കവിയും നിരൂപകനും ഭാഷാ പണ്ഡിതനുമായിരുന്ന പ്രൊഫ.ആര്‍.രാമചന്ദ്രന്റെ ജന്മശതാബ്ദിയാണിത്. അദ്ദേഹത്തിന്റെ കാവ്യലോകത്തിലൂടെ ഒരു തീര്‍ത്ഥയാത്ര-(തുടര്‍ച്ച)
കാവ്യപ്രചോദനങ്ങളെ ഉപേക്ഷിക്കേണ്ടിവന്നതിന്റെ മറ്റൊരു ഭാവതലമാണ് ‘ദിവ്യദുഃഖത്തിന്റ നിഴലില്‍’ എന്ന കവിതയിലും ഉള്ളത്. സര്‍ഗക്രിയയുടെ ദിവ്യമുഹൂര്‍ത്തത്തില്‍ ആത്മവിസ്മൃതിക്കായി ദൈവം നടത്തുന്ന സൃഷ്ടികര്‍മ്മത്തില്‍ ഈ ദുഃഖങ്ങളെല്ലാം നിഴലിക്കുകയാണ്. അപ്പോള്‍ കവി സ്വയം പഴിക്കുന്നു, മാപ്പപേക്ഷിക്കുന്നു, മര്‍ത്ത്യനാണ് എന്ന തന്റെ അഹംബോധത്തിന്.
”മാപ്പുനല്‍കുക, നീ പൊറുക്കു-
കെന്‍ മര്‍ത്യതാദര്‍പ്പം.”
കേവലമനുഷ്യനായി നിന്നുകൊണ്ടാണ് കവി ദൈവത്തെ അറിയാന്‍ ശ്രമിക്കുന്നത്. അല്ലയോ ദേവ, അന്ധകാരത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നിശ്ശബ്ദതയുടെ നിശ്ചലതടാകത്തില്‍ താമരമൊട്ടായി തൊഴുകൈയോടെ ഇരിക്കുകയാണ് ഇതാ ഇവിടെ കവിയുടെ ആത്മാവ്. ഈ ദിവ്യദുഃഖത്തെ കവിക്ക് ഉപേക്ഷിക്കാനാവുന്നില്ല.
ദുഃഖത്തെ ഉപാസിക്കുകയാണ് കവി. വടവൃക്ഷത്തിനു പിന്നില്‍ ഹിമാര്‍ദ്രമായ താരപോലെ തുടിക്കുന്ന മൂകവേദനയെ. എങ്ങോ നടന്നു നീങ്ങുന്ന അനാഥമായ രാത്രിയുടെ ദുഃഖം. പറക്കാന്‍ കഴിയാതെ ചിറകുവിരിച്ചങ്ങനെ പരന്നുനില്‍ക്കുന്ന ആകാശത്തിന്റെ ദുഃഖം. പക്ഷെ, ഇത് ചങ്ങമ്പുഴക്കവിതയില്‍ക്കണ്ട വിഷാദാത്മകതയല്ല. ജീവിതനൈരാശ്യത്തില്‍ നിന്ന് പൊട്ടിവിടര്‍ന്ന ദുഃഖമല്ല. ജീവിതപ്രതീക്ഷയില്‍ നിറയുന്ന മാനവികസ്‌നേഹത്തിന്റെ താപമാണ്. നിത്യസത്യത്തെ ഭാവനയിലൂടെ പിന്തുടരുന്ന എല്ലാവരുടെയും ഹൃദയരഹസ്യമാണത്. ഈ വൈവശ്യം അവര്‍ക്ക് ധന്യമായ അനുഭവമാണ്. ‘ദിവ്യദുഃഖത്തിന്റെ നിഴലില്‍’ എന്ന കവിത എഴുതുന്നതിന് എത്രയോ മുമ്പുതന്നെ കവിയെ പിന്തുടരുകയായിരുന്നു അത്. കവി തന്നെ പറയുന്നത് നോക്കുക:
”ദൈവത്തിന്റെ നിസ്സഹായമായ കാത്തുനില്‍പ്പ്- ഏകാകിയായ ദൈവം- അനാഥമായ ഭൂമിയുടെ കാത്തുനില്‍പ്പ്- ശുദ്ധശൂന്യതയുടെ കാത്തുനില്‍പ്പ്. ഇത് എന്റെ അവബോധത്തിന്റെ തകര്‍ച്ചയായിരുന്നു. രാത്രികള്‍ അസ്വസ്ഥങ്ങളായി. തുറന്ന കവാടങ്ങള്‍ അടയുകയും അടഞ്ഞതും കാണാതിരുന്നതും തുറക്കുകയും ചെയ്യുന്നു. വെളിച്ചം മാറി വീഴുന്നു.” ഈ അനുഭവത്തിന്റെ ആഘാതത്തിലാണത്രെ ‘ദുഃഖമൂര്‍ത്തി’ എന്ന കവിത അദ്ദേഹം എഴുതിയത്.
