Monday, June 23, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

വിശ്വാമിത്ര രാമായണം

പി.ഐ.ശങ്കരനാരായണന്‍

Print Edition: 28 July 2023

വാല്മികീരാമായണത്തിലെ ആദ്യകാണ്ഡമായ ബാലകാണ്ഡത്തെ മാത്രം എടുത്ത്, അതിന് ഒരു പേരു നല്‍കുകയാണിവിടെ – ”വിശ്വാമിത്രരാമായണം!”

രാമായണങ്ങള്‍ അനേകമുണ്ട്; പല ദേശങ്ങളില്‍ പല ഭാഷകളില്‍. ഭാരതത്തില്‍ മാത്രമല്ല, വിദേശങ്ങളിലും. എന്തിന്, പല മതസ്ഥര്‍ക്കും അവരുടേതായ രാമായണം ഉണ്ട്. ബൗദ്ധ-ജൈന-മുസ്ലിം (മാപ്പിള) രാമായണങ്ങള്‍ വരെ. അതിനാല്‍, കഥാഘടനയില്‍ ചിലപ്പോള്‍ നേരിയതോ അല്ലെങ്കില്‍ സാരമായതോ ആയ മാറ്റങ്ങള്‍ കണ്ടേക്കാമെന്നേയുള്ളൂ.

രാമായണത്തിന്റെ ഉല്പത്തി ഭാരതത്തിലാണെന്നത് നിര്‍വ്വിവാദമാണ്. എന്നാല്‍ അത് ഇവിടെ ഭൂരിപക്ഷമായുള്ള ഹിന്ദുജനതയുടെ മാത്രം ഗ്രന്ഥമായി, മതഗ്രന്ഥമായി കാണേണ്ട ഒന്നല്ല. ഭാരതത്തില്‍ തന്നെ തുളസീദാസ രാമായണം, കൃത്തിവാസ രാമായണം, കമ്പ രാമായണം, ആനന്ദ രാമായണം, അത്ഭുത രാമായണം, അദ്ധ്യാത്മ രാമായണം എന്നിങ്ങനെ എത്രയെത്ര രാമായണങ്ങളാണുള്ളത്!

രാമായണങ്ങള്‍ പലതും കവി വര-
രാമോദമോടു പറഞ്ഞു കേള്‍പ്പുണ്ടു ഞാന്‍
എന്നു തുഞ്ചത്തെഴുത്തച്ഛന്‍ സീതയെക്കൊണ്ടു പറയിച്ചിട്ടുമുണ്ടല്ലോ. എല്ലാറ്റിനും അടിസ്ഥാനമായുള്ളത് ആദികവിയായി വാഴ്ത്തപ്പെടുന്ന വാല്മീകിയുടെ രാമായണമാണ്.

രാമായണത്തിനകത്തെ രാമായണങ്ങള്‍
വാല്മീകി മാത്രമല്ല, മുനിശ്രേഷ്ഠരായ വസിഷ്ഠനും വ്യാസനും അഗസ്ത്യനുമൊക്കെ രാമായണം രചിച്ചിട്ടുണ്ട്. കൂട്ടത്തില്‍ മഹര്‍ഷി വിശ്വാമിത്രനും രാമായണം രചിച്ചുവെന്നാണോ പറഞ്ഞുവരുന്നത്?

അല്ല. വാല്മികീരാമായണത്തിലെ ആദ്യകാണ്ഡമായ ബാലകാണ്ഡത്തെ മാത്രം എടുത്ത്, അതിന് ഒരു പേരു നല്‍കുകയാണിവിടെ – ”വിശ്വാമിത്രരാമായണം!” വിശ്വാമിത്രന്റെ കൂടെയുള്ള രാമന്റെ അയനം എന്ന് അര്‍ത്ഥമെടുത്താല്‍ മതി, വിശ്വാമിത്ര രചനയെന്നു വേണ്ട. യാത്രയുടെ അവസാനഭാഗമാകുമ്പോള്‍ സീതയെ രാമനു വിവാഹം കഴിപ്പിച്ചുകൊടുത്തു വിശ്വാമിത്രന്‍ പോവുകയും ചെയ്യുന്നു. അങ്ങനെ നോക്കുമ്പോള്‍ ഈ ഭാഗത്തിനെ ‘വിശ്വാമിത്രായനം’ എന്നു വിളിച്ചാലും തെറ്റില്ല.

അപ്പോള്‍ രണ്ടാം കാണ്ഡമോ എന്നാവും ചോദ്യം. അതില്‍ ”സീതാരാമായണം” തുടങ്ങുകയല്ലേ? സീതയേയും കൂട്ടിയുള്ള രാമന്റെ അയനം എന്നാണ് അര്‍ത്ഥം. അത് ആരണ്യകാണ്ഡത്തിലും നീളുന്നുണ്ട്.

