറുകൊണ്ട് ഗിരിശൃംഗത്തില്‍ അവര്‍ ബന്ധിച്ചു നിര്‍ത്തി. മത്സ്യം വന്ന വഴിക്കുതന്നെ തിരിച്ചു പോയി. കുറേ ദിവസങ്ങള്‍ തുടര്‍ന്ന പേമാരിക്കു ശേഷം, ആകാശം കാറൊഴിഞ്ഞ് ശാന്തമായി. ക്രമേണ, ജലവിതാനം താഴ്ന്നു താഴ്ന്ന് നിലം തൊട്ടു. മനുവും ഋഷിമാരും സഞ്ചിതബീജങ്ങളുമായി നിലത്തിറങ്ങി. ബീജങ്ങളെ സത്യവ്രതമനു മണ്ണിലിറക്കി. അങ്ങനെ, പ്രളയത്തിനുമുമ്പുണ്ടായിരുന്നതിനു സമാനമായ ജന്തുസസ്യസമൃദ്ധമായ ഒരു ലോകം പിന്നെയും പുനരവതരണം ചെയ്തു എന്ന കഥയാണ് മാത്സ്യപുരാണം അനാവരണം ചെയ്യുന്നത്. മാത്സ്യപുരാണം പറയുന്ന ഈ കഥ ശതപഥബ്രാഹ്‌മണത്തിലും ചെറിയ വ്യതിയാനങ്ങളോടെ പ്രതിപാദിച്ചു കാണുന്നുണ്ട്.
‘നോഹയുടെ പെട്ടക’ത്തിന്റെ കഥയോട് വളരെയടുത്തു നില്ക്കുന്ന ഒരു കഥ സെന്ദവസ്തയിലും നമുക്കു കാണാന്‍ സാധിക്കും. അഹുരമസ്ദ, യിമനോടു പറയുന്നതുപോലുള്ള ആ കഥ ഇങ്ങനെയാണ്: ‘വിവങ്ഗതപുത്രനായ അനുഗൃഹീതനായ യിമാ! അതിശൈത്യം നിമിത്തം ഭൂമി നശിക്കാന്‍ പോകുന്നു. എല്ലാ ജീവജാലങ്ങളുടെയും ഇണകളെയും ഫലവൃക്ഷങ്ങളുടെയും ചുവന്ന തീയിന്റെയും ബീജവും സംഭരിച്ച്, കുതിരയെ ഓടിക്കാനുള്ള മൈതാനത്തിന്റെ വിസ്താരത്തോടെ ഒരു ‘വര'(പെട്ടി) ഉണ്ടാക്കി അതിനുള്ളിലാക്കുക. മനുഷ്യന്‍ വരയിലുള്ള അത്രയും കാലം അവ നശിച്ചുപോവാതെ സൂക്ഷിക്കുക.’ യിമ ഈ കല്പന അനുസരിക്കുന്നതായും അങ്ങനെ ജൈവകുലം സംരക്ഷിക്കപ്പെടുന്നതുമായാണ് സെന്ദവസ്തയിലെ കഥ സഞ്ചരിക്കുന്നത്.
നമ്മുടെ വേദങ്ങളില്‍നിന്ന് സൊരദുഷ്ട്രരിലൂടെ സൊരാഷ്ട്രന്മാരുടെ പുണ്യപുസ്തകമായ സെന്ദവസ്തയിലേക്കും സെന്ദവസ്തയിലൂടെ അബ്രഹാം വഴി ജൂദായിസത്തിലേക്കും അവിടെനിന്ന് ഉല്പത്തിപ്പുസ്തകത്തിലേക്കും ഖുര്‍ ആനിലേക്കും പടര്‍ന്നു വേരോടിയത് ഭാരതത്തിന്റെ സനാതനസംസ്‌ക്കാരം പ്രയുക്തമാക്കി പ്രചരിപ്പിച്ച വിശ്വാസസംസ്‌ക്കാരം തന്നെയായിരുന്നു എന്നുള്ളതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ നിരത്തേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ‘ലോകത്തില്‍ ഒരു മതമേ ഉള്ളൂ. അതിന് അനേകം പതിപ്പുകള്‍ ഉണ്ട്’ എന്നു പറഞ്ഞ ബര്‍ണാഡ് ഷായുടെ വാചകങ്ങള്‍ ഇവിടെ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ അന്വര്‍ത്ഥമാവുന്നുണ്ടല്ലോ.
കാര്യമെന്തുതന്നെയാണെങ്കിലും, വിഗ്രഹാരാധനയെ എതിര്‍ക്കുന്ന സെമറ്റിക്ക് മതങ്ങളിലും വിഗ്രഹാരാധനയുടെ നിഴലാട്ടങ്ങളുണ്ട് എന്നുള്ളതാണ് വാസ്തവം.
