‘ഇസ്ലാം ഇല്ലാത്ത ജീവിതാവസ്ഥ അടിമത്തമാണ്’ എന്നു പ്രഖ്യാപിച്ചത് മുസ്ലിം മതമൗലികവാദത്തിന്റെ വക്താക്കളിലൊരാളായ സയ്യിദ് ഖുതുബ് ആണ്. ജനങ്ങള്‍ക്ക് പരമാധികാരമുള്ള ഇസ്ലാമികേതര സംവിധാനം തുടച്ചുനീക്കുകയും ഇസ്ലാമിക നിയമവ്യവസ്ഥയായ ശരിയത്ത് ലോകത്തുടനീളം നടപ്പാക്കുകയും ചെയ്യണമെന്ന് ഖുതുബ് ആഹ്വാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘മഹലി മു ഫിത്ത്വരീഖ്’ എന്ന കൃതി ഇസ്ലാമിക തീവ്രവാദത്തിന്റെ മാഗ്‌നാകാര്‍ട്ടയായി കരുതപ്പെടുന്നു.
മതമൗലികവാദത്തിന്റെ ആദ്യപടി സമ്പൂര്‍ണ്ണമായ മതവല്‍ക്കരണമാണ്. മതേതരമായ എല്ലാ സാമൂഹ്യക്രമങ്ങളെയും മതവല്‍ക്കരിക്കുകയും അതിനു തയ്യാറല്ലാത്തവയോട് ‘ജിഹാദ്’ ചെയ്യുകയുമാണ് ഇസ്ലാമിക തീവ്രവാദത്തിന്റെ ആഗോള രീതിശാസ്ത്രം. ഓപ്പറേഷന്‍ തീയേറ്ററിനുള്ളില്‍ തലമറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളുടെ കത്ത് മതേതരത്വത്തെ മതവല്‍ക്കരിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന കാര്യത്തില്‍ സംശയമില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 2020 എംബിബിഎസ് ബാച്ചിലെ വിദ്യാര്‍ഥിനിയാണ് എംബിബിഎസ് ബാച്ചിലെ ആറ് വിദ്യാര്‍ഥിനികളുടെ ഒപ്പുകളോട് കൂടിയ കത്ത് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ.മോറിസിന് നല്‍കിയത്.
മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകള്‍ക്ക് എല്ലാ സാഹചര്യങ്ങളിലും തല മറയ്ക്കുന്ന ഹിജാബ് നിര്‍ബന്ധമാണെന്നും ഓപ്പറേഷന്‍ തീയേറ്ററിനുള്ളില്‍ തങ്ങളെ തല മറയ്ക്കാന്‍ അനുവദിക്കാറില്ലെന്നും ആശുപത്രിയുടേയും, ഓപ്പറേഷന്‍ റൂമിലെയും ചട്ടങ്ങള്‍ പാലിക്കുന്നതിനോടൊപ്പം മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിനും അനുവാദം നല്‍കണമെന്നുമായിരുന്നു വിദ്യാര്‍ഥിനികളുടെ ആവശ്യം. വിശ്വാസ സംരക്ഷണത്തിനുവേണ്ടിയുള്ള നിഷ്‌കളങ്കമായ ഒരു നിവേദനമായി ഈ കത്തിനെ കാണാനാവില്ല. സംഭവം വിവാദമായതോടെ ചില മുസ്ലിം സംഘടനകള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളുടെ ഹിജാബ് ആവശ്യത്തിന് അനുകൂലമായി രംഗത്ത് വന്നു. വിദ്യാര്‍ത്ഥിനികളുടെ ആവശ്യം ന്യായമാണെന്ന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നല്‍കിയ കത്ത് എങ്ങനെ പുറത്ത് പോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ മുന്‍ഗണന നല്‍കേണ്ടത് രോഗിയുടെ സുരക്ഷയാണെന്നാണ് ഐഎംഎ നിലപാട്. അണുബാധ ഉണ്ടാകാത്ത സാഹചര്യത്തിനാണ് ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രധാന്യം നല്‍കേണ്ടതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.
