കൊണാര്‍ക്ക് എന്ന സ്ഥലനാമം സൂര്യന്റെ അര്‍ക്കന്‍ എന്ന പര്യായ ശബ്ദത്തില്‍ നിന്നും ഉരുത്തിരിഞ്ഞു എന്നാണ് പൊതു വിശ്വാസം. സൂര്യക്ഷേത്രത്തിന്റെ നിര്‍മ്മാണ കാലഘട്ടമായി കണക്കാക്കിയിരിക്കുന്നത് പതിമൂന്നാം നൂറ്റാണ്ടാണ്. എ.ഡി. 1250 ല്‍ ഗംഗ രാജ വംശത്തില്‍ പെട്ട നരസിംഹദേവന്‍ ഒന്നാമന്റെ കാലഘട്ടത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചത്. മൂന്നിനം കല്ലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന സൂര്യക്ഷേത്രത്തിന്റെ ഉയരം മുപ്പത് മീറ്ററാണ്. കലിംഗശില്‍പ്പ ശൈലിക്ക് മകുടോദാഹരണമാണ് ഇതിന്റെ നിര്‍മ്മിതി. സൂര്യരഥത്തിന്റെ രൂപത്തിലാണ് ക്ഷേത്രം ഉണ്ടാക്കിയിരിക്കുന്നത്. ക്ഷേത്രത്തിനു ചുറ്റുമുള്ള പന്ത്രണ്ട് ജോഡി ചക്രങ്ങള്‍ പന്ത്രണ്ട് മാസങ്ങളെ സൂചിപ്പിക്കുന്നു. ഇതില്‍ ശുക്ലപക്ഷവും കൃഷ്ണപക്ഷവും സൂചിതമാണ്. 24 മണിക്കൂറിനേയും രഥചക്രങ്ങള്‍ പ്രതീകവല്‍ക്കരിക്കുന്നുണ്ട്. എട്ട് ആരക്കാലുകള്‍ ഉള്ള ഓരോ ചക്രത്തിനും 3.7 മീറ്ററാണ് ഉയരം. പുരാതന ഭാരതത്തിന്റെ കാലഗണനയുടെയും സമയനിര്‍ണ്ണയത്തിന്റേയും ഉദാഹരണമാണ് കൊണാര്‍ക്ക് സൂര്യക്ഷേത്രം. സൂര്യപ്രകാശത്തിലുള്ള സപ്തവര്‍ണ്ണങ്ങളുടെ പ്രതീകം പോലെ ഏഴുകുതിരകളെ പൂട്ടിയ കരിങ്കല്‍ രഥമായിരുന്നു ശില്പികള്‍ നിര്‍മ്മിച്ചതെങ്കിലും അവയൊക്കെ തകര്‍ക്കപ്പെട്ടു പോയിരിക്കുന്നു. പന്ത്രണ്ടായിരം പണിക്കാര്‍ പന്ത്രണ്ടുവര്‍ഷം കൊണ്ട് നിര്‍മ്മിച്ചു എന്നു കരുതുന്ന സൂര്യക്ഷേത്രത്തിന്റെ നിര്‍മ്മാണച്ചിലവ് രാജ്യത്തെ പന്ത്രണ്ടു വര്‍ഷത്തെ വരുമാനമാണ്.