നാലാമത്തേതായ കിഷ്‌കിന്ധാകാണ്ഡത്തില്‍ എത്തുമ്പോഴോ? ഹനുമാന്‍ വരികയായി! അവിടം മുതല്‍ ”ഹനുമാന്‍ രാമായണം” എന്നല്ലാതെ മറ്റെന്താണു പറയുക? രാവണനെ കൊന്നു, സീതയേയും കൂട്ടി രാമന്‍ അയോദ്ധ്യയില്‍ തിരിച്ചെത്തി, പട്ടാഭിഷേകം നടക്കുവോളമുള്ള കഥയില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നത് ഹനുമാനാണല്ലോ.

രാമന്റെ യാത്ര ഒരിക്കലും ഒറ്റയ്ക്കല്ല. എല്ലായിടത്തും ലക്ഷ്മണന്‍ നിഴല്‍പോലെ രാമനെ അനുഗമിക്കുന്നുണ്ട് – എല്ലാറ്റിനും സാക്ഷിപോലെ. രാമായണത്തിനകത്ത് ഒരു ലക്ഷ്മണായനവും ഉണ്ട്.
അതെ. രാമായണത്തെ നമുക്കു മുഖ്യമായും മൂന്നായി ഭാഗിക്കാവുന്നതാണ്. വിശ്വാമിത്ര രാമായണം, സീതാരാമായണം, ഹനുമാന്‍ രാമായണം എന്നിങ്ങനെ. ഇവയില്‍ ഓരോന്നിനേയും കുറിച്ച് പ്രതീകാത്മകമായി വ്യാഖ്യാനിക്കാവുന്നതാണ്. തല്‍ക്കാലം, താരതമ്യേന ചെറുതും എന്നാല്‍ സുപ്രധാനവുമായ ബാലകാണ്ഡത്തെക്കുറിച്ചു മാത്രം ചിന്തിക്കാം.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരം തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണമാണല്ലോ. പക്ഷെ, അതിന്റെ ബാലകാണ്ഡത്തില്‍ വിശദമായ കഥകളൊന്നും ഇല്ല. ആകെ 1700 വരികളേ ഉള്ളൂ. ”ശ്രീരാമ! രാമ! രാമ!” എന്നു വിളിച്ചുകൊണ്ടാണല്ലോ തുടക്കം. പിന്നെ മറ്റു ദേവന്മാരെ അനേകം വരികളില്‍ വിളിച്ച് അനുഗ്രഹം തേടുന്നു. ശിവന്‍, പാര്‍വ്വതി, സീത, ബ്രഹ്‌മാവ്, വിഷ്ണു എന്നീ ദേവന്മാരെല്ലാം പരസ്പരം സ്തുതിക്കുന്നുണ്ട്. ശ്രീരാമനെക്കുറിച്ചുള്ള കൗസല്യാസ്തുതി, അഹല്യാസ്തുതി, ജനകസ്തുതി, പരശുരാമസ്തുതി എന്നിവയും ഈ കാണ്ഡത്തില്‍ നിറയുന്നു. അന്നത്തെ സമൂഹത്തില്‍ ഭക്തി വളര്‍ത്തലായിരുന്നു എഴുത്തച്ഛന്റെ ലക്ഷ്യം. അത് ഇത്തരം സ്തുതികളിലൂടെ അദ്ദേഹം ഭംഗിയായി സാധിക്കുകയും ചെയ്തു. പക്ഷെ കഥയുടെ കാര്യമോ?

വാല്മീകി രാമായണത്തില്‍ അങ്ങനെയല്ല. എഴുത്തച്ഛന്റേതിനേക്കാള്‍ അഞ്ചിരട്ടിയിലധികം വലിപ്പമുണ്ട്, അതിലെ ബാലകാണ്ഡത്തിന്. സ്തുതികള്‍ കുറവും കഥകള്‍ കൂടുതലുമാണ്. അവയില്‍ നിന്നു മനസ്സിലാക്കാന്‍ പല കാര്യങ്ങളുമുണ്ട്. അതിനാല്‍ വാല്മീകി രാമായണത്തിലെ ബാലകാണ്ഡത്തെ ആധാരമാക്കിയുള്ളതാണ് നമ്മുടെ വിചിന്തനം.

ബാലകാണ്ഡത്തില്‍ എഴുപത്തേഴു സര്‍ഗ്ഗങ്ങളിലായി 2280 ശ്ലോകങ്ങളുണ്ട്. കഥയുടെ പ്രാരംഭകാര്യങ്ങളും രാമാദികളുടെ ജനനവും വിവരിച്ചശേഷം 18-ാം സര്‍ഗ്ഗത്തിന്റെ മദ്ധ്യത്തിലാണ് വിശ്വാമിത്രന്റെ അയോദ്ധ്യാപ്രവേശം. അദ്ദേഹത്തിന്റെ അപേക്ഷ, ദശരഥന്റെ വിഷമാവസ്ഥ, വസിഷ്ഠന്റെ ശുപാര്‍ശ എന്നിവയാണ് അടുത്ത മൂന്നു സര്‍ഗ്ഗങ്ങളിലുള്ളത്. പിന്നെ രാമലക്ഷ്മണന്മാര്‍ വിശ്വാമിത്രന്റെ കൂടെ ആദ്യവനയാത്രയിലായി.

