അവര്‍ ഒരു മൂന്ന് നാല് വണ്ടി ആളുകള്‍ ഉണ്ടായിരുന്നു. ഉദ്ദേശം ഒരു ഇരുപത്തിയഞ്ചോളം പേര്‍. അവര്‍ കര്‍ണാടകയിലെ മംഗലാപുരത്ത് നിന്ന് രാത്രി യാത്ര തുടങ്ങിയതാണ്. ആര്‍ഷവിദ്യാ സമാജത്തില്‍ എത്തുമ്പോള്‍ രാവിലെ 8 മണി. സ്മിതയുടെ വണ്ടിയില്‍ അച്ഛന്‍ ഗണപതി ഭട്ടും അമ്മ ലതയും കൂടാതെ സഹോദരന്‍ സന്തോഷും ഉണ്ട്. പിന്നെ ഉള്ളവരൊക്കെ ബന്ധുക്കളും വിവിധ ഹൈന്ദവ സംഘടനയിലെ ആളുകളുമാണ്. സ്മിതാ ഭട്ടിനെ കേരളത്തിലെ ഒരു അമ്പലത്തിലേക്ക് തൊഴീക്കുന്നതിനായി കൊണ്ടുവരുന്നുവെന്നാണ് പറഞ്ഞത്. എന്തിനാണ് തന്നെ തൊഴീക്കുവാന്‍ കൊണ്ടുപോകുന്നതെന്ന് സ്മിതക്കറിയാം. അമ്പലത്തില്‍ തൊഴുത് താന്‍ ക്രിസ്തുമതം ഉപേക്ഷിക്കണം. അത് നടക്കില്ലെന്ന് വീട്ടുകാരോട് പല തവണ പറഞ്ഞിട്ടുള്ളതാണ്. യേശുദേവനും ക്രിസ്തുമതവും മനസ്സില്‍ തറച്ചു കഴിഞ്ഞു. പള്ളി പ്രാര്‍ത്ഥനകളിലെ മുന്‍നിര ഗായികയാണ് താനിന്ന്. തന്റെ പ്രാര്‍ത്ഥനാ ഗീതങ്ങള്‍ അവര്‍ക്കെല്ലാം ഇഷ്ടമാണ്. എന്ത് പാപം ചെയ്താലും പള്ളിയിലെ അച്ചനോട് കുമ്പസാരിച്ചാല്‍ പാപം തീരും. വേറെ ഏത് മതത്തിലുണ്ടത്.
വണ്ടി നിര്‍ത്തി എല്ലാവരോടുമൊപ്പം പുറത്തിറങ്ങി. ചുറ്റും നോക്കി. അമ്പലമൊന്നും കാണുന്നില്ല. പകരം ഒരു ബോര്‍ഡ്. ആര്‍ഷവിദ്യാ സമാജം. ഒരു മലയാളി സ്ഥാപനം. തനിക്കാണെങ്കില്‍ മലയാളം സംസാരിക്കാന്‍ പോലും അറിയില്ല. അന്വേഷിച്ചു, എന്താണിവിടെ. ഹിന്ദു മതത്തെക്കുറിച്ചുള്ള തന്റെ സംശയങ്ങള്‍ക്ക് മറുപടി തരുന്ന ഒരു സ്ഥാപനമാണിത്. തന്റെ സംശയം തീര്‍ക്കാനാണ് കര്‍ണാടകയില്‍ നിന്ന് പത്തഞ്ഞൂറ് കിലോമീറ്റര്‍ യാത്ര ചെയ്ത് രാത്രിക്ക് രാത്രി ഇവിടെ എത്തിയിരിക്കുന്നത്. ക്രിസ്തുവിനെ നാഥനും രക്ഷകനുമായി സ്വീകരിച്ച് കഴിഞ്ഞ തനിക്ക് പ്രത്യേകിച്ച് സംശയമൊന്നുമില്ല. ഡിഗ്രി കഴിഞ്ഞാല്‍ മതം മാറും.
