ഗൂഢമായ അജണ്ട മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവര്‍ രാജ്യത്തിനകത്തും ആഗോളതലത്തിലും ഉണ്ടെന്ന് ദേശീയബോധമുള്ള പ്രസ്ഥാനങ്ങളും വ്യക്തികളും ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഗൂഢ അജണ്ടയുമായി മുന്നോട്ടു നീങ്ങുന്നതില്‍ ഇടതുപക്ഷത്തിനു മേല്‍ക്കൈയുണ്ടെന്നു സംശയിക്കുന്നുണ്ടോ? ആണെങ്കില്‍ എങ്ങനെയാണു പ്രതിരോധിക്കാന്‍ കഴിയുക.
♠ഒറ്റയടിക്ക് ഒന്നു തൊട്ടെടുക്കാന്‍ സാധിക്കുന്നതല്ല ഭാരതത്തിന്റെ പ്രശ്‌നങ്ങള്‍. ഒരു സുപ്രഭാതത്തില്‍ അവസാനിപ്പിക്കത്തക്കവണ്ണം ലളിതമോ സരളമോ അല്ല, നാം നേരിടുന്ന പ്രശ്‌നങ്ങള്‍. പരിഹാരം കാണുന്നതിനു സ്വാഭാവികമായും കുറച്ചു സമയമെടുക്കുമെന്നതില്‍ സംശയമില്ല.
ആഖ്യാനനിര്‍മിതിയില്‍ ഇടതുപക്ഷ ബൗദ്ധിക പ്രസ്ഥാനങ്ങള്‍ക്കു മേല്‍ക്കൈയുള്ളതായി കേരളത്തില്‍ കഴിയുന്ന നമുക്കു തോന്നാന്‍ കാരണം ഇവിടത്തെ ബുദ്ധിജീവികളെന്നോ സാംസ്‌കാരിക നായകരെന്നോ കണക്കാക്കപ്പെടുന്നവരും മാധ്യമപ്രവര്‍ത്തകരുമൊക്കെ സ്വാധീനിക്കപ്പെടുന്ന പ്രത്യയശാസ്ത്രം കമ്മ്യൂണിസമാണ് എന്നതാണ്. അവരുടെ പ്രവര്‍ത്തനങ്ങളുടെയും പ്രലപനങ്ങളുടെയും പിന്നില്‍ ഈ സൈദ്ധാന്തിക സ്വാധീനം നിലനില്‍ക്കുന്നു എന്നതു വസ്തുതയാണ്. അതിനാല്‍ തങ്ങള്‍ക്കു മേല്‍ക്കൈയുണ്ടെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഇനി, ആകെ ഭാരതം പരിശോധിക്കുമ്പോള്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം പ്രധാനപ്പെട്ട ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളും മാധ്യമപഠന കേന്ദ്രങ്ങളുമൊക്കെ നിയന്ത്രിക്കുന്ന താക്കോല്‍സ്ഥാനങ്ങളില്‍ ഇടതുപക്ഷ ആശയക്കാര്‍ പ്രതിഷ്ഠിതരായിട്ടുണ്ട് എന്നു കാണാം. വിധിവശാല്‍, നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു സ്വയം വിശ്വസിച്ചിരുന്നതു താനൊരു കമ്മ്യൂണിസ്റ്റാണെന്നും സോഷ്യലിസ്റ്റാണെന്നുമാണ്. അതുകൊണ്ടുതന്നെ, അദ്ദേഹത്തിനു സ്വന്തം പാര്‍ട്ടിക്കാരില്‍ വലിയ വിശ്വാസമില്ലായിരുന്നു. തന്റെ പാര്‍ട്ടിയില്‍ വായിക്കാന്‍ കഴിവുള്ളതു തനിക്കു മാത്രമാണെന്നാണ് അദ്ദേഹം ധരിച്ചിരുന്നത്. എന്നിരിക്കെ, ബൗദ്ധിക കേന്ദ്രങ്ങളുടെ ചുമതല ഏല്‍പിക്കാന്‍ പറ്റിയവര്‍ കമ്മ്യൂണിസ്റ്റുകാരാണെന്നും അദ്ദേഹം കരുതി. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല എന്ന ആശയം പിറന്നതു മഹാനായ എം.