”ഇരുളിലിരുന്ന് എന്നാത്മാവിനെ
ഞാന്‍ മാടി വിളിക്കുന്നേന്‍
ഒരു നവസൗഹൃദബന്ധത്തിന്നായ്
കൈകള്‍ നീട്ടുന്നേന്‍…”
ഇരുളിലിരുന്ന് തന്റെ ആത്മാവിനെ മാടിവിളിച്ച് കൈനീട്ടുകയാണ് കവി.
”ഭര്‍തൃനിരാകൃതയാകിന സതിപോല്‍
മാഴ്കും മന്നിന്‍ ഗദ്ഗദ,മക്കുളിര്‍-
കാറ്റില്‍ത്തേങ്ങിവരുമ്പോളാരെന്‍
കരളിലിരുന്നു കരഞ്ഞീടുന്നു?..”
അശാന്തി പിന്നെയും വര്‍ധിച്ചപ്പോള്‍ അപാരതയെ തന്നിലേക്ക് ചുരുക്കി വിജൃംഭിപ്പിക്കുകയായിരുന്നു കവി. അപ്പോഴാണ് ‘ദിവ്യദുഃഖത്തിന്റെ നിഴലില്‍’ എന്ന കവിതയെഴുതിയത് എന്നാണ് മാഷ് പറയുന്നത്. ഈ കവിതയെഴുതാന്‍ പത്തുവര്‍ഷമാണത്രേ എടുത്തത്. വെറും 44 വരികള്‍ മാത്രമുള്ള ഈ കവിത. തന്റെ ഏറ്റവും മികച്ച കവിതയാണ് അതെന്ന് പലരും പറയുന്നുണ്ടെങ്കിലും തനിക്കങ്ങനെ തോന്നിയില്ല എന്നും മാഷ് പറയുന്നു. തന്റെ കാവ്യവ്യാപാരങ്ങളൊക്കെയും, ഈ അനുഭവത്തിന്റെ പരിണാമങ്ങളാണ് എന്നാണ് അദ്ദേഹം പറയുന്നത്. വായനക്കാര്‍ക്കും അത് അനുഭവപ്പെടും. വീണ്ടും വീണ്ടും, ദൈവം ചുരുങ്ങിച്ചു രുങ്ങി തന്നിലേക്കുതന്നെ വീണുകൊണ്ടിരിക്കുന്ന ആ അവസ്ഥയില്‍ നിന്നാവാം ‘പിന്നെ’ എന്ന കവിതയുണ്ടായത്.
”പിന്നെ?
സന്ധ്യകള്‍
മരവിച്ചേ മരിക്കും മാര്‍ഗ്ഗം.
പിന്നെ?
പറക്കാന്‍ കൊതിയാര്‍ന്നേ
വാടിവീണിടും മലര്‍.
പിന്നെ?
മലരിന്‍ മുമ്പില്‍
കണ്‍കള്‍നിറഞ്ഞേ നില്‍ക്കും പാന്ഥന്‍.
പിന്നെ?
അവനെക്കാണ്‍കെ
വാനിലാരെയോ പാഴില്‍ത്തേടി
മാഴ്കിടും ഭൂവും.
പിന്നെ?
കാലത്തിന്നഭംഗമാം
മൂകരോദനം
പിന്നെ?
പിന്നെ…..?”
കാലത്തിന്റെ അഭംഗമായ മൂകരോദനത്തിലാണ് കവി പറഞ്ഞുനിര്‍ത്തി പതറുന്നത്. കാലംതന്നെ ദൈവത്തിന്റെ അശാമ്യമായ രോദനമായാണ് കവിക്ക് തോന്നുന്നത്. പിന്നെയെന്ത് എന്ന ചോദ്യം മാത്രം പിന്നെയും ബാക്കിയാവുകയാണ്. ‘പിന്നെ’ എന്ന കവിതയുടെ തുടര്‍ച്ചയാണോ ‘ഒന്നുമില്ല’ എന്ന കവിത! ‘പിന്നെ’ ഒരു ചോദ്യവും ‘ഒന്നുമില്ല’ എന്നത് ഒരു ഉത്തരവും. പക്ഷെ ഈ ചോദ്യങ്ങളും ഉത്തരങ്ങളും വായനക്കാരെ പെട്ടെന്നുത്തരം കിട്ടാത്ത അനന്തമായ ചോദ്യങ്ങളിലേക്കുതന്നെയാണ് നയിച്ചുകൊണ്ടിരിക്കുക.