ആരാണ് വിശ്വാമിത്രന്‍?
ആരാണ് വിശ്വാമിത്രന്‍? എന്താണ് അദ്ദേഹത്തിന്റെ ലക്ഷ്യം? എന്നീ കാര്യങ്ങള്‍ ഇവിടെ ആലോചിക്കേണ്ടതായുണ്ട്. ആ പേരുതന്നെ നോക്കുക. വിശ്വത്തിനു മുഴുവന്‍ മിത്രമായിട്ടുള്ളവന്‍ എന്നാണ് അര്‍ത്ഥം. ലോകത്തിന്റെ മുഴുവന്‍ ബന്ധുവാണ്. സൂര്യനെക്കുറിച്ചും അങ്ങനെ പറയാം. ആ നിലയ്ക്ക് അദ്ദേഹം സൂര്യവംശോത്ഭവരായ രാമലക്ഷ്മണന്മാരെ ചോദിച്ചുവന്നതു വെറുതെയല്ല. അവരുടെ ഗുരുസ്ഥാനം വഹിച്ച് അവരെ വിശ്വപൗരന്മാരായി ഉയര്‍ത്തണമെന്നു കരുതിയിട്ടാണ്. യാഗരക്ഷ അതിന് ഒരു നിമിത്തമാക്കിയെന്നേയുള്ളൂ. ലോകരക്ഷയ്ക്കു വേണ്ടിയുള്ളതാണ് യാഗമെന്നും പറയാം.

അയോദ്ധ്യയില്‍ ഗുരുകുല രീതിയിലുള്ള വിദ്യാഭ്യാസം രാജകുമാരന്മാര്‍ക്കു കുലഗുരു വസിഷ്ഠന്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്. സാമ്പ്രദായികമായ അടിസ്ഥാന വിദ്യാഭ്യാസം മാത്രമാണത്. അത്രയും പോരാ. കൂടുതല്‍ വിശദവും ഉന്നതവുമായ വിദ്യാഭ്യാസവും പരിശീലനവും രാമലക്ഷ്മണന്മാര്‍ക്കു നല്‍കണം. ഏതു പ്രതിസന്ധിയും തരണം ചെയ്തു ലോകപൗരന്മാരായി വളരാന്‍ അവരെ സജ്ജരാക്കണം എന്നു ജ്ഞാനദൃഷ്ടിയാല്‍ വിശ്വാമിത്രന്‍ മനസ്സിലാക്കിയിട്ടുണ്ട്. അങ്ങനെയാണ് ഭാവിയില്‍ മഹാന്മാരാകേണ്ടുന്ന ശിഷ്യരെയും തേടി അദ്ദേഹം അയോദ്ധ്യയില്‍ എത്തുന്നത്.

കുമാരന്മാരുടെ വിദ്യാഭ്യാസമെല്ലാം പൂര്‍ത്തിയായിരിക്കയാണല്ലോ. ഇനി അധികം വൈകാതെ അവരുടെ വിവാഹം നടത്തണമെന്നു ദശരഥന്‍ വിചാരിച്ചിരിക്കേ ആയിരുന്നു വിശ്വാമിത്രന്റെ വരവ്. മഹര്‍ഷിയെ വേണ്ടവിധം സല്‍ക്കരിച്ചു. എന്തും ചോദിച്ചു കൊള്ളൂ, തരാം എന്നു പറഞ്ഞ ദശരഥന്‍ പക്ഷെ, രാമലക്ഷ്മണന്മാരെ ചോദിച്ചുകേട്ടപ്പോള്‍ വല്ലാതെ തളര്‍ന്നുപോയി. കുലഗുരു വസിഷ്ഠനാണ് പിന്നീടു രാജാവിനെ സമാശ്വസിപ്പിച്ചു സമ്മതിപ്പിക്കുന്നത്.

വസിഷ്ഠനു വിശ്വാമിത്രനെ നന്നായി അറിയാം. പണ്ടു വലിയ ശത്രുതയിലായിരുന്നു രണ്ടുപേരും. കടുത്ത യുദ്ധവും നടന്നിട്ടുണ്ട്. രാജാവായ വിശ്വാമിത്രന്‍ ബ്രഹ്‌മബലം നേടണമെന്ന വാശിയോടെ രാജ്യം ഉപേക്ഷിച്ചു കഠിനമായ തപസ്സില്‍ മുഴുകി. തടസ്സങ്ങള്‍ കുറച്ചൊന്നുമല്ല ഉണ്ടായത്. അവയെല്ലാം മറികടന്ന് അദ്ദേഹം ബ്രഹ്‌മര്‍ഷി പദത്തിലേക്ക് ഉയരുകതന്നെ ചെയ്തു. പക്വത വരുമ്പോള്‍ ശത്രുതയില്ല. ലോകനന്മയുടെ കാര്യത്തിനാകുമ്പോള്‍ ഐക്യമാണ് പ്രദാനം. രണ്ടു ഗുരുക്കന്മാരും പരസ്പരം മനസ്സിലാക്കിയിരിക്കുന്നു. വസിഷ്ഠന്‍ പറഞ്ഞു:

ഏഷ വിഗ്രഹവാന്‍ ധര്‍മ്മ
ഏഷ വീര്യവതാം വര:
ഏഷ ബുദ്ധ്യാങ്കധികോ ലോകേ
തപസശ്ച പരായണം.