ഹിജാബിനെ വലിയ മതബിംബമായി ഉയര്‍ത്തിക്കാട്ടി ബഹുസ്വരസമൂഹത്തിലെ മതേതരമനസ്സുകളിലേക്ക് മതപരമായ അധിനിവേശം നടത്താന്‍ മുസ്ലിം മതമൗലികവാദ സംഘടനകള്‍ വളരെക്കാലമായി പരിശ്രമിച്ചുവരുന്നുണ്ട്. 2022 ജനുവരിയില്‍ ഉഡുപ്പിയിലെ പി.യു. കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ഥിനികള്‍ക്ക് ക്ലാസ് മുറികളില്‍ പ്രവേശനം നിഷേധിച്ച സംഭവത്തെ വലിയ വിവാദമാക്കി മാറ്റിയത് നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ആസൂത്രണഫലമായായിരുന്നു. അന്ന് ഹിജാബ് നിരോധനത്തിനെതിരെ വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജികള്‍ പിന്നീട് കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. സിഎഎ പ്രക്ഷോഭത്തിന്റെ മുന്‍പന്തിയിലും ദല്‍ഹി ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളെയാണ് മതഭീകരവാദികള്‍ അണിനിരത്തിയത്. മതേതരമുന്നേറ്റമെന്നു പ്രഖ്യാപിച്ച ആ സമരത്തില്‍ വിദ്യാര്‍ത്ഥികള്‍ തികച്ചും മതപരമായ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സല്‍മാന്‍ റുഷ്ദിയുടെ ‘സാത്താനിക് വേഴ്‌സസ്’ എന്ന കൃതി ഭാരതത്തില്‍ നിരോധിച്ചപ്പോള്‍ അതിനെതിരെ നിലപാടെടുത്ത ജാമിയ മിലിയയിലെ അദ്ധ്യാപകനായ ഡോ. മുഷിറുല്‍ ഹസ്സനെ ക്യാമ്പസില്‍ വെച്ച് മര്‍ദ്ദിച്ചതും ‘വിദ്യാര്‍ത്ഥി’കളായിരുന്നു. കഴിഞ്ഞ വര്‍ഷം ആലപ്പുഴയില്‍ നടന്ന റാലിയില്‍ കൊച്ചു കുട്ടിയെ ഉപയോഗിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഉന്നംവെച്ച് ‘അവലും മലരും കുന്തിരിക്കവും വാങ്ങിവെച്ചോളൂ’ എന്നും, ‘നിങ്ങളുടെയൊക്കെ കാലന്മാര്‍ വരുന്നുണ്ട്’ എന്നുമുള്ള അങ്ങേയറ്റം വംശീയവും വിഷലിപ്തവുമായ ഭീഷണി മുദ്രാവാക്യം ഉയര്‍ത്തിയത്. കശ്മീരില്‍ സൈന്യത്തിനുനേരെ കല്ലെറിയാന്‍ പോലും തീവ്രവാദികള്‍ സ്ത്രീകളെയാണ് പലപ്പോഴും രംഗത്തിറക്കിയിട്ടുള്ളത്. പെണ്‍കുട്ടികളെയും വിദ്യാര്‍ത്ഥികളെയും മുന്‍നിരയില്‍ നിര്‍ത്തി മതതാല്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം മതഭീകരവാദികളുടെ വളരെക്കാലമായുള്ള ഒരു ‘തക്കിയ’ ആണ്.
