ലോകത്തിലെ ഏത് ഭാഷയില്‍ രചിച്ച എത്ര വിശിഷ്ടമായ ഗ്രന്ഥമായാലും ഒന്നോ രണ്ടോ പ്രാവശ്യം വായിച്ചു കഴിഞ്ഞാല്‍ പിന്നീട് അവ വായിക്കണം എന്ന് തോന്നാറില്ല. എന്നാല്‍ എത്ര തവണ വായിച്ചാലും വീണ്ടും വീണ്ടും വായിക്കണമെന്ന ആഗ്രഹം വളര്‍ത്തുന്ന ഗ്രന്ഥമാണ് രാമായണം. വാല്മീകി ആദികവിയും രാമായണം ആദി കാവ്യവുമാണ്. പ്രപഞ്ചം നിലനില്‍ക്കുന്ന കാലത്തോളം മനുഷ്യരാശിക്ക് നേര്‍വഴികാണിക്കുന്ന പ്രകാശഗോപുരമായി രാമായണം തിളങ്ങി നില്‍ക്കുന്നു.
ലോകത്തിലെ മറ്റു വിശിഷ്ട കൃതികളില്‍ നിന്നും രാമായണത്തെ വ്യത്യസ്തമാക്കുന്നത് എന്താണ് എന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ തലമുറകള്‍ കടന്ന് ഇന്നത്തെ തലമുറയിലും തുടരുന്നു. ഏത് കൃതി വായിച്ചാലും കഥാപാത്രങ്ങള്‍ വേറെ ഗ്രന്ഥകര്‍ത്താവ് വേറെ എന്നാണ് കാണുന്നത്. രാമായണത്തില്‍ രചയിതാവായ ആദികവി ഗ്രന്ഥകര്‍ത്താവ് മാത്രമല്ല. പ്രധാന കഥാപാത്രം കൂടിയാണ്. ശ്രീരാമന്റെ ജീവിതത്തിലുടനീളം ആദി കവിയുടെ സാന്നിധ്യം സജീവമായിട്ടുണ്ട്. ഗര്‍ഭിണിയായ ശ്രീരാമപത്‌നിയെ സംരക്ഷിക്കുന്നതും കുട്ടികളെ ശ്രദ്ധയോടെ വളര്‍ത്തുന്നതും വാല്മീകി മഹര്‍ഷിയാണ്. രാമായണം ആദ്യമായി ചൊല്ലിപ്പഠിപ്പിച്ചതും ശ്രീരാമന്റെ മക്കളെയാണ്. തന്റെ സംഭ വബഹുലമായ ജീവിതകഥയുടെ മനോഹരമായ വിവരണം കേട്ട് ശ്രീരാമന്‍ തന്നെ വിസ്മയപ്പെട്ടുപോയി.
പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും രാമായണത്തിലെ സജീവ കഥാപാത്രങ്ങളാണ്. എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണ് എന്ന മൗലികമായ സന്ദേശമാണ് രാമായണം വിളംബരം ചെയ്യുന്നത്. പരിസ്ഥിതി സംരക്ഷണം ഇന്ന് മാനവരാശിയുടെ പ്രധാന ചിന്താവിഷയമാണ്. പ്രകൃതിസംരക്ഷണം എങ്ങിനെയാണ് വേണ്ടതെന്ന് രാമായണം വ്യക്തമായി കാണിച്ചുതരുന്നുണ്ട്.
ആദികവി വാല്മീകിയുടെ രാമായണത്തെ അടിസ്ഥാനമാക്കി ഭാരതത്തിലെ എല്ലാ ഭാഷകളിലും പ്രധാനപ്പെട്ട ലോകഭാഷകളിലും രാമായണം രചിക്കപ്പെട്ടിട്ടുണ്ട്. തുളസീദാസന്റെ രാമചരിതമാനസം ഹിന്ദിയിലും കൃത്തിവാസി രാമായണം ബംഗാളിയിലും കമ്പരാമായണം തമിഴിലും തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് മലയാളത്തിലും ഏറെ ജനപ്രീതി നേടിയവയാണ്.