ഉടലെടുത്ത ധര്‍മ്മം തന്നെയാണ് വിശ്വാമിത്രന്‍. അദ്ദേഹത്തെപ്പോലെ മഹാശക്തനും ജ്ഞാനിയും തപസ്വിയുമായ ഒരാളെ മൂന്നു ലോകങ്ങളിലും അന്വേഷിച്ചാല്‍ കിട്ടുകയില്ല എന്ന പ്രശംസാ വചനത്തോടെയാണ് വസിഷ്ഠന്‍ ദശരഥനെ അനുനയിപ്പിച്ചത്. ഭയപ്പെടേണ്ട. രാമലക്ഷ്മണന്മാരെ വിശ്വാമിത്രനൊപ്പം അയച്ചോളൂ. അവര്‍ക്കും നമുക്കും ലോകത്തിനും നന്മയേ വരൂ എന്നാണ് സൂചന.

പരുക്കന്‍ ജീവിതത്തിലേക്ക്
അയോദ്ധ്യവിട്ടു തന്നോടൊപ്പം പോന്ന രാമലക്ഷ്മണന്മാര്‍ക്കു വിശ്വാമിത്രന്‍ ആദ്യദിവസം തന്നെ മന്ത്രോപദേശം നല്‍കുന്നു. ഏതു മഹാഗുരുക്കന്മാരും അങ്ങനെയാണ്. വിജനമായ വനത്തില്‍, തീര്‍ത്ഥസമാനമായ സരയൂതീരത്തുവെച്ചുള്ള പരമരഹസ്യമായ മന്ത്രോപദേശം. ബല, അതിബല എന്നീ ദിവ്യമന്ത്രങ്ങളാണ് വിശ്വാമിത്രന്‍ രാമലക്ഷ്മണന്മാര്‍ക്ക് ഉപദേശിക്കുന്നത്. അവ ഇപ്പോഴത്തെ യാത്രയിലും ഭാവിജീവിതത്തിലും അവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹത്തിനറിയാം.

രാജധാനിയിലെ പട്ടുമെത്തയിലല്ല, പുല്‍ത്തകിടിയിലാണ്, പ്രകൃതിയുടെ വിശാലതയിലാണു രാമലക്ഷ്മണന്മാരുടെ ആ രാത്രിയിലെ ഉറക്കം. അടുത്ത പ്രഭാതത്തില്‍ ”കൗസല്യാ സുപ്രജാ രാമ” എന്നു വിളിച്ചുകൊണ്ടു വിശ്വാമിത്രന്‍ അവരെ കര്‍മ്മാനുഷ്ഠാനങ്ങളിലേക്ക് ഉണര്‍ത്തുകയും ചെയ്യുന്നുണ്ട്. രാജകീയ സുഖാന്തരീക്ഷത്തില്‍നിന്നു ഭിന്നമായി, പ്രകൃതിഭംഗികളുടേയും പരുക്കന്‍ ജീവിതാനുഭവങ്ങളുടേയും ലോകത്തിലേക്കു രാമലക്ഷ്മണന്മാരെ നയിക്കുകയാണു വിശ്വാമിത്രന്‍.

അന്ന് അവര്‍ നടന്നുപോയ വനപ്രദേശത്തെപ്പറ്റി രാമന്‍ ചോദിച്ചു. അപ്പോള്‍ മുതല്‍ വിശ്വാമിത്രന്‍ ഓരോ കഥകള്‍ പറയാന്‍ തുടങ്ങി. ശിവന്‍ കാമദേവനെ ദഹിപ്പിച്ച കഥയാണ് വിശ്വാമിത്രന്‍ പറയുന്ന ആദ്യത്തെ കഥ. അതിനു കാരണമുണ്ട്; പ്രത്യേകമായ പ്രസക്തിയും. കാമദഹനം നടന്ന സ്ഥലത്തുകൂടിയായിരുന്നു അവരുടെ യാത്ര. കഥയോടൊപ്പം സ്ഥലചരിത്രം നല്‍കുകയാണ് വിശ്വാമിത്രന്‍.

അവിടെ ഒരു ആശ്രമമുണ്ട്. പേര് കാമാശ്രമം എന്നാണ്. ശിവഭക്തരായ അനേകം മഹര്‍ഷിമാര്‍ അവിടെ തപസ്സില്‍ മുഴുകി കഴിയുന്നു. അവര്‍ക്കൊപ്പമാണ് അന്ന്അവര്‍ താമസിച്ചത്. കാമത്തെ ജയിച്ചുകൊണ്ടാവണം ജീവിതത്തില്‍ മുന്നേറേണ്ടത് എന്ന സൂചന നല്‍കുകയായിരുന്നു വിശ്വാമിത്രന്‍. അതു മനസ്സിലാക്കാന്‍ ബുദ്ധിശാലികളായ രാമലക്ഷ്മണന്മാര്‍ക്കു പ്രയാസമുണ്ടായിരുന്നില്ല. കാമവാസനകളെ നിയന്ത്രിക്കല്‍ അവര്‍ വ്രതമാക്കിയെടുത്തു. അടുത്ത വനയാത്രയില്‍, ശൂര്‍പ്പണഖയില്‍ നിന്നുണ്ടായ രാക്ഷസീയ കാമത്തെയും പ്രലോഭനങ്ങളേയും നിര്‍ദ്ദയം തള്ളിക്കളയാന്‍ അവര്‍ക്കു കഴിഞ്ഞത് അതുകൊണ്ടാണ്. അതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന ക്ലേശങ്ങള്‍ക്കു കണക്കില്ലായിരുന്നു. അതെല്ലാം സഹിച്ചു. ഒടുവില്‍ വിജയിക്കുകയും ചെയ്തുവല്ലോ.

