സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നറുമണം വഹിച്ചുകൊണ്ട് വീണ്ടും രക്ഷാബന്ധന്‍ സമാഗതമായി. ഈ വര്‍ഷത്തെ രക്ഷാബന്ധന് മുന്‍വര്‍ഷങ്ങളെക്കാള്‍ പ്രാധാന്യമുണ്ട്.
സ്വാമി വിവേകാനന്ദന്‍ ചിക്കാഗോവിലെ മതമഹാസമ്മേളനം കഴിഞ്ഞ് നാലുവര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതത്തില്‍ തിരിച്ചെത്തി. തുടര്‍ന്ന് കൊളംമ്പോ മുതല്‍ അല്‍മോറവരെയുള്ള തന്റെ യാത്രയ്ക്കിടയ്ക്ക് 1897 ജനുവരി 26ന് രാമേശ്വരത്ത് എത്തുകയും അവിടെ വച്ച് വിഖ്യാതമായ ഒരു പ്രഖ്യാപനം ലോകത്തോട് നടത്തുകയുമുണ്ടായി. ”ഭാരതത്തിന്റെ വിഷമ കാലഘട്ടങ്ങള്‍ മാറാന്‍ പോവുന്നു. ഭാരതമാതാവ് നീണ്ടകാലത്തെ നിദ്രയില്‍ നിന്ന് ഉണരുന്നു. അത് കാഴ്ചയില്ലാത്തവര്‍ക്കും കേള്‍വിയില്ലാത്തവര്‍ക്കും മനസ്സിലാവില്ല. അവളെ ആര്‍ക്കും ഇനി തടയാന്‍ സാധിക്കില്ല. ഇനി ഒരു ഉറക്കത്തിന് തയ്യാറാകാത്ത വിധം ഉണര്‍ന്നിരിക്കുന്നു.” ഇതായിരുന്നു ആ പ്രഖ്യാപനം. അത്തരം ഒരു സാമൂഹ്യസാഹചര്യത്തിലാണ് ഇന്ന് നാം എത്തിനില്‍ക്കുന്നത്.
1939 ലെ ശ്രാവണ പൂര്‍ണ്ണിമ എന്ന സുദിനത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ആയ പരമ പൂജനീയ ഗുരുജി ലാഹോറിലെ രക്ഷാബന്ധന്‍ കാര്യപരിപാടിയില്‍ സംബന്ധിച്ചുകൊണ്ട് ഇങ്ങനെ പറയുകയുണ്ടായി: ”രക്ഷാബന്ധന്‍ ഉത്സവത്തിന് ചരിത്രത്തില്‍ ഇത്രയേറെ പ്രാധാന്യം ഉണ്ടാവാന്‍ കാരണം നമുക്കെല്ലാം അറിയുന്നതുപോലെ വീരന്മാരായ രജപുത്രരുടെ ഇടയിലുള്ള വിശ്വാസം തന്നെയാണ്. എപ്പോഴെങ്കിലും ഒരാളെ ആരെങ്കിലും രാഖി ബന്ധിച്ചാല്‍ മരണം സംഭവിച്ചാലും രാഖി ബന്ധിക്കുന്നയാളെ സംരക്ഷിക്കേണ്ടത് അയാളുടെ കര്‍ത്തവ്യമായി തീരുന്നു എന്നത്. ആരെ രക്ഷിക്കണമെന്നാണോ തീരുമാനിക്കുന്നത് പിന്നീട് ആ കര്‍ത്തവ്യ പാലനത്തില്‍ നിന്ന് ഒരടിപോലും പിന്നോട്ട് വയ്ക്കില്ല.”
രാഷ്ട്രീയ സ്വയംസേവക സംഘം എന്ന സ്‌നേഹചരടില്‍ ബന്ധിതരായ നാം പവിത്രമായ ഭഗവ ധ്വജത്തിന് രാഖി ബന്ധിച്ചുകൊണ്ട് നമ്മുടെ ഈ രാഷ്ട്രധ്വജത്തെ ലോകത്തിന്റെ നെറുകയില്‍ പാറിപ്പറപ്പിക്കുമെന്ന് ദൃഢനിശ്ചയം ചെയ്യുന്നു.
നമ്മുടെ രാഷ്ട്രം എപ്പോഴെല്ലാമാണോ പ്രതിസന്ധികളിലൂടെ കടന്നുപോയത് അത്തരം സന്ദര്‍ഭങ്ങളിലെല്ലാംതന്നെ രാഖി അതിന്റെ കാലാനുസൃതമായ ദൗത്യം നിര്‍വ്വഹിച്ചിട്ടുണ്ട്. നമ്മെ അടക്കി ഭരിക്കാന്‍ ശ്രമിച്ച ബ്രീട്ടിഷുകാര്‍ നമ്മുടെ നാടിനെ വിഭജിക്കാന്‍ പലവിധത്തിലുള്ള സൃഗാല തന്ത്രങ്ങളും മെനയുകയുണ്ടായി. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ ഈറ്റില്ലമായ ബംഗാളിനെ വിഭജിക്കാന്‍ തീരുമാനിച്ചു. കാരണം അതിശക്തരായ, രാഷ്ട്രഭക്തിയുടെ തീച്ചൂളയില്‍ രൂപംകൊണ്ട കരുത്തുറ്റ നേതൃത്വം ബംഗാളില്‍ ഉണ്ടായിരുന്നു. അവര്‍ പരിശ്രമിക്കുന്നത് മുഴുവന്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് എന്ന ബോധ്യത്തിന്റെയും അതില്‍ നിന്നുളവായ ഭയത്തിന്റെയും ഫലമായാണ് ബ്രീട്ടിഷുകാര്‍ ബംഗാളിനെ വിഭജിക്കണം എന്ന തീരുമാനത്തില്‍ എത്തിയത്. 1905ല്‍ ബ്രിട്ടന്‍ ബംഗാളിനെ വിഭജിച്ചു. ദീര്‍ഘദര്‍ശികളായ ബംഗാളിലെ ദേശഭക്ത നേതൃത്വം ഈ വിഭജനത്തിനെതിരെ ‘രാഖിയെ’ മുന്‍നിര്‍ത്തി പോരാടാന്‍ തീരുമാനിച്ചു. ശ്രാവണ പൗര്‍ണ്ണമി നാളില്‍ ഗംഗയുടെ തീരത്ത് ഭാരതത്തിന്റെ എല്ലാ കോണില്‍ നിന്നും എത്തിയ ആബാലവൃദ്ധം ജനങ്ങള്‍ ഒന്നിച്ചുകൂടി ഹിന്ദു-മുസ്ലിം-സിക്ക്-പാഴ്‌സി എന്നീഭേദഭാവങ്ങള്‍ മറന്ന് രാഖി ബന്ധിച്ചുകൊണ്ട് വിഭജനത്തിനെതിരെ പോരാടാന്‍ തീരുമാനിച്ചു. വ്യത്യസ്ത സമരപരിപാടികളിലൂടെ കാലം മുന്നോട്ടുപോയി. 1911-ല്‍ ബ്രിട്ടന്‍ വിഭജനം പിന്‍വലിക്കുന്ന സാഹചര്യം ഉണ്ടായി. രാഖി ബന്ധിച്ചുകൊണ്ട് ഗംഗയില്‍ മുങ്ങിക്കുളിച്ച് രാഷ്ട്രം ഐക്യത്തിന്റെയും അഖണ്ഡതയുടെയും ശംഖൊലി വീണ്ടും മുഴക്കി.
ധര്‍മ്മരക്ഷയേകുന്ന രാഖി
മഹാഭാരതത്തില്‍ രാഖിയുടെ പ്രാധാന്യം ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ യുധിഷ്ഠിരനോട് പറയുന്ന സന്ദര്‍ഭം ഉണ്ട്. കുരുക്ഷേത്ര യുദ്ധാനന്തരം യുദ്ധത്തിന്റെ രീതിയില്‍ നിന്നും കെടുതിയില്‍ നിന്നും രക്ഷനേടുവാന്‍ എന്താണ് മാര്‍ഗ്ഗം എന്ന് ധര്‍മ്മപുത്രര്‍ ഭഗവാനോട് ചോദിക്കുന്ന അവസരത്തില്‍ മറുപടി എന്നോണം ഭഗവാന്‍ കൃഷ്ണന്‍ ദേവേന്ദ്രന്റെ ഉദാഹരണം പറയുന്നു. ഒരിക്കല്‍ ദേവലോകം ദൈത്യഗണത്താല്‍ അക്രമിക്കപ്പെട്ടു. ദേവേന്ദ്രന് ദേവലോകം വിട്ട് ഓടിപ്പോകേണ്ടതായി വന്നു. യാഗങ്ങളും യജ്ഞങ്ങളും എന്നെന്നേയ്ക്കുമായി നിലച്ചു. അധാര്‍മ്മിക ശക്തികളുടെ വിളനിലമായി മാറി ലോകം. ദേവന്മാര്‍ ദുര്‍ബലരുമായിമാറി. ഇത്തരം പരിതഃസ്ഥിതികളില്‍ ദേവന്മാര്‍ ആശ്രയിക്കുന്നത് കുലഗുരുവായ ബൃഹസ്പതിയെ ആണ്. അങ്ങനെ കുലഗുരുവിന്റെ നിര്‍ദ്ദേശം വന്നു. ശ്രാവണപൗര്‍ണ്ണമി വരെയുള്ള കാലഘട്ടം ഇന്ദ്രദമ്പതികള്‍ വ്രതനിഷ്ഠരാവണമെന്നും ദിനരാത്രങ്ങള്‍ തപോനിഷ്ഠയോടെ മുന്നോട്ടു കൊണ്ടുപോകണമെന്നും ആയിരുന്നു അത്. വ്രതാവസാന സമയം ബൃഹസ്പതി നല്‍കിയ മന്ത്രമുഗ്ധമായ രക്ഷ ഇന്ദ്രാണി ദേവേന്ദ്രന്റെ കയ്യില്‍ ബന്ധിച്ചു.
യേന ബദ്ധോ ബലീ രാജാ
ദാനവേന്ദ്ര മഹാബല:
തേന ത്വാമഭിബധ്‌നാമി
രക്ഷാ മാ ചല മാ ചല
അതായത് മഹാബലവാനായ ദൈത്യരാജന്‍ ബലിയുടെ കയ്യില്‍ ബന്ധിക്കപ്പെട്ട അതേ രക്ഷ ഞാന്‍ അങ്ങയെ ബന്ധിക്കുന്നു. ദൃഢവും അചഞ്ചലവും ആയിരിക്കുക എന്ന മന്ത്രത്തോടുകൂടി നടത്തപ്പെട്ട രക്ഷബന്ധിക്കല്‍ ദേവേന്ദ്രനേയും ദേവന്മാരെയും കൂടുതല്‍ കരുത്തുള്ളവരാക്കിമാറ്റി. ഉത്സാഹവും ആത്മവിശ്വാസവും ലഭ്യമായ ദേവേന്ദ്രന്‍ ദേവലോകം തിരികെ പിടിച്ചുകൊണ്ടും, യാഗങ്ങളും യജ്ഞങ്ങളും ചെയ്തുകൊണ്ടും ധര്‍മ്മത്തെ പുനഃസ്ഥാപിച്ചു. ഈ ചിന്തയില്‍ നിന്ന് ധര്‍മ്മപുത്രരും രക്ഷാബന്ധന്‍ ആചരിച്ചുകൊണ്ട് കുരുക്ഷേത്രഭൂമിയില്‍ നിന്നും ഉണ്ടായ ദുരിതങ്ങളില്‍ നിന്ന് മോചനം നേടുകയുണ്ടായി.
ആചരണത്തിലൂടെ സമന്വയം
ഭാരതീയ സാംസ്‌കാരിക ജീവിതത്തില്‍ അനവധി ആചാരണങ്ങള്‍ കാണാന്‍ സാധിക്കും. രക്ഷാബന്ധന്‍ എന്ന ആചരണത്തിനും ഒരു സന്ദേശം ഉണ്ട്. ഇത്തരം ആചരണങ്ങള്‍ മൂല്യത്തിലേക്കാണ് കൊണ്ട് ചെന്ന് എത്തിക്കുന്നത്. നാം മൂല്യങ്ങളെ എപ്പോഴൊക്കെയാണോ അവഗണിച്ചത് അപ്പോഴെല്ലാം പതനം സംഭവിച്ചിട്ടുണ്ട്. അത് ചരിത്രപഠനത്തില്‍ നിന്നും വ്യക്തമാവും. നമ്മുടെ രാഷ്ട്രം ദുര്‍ബലമാകുവാന്‍ കാരണം നമ്മുടെ സാമാജിക വ്യവഹാരത്തില്‍ നിന്നും മൂല്യങ്ങള്‍ അപ്രത്യക്ഷമായതാണ്. ദേശത്തിന്റെ പതനം ആരംഭിച്ചത് ഹിന്ദുവിന്റെ മൂല്യച്യുതിയില്‍ നിന്നുമാണ്. സൂക്ഷ്മമായ നിരീക്ഷണങ്ങളില്‍ നിന്നും നമുക്ക് അത് മനസ്സിലാകുന്നതാണ്. നമ്മുടെ പുനരുത്ഥാനത്തിന് മൂല്യങ്ങളിലേയ്ക്കുള്ള തിരിച്ചുപോക്കല്ലാത മറ്റൊരു വഴിയും ഇല്ല തന്നെ. അത്തരം മൂല്യങ്ങളെ സൃഷ്ടിക്കുന്ന പരിശ്രമങ്ങളിലൂടെ ഇനിയും നാം കടന്നു പോകേണ്ടിയിരിക്കുന്നു.