എഴുത്തച്ഛന്റെ രാമായണമാണ് മലയാളികള്‍ നിത്യപാരായണത്തിനായി ഉപയോഗിക്കുന്നത്. മഹാകവി വള്ളത്തോള്‍ രാമായണത്തിന്റെ മാഹാത്മ്യം വാഴ്ത്തുന്നതിങ്ങനെയാണ്.
”കാവ്യം സുഗേയം കഥരാഘവീയം
കര്‍ത്താവുതുഞ്ചത്തുളവായ ദിവ്യന്‍,
ചൊല്ലുന്നതോഭക്തിമായസ്വരത്തി-
ലാനന്ദലബ്ധിക്കിനിയെന്തുവേണം”
ഓരോ വരികളിലും ഭക്തിരസം നിറഞ്ഞു നില്‍ ക്കുന്നു എന്നത് രാമായണത്തിന്റെ വൈശിഷ്ട്യത്തിന്റെ പ്രധാന ഘടകമാണ്. അതോടൊപ്പം ജീവിതത്തില്‍ ധന്യത കൈവരിക്കാനുള്ള വ്യക്തമായ വഴികളും ചൂണ്ടിക്കാണിച്ചിരിക്കുന്നു.
ഉമാമഹേശ്വരസംവാദം
അറിവിന്റെ മഹത്വവും അത് നേടാനുള്ള വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശവുമാണ് ഉമാമഹേശ്വരസംവാദത്തിലൂടെ പകര്‍ന്നു നല്‍കുന്നത്. ജഗദ് പിതാക്കള്‍ തമ്മിലുള്ള സംവാദത്തിലൂടെയാണ് രാമായണം അവതരിക്കുന്നത്. ശ്രീരാമചന്ദ്രന്റെ ചരിതം അറിയണമെന്ന് തീവ്രമായ ആഗ്രഹം തനിക്കുണ്ടെന്നും അത് പറഞ്ഞുതരാന്‍ മഹാദേവനല്ലാതെ മറ്റാരുമില്ലെന്നും ദേവി ബോധിപ്പിക്കുന്നു. തനിക്ക് അതിന് അര്‍ഹതയുണ്ടെന്ന് ബോദ്ധ്യമുണ്ടെങ്കില്‍ മാത്രം പറഞ്ഞു തന്നാല്‍ മതിയെന്നും കൂടി പറയുന്നു. അതുകേട്ട് മഹാദേവന്‍ വളരെ ചുരുക്കി ശ്രീരാമകഥ പറഞ്ഞവസാനിപ്പിക്കുന്നു. ആ സമയത്ത് ദേവി പറയുന്ന വചനങ്ങള്‍ അറിവിന്റെ മഹത്വവും, ഗുരുവിന്റെ മഹത്വവും സുതരാം വ്യക്തമാക്കിത്തരുന്നുണ്ട്.
”കിം ക്ഷണന്മാര്‍ക്ക് വിദ്യയുണ്ടാകയില്ലയല്ലെ!
കിം കണന്മാരായുള്ളോര്‍ക്കര്‍ത്ഥവുമതുപോലെ
കിം ഋണന്മാര്‍ക്ക് നിത്യസൗഖ്യവുമുണ്ടായ് വരാ
കിം ദേവന്മാര്‍ക്ക് ഗതിയും പുനരതുപോലെ”
ഒരു നിമിഷം നിസ്സാരം എന്ന് കരുതുന്നവര്‍ ഒരിക്കലും വിദ്യാസമ്പന്നരാവുകയില്ല. ഒരു ചെറിയ നാണയം നിസ്സാരം എന്നു കരുതുന്നവന് ധനവും ഉണ്ടാവുകയില്ല. പണം കടം വാങ്ങിക്കഴിയുന്നവര്‍ക്ക് ഒരിക്കലും സൈ്വരം ഉണ്ടാവുകയില്ല. ഈശ്വരനെ മറക്കുന്നവര്‍ക്ക് ഒരിക്കലും ഗതി കിട്ടുകയില്ല. ഭൗതികമായി എല്ലാവര്‍ക്കും ബോധ്യമുള്ള മൂന്ന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഈശ്വരഭക്തിയുടെ മാഹാത്മ്യം ദേവി വെളിപ്പെടുത്തുന്നത്. ശ്രീരാമദേവന്റെ ചരിതം അറിയാനുള്ള ദേവിയുടെ അര്‍ഹത മഹാദേവന് ബോദ്ധ്യപ്പെടുകയും രാമകഥ വിസ്തരിച്ച് പറഞ്ഞു കൊടുക്കുകയുമാണ് ചെയ്യുന്നത്. തീവ്രമായ ആഗ്രഹവും ശ്രദ്ധയും ഉള്ള ശിഷ്യനുമാത്രമേ ഗുരൂപദേശം ഫലപ്പെടുകയുള്ളൂ. അറിവ് നേടാന്‍ ഗുരുക്കന്മാരെ എങ്ങനെ സമീപിക്കണം എന്ന കാര്യവും ഉമാമഹേശ്വര സംവാദത്തിലൂടെ വെളിപ്പെടുന്നുണ്ട്.
രാമോ രൂപവതാംധര്‍മ്മ
ധര്‍മ്മത്തിന്റെ മനുഷ്യരൂപമാണ് ശ്രീരാമന്‍ എന്നതാണ് ആദികവിയുടെ സാക്ഷ്യം. എത്രയോ യാതനയും വേദനയും പ്രതിസന്ധികളും വന്നപ്പോഴും ധര്‍മ്മത്തില്‍ നിന്നും അണുവിട വ്യതിചലിക്കാതെ രാമന്‍ മുന്നോട്ടുപോയി. വ്യക്തിപരമായി തനിക്ക് സുഖസൗകര്യങ്ങള്‍ നല്‍കുമായിരുന്ന എല്ലാ വസ്തുക്കളോടും യാതൊരുവിധമായ എതിര്‍പ്പോ പരിഭവമോ കൂടാതെ അകന്നു നിന്നു. താന്‍ കഠിനമായ വേദന അനുഭവിച്ചു കൊണ്ടിരിക്കുമ്പോഴും മറ്റുള്ളവരുടെ വേദന പരിഹരിക്കാന്‍ ലഭിച്ച എല്ലാ സന്ദര്‍ഭങ്ങളും കാരുണ്യപൂര്‍വ്വം പ്രയോജനപ്പെടുത്തി.
ലക്ഷ്മണോപദേശം
രാമായണത്തിലെ ‘ഭഗവദ്ഗീത’ എന്ന് വിശേഷിപ്പിക്കാവുന്ന വിശിഷ്ടമായ ഒരു ഭാഗമാണ് ലക്ഷ്മണോപദേശം. അച്ഛന്‍ ചെയ്ത സത്യം പാലിക്കുന്നതിനായി പതിനാലുവര്‍ഷത്തെ വനവാസത്തിനായി തയ്യാറായ ശ്രീരാമചന്ദ്രന്‍ അമ്മയെ നമസ്‌ക്കരിച്ച് പോകാനുള്ള അനുമതി ചോദിക്കുന്നു. ദുഃഖം താങ്ങാനാവാതെ കൗസല്യാ മാതാവ് ചോദിക്കുന്നു:
”നാടുവാഴേണം ഭാരതനെന്നാകില്‍ നീ
കാടുവാഴേണമെന്നുണ്ടോ വിധി മതം”
ഇത് കേട്ടു നിന്ന ലക്ഷ്മണന്‍ രോഷാകുലനായി പട്ടാഭിഷേകത്തിനെതിര് നില്‍ക്കുന്നവരെയെല്ലാം നിഗ്രഹിച്ച് ജ്യേഷ്ഠനെ വാഴിക്കാന്‍ എനിക്ക് ശക്തിയുണ്ട് എന്നു പറഞ്ഞ് ഉറയില്‍ നിന്നും വാളൂരിപ്പിടിച്ച് നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ശാന്തനായി പുഞ്ചിരിതൂകിക്കൊണ്ട് അനുജനെ ആലിംഗനം ചെയ്തുകൊണ്ട് രാമന്‍ പറയുന്ന കാര്യങ്ങളാണ് ലക്ഷ്മണോപദേശം.
”വത്സസൗമിത്രേകുമാരനീ കേള്‍ക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍”
മൂന്ന് സംബോധനകളാണ് കുഞ്ഞേ, സുമിത്രാമ്മയുടെ ഓമനപ്പുത്രാ, പ്രിയപ്പെട്ട അനുജാ, മൂന്ന് സംബോധനകളും ഒന്നിനൊന്ന് ഹൃദയംഗമായ സംബോധനകളാണ്. വാത്സല്യം നിറഞ്ഞു തുളുമ്പുന്നവയുമാണ്. ഏത് അവസ്ഥയിലായാലും നീ എന്റെ കുഞ്ഞാണ് സൗമിത്രേ എന്നതിന് വളരെ ദൂരവ്യാപകമായ ഒരര്‍ത്ഥമാണുള്ളത്. പുത്രകാമേഷ്ടിയാഗത്തിന്റെ സമാപനത്തില്‍ അഗ്നിഭഗവാന്‍ നല്‍കിയ പായസം ദശരഥമഹാരാജന്‍ കൗസല്യക്കും കൈകേയിക്കുമായി പകുത്തു നല്‍കി. അതില്‍ പരിഭവമൊന്നുമില്ലാതെ സുമിത്രാദേവി ശാന്തയായി നിന്നു. മൂന്ന് പത്‌നിമാരില്‍ തന്നോട് പക്ഷപാതം കാണിച്ചതില്‍ കോപാകുലയാകേണ്ട സാഹചര്യത്തില്‍ ശാന്തചിത്തയായി നിന്ന അമ്മയുടെ മകനായിപ്പിറന്ന നിനക്ക് കോപം ഒട്ടും ഉചിതമല്ല എന്ന വ്യക്തമായ സൂചനയാണ് സൗമിത്രേ എന്ന സംബോധനയിലൂടെ ശ്രീരാമചന്ദ്രന്‍ നല്‍കുന്നത്.
ഭൗതികമായ സുഖഭോഗങ്ങളും സ്ഥാനമാനങ്ങളുമെല്ലാം വെറും നൈമിഷികമാണ്. ഏത് സാഹചര്യത്തിലും ശാന്തത കൈവിടരുത്, ശാന്തത നിലനിര്‍ത്താനായാല്‍ ഒരു സാഹചര്യത്തിലും ദുഃഖം അനുഭവിക്കേണ്ടിവരികയില്ല. ഈ സന്ദര്‍ഭത്തിനുശേഷം ഒരു സാഹചര്യത്തിലും ലക്ഷ്മണന്‍ സമനിലവെടിഞ്ഞ് രോഷാകുലനായിട്ടില്ല. മനുഷ്യരാശിക്കാകമാനമുള്ള വിശിഷ്ടമായ ഉപദേശമാണ് ലക്ഷ്മണനെ നിമിത്തമാക്കി ശ്രീരാമചന്ദ്രന്‍ നല്‍കിയത്. ഭഗവദ്ഗീതയുടെ സാരസര്‍വ്വസ്വമാണ് ലക്ഷ്മണോപദേശത്തിലൂടെ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ നല്‍കിയത്.