രേഖീയമായ സംസ്‌കാരധാരയുടെ സര്‍ഗ്ഗ സാക്ഷ്യമായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്ന വാസുദേവന്‍ നമ്പൂതിരി. രേഖകളുടെ അനന്ത സാദ്ധ്യത അറിയാനും ആരായാനും മെരുക്കിയെടുക്കാനുമുള്ള നിയോഗത്തിലായിരുന്നു നമ്പൂതിരിയുടെ പ്രതിഭാ പ്രവര്‍ത്തനം. വരി വരയായും വര വരിയായും വിരിയുന്ന ആ വരവര്‍ണ്ണ സഞ്ചയത്തിലെ കറുപ്പും വെളുപ്പും ചേര്‍ന്ന വിസ്മയ രേഖകള്‍ കേരളീയ സംസ്‌കൃതിപ്പച്ചയുടെ ലാവണ്യപൂര്‍ണ്ണിമയായി. രേഖകളെ താളവും താളത്തെ അതീതവുമാക്കുന്ന ആ കലാവിദ്യയുടെ രേഖായനവും വര്‍ണ്ണപ്പൊലിമകളും ശില്പചാതുരിയും അനശ്വരതയിലേക്ക് നീളുന്നു.
പ്രസാദമാധുര്യവും ലാളിത്യഭംഗിയുമാണ് നമ്പൂതിരി ചിത്രത്തിന്റെ മുഖമുദ്ര. സുന്ദരികളുടെയും സുന്ദരന്മാരുടെയും ആ ലോകം കാലഘട്ടത്തിന്റെ അവലോകനവും ആഖ്യാനവുമായി വളരുകയായിരുന്നു. സ്ത്രീത്വത്തിന്റെ ഉടലല്ല ഉടലാണ്ട സ്ത്രീത്വമാണ് നമ്പൂതിരിയുടെ ‘സ്ത്രീ കല’. ലൈംഗികതയുടെ അതിസ്പര്‍ശം ‘നമ്പൂതിരി സ്ത്രീ’യില്‍ ആരോപിക്കുന്നവരും അതിസുന്ദരിയെ കണ്ടാല്‍ മനസ്സില്‍ മന്ത്രിക്കും – ‘ഒരു നമ്പൂതിരിച്ചിത്രം പോലെ എന്ന്.’ ”സൂക്ഷ്മാംശങ്ങളിലെ ശ്രദ്ധയും നിരീക്ഷണവും ശൈലീകരണത്തിലൂടെ ആവിഷ്‌ക്കരിക്കുമ്പോള്‍ എന്റെ സ്ത്രീ ചിത്രങ്ങള്‍ സ്ത്രീത്വത്തിന്റെ മാദക ഭംഗി അനാവരണം ചെയ്യുന്നുണ്ടാവാം. ലൈംഗികത അത് കാണുന്നവന്റെ കണ്ണിലാണ്” എന്ന് ചിത്രകാരന്‍ പറയുന്നു. മാംസളമായ സ്ത്രീ ശരീരത്തിന്റെ കനല്‍ക്കണ്ണും നടന്നിടം കുഴിക്കുന്ന പൃഥുനിതംബവും ഭോഗേച്ഛ തുടിക്കുന്ന ചുഴലികളും മലരികളും ശൃംഗാര സമൃദ്ധമായ വൈകാരിക ചിഹ്നങ്ങളുമായി മേളക്കൊഴുപ്പാര്‍ന്ന നേത്രോത്സവമാണ് നമ്പൂതിരിയുടെ അംഗന.