രാമചന്ദ്രന്‍മാഷുടെ മിക്ക കവിതയും ഒന്നില്‍നിന്ന് മറ്റൊന്നിലേക്കുള്ള തുടര്‍ച്ചയും പരിണാമവുമാണെന്നു കാണാം. കാവ്യപ്രചോദനത്തിന്റെ തുടക്കംമുതലേ കവിക്ക് അനുഭവപ്പെടുന്ന ദുഃഖസ്മൃതികള്‍ ഓരോ കവിതകളിലൂടെ കടന്നുപോവുമ്പോള്‍ വ്യത്യസ്തമായ ഭാവതലങ്ങള്‍ കൈക്കൊള്ളുകയാണ്. ‘ദിവ്യദുഃഖത്തിന്റെ നിഴലില്‍’ എന്ന കവിതയില്‍ തന്റെ ദുഃഖങ്ങള്‍ കവി ദൈവത്തില്‍ ആരോപിക്കുകയാണ്. കാരണം കവിക്ക് ദൈവത്തെ തന്നില്‍നിന്ന് അന്യമായി കാണാന്‍ കഴിയില്ല. കവി പറഞ്ഞതുപോലെ ദൈവം ഇവിടെ തന്നിലേക്ക് ചുരുങ്ങിയിരിക്കുന്നു.
കുഞ്ഞുണ്ണിമാഷിന്റെ ഒരു കഥയുണ്ട്. ‘കുറ്റിപ്പെന്‍സില്‍’ എന്ന അദ്ദേഹത്തിന്റെ കൊച്ചുകഥകളുടെ കുഞ്ഞുസമാഹാരത്തില്‍. ‘ഈശ്വരന്റെ മോഹം’ എന്നാണാ കഥയുടെ പേര്. ”ഒരു ദിവസം ഈശ്വരന് ഒരു മോഹം. ഗോട്ടി കളിക്കണമെന്നൊരു മോഹം.” എന്നു പറഞ്ഞുകൊണ്ടാണ് കഥ തുടങ്ങുന്നത്. ദൈവത്തിന്റെ ഇച്ഛ തിരിച്ചറിഞ്ഞ ഉത്തമഭക്തര്‍ അതിനായി കുട്ടികളെ കണ്ടെത്തി തയ്യാറാക്കി. താന്ത്രികവിധിപ്രകാരം കളി ഏര്‍പ്പാടാക്കി. ‘ഈശ്വരനായിക്കൊണ്ട്’ എന്നു സങ്കല്പിച്ച് കുട്ടികള്‍ കേമമായി, ഗംഭീരമായി ഗോട്ടി കളിച്ചു. ഈശ്വരന്‍ നിറഞ്ഞ സന്തോഷത്തോടെ ഗോട്ടി കളി കണ്ടു രസിച്ചു. പക്ഷെ, ഗോട്ടികളി കണ്ടുരസിക്കണം എന്നായിരുന്നില്ലല്ലോ ദൈവത്തിന്റെ മോഹം! കളിച്ച് രസിക്കണം എന്നായിരുന്നില്ലേ! പക്ഷെ എന്തു ചെയ്യാം. ഒറ്റയ്ക്കു കളിക്കാവുന്ന കളിയല്ലല്ലോ ഗോട്ടികളി. താനാണെങ്കില്‍ ഒരിക്കലും തന്നെപ്പോലെ മറ്റൊരാളുണ്ടാകാത്തവിധം ഒറ്റയാനും. ഈ ശപിക്കപ്പെട്ട ഏകാന്തത തീര്‍ക്കാന്‍ ഒരിക്കലും സാധിക്കില്ല എന്ന ദുഃഖസത്യത്തിനു മുന്നില്‍ ഈശ്വരന്‍ നടുങ്ങിനിന്നു എന്നു പറഞ്ഞുകൊണ്ടാണ് കഥ അവസാനിക്കുന്നത്.
ഒരു കുട്ടിയുടെ കൗതുകത്തോടെ സരളവും സരസവുമായാണ് കുഞ്ഞുണ്ണിമാഷ് ആ ‘ദിവ്യദുഃഖ’ത്തെ അവതരിപ്പിക്കുന്നത്. അതിലെ സരളത രാമചന്ദ്രന്‍ മാഷിന്റെ കവിതയില്‍ കൂടുതല്‍ സാന്ദ്രമാവുകയാണ്. ഗഹനമായ താത്ത്വികദര്‍ശനങ്ങളിലേക്കാണ് ഇവ രണ്ടും നമ്മെ ആനയിക്കുന്നത്. കുഞ്ഞുണ്ണിമാഷിന്റെ കഥയില്‍ ഏകാന്തദുഃഖം അനുഭവിക്കുന്നത് ദൈവമാണെങ്കില്‍ രാമചന്ദ്രന്‍മാഷിന്റെ കവിതയില്‍ അത് ദൈവത്തെയും കവിയെയും ഒരുപോലെ ബാധിക്കുന്ന അനിഷേധ്യമായ അവസ്ഥാവിശേഷമാണ്.
