മുന്‍ എം.പി. കെ.വി.തോമസിനെ കേരളത്തിന്റെ പ്രതിനിധി എന്ന പദവിയും നല്‍കി പരിവാരങ്ങളെയും ഏര്‍പ്പാടാക്കി കേരള ഹൗസില്‍ പ്രതിഷ്ഠിച്ചത് എന്തിന്? ജനങ്ങളെ സേവിക്കാനും സംസ്ഥാനത്തിന്റെ വികസനത്തിന് സംഭാവന ചെയ്യാനും എന്നാണ് തോമസ് മാഷുടെ അവകാശവാദം. അദ്ദേഹം കേരളത്തിലെത്തിച്ച ചാക്കു കണക്കിന് വികസനത്തിന്റെ കനം കൊണ്ട് ശ്വാസം മുട്ടുകയാണ് കേരള ജനത. ഏറ്റവും കൂടുതല്‍ ശ്വാസം മുട്ടുന്നത് സംസ്ഥാന ധനമന്ത്രി ബാലഗോപാലനാണ്. കേന്ദ്രം ഫണ്ടനുവദിക്കുന്നില്ല, കടമെടുക്കാന്‍ സമ്മതിക്കുന്നില്ല എന്നൊക്കെയുള്ള ബാലഗോപാലന്റെ രോദനത്തില്‍ നിന്ന് തോമസ് മാഷുടെ സംഭാവന എത്രയെന്ന് വ്യക്തം. ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹം ഒന്നും ചെയ്തില്ലെന്നു പറയരുത്. കേരളത്തിന് ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കേന്ദ്രം കൊണ്ടുവരാന്‍ അദ്ദേഹം ചെയ്ത സേവനം മഹത്തായതാണ്. 50 കൊല്ലത്തെ ദല്‍ഹി ബന്ധവും 22 വര്‍ഷം എം.പി കസേരയിലിരുന്നതിന്റെ തഴമ്പും ഉള്ള തോമസ് മാഷ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മന്‍സൂക്ക് മാണ്ഡവ്യയെ കണ്ട് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഒരു കേന്ദ്രം കാസര്‍കോട്ട് തുടങ്ങണമെന്നു കത്തു കൊടുത്തു. കോഴിക്കോട്ടെ കിനാലൂരില്‍ ഇത്തരമൊരു കേന്ദ്രത്തിനുള്ള സ്ഥലമെടുക്കല്‍ നടപടിയിലേക്ക് കേരള സര്‍ക്കാര്‍ നീങ്ങുമ്പോഴാണ് തോമസ് മാഷുടെ ഇടങ്കോലിടല്‍. ഇത് ആശയക്കുഴപ്പമുണ്ടാക്കില്ലേ എന്നു സംശയം ഉന്നയിച്ചപ്പോള്‍ കിനാലൂരിനൊപ്പം കാസര്‍കോട്ടും ഒരു കേന്ദ്രം വരട്ടെ എന്നാണദ്ദേഹം പറഞ്ഞത്. കേരളത്തില്‍ എ.ഐ.ഐ.എം.എസ്സിന് ഒരു കേന്ദ്രം കിട്ടാന്‍ തന്നെ പാടുപെടുമ്പോഴാണ് ഈ പാരവെക്കല്‍. ലത്തീന്‍ കത്തോലിക്കരുടെ വോട്ടുകിട്ടാനാണ് വിജയന്‍ സഖാവ് ഖജനാവിലെ കാശു മുടക്കി തോമസിനെ ദല്‍ഹിയിലിരുത്തിയത്. ആ ലത്തീന്‍ കത്തോലിക്കര്‍ക്കു വേണ്ടി മധ്യകേരളത്തിലോ തെക്കന്‍ കേരളത്തിലോ എ.ഐ.ഐ.എം.എസ്സിന്റെ ഒരു കേന്ദ്രം തുടങ്ങാമെന്ന ആശയം മാഷുടെ തലയില്‍ വിരിഞ്ഞില്ല. കേന്ദ്ര ആരോഗ്യ മന്ത്രിക്ക് തോമസ് മാഷ് കത്ത് നല്‍കിയത് ശുദ്ധ മനസ്സോടെയാണെന്നതില്‍ സംശയിക്കാനേ പാടില്ല. കാരണം മാഷുടെ ഉള്ളം ജന സേവന തൃഷ്ണ കൊണ്ട് വിങ്ങുകയാണ്.