ഇപ്പോള്‍ കാണുന്ന ജഗന്‍ മോഹന മന്ദിരത്തിനു പിന്നിലായിട്ടാണ് പടുകൂറ്റന്‍ സൂര്യക്ഷേത്രമുണ്ടായിരുന്നത്. ഇപ്പോള്‍ കൊണാര്‍ക്ക് സൂര്യക്ഷേത്രം എന്ന് വിളിക്കപ്പെടുന്ന നിര്‍മ്മിതി സൂര്യക്ഷേത്രത്തിന്റെ തകരാതെ നില്‍ക്കുന്ന ഒരു ഭാഗം മാത്രമാണ്. നിലവിലുള്ള ശ്രീകോവിലിന്റെ മുന്നില്‍ വളരെ ഉയരത്തില്‍ പടുത്തുയര്‍ത്തിയിരിക്കുന്ന നട മന്ദിര്‍ എന്ന പേരിലുള്ള നൃത്ത മണ്ഡപമാണ് സഞ്ചാരികളുടെ ദൃഷ്ടിയില്‍ ആദ്യം പതിയുക. ശ്രീകോവിലിനും നട മണ്ഡപത്തിനും ഇടയിലായിരുന്നത്രെ അരുണ സ്തംഭം നിലനിന്നിരുന്നത്. 1837 ല്‍ പ്രധാന ശ്രീകോവില്‍ വീണു പോയി. ഇപ്പോള്‍ അവശേഷിക്കുന്നത് നടമണ്ഡപവും ഭോഗ മണ്ഡപവും മാത്രമാണ്. ഭോഗ മണ്ഡപത്തെയാണ് ഇപ്പോള്‍ ശ്രീകോവിലായി കണക്കാക്കിപ്പോരുന്നത്. സൂര്യന്റെ ആദ്യകിരണങ്ങള്‍ ശ്രീകോവിലില്‍ പതിക്കും വിധമായിരുന്നു നിര്‍മ്മിതി. ക്ഷേത്രത്തിനു ചുറ്റുമുള്ള കൊത്തുപണികളില്‍ നാഗ അപ്‌സര സുന്ദരികളുടെ ശില്‍പ്പങ്ങള്‍ക്കൊപ്പമുള്ള രതി ശില്‍പ്പങ്ങളുടെ ആധിക്യം ശ്രദ്ധേയമാണ്. കാമസൂത്രം അതേപടി പകര്‍ത്തി വച്ചതു പോലുണ്ട് പല ശില്‍പ്പങ്ങളും. കാഴ്ചക്കാരുടെ ശ്രദ്ധയെത്താത്ത ക്ഷേത്ര മകുടത്തില്‍ പോലും രതി ശില്‍പ്പങ്ങളുടെ സാന്നിദ്ധ്യം ക്യാമറയുടെ ടെലി ലെന്‍സിലൂടെ എനിക്ക് കാണാന്‍ കഴിഞ്ഞു. വാമാചാര തന്ത്രത്തിന്റെ സ്വാധീനം കൊണ്ടാണ് ഇത്രയേറെ രതി ശില്‍പ്പങ്ങള്‍ ക്ഷേത്ര ചുവരുകളില്‍ വരാന്‍ കാരണമെന്നാണ് ചിലരുടെ അഭിപ്രായം. കപില സംഹിത, ഭവിഷ്യ പുരാണം, സാംബപുരാണം, ബ്രഹ്‌മപുരാണം, സ്‌കന്ദപുരാണം എന്നിവയിലൊക്കെ സൂര്യ ക്ഷേത്രത്തെ സംബന്ധിച്ച പരാമര്‍ശമുണ്ട്. കുഷ്ഠരോഗ ബാധിതനായ ശ്രീകൃഷ്ണപുത്രന്‍ സാംബന്‍ പന്ത്രണ്ട് വര്‍ഷം ഇവിടെ തപസ്സു ചെയ്തിട്ടാണത്രെ രോഗം മാറിയത്. പുണ്യസ്ഥലങ്ങളിലൊന്നായി കണ്ട് ഇന്നും ഹിന്ദുക്കള്‍ ചന്ദ്ര ഭാഗ മേളയ്ക്കായി ഇവിടെ ഒത്തുചേരുന്നു. സാധാരണ ഫെബ്രുവരി മാസത്തിലാണ് ചന്ദ്ര ഭാഗ മേള ആഘോഷിക്കപ്പെടുന്നത്.ട
തകര്‍ന്നടിഞ്ഞ ശിലാരഥം
സൂര്യക്ഷേത്രം എങ്ങനെ തകര്‍ന്നു എന്നതിനെ ചൊല്ലി ചരിത്രകാരന്മാര്‍ വിഭിന്ന അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭാരതത്തിലെ മഹാക്ഷേത്രങ്ങള്‍ പലതും തകര്‍ക്കപ്പെട്ടത് ഇസ്ലാമിക അധിനിവേശ കാലത്താണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടു തന്നെ എ.ഡി. 15-17 നൂറ്റാണ്ടുകളില്‍ ഈ പ്രദേശത്തുണ്ടായ മുസ്ലീം പടയോട്ടങ്ങളിലാവാം ക്ഷേത്രം തകര്‍ക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. 1984 ല്‍ യുനെസ്‌കോ കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തെ ലോക പൈതൃകങ്ങളുടെ പട്ടികയില്‍ പെടുത്തി. യൂറോപ്യന്‍ സഞ്ചാരികള്‍ സൂര്യ ക്ഷേത്രത്തെ ബ്ലാക്ക് പഗോഡ എന്നും പുരിജഗന്നാഥ ക്ഷേത്രത്തെ വൈറ്റ് പഗോഡ എന്നുമാണ് വിളിച്ചു പോരുന്നത്. സൂര്യ ക്ഷേത്രത്തിന്റെ പണി ഒരിക്കലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നും ഒരു വാദമുണ്ട്. കുംഭ ഗോപുരത്തില്‍ താഴികക്കുടം സ്ഥാപിക്കുമ്പോള്‍ അത് തകര്‍ന്നുവീണുവെന്നും ആ ദുര്‍നിമിത്തത്തിന്റെ പശ്ചാത്തലത്തില്‍ ദീര്‍ഘകാലം പണി മുടങ്ങിക്കിടന്നു എന്നും പറയപ്പെടുന്നു. എന്തായാലും ദീര്‍ഘകാലമായി ആരാധനകളൊന്നുമില്ലാതെ സമുദ്രതീരത്ത് മണല്‍ മൂടി നാശോന്മുഖമായി കിടന്ന ഈ ശിലാ കാവ്യത്തിന്റെ പുരാവസ്തു മൂല്യം തിരിച്ചറിഞ്ഞതും അത് സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതും 1806-1883 കാലത്ത് മറൈന്‍ ബോര്‍ഡ് ഓഫ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ്. സൂര്യക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ നിരവധി ഉപദേവതാ മന്ദിരങ്ങള്‍ പില്‍ക്കാലത്ത് കണ്ടെത്തുകയുണ്ടായിട്ടുണ്ട്. ഇവയൊക്കെ പല കാലത്ത് നിര്‍മ്മിക്കപ്പെട്ടവയാകാം. 1900- 1910 കാലത്താണ് മായാദേവി മന്ദിര്‍ മണല്‍ മൂടിയ നിലയില്‍ കണ്ടെത്തിയത്. 16-ാം നൂറ്റാണ്ടില്‍ അബുല്‍ ഫസല്‍ രചിച്ച അയ്‌നി അക്ബറിയില്‍ ഐശ്വര്യ സമ്പന്നമായിരുന്ന മായാദേവി ക്ഷേത്രത്തെക്കുറിച്ചുള്ള വിവരണമുണ്ട്. ഒരുപക്ഷെ ഇത് പില്‍ക്കാലത്ത് നിര്‍മ്മിക്കപ്പെട്ട ഉപദേവാലയമാകാം. എന്തായാലും ഇരുനൂറ് വര്‍ഷം കഴിഞ്ഞ് മറാത്തകള്‍ ഈ ക്ഷേത്രസമുച്ചയത്തെ തകര്‍ന്നടിഞ്ഞ് കാടുമൂടിയ നിലയിലാണ് കണ്ടെത്തുന്നത്. പതിനഞ്ച്, പതിനേഴ് നൂറ്റാണ്ടുകളില്‍ ഉണ്ടായ മുസ്ലീം പടയോട്ടത്തില്‍ ക്ഷേത്രം കൊള്ളയടിക്കപ്പെട്ടതായും ചില സൂചനകളുണ്ട്. 1956 ല്‍ നടന്ന ഉദ്ഖനനത്തിലാണ് വൈഷ്ണവമന്ദിര്‍ കണ്ടെത്തിയത്. സൂര്യദേവന്റെ ധര്‍മ്മപത്‌നിയായി കരുതുന്ന ഛായാദേവി മന്ദിര്‍ ചുടുകട്ടകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.
വെയില്‍ ഉറച്ചു തുടങ്ങി. സൂര്യക്ഷേത്രത്തിന്റെ നിരവധി ചിത്രങ്ങള്‍ പകര്‍ത്തിക്കഴിഞ്ഞു. ക്ഷേത്രപരിസരത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന മുതുമുത്തച്ഛന്മാരായ മാവുകള്‍ അവരുടെ തണലില്‍ ഇളവേല്‍ക്കാന്‍ ഞങ്ങളെ വിളിക്കുന്നതു പോലെ തോന്നി. അല്‍പ്പസമയം ആ തണലില്‍ വിശ്രമിച്ചപ്പോഴേയ്ക്കും സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിച്ചിരുന്നു. ചരിത്രകൗതുകംകൊണ്ടെത്തുന്നവരും നേരംപോക്കിനെത്തുന്നവരും ഹണിമൂണ്‍ ട്രിപ്പായി വരുന്നവരുമെല്ലാം സൂര്യ ക്ഷേത്രമെന്ന അല്‍ഭുതത്തെ കോരിക്കുടിച്ച് പൊയ്‌ക്കൊണ്ടിരുന്നു. ചരിത്രത്തിന്റെ പ്രവാഹം പോലെ കാഴ്ചക്കാരുടെ പ്രവാഹവും തുടര്‍ന്നുകൊണ്ടിരുന്നു. വിശപ്പ്, പ്രഭാത ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഓര്‍മ്മിപ്പിച്ച് തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ക്ഷേത്ര പരിസരത്തു നിന്ന് പുറത്തു കടന്നു. പാതയോരത്ത് കണ്ട ഇടത്തരം ഹോട്ടലില്‍ നിന്നും പൂരി കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്റെ ഫോണ്‍ അടിച്ചു തുടങ്ങി. പൊന്‍കുന്നം കെ.വി.എം.എസ് ഹോസ്പിറ്റലിന്റേയും കുരുക്ഷേത്ര പബ്ലിക്കേഷന്റെയും ഒക്കെ ചുമതല വഹിക്കുന്ന രാധാകൃഷ്ണന്‍ജിയാണ് വിളിക്കുന്നത്. ഫോണെടുത്തതും ഞാന്‍ എവിടെയാണെന്ന് ചോദിച്ചു. ഞാന്‍ കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിന്റെ മുന്നില്‍ നില്‍ക്കുന്നു എന്നു പറഞ്ഞപ്പോള്‍ മറുതലയ്ക്കല്‍ ഒരു വേള നിശബ്ദത പടരുന്നത് ഞാന്‍ ശ്രദ്ധിച്ചു. മെല്ലെ രാധാകൃഷ്ണന്‍ജി വിളിച്ച കാര്യം വെളിപ്പെടുത്തി. എന്റെ കൊച്ചമ്മയുടെ മകള്‍ അമ്പിളി അല്‍പ്പം മുമ്പ് സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചിരിക്കുന്നു. കെ.വി.എം.എസ്.ഹോസ്പിറ്റലില്‍ ഞാന്‍ പറഞ്ഞതനുസരിച്ചായിരുന്നു അവള്‍ക്ക് ജോലി നല്‍കിയത്. ഹോസ്പിറ്റലിലേയ്ക്ക് പോകുംവഴി ലോറി തട്ടിയതാണ്. ഞങ്ങളുടെ തലമുറയില്‍ പെട്ട ഏറ്റവും ഇളയ കുട്ടിയായിരുന്നു അവള്‍. ഓര്‍മ്മകളുടെ നിരവധി നിഴല്‍ച്ചിത്രങ്ങള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി. അവസാനമായി ഒരു നോക്കു കാണാന്‍ പോലുമാകാത്തത്ര ദൂരത്തിലായിപ്പോയല്ലോ ഞാന്‍ എന്ന ദു:ഖം ബാക്കിയായി. വെളുപ്പിന് എനിക്കുണ്ടായ അപായസൂചന ഇത്തരമൊരു ദുരന്ത വാര്‍ത്തയുടെ നിമിത്തമായിരുന്നെന്ന് അപ്പോള്‍ എനിക്ക് ബോധ്യമായി. കാലപ്രവാഹത്തിന്റെ പ്രതീകമായ സൂര്യരഥത്തിനു മുന്നില്‍ വച്ച് എന്റെ ജീവിതത്തിലെ ഒരില അടര്‍ന്ന് അജ്ഞാതത്തിലേയ്ക്ക് ഒഴുകിപ്പോകുന്നതായി എനിക്ക് തോന്നി.
ഗോവര്‍ദ്ധന മഠത്തിലേയ്ക്ക്
ഉച്ചകഴിഞ്ഞ് ഞങ്ങള്‍ വീണ്ടും പുരിയിലെത്തി. ജഗന്നാഥപുരി കാശി പോലെ പവിത്രമായ നഗരിയായി കണക്കാക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഇത് ചതുര്‍ധാമങ്ങളിലൊന്നാണ്. ഈശ്വരചൈതന്യം പ്രപഞ്ചാരംഭം മുതല്‍ നൈസര്‍ഗ്ഗികമായി കുടിയിരിക്കുന്ന സ്ഥലത്തെയാണ് ധാമം എന്ന് കണക്കാക്കുന്നത്. ഭാരതത്തില്‍ അത് രാമേശ്വരം, പുരി, ദ്വാരക, ബദരി എന്നീ പവിത്ര കേന്ദ്രങ്ങളാണ്. അതില്‍ പുരിയുടെ പ്രാധാന്യം ശങ്കരാചാര്യരാല്‍ സ്ഥാപിതമായ നാലു മഠങ്ങളില്‍ ഒന്ന് ഇവിടെയാണ് എന്നുള്ളതാണ്. ഇതു കൂടാതെ ഭാരതത്തിലെ അമ്പത്തൊന്നു ശക്തിപീഠങ്ങളില്‍ ഒന്നു സ്ഥിതി ചെയ്യുന്നതും പുരിയിലാണ്. ഭാരതത്തിന്റെ സാംസ്‌ക്കാരിക ഏകതയ്ക്കു വേണ്ടി ശങ്കരന്‍ സ്ഥാപിച്ച നാലുമഠങ്ങള്‍ വൈദിക ധര്‍മ്മത്തിന്റെ പരിരക്ഷണവും പ്രസരണവും ലക്ഷ്യം വച്ചിരുന്നു. പുരിയില്‍ സ്ഥാപിതമായ ഗോവര്‍ദ്ധനപീഠം ഋഗ്വേദത്തിന്റെ പഠനവും വ്യാപനവുമാണ് ലക്ഷ്യം വയ്ക്കുന്നത്. പ്രജ്ഞാനം ബ്രഹ്‌മ എന്നതാണ് ഈ മഠത്തിന്റെ മഹാവാക്യം. ശ്രീശങ്കരന്റെ നാട്ടില്‍ നിന്നും വന്നിട്ട് അദ്ദേഹം സ്ഥാപിച്ച മഠം കാണാതെ പോകാന്‍ പാടില്ലല്ലോ. പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ തെക്കുവശത്തുകൂടി നീണ്ടുപോകുന്ന ഇടുങ്ങിയ വഴികളിലൂടെ ഞങ്ങള്‍ കാല്‍നടയായി യാത്ര തിരിച്ചു. ജഗന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഏതാണ്ട് ഒന്നര കിലോമീറ്റര്‍ യാത്ര ചെയ്തപ്പോള്‍ ഗോവര്‍ദ്ധന പീഠത്തിന്റെ കവാടം ദൃഷ്ടിയില്‍ പെട്ടു. ഇവിടുത്തെ ഇപ്പോഴത്തെ ശങ്കരാചാര്യര്‍ നിശ്ചലാനന്ദ സരസ്വതി വലിയ പണ്ഡിതനും വേദജ്ഞനുമൊക്കെയാണ്. അദ്ദേഹം ആഹാരം കഴിഞ്ഞുള്ള വിശ്രമത്തിലായിരുന്നതിനാല്‍ നേരിട്ട് കാണാന്‍ കഴിഞ്ഞില്ല. ഇവിടെ വേദ വിദ്യാലയവും ഗോശാലയും അന്ന ക്ഷേത്രവും പുസ്തകശാലയും പ്രാഥമിക ശുശ്രൂഷാകേന്ദ്രവുമൊക്കെ നടത്തുന്നുണ്ട്. ഇവിടുത്തെ ക്ഷേത്രങ്ങളില്‍ മഹാവിഷ്ണുവിന്റെയും അര്‍ദ്ധനാരീശ്വരന്റേയും വിഗ്രഹങ്ങളാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ചതുര്‍മഠങ്ങളില്‍ ഒന്ന് എന്ന മഹനീയ സ്ഥാനമുള്ള ഗോവര്‍ദ്ധന പീഠത്തിന് അത് അര്‍ഹിക്കുന്ന കെട്ടും മട്ടും വ്യവസ്ഥകളും ഉള്ളതായി തോന്നിയില്ല. തിരിച്ച് ഞങ്ങള്‍ കവാടത്തിലെത്തിയപ്പോള്‍ ഒരു നാമജപ ഘോഷയാത്ര കടന്നു വരുന്നു.
വൈഷ്ണവ ഭക്തി പ്രസ്ഥാനത്തിന്റെ കേന്ദ്രമായിരുന്ന ഒഡീഷ ഇന്നും അക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല എന്നു വിളിച്ചറിയിക്കുന്ന നാമജപ പരിക്രമണത്തില്‍ കുട്ടികളും സ്ത്രീകളും പുരുഷന്മാരും എല്ലാവരും സര്‍വ്വം മറന്ന് നാമം ജപിച്ച് നീങ്ങുന്നു. മുന്നിലായി ഒരു പൂച്ചട്ടിയില്‍ തുളസിച്ചെടിയും തലയില്‍ വച്ച് ഒരു സ്ത്രീ നടക്കുന്നുണ്ടായിരുന്നു. ചൈതന്യ മഹാപ്രഭു ഭഗവന്‍ നാമം ജപിച്ചു നടന്ന അതേ മണ്ണിലൂടെ ആ സംഘം നടന്നു മറയുന്നതു ഞാന്‍ നോക്കി നിന്നു. ഇനി പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ പുറത്തു നിന്നുള്ള ചില ചിത്രങ്ങള്‍ കൂടി എടുക്കണം. വെയില്‍ ചാഞ്ഞു തുടങ്ങിയ വഴികളിലൂടെഞങ്ങള്‍ മെല്ലെ തിരിച്ചു നടന്നു. ജഗന്നാഥ മന്ദിരത്തിന്റെ കിഴക്കേ തെരുവ് അതിവിശാലമാണ്. കാരണം വിശ്വപ്രസിദ്ധമായ ജഗന്നാഥ രഥോത്സവം നടക്കുന്നത് ഇവിടെയാണ്. രഥ വീഥിയിലെ വൈദ്യുതകമ്പികള്‍ എല്ലാം ഭൂമിക്കടിയിയിലൂടെയാണ് പോകുന്നത്. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഭരണി നാളില്‍ അത്യുന്നതങ്ങളായ കുതിരകള്‍ കടന്നുപോകന്ന വഴികളിലും ഇതേപോലെ വൈദ്യുതകമ്പികള്‍ ഭൂമിക്കടിയിലൂടെ ആക്കിയിട്ടുള്ളത് ഞാനോര്‍ത്തു. ജഗന്നാഥ രഥത്തിന് ഏതാണ്ട് 45 അടി ഉയരം വരും. രണ്ട് മാസത്തെ പരിശ്രമം കൊണ്ടാണ് രഥ നിര്‍മ്മിതി പൂര്‍ത്തിയാക്കുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള ഗുണ്ടിച ക്ഷേത്രത്തിലേക്ക് ലക്ഷക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ മൂന്നു രഥങ്ങള്‍ എഴുന്നള്ളുന്നു. പുരി ജഗന്നാഥന്‍, സുഭദ്രാദേവി, ബലഭദ്രന്‍ എന്നീ വിഗ്രഹങ്ങളാണ് രഥത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ടാവുക. ഗുണ്ടിജമന്ദിരത്തില്‍ ഈ വിഗ്രഹങ്ങള്‍ ഒമ്പത് ദിവസം സൂക്ഷിക്കുന്നു. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ദേവന്മാര്‍ തിരിച്ചെഴുന്നള്ളുന്നതോടെ രഥോത്സവം സമാപിക്കുന്നു. ലക്ഷങ്ങളെ സാക്ഷിനിര്‍ത്തി രഥമുരുളുന്ന ആ രാജവീഥിയുടെ ഓരത്തുള്ള നിരവധി കടകളില്‍ ജഗന്നാഥന്റെ പ്രസാദമായ ജിലേബി വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത് കണ്ടു കൊണ്ട് ഞങ്ങള്‍ നടന്നു. എല്ലാവരുടെയും അന്നദാതാവാണ് ജഗന്നാഥന്‍. തെരുവിലെ ജ്യൂസ് കച്ചവടക്കാരന്‍ ചെരുപ്പഴിച്ചുവച്ച് ക്ഷേത്രത്തിനു നേരെ തിരിഞ്ഞ് ഭക്തിപൂര്‍വ്വം ജഗന്നാഥനെ തന്റെ ഉന്തുവണ്ടിക്ക് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു.