മൂല്യബോധത്തെ സൃഷ്ടിക്കാന്‍ സംഘം തന്നെ അതിന്റെ കാര്യപദ്ധതിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രാര്‍ത്ഥന തന്നെയാണ് അത്. അജയ്യമായ ശക്തി, സുശീലം, ശ്രുതം, വീരവ്രതം, ധ്യേയനിഷ്ഠ എന്നീ പഞ്ചഗുണങ്ങള്‍ വൈയക്തികങ്ങളായി ലഭിക്കണമെന്ന് നാം പ്രാര്‍ത്ഥിക്കുന്നു. അത്തരം വൈയക്തിക ഗുണങ്ങള്‍ ഉള്ള വ്യക്തികള്‍ കൂടിച്ചേര്‍ന്ന് സംഘടനയായി മാറിയാല്‍ മൂല്യാധിഷ്ഠിതമായ സാമൂഹ്യസൃഷ്ടി വിദൂരമാവില്ല. സ്വാര്‍ത്ഥ പൂര്‍ത്തിക്കുവേണ്ടി കുറെ സമയം കൂടിച്ചേര്‍ന്ന് കഴിയുകയും നേട്ടങ്ങള്‍ നേടുകയും ചെയ്താലും അത് സംഘടനയാകുന്നില്ല. കാര്യം കഴിയുമ്പോള്‍ അത് വിഘടിച്ചുപോകും. വ്യക്തികളെ പ്രത്യേകം പരിഗണിച്ച് അവരില്‍ മൂല്യബോധം വളര്‍ത്തുകയും ദേശീയോന്മുഖമായ സമാജ ജീവിതം നയിക്കാന്‍ തക്കവിധം പ്രാപ്തരാക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് സംഘടിത രാഷ്ട്രശക്തി പടുത്തുയര്‍ത്തുവാന്‍ സാധിക്കുക.
രാമായണം നമുക്ക് നല്‍കുന്ന പാഠവും സാഹോദര്യത്തിന്റേതാണ്. ദശരഥ മഹാരാജാവ് ശ്രീരാമചന്ദ്രനെ യുവരാജാവായി വാഴിക്കാന്‍ കഴിയാതെ നിലത്ത് വീണുരുളുമ്പോള്‍ ക്രുദ്ധനായി സ്വന്തം പിതാവിനോടു പോലും യുദ്ധത്തിനൊരുങ്ങിയത് ലക്ഷ്മണന്റെ രാമനോടുള്ള സഹോദര സ്‌നേഹമാണ്.
വനവാസത്തിന് പുറപ്പെടുമ്പോള്‍ വനാതിര്‍ത്തിയില്‍ വെച്ച് ഗുഹന്‍ ഭരതനെ ആക്രമിക്കാതിരിക്കുന്നത് ശ്രീരാമചന്ദ്ര സഹോദരന്‍ എന്ന നിലയിലാണ്. വനവാസത്തിന് രാമനോടൊപ്പം ഊര്‍മ്മിള തന്റെ ഭര്‍ത്താവായ ലക്ഷ്മണനെ അയക്കുന്നത് രാമനും സഹോദരനും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢത അറിയുന്നതിനാലാണ്. ജടായുവിന് ശ്രീരാമന്‍ മോക്ഷപ്രാപ്തി നല്‍കുന്നത് സമ്പാതിയുടെ സഹോദരന്‍ എന്ന നിലയിലാണ്. അങ്ങനെ രാമായണം ഉടനീളം സഹോദര്യത്തിന്റെ ചിന്തകളിലൂടെ മുന്നോട്ടു പോവുന്നത് അത് കേവലം രക്തബന്ധത്തിന്റേതല്ല, മറിച്ച് ധാര്‍മ്മിക ബോധത്തിന്റെയും സഹോദര ബോധത്തിന്റെയും ഇതിഹാസമായതുകൊണ്ടാണ്.
