വെളുപ്പിന് തന്നെ കൊണാര്‍ക്ക് സൂര്യക്ഷേത്രം കാണാന്‍ പോകാമെന്ന ധാരണയിലാണ് ഉറങ്ങാന്‍ കിടന്നത്. സാധാരണ രാവിലെ നാലു മണിക്ക് എഴുന്നേല്‍ക്കുന്ന ഞാന്‍ യാത്രാക്ഷീണം കൊണ്ട് അല്പം കൂടുതല്‍ ഉറങ്ങിപ്പോയെങ്കിലും നാലരയ്ക്ക് എഴുന്നേറ്റു. എന്തോ ഒരു ഉത്സാഹമില്ലായ്മ എനിക്ക് അനുഭവപ്പെട്ടു. ഞങ്ങളുടെ യാത്രാ സംഘത്തിലെ മറ്റ് മൂന്നുപേരും ഉറക്കത്തിലാണ്. അവരെ ശല്യപ്പെടുത്താതെ ഞാന്‍ കുളിക്കാനുള്ള തയ്യാറെടുപ്പ് നടത്തി. നേരിയ തണുപ്പുള്ളതിനാല്‍ വെള്ളം ചൂടാക്കാനുള്ള ഏര്‍പ്പാടുകള്‍ ഞാന്‍ കാര്യാലയ പ്രമുഖിനോട് തലേന്നു തന്നെ അന്വേഷിച്ചിരുന്നു. കുളിമുറിയില്‍ വെള്ളം ചൂടാക്കാനുള്ള ഗീസര്‍ ഉണ്ടായിരുന്നില്ല. പകരം ഇലക്ട്രിക് കോയില്‍ വെള്ളത്തില്‍ മുക്കി ഇട്ട് ചൂടാക്കുന്ന ഏര്‍പ്പാട് മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. എന്തായാലും കോയില്‍ പവര്‍ പ്ലഗ്ഗില്‍ കുത്തിവച്ചിട്ട് വെള്ളമെടുക്കാനായി ഞാന്‍ കുളിമുറിയിലേക്ക് പോയി. വെള്ളമെടുത്ത് തിരികെ വരുമ്പോള്‍ ഇലക്ട്രിക് കോയില്‍ കുത്തിവച്ച മുറിയില്‍ വലിയ വെളിച്ചം കാണുന്നുണ്ടായിരുന്നു. പെട്ടെന്ന് ചെന്ന് നോക്കുമ്പോള്‍ മുറിയില്‍ തീ പടരുന്ന കാഴ്ചയാണ് കാണുന്നത്. പവര്‍ പ്ലഗിന്റെ സ്വിച്ച് ശരിയായിരുന്നില്ല. ഞാന്‍ കോയില്‍ പ്ലഗ്ഗില്‍ കുത്തിയപ്പോള്‍ മുതല്‍ കോയില്‍ ചൂടാകാന്‍ തുടങ്ങിയിരുന്നു എന്നു വേണം കരുതാന്‍. സ്വിച്ച് ഓണാക്കാതെ തന്നെ കോയില്‍ പഴുത്തു. കോയില്‍ വച്ചിരുന്ന ഫൈബര്‍ ടീപ്പോയി ഏതാണ്ട് കത്തി തീര്‍ന്നു കഴിഞ്ഞിരുന്നു. അടുത്തുണ്ടായിരുന്ന പേപ്പറുകളിലേക്ക് തീ പടര്‍ന്നു തുടങ്ങിയപ്പോഴാണ് ഞാന്‍ എത്തിയത്. ബക്കറ്റില്‍ ഉണ്ടായിരുന്ന വെള്ളമൊഴിച്ച് ഒരു വിധത്തില്‍ തീ കെടുത്തി. ആരെയും വിളിച്ചുണര്‍ത്താന്‍ പോയില്ല. അല്പം കൂടി താമസിച്ചിരുന്നെങ്കില്‍ അത് വലിയൊരു ദുരന്തമായി മാറിയേനെ. മാത്രമല്ല – കോയില്‍ പ്ലഗ്ഗില്‍ കുത്തിയപ്പോള്‍ എനിക്ക് ഷോക്കേല്‍ക്കേണ്ടതായിരുന്നു. എങ്ങനെയാണ് ഞാന്‍ രക്ഷപ്പെട്ടതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. എന്തായാലും യാത്രാമുഖത്തിലെ നിമിത്തം അത്ര ശുഭമായി തോന്നിയില്ല. എല്ലാവരും കുളിച്ച് തയ്യാറായി പുറപ്പെട്ടപ്പോള്‍ അഞ്ചേകാല്‍ കഴിഞ്ഞിരുന്നു.
