ഇനി എവിടേക്കാണ്? തിരികെ കാറില്‍ കയറുന്നതിനിടെ ഡ്രൈവര്‍ സണ്ണിയോട് ചോദിച്ചു. സണ്ണി എന്നാണ് പേരെങ്കിലും ക്രിസ്ത്യാനിയല്ല, ഹിന്ദുവാണ്. ഹിമാചലില്‍ അധികം ആര്‍ക്കുമില്ലാത്ത പേരാണെന്ന് സണ്ണി പറഞ്ഞു. തേയിലത്തോട്ടം കാണിച്ചു തരാം, നല്ല സീനറിയാണെന്ന് പറഞ്ഞപ്പോള്‍ മൂന്നാറിലേക്ക് മനസ്സൊന്ന് ഓടിപ്പോയിവന്നു. അല്‍പ്പദൂരം പോയി വഴിയരുകില്‍ കാര്‍ നിര്‍ത്തി സണ്ണി പറഞ്ഞു, ഇതാ ഇവിടന്നങ്ങോട്ട് ടീ ഗാര്‍ഡനാണ് കണ്ടുവരൂ…ഇറങ്ങിയപ്പോള്‍ തേയിലച്ചെടികള്‍ ഇടതൂര്‍ന്നുനില്‍ക്കുന്ന വിശാലമായ ഒരു സ്ഥലം. മൂന്നാറിനെ സ്വകാര്യഅഭിമാനമായി ഒളിച്ചുവച്ചിരിക്കുന്ന മലയാളി മനസ്സ് ആ കാഴ്ച്ചയോട് പൊരുത്തപ്പെടാന്‍ കൂട്ടാക്കിയില്ല. ഇതാണോ ടീ ഗാര്‍ഡന്‍… വരൂ കേരളത്തിലേക്ക്, ഞങ്ങള്‍ കാണിച്ചു തരാം തേയിലത്തോട്ടങ്ങളുടെ പറുദീസ..കൊളുന്തുനുള്ളാനിറങ്ങുന്ന കറുത്ത സുന്ദരികളുടെ കലമ്പലാല്‍ മുഖരിതമായ മലയാളക്കര. തമിഴും മലയാളവും ഇത്രമേല്‍ ചേര്‍ച്ചയോടെ അഴകായി വിളങ്ങുന്നൊരിടം വേറെയെവിടെ..മേഘസന്ദേശത്തിലെ യക്ഷനെ നാടുകടത്തിയ കുബേരന്‍ അദ്ദേഹത്തെ അളകാപുരിയിലേക്ക് അയക്കാതെ ഇങ്ങ് തെക്ക് കേരളത്തിലേക്ക് അയക്കേണ്ടിയിരുന്നു.
എങ്കിലോ..ആ യക്ഷന്‍ ഞങ്ങടെ കേരളത്തെ വര്‍ണ്ണിച്ച് മരിക്കുമായിരുന്നു, ആ ചെറിയ സന്ദേശകാവ്യത്തിലെ ശ്ലോകങ്ങള്‍ ഇരട്ടിക്കുമായിരുന്നു. അത്രക്കുണ്ടല്ലോ വര്‍ണ്ണിക്കാന്‍.. ഇതൊക്കെ പാവം സണ്ണിയോട് പറഞ്ഞിട്ടെന്തുകാര്യം. കാവ്യപ്രപഞ്ചത്തില്‍ നിറഞ്ഞുനില്‍ക്കുന്ന മഹാകവി കാളിദാസനും അദ്ദേഹത്തിന്റെ യക്ഷനും മേഘവുമെവിടെ, നിത്യവൃത്തിക്ക് സഞ്ചാരികളുമായി വളയം തിരിക്കാനിറങ്ങുന്ന ശരാശരി ഹിമാചലുകാരനെവിടെ. അതുകൊണ്ട് അറിയുന്ന ഹിന്ദിയില്‍ മൂന്നാറിനെ മാത്രം പരാമര്‍ശിച്ച് ‘ഇധര്‍ തോ കുച്ച് നഹി ഭയ്യാ.. ആപ് കേരള്‍ മേ ആത്തേ ദേഖിയെ. ഹം ദിഖായേങ്കെ ടീ ഗാര്‍ഡന്‍ കൈസാ ഹെ’ എന്ന് പറഞ്ഞ് തിരികെ വണ്ടിയില്‍ കയറി. ഇനി സണ്ണി മേഘദൂതം പഠിച്ച വിദ്യാസമ്പന്നനായിരുന്നെങ്കിലും ഇത്രയൊക്കെയേ പറയാനാകൂ. ബൗദ്ധികചര്‍ച്ചയ്ക്കുള്ള ഹിന്ദിയൊന്നും കയ്യിലില്ലല്ലോ…
തേയിലത്തോട്ടം കണ്ട് പെട്ടെന്ന് മതിയായി. അടുത്തയാത്ര ഗോപാല്‍പൂര്‍ മൃഗശാലയിലേക്കാണ്. കൂട്ടിലടച്ചിരിക്കുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും അസ്വസ്ഥത കാണുന്നതേ ഇഷ്ടമല്ല. അതുകൊണ്ടുതന്നെ ‘സൂ’ എന്ന് കേട്ടപ്പോള്‍ തന്നെ മടുപ്പു തോന്നി. പോകണോ എന്ന അര്‍ത്ഥത്തില്‍ അദ്ദേഹത്തെ നോക്കിയപ്പോള്‍ എന്തായാലും പോയി നോക്കാമെന്ന് മറുപടി. ചാമുണ്ഡക്ഷേത്രത്തില്‍ നിന്ന് അധികം ദൂരമില്ല. പാലംപൂര്‍ – ധര്‍മശാല റൂട്ടില്‍, പാലംപൂരില്‍ നിന്ന് 14 കിലോമീറ്റര്‍ സഞ്ചരിച്ചെത്തുന്ന റൂട്ടിലാണ് ഗോപാല്‍പൂര്‍ മൃഗശാല. വിമാനമാര്‍ഗം വരുന്നവര്‍ക്ക് ദല്‍ഹിയില്‍ നിന്ന് കാംഗ്രയില ഗെഗ്ഗാള്‍ എയര്‍പോര്‍ട്ടില്‍ ഒന്നരമണിക്കൂര്‍ കൊണ്ടെത്താം. ട്രെയിന്‍യാത്രക്കാര്‍ക്ക് പഞ്ചാബിലെ പത്താന്‍ കോട്ട് ഇറങ്ങി ബസ് മാര്‍ഗം 115 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ധര്‍മശാലയിലെത്താം.
തുറന്ന വന്യജീവി സങ്കേതമാണെന്ന് മനസ്സിലായപ്പോള്‍ ചെറിയൊരു ആശ്വാസം. നിറയെ പൈന്‍ മരങ്ങള്‍, കുളിരുള്ള കാറ്റ്, തണല്‍. മുപ്പത് രൂപയ്ക്ക് ടിക്കറ്റെടുത്ത് അകത്ത് കയറിയപ്പോള്‍ മരങ്ങള്‍ക്കിടയിലൂടെ നടപ്പാതകള്‍. വശങ്ങളില്‍ ചെറിയ ജീവികളെ കൂട്ടിലടച്ചിട്ടിരിക്കുന്നു. ഹിമാചല്‍ അണ്ണാനും ആമയുമെല്ലാമുണ്ട്. നടപ്പാതയിലൂടെ മുന്നോട്ട് നടന്നപ്പോള്‍ നിറഞ്ഞ നിശബ്ദത. ഒഴിഞ്ഞുകിടക്കുന്ന നീണ്ട നടപ്പാതകള്‍. ക്ഷീണിക്കുമ്പോള്‍ വിശ്രമിക്കാന്‍ സിമന്റ് ബെഞ്ചുകള്‍.. അവിടെയുമിവിടെയുമായി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളില്‍ കടുവയുടെയും പുലിയുടെയും വാസസ്ഥാനമെന്ന് സൂചിപ്പിക്കുന്ന അടയാളങ്ങള്‍.
സുഖകരമായിരുന്നു ആ ചെറിയ സഞ്ചാരം. നടപ്പാതക്ക് അപ്പുറം ഉയരത്തില്‍ക്കെട്ടിയ കട്ടിക്കമ്പിവലയ്ക്ക് അപ്പുറം മൃഗങ്ങള്‍ക്ക് യഥേഷ്ടം മേഞ്ഞുനടക്കാന്‍ ചെറു വനങ്ങളും കുറ്റിച്ചെടുകളുമൊരുക്കിയിട്ടുണ്ട്. പെട്ടെന്നാണ് കണ്ടത് കുറ്റിക്കാടുകള്‍ക്കിടയിലൂടെ ആരുടെയും ശ്രദ്ധയില്‍പ്പെടാത്തവിധം ഒരു പുലി കാടിറങ്ങിവരുന്നു. ഇലയനക്കത്തില്‍ നിശ്ചലനായി ജാഗരൂകനാകുകയും മനുഷ്യസാമീപ്യമറിഞ്ഞ് അവന്‍ പതുങ്ങിയിരിക്കുകയും ചെയ്യുന്നു. ആശ്ചര്യകരമായിരുന്നു ആ കാഴ്ച്ച. സന്ദര്‍ശകരുടെ ബഹളത്തില്‍ കൂട്ടിനുള്ളില്‍ പതുങ്ങിക്കിടക്കുന്ന കാഴ്ച്ചബംഗ്ലാവിലെ പുലിയെയല്ല കാട്ടില്‍ സ്വച്ഛന്ദം വിഹരിക്കുന്ന പുലിയുടെ ഭാവഹാവാദികളാണ് കണ്‍മുന്നിലെ പുലിക്ക്. രാജകീയമായി നടന്ന് വേലിയരുകിലെത്തി പതുങ്ങിക്കിടക്കുകയാണ്. ഒരു കമ്പിവലയ്ക്കിപ്പുറം മനുഷ്യര്‍ സഞ്ചരിക്കുന്ന റോഡുണ്ടെന്നും അവിടെ അതിശയത്തോടെ തന്നെ നോക്കിനില്‍ക്കുന്ന രണ്ടുപേരുണ്ടെന്നും അവന്‍ ഗൗനിക്കുന്നതേയില്ല. ശാന്തഗംഭീരമെന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. ആരെയും കൂസാതെ ശാന്തനായി ധീരനായി…..
കാട്ടുപോത്തും മാനുമൊക്കെയായി വേറയുമുണ്ട് ജീവികള്‍. പക്ഷേ പലതും ഇറങ്ങിവരാന്‍ കൂട്ടാക്കാതെ വിശ്രമിക്കുകയാണ്. നടന്നിട്ടും നടന്നിട്ടും തീരുന്നില്ല. തിരിച്ചു പോകാന്‍ സമയമാകുന്നു. തിരികെ നടക്കുമ്പോള്‍ ക്രൗര്യം വാരിപ്പുതച്ച മുഖവുമായി ഒരു കഴുകന്‍ കൂട്ടില്‍ നിന്ന് തുറിച്ചുനോക്കുന്നു. സാധാരണ കഴുകനല്ല, ശവംതീനി കഴുകനാണ്. അവന്റെ കൂര്‍ത്ത ചുണ്ടിലേക്കും നഖങ്ങളിലേക്കും പേടിയോടെ നോക്കി. പിന്നെ ആശ്വസിച്ചു, പേടിക്കേണ്ട. മരിച്ചെന്ന് ബോധ്യപ്പെട്ടാലേ കഴുകന്‍ അടുക്കുള്ളു എന്നാണ് കേട്ടിരിക്കുന്നത്. കെവിന്‍ കാര്‍ട്ടറിന്റെ ‘struggling child’ ലെ കുട്ടി മരിക്കാന്‍ കാത്തിരിക്കുന്ന കഴുകനെയും അപ്പോള്‍ ഓര്‍മ വന്നു. പാഴ്‌സികള്‍ വെട്ടിമുറിച്ചു എറിഞ്ഞുകൊടുക്കുന്ന ശവശരീരത്തിനായി കാത്തിരിക്കുമെന്ന് കേട്ടിട്ടുള്ള കഴുകന്‍മാരെയെും…
മൃഗശാലയിലേക്കുള്ള യാത്ര പാഴായില്ല, വെറും കാഴ്ച്ചകളല്ല നിരീക്ഷണമാണിത്. തനത് വാസവ്യവസ്ഥയില്‍ എങ്ങനെ പെരുമാറുമോ ആവിധം ജീവിക്കാന്‍ സൗകര്യമൊരുക്കി വന്യജീവികളെ സംരക്ഷിക്കുകയാണിവിടെ. വെള്ളം നിറച്ച ചെറിയ കുളങ്ങള്‍ പോലുമുണ്ട് പലയിടത്തും. പക്ഷേ കൊടുംവിശപ്പില്‍ ദിവസങ്ങളോളം ഇരതേടി അലയാതെ, കിട്ടിയ ഇരയെ മണിക്കൂറുകളുടെ ശ്രമം കൊണ്ട് ഓടിച്ചിട്ട് കീഴടക്കി കടിച്ചുകീറി കഴിക്കാതെ പുലി എങ്ങനെ പുലിയാകുമെന്ന നിഷേധചോദ്യം ഉള്ളിലുണ്ടായിരുന്നു, ഇറങ്ങുമ്പോള്‍.
നേരെ കാംഗ്രയിലേക്ക്. പോകുംവഴിക്ക് തമിഴന്‍ ഡ്രൈവര്‍ വിളിച്ചു. പത്ത് മിനിട്ടിനകം അയാള്‍എത്തും , അപ്പോള്‍ സണ്ണിക്ക് പോകാം.
വഴിയരികില്‍ നിര്‍ത്തിയിട്ട കാറില്‍ തമിഴനെയും കാത്തിരിക്കുമ്പോള്‍ മുന്നിലൊരു പഴക്കട. മാമ്പഴം, മുന്തിരി, ഓറഞ്ച്, വാഴപ്പഴം… ഇന്ത്യയുടെ പഴക്കൂടയെന്നാണ് ഹിമാചല്‍ അറിയപ്പെടുന്നത്. പക്ഷേ കേരളത്തിലെ ഒരു ശരാശരി പഴക്കച്ചവടക്കാരന്‍ നിരത്തി വയ്ക്കുന്ന പഴങ്ങളുടെ നാലിലൊന്ന് പോലും തെരുവുകളിലില്ല. യാത്രയല്ലേ ഇവിടത്തെ ഭക്ഷണം പിടിച്ചില്ലെങ്കിലോ. കുറച്ച് പഴങ്ങള്‍ വാങ്ങി കരുതിവയ്ക്കാം എന്ന് ഭര്‍ത്താവ്. വില കേട്ടപ്പോള്‍ ഞെട്ടിപ്പോയി, കേരളത്തില്‍ വെറും മുപ്പതോ മുപ്പത്തിയഞ്ചോ രൂപയക്ക് ലഭിക്കുന്ന വാഴപ്പഴത്തിന് കിലോയ്ക്ക് 70 രൂപ. ഇവിടെ വാഴയില്ലാഞ്ഞാകും എന്ന് സമാധാനിച്ച് മുന്തിരിയുടെ വില ചോദിച്ചപ്പോള്‍ കേരളത്തില്‍ 120 രൂപ മാത്രമുള്ള കുരുവില്ലാത്ത മുന്തിരിക്ക് 170 രൂപ. ഓറഞ്ചിനും ആപ്പിളിനും എല്ലാത്തിനും തൊട്ടാല്‍ പൊള്ളുന്ന വില. ഇതാണോ ഫലങ്ങളുടെ സംസ്ഥാനം. സീസണ്‍ അല്ലാത്തതിനാലാണ് ഇത്രയും വിലയെന്ന് കടക്കാരന്‍. ആഗസ്റ്റ് സപ്തംബര്‍ മുതല്‍ സീസണ്‍ തുടങ്ങുമെന്നും പിന്നെ ഷിംല ആപ്പിളും മുന്തിരിയും ആപ്രിക്കോണും ലിച്ചിയും മാതളവും യഥേഷ്ടം ലഭിക്കുമെന്നും മനസ്സിലായി. ഒക്ടോബര്‍ വരെ ഓകെ. അത് കഴിഞ്ഞു തുടങ്ങുന്ന മഞ്ഞ് വീഴ്ച്ചയിലും കൊടുംതണുപ്പിലും ആരാണീ പഴങ്ങളൊക്കെ വാങ്ങിക്കഴിക്കുന്നത്. ഇവിടെ മഞ്ഞ് പെയ്തിറങ്ങുമ്പോള്‍ മൂത്ത് പാകമാകുന്ന ആപ്പിളും മുന്തിരിയുമൊക്കെ മലയിറങ്ങി മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്രയാകുമെന്ന് ചുരുക്കം.