‘ശ്യാമസുന്ദരി’ എന്ന സമാഹാരത്തിലുള്ളത് ആര്‍. രാമചന്ദ്രന്റെ ആദ്യകാലകവിതകളാണ്. ‘പരിത്യക്തരി’ല്‍ തുടങ്ങി ‘അജന്ത’ എന്ന കവിതയോടെയാണ് അത് അവസാനിക്കുന്നത്. അനുതാപാര്‍ദ്രമായി തന്റെ മിഴികളില്‍ തെളിയുന്ന തഥാഗതസ്മിതത്തിലാണ് ‘അജന്ത’ എന്ന കവിത തീരുന്നത്. അത് ഒരു പ്രതീക്ഷയാണ്. ജീവിതത്തിന് നീട്ടിനല്‍കുന്ന സമാശ്വാസമാണ്. അഭയവും കാരുണ്യവുമാണ്.
‘പിന്നെ’ എന്ന സമാഹാരത്തിലെ കവിതകളിലെത്തുമ്പോഴേക്ക് രാമചന്ദ്രന്‍ മാഷുടെ കവിതകള്‍ മറ്റൊരു തലം സ്വീകരിക്കുന്നതു കാണാം. ഉപയോഗിക്കുന്ന വാക്കുകള്‍ കവി വീണ്ടും കുറയ്ക്കുകയാണ്. വാക്കുകള്‍ക്കിടയിലുള്ള അകലത്തിലാണ് കവിത നിറഞ്ഞുനില്‍ക്കുന്നത്. അതാവട്ടെ അനുവാചകന്റെ ഹൃദയത്തിലാണ് ഉറവപൊട്ടുന്നത്. കവി കുറിച്ചിടുന്ന വാക്കുകള്‍ അതിനുള്ള പ്രേരണയും പ്രചോദനവും ഊര്‍ജ്ജവും മാത്രം. നിര്‍മമനായി മാറിനിന്ന് കവി മന്ദഹസിക്കുകമാത്രം ചെയ്യുന്നു. ‘സൗഹൃദം’ എന്ന കവിത നോക്കുക:
”സമയം 9-15.
സ്ഥലം ബസ്സ്‌റ്റോപ്പ്
ഞങ്ങള്‍
അവിടെ
ഒപ്പമെത്തുന്നു.
ഞങ്ങള്‍
അന്യോന്യം നോക്കി
പുഞ്ചിരിക്കുന്നു…..”
അങ്ങനെ നീണ്ടു പോവുകയാണ് ആ കവിത. അര്‍ത്ഥശൂന്യമായ ജീവിതത്തിന്റെ പൊള്ളത്തരങ്ങളും വിരസമായ ആവര്‍ത്തനങ്ങളുമാണ് ആ കവിതയില്‍. വാക്കുകള്‍ക്കു വേണ്ടി മാത്രമുള്ള വാക്കുകള്‍. ചില സൂചനകള്‍ മാത്രം നല്‍കിക്കൊണ്ട് വിരസതയുടെ ആവര്‍ത്തിച്ചുള്ള ചാക്രികഗമനം സൃഷ്ടിക്കുകയാണ് കവി. വിരസതകൊണ്ട് വിരസതയില്‍നിന്നുള്ള മുക്തി നേടല്‍.
സമയം 4-45
ഞങ്ങള്‍ 9-50ലേക്കു മടങ്ങുന്നു.
പിന്നെ
ഞങ്ങള്‍ 9-15ലേക്ക് മടങ്ങുന്നു.
ബസ്സു നില്‍ക്കുന്നു.
അന്യോന്യം നോക്കി
പുഞ്ചിരിച്ചുകൊണ്ട്
ഞങ്ങള്‍ ഇറങ്ങുന്നു.
അന്യോന്യം നോക്കി, പുഞ്ചിരിച്ചുകൊണ്ട്
ഞങ്ങള്‍ പിരിയുന്നു.
ഞങ്ങള്‍ സുഹൃത്തുക്കളാണ്
സൗഹൃദമാണ് കാര്യം.”