ഡ്രൈവര്‍ സപ്‌നി അഞ്ചുമണിക്ക് തന്നെ തയ്യാറായി എത്തിയതാണ്. കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തില്‍ നിന്നും മൂന്നു കിലോമീറ്റര്‍ കിഴക്കു മാറിസ്ഥിതി ചെയ്യുന്ന ചന്ദ്രഭാഗാ ബീച്ചില്‍ നിന്നാല്‍ സൂര്യോദയം മനോഹരമായി കാണാന്‍ കഴിയുമായിരുന്നു. അവിടെ സൂര്യോദയം കണ്ടതിനു ശേഷം കൊണാര്‍ക്കിലേക്ക് പോകാമെന്ന് നിശ്ചയിച്ചു. പുരിയില്‍ നിന്നും ഏതാണ്ട് മുപ്പത് കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു കൊണാര്‍ക്കിലേക്ക്. വഴി വളരെ നല്ലതും തിരക്കില്ലാത്തതും ആയിരുന്നിട്ടും ഡ്രൈവര്‍ അധികം വേഗത കൂട്ടിയില്ല. കാരണമന്വേഷിച്ചപ്പോഴാണ് അയാള്‍ പറഞ്ഞത് വഴിയോരത്തുള്ള ചെറുകാടുകളില്‍ മാന്‍പറ്റങ്ങള്‍ മേയുന്നുണ്ടാവും – ഏതു നിമിഷവും അവ വഴി മുറിച്ചു ചാടാനുള്ള സാധ്യത ഉണ്ട്.
ആറു മണി ആയപ്പോള്‍ ഞങ്ങള്‍ ചന്ദ്രഭാഗ കടല്‍ത്തീരത്തെത്തി. ഭാരതത്തിന്റെ കിഴക്കന്‍ തീരത്തുനിന്ന് സൂര്യോദയം കാണുക എന്നതിനേക്കാള്‍ സൂര്യാരാധനയ്ക്ക് പേരുകേട്ട ഒഡീഷയിലെ സൂര്യക്ഷേത്രത്തിന്റെ പരിസരത്തുനിന്ന് ഉദയം കാണുക എന്ന സവിശേഷതയാണ് ഞങ്ങളെ കൂടുതല്‍ ആകര്‍ഷിച്ചത്. രാജ്യത്ത് കോവിഡ് ഏല്‍പ്പിച്ച മ്ലാനത വിനോദസഞ്ചാര കേന്ദ്രങ്ങളെ ബാധിച്ചിരുന്നു. രണ്ടോ മൂന്നോ ടൂറിസ്റ്റ് ബസ്സുകളും കുറച്ച് കാറുകളും മാത്രമാണ് അവിടെ എത്തിയിട്ടുണ്ടായിരുന്നത്. സമുദ്രതീരത്ത് കുറെയേറെ ജനങ്ങള്‍ സൂര്യോദയം പ്രതീക്ഷിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. പലരും തികഞ്ഞ ഭക്തിയോടെ കീര്‍ത്തനങ്ങള്‍ പാടിക്കൊണ്ടാണ് ഇരുന്നത്. പുരാതന ഭാരതത്തില്‍ സൂര്യാരാധന വ്യാപകമായിരുന്നു. കേരളത്തില്‍ കോട്ടയം ജില്ലയിലെ ആദിത്യപുരം ക്ഷേത്രം ഇന്നും സൂര്യോപാസനയുടെ ഒന്നാന്തരം ഉദാഹരണമായി പരിലസിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ സത്യത്തില്‍ ഭാനുപുരമായിരുന്നത്രെ. ഭാനു എന്നാല്‍ സൂര്യന്‍ എന്നാണല്ലോ അര്‍ത്ഥം. ഭാനുപുരത്തെ സൂര്യക്ഷേത്രം തകര്‍ത്ത് അതിന്റെ മേലെ മുസ്ലീം അധിനിവേശ കാലത്ത് പള്ളി പണിഞ്ഞതായ വിശ്വാസം പ്രദേശവാസികളില്‍ നിന്നും നേരിട്ട് കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഗുജറാത്തില്‍ ഇന്നും നിരവധി സൂര്യക്ഷേത്രങ്ങള്‍ ഉണ്ട്. ചിലതെങ്കിലും നേരിട്ട് കാണാനും കഴിഞ്ഞിട്ടുണ്ട്. ഏഴാം നൂറ്റാണ്ടു മുതല്‍ ഒഡീഷയില്‍ സൂര്യാരാധന പ്രബലമായി തുടങ്ങിയതായി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നു. ഭുവനേശ്വറിനടുത്തുള്ള പരശുരാമ ക്ഷേത്രത്തില്‍ സൂര്യവിഗ്രഹം ഇപ്പോഴുമുണ്ട്. അതുപോലെ കട്ടക്കിലെ സിംഹനാഥ് മന്ദിരത്തിലും ചൗരാസി ജില്ലയിലെ വരാഹി ക്ഷേത്രത്തിലും ഭുവനേശ്വറിലെ വൈതാള്‍ മന്ദിരത്തിലുമൊക്കെ ഇപ്പോഴും സൂര്യവിഗ്രഹം കാണാന്‍ കഴിയും.
ഭൂമിയിലെ ജീവജാലങ്ങള്‍ക്കു മുഴുവന്‍ ഊര്‍ജ്ജ ദാതാവായ സൂര്യനാരായണന്റെ ശ്രീലകം തുറക്കുന്നതും കാത്ത് ഞങ്ങളും നിലകൊണ്ടു. അപ്പോഴാണ് സൈക്കിളില്‍ മണ്‍ചിരാത് വില്‍ക്കുന്ന ഒരു ഗ്രാമീണന്‍ എന്റെ ശ്രദ്ധയില്‍ പെട്ടത്. നെയ് ഒഴിച്ച് തിരിയിട്ട മണ്‍വിളക്കുകള്‍ വാങ്ങി സ്ത്രീകള്‍ സൂര്യാരാധനയ്ക്കായി തീരത്ത് ഭക്തിപൂര്‍വ്വം കൊളുത്തിവച്ചു കൊണ്ടിരുന്നു. തീരത്തെ പൂഴി കൂട്ടി അതില്‍ മണ്‍വിളക്ക് കൊളുത്തി ഉദയ സൂര്യനെ വരവേല്‍ക്കാന്‍ സ്ത്രീകളാണ് മുന്നിട്ടു നിന്നിരുന്നത്. പൂജ കൈക്കൊള്ളാനെന്ന പോലെ തീരത്തേയ്ക്ക് ഉരുണ്ടു കയറുന്ന തിരമാലക്കൈകള്‍ കൊണ്ട് ചില വിളക്കുകള്‍ സമുദ്രം ഏറ്റെടുത്ത് മടങ്ങുന്നുണ്ടായിരുന്നു. എന്തായാലും വിളക്കു വില്‍പ്പനക്കാരനെ ഒന്നു പരിചയപ്പെടാമെന്നു കരുതി. ഡംബോധര്‍ പാണ്ഡെ എന്ന ചിരാത് വില്‍പ്പനക്കാരന്‍ പറയുന്നതത്രയും കടുത്ത ഒറിയ ഭാഷയിലാണ്. എങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. രണ്ടു ഫോട്ടോയൊക്കെ എടുത്തതോടെ ഇഷ്ടന്‍ സന്തുഷ്ടനായി. കിഴക്കന്‍ ചക്രവാളം മേഘാവൃതമായിരുന്നതുകൊണ്ട് ഉദയം വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല. കിഴക്കന്‍ ചക്രവാളത്തില്‍ പരന്നൊഴുകിയ കുങ്കുമ രാശി ഉദയം കഴിഞ്ഞെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. വെളിച്ചം നന്നായി പരന്നതോടെ ഞങ്ങള്‍ മണല്‍പ്പരപ്പിലൂടെ തിരിച്ച് നടക്കാനാരംഭിച്ചു.