കഥകളിലൂടെ പാഠങ്ങള്‍
കാമാശ്രമത്തില്‍ താമസിച്ചതിന്റെ വിവരങ്ങളുള്ളതു ബാലകാണ്ഡത്തിലെ ഇരുപത്തിമൂന്നാം സര്‍ഗ്ഗത്തിലാണ്. അതിലെ അവസാനശ്ലോകം വളരെ ശ്രദ്ധിക്കപ്പെടേണ്ടതും സുന്ദരവുമത്രെ.
കഥയാഭിരഭിരാമാഭി-
രഭിരാമൗ നൃപാത്മജൗ
രമയാമാസ ധര്‍മ്മാത്മാ
കൗശികോ മുനിപുംഗവ:

ആ രാത്രിയില്‍, സുന്ദരന്മാരായ രാജകുമാരന്മാര്‍ക്ക് സുന്ദരങ്ങളായ കഥകള്‍ രസകരമാംവിധം വിശ്വാമിത്രന്‍ പറഞ്ഞുകൊടുത്തു എന്നാണ് സാരം. പ്രഭാതത്തില്‍ രാമലക്ഷ്മണന്മാരെ വിളിച്ചുണര്‍ത്തുന്ന ”കൗസല്യാ സുപ്രജാരാമ” എന്ന വിഖ്യാതശ്ലോകമുള്ളതും ഈ സര്‍ഗ്ഗത്തിന്റെ തുടക്കത്തിലത്രെ. അതുകേവലം യാദൃച്ഛികമായി കാണാവുന്നതല്ല.

രാത്രിയില്‍ കുട്ടികളെ ഉത്തമകഥകള്‍ പറഞ്ഞു സ്‌നേഹത്തോടെ ഉറക്കുകയും, പുലരുമ്പോള്‍ കര്‍മ്മാനുഷ്ഠാനങ്ങളിലേക്കു സ്‌നേഹത്തോടെ വിളിച്ചുണര്‍ത്തുകയുമാണ് വിശ്വാമിത്രന്‍. ഒരു മാതൃകാ രക്ഷിതാവിനെ അദ്ദേഹത്തില്‍ കാണുന്നില്ലേ? കുട്ടികള്‍ക്കൊപ്പം നടന്നു കാണിക്കുകയുമാണ്. അദ്ദേഹം നാടിനെ, കാടിനെ, ജീവിതങ്ങളേയും. ഈ രീതി, ഓരോ രക്ഷിതാവിനേയും നെഞ്ചത്തു കൈവെച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു, നാം ഇങ്ങനെയാണോ?

അടുത്ത ദിവസം തോണിയില്‍ നദികടക്കവേ സവിശേഷമായ ഒരു ശബ്ദം രാമന്‍ ശ്രവിക്കുന്നു. അതേപ്പറ്റി ചോദിച്ചപ്പോള്‍ വിശ്വാമിത്രന്‍ വീണ്ടും കഥ പറയുകയായി. ഹിമാലയത്തിലെ മാനസസരസ്സില്‍ ഉത്ഭിച്ച് അയോദ്ധ്യയെ ചുറ്റിവരുന്ന ബ്രഹ്‌മപുത്രിയായ സരയൂ നദി ശിവപ്രിയയായ ഗംഗയുമായി ചേരുന്ന ഭാഗത്തുനിന്നാണു രാമാ ശബ്ദം കേള്‍ക്കുന്നത്. രണ്ടു സുന്ദരിമാര്‍ കണ്ടുമുട്ടിയപ്പോഴുള്ള സാഹ്ലാദകുശലങ്ങളാണ് കേള്‍ക്കുന്നതെന്ന്! എത്ര ഭാവാത്മകമായ കവിതയാണത്? അതിസൂക്ഷ്മമായ പ്രകൃതി നിരീക്ഷണവും ഭൂമിശാസ്ത്രപാഠവുമൊക്കെയല്ലേ വിശ്വാമിത്രന്‍ കുട്ടികള്‍ക്കു നല്‍കുന്നത്?