സാമാന്യം ദീര്‍ഘമായ ഈ കവിത ഇങ്ങനെയാണവസാനിക്കുന്നതെങ്കിലും ഈ പ്രക്രിയ തീരുന്നുണ്ടോ. വിരസാവര്‍ത്തനങ്ങളായി ജീവിതത്തെ അത് ചുറ്റിപ്പിണഞ്ഞുകൊണ്ടേയിരിക്കയല്ലേ. അതിനിടയിലൂടെ ഊറിവരുന്ന സൗഹൃദമെന്ന ജീവല്‍സത്യമാണ് കവിക്ക് ആശ്വാസം നല്‍കുന്നത്.
കാവ്യസങ്കേതത്തില്‍ ഈ കവി ഉപയോഗിക്കുന്ന സമീപനങ്ങള്‍ മറ്റു കവികളില്‍നിന്ന് വളരെ വ്യത്യസ്തമാണ്. തന്റെ കവിതകള്‍ ഛന്ദോമുക്തങ്ങളല്ല, മുക്തഛന്ദത്തിലുള്ളതാണ് എന്നാണ് അദ്ദേഹംതന്നെ വിലയിരുത്തിയത്. വൃത്തത്തെ ഒന്ന് അയച്ചുവിടുക. ആന്തരികമായ ഒരു താളവും സംഗീതവുമുണ്ട്. എന്നാല്‍ ആവിഷ്‌കാരത്തിന്റെ പൂര്‍ണതയ്ക്കായി വൃത്തത്തില്‍നിന്ന് പുറത്തുവരാനായിരുന്നു മാഷ് ശ്രമിച്ചത്.
കാവ്യാലങ്കാരങ്ങളോട് കവിക്ക് വലിയ താല്പര്യമുണ്ടായിരുന്നില്ല. ഉചിതമായ പദങ്ങള്‍ മാത്രം സൂക്ഷ്മതയോടെ ഉപയോഗിക്കുകയായിരുന്നു. അവ ശക്തവും തീക്ഷ്ണവും മസൃണവും ഋജുവുമായിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വളരെക്കുറച്ച് ബിംബങ്ങളും പ്രയോഗങ്ങളും മാത്രമേ അദ്ദേഹത്തിന്റെ കവിതകളില്‍ കാണുകയുള്ളൂ. ‘ശ്യാമം’ എന്ന വിശേഷണപദവും ‘കണ്ണാന്തളിപ്പൂവ്’ എന്ന കാവ്യബിംബവും പല കവിതകളില്‍ ആവര്‍ത്തിക്കുന്നത് കാണാം. അതെക്കുറിച്ച് ചോദിച്ചപ്പോള്‍ മാഷ് പറഞ്ഞത് ഇങ്ങനെയാണ്:
”കണ്ണാന്തളിപ്പൂവ് നേരില്‍ക്കണ്ടാലേ അതു മനസ്സിലാവൂ. നമ്മെ നോക്കുന്നതുമാതിരി തോന്നും. നീലനിറമാണ് പൂവിന്. കണ്ണുകളെപ്പോലെ തോന്നും. എന്റെ ഗ്രാമത്തിലെ കുന്നിന്‍പുറത്ത് ഈ പൂക്കള്‍ ധാരാളമായുണ്ട്. കുന്നങ്ങനെ പരന്നു കിടക്കുകയാണ്. ഒരു പ്രത്യേകകാലത്താണ് പൂക്കുക. എനിക്കൊരനുജത്തിയുണ്ടായിരുന്നു. ചെറുപ്പത്തിലേ മരിച്ചുപോയി. ഈ പൂക്കള്‍ കാണുമ്പോള്‍ അവളുടെ നീലക്കണ്ണുകളാണ് എനിക്കോര്‍മ്മ വരിക. ആ ബിംബം മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നതിനാല്‍ എന്റെ കവിതയില്‍ അറിയാതെ അത് കടന്നുവരികയാണ്. കറുപ്പ് എനിക്കിഷ്ടമാണ്. കൃഷ്ണവര്‍ണം ഭാരതീയസങ്കല്‍പ്പത്തില്‍ പ്രധാനപ്പെട്ടതാണ്. എല്ലാ വര്‍ണങ്ങളും അതിലാണ് ലയിച്ച് അവസാനിക്കുന്നത്.”
തന്നില്‍നിന്ന് താന്‍ പുറത്തുകടക്കുന്ന വിദ്യയാണ് അദ്ദേഹത്തിന് കാവ്യരചന. ഈ മോചനം കൊതിച്ചാണ് താന്‍ കവിതയെഴുതിയിരുന്നതെന്നാണ് രാമചന്ദ്രന്‍മാഷ് പറയുന്നത്. പ്രശ്‌നത്തിന്റെ ആവിഷ്‌കാരം മാത്രമാണ് അദ്ദേഹത്തിന് കവിത. ആര്‍ത്തമായിത്തീരുന്ന ചേതന ദുഃഖശമനം കൊതിച്ച് തന്നോട്തന്നെ ചെയ്യുന്ന നിവേദനം. വ്യര്‍ത്ഥമായ ശ്രമമെന്ന് അറിഞ്ഞുകൊണ്ടുതന്നെ.