തനിക്ക് ഹിന്ദു മതത്തെക്കുറിച്ചറിയേണ്ട കുറെ കാര്യങ്ങള്‍ ഉണ്ടായിരുന്നു. താനത് അച്ഛനോടും അമ്മയോടും അമ്മുമ്മയോടുമൊക്കെ കുറെ ചോദിച്ച് മടുത്തതാണ്. ഇനി തനിക്ക് അതൊന്നും അറിയണ്ട. അച്ഛനും അമ്മയും പറയുന്നത് തന്നെ ഇവിടെ സ്ഥിരം നിര്‍ത്താന്‍ കൊണ്ടുവന്നതാണെന്നാണ്. ഇവിടെ ഒരു ആചാര്യനും കുറച്ച് പ്രചാരകന്മാരും ഉണ്ടത്രെ. ആചാര്യനോട് ചോദിച്ചാല്‍ തീരാത്ത സംശയങ്ങള്‍ ഇല്ലെന്നാണ് അച്ഛനും അമ്മയും പറയുന്നത്. എന്തായാലും താന്‍ ഇവിടെ നില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല.
ആര്‍ഷവിദ്യാ സമാജം സ്മിതയുടെ സാമൂഹ്യ പശ്ചാത്തലമെല്ലാം കൃത്യമായി മനസ്സിലാക്കിയിരുന്നു. ഇതൊരു തരം ഇന്റലക്ച്ചല്‍ ബുദ്ധിഭേദമാണ്. മതത്തെക്കുറിച്ച് ഒന്നുമറിയാത്ത ഒരാളിലേക്ക് മറ്റൊരു മതത്തിന്റെ നന്മകള്‍ കയറ്റിവിടുന്നു. ഇങ്ങനെയുണ്ടാകുന്ന ഒരു ധാരണ മതം മാറ്റത്തിലേക്കെത്തുന്നു. പരസ്പര സംവാദത്തിലൂടെ മാറ്റിയെടുക്കാവുന്ന പ്രശ്‌നമേയുള്ളൂ. മതവും ധര്‍മവും അറിയാതെ ഹിന്ദുവെന്ന പേരില്‍ ജീവിക്കുന്നവര്‍ ഏതെങ്കിലുമൊരു മതത്തെക്കുറിച്ച് അറിയുമ്പോള്‍ അങ്ങോട്ട് ചായുന്നു. മതം മാറ്റമെന്ന് ഇതിനെ പറയുവാന്‍ കഴിയില്ല. കാരണം ഒന്നില്‍ നിന്ന് ഒന്നിലേക്കല്ലേ മാറുവാന്‍ കഴിയുള്ളൂ.
ആര്‍ഷവിദ്യാ സമാജം 1990 കളില്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞിരുന്നു. കേരളത്തില്‍ ക്രൈസ്തവ സഭകള്‍ പ്രത്യേകിച്ച് പെന്തകൊസ്തുകളും യഹോവ സാക്ഷികളും മേഞ്ഞ് നടന്ന് മതപരിവര്‍ത്തന ശ്രമങ്ങള്‍ നടത്തിയിരുന്ന കാലഘട്ടമായിരുന്നു അത്. വീടുവിടാന്തരം കയറിയിറങ്ങിയും മനുഷ്യന്റെ ദുഃഖങ്ങളിലും ദുരിതങ്ങളിലും ഇടപെട്ടും സാമ്പത്തികമായി സഹായിച്ചും ഹിന്ദു ധര്‍മ്മത്തെ അപമാനിച്ചും ഇവര്‍ നിരവധി പേരെ മതം മാറ്റിയിരുന്ന കാലഘട്ടമായിരുന്നു അത്. ആര്‍ഷവിദ്യാ സമാജം അക്കാലത്ത് തന്നെ ഈ വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടുകയും നിരവധി പേരെ സ്വധര്‍മത്തിലേക്ക് തിരിച്ച് കൊണ്ടുവരികയും ചെയ്തിരുന്നു. ബൈബിളും സനാതന ധര്‍മവും തമ്മിലുള്ള ഒരു താരതമ്യ പഠനം നടന്നാല്‍ മുന്‍ഗാമികളെപ്പോലെ സ്മിതയും സ്വധര്‍മത്തിലെത്തുമെന്ന് സമാജത്തിനുറപ്പുണ്ടായിരുന്നു. പക്ഷെ ആ ഉറപ്പൊന്നും കര്‍ണാടയില്‍ നിന്ന് എത്തിയവര്‍ക്ക് ഉണ്ടായിരുന്നില്ല. അവര്‍ അഭിമുഖീകരിക്കുന്ന ആദ്യത്തെ കേസാണിത്. അതുകൊണ്ട് തന്നെ തുടക്കം മുതല്‍ അവര്‍ ആചാര്യന്റെ ഇടപെടല്‍ ആഗ്രഹിച്ചു..