ചിട്ടപ്പെടുത്തിയ വിദ്യാഭ്യാസം
തോണിയില്‍ മറുകരയിലെത്തിയപ്പോള്‍ നിബിഡവനത്തിലെ വൃക്ഷങ്ങള്‍ പലതിന്റെയും പേരെടുത്തു പറഞ്ഞു രാമന്‍ ചോദിക്കുന്നുണ്ട്, ഈ സ്ഥലം ഏതാണെന്ന്. അപ്പോള്‍, വൃത്രാസുരനെ ദേവേന്ദ്രന്‍ വധിച്ച കഥ പറയുന്നു, വിശ്വാമിത്രന്‍. പിന്നെ താടകയുടെ കഥയായി; നാടു കാടായി മാറിയ കഥ. താടകയെ വധിച്ചു ഭയമൊഴിഞ്ഞ കാടിനെ നാടിന്റെ സമൃദ്ധിയിലേയ്ക്കു നയിക്കണമെന്നാണു വിശ്വാമിത്രന്‍ രാമനു നല്‍കുന്ന നിര്‍ദ്ദേശം.

താടകാവധം കഴിഞ്ഞു, രാമന്റെ കഴിവില്‍ വിശ്വാസവും അഭിമാനവും വന്നപ്പോഴാണ് വിശ്വാമിത്രന്‍ ദിവ്യങ്ങളായ അസ്ത്രങ്ങള്‍ ഉപദേശിക്കുന്നത്. ആദ്യദിവസത്തില്‍ മന്ത്രോപദേശം, രണ്ടാം ദിവസം കഥകളിലൂടെ ഉപദേശം, മൂന്നാം ദിവസത്തില്‍ അസ്ത്രപ്രയോഗ സാമര്‍ത്ഥ്യം പരീക്ഷിച്ചറിഞ്ഞപ്പോള്‍ അസ്‌ത്രോപദേശവും! എത്രമാത്രം ചിട്ടപ്പെടുത്തിയതാണ് വിശ്വാമിത്രന്റെ വിദ്യാഭ്യാസ പദ്ധതിയെന്നു നോക്കൂ.

തലേന്നു കാമമൊഴിഞ്ഞ വനത്തിലായിരുന്നു ഉറക്കമെങ്കില്‍ ഇന്നു ഭയമൊഴിഞ്ഞ താടകാവനത്തിലാണ് ശാന്തമായ ഉറക്കം. നിഷ്‌കാമിയും നിര്‍ഭയനുമാകുന്ന ഒരാള്‍ ദിവ്യമായ സിദ്ധികള്‍ക്ക് അര്‍ഹനായിത്തീരുന്നു എന്നുവേണം മനസ്സിലാക്കാന്‍. അടുത്ത ദിവസം അവര്‍ സിദ്ധാശ്രമത്തില്‍ എത്തുന്നതിലെ സൂചനയും മറ്റൊന്നല്ല.

വിശ്വാമിത്രന്‍ യാഗം നടത്തുന്ന സ്ഥലമാണ് സിദ്ധാശ്രമം. അതിനു പിന്നിലെ കഥയും അദ്ദേഹം പറയുന്നു. മഹാവിഷ്ണു വാമനനായി അവതരിച്ചു തപസ്സിലൂടെ സിദ്ധി നേടിയ സ്ഥലം. രണ്ടടികൊണ്ടു ലോകങ്ങളെല്ലാം അളന്ന വാമനന്‍ മഹാബലിയെ പവിത്രനാക്കിയ സ്ഥലം. അതിനാലാണ് ലോകരക്ഷയ്ക്കായി ഒരു യാഗം നടത്താന്‍ ഇവിടം തിരഞ്ഞെടുത്തതെന്നും അതു രാമനാല്‍ സംരക്ഷിക്കപ്പെടണമെന്നും വിശ്വാമിത്രന്‍ പറയുന്നു.

എഴുത്തച്ഛന്റെ പൈങ്കിളി
ആറുദിവസം നീണ്ടുനില്‍ക്കുന്നതായിരുന്നു യാഗം. ആ ദിവസങ്ങളില്‍ കഥകളില്ല. നിതാന്ത ജാഗ്രത മാത്രം. തടസ്സമുണ്ടാക്കുവാനെത്തിയ സുബാഹുവിനെ കൊന്നും മാരീചാദി രാക്ഷസരെ അകറ്റിയും യാഗരക്ഷ ചെയ്ത രാമലക്ഷ്മണന്മാരെ മുനി അഭിനന്ദിക്കുന്നു. ഇവിടെയാണ് അദ്ധ്യാത്മരാമായണത്തില്‍…

ഇരുന്നു മൂന്നു ദിനമോരോരോ പുരാണങ്ങള്‍
പറഞ്ഞു രസിപ്പിച്ചു കൗശികനവരുമായ്

എന്ന എഴുത്തച്ഛന്റെ വരികള്‍ നാം കാണുന്നത്. എന്തൊക്കെയാണു കഥകള്‍ എന്ന് അദ്ദേഹം പറയുന്നില്ല. ബാലകാണ്ഡത്തില്‍ വിശ്വാമിത്രന്‍ പറയുന്ന ഒരു കഥമാത്രമേ മലയാളിക്ക് എഴുത്തച്ഛന്‍ സമ്മാനിക്കുന്നുള്ളൂ. അതു ദേവേന്ദ്രനും അഹല്യയും തമ്മിലുള്ള രഹസ്യബന്ധത്തിന്റെ ‘പൈങ്കിളിക്കഥ’യാണെന്നത് ആരെയും അത്ഭുതപ്പെടുത്തേണ്ടതല്ലേ? ചിന്തിപ്പിക്കേണ്ടതല്ലേ? ആദ്യവസാനം എഴുത്തച്ഛനും വായനക്കാരും ഭക്തിലഹരിയിലാണ്. നടുക്കു പക്ഷെ, രസികനൊരു ‘കാമമോഹിത’ കഥയും! മലയാളിയുടെ മനസ്സ് ഇപ്പോള്‍ അതില്‍ മാത്രം ആഴ്ന്നുപോകുന്നുവോ?