ആര്‍.രാമചന്ദ്രന്റെ കവിതകളെക്കുറിച്ച് പ്രശസ്ത നിരൂപകനായ പ്രൊഫ. കെ.പി.ശങ്കരന്‍ പറഞ്ഞതിങ്ങനെയാണ്: ”അന്തിയിലെ മങ്ങിയ മഞ്ഞവെളിച്ചം ശ്രീ. ആര്‍.രാമചന്ദ്രന്റെ മിക്ക കവിതകള്‍ക്കും അസ്പഷ്ടമെങ്കിലും ആകര്‍ഷകമായ ഒരു ഭാവാന്തരീക്ഷമരുളുന്നു. ഏകാന്തവും ശോകാര്‍ദ്രവുമായ ആ അന്തരീക്ഷത്തില്‍ അതീതവേദനകളെ അയവിറക്കുകയാണ് അദ്ദേഹത്തിന്റെ പല കവിതകളും. ദുഃഖം ഇത്ര ഹൃദ്യമായ അനുഭൂതിയാവാമെന്ന് ആ കവിതകള്‍ വായിക്കുന്നതുവരെ നാം ഓര്‍ത്തെന്നു വരില്ല. വാചാലവും ഉല്‍ഭ്രാന്തവുമായ ഉദ്ഗാനങ്ങള്‍ ദുഃഖത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തും. എന്നാല്‍ ഇവിടുത്തെ ദുഃഖമാവട്ടെ ശാലീനവും സംഗീതാത്മകവുമാണ്. മൂടിക്കെട്ടിയ ആകാശത്തിനു കീഴെ മുനിഞ്ഞിരിപ്പാണ് കവി. കവിയുടെ ഹൃദയത്തില്‍ ദുഃഖം ഇഴമഞ്ഞുപോലെ പടരുകയും ഈറന്‍കാറ്റുപോലെ ഉലയുകയും ചെയ്യുന്നു. അപ്പോഴത്തെ ആര്‍ദ്രസ്പര്‍ശങ്ങളും ലോലസ്പന്ദനങ്ങളുമാണ് പൊതുവെ ഈ കവിയുടെ പ്രമേയങ്ങള്‍. ഈശ്വരനെപ്പോലും നിസ്സഹായനായൊരു ദുഃഖിതന്റെ നിലയിലത്രേ ഈ കവി അറിയുന്നത്.”
ഈ നിരീക്ഷണം ‘ശോണരശ്മി’ എന്ന കവിതയില്‍ തെളിഞ്ഞുനില്ക്കുന്നു. കവിയുടെ ഹൃദയദര്‍പ്പണംപോലെ. തെളിനീരില്‍ നിഴലിക്കുന്ന നിലാവെട്ടം പോലെ.
”ഉറങ്ങിപ്പോയോ
വാനം?
ചെവിയോര്‍ക്കുന്നോ
താഴെ-
പ്പുല്ത്തലപ്പുകള്‍?
ഒന്നേ ഞാനറിയുന്നേന്‍.
നിത്യതത-
ന്നാത്മാവിലൂര്‍ന്നതാ-
മൊരശ്രുബിന്ദുപോല്‍
വെളിച്ചം
വീണലിഞ്ഞതാ-
മീയന്ധകാരത്തിന്‍
തടംതന്നില്‍
ആരെയോ കാത്തു-
നില്ക്കയാ-
ണാരോ!…”
ആര്‍. രാമചന്ദ്രന്റെ സമ്പൂര്‍ണകൃതികള്‍ അടുത്തിടെ പുറത്തിറങ്ങിയിട്ടുണ്ട്. വെറും മുന്നൂറ് പേജു മാത്രമുള്ള ഒരു ചെറുപുസ്തകം. ചിലരുടെ സമ്പൂര്‍ണകൃതികള്‍ വായിക്കണമെങ്കില്‍ പര്‍വതാരോഹണം പരിശീലിച്ചിരിക്കണം എന്നിടത്താണ് ഈ സമാഹാരത്തിന്റെ ഉയരം നാം അറിയുന്നത്. ‘കോലായ’ എന്ന പേരില്‍ തന്റെ വീട്ടുതിണ്ണയില്‍ ഒത്തുകൂടിയ സുഹൃത്തുക്കളോടൊപ്പമിരുന്ന് നടത്തിയ സംവാദങ്ങളും ഒന്നുരണ്ടു ലേഖനങ്ങളും ചില പുസ്തകങ്ങള്‍ക്കെഴുതിയ അവതാരികകളും ക്ലാസുമുറിയില്‍ ചൊരിഞ്ഞ തെളിഞ്ഞ വാങ്മയങ്ങളും ചില അഭിമുഖങ്ങളില്‍ പറഞ്ഞ വാക്കുകളും മാത്രമാണ് എഴുപത്തൊന്ന് കൊച്ചുകവിതകള്‍ക്കും മുപ്പത്തെട്ട് കാവ്യവിവര്‍ത്തനങ്ങള്‍ക്കും പുറമെ ആര്‍. രാമചന്ദ്രനില്‍നിന്ന് മലയാളസാഹിത്യത്തിന് ലഭിച്ചത്!