സി.ഛഗ്ലയുടെ മനസ്സിലാണ്. ജവഹര്‍ലാല്‍ നെഹ്രുവിന്റെ മരണത്തിനുശേഷം പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ എവിടെയോ ഉണ്ടായ അറിവിനെ പ്രതിധ്വനിപ്പിക്കുന്ന കേന്ദ്രങ്ങളല്ല, മറിച്ച് അറിവിനെ നിര്‍മിക്കുന്ന ഒരു യഥാര്‍ഥ സര്‍വകലാശാല വേണമെന്ന ആശയം അവതരിപ്പിച്ചതു ഛഗ്ലയാണ്. നമ്മുടെ ചിരപുരാതന വിദ്യാഭ്യാസ പാരമ്പര്യം അനുസരിച്ചുള്ള സര്‍വകലാശാലയാണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്നാല്‍, ഛഗ്ല മുന്നോട്ടുവെച്ച ആശയം നടപ്പാക്കാന്‍ ഇന്ദിരാഗാന്ധി ചുമതലപ്പെടുത്തിയത് സഖാവ് നൂറുല്‍ ഹസനെയാണ്. സഖാവെന്നു പറയാന്‍ കാരണം ആശയപരമായി അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ് ചിന്തകനായതുകൊണ്ടാണ്. കോണ്‍ഗ്രസ്സില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ഇന്ദിരയ്‌ക്കൊപ്പം നില്‍ക്കാന്‍ തന്ത്രപൂര്‍വം തീരുമാനിച്ച വളരെയധികം ഇടതുപക്ഷ സഹയാത്രികരുണ്ടായിരുന്നു. ചൈനാ യുദ്ധത്തെത്തുടര്‍ന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭാരതത്തിന്റെ മുഖ്യധാരയില്‍നിന്ന് അകറ്റപ്പെട്ട കാലമായിരുന്നു അത്. സത്യത്തില്‍ കമ്മ്യൂണിസ്റ്റ് സഹയാത്രികര്‍ക്കു മുഖ്യധാരയിലേക്കു തിരികെ വരാനുള്ള അവസരമായിരുന്നു കോണ്‍ഗ്രസ്സിലെ പിളര്‍പ്പ്. ഇതു മുതലെടുത്താണു കുമരമംഗലം, നൂറുല്‍ ഹസന്‍ തുടങ്ങിയവരൊക്കെ കോണ്‍ഗ്രസ്സുമായി അടുത്തത്. വൈകാതെ തന്നെ അവര്‍ക്കു വിദ്യാഭ്യാസ വകുപ്പിന്റെയും സാംസ്‌കാരിക വകുപ്പിന്റെയുമൊക്കെ ചുമതല ലഭിച്ചു. ഭാരതചരിത്ര രചനയ്ക്കു നേതൃത്വം കൊടുക്കാനും അവസരം ലഭിച്ചു. ഫിലോസഫി രംഗത്തു സ്ഥാപനങ്ങള്‍ സൃഷ്ടിക്കാനുള്ള ഉത്തരവാദിത്തം ലഭിച്ചു. ജെ.എന്‍.യു. നേതൃത്വം കയ്യില്‍ കിട്ടുകയും ചെയ്തു. ലോകമെമ്പാടും ചവറ്റുകൊട്ടയിലേക്കു വലിച്ചെറിഞ്ഞ ആശയം ഇന്നും ഭാരതത്തില്‍ ബാക്കിനില്‍ക്കുന്നത് ഇത്തരക്കാരുടെ നീരാളിപ്പിടിത്തം നിമിത്തമാണ്. ഇത്തരം കേന്ദ്രങ്ങളിലാണ് എടുക്കാച്ചരക്കായ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കു വിപണിയുള്ളത്. ആ ആശയം കൊണ്ടുനടക്കുന്ന, അവശേഷിക്കുന്ന ബുദ്ധിജീവികളെന്നു വിളിക്കപ്പെടുന്നവരിലൂടെയാണ് അത് പ്രാണന്‍ വിട്ടുപോകുമ്പോഴുള്ള ഘട്ടത്തിലൂടെ കടന്നുപോകുന്നത്. അത്തരക്കാരുടെ സ്വാധീനം ബൗദ്ധികമേഖലയില്‍ ഒരുപരിധിവരെ ഉണ്ട്.