അന്നദാതാവിനോടുള്ള നന്ദി പ്രകടനം. എന്തായാലും ഒരു ജ്യൂസ് കുടിച്ച് ദാഹമകറ്റാന്‍ ഞങ്ങള്‍ തീരുമാനിച്ചു. മീട്ടു എന്നാണ് കടക്കാരന്റെ പേര്. മധ്യവയസു കഴിഞ്ഞ അയാള്‍ കുടുംബം പുലര്‍ത്തുന്നത് ഈ ഉന്തുവണ്ടി കൊണ്ടാണ്. വളരെ ബഹുമാനത്തോടെയാണ് അയാള്‍ ഉപഭോക്താക്കളോട് പെരുമാറുന്നത്. അതുകൊണ്ടു തന്നെ ജ്യൂസ് ഞങ്ങള്‍ക്ക് വളരെ ഹൃദ്യമായി തോന്നി. സൂര്യന്‍ ജഗന്നാഥന്റെ ഗോപുരത്തില്‍ സ്വര്‍ണ്ണാഭിഷേകം നടത്തുകയാണ്. ഒരു ദിവസം കൂടി അവസാനിക്കുന്നു. ഇളംപ്രകാശത്തില്‍ ക്ഷേത്രത്തിന്റെ നല്ല കുറച്ച് ചിത്രങ്ങള്‍ ഞാന്‍ ക്യാമറയിലാക്കി. പെട്ടെന്നാണ് ക്ഷേത്രമതിലിന്റെ ഓരം ചേര്‍ന്ന് ഒരാള്‍ക്കൂട്ടം നടന്നു വരുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത്. ജനങ്ങള്‍ എന്തോ വിളിച്ചു പറയുന്നുണ്ട്. ആദ്യം ഒന്നും മനസ്സിലായില്ല. രാം നാമ് സത്യ ഹേ എന്നാണ് അവര്‍ വിളിച്ചു പറയുന്നത്. മുള മഞ്ചലില്‍ ഒരുവന്റെ അന്ത്യയാത്രയാണത്… സായാഹ്ന സൂര്യന്റെ വെളിച്ചത്തില്‍ ഏതോ ശ്മശാനം തേടിയുള്ള അന്ത്യയാത്ര. ഒരു കണക്കിന് എല്ലാവരും തന്റെ പട്ടട തേടിയുള്ള യാത്രയിലാണല്ലോ …..അതിനിടയിലുള്ള ആഘോഷകരമായ രഥോത്സമാണ് ജീവിതം. വേദാന്ത ചിന്തയ്ക്ക് വിരാമമിട്ട് നാളത്തെ ലക്ഷ്യമായ ഭുവനേശ്വറിലേക്കുള്ള തീവണ്ടി പിടിക്കാന്‍ ഞങ്ങള്‍ റെയില്‍വെ സ്റ്റേഷനിലേക്ക് തിരിച്ചു.
(തുടരും)