അദ്ദേഹം തന്നെ പറഞ്ഞതുപോലെ എഴുതപ്പെടാത്തവയാണ് അദ്ദേഹത്തിന്റെ കവിതകള്‍ കൂടുതലും. ”എന്റെ കവിതകളില്‍ വൈവിധ്യം കുറവാണ്. അതൊരു ചെറിയ ലോകമാണ്. ഞാനും പ്രകൃതിയും മാത്രമേ അതിനകത്തുളളൂ. ഞാന്‍ എന്നോടുതന്നെ മന്ത്രിക്കുകയാണ്. മറ്റു കവികളൊക്കെ ഒരുപാട് വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. എന്റേതില്‍ മുഴുവന്‍ ഒരേ സ്വരംതന്നെയാണ്. അതില്‍ സാമൂഹികബോധം തീരെയില്ല. എനിക്കത് എഴുതാന്‍ കഴിയില്ല.”
അവസാനകാലംവരെ സാഹിത്യലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന പുതുചലനങ്ങള്‍ മുഴുവന്‍ അദ്ദേഹം കണ്‍പാര്‍ത്തുകൊണ്ടിരുന്നു. പുരസ്‌കാരങ്ങള്‍ക്കോ പ്രശസ്തിക്കോ പിന്നാലെ സഞ്ചരിച്ചില്ല. പ്രസംഗവേദികളിലും എഴുത്താളന്മാരുടെ നാട്ടുകൂട്ടങ്ങളിലും കെട്ടുകാഴ്ചകളിലും പ്രത്യക്ഷപ്പെട്ടില്ല. പത്രത്താളുകളിലെ അഭിമുഖക്കോളങ്ങളില്‍ പായവിരിച്ചു കിടന്നില്ല. നിലാവെട്ടത്തുനിന്നു മാറി നിര്‍മലവും ശാന്തവുമായ തന്റെ ചെറുലോകത്തിരുന്നുകൊണ്ട് തനിക്കു സാധ്യമായ കര്‍മ്മങ്ങളില്‍ മാത്രം മുഴുകിക്കൊണ്ടിരുന്നു. ആത്മാവില്‍ അന്തര്‍വാഹിനിയായി ഒഴുകിക്കൊണ്ടിരിക്കുന്ന ദിവ്യദുഃഖത്തിന്റെ സരസ്വതി വല്ലപ്പോഴും മാത്രം നേര്‍ത്ത ഉറവയായി പുറത്തുവന്നെങ്കിലായി.
‘എന്തിന്’ എന്ന കവിതയില്‍ പറഞ്ഞപോലെ,
”ഏതു ദുഃഖത്തിന്‍ നിഗൂഢതടങ്ങളിലെന്‍
ചേതനയാചരിപ്പൂ കൊടുംതപം.
ഞാനറിയുന്നതി,ല്ലെങ്കിലും കാക്കുന്നു
ജീവിതമാകുമനാഥശവത്തെ ഞാന്‍!”
അന്തരാത്മാവ് തപിക്കുകയാണെങ്കിലും ബാഹ്യപ്രകൃതി ശാന്തവും പ്രസന്നവുമാണ്. തന്നെത്തേടിയെത്തുന്നവരിലേക്ക് സദാ തുളുമ്പിനില്ക്കുന്ന നിഷ്‌കളങ്കമായ നറുപുഞ്ചിരിയും നിറഞ്ഞ മുഖപ്രസാദവും മൃദുശാന്തമായ സംസാരവും സ്‌നേഹപൂരിതമായ പെരുമാറ്റവും കൊണ്ട് പ്രസാദാത്മകമായ ഉന്മേഷം പകരുകയുമാണ് അദ്ദേഹം ചെയ്തിരുന്നത്.
