കേരളത്തിലെ ഇസ്ലാമിക സമൂഹത്തിന്റെ വിദ്യാഭ്യാസം സംബന്ധിച്ച് ഒരു പൊതുചര്‍ച്ച അനിവാര്യമാണെന്ന് തോന്നുന്നു. കഴിഞ്ഞദിവസം സാമൂഹ്യമാധ്യമത്തില്‍ ഈ ലേഖകന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു പോസ്റ്റ് ഇട്ടതിനുശേഷം നിരവധി പേരാണ് ടെലഫോണില്‍ ബന്ധപ്പെട്ടത്. ഇതുസംബന്ധിച്ച് കുറച്ചുകൂടി വിശദമായ ഒരു ചര്‍ച്ച വേണമെന്നാണ് പൊതുവേ സമൂഹത്തിന്റെ നാനാ മേഖലകളില്‍ നിന്നുമുള്ള ആളുകള്‍ ആവശ്യപ്പെട്ടത്. ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇതായിരുന്നു, ”ഇന്നലെ കൊല്ലത്ത് ഹിന്ദു ഐക്യവേദിയുടെ പഠനശിബിരത്തില്‍ പങ്കെടുത്ത് മടങ്ങിയത് ബസ്സിലായിരുന്നു. കായംകുളത്തു നിന്നുവന്ന കളിയിക്കാവിള സൂപ്പര്‍ ഫാസ്റ്റ് ബസ്. കയറിയപ്പോള്‍ തന്നെ ബസ് വിട്ടു. ഡോറിന് തൊട്ടടുത്ത സീറ്റില്‍ ഒരു കുട്ടി ഇരിക്കുന്നുണ്ടായിരുന്നു. ഏറിയാല്‍ 10 വയസ്സ്. തലയില്‍ തൊപ്പി, മുട്ടിന് താഴെ വരെയുള്ള ജുബ്ബ. ഞാന്‍ അടുത്തിരുന്നപ്പോള്‍ അവന്റെ നോട്ടം എന്റെ കയ്യിലുള്ള വെള്ളക്കുപ്പിയിലായിരുന്നു. മോന് വെള്ളം വേണോ എന്നുചോദിച്ചു. വേണ്ടാ എന്ന് മറുപടി. അപ്പോള്‍ ഞാന്‍ പേര് ചോദിച്ചു. പേരു പറഞ്ഞപ്പോള്‍ അവനോട് ഏതു സ്‌കൂളിലാണ് എന്ന് ചോദിച്ചു. ഞാന്‍ കരുതിയത് നഗരത്തിലെ ഏതെങ്കിലും മുന്തിയ സ്‌കൂളിലോ മുസ്ലിം മാനേജ്‌മെന്റ് സ്‌കൂളിലോ ആയിരിക്കുമെന്നാണ്. ഒരുനിമിഷം പതറിയ അവന്‍ പതുക്കെ പറഞ്ഞു സ്‌കൂളിലൊന്നും പോകുന്നില്ല. അപ്പോ പഠിക്കുന്നില്ലേ? ഉണ്ട്, മദ്രസയിലാ. ബസ്സില്‍ ആരാ കൂടെയുള്ളതെന്ന് ചോദിച്ചു. ബാപ്പ ഒക്കെ ഉണ്ട്. അവിടെ സ്ഥലം ഇല്ലാത്തതു കൊണ്ട് ഇവിടിരുന്നതാ. ബാപ്പ എന്തുചെയ്യുന്നു. കുട്ടിയെ സ്‌കൂളില്‍ വിടാതെ മദ്രസയില്‍ അയച്ചപ്പോ ഏതെങ്കിലും ചെറിയ ഉദ്യോഗസ്ഥനോ കച്ചവടക്കാരനോ ആയിരിക്കുമെന്നാണ് കരുതിയത്. ബാപ്പ ഖാദി ബോര്‍ഡില്‍ ഓഫീസറാ… മോന്‍ പറഞ്ഞ പേര് ഞാനിവിടെ എഴുതുന്നില്ല. ആരെയും മോശക്കാരാക്കാനല്ല ഇതെഴുതുന്നത്. അപ്പോഴാണ് അവന്‍ വീണ്ടും പറയുന്നത്, മൂന്നു സഹോദരന്മാര്‍ കൂടിയുണ്ട്, അവരും സ്‌കൂളില്‍ പോകുന്നില്ല. അടുത്ത ചോദ്യം ആ മോന്റേതായിരുന്നു. എന്താ ജോലി? ജേണലിസ്റ്റ് ആണെന്ന് പറഞ്ഞു. അപ്പോഴേക്കും ഫോണ്‍ വന്നതുകൊണ്ട് സംഭാഷണം മുറിഞ്ഞു. ആറ്റിങ്ങലായപ്പോഴേക്കും ബാപ്പയുടെ മുന്നിലെ സീറ്റ് ഒഴിഞ്ഞതുകൊണ്ട് അവന്‍ അവിടേക്ക് പോയി.
സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉയര്‍ന്ന നിലയിലുള്ള ഒരു ഓഫീസര്‍ തന്റെ നാലുമക്കളെയും സ്‌കൂളില്‍ അയക്കാതെ മദ്രസാ പഠനത്തിന് അയക്കുന്നു. പൊതുവിദ്യാഭ്യാസവുമായോ ശാസ്ത്രീയ വിദ്യാഭ്യാസവുമായോ യാതൊരു ബന്ധവുമില്ലാതെ, മറ്റ് മതസ്ഥരുമായി ബന്ധമില്ലാതെ, കൂട്ടുകാരില്ലാതെ, അവര്‍ വളരുക. എവിടേക്കാണ് കേരളത്തിലെ മുസ്ലിങ്ങളും നമ്മുടെ സമൂഹവും പോകുന്നത്? തിരിച്ചറിവില്ലാത്ത പ്രായത്തില്‍ പൊതുവിദ്യാഭ്യാസം നിഷേധിച്ച് മദ്രസാ വിദ്യാഭ്യാസത്തിന് മാത്രം പിഞ്ചുകുട്ടികളെ വിടുന്നത് വിദ്യാഭ്യാസ അവകാശ നിയമലംഘനമല്ലേ? ഓത്തു മാത്രം പഠിക്കുന്ന ഇവര്‍ക്ക് നാളെ പൊതുസമൂഹത്തിന് എന്തു സംഭാവനയാണ് നല്‍കാന്‍ കഴിയുക? മദ്രസാ വിദ്യാഭ്യാസ യോഗ്യത പൊതുവിദ്യാഭ്യാസത്തിന് തുല്യമാക്കിയ നടപടിയാണ് ആദ്യം പിന്‍വലിക്കേണ്ടത്. ഇത് ഏതു സമുദായത്തിനും ബാധകമാണ്. പക്ഷേ, ഇസ്ലാമിനെയാണ് ഏറ്റവും ബാധിക്കുന്നത്. ഈ കുഞ്ഞുങ്ങളെ പഠിപ്പിക്കാനുള്ള ചുമതല സംസ്ഥാന സര്‍ക്കാരിനില്ലേ? നമ്മള്‍ എവിടേക്കാണ്? സ്ത്രീവിദ്യാഭ്യാസത്തിനടക്കം മുന്‍കൈയെടുത്ത, ഇസ്ലാമിക പരിഷ്‌കരണവാദികളെവിടെ? ബാലാവകാശ കമ്മീഷന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ലേ? മുനവ്വറലി തങ്ങള്‍ മുതല്‍ കാരശ്ശേരി മാഷ് വരെയുള്ളവര്‍ക്ക് ഇത് സമര്‍പ്പിക്കുന്നു.”