ചന്ദ്രഭാഗ ബീച്ചിന് ആ പേരു വരാന്‍ കാരണം ചന്ദ്രഭാഗ എന്ന നദി ആയിരുന്നു. ചന്ദ്രഭാഗ നദി കടലില്‍ ചേരുന്ന സംഗമസ്ഥാനത്തെ ഭക്തജനങ്ങള്‍ ഒരു തീര്‍ത്ഥ ഘട്ടമായി കണക്കാക്കി പോരുന്നു. പുരാണ കഥകള്‍ അനുസരിച്ച് സാക്ഷാല്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ പുത്രനായ സാംബന് കുഷ്ഠരോഗം ബാധിക്കുകയും അയാള്‍ ചന്ദ്രഭാഗാ നദീമുഖത്തെത്തി വ്രതനിഷ്ഠകളോടെ സൂര്യാരാധന നടത്തുകയും ചെയ്തു. ഇതിന്റെ ഫലമായി അയാള്‍ക്ക് രോഗമുക്തി ഉണ്ടായി പോലും. കാലാന്തരത്തില്‍ ചന്ദ്രഭാഗ നദി വറ്റിവരണ്ട് അപ്രത്യക്ഷമായി. നദി കടലില്‍ ചേര്‍ന്നു എന്നു കരുതുന്ന സ്ഥലത്തുള്ള ഒരു ജലാശയത്തെ ജനങ്ങള്‍ നദിയായി കണ്ട് ആരാധിക്കുന്നു. പുണ്യനദിയായ സരസ്വതീനദി ഭൂമുഖത്തുനിന്നും അന്തര്‍ധാനം ചെയ്തതുപോലൊരു ഇതിവൃത്തമാണ് ചന്ദ്രഭാഗാ നദിയെക്കുറിച്ചും ഉള്ളത്. കുളം പോലെ കിടക്കുന്ന വെള്ളക്കെട്ടിനെ നദിയുടെ സാന്നിദ്ധ്യമായി കണ്ട് മാഘ പൗര്‍ണ്ണമിയ്ക്ക് ഇപ്പോഴും പതിനായിരങ്ങള്‍ സംഗമിച്ച് സ്‌നാനം നടത്തി ആരാധനകള്‍ ചെയ്യുന്നു. ഞങ്ങള്‍ സമുദ്രതീരത്തോടു ചേര്‍ന്നുള്ള കുളക്കരയിലെത്തി ചന്ദ്രഭാഗ എന്ന മണ്‍മറഞ്ഞ നദിക്ക് മനസ്സുകൊണ്ട് ശ്രദ്ധാഞ്ജലി ചെയ്തു. ഒരുപക്ഷെ ഭാരതപ്പുഴയ്ക്കും പമ്പയ്ക്കുമൊക്കെ ഈ വിധിയാകാം കാത്തിരിക്കുന്നതെന്ന് ഒരു നിമിഷം മനസ്സിലോര്‍ത്തു പോയി.
സമുദ്രതീരത്തുകൂടി അലസമായി നടന്നു നീങ്ങുമ്പോഴാണ് വിദൂരതയില്‍ നിന്നും ഒരു സുപ്രഭാത കീര്‍ത്തനം ഞങ്ങളുടെ ശ്രദ്ധയില്‍ പ്പെട്ടത്. മത്സ്യത്തൊഴിലാളികളുടെ ഗ്രാമത്തിലെ ഏതോ കൊച്ചു ക്ഷേത്രത്തില്‍ നിന്നാവാം ആ സുപ്രഭാതം. ഞങ്ങള്‍ പാട്ടുകേട്ട ദിക്കിലേയ്ക്ക് കുറച്ചു ദൂരം നടന്നു. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. സുപ്രഭാത കീര്‍ത്തനം യേശുവിനെ സ്തുതിക്കുന്നതായിരുന്നു. പള്ളിയിലെ കുര്‍ബാനയ്ക്കു മുമ്പുള്ള പെട്ടിപ്പാട്ടായിരുന്നു അത്. ഹിന്ദു മത്സ്യത്തൊഴിലാളികളെ മതം മാറ്റാനും പള്ളികളിലേക്ക് ആകര്‍ഷിക്കാനും ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്ന നിരവധി തന്ത്രങ്ങളില്‍ ഒന്നിന്റെ അനുഭവസാക്ഷ്യമാണ് ഞങ്ങള്‍ക്കുണ്ടായത്. ആന്ധ്രയില്‍ നിന്നും കുടിയേറിയ മത്സ്യത്തൊഴിലാളികളുടെ ഗ്രാമത്തില്‍ നിന്നായിരുന്നു യേശു സുപ്രഭാതം കേട്ടിരുന്നതെന്ന് ഞങ്ങള്‍ അന്വേഷിച്ച് മനസ്സിലാക്കി. ആന്ധ്രയില്‍ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളില്‍ നടക്കുന്ന മിഷനറി പ്രവര്‍ത്തനം ഒഡീഷയിലേക്ക് എങ്ങനെയാണ് നീണ്ടു വരുന്നതെന്ന് ഞങ്ങള്‍ക്ക് നേരിട്ട് ബോധ്യമായി. തീരത്ത് മത്സ്യബന്ധനത്തിന് കടലില്‍ പോയ വള്ളങ്ങള്‍ അടുത്തു കൊണ്ടിരുന്നു. അത്യദ്ധ്വാനം വേണ്ട മത്സ്യബന്ധനത്തില്‍ ബോട്ടുകള്‍ തീരത്തേയ്ക്ക് അടുപ്പിക്കാന്‍ കഷ്ടപ്പെടുന്ന തൊഴിലാളികളെ നോക്കി കുറച്ചു സമയം നിന്നു. വള്ളങ്ങളിലൊന്നും കാര്യമായി മത്സ്യ മുണ്ടായിരുന്നില്ല. ഒരുപക്ഷെ മത്സ്യ പ്രവര്‍ത്തകകോളനികളില്‍ പട്ടിണിയാവാം. ആ പട്ടിണിയുടെ നടുക്കടലിലാവാം മത മത്സ്യബന്ധനത്തിന് മിഷണറിമാര്‍ അവരുടെ വള്ളമിറക്കിയിരിക്കുന്നത്. യേശു തന്റെ ആദ്യ ശിഷ്യന്മാരായി മാറിയ മത്സ്യത്തൊഴിലാളികളോട് വള്ളവും വലയും ഉപേക്ഷിച്ച് തന്നെ പിന്‍തുടര്‍ന്നാല്‍ അവരെ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്നു പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് എനിക്ക് ശരിക്കും മനസ്സിലായത്. ഞങ്ങള്‍ കാറിനടുത്തേയ്ക്ക് തിരിച്ചു നടക്കുന്നതിനിടയില്‍ സമുദ്രതീരത്ത് വലിയ കവാടങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചു. ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചു വരെ എല്ലാ വര്‍ഷവും നടന്നുവരാറുള്ള ഇന്റര്‍നാഷണല്‍ സാന്റ് ആര്‍ട്ട് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം സൂചിപ്പിക്കുന്ന കമാനങ്ങളായിരുന്നു ഉയര്‍ന്നു കൊണ്ടിരുന്നത്. ചന്ദ്രഭാഗ ബീച്ചിലെ നേര്‍മ്മയുള്ള മണല്‍ മണല്‍ശില്‍പ്പങ്ങള്‍ ഉണ്ടാക്കാന്‍ ഉത്തമമാണത്രെ. ലോക പ്രസിദ്ധരായ മണല്‍ശില്‍പ്പികള്‍ സംഗമിക്കുന്ന ഉത്സവകാലം തുടങ്ങുന്ന ദിവസമാണ് ഞങ്ങള്‍ കൊണാര്‍ക്കിലെത്തിയത്. ചന്ദ്രഭാഗ ബീച്ചില്‍ നിന്നും കഷ്ടിച്ച് മൂന്നു കിലോമീറ്റര്‍ ദൂരമേ കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിലേയ്ക്ക് ഉണ്ടായിരുന്നുള്ളൂ.