അടിസ്ഥാനപരമായി നമ്പൂതിരി കാരിക്കച്ചറിസ്റ്റാണ്. ‘നാണിയമ്മയും ലോകവും’ വരച്ച കാര്‍ട്ടൂണിസ്റ്റിന്റെ നര്‍മ്മതലം ഏത് നമ്പൂതിരിച്ചിത്രങ്ങളിലുംകടന്നുവരുന്നു. ‘വരയുടെ പരമശിവന്‍’ എന്നാണ് നമ്പൂതിരിയെ വി.കെ.എന്‍. വിശേഷിപ്പിക്കുക. ആക്ഷേപഹാസ്യത്തിലും നര്‍മ്മോപഹാസങ്ങളിലും ചിത്രകാരന്‍ വി.കെ.എന്നിനോട് കിടപിടിക്കുന്നതായി കാണാം. ഒഎന്‍വിയുടെ ‘സ്വയംസവരം’ മാരാരുടെ ‘ഭാരതപര്യടനം’ ‘കുഞ്ഞുണ്ണിക്കവിതകള്‍’ എന്നിവയുടെ ചിത്രണം ശൈലീവൈവിധ്യത്തിന്റെ മാറ്റേറിയ മുഖങ്ങളാണ്. ‘സമ്പൂര്‍ണ്ണ രാമായണം’ ക്യാന്‍വാസിലെ വരവര്‍ണ്ണങ്ങളായി രചിക്കുമ്പോഴും കഥകളിയുടെ രാജകലാവേദികള്‍ ചിത്രീകരിക്കുമ്പോഴും നമ്പൂതിരി ക്ലാസിക് വിഭൂതി പകരുന്നു. കഥയും നോവലും കവിതയും നമ്പൂതിരിച്ചിത്രത്തിന്റെ വെളിച്ചത്തില്‍ വായിച്ചത് മലയാളിയുടെ ഗൃഹാതുരത്വ സങ്കല്പത്തിന്റെ വസന്തരേഖകളാണ്. നമ്പൂതിരിയുടെ രാജശില്പമായ ‘രണ്ടാമൂഴ’ രചനകള്‍ ‘ക്ലാസിക് ടച്ചി’ല്‍ ഐതിഹാസികാനുഭൂതി പകരുന്നു. എം.ടി പറയുന്നു – ”രണ്ടാമൂഴം സാധാരണ മനുഷ്യന്റെ കഥയായിരിക്കാം. എന്നാല്‍ ഭീമനെ ഭീമന്‍ നായരായോ കൃഷ്ണനെ കൃഷ്ണന്‍ നായരായോ ചിത്രീകരിച്ചാല്‍ ഇതിഹാസ പാത്രത്തോട് കാട്ടുന്ന അനീതിയാവും ഫലം.” അതുകൊണ്ടുതന്നെ നമ്പൂതിരി പല്ലവ-ചോള ശില്പ മാതൃകകളില്‍ രൂപത്തെ ഐതിഹാസിക തലത്തില്‍ ശൈലീകരിക്കുകയായിരുന്നു. ‘ഉത്തരായണ’ത്തിലും ‘കാഞ്ചനസീത’യിലും കലാസംവിധായകനായിരുന്നു നമ്പൂതിരി.
കെ.സി.എസ്. പണിക്കരും റോയ് ചൗധരിയും സെസാനും വാന്‍ഗോഗും ഗോഗിനും നമ്പൂതിരിക്ക് ആരാധ്യരായ ഗുരുജനങ്ങളാണ്. അടുത്ത ജന്മം ഒരു സംഗീതജ്ഞനാവണമെന്നായിരുന്നു നമ്പൂതിരിയുടെ പ്രാര്‍ത്ഥന. ലയാത്മകമായ ആ വരകള്‍ സംഗീതം തന്നെയാണ്. മനുഷ്യസ്‌നേഹത്തിന്റെ ഒരു നനുത്ത സ്പര്‍ശം നമ്പൂതിരിയുടെ ഓരോ രേഖയ്ക്കും അദൃശ്യമായ ഒരു സമാന്തര രേഖ കോറിയിടുന്നു. മാനവികതയുടെ അടിവരയാണ് നമ്പൂതിരിയുടെ രേഖ. സമസ്ത പ്രകൃതിയുടെ മന്ദാരങ്ങളെയും രേഖാവര്‍ണ്ണങ്ങളില്‍ സമന്വയിച്ച നമ്പൂതിരിയുടെ പ്രതിഭാപ്രകാശത്തിനു മുന്നില്‍ പ്രണാമം.