അവസാനകാലത്ത് ഒരിക്കലും കൊതിക്കാതെയും പ്രതീക്ഷിക്കാതെയും ഒരു ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. തികഞ്ഞ നിസ്സംഗതയോടെയാണ് അതദ്ദേഹം സ്വീകരിച്ചത്, മറ്റാര്‍ക്കോ വേണ്ടി എന്നപോലെ.
പുരസ്‌കാരലബ്ധിയുടെ ആ വേളയില്‍ ‘തപസ്യ’യുടെ ആഭിമുഖ്യത്തില്‍ ഒരു സ്വീകരണം നല്കാനായി സമീപിച്ചപ്പോള്‍ പുഞ്ചിരിയോടെ വിസമ്മതിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ”പൊതുവേദിയിലേക്കൊന്നും ഞാനില്ല. നിങ്ങള്‍ വീട്ടിലേക്ക് വരൂ. നമുക്കിവിടെ വര്‍ത്തമാനം പറഞ്ഞിരിക്കാം.”
അന്ന് തപസ്യയുടെ ഉപാധ്യക്ഷനായിരുന്ന പ്രശസ്തകവി പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ കുറച്ചുപേര്‍ രാമചന്ദ്രന്‍മാഷുടെ കോഴിക്കോട് തളിയിലെ വസതിയായ ‘സന്ധ്യ’യിലെത്തി. മുകളിലത്തെ വലിയ മുറിയില്‍ നിലത്ത് പുല്ലുപായവിരിച്ച് ഞങ്ങളോടൊത്ത് അദ്ദേഹം ചമ്രംപടിഞ്ഞിരുന്നു. ചെറുസംവാദം. ചോദ്യങ്ങള്‍ക്ക് സൗമ്യമായ മറുപടി. ജീവിതസന്ധ്യക്കടുത്തെത്തിയ കവിയുടെ കാവ്യസഞ്ചാരാനുഭവങ്ങള്‍. സന്ധ്യക്കു തുടങ്ങിയ ആ ചേര്‍ന്നിരിപ്പ് രാത്രിയേറെ നീണ്ടു. കവിമനസ്സില്‍നിന്നുള്ള ലോലവും തീക്ഷ്ണവുമായ വിചാരതരംഗങ്ങളാണ് അന്ന് ഞങ്ങളിലേക്ക് പ്രസരിച്ചത്.
തനിക്കേറ്റവും പ്രിയപ്പെട്ട തന്റെ അനുജന്‍, പ്രശസ്ത നിരൂപകനും ഭാഷാപണ്ഡിതനുമായിരുന്ന ആര്‍. വിശ്വനാഥന്‍ മരിച്ചതോടെ ദുഃഖഭാരത്താല്‍ തരളിതമായിത്തീര്‍ന്ന ആ വൃദ്ധഹൃദയം മരണത്തെ സ്വയം വരിക്കുകയായിരുന്നത്രേ. വിശ്വനാഥന്‍മാഷുടെ വിയോഗശേഷം ”ഒരുതുള്ളി വെള്ളംപോലും കുടിക്കാതെ അവസാനനിമിഷം വരെ, ദിവസങ്ങളോളം, ഒറ്റക്കിടപ്പായിരുന്നു അച്ഛന്‍” എന്ന് രാമചന്ദ്രന്‍ മാഷുടെ മകന്‍ എന്നോട് പറയുകയുണ്ടായി.
ആയുസ്സില്‍ മുക്കാലും അദ്ദേഹം പഠിപ്പിച്ചുകൊണ്ടേയിരുന്നു. ഭാഷയും സാഹിത്യവും. പാശ്ചാത്യസാഹിത്യവും ഭാരതീയസാഹിത്യവും മലയാളസാഹിത്യവും. ജീവിതകാലം മുഴുവന്‍ വെളുപ്പിനെഴുന്നേറ്റ് കുളിച്ച് ഗായത്രി ജപിച്ച് അര്‍ഘ്യംകൊടുത്ത് പൂജകള്‍ ചെയ്ത് പാരമ്പര്യമായ ആചാരാനുഷ്ഠാനങ്ങള്‍ ചെയ്തുപോന്നു. ആള്‍ത്തിരക്കുകള്‍ക്കിടയിലൂടെ ആളറിയാതെ നടന്നുനീങ്ങി. ഒരുറുമ്പിനെപ്പോലും നോവിക്കാതെ. ചില അപൂര്‍വനിമിഷങ്ങളില്‍ ആത്മപരതയില്‍നിന്ന് പുറത്തുകടക്കാനുള്ള ചോദന കവിതയായി പുറത്തേക്കൊഴുകി. ദിവ്യദുഃഖത്തിന്റെ പൊരുളിലേക്ക് നീളുന്ന കാവ്യായനം.
(അവസാനിച്ചു)