സൂര്യ സൗധത്തിന്റെ ചുവട്ടില്‍
കൊണാര്‍ക്ക് സൂര്യക്ഷേത്രം വിദൂരത്തില്‍ നിന്നു തന്നെ തല ഉയര്‍ത്തി ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. പാഠപുസ്തകത്താളില്‍ മാത്രം കണ്ടു പരിചയമുണ്ടായിരുന്ന സൂര്യക്ഷേത്രം കണ്‍മുന്നില്‍ എത്തിയപ്പോള്‍ വല്ലാത്തൊരു ആവേശം തോന്നി. ഈജിപ്തിലെ പിരമിഡുകളെപ്പോലെ കൂമ്പന്‍ വാസ്തു മാതൃകയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ആ ശിലാശില്പം ചരിത്ര സംഭവങ്ങളുടെ വേലിയേറ്റങ്ങള്‍ക്കും വേലി ഇറക്കങ്ങള്‍ക്കും സാക്ഷിയായി ഇളം വെയിലില്‍ കുളിച്ച് നിന്നു. രാവിലെ എട്ടുമണിക്കു തന്നെ സന്ദര്‍ശകര്‍ എത്തിത്തുടങ്ങിയിരിക്കുന്നു. കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിന്റെ ചരിത്രവും നിര്‍മ്മിതിയുടെ സവിശേഷതകളുമെല്ലാം സവിസ്തരം പ്രതിപാദിക്കുന്ന ഒരു മ്യൂസിയം ക്ഷേത്രത്തിന്റെ മുന്നില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ ഓയില്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചിരിക്കുന്ന മ്യൂസിയത്തിലെ പ്രവേശനം സൗജന്യമാണ്. ആദ്യം കയറണമോ എന്ന് സംശയിച്ചെങ്കിലും കൊണാര്‍ക്ക് ക്ഷേത്രത്തെക്കുറിച്ച് ഒരു സാമാന്യ വിവരം കിട്ടിയാലോ എന്ന് കരുതിയ ഞങ്ങള്‍ മ്യൂസിയം കാണാന്‍ തന്നെ തീരുമാനിച്ചു. കയറി കഴിഞ്ഞപ്പോഴാണ് അവിടെ കയറാതെ പോയിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന നഷ്ടത്തെക്കുറിച്ച് മനസ്സിലായത്. കാരണം കൊണാര്‍ക്ക് സൂര്യക്ഷേത്രത്തെക്കുറിച്ച് ഇതുവരെ ലഭിച്ചിട്ടുള്ള മുഴുവന്‍ വിവരങ്ങളും വളരെ ചിട്ടയോടെയും ശാസ്ത്രീയമായും ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തകര്‍ക്കപ്പെട്ട ശില്‍പ്പങ്ങളുടെ ചെറു രൂപങ്ങള്‍വരെ പുനര്‍നിര്‍മ്മിച്ച് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ വാസ്തുശൈലിയും ചരിത്രവും വളരെ കൃത്യമായി രേഖപ്പെടുത്തി വച്ചിരിക്കുന്ന ഇത്തരം മ്യൂസിയങ്ങള്‍ രാജ്യത്തെ മറ്റ് സ്മാരകങ്ങള്‍ക്കു മുന്നിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി. മ്യൂസിയത്തിലെ നിരവധി ശില്പങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി സൂക്ഷിക്കേണ്ടതു തന്നെയാണ്. കുറച്ചു സമയമെടുത്തു തന്നെ ഞാന്‍ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. മ്യൂസിയത്തിനുള്ളില്‍ സജ്ജമാക്കിയിട്ടുള്ള തീയേറ്ററില്‍ കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിന്റെ കഥ പറയുന്ന ആനിമേഷന്‍ സിനിമ കൂടി കണ്ട് പുറത്തിറങ്ങിയ ഞങ്ങള്‍ നേരെ പോയത് ക്ഷേത്രം കാണാനായിരുന്നു. കവാടത്തില്‍ തന്നെ പാസ് എടുക്കാനുള്ള കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പ്രഭാത വെളിച്ചത്തില്‍ സൂര്യക്ഷേത്രം ക്യാമറയ്ക്ക് ഒരു വിരുന്നു തന്നെയായിരുന്നു. ഔചിത്യബോധം തരിമ്പുമില്ലാത്ത സെല്‍ഫിക്കാരുടെ ശല്യമൊഴിവാക്കി സൂര്യ ക്ഷേത്രത്തിന്റെ ചിത്രം പകര്‍ത്താന്‍ കുറച്ച് പണിപ്പെടേണ്ടി വന്നു.