തമിഴന്‍ ഡ്രൈവറെത്തി, സണ്ണി പോയി. പോകും മുമ്പ് സണ്ണിയേയും പഴങ്ങള്‍ ഭദ്രമായി കഴുകി ചെത്തി കഷ്ണങ്ങളാക്കിതന്ന പഴക്കച്ചവടക്കാരനേയും ഒന്നു കൂടി നോക്കി. ഇനിയൊരിക്കലും തമ്മില്‍ കാണില്ല. അഥവാ വര്‍ഷങ്ങള്‍ക്ക് ശേഷം ഏതെങ്കിലും റെയില്‍വേ സ്‌റ്റേഷനിലോ ബസ്സ്റ്റാന്റിലോ കണ്ടാലും ഒരിക്കലും തിരിച്ചറിയുക കൂടിയില്ല.. പ്രപഞ്ചരഹസ്യങ്ങളില്‍ ഉത്തരം കിട്ടാത്ത ഒന്നാണത്. കോടിക്കണക്കിന് മനുഷ്യര്‍ക്കിടയില്‍ ചിലര്‍ മാത്രം പിരിയാനാകാത്ത ബന്ധത്തില്‍. ചിലര്‍ പരിചിതര്‍, ചിലര്‍ എന്നും കാണുന്നവര്‍, സണ്ണിയെപ്പോലെയും ആ കച്ചവടക്കാരനെയും പോലെ ചിലരുമായി നിമിഷങ്ങള്‍ മാത്രം ആയുസ്സുള്ള ബന്ധങ്ങള്‍..ഒരിക്കലും കാണാതെ തീര്‍ത്തും അപരിചിതരായി ജനിച്ചുമരിക്കുന്ന കോടിക്കണക്കിനാളുകള്‍ വേറെ. കര്‍മസിദ്ധാന്തത്തിന്റെ പാഠങ്ങള്‍ക്കിടയില്‍ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ചില സൂചനകള്‍ കിട്ടുന്നുണ്ടെങ്കിലും ചിത്രം വ്യക്തമാകുന്നില്ല. അങ്ങനെ എന്തൊക്കെയോ ഓര്‍ത്തുകൊണ്ട് വെളിയിലെ കാഴ്ചയും നോക്കിയിരിക്കുമ്പോള്‍ നുറുക്കിവെച്ച മാമ്പഴത്തിന്റെ കവര്‍ തുറന്നുകൊണ്ട് മേല്‍ശാന്തി പറയുന്നു, ‘എന്തു നല്ല പെരുമാറ്റമാണ് ആ ഡ്രൈവറുടെയും കടക്കാരന്റേതും. ഇനി അവരെ ഒരിക്കലും കാണുക പോലുമില്ലല്ലോ’ .. അതിശയത്തോടെ തിരിഞ്ഞുനോക്കി ചിലപ്പോഴൊക്കെയാണെങ്കിലും നമ്മള്‍ സമാനഹൃദയരാകുന്നല്ലോ..
തമിഴന്‍ വന്നപ്പോള്‍ ആശ്വാസമായി, ഭാഷ പ്രശ്‌നം പരിഹരിച്ചു. എന്ത് വേണമെങ്കിലും ചോദിക്കാം. കാളിദാസനെക്കുറിച്ചോ ഷേക്‌സ്പിയറിനെക്കുറിച്ചോ പറയാം. പക്ഷേ തമിഴന്‍ മുഴുവന്‍ സമയവും ഫോണില്‍ തന്നെയാണ്. അതും ഉച്ചത്തിലാണ് സംസാരം. കാറിനുള്ളില്‍ കാഴ്ചകള്‍ കണ്ട് നിശബ്ദരായി ഒതുങ്ങിക്കൂടിയിരിക്കുകയായിരുന്നു. ഇപ്പോള്‍ ആ ശാന്തതയെ തല്ലിത്തെറിപ്പിച്ച് തമിഴിലും ഹിന്ദിയിലുമായി ഡ്രൈവറുടെ ശബ്ദം പ്രകമ്പനം കൊള്ളുന്നു. എവിടേക്കാണ് പോകുന്നതെന്നോ ഈ സ്ഥലമേതാണെന്നോ ചോദിക്കാനുള്ള സാവകാശം തരാതെ ഡ്രൈവിംഗ് സീറ്റ് തന്റെ ഓഫീസ് ചെയറാക്കിയിരിക്കുന്നു ടാക്‌സി സര്‍വീസ് ഓണര്‍ കൂടിയായ വൈരമുത്തു. എന്തുചെയ്യാന്‍? പരസ്പരം നോക്കി സാരമില്ലെന്ന് ആശ്വസിച്ച് നിശ്ശബ്ദരായി അങ്ങനെയിരുന്നു. പോകുന്ന വഴിക്ക് വരണ്ടുതുടങ്ങിയ നദികളും കുന്നുകളും താഴ്‌വാരങ്ങളുമുണ്ട്. അകലെയായി മഞ്ഞുമൂടിക്കിടക്കുന്ന മലകളുടെ ദൃശ്യവും ഇടയ്ക്കിടെ കാണാം. അവയൊക്കെ നോക്കി അങ്ങനെയിരിക്കെ വണ്ടിയുടെ വേഗത കുറച്ചിട്ട് വൈരമുത്തു പറഞ്ഞു, അതാ അതാണ് കാംഗ്ര പാലസ്. നോക്കിയപ്പോള്‍ അല്‍പ്പം അകലെയായി കുന്നിന്‍ മുകളില്‍ നഷ്ടപ്രതാപത്തിന്റെ മൂകസ്മരണയുമായി ഒരു കൊട്ടാരം തലയുയര്‍ത്തി നില്‍ക്കുന്നു.