എസ്.എഫ്.ഐ. കേവലം ഒരു വിദ്യാര്‍ത്ഥി സംഘടനയല്ല; അതൊരു സര്‍വ്വകലാശാലയാണ്. വെറും സര്‍വ്വകലാശാലയല്ല, ഒന്നൊന്നര സര്‍വ്വകലാശാല. വിജയന്‍ സഖാവിന്റെ ഇടതു സര്‍ക്കാറിന്റെ കീഴില്‍ കേരളത്തിന്റെ വികസനം പി.എസ്.എല്‍.വി. റോക്കറ്റിനേക്കാള്‍ വേഗത്തിലാക്കാന്‍ അരയും തലയും മുറുക്കി നില്‍ക്കുന്ന മഹാ സര്‍വ്വകലാശാല. ഗവര്‍ണറെ നാലയലത്തേക്ക് അടുപ്പിക്കാത്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു സഖാവി ചാന്‍സലറും ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ വൈസ് ചാന്‍സലറും ആയ സര്‍വ്വകലാശാല. ആധുനിക പാശ്ചാത്യ സര്‍വ്വകലാശാലകള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത വിധം മികച്ച കോഴ്‌സുകള്‍. പുതിയ അധ്യയനവര്‍ഷത്തില്‍ കോളേജു പ്രവേശനത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ കലാലയങ്ങളില്‍ എസ്.എഫ്.ഐ.ക്കാര്‍ നല്കുന്ന നോട്ടീസുകളിലെ വാക്യങ്ങള്‍ ഇങ്ങനെയാവും: ‘എസ്.എഫ്.ഐയില്‍ ചേരൂ. ഭാവി സുരക്ഷിതമാക്കൂ. ഇവിടുത്തെ കോഴ്‌സുകളുടെ സവിശേഷത: പരീക്ഷയെഴുതാതെ പാസാകാം. കോപ്പിയടിച്ച് ഡോക്ടറേറ്റ് നേടാം. ഒരു ചുക്കും പഠിക്കാതെ പി.എസ്.സി പരീക്ഷാ റാങ്ക് ലിസ്റ്റില്‍ ആദ്യ റാങ്കുകാരാകാം. വ്യാജ സര്‍ട്ടിഫിക്കറ്റ് ശരിയാക്കി ജോലി തരപ്പെടുത്താം. എല്ലാ സംവരണ കടമ്പകളും കടന്ന് മുന്നിലെത്താം. ഡോക്ടറേറ്റും സര്‍ക്കാര്‍ ജോലിയും ഉറപ്പുതരുന്നു.’ ഇത്രയും വലിയ ഓഫര്‍ ഏതു യൂണിവേഴ്‌സിറ്റിക്ക് നല്കാനാകും? സഖാക്കളുടെ മക്കള്‍ക്ക് മുന്‍ഗണനയുണ്ടെങ്കിലും പാര്‍ട്ടി നേതാക്കളുടെ ഇഷ്ടഭാജനമായാല്‍ എല്ലാം തനിയെ വന്നു കൊള്ളും.
ഇങ്ങനെയൊക്കെയായിരുന്നു വിദ്യാവിജയന്‍. എന്നാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ചുള്ള ക്ലാസില്‍ വിദ്യ ഉഴപ്പി. സ്വപ്‌ന സുരേഷിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച ശിവശങ്കരന്റെതായിരുന്നു ക്ലാസ്. ആ ഉഴപ്പലിന്റെ ഫലമോ എറണാകുളം മഹാരാജാസ് കോളേജിന്റെതായി വിദ്യ തട്ടിക്കൂട്ടിയ സര്‍ട്ടിഫിക്കറ്റ് ഇന്റര്‍വ്യൂ ബോര്‍ഡ് ഒറ്റ നോട്ടത്തില്‍ കയ്യോടെ പിടിച്ചു. മാര്‍ക്‌സിസ്റ്റ് അധ്യാപക സംഘടനയ്ക്ക് തലയിടാന്‍ പറ്റും മുമ്പ് എല്ലാം കുഴപ്പത്തിലായി. ഇത്തരത്തില്‍ ഉഴപ്പിയ ഒരാളെ വി.സിക്ക് അംഗീകരിക്കാന്‍ പറ്റില്ല. ജയരാജന്‍ കല്പിച്ചു: വിദ്യ എസ്.എഫ്.ഐ അല്ല. ജയരാജന് പിതൃത്വം നിഷേധിക്കാം. പാര്‍ട്ടിയിലെ അമ്മയ്ക്ക് അത് പറ്റില്ലല്ലോ. ശ്രീമതി ടീച്ചറുടെ കണ്ഠത്തില്‍ നിന്ന് ഒരു നിശ്വാസം ഉയര്‍ന്നു. ‘എങ്കിലും വിദ്യേ’ എന്ന ഒരു രോദനം!