ബി.സി.പതിനാലാം നൂറ്റാണ്ടില്‍ (1320) മൂസക്ക് സീനമലയില്‍ പ്രത്യക്ഷപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന യഹോവ, അന്ന് മൂസയ്ക്ക് ഉദ്‌ബോധിപ്പിച്ച പത്തു കല്പനകളില്‍ ഒന്നും രണ്ടും കല്പനകള്‍ ബഹുദൈവാരാധനയെയും വിഗ്രഹാരാധനയെയും വിലക്കിക്കൊണ്ടുള്ളതായിരുന്നു. ‘എനിക്കൊപ്പം മറ്റൊരു ദൈവം നിങ്ങള്‍ക്കുണ്ടാവരുത്’ എന്നും ‘നിങ്ങള്‍ എനിക്ക് വിഗ്രഹങ്ങള്‍ പണിയരുത്’ എന്നും ആയിരുന്നു ആ രണ്ടു കല്പനകള്‍. വിഗ്രഹവര്‍ജ്ജനം പൂജാമുറകളില്‍ അനുശാസിക്കുന്ന ജൂതന്മാര്‍, അവര്‍ ആരാധിക്കുന്ന ‘ഉടമ്പടി അടക്കം ചെയ്ത മരപ്പെട്ടി’ ഒരു വിഗ്രഹമാണെന്ന് തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുന്നില്ല എന്നുള്ളതാണ് അവരുടെ ആരാധനാക്രമത്തിലെ വിരോധാഭാസം. ഇന്ന് ക്രൈസ്തവദേവാലയങ്ങളിലെല്ലാം പൂജിച്ചാരാധിക്കപ്പെടുന്നതും യേശുക്രിസ്തുവിന്റെ ക്രൂശിതരൂപത്തിലുള്ള വിഗ്രഹങ്ങള്‍തന്നെയാണ്. അതുപോലെത്തന്നെയാണല്ലൊ, മുസല്‍മാന്‍മാര്‍ ഹജ്ജുവേളയില്‍ ക അബയില്‍ അനുഷ്ഠിക്കുന്ന ആരാധനാക്രമങ്ങളും!
യാഗഹോമങ്ങളിലൂടെയും മന്ത്രോച്ചാരണങ്ങളിലൂടെയും ഏകദൈവപ്രീതിക്കുള്ള ഉപായങ്ങള്‍ ആചരിച്ചുപോന്നിരുന്ന ഭാരതീയരിലേക്ക് ക്രമേണ ദേവാലയസംസ്‌ക്കാരം പ്രചരിച്ചു. ഭാരതത്തില്‍, ദേവാലയകേന്ദ്രീകൃത ആരാധനാസംസ്‌ക്കാരത്തിന്റെ തിരനോട്ടമുണ്ടായത് ഗുപ്തന്മാരുടെ കാലം തൊട്ടാണ് എന്ന പ്രബലമായ ഒരു വാദഗതിയുണ്ട്. അതായത്, ഏതാണ്ട് 2500 വര്‍ഷങ്ങള്‍ക്കു മുമ്പു മുതല്‍! സീതാന്വേഷണസമയത്ത് രാമന്‍, രാമേശ്വരത്തു വെച്ച് ശിവപൂജ നടത്തുന്നത് ദേവാലയത്തില്‍ പോയായിരുന്നില്ല എന്നുള്ള വാദമാണ് ഇതിന് പിന്‍ബലമായി ഇങ്ങനെ വിശ്വസിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.
‘യോന്യാം ദേവതാമുപാസതേ
ന സ വേദ യഥാ
പശുരേവ സ ദേവാനാമ്’
(അന്യദേവതകളെ ആരാധിക്കന്നവന്‍ ജ്ഞാനശൂന്യനും മൃഗതുല്യനുമാണ്) എന്ന് ഹിന്ദുക്കളുടെ ധര്‍മ്മഗ്രന്ഥങ്ങളിലൊന്നായ ശതപഥബ്രാഹ്‌മണം കഠിനമായി താക്കീതു ചെയ്തിട്ടും ഇന്നും ഹിന്ദുക്കള്‍ വിഗ്രഹാരാധനാപ്രക്രിയതന്നെ തങ്ങളുടെ പൂജാമുറകളില്‍ പിന്തുടരുന്നുണ്ടെങ്കില്‍ അതിനു കാരണം,
‘ആകാശാല്‍ പതിതം തോയം
യഥാ ഗച്ഛതി സാഗരം
സര്‍വ്വദേവനമസ്‌ക്കാരം
കേശവം പ്രതി ഗച്ഛതി’
എന്ന സൂക്തത്തില്‍ വിശ്വാസമൂന്നിക്കൊണ്ടുതന്നെയാണ്. ആകാശത്തുനിന്ന് മഴയായി പെയ്യുന്ന ജലം കടല്‍ ലക്ഷ്യമാക്കി കുതിക്കുന്നതുപോലെ ഒരാള്‍ ദൈവമെന്ന പേരില്‍ ഏതു വസ്തുവിനെ ആരാധിച്ചാലും അത് പരംപൊരുളില്‍ത്തന്നെ ചെന്നു ചേരുന്നു എന്നാണല്ലോ ഈ ശ്ലോകത്തിന്റെ അര്‍ത്ഥം. ഗുരുവായൂരിലും ശബരിമലയിലും കാശിയിലും കാടാമ്പുഴയിലും എല്ലാം ദൃശ്യമാവുന്ന വമ്പിച്ച ജനാവലി സാക്ഷി ചൊല്ലുന്നത് ഈ ശ്ലോകത്തിലടങ്ങിയിരിക്കുന്ന വാസ്തവത്തിനുതന്നെയാണല്ലോ. ഇവിടെ കുടിയിരുത്തപ്പെട്ട വിഗ്രഹങ്ങളെ, ദൈവമെന്നു മാനിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകളും നിവേദനങ്ങളും പരംപൊരുളിലെത്തി നിവര്‍ത്തീകൃതമായതിന്റെ പ്രതിഫലനങ്ങളാണല്ലോ ഇവിടെ കാണുന്ന ആള്‍ക്കൂട്ടങ്ങളെല്ലാം! ഇനി ഒരു ദൈവത്തെയും ആരാധിച്ചില്ലെങ്കിലും അവര്‍ക്കുള്ള പങ്കും നിര്‍ബാധം ലഭ്യമായിക്കൊണ്ടിരിക്കും എന്നതിന് ദൈവനിരാസം ശീലമാക്കിയവരുടെ ജീവിതവും ഉദാഹരിക്കുന്നുണ്ട്.
ഇനി ഒരു വാല്ക്കഷ്ണം:
കുബ്ലാംഖാന്റെ കൊട്ടാരത്തിലെ അന്തേവാസികളായിരുന്ന നിക്കോളോ പോളോയും (മാര്‍ക്കോ പോളോയുടെ പിതാവ്) അദ്ദേഹത്തിന്റെ സഹോദരന്‍ മാഫിയോ പോളോയും ജറുസലേം സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചു വരുന്ന വേളയില്‍ ജറുസലേമിലെ യേശുവിന്റെ (ഈസാനബിയുടെ) കല്ലറയിലെ കെടാവിളക്കില്‍ നിന്ന് അല്പം എണ്ണ എടുത്തു കൊണ്ടുവരുവാന്‍ കുബ്ലാംഖാന്‍ ആവശ്യപ്പെട്ടിരുന്നതായി മാര്‍ക്കോപോളോ രേഖപ്പെടുത്തിയിട്ടുള്ളതായി അനുകുമാര്‍, ‘ഇന്ത്യയെ തേടി എത്തിയവര്‍’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട് (പേജ് 68, രണ്ടാം ഖണ്ഡിക). ഇന്നും ഭാരതം പുലര്‍ത്തിപ്പോരുന്ന അണയാദീപസങ്കല്പം പണ്ടു കാലങ്ങളില്‍ ലോകം മുഴുവന്‍ പിന്തുടര്‍ന്നു പോന്നിരുന്ന ആചാരക്രമമായിരുന്നുവെന്നും അതിന്റെ പിന്തുടര്‍ച്ചയായിരുന്നു ജറുസലേമിലെ യേശുവിന്റെ കല്ലറയിലെ കെടാവിളക്കെന്നും സംശയലേശമന്യേ ഈ സന്ദര്‍ഭത്തില്‍ തെളിയുന്നുണ്ടല്ലോ. ഭൂമുഖത്ത് സംസ്‌ക്കാരം തളിര്‍ക്കാന്‍ തുടങ്ങിയ കാലത്ത് ഈ ലോകത്തില്‍ പരക്കെ പിന്തുടരപ്പെട്ടത് സനാതനസംസ്‌ക്കാരമായിരുന്നു എന്നും അത് ക്രമേണ ചുരുങ്ങി ഭാരതത്തിന്റെ നാലതിരുകള്‍ക്കുള്ളിലേക്ക് ഒതുങ്ങുകയായിരുന്നു എന്നും ഉള്ള വസ്തുതകള്‍ക്ക്, അനുകുമാറിന്റെ ഈ കണ്ടെത്തലൊന്നു മാത്രം മതിയല്ലോ തെളിവായി എടുത്തുചൊല്ലാന്‍. ഒരുപക്ഷേ, ലോകത്തിലെ വിവിധ സംസ്‌ക്കാരങ്ങള്‍ വെളിപ്പെടുത്തുന്ന ഈ ആചാരസമന്വയങ്ങള്‍ക്കെല്ലാം കാരണവും സനാതന മതത്തിന്റെ പണ്ടു കാലത്തുണ്ടായിരുന്ന സാര്‍വ്വലൗകികതതന്നെ ആയിരിക്കണം.
(അവസാനിച്ചു)