അമൂര്‍ത്തമായ ഒരു സങ്കല്‍പ്പത്തിന്റെ ഉദാത്തമായ വിശ്വാസവുമായി ബന്ധപ്പെട്ട് ദേശവ്യാപകമായി ഹൈന്ദവസമൂഹം ആചരിക്കുന്ന ഒരു ചടങ്ങാണ് ‘പിതൃബലി’ അഥവാ വാവുബലി. ജീവസ്മരണകളുടെ പിറകോട്ടുള്ള തുടര്‍ച്ചയായ കണ്ണിചേര്‍ക്കലും പ്രതീക്ഷകളുടെ സദ്ഭാവനകളും ചേര്‍ന്നൊരുക്കുന്നതാണല്ലോ മനുഷ്യജീവിതം. മനുഷ്യസംസ്‌കൃതിയുടെ വികാസത്തിന്റെ പരിണാമചരിത്രമെന്നത് ഭൂതകാലങ്ങളെ തള്ളുന്നതായിരുന്നില്ല. അവര്‍ ആചരിക്കുകയും എക്കാലവും ജീവിതത്തോടൊപ്പം ചേര്‍ത്തു നിര്‍ത്തുകയും ചെയ്ത നൈതികമൂല്യങ്ങള്‍ ആയിരുന്നു മനുഷ്യന്‍ എന്ന ജീവനെ സര്‍ഗ്ഗാത്മകമാക്കിത്തീര്‍ത്തത്. ഭാരതീയ ജീവിതം ബന്ധുത്വത്തിനും കുടുംബജീവിതത്തിനും സവിശേഷ പ്രാധാന്യം നല്‍കുന്നു. ഇത് പരസ്പരമുള്ള കരുതലും ശ്രദ്ധയും നല്‍കുന്ന വൈകാരികത ഉണര്‍ത്തുന്ന അടുപ്പമായി നിലനിര്‍ത്തുന്നു. പൈതൃകമെന്നതിന്റെ അര്‍ത്ഥതലം ഇത്തരത്തില്‍ വികസിപ്പിക്കാവുന്നതുമാണല്ലോ. ഒരര്‍ത്ഥത്തില്‍ പൂര്‍വ്വികരോടുള്ള – നമുക്ക് കാരണമായ ‘കാരണവന്മാര്‍’ക്കുള്ള വിശേഷപ്പെട്ട നന്ദി പ്രകടനമാണ് ‘പിതൃബലി’ ആചരണം.
പിതൃക്കളുടെ മരണവാര്‍ഷികനാളില്‍ നടത്തുന്ന ബലികര്‍മ്മാധികളാണ് ശ്രാദ്ധം എന്ന ചടങ്ങുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അത് ശ്രദ്ധ നല്‍കലാണ്; ഞാനാരെന്നതിന്റെ തിരിച്ചറിവ് സൃഷ്ടിക്കലാണ്. എനിക്ക് കിട്ടിയ ശരീരവും മറ്റുള്ള സൗഭാഗ്യങ്ങള്‍ക്കും കാരണഭൂതരായ തന്റെ അച്ഛനമ്മമാരെപ്പറ്റിയുള്ള ബോധ്യമാണത്. എന്റെ ആരോഗ്യവും, രക്ഷയും ജീവിത നേട്ടങ്ങളുമെല്ലാം അവരില്‍ അര്‍പ്പിതമാണ്. ഇങ്ങനെ പുറകോട്ടു ചിന്തിക്കുമ്പോള്‍ മുഴുവന്‍ പ്രകൃതി പ്രതിഭാസങ്ങളെയും ചേര്‍ത്തുനിര്‍ത്തി ദര്‍ശനം ചെയ്യാനാവുന്നു. ആ പാരമ്പര്യങ്ങളെ ശ്രാദ്ധനാളില്‍ സ്മരിക്കുകയും ശ്രദ്ധയോടെ അവര്‍ക്കായി സ്വകര്‍മത്തിന്റെ സദ്ഫലം ഹവിസ്സായി അര്‍പ്പിക്കുകയും തന്റെ നേട്ടങ്ങളുടെ ഒരു പങ്ക് അവര്‍ക്കായി ബലിയേകുന്നതുമാണ് ശ്രാദ്ധം. അമാവാസി ദിവസങ്ങളിലും മറ്റും പിതൃമോക്ഷപ്രാപ്തിക്കായി പൊതുവായി ചെയ്യുന്ന ചടങ്ങുകളെയാണ് തര്‍പ്പണം എന്നു പറയുന്നത്. കൗശികവിജ്ഞാനശാസ്ത്രത്തെ ആധാരമാക്കിയുള്ള ഗൃഹ്യസൂത്രങ്ങളാണ് ഇത്തരം ചടങ്ങുകള്‍ക്ക് അവലംബം.
കൗശികവിജ്ഞാനമനുസരിച്ച് മാതാ-പിതാക്കളുടെ പാരമ്പര്യങ്ങള്‍ സവിശേഷവും ഉത്തമഗുണങ്ങള്‍കൊണ്ട് ഉല്‍പ്പന്നമാകുന്നതുമാണ്. ആണ്ടിലൊരിക്കല്‍ അവരെ സ്മരിക്കുന്നതിന്റെ വിശേഷവും അതാണ്. അവരുടെ ജന്മദിനമോ ചരമദിനമോ എന്നില്ലാതെ പിതൃക്കളെല്ലാം ഒത്തുകൂടുന്ന ദിനങ്ങളില്‍ ഒന്നാണ് കര്‍ക്കിടകവാവ് നാള്‍. സൂര്യന്‍ കിഴക്കുചക്രവാളത്തില്‍ നിന്നും തെക്കുദിശയിലേക്കു സഞ്ചരിക്കുന്ന ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസി (കര്‍ക്കിടകവാവ്) ദിനമാണ് ഇതിന് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഓരോ അമാവാസിദിനവും പിതൃതര്‍പ്പണത്തിന് വിശേഷമാണെങ്കിലും ദക്ഷിണായനത്തിലെ കര്‍ക്കിടകവാവ് ദിനം ഏറെ സവിശേഷമായി കരുതുന്നു. മുഴുവന്‍ പിതൃക്കളും സംഗമിക്കുന്ന ദിനമായി ഈ ദിനത്തെ കാണുകയും ജന്മ-മരണദിനങ്ങള്‍ ഓര്‍ക്കാതെപോയ സന്തതി പരമ്പരകള്‍ക്കെല്ലാം ഈ ദിവസം ബലികര്‍മങ്ങള്‍ ചെയ്യാനും പിതൃസ്മരണയില്‍ ആത്മനിര്‍വൃതി പൂകാനും സാധ്യമാവുകയും ചെയ്യുന്നു. മരണശേഷം ഓരോവര്‍ഷവും ചെയ്യേണ്ട കര്‍മ്മമാണ് ശ്രാദ്ധം അഥവാ പിതൃതര്‍പ്പണം. ചാന്ദ്രമാസമനുസരിച്ച് മരിച്ച നാളിലോ സൂര്യമാസമനുസരിച്ച് മരിച്ച ദിവസമോ അത് ചെയ്യാം. രണ്ടുതരം കാലഗണനകളും ഭാരതത്തില്‍ ഉണ്ടായിരുന്നു. ചന്ദ്രവംശജര്‍ ചന്ദ്രമാസരീതിയും രഘുവംശജര്‍ സൂര്യമാസരീതിയും ആധാരമാക്കി വര്‍ഷത്തിലൊരിക്കല്‍ എന്നതിനുപുറമെ എല്ലാ മാസങ്ങളിലും അതാത് നാളുകളില്‍ ശ്രാദ്ധകര്‍മ്മങ്ങള്‍ ചെയ്യുന്നവരുമുണ്ട്. അന്നവസ്ത്രാദികളുടെ ദാനം, സദ്ഗ്രന്ഥങ്ങളുടെ പാരായണം തുടങ്ങിയവയൊക്കെ ശ്രാദ്ധദിനങ്ങളില്‍ ചെയ്യപ്പെടുന്നു.
ജന്മഗോത്രങ്ങളുടെ വ്യത്യാസമനുസരിച്ച് ക്രിയകള്‍ക്ക് ചെറിയ ഭേദങ്ങളൊക്കെയുണ്ടെങ്കിലും എല്ലാറ്റിന്റെയും താല്‍പ്പര്യം ഒന്നുതന്നെയാണ്. സമ്പ്രദായങ്ങളെപ്പറ്റിയും ആചാരപദ്ധതികളെപ്പറ്റിയും ഗൃഹ്യസൂത്രങ്ങളും ആരണ്യകങ്ങളും വിശദമായി പ്രതിപാദനം ചെയ്യുന്നുണ്ട്. എഴുപത്തിരണ്ടുവിധം ശ്രാദ്ധകര്‍മ്മങ്ങളെപ്പറ്റി ശാസ്ത്രങ്ങളില്‍ പറയുന്നുണ്ട്. അവയില്‍ മൂന്നെണ്ണമാണ് പ്രചാരത്തിലുള്ളത്. ചോറുണ്ടാക്കി പിണ്ഡമുരുട്ടി നടത്തുന്നത് അന്നശ്രാദ്ധം, ഉണക്കലരിയും എള്ളും വെള്ളവുമുപയോഗിച്ച് നടത്തുന്നത് ആമശ്രാദ്ധം, ധനം മുതലായവ യഥായോഗ്യം പുരോഹിതന് നല്‍കുന്നത് ഹിരണ്യശ്രാദ്ധം എന്നിവയാണ്.
ഈശ്വരസങ്കല്‍പ്പത്തോടെ ആരംഭിക്കുന്ന ചടങ്ങുകളില്‍ ആദ്യം അച്ഛന്‍ വഴിയും അമ്മ വഴിയുമുള്ള മൂന്നു തലമുറകളില്‍ പെട്ടവരെ പേരെടുത്ത് പറഞ്ഞ് തര്‍പ്പണം ചെയ്യണം. പിന്നെ അറിയാവുന്നവരും, അറിയാത്തവരുമായ പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യണം, തുടര്‍ന്ന് സര്‍വ്വതിനും തര്‍പ്പണം നടത്തുകയും ഒടുവില്‍ ബ്രഹ്‌മാര്‍പ്പണവുമാണ്. ഈ പാരസ്പര്യം ഊട്ടി ഉറപ്പിക്കുന്ന മന്ത്രങ്ങളാണ് ചൊല്ലേണ്ടത്. തര്‍പ്പണം ചെയ്യുന്ന വ്യക്തിയുടെ ശരീര മനോബുദ്ധികള്‍ ശുദ്ധവും ഏകാഗ്രവുമായിരിക്കണം. തലേ ദിവസം ഇതിനായി വ്രതം എടുത്ത് ലൗകിക ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയും അല്‍പ്പാഹാരം മാത്രമാക്കി (ഒരു നേരം) കഴിയണമെന്നുമാണ് വിവക്ഷ. തര്‍പ്പണ വേളയില്‍ ഉപയോഗിക്കുന്ന ഓരോ വസ്തുവും പുതിയതും വൃത്തിയുള്ളതുമായിരിക്കണം. അടുത്ത ദിവസം സൂര്യോദയത്തിനുശേഷം ചന്ദ്രനുദിക്കുന്നതിനു മുമ്പെയാണ് തര്‍പ്പണം ചെയ്യേണ്ടത്. ചടങ്ങ് കഴിയുന്നതുവരെ ജലപാനമോ, ഭക്ഷണമോ അരുത്. ആരാദ്ധ്യരായവര്‍ക്ക് അന്നദ്രവ്യാദികള്‍ ദാനം ചെയ്യുന്നതോടെ ശ്രാദ്ധം പൂര്‍ണ്ണമാകുന്നു.
സൂക്ഷ്മശരീരത്തിന്റെ മാധ്യമം ജലമാണെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ജലതര്‍പ്പണത്തെ പ്രധാനമായി കരുതുന്നു. ആധുനിക ശാസ്ത്രവും ജലമാണ് ജീവന്റെ ഉത്ഭവത്തിന് കാരണമെന്നു പറയുന്നുണ്ടല്ലോ. കന്യാകുമാരിയിലെ സാഗരസംഗമം മുതല്‍ ഹിമാലയ സന്നിധിയിലെ ഗംഗോത്രിയും ഗോമുഖവും അടക്കമുള്ള തീര്‍ത്ഥങ്ങള്‍വരെ ശ്രാദ്ധകര്‍മ്മങ്ങള്‍ക്ക് മുഖ്യമാണ്. കേരളത്തിലെ തിരുനാവായയും, തിരുനെല്ലിയും, ആലുവയും വര്‍ക്കലയും, വരക്കലുമെല്ലാം അങ്ങനെ തന്നെയാണല്ലോ.
ശ്രാദ്ധമെന്നും, തര്‍പ്പണമെന്നും, വാവുബലിയെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന അനുഷ്ഠാനം അവനവന്റെ ആത്മശുദ്ധീകരണത്തിനുവേണ്ടി പൂര്‍വ്വസൂരികള്‍ ഒരുക്കിവെച്ച ഒരു വിശേഷ ആചാരപദ്ധതിയെന്നു മനസ്സിലാക്കാം. അത് ജീവിക്കുന്നവര്‍ക്കുവേണ്ടിയുള്ളതാണ്. മരിച്ചവര്‍ക്ക് വേണ്ടിയല്ല, അവര്‍ ഒരിക്കലും അലഞ്ഞു നടക്കില്ല. കൗമാരം, യൗവ്വനം, ജര എന്നതുപോലെ തന്നെയാണ് ദേഹാന്തര പ്രാപ്തി എന്ന് ഭഗവദ്ഗീത പറയുന്നു.
പിതൃത്വമെന്നത് കേവലം പിതാവില്‍ ഒതുങ്ങാതെ നമ്മുടെ ചുറ്റുപാടുകളും, ആവാസവ്യവസ്ഥയും ഭൂപ്രകൃതിയും എല്ലാം ചേര്‍ന്ന് രൂപപ്പെടുത്തുന്ന ആത്മബന്ധത്തിന്റെ പൊരുളാണെന്നു തിരിച്ചറിയുമ്പോഴാണ് അതിന്റെ ദിവ്യശക്തി അനുഭവപ്പെടുന്നത്. ‘പൈതൃകം എന്നതിന്റെ അര്‍ത്ഥതലങ്ങള്‍ ഭാവാത്മകമായി ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ നമുക്ക് ‘അരിക്കൊമ്പനെ’ നാടുകടത്തേണ്ടിവരില്ലായിരുന്നു. ജനിച്ചുവളര്‍ന്ന ഭൂമിയില്‍ നിന്ന് ആരും പലായനം ചെയ്യപ്പെട്ടില്ലായിരുന്നു. പ്രകൃതിയുടെ താളം പിഴച്ചതല്ല പിഴപ്പിച്ചതാണെന്ന ഓര്‍മ്മപ്പെടുത്തലുകള്‍, വേദനതീര്‍ക്കുന്ന ഓര്‍മപ്പെടുത്തലുകളായി നമുക്കു ചുറ്റും പ്ലക്കാര്‍ഡുകള്‍ തീര്‍ക്കുകയല്ലേ? ശ്രദ്ധയാണ്, ഓര്‍മ്മയാണ് ‘സഹ്യന്റെ പുത്ര’നെപ്പറ്റി കുറിക്കാന്‍ നിമിത്തമായത്. ശ്രദ്ധയാണല്ലോ ശ്രാദ്ധം; അത് ഓര്‍മ്മപ്പെടുത്തലാണ്; നന്ദി സൂചനയാണ്.
പ്രായമായവരോട് കാണിക്കേണ്ട ശ്രദ്ധയും ശ്രാദ്ധത്തിന്റെ പരിധിയില്‍ വരേണ്ടതാണ്. സമൂഹത്തിന്റെ വലിയ ഒരു ഭാഗം ജനങ്ങള്‍ വാര്‍ദ്ധക്യവും രോഗവും ബാധിച്ചവരാണ്. ആരോഗ്യമുള്ള കാലത്ത് സ്വന്തം ധര്‍മ്മം കൃത്യമായി അനുഷ്ഠിക്കുകയും കുടുംബത്തെയും സമൂഹത്തെയും സംരക്ഷിച്ച്, പുരോഗതിയിലേക്ക് നയിക്കുകയും ചെയ്തവരാണ് അവര്‍. ഉപഭോഗസംസ്‌കാരത്തിന് കീഴടങ്ങി വൃദ്ധസദനങ്ങളില്‍ നടതള്ളപ്പെടേണ്ടവരല്ല അവര്‍. മണ്‍മറഞ്ഞ പൂര്‍വ്വികരെ സ്മരിക്കുന്നതോടൊപ്പം ജീവിച്ചിരിക്കുന്ന പ്രായമായവരെ പരിചരിക്കുകയും പ്രകൃതിയെ സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.