ഒരര്‍ത്ഥത്തില്‍ നമ്മുടെ ദേശീയ ചിന്ത മുന്നോട്ടുപോകണമെങ്കില്‍ വന്‍തോതില്‍ കളനീക്കല്‍ നടന്നേ പറ്റൂ. അതു സ്വാഭാവികമായും നടക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസം. അത്തരം മാറ്റങ്ങള്‍ ജെ.എന്‍.യു. ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ ഇപ്പോള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ജെ.എന്‍.യുവില്‍ സ്വാമി വിവേകാനന്ദനു സ്ഥാനം ലഭിക്കുക എന്നതു പോലും വലിയ മാറ്റമാണ്. ശരിയായ ദിശയിലുള്ള മാറ്റം സംഭവിക്കും. പക്ഷേ, എഴുപതു വര്‍ഷത്തോളമായി നിര്‍ബാധം തുടര്‍ന്നുവരുന്ന പ്രവര്‍ത്തനത്തിന്റെ ചില അവശിഷ്ടങ്ങള്‍ ഇപ്പോഴുമുണ്ട് എന്നതു വസ്തുതയാണ്. ആ രീതിയിലുള്ള പ്രവര്‍ത്തനത്തിന്റെ സ്വാധീനം പല മേഖലകളിലും പ്രകടമാണ്. കേന്ദ്രഭരണകൂടത്തെ എതിര്‍ക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് ഇത്തരക്കാരുടെ സഹായംകൂടി കിട്ടുന്നുമുണ്ട്. അവരുടെ ശബ്ദം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. അതു കുറച്ചുകാലം കൂടിയുണ്ടാവും. രാത്രിയുടെ അന്ത്യയാമങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഇരുട്ടെന്നു പറയാറുണ്ട്. അതുപോലെ മാത്രമേ ഇതിനെയും കാണേണ്ടതുള്ളൂ. നാടിനെതിരായ ആശയങ്ങള്‍ക്ക് അധികകാലം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല.
ഇടതുപക്ഷത്തിന്റെ കാപട്യങ്ങളോ അവരുടെ പ്രവര്‍ത്തന രീതികളോ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു പരാമര്‍ശിച്ചല്ലോ. അത്തരം കാര്യങ്ങള്‍ ഏറ്റവും കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുക ഒരുപക്ഷേ, കേരളീയര്‍ക്കായിരിക്കും. കാരണം ഇവിടെയാണല്ലോ ഇടതുപക്ഷത്തിന്റെ സാന്നിധ്യവും ബൗദ്ധിക സ്വാധീനവും ഏറ്റവും കൂടുതല്‍. എന്നിരിക്കെ, കേരളത്തില്‍നിന്നു പ്രജ്ഞാപ്രവാഹിന്റെ ദേശീയ സംയോജകനായി ദല്‍ഹിയിലെത്തുകയും അവിടെച്ചെന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബൗദ്ധിക പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ചു മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ ഇടതുപക്ഷ നീക്കങ്ങളെ എതിര്‍ക്കാന്‍ എത്രത്തോളം സാധിക്കുന്നുണ്ട് എന്നാണു കരുതുന്നത്.