സ്മിതയുടെ കേസ് ഒരു ഒറ്റപ്പെട്ട കേസായിരുന്നില്ല. ഗൗഡ സാരസ്വത സമുദായത്തില്‍ നിന്ന് യഹോവ സാക്ഷിയും അതിന്റെ പ്രചാരകനുമായി മാറിയ തിരുവനന്തപുരം പൂജപ്പുരയിലെ യുവശാസ്ത്രജ്ഞന്‍. ജര്‍മനിയില്‍ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനത്തിന് പോയ ഈ ശാസ്ത്രജ്ഞന്‍ ചെന്ന് പെട്ടത് യഹോവ സാക്ഷികളുടെ ഗ്രൂപ്പിലാണ്. അവരുടെ സ്വാധീനവലയത്തിലാകുകയും പിന്നീട് അവരുടെ തീവ്ര നിലപാടുകാരനുമായി മാറുകയും ചെയ്തു. കടുത്ത ഹിന്ദു വിരോധിയും അന്യമതങ്ങളോട് ശത്രുതയുമുളള ഒരു മനസ്സിന് ഉടമയുമായി മാറിയ ഇദ്ദേഹം ആര്‍ഷവിദ്യാ സമാജവുമായി നടത്തിയ മത താരതമ്യ പഠനത്തിലൂടെ സ്വധര്‍മത്തിലേക്ക് തിരിച്ച് വരികയും പിന്നീട് സമാജത്തിന്റെ തന്നെ ഒരു പ്രധാന ആളായി മാറുകയും ചെയ്തു. ഇത് പോലെയുള്ള നിരവധി കേസുകളില്‍ ഒരു സ്മിത കൂടി.
ആചാര്യന്‍ എന്ന വാക്ക് തന്നെ സ്മിതയില്‍ ദേഷ്യം ഉണ്ടാക്കിയിരുന്നു. ഒരു തോക്ക് കിട്ടിയാല്‍ അയാളെ ഞാന്‍ കൊന്നേനെ എന്ന സംസാരം പോലും സ്മിതയില്‍ നിന്ന് ഉണ്ടായതായി സമാജത്തിന്റെ പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. അത്രയും ദേഷ്യത്തോടെയാണ് സ്മിതയെ ആചാര്യന്റെ അടുത്തേക്ക് കൊണ്ടുവരുന്നത്. സ്മിതക്ക് മലയാളം അറിയില്ല. ആചാര്യന് കന്നടയും. ഇംഗ്ലീഷ് ബൈബിളിന് ഇരുവശവുമായി ഇവര്‍ ഇരുവരും ഇരുന്നു. കൂടെ സഹായിയായി സുധി എന്ന പ്രചാരകനും.
ആചാര്യന്‍ ചോദിച്ചു. എന്താണ് ഒരു സനാതന ഹിന്ദു കുടുംബത്തില്‍ ജനിച്ചിട്ടും മറ്റൊരു വിശ്വാസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. അതിലൂടെ സ്മിതക്ക് തന്റെ ഭാഗങ്ങള്‍ പറയുവാനും ന്യായീകരിക്കുവാനുമുളള ഒരു അവസരം കിട്ടി.
സ്മിത പറഞ്ഞു. ഞങ്ങള്‍ ഒരു കന്നട ബ്രാഹ്‌മിണ്‍ ഫാമിലിയാണ്. വീട്ടില്‍ ഭയങ്കര കണിശതയാണ്. എനിക്കതിനോട് താല്‍പര്യമില്ല.
എവിടെയാണ് താല്‍പര്യക്കുറവ്.