വാല്മീകി രാമായണത്തിലെ വിശ്വാമിത്രന്‍ യാഗരക്ഷ കഴിഞ്ഞതിന്റെ അടുത്ത ദിവസം തന്നെ രാമലക്ഷ്മണന്മാരെയും കൂട്ടി മിഥിലയിലേയ്ക്ക് പുറപ്പെടുകയാണ്. വഴിയിലുടനീളം അവര്‍ക്കു കഥകള്‍ പറഞ്ഞു കൊടുക്കുന്നുണ്ട് അദ്ദേഹം. ഉമാമഹേശ്വരന്മാരുടെ കഥ, സുബ്രഹ്‌മണ്യന്റെ ജനനകഥ, രാമന്റെ തന്നെ പൂര്‍വ്വികനായ സഗരന്റെ യജ്ഞകഥ, ഭഗീരഥന്‍ കൊടും തപസ്സിലൂടെ ഗംഗയെ കൊണ്ടുവന്ന കഥ, പാലാഴി മഥനകഥ എന്നിവയെല്ലാം പറഞ്ഞതില്‍ പിന്നെയാണ് അവര്‍ ഗൗതമാശ്രമത്തില്‍ എത്തുന്നത്. അപ്പോള്‍ മാത്രമാണ് അഹല്യയുടെ കഥയും രാമനെ ധരിപ്പിക്കുന്നത്.

സ്വഭാവമേന്മ വളര്‍ത്തല്‍
ഇവയില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന കഥ, ഭഗീരഥന്‍ കൊടും തപസ്സിലൂടെ, അനേകം തടസ്സങ്ങള്‍ തരണം ചെയ്തു, ദേവഗംഗയെ ഭൂമിയിലേക്കു കൊണ്ടുവന്നതാണ്. പിതൃക്കള്‍ക്കു മോക്ഷം ലഭിക്കാന്‍ വേണ്ടിയുള്ള ഭഗീരഥന്റെ ക്ലേശസഹനം രാമന്‍ സ്വന്തം മനസ്സിലേക്ക് ഏറ്റുവാങ്ങുക തന്നെ ചെയ്തു. ആ കഥയാണു പിതാവായ ദശരഥന്റെ സത്യം പാലിക്കാന്‍ പതിന്നാലു വര്‍ഷത്തെ വനവാസം സസന്തോഷം സ്വീകരിക്കുന്നതിനു രാമനെ സജ്ജനാക്കിയത്.

രാമന്റെ നിശ്ചയദാര്‍ഢ്യം അചഞ്ചലമായിരുന്നു. ഏതെങ്കിലും ഒരു ബന്ധുവില്‍ നിന്നുള്ള സ്‌നേഹാര്‍ദ്രമായ അപേക്ഷകള്‍ക്കോ, കോപതാപ കലുഷമായ പ്രതികരണങ്ങള്‍ക്കോ രാമനെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. എതിര്‍ത്തുവന്ന ഒരു ശത്രുവിനും തിളച്ചുപൊന്തിയ സങ്കടങ്ങള്‍ക്കും അതു സാധ്യമായില്ല. പിതാവിനോടുള്ള കടം വീട്ടി, പിതാവിനു സ്വര്‍ഗ്ഗപ്രാപ്തി അഥവാ ആത്മശാന്തി കൈവരുത്തുകയായിരുന്നു രാമന്‍. വിശ്വാമിത്രഗുരു പറഞ്ഞുകൊടുത്ത ഭഗീരഥ കഥ അതിനു രാമനെ ശക്തനാക്കി.

മിഥിലയിലെത്തിയപ്പോള്‍ അവിടത്തെ പുരോഹിതനായ ശതാനന്ദ മഹര്‍ഷിയാണു കുറേ കഥകള്‍ പറഞ്ഞുകൊടുക്കുന്നത് പതിനഞ്ചുസര്‍ഗ്ഗങ്ങളില്‍. ബ്രഹ്‌മര്‍ഷിയാകാന്‍ പ്രതിജ്ഞയെടുത്ത വിശ്വാമിത്രന്‍ അനുഷ്ഠിച്ച ത്യാഗങ്ങളുടേയും തപസ്സിന്റെയും കഥകളായിരുന്നു അവ. വിശ്വാമിത്രന്‍ ആദ്യം ചെയ്തതു രാജ്യവും രാജകീയ സുഖങ്ങളും ത്യജിക്കുകയായിരുന്നുവല്ലോ. അതുപോലെ രാമനും പിന്നീടു രാജ്യം ഉപേക്ഷിക്കുകയുണ്ടായി. വനത്തില്‍ കണ്ടുമുട്ടിയ ഋഷിമാരോടും രാക്ഷസാദികളോടുമെല്ലാം ഞങ്ങള്‍ താതനിയോഗത്താല്‍ ഇവിടെ തപസ്സിനു വന്നു എന്നാണ് പറയുന്നത്.

