രൂപാന്തരം (കവിതകള്‍ )
വസന്ത രാധാകൃഷ്ണന്‍
യെസ് പ്രസ് ബുക്‌സ്, പെരുമ്പാവൂര്‍
പേജ്: 48 വില: 50 രൂപ
വസന്ത രാധാകൃഷ്ണന്‍ രചിച്ച കൊച്ചു കവിതകളുടെ സമാഹാരമാണ് ‘രൂപാന്തരങ്ങള്‍’. വളരെ വൈകി കവിതാ രംഗത്തേക്ക് കടന്നു വന്ന ആളാണ് ഈ കവി. അതുകൊണ്ടുതന്നെ പുതിയ കാലത്തെ കവിതകളുടെ ഭാവമൊന്നും ഈ കവിതകളില്‍ കണ്ടില്ലെന്ന് വരാം. എന്നാല്‍ ക്ലിഷ്ടത തീരെയില്ലാത്ത, ഇതിലെ ലഘു കവിതകള്‍ നമ്മെ രസിപ്പിക്കാനും ചിന്തിക്കാനും പോന്നവതന്നെ.
‘രൂപാന്തരം’ എന്ന കവിതയിലെ വരികള്‍ ഇങ്ങനെയാണ്:
‘ഒരു പുറത്ത് അടി കൊള്ളുന്ന
ചെണ്ടയും തബലയും
ഇരുപുറത്ത് അടി കൊള്ളുന്ന
മൃദംഗവും ഉടുക്കും
നിലവിളിച്ചപ്പോള്‍ അത് താളമായി.’
നാം ഏല്‍ക്കുന്ന ഓരോ പ്രഹരവും വേദനയും മറ്റാര്‍ക്കോ വേണ്ടിയുള്ള നന്മയാണെന്ന സന്ദേശമാണീ കവിത നല്‍കുന്നത്. പ്രത്യേക പദവി എടുത്തു മാറ്റുന്നതിന് മുമ്പുള്ള കാശ്മീരില്‍ ജോലി നോക്കിയിരുന്ന ആളാണ് കവി. അന്നത്തെ കാശ്മീരിന്റെ ശരിയായ ചിത്രം ‘എന്റെ കാശ്മീര്‍’ എന്ന കവിതയില്‍ ഉണ്ട്. തീവ്രവാദവും സൈനികരുടെ ബലിദാനവും വിവരിക്കുമ്പോഴും
”ബലിപീഠം അല്ലെന്റെ നാടാണിത്,
ഭാരതഭൂമിക്ക് സ്വര്‍ഗ്ഗമാണ്”
എന്നുറക്കെ പറയാന്‍ കവി മടിക്കുന്നില്ല.
സമാധാനം, സ്വപ്‌നവും പ്രതീക്ഷയും, സമയം, പൊന്നോണം തുടങ്ങി ശുഭചിന്തകള്‍ നിറയുന്ന കവിതകളും മാതൃത്വത്തിന്റെ മിടിപ്പുകളും സന്ദേഹങ്ങളും നിറയ്ക്കുന്ന രചനകളുമൊക്കെ ഈ കൃതിക്ക് കനം നല്‍കുന്നു.
ബൈബിള്‍ പഴയ നിയമത്തിലെ
കഥകള്‍ (പുനരാഖ്യാനം)
ലീലാമ്മ രവി
യെസ് പ്രസ് ബുക്‌സ്, പെരുമ്പാവൂര്‍
പേജ്: 190 വില: 200 രൂപ
കഥകളുടെ കലവറയാണ് ബൈബിള്‍. പ്രത്യേകിച്ചും പഴയ നിയമം. അതിലെ കഥകള്‍ ലളിതമായി വിവരിക്കുന്ന കൃതിയാണ് ലീലാമ്മ രവി രചിച്ച ‘ബൈബിള്‍ പഴയ നിയമത്തിലെ കഥകള്‍’ എന്ന കൃതി. ഉല്പത്തി, പുറപ്പാട്, വിഭജനം എന്നീ മൂന്ന് ഭാഗങ്ങളിലായി പഴയ നിയമത്തിലെ കഥകള്‍ ലളിതമായി ഇതില്‍ പുനരാഖ്യാനം ചെയ്തിരിക്കുന്നു.