മതവും ജാതിയുമാണ് പ്രശ്‌നം. ഞങ്ങള്‍ ഉയര്‍ന്ന ജാതിക്കാരാണ്. കന്നഡ ബ്രാഹ്‌മിണ്‍. എനിക്ക് ഒരുപാടു കൂട്ടുകാരികളുണ്ട്. ഞാന്‍ അവരുടെയൊക്കെ വീടുകളിലൊക്കെ പോകും. അവരുടെ വീട്ടില്‍ കയറും. അവരോടൊപ്പം ഭക്ഷണം കഴിക്കും, ചിലപ്പോള്‍ ഉറങ്ങും. ഞങ്ങള്‍ കൂട്ടുകാരികളൊക്കെ ഒന്നാണ്. എന്നാല്‍ അവര്‍ എന്റെ വീട്ടില്‍ വന്നാല്‍ അവര്‍ക്ക് അങ്ങിനെയൊരു സ്ഥാനം കൊടുക്കാന്‍ എന്റെ വീട്ടില്‍ പറ്റുന്നില്ല. മുത്തച്ഛനും അമ്മുമ്മക്കും അവരോട് ഇടപഴകാന്‍ പറ്റുന്നില്ല. അവര്‍ പഴയ കാര്യങ്ങളും പണ്ടത്തെ ചിട്ടകളെയും പറ്റി തന്നെയാണ് ഇപ്പോഴും പറയുന്നത്. അതിനാല്‍ കൂട്ടുകാര്‍ വീട്ടില്‍ വന്നാല്‍ കുളിക്കണം. അവരുടെ പാത്രം അവര്‍ തന്നെ കഴുകണം. അവരുടെ വീടുകളില്‍ പോകുമ്പോള്‍ അവര്‍ തനിക്ക് നല്‍കുന്ന ആതിഥേയ മര്യാദ അവര്‍ക്ക് തിരിച്ച് നല്‍കുവാന്‍ തനിക്ക് കഴിയുന്നില്ല. അതിഥി ദേവോ ഭവ: എന്നൊക്കെയാണെങ്കിലും തന്റെ വീട്ടില്‍ അത് ഇല്ല. ഇത് മൂലം താന്‍ കൂട്ടുകാരികളുടെ മുമ്പില്‍ കൊച്ചാകുകയും അവര്‍ തന്റെ കുടുംബത്തെ അപരിഷ്‌കൃതരായി കാണുവാന്‍ തുടങ്ങുകയും ചെയ്തു. സ്വന്തം വീട്ടില്‍ നിലനില്‍ക്കുന്ന അന്തരീക്ഷത്തെക്കുറിച്ച് അവമതിപ്പുണ്ടാകുവാന്‍ തുടങ്ങി. തന്റെ എല്ലാമായ കൂട്ടുകാരികളോട് വീട്ടുകാര്‍ കാണിച്ച അകല്‍ച്ച എനിക്ക് ആ വീട്ടിലെ മൊത്തം സമ്പ്രദായത്തോടുള്ള അകല്‍ച്ചയായി മാറി. സ്വന്തം ധര്‍മത്തില്‍ നിന്ന് അകലാന്‍ തുടക്കം കുറിച്ച കാരണങ്ങള്‍ ഇതൊക്കെയാണ്.
സ്മിത അഞ്ചാം ക്ലാസ് മുതല്‍ ഡിഗ്രി വരെ പഠിച്ചത് മംഗലാപുരത്തെ ക്രൈസ്തവ മിഷനറി സ്ഥാപനങ്ങളിലായിരുന്നു. ക്രൈസ്തവ സ്ഥാപനങ്ങള്‍ എല്ലാം തന്നെ അവരുടെ മതപരമായ ഒരു അന്തരീക്ഷത്തിലാണ് പണിതുയര്‍ത്തുക. പള്ളി മുതല്‍ സെമിത്തേരി വരെ അതിനുള്ളിലുണ്ടാകും. കൈസ്തവ പ്രാര്‍ത്ഥനകളോടെയാണ് ഓരോ പ്രവൃത്തി ദിവസവും ആരംഭിക്കുക. ഈ പ്രാര്‍ത്ഥനകളില്‍ ക്രൈസ്തവര്‍ അല്ലാത്തവര്‍ക്കു കൂടി ചേര്‍ന്ന് നില്‍ക്കാവുന്ന ഒരു അന്തരീക്ഷം അവര്‍ സൃഷ്ടിച്ചിട്ടുണ്ടാകും. അങ്ങിനെ തങ്ങളുടെ മത വിശ്വാസത്തിന് ഒരു പൊതു സ്വീകാര്യത ഉണ്ടാക്കി എടുക്കുന്നതില്‍ സഭകള്‍ എവിടെയും വിജയിച്ചിട്ടുണ്ട്.