♠ഭാരതത്തില്‍ ഇടതുപക്ഷത്തിനു ശക്തിയുള്ള പ്രദേശങ്ങള്‍ ചുരുക്കമാണ്. കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ ഒതുങ്ങുമായിരിക്കും അവരുടെ കരുത്ത്. ബാക്കിയുള്ളിടത്തൊക്കെ ചില ഓഫീസുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന എഴുത്തുകുത്തു രാഷ്ട്രീയം മാത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്. അതുകൊണ്ടുതന്നെ ഈ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രപരമായ അപൂര്‍ണതയോ അപാകതയോ അതിന്റെ പ്രയോഗത്തിലെ മഹാവിപത്തോ പരിപൂര്‍ണമായും മനസ്സിലാക്കാന്‍ മേല്‍പറഞ്ഞ പ്രദേശങ്ങള്‍ക്കു പുറത്തുനിന്നുള്ളവര്‍ക്കു ബുദ്ധിമുട്ടാണ്. ബുദ്ധിപരമായി മുന്നില്‍നില്‍ക്കുന്നത് ഈ വിശ്വാസപ്രമാണക്കാരാണെന്ന മിഥ്യാധാരണയുണ്ട്. നേരത്തേ തന്നെ ഉണ്ടാക്കിവെച്ചിട്ടുള്ള ഒന്നാണ് കേരളം നമ്പര്‍ വണ്‍ ആണെന്ന ആഖ്യാനം. അതു ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത ഒന്നാണ്. വിദ്യാഭ്യാസകാര്യത്തില്‍ കേരളം മുന്നിലാണെന്ന ആഖ്യാനവും സൃഷ്ടിച്ചിട്ടുണ്ട്. കേരളീയരില്‍ ഒരുകൂട്ടം ദുരഭിമാനം വെച്ചുപുലര്‍ത്തുന്നവരാണ്. കാരണം, നമ്മള്‍ കേമന്‍മാരാണെന്ന തോന്നല്‍ സൂക്ഷ്മമായ വിലയിരുത്തലിനു വിധേയമാക്കിയാല്‍ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതി പോലും ചോദ്യംചെയ്യപ്പെടുന്ന സ്ഥിതിയാണുള്ളത്. പ്രചരണങ്ങള്‍ സത്യമാണെന്നു ധരിക്കുന്ന വലിയ വിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ട്. ഇതേ ചിന്ത വെച്ചുപുലര്‍ത്തുന്നവര്‍ അക്കാദമിക മേഖലയിലും ചിന്തകരുടെ കൂട്ടത്തിലുമൊക്കെ ദേശീയതലത്തില്‍ ഉണ്ടെന്നാണ് എന്റെ യാത്രകളിലൂടെയും വൈചാരിക പ്രവര്‍ത്തനങ്ങളിലൂടെയും മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഉദാഹരണത്തിന് കേരള മോഡല്‍ എന്നു പറയുന്നു. വൈചാരിക മേഖലയിലെ ഒന്നാമത്തെ മിഥ്യയാണ് കേരള മോഡല്‍ എന്നുള്ളത്. ഏതു വിധത്തിലാണു കേരള മോഡല്‍ മികച്ചതാകുന്നത്? ഇക്കാര്യം ചര്‍ച്ചയ്ക്കു വെക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് സ്വാധീനമില്ലാത്ത മേഖലയില്‍നിന്നുള്ളവര്‍ക്ക് അതൊരു പുതിയ അറിവാണെന്നു തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്.