നോഹയുടെ പെട്ടകം, ലോക ത്തിന്റെ കഥ, മോസസിന്റെ ജനനം, ദാവീദും ഗോലിയാത്തും, പത്തു കല്‍പ്പനകള്‍, ബാബേല്‍ ഗോപുരം തുടങ്ങിയ കഥകളൊക്കെ നമുക്ക് പരിചിതങ്ങളാണ്.
എന്നാല്‍ നമ്മള്‍ അധികം കേട്ടിട്ടില്ലാത്ത നിരവധി കഥകളുടെ സഞ്ചയമാണീ പുസ്തകം. കഥകള്‍ക്കൊപ്പം നിരവധി ചിത്രങ്ങളും ഇതിലുണ്ട്. ലളിതമായ ഭാഷയില്‍ രചിക്കപ്പെട്ടിട്ടുള്ള ഈ കൃതി കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കും.
മഞ്ഞക്കൂരി (നോവല്‍)
പീറ്റര്‍ പാലക്കുഴി
യെസ് പ്രസ് ബുക്‌സ്, പെരുമ്പാവൂര്‍
പേജ്: 144 വില: 150 രൂപ
ഫോണ്‍: 9048588887
കാട് വിഷയമാകുന്ന ഒരു നോവല്‍ ആണ് പീറ്റര്‍ പാലക്കുഴി രചിച്ച ‘മഞ്ഞക്കൂരി’. കാല്‍നൂറ്റാണ്ട് കാലം വനംവകുപ്പില്‍ ജോലി നോക്കിയ അദ്ദേഹത്തിന്റെ നോവല്‍ ആരണ്യ കേന്ദ്രീകൃതമായത് സ്വാഭാവികം തന്നെ.
അതിരപ്പള്ളി വെള്ളച്ചാട്ടവും നദിയും ജൈവവൈവിധ്യങ്ങളും വനമേഖലയും ആണ് കൃതിയുടെ പശ്ചാത്തലം. അവിടെ വനംവകുപ്പില്‍ ജോലിക്കാരനായി എത്തിയ പോളാണ് കേന്ദ്ര കഥാപാത്രം; കടത്തുകാരി രമണി കഥാനായികയും. നായികാനായകന്മാര്‍ക്ക് പരഭാഗ ശോഭ പകരുന്നതിനായി പാവുണ്ണി, രാമു, ആനന്ദവല്ലി, ടിപ്‌ടോപ്പന്‍ നടേശന്‍, ഗേളി, തീറ്റപ്പണ്ടാരം ഡിഎഫ്ഒ തുടങ്ങിയ കഥാപാത്രങ്ങളുമുണ്ട്. അദൃശ്യമായ ഒരു സംഗീതം പോലെ കാട് ഈ നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു.
ഒരിക്കലും വിജയിക്കില്ലെന്ന് ബോധ്യമുള്ള പ്രണയമാണ് ഈ കൃതിയുടെ അന്തര്‍ധാര. പ്രധാന കഥാപാത്രങ്ങളായ പോളും രമണിയും അതില്‍പെട്ട് ഉഴലുന്ന നിസ്സഹായര്‍ തന്നെ. ജീവനുതുല്യം തന്നെ സ്‌നേഹിക്കുന്ന, മൃതിയുടെ പിടിയില്‍ നിന്ന് പോലും തന്നെ രക്ഷിച്ച, സ്വയം സമര്‍പ്പണത്തിന് തയ്യാറായ രമണിക്കുവേണ്ടി ബന്ധങ്ങളുടെ കെട്ടുപാടുകള്‍ മുറിച്ച് ഉറച്ചൊരു തീരുമാനവുമായി പോള്‍ എത്തുന്നുണ്ട്; വൈകിയാണെന്ന് മാത്രം.
വളരെ കുറച്ചു വാക്കുകളിലൂടെ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള നോവലിസ്റ്റിന്റെ പാടവം ശ്രദ്ധേയമാണ്. വിവരണങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കുമെല്ലാം ചുരുങ്ങിയ വാക്കുകളേ ഇതിലുള്ളൂ. ജനപ്രിയ നോവലുകളുടെ ഗണത്തില്‍പ്പെടുത്താവുന്ന ‘മഞ്ഞക്കൂരി’എന്ന നോവല്‍ അനായാസം വായിച്ചു പോകാവുന്ന ഒന്നാണെന്ന് എടുത്ത് പറയാം.