സ്‌കൂളില്‍ ക്ലാസ് തുടങ്ങുന്നതിന് മുമ്പേയുള്ള ക്രൈസ്തവ മൂല്യമുള്ള പ്രാര്‍ത്ഥന ഏറ്റവും മനോഹരമായി ചൊല്ലുന്നവരില്‍ ഒരാള്‍ സ്മിതയായിരുന്നു. സ്മിത താമസിക്കുന്ന പ്രദേശത്തെ ജനങ്ങളില്‍ കൂടുതലും ക്രൈസ്തവര്‍. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ പള്ളി ആരാധനകളോട് താല്‍പര്യം തോന്നി തുടങ്ങിയിരുന്നു. രാവിലെ കൂട്ടുകാരോടൊത്ത് പള്ളിയില്‍ പോകും. വീട്ടില്‍ ചോദിച്ചിട്ടാണ് പോകുക. വീട്ടുകാര്‍ ഒരിക്കലും വേണ്ടായെന്ന് പറഞ്ഞിട്ടില്ല. തൊട്ടടുത്ത വീടുകള്‍ ക്രൈസ്തവരുടെതാണ്. അവിടെയെല്ലാം സന്ധ്യ കഴിഞ്ഞാല്‍ കുടുംബ പ്രാര്‍ത്ഥനയുണ്ട്. അത് കാണുവാനും അതില്‍ പങ്കെടുക്കുവാനും വലിയ ഇഷ്ടമായിരുന്നു. അവരുടെ കുടുംബപ്രാര്‍ത്ഥനകള്‍ അവരെക്കാള്‍ നന്നായി സ്ഫുടതയോടെ സ്മിതക്ക് അറിയാമായിരുന്നു. അവരോടൊപ്പമായിരുന്നു ജീവിതം.
ഇതിനിടയിലാണ് ക്രൈസ്തവരുടെ കുമ്പസാരം സ്മിത കാണുന്നത്. ക്രൈസ്തവനെ സംബന്ധിച്ചേടത്തോളം ഇത് ഒരു വിശ്വാസി നിര്‍ബന്ധപൂര്‍വം അനുഷ്ഠിക്കേണ്ട ഒരു കുദാശയാണ്.
അടച്ച ഒരു ക്യാബിനില്‍ ഇരിക്കുന്ന പുരോഹിതന്റെ ചെവിയില്‍ സ്വകാര്യമായി ഒരു വിശ്വാസി താന്‍ ചെയ്ത പാപങ്ങള്‍ തുറന്ന് പറയുന്നതും അങ്ങിനെ പാപമോചനം തേടുന്നതുമാണ് കുമ്പസാരം. ഈയൊരു ആശയവും സ്മിതക്ക് നന്നേ ബോധിച്ചു. കുട്ടികള്‍ എന്തെങ്കിലും കുറുമ്പ് ചെയ്താല്‍ വീട്ടുകാര്‍ പറയുന്നത് ദൈവം ശിക്ഷിക്കുമെന്നാണ്. ക്രിസ്ത്യാനിയായി കുമ്പസാരിച്ചാല്‍ പാപമോചനം കിട്ടുന്ന കാരണം പിന്നെ നരകത്തില്‍ പോകേണ്ട കാര്യമില്ല. അതും ബോധിച്ചു.
ഹോസ്റ്റല്‍ പഠിത്തത്തിനിടയിലാണ് പള്ളി സഹവാസം കൂടിയത്. അവിടെ ലക്ഷ്മി എന്ന് പേരുള്ള ഒരു ആന്റി ഉണ്ടായിരുന്നു. പേര് ലക്ഷ്മിയെന്നാണെങ്കിലും ഇവര്‍ ഒരു വലിയ ക്രൈസ്തവ വിശ്വാസിയായിരുന്നു. അവിടെ അടുത്തുള്ള പള്ളിയിലേക്ക് ഇവരോടൊപ്പം പോകാന്‍ തുടങ്ങി. അത് മറ്റൊന്നിന്റെ തുടക്കമായിരുന്നു.
(തുടരും)