സൂര്യരഥത്തിന്റെ രൂപത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രവേശന ദ്വാരം കടന്ന് പടിക്കെട്ടുകള്‍ കയറി എത്തുന്നത് തകര്‍ന്നു കിടക്കുന്ന നട മന്ദിരത്തിലേക്കാണ്. ശ്രീകോവിലിന്റെ മുന്നില്‍ വളരെ ഉയരത്തില്‍ കരിങ്കല്ലുകൊണ്ട് പടുത്തുയര്‍ത്തിയിരിക്കുന്ന നൃത്ത മണ്ഡപത്തിന്റെ തറ മാത്രമേ ഇപ്പോള്‍ ശേഷിക്കുന്നുള്ളൂ. പൊളിഞ്ഞ ചുവരിന്റെ അവശിഷ്ടങ്ങള്‍ തന്നെ ഇതിന്റെ ബൃഹദാകാരം വിളിച്ചു പറയുന്നുണ്ടായിരുന്നു. സത്യത്തില്‍ 1837 ല്‍ പ്രധാന ശ്രീകോവില്‍ തകര്‍ക്കപ്പെടുകയോ തകര്‍ന്നു വീഴുകയോ ചെയ്തിരുന്നു. ഇപ്പോള്‍ അവശേഷിക്കുന്നത് നടമണ്ഡപം അഥവാ നൃത്ത മണ്ഡപവും ഭോഗ മണ്ഡപവും മാത്രമാണ്. ഭോഗ മണ്ഡപത്തെയാണ് ഇന്ന് സഞ്ചാരികള്‍ ശ്രീകോവിലായി കണക്കാക്കിപ്പോരുന്നത്.

സൂര്യശില്പത്തിന്റെ മാതൃക
ശ്രീകോവിലിനും നൃത്തമണ്ഡപത്തിനും ഇടയിലായിരുന്നു ചരിത്രപ്രസിദ്ധമായ അരുണ സ്തംഭം നിലനിന്നിരുന്നത്. സൂര്യന്റെ തേരാളിയായി കരുതുന്ന അരുണ ശില്പം സ്ഥാപിച്ച 10.26 മീറ്റര്‍ ഉയരമുള്ള കരിങ്കല്‍ നിര്‍മ്മിതമായ തൂണ് ഛത്രപതി ശിവാജിയുടെ നേതൃത്വത്തില്‍ മറാത്ത ബ്രഹ്‌മചാരി ഗോസ്വാമി പുരി ജഗന്നാഥ ക്ഷേത്രത്തിലെ സിംഹദ്വാരത്തിനു മുന്നില്‍ കൊണ്ടുപോയി സ്ഥാപിച്ചു. അക്കാലത്ത് കൊണാര്‍ക്ക് സൂര്യക്ഷേത്രം ജീര്‍ണ്ണാവസ്ഥയിലായിരുന്നതുകൊണ്ടാവാം അരുണ സ്തംഭം പുരിയിലേക്ക് മാറ്റിയത്. കൊണാര്‍ക്ക് ക്ഷേത്ര കവാടത്തിലുള്ള സിംഹ ശില്പത്തിന്റെ മാതൃകയിലുള്ള ശില്പം ഒഡീഷയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കാണാന്‍ കഴിയും. സിംഹത്തിന്റെ റിയലിസ്റ്റിക്ക് ശൈലിയിലുള്ള രൂപമല്ല ഇതെന്നതും പ്രത്യേകം പരാമര്‍ശിക്കാതെ വയ്യ. ശൈലീകൃതമായ ഈ ശില്പ മാതൃക പൊതുവില്‍ ഒഡീഷയിലെ ക്ഷേത്രങ്ങളിലെല്ലാം സമാനമായി ഇന്നും പിന്‍തുടര്‍ന്നു പോരുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇന്ന് ശ്രീലങ്കയുടെ ദേശീയ പതാകയില്‍ കാണപ്പെടുന്ന സിംഹത്തിന്റെ രൂപ മാതൃക ഒരുപക്ഷെ അവര്‍ക്ക് ലഭിച്ചത് പുരാതന ഒഡീഷയിലെ ക്ഷേത്രങ്ങളില്‍ കാണപ്പെടുന്ന സിംഹ രൂപങ്ങളില്‍ നിന്നാവാം. ഒഡീഷന്‍ തീരവുമായി അതിപ്രാചീനകാലം മുതല്‍ ലങ്കയ്ക്ക് വാണിജ്യ ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകള്‍ ലഭ്യമാണ്.
(തുടരും)