ഭാരതത്തില്‍ അനവധി സന്ന്യാസ പരമ്പരകളും സമ്പ്രദായങ്ങളും നിലനില്‍ക്കുന്നു. അതെല്ലാം തന്നെ സാഹോദര്യഭാവത്തിലാണ് വ്യവഹരിക്കുന്നത്. കേരളത്തിന്റെ മണ്ണില്‍തന്നെ നവോത്ഥാനത്തിന്റെ വക്താവും പ്രയോക്താവുമായ ശ്രീനാരായണ ഗുരുദേവന്‍ സ്ഥാപിച്ച ശിവഗിരി മഠത്തില്‍ എഴുതിയത് ഇങ്ങനെയാണ്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്. ഇങ്ങനെ സാഹോദര്യഭാവത്തിന്റെ വ്യാവഹാരികതലം മനുഷ്യരുടെ ഇടയിലും അതിനപ്പുറത്തേക്കും നിറഞ്ഞു നില്‍ക്കുന്നു. ‘യത്രവിശ്വം ഭവത്യേകനീഡം’ എന്ന ചിന്ത അന്വര്‍ത്ഥമാകുന്നതും സാക്ഷാത്കരിക്കപ്പെടുന്നതും ലോകത്തെ ഒന്നാകെ ഒരു കിളിക്കൂടു പോലെ കണ്ട് സാമൂഹ്യ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നതുമായ ദര്‍ശനം അത് ഭാരതത്തിന്റേതാണ്.
സാഹോദര്യത്തിലധിഷ്ഠിതമായ ഒരു സാമൂഹ്യ ജീവിതത്തെ രൂപപ്പെടുത്താന്‍ ഒരു നൂറ്റാണ്ടോളമായി നിരന്തര പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘവും ദേശീയതയില്‍ അടിയുറച്ച് മുന്നോട്ടു പോകുന്ന പ്രസ്ഥാനങ്ങളും അതിന്റെ ഗുണഫലങ്ങളുടെ പ്രകടിത രൂപം കണ്ടുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാഹാരിസ് നടത്തിയ പ്രസ്താവന – അമേരിക്കന്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ലോകം മുഴുവന്‍ യാത്ര ചെയ്യുമ്പോള്‍ എല്ലായിടത്തും ഇന്ത്യയുടെ പ്രഭാവം ഞാന്‍ നേരിട്ട് കണ്ടുകൊണ്ടിരിക്കുന്നു. ദക്ഷിണപൂര്‍വ്വ ഏഷ്യയിലും ആഫ്രിക്കയിലും ഇന്‍ഡോ-പസഫിക് തീര രാഷ്ട്രങ്ങളിലും ഞാനത് നേരിട്ട് അനുഭവിച്ചറിഞ്ഞു. ഇത് വ്യക്തമാക്കുന്നത് ഭാരതത്തിന്റെ സാഹോദര്യ ബോധത്തിലൂന്നിയ ലോകവ്യവഹാരമാണ്. ലോകം നേരിടുന്ന പാരിസ്ഥിതിക പ്രതിസന്ധികള്‍ക്ക് പരിഹാരം തേടുന്നത് ഭാരതത്തിന്റെ ചിന്തകളാണ്. ലോകം ഭാരതത്തിന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നു. അന്താരാഷ്ട്രയോഗദിനത്തില്‍ ന്യൂയോര്‍ക്കില്‍ നടന്ന പരിപാടിയില്‍ ഭാരത പ്രധാനമന്ത്രി മാനവരാശിയെ അഭിസംബോധന ചെയ്തത്, രണ്ട് ചിന്തകളെ മുന്നില്‍ വച്ചാണ്. ഒന്ന് ഏകം സദ് വിപ്രാ ബഹുധാ വദന്തി. രണ്ടാമത്തേത് വസുധൈവ കുടുംബകം. ഈ രണ്ട് ആവശ്യങ്ങളും ലോകത്ത് പ്രയോഗത്തില്‍ വരണമെന്നുണ്ടെങ്കില്‍ സാഹോദര്യത്തിന്റെ ചിന്തയില്‍ ഊന്നിനിന്നുകൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. 130 വര്‍ഷം മുന്‍പ് സ്വാമി വിവേകാനന്ദന്‍ ഭാരതത്തെ മതങ്ങളുടെ മാതാവ് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ധര്‍മ്മചിന്ത വളര്‍ത്താന്‍ ശ്രമിച്ചു. സ്വാമിജിയുടെ പിന്‍തലമുറക്കാരന്‍ ഇന്ന് ഭാരതത്തെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ചരിത്രങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ജനാധിപത്യത്തിലധിഷ്ഠിതമായ ഒരു ലോകജീവിതക്രമം കൈവരികയും ലോകം ശാന്തിയുടെയും സമാധാനത്തിന്റെയും പുതിയ പാതതേടുകയും ചെയ്യും. അതിന് ഭാരതം കൂടുതല്‍ ആഭ്യന്തരമായി ശക്തിപ്രാപിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രത്തെ കൂടുതല്‍ കരുത്തുള്ളതാക്കുക എന്നതാകട്ടെ ഈ രക്ഷാബന്ധന്റെ സന്ദേശം.