വിശ്വാമിത്രന്റേതുപോലെ, തപസ്സിനു വിഘ്‌നം വരുമ്പോള്‍ ആ സ്ഥലം ഉപേക്ഷിച്ച് വേറൊരിടത്തുപോയി തപസ്സു തുടരുന്നതും രാമന്റെ രീതിയാണെന്നു കാണാം. ചിത്രകൂടം വെടിഞ്ഞു പഞ്ചവടിയിലേക്കും അവിടെ നിന്നു കിഷ്‌കിന്ധയിലേക്കും പോയശേഷം ലങ്കയിലെത്തി രാവണവധം കഴിഞ്ഞാണു രാമന്‍ അയോദ്ധ്യയില്‍ തിരിച്ചെത്തുന്നത്. ഇതൊക്കെ മറ്റു കാണ്ഡങ്ങളില്‍ വരുന്ന കാര്യങ്ങളാണ്. എങ്കിലും ബാലകാണ്ഡത്തില്‍ കഥകളിലൂടെ വിശ്വാമിത്രന്‍ നല്‍കിയ വിദ്യാഭ്യാസത്തിന്റെ പങ്ക് എവിടെയും തെളിഞ്ഞു കാണാം.

ഉദാത്തമായ ഗുരുപൂജ
മിഥിലയിലെത്തിയതിന്റെ അടുത്ത ദിവസമാണ് ശൈവചാപം കാണലും ഒടിക്കലുമെല്ലാം. പിന്നെ വിശ്വാമിത്രനും ജനകനും ചേര്‍ന്ന്അയോദ്ധ്യയിലേക്കു ദൂതരെ അയച്ചു ദശരഥനെ വരുത്തിയാണ് കുലാചാരപ്രകാരം നാലുസഹോദരന്മാരുടേയും വിവാഹം നടത്തുന്നത്. അപ്പോള്‍ ജനകമഹാരാജാവ് വസിഷ്ഠനേയും വിശ്വാമിത്രനേയും തുല്യപ്രാധാന്യത്തോടെ രാജസിംഹാസനങ്ങളിലിരുത്തി ആദരിക്കുന്ന ഒരു രംഗം വാല്മീകി രാമായണത്തിലുണ്ട്. അത്യുദാത്തമായ ഗുരുപൂജയായി അതിനെ കാണണം. വിവാഹപ്പിറ്റേന്നു തന്നെ വിശ്വാമിത്രന്‍ എല്ലാവരേയും അനുഗ്രഹിച്ചു, തന്റെ ദൗത്യം നിര്‍വ്വഹിച്ച കൃതാര്‍ത്ഥതയോടെ വീണ്ടും തീവ്ര തപസ്സിനായി ഹിമാലയത്തിലേയ്ക്ക് പോവുകയാണ്.

വാസ്തവത്തില്‍ വിവാഹപൂര്‍വ്വ ഉപദേശങ്ങള്‍ നല്‍കി രാമലക്ഷ്മണന്മാരെ മാനസികക്ഷമതയും കായികക്ഷമതയും ബുദ്ധിവൈഭവവും തികഞ്ഞവരാക്കുകയായിരുന്നില്ലേ വിശ്വാമിത്രന്‍? തീവ്രവും ശക്തവും ഉന്നതവുമായ ഒരു മാതൃകാവിദ്യാഭ്യാസരീതിയാണ് വിശ്വാമിത്രന്റേത് എന്നും പറയേണ്ടിയിരിക്കുന്നു. ഗുരു പറഞ്ഞു കൊടുത്ത കഥകളില്‍ നിന്നു കാര്യങ്ങള്‍ ഗ്രഹിച്ചും, ഗുരുവിന്റെ ജീവിതത്തില്‍ നിന്നു വിവേകപൂര്‍വ്വം വേണ്ടതു മാതൃകയാക്കിയുമാണ് ശിഷ്യര്‍ വിജയം നേടുന്നത്.

 

Share1TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

സാവര്‍ക്കറുടെ വിപ്ലവ ആശയങ്ങള്‍

പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പാര്‍ട്ടി

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

മതം കെടുത്തുന്ന ലോകസമാധാനം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വായനാദിനാചരണം നടത്തി

നൈജീരിയയിലെ ക്രിസ്ത്യൻ കൂട്ടക്കൊല: ജിഹാദി ആക്രമണത്തെ അപലപിച്ച് മാര്‍പാപ്പാ

കേന്ദ്ര ബാലസാഹിത്യപുരസ്‌കാരം ശ്രീജിത്ത് മൂത്തേടത്തിന് 

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies