അരിവാളും ചുറ്റികയും അടിമത്തചിഹ്നമാണെന്നു പറഞ്ഞുകൊണ്ട് ഉക്രൈന്‍ അത് എടുത്തുമാറ്റുകയാണ്. ഉക്രൈനിലെ കീവിലുള്ള ചരിത്രപ്രസിദ്ധമായ ഉക്രൈന്‍ മത പ്രതിമയില്‍ റഷ്യന്‍ അധിനിവേശ കാലത്താണ് അരിവാള്‍ ചുറ്റിക സ്ഥാപിച്ചത്. കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തില്‍ നിന്ന് ഉക്രൈന്‍ സാംസ്‌കാരിക പാരമ്പര്യത്തിലേക്കുള്ള മാറ്റം എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ഡിനിപ്രോ നദിക്കരയിലെ 61 മീറ്റര്‍ ഉയരമുള്ള പ്രതിമയിലെ പരിചയില്‍ നിന്ന് അരിവാള്‍ ചുറ്റിക മാറ്റി ഉക്രൈന്‍ ദേശീയ ചിഹ്നമായ ടിബൂസ് എന്ന സ്വര്‍ണ്ണ നിറത്തിലുള്ള ത്രിശൂലം ആലേഖനം ചെയ്തത്. റഷ്യന്‍ അധിനിവേശ കാലത്തെ എല്ലാ കമ്മ്യൂണിസ്റ്റ് ചിഹ്നങ്ങളും ഉക്രൈന്‍ തുടച്ചുനീക്കുകയാണ്. ഉക്രൈന്‍ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 24ന് മാറ്റം വരുത്തിയ പ്രതിമ ഔദ്യോഗികമായി അനാച്ഛാദനം ചെയ്യും.
ഇതേ സമയത്താണ് കേരള നിയമസഭയില്‍ ‘കേരള’ എന്ന വാക്കിനുപകരം ‘കേരളം’ എന്ന വാക്ക് ഉപയോഗിക്കണമെന്നും അതാണ് നാടിന്റെ തനിമ നിലനിര്‍ത്തുന്ന പേര് എന്നും പറഞ്ഞുകൊണ്ടുള്ള പ്രമേയം പാസ്സാക്കിയത്. യു.പിയില്‍ അടിമത്ത കാലത്തെ സ്ഥലനാമങ്ങളും ചിഹ്നങ്ങളും മാറ്റിക്കൊണ്ട് യോഗി ആദിത്യനാഥ് കാട്ടിയ മാതൃകയാണ് ഇതിന് സ്വീകാര്യം. കേരളം ഭരിക്കുന്നവരും പ്രതിപക്ഷവും മാനസികമായ അടിമത്തം വെച്ചുപുലര്‍ത്തി പേരില്‍ മാത്രം ‘കേരളം’ വേണമെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. ഉക്രൈന്‍ ചെയ്തതുപോലെ അരിവാളും ചുറ്റികയും തുടച്ചുമാറ്റി അടിമത്തത്തില്‍ നിന്ന് മോചിതരാവട്ടെ.