സമൂഹത്തിന്റെ സര്‍വ്വമേഖലകളിലും മതം കലര്‍ത്തുന്നത് ഭീകരവാദികള്‍ നടത്തുന്ന പ്രച്ഛന്ന യുദ്ധത്തിന്റെ ഭാഗമാണ്. കേരളത്തില്‍ ഹലാല്‍ വിവാദം സൃഷ്ടിച്ചതും, കഴിഞ്ഞ സ്‌കൂള്‍ കലോത്സവത്തിന്റെ അടുക്കളയില്‍ ജാതി തിരഞ്ഞതുമൊക്കെ കൃത്യമായ ഗൂഢാലോചനയുടെ ഫലമായാണ്. ഇക്കഴിഞ്ഞ സ്‌കൂള്‍ പ്രവേശനോത്സവത്തിന് കേരളത്തിലെ പല സ്‌കൂളിലും അറബിക് വാചകങ്ങളടങ്ങിയ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുസ്‌ലിം സ്ത്രീകളുടെ പരമ്പരാഗത വേഷമാണ് ഹിജാബ് എന്ന അവകാശവാദം തന്നെ തീര്‍ത്തും അസ്ഥാനത്താണ്. കേരളത്തില്‍ ഹിജാബ് വ്യാപകമായിട്ട് മൂന്നു പതിറ്റാണ്ടില്‍ കൂടുതലായിട്ടില്ല. പര്‍ദ്ദയുടെ ആവശ്യകത അടിവരയിട്ടുകൊണ്ടും സ്ത്രീകളുടെ ലോകം ഗൃഹഭിത്തികള്‍ക്കകത്താണെന്ന് വാദിച്ചുറപ്പിച്ചുകൊണ്ടും ‘പര്‍ദ്ദ’ എന്ന പുസ്തകം തന്നെയെഴുതിയ, ഇസ്ലാമിക മത മൗലികവാദത്തിന്റെ പ്രവാചകനും ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനേതാവുമായ മൗലാനാ മൗദൂദിയുടെ ഭാര്യ ഒരിക്കലും പര്‍ദ്ദ ധരിച്ചിരുന്നില്ലെന്ന് ഇര്‍ഫാന്‍ അഹമ്മദ് അദ്ദേഹത്തിന്റെ ‘കഹെമാശാെ മിറ ഉലാീരൃമര്യ ശി കിറശമ’ എന്ന പുസ്തകത്തില്‍ അടിവരയിട്ടു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്തിനേറെ, പരീക്ഷാ ഹാളില്‍ പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നതിനെ സൗദി ഭരണകൂടം പോലും കഴിഞ്ഞ വര്‍ഷം നിരോധിച്ചിരുന്നു. സിനിമാ തീയേറ്ററുകളില്‍ ദേശീയഗാനം മുഴങ്ങുന്നതിനെ എതിര്‍ക്കുകയും ഓപ്പറേഷന്‍ തീയേറ്ററുകളില്‍ മതചിഹ്നങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ശഠിക്കുകയും ചെയ്യുന്നത് അപഹാസ്യമായ ഇരട്ടത്താപ്പാണ്. ദേശീയ ചിഹ്നങ്ങളെയും സാംസ്‌കാരികമായ പ്രതീകങ്ങളെയും അനാദരിക്കുകയും മതപരമായ ബിംബങ്ങളെ മാത്രം ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നത് മതേതര സമൂഹത്തില്‍ ആശാസ്യകരമായ ഒരു പ്രവണതയല്ല. ഹിജാബ് മുസ്ലിം സ്ത്രീകളുടെ ചോയ്‌സ് ആണെന്ന് നിലപാടെടുക്കുന്നവര്‍ കേന്ദ്രസര്‍ക്കാര്‍ നിയമം മുത്തലാഖ് നിരോധന നിയമം നടപ്പിലാക്കുന്നതിനെയും പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെയും നഖശിഖാന്തം എതിര്‍ത്തിരുന്നു എന്നുകൂടി കാണണം. വിദ്യാലയങ്ങളിലും ഭക്ഷണശാലകളിലും ആശുപത്രിയിലുമൊക്കെ മത താല്പര്യങ്ങള്‍ തലപൊക്കുന്നത് ഭരണകൂടം ജാഗ്രതയോടെ വീക്ഷിക്കേണ്ടതുണ്ട്. സര്‍വ്വ വിഷയങ്ങളിലും മതതാല്പര്യങ്ങള്‍ ചികഞ്ഞുനോക്കി നിലപാടെടുക്കുകയും, അനാവശ്യമായ മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുകയും ചെയ്യുന്നത് സമൂഹത്തിന്റെ ബഹുസ്വരതയ്ക്ക് കനത്ത ഭീഷണിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.