ഏറ്റവും ശക്തമായ പ്രചരണം നടത്തേണ്ടിവന്നതു കേരളത്തില്‍ തുടര്‍ച്ചയായി കമ്മ്യൂണിസ്റ്റ് ആക്രമണങ്ങള്‍ നടക്കുമ്പോഴാണ്. കമ്മ്യൂണിസ്റ്റ് ആശയം എത്രത്തോളം അപകടകരമാണെന്നു രാജ്യത്തിനകത്തും പുറത്തും സംഘടിതവും ആസൂത്രിതവുമായ പ്രചരണപരിപാടിയിലൂടെ വെളിപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതേത്തുടര്‍ന്നു വലിയ മാറ്റമുണ്ടാവുകയും ചെയ്തു. ഉദാഹരണം പറഞ്ഞാല്‍ പ്രകാശ് കാരാട്ട് വടക്കേ ഇന്ത്യയില്‍ ഒരിടത്തു പത്രസമ്മേളനം നടത്തവേ, കമ്മ്യൂണിസ്റ്റ് ആശയം വളരെ ശ്രേഷ്ഠമാണെന്നും കാരുണ്യത്തിന്റേതാണെന്നുമൊക്കെ പറയുമ്പോഴും കേരളത്തില്‍ നിങ്ങള്‍ ചെയ്യുന്നതെന്താണ് എന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു. തുടര്‍ന്നാണ് കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ആഖ്യാനം (നരേറ്റീവ്) നമ്മുടെ കൈയില്‍നിന്നു വഴുതിപ്പോവുകയാണെന്നു ലേഖനമെഴുതിയത്. ആസൂത്രിതമായി സത്യവും യാഥാര്‍ഥ്യവും ജനങ്ങള്‍ക്കു മുന്നിലെത്തിക്കാന്‍ സാധിച്ച ഇടങ്ങളിലൊക്കെ വലിയ മാറ്റം സംഭവിക്കുന്നുണ്ട്. എന്നാല്‍, ആ പരിവര്‍ത്തനം പെട്ടെന്നു പ്രകടമാകാതിരിക്കുന്നതിന്റെ കാരണമാണു ഞാന്‍ നേരത്തേ സൂചിപ്പിച്ചത്. കഴിഞ്ഞ 70 വര്‍ഷമായി താക്കോല്‍സ്ഥാനങ്ങളില്‍ കമ്മ്യൂണിസ്റ്റ് ആശയഗതിക്കാര്‍ ഇരിക്കുന്നതാണത്. എന്നാല്‍, അതിനു വലിയ തോതില്‍ മാറ്റം വരുത്താന്‍ ദേശീയപ്രസ്ഥാനങ്ങള്‍ക്കു നടത്താന്‍ സാധിച്ച പ്രചരണത്തിന് സാധിച്ചിട്ടുണ്ട്. ആ പ്രചരണത്തിന്റെ ഫലമായാണ് കണ്ണൂര്‍ മേഖലയില്‍ തുടര്‍ച്ചയായി നടന്ന സംഘര്‍ഷത്തിന് അയവുണ്ടായത്. സത്യം ഭാരതീയര്‍ മുഴുവന്‍ തിരിച്ചറിയുന്നു എന്നു ബോധ്യപ്പെട്ടപ്പോഴാണ് കമ്മ്യൂണിസ്റ്റുകാര്‍ ആയുധം താഴെവെച്ചത്.
വ്യക്തിപരമായി ബൗദ്ധിക രംഗത്തും അക്കാദമിക രംഗത്തും ശ്രദ്ധിക്കുന്നു. അതുപോലെ ആശയരൂപീകരണത്തിനായും രംഗത്തുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് ഇത്തരം കൂട്ടായ്മകളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നു. ഇതിനപ്പുറം പ്രജ്ഞാപ്രവാഹിന്റെ ദേശീയ സംയോജകന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം എങ്ങനെയാണ്.
♠പ്രജ്ഞാപ്രവാഹിന്റെ പ്രവര്‍ത്തനമാണു ദേശീയ സംയോജകന്റെ പ്രവര്‍ത്തനം. ദേശീയതലത്തിലെ ചിന്തകരായ ദേവേന്ദ്ര സ്വരൂപ്, ശ്യാം ഘോസ്ല, പി.പരമേശ്വര്‍ജി, മുരളി മനോഹര്‍ ജോഷി, കെ.എസ്. സുദര്‍ശന്‍ജി തുടങ്ങിയവര്‍ ചേര്‍ന്ന് 1986 ല്‍ സ്ഥാപിച്ച വേദിയാണ് പ്രജ്ഞാപ്രവാഹ്. അക്കാദമിക മേഖലയിലെ രാഷ്ട്രേതരമായ ചിന്തകള്‍ക്കുള്ള സ്വാധീനം നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്നുണ്ട് എന്നു തിരിച്ചറിഞ്ഞായിരുന്നു അത്. പാഠ്യപദ്ധതി തയ്യാറാക്കുന്നതിലായാലും ചരിത്രരചനയുടെ കാര്യത്തിലായാലും വൈചാരിക മേഖലയിലായാലുമൊക്കെ രാഷ്ട്രവിരുദ്ധമായ ആശയങ്ങള്‍ക്കും രാഷ്ട്രബാഹ്യമായ ആശയഗതികള്‍ക്കും വലിയ സ്വാധീനം ലഭിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നിരിക്കെ, രാഷ്ട്രകേന്ദ്രിതമായ വൈചാരിക പ്രവര്‍ത്തനത്തിനു മാത്രമേ ജനങ്ങളില്‍ ദേശാഭിമാനം വളര്‍ത്താന്‍ സാധിക്കുകയുള്ളൂ എന്നു ദേശബോധമുള്ള ചിന്തകര്‍ കരുതി. നാം നേരിടുന്ന വലിയൊരു പ്രശ്‌നമാണു ബൗദ്ധിക സമ്പത്തു നഷ്ടമാകുന്നത്. ബുദ്ധിമാന്‍മാര്‍ വലിയ തോതില്‍ വിദേശ രാജ്യങ്ങളിലേക്കു പോകുന്നു. തൊഴില്‍പരമായ ആവശ്യത്തിനായി പോകേണ്ടിവന്നേക്കാം. എന്നാല്‍, സുപ്രധാന പദവികള്‍ വഹിച്ചുകൊണ്ട് ഭാരതത്തില്‍ ഗവേഷണം നടത്തുകയും രാജ്യപുരോഗതിക്കായി സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്യേണ്ടവര്‍ പോലും വിദേശത്തെ അക്കരപ്പച്ചകള്‍ തേടിപ്പോകുന്ന സാഹചര്യം രാഷ്ട്രത്തെക്കുറിച്ചുള്ള അഭിമാനമില്ലായ്മകൊണ്ടു സംഭവിക്കുന്നതാണ്. ഈ അഭിമാനക്കുറവ് ഉണ്ടാകുന്നതു നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയും പാഠ്യവസ്തുക്കളും രാഷ്ട്രവിരുദ്ധമായിത്തീരുന്നതുകൊണ്ടാണ്. അല്ലെങ്കില്‍ പരിപൂര്‍ണമായും നാടിനെ മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടാണ്. വിശുദ്ധവും സമൃദ്ധവും കരുത്തുറ്റതുമായ ഭാരതീയജ്ഞാനപരമ്പര അഥവാ നമ്മുടെ വിജ്ഞാനവ്യവസ്ഥയെക്കുറിച്ചു മനസ്സിലാക്കാന്‍ നിലവിലുള്ള മുഖ്യധാരാ ബൗദ്ധിക ധാരയ്ക്കു കഴിയുന്നില്ല. അതിനു മാറ്റം വരണമെങ്കില്‍ ബോധപൂര്‍വമായ പ്രവര്‍ത്തനം ഓരോ സംസ്ഥാനത്തും നടക്കണം. ഓരോ മേഖലയിലെയും യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണം. ഈ ദിശയില്‍ ചിന്തിച്ചുകൊണ്ടാണ് ഓരോ സംസ്ഥാനത്തും വ്യത്യസ്ത വൈചാരിക പ്രസ്ഥാനങ്ങളും അവയെ കോര്‍ത്തിണക്കാനുള്ള ദേശീയ വൈചാരിക പ്രസ്ഥാനവും രൂപീകരിച്ചത്. 1986ലെ യോഗം നടക്കുന്നതിനു മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പരമേശ്വര്‍ജിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രം രൂപംകൊണ്ടത്. ഏതാണ്ട് അതേ കാലഘട്ടത്തില്‍ത്തന്നെ ഇന്‍ഡോറില്‍ വൈചാരിക് മഞ്ചും ഗുജറാത്തില്‍ ഭാരതീയ വിചാര്‍ മഞ്ചും രൂപംകൊണ്ടു. ദേവേന്ദ്ര സ്വരൂപിന്റെയൊക്കെ നേതൃത്വത്തില്‍ ദെല്‍ഹിയും ഹരിയാനയുമൊക്കെ കേന്ദ്രീകരിച്ചുകൊണ്ട് പഞ്ചനശോദസംസ്ഥാന്‍ എന്ന പേരില്‍ പ്രസ്ഥാനം ആരംഭിച്ചു. വേറെയും ചില പ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടു. പതുക്കെപ്പതുക്കെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യ പോളിസ് ഫൗണ്ടേഷന്‍, ഇന്ത്യാ ഫൗണ്ടേഷന്‍, വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ യാഥാര്‍ഥ്യമായി.
(അവസാനിച്ചു)