പോസ്റ്റിനെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ മാത്രമല്ല, പൊതുഇടത്തും കാര്യമായ ചര്‍ച്ച നടന്നു. ഈ വിഷയത്തില്‍ കേരളത്തിലെ പൊതുസമൂഹത്തിലും ഇതര സമുദായങ്ങളിലും കാര്യമായ ഒരു വിലയിരുത്തല്‍ അനിവാര്യമാണ്. പള്ളിയില്‍ ഓത്തു പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മതഗ്രന്ഥം മാത്രം പഠിച്ചാല്‍ അത് പൊതുവിദ്യാഭ്യാസത്തിന് തുല്യമാകുന്നത് എങ്ങനെയാണ്? മദ്രസ വിദ്യാഭ്യാസത്തില്‍ ശാസ്ത്രവും ഗണിതവും സാമൂഹികശാസ്ത്രവും അടക്കമുള്ള ശാസ്ത്രീയ-മാനവിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ? അത് ഉള്‍പ്പെടുത്താതെ ഒരു മതഗ്രന്ഥം പഠിച്ചതിന്റെ പേരില്‍ മാത്രം അവരുടെ വിദ്യാഭ്യാസം എങ്ങനെയാണ് പൊതു വിദ്യാഭ്യാസസമ്പ്രദായത്തിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് തുല്യമാകുന്നത്? അഫ്‌സല്‍ ഉലമ അടക്കമുള്ള മത കോഴ്‌സുകളെ ഡിഗ്രിക്ക് തുല്യമാക്കിയത് കൊണ്ടാണല്ലോ ഇത്തരത്തില്‍ മദ്രസയില്‍ മാത്രം പഠിക്കുന്നവര്‍ക്ക് ഉന്നത വിദ്യാഭ്യാസവും ഉന്നത ഉദ്യോഗങ്ങള്‍ ലഭിക്കുന്നതും അതിനെ മറ്റു മതസ്ഥരുടെ കഷ്ടപ്പെട്ടിട്ടുള്ള വിദ്യാഭ്യാസ യോഗ്യതകളെ മറികടക്കാന്‍ പ്രാപ്തരാക്കുന്നതും.
കേരളത്തിലെ സാമൂഹിക ജീവിതം പരിശോധിച്ചാല്‍ ഹിന്ദുസമൂഹത്തില്‍ എന്നും പരിഷ്‌കരണത്തിന്റെ മുളപൊട്ടിയിട്ടുള്ളത് അതേ സമുദായങ്ങളില്‍ നിന്നുതന്നെയാണ്. ബ്രാഹ്‌മണസമൂഹം ജീര്‍ണ്ണതയില്‍ നിന്ന് ജീര്‍ണ്ണതയിലേക്ക് തലകുത്തിയപ്പോള്‍, പരിഷ്‌കരണം ഉണ്ടായത് അവരില്‍ നിന്നുതന്നെയായിരുന്നു. ഉണ്ണി നമ്പൂതിരി അടക്കമുള്ള മാസികകളും വി.ടി. ഭട്ടതിരിപ്പാട്, എം.ആര്‍.ബി, പ്രേംജി എന്നിവരടക്കമുള്ള പ്രതിഭകളും ബ്രാഹ്‌മണസമൂഹത്തിലെ പരിഷ്‌കരണത്തിനുവേണ്ടി രംഗത്ത് വന്നു. വിധവാ വിവാഹവും ഘോഷാ സമ്പ്രദായത്തിന്റെ ഒഴിവാക്കലും സംബന്ധവും വൃദ്ധവിവാഹവും അടക്കം പല കാര്യങ്ങളിലും പരിഷ്‌കരണം കൊണ്ടുവന്നത് സമുദായത്തിനുള്ളില്‍ നിന്ന് തന്നെയായിരുന്നു. പരിഷ്‌കരണം കൂടി തേവാര ദേവതയെയും മച്ചിലെ ഭഗവതിയെയും ഉപേക്ഷിക്കുന്നതിലേക്ക് വരെ ഒരു വിഭാഗം എത്തി.
സ്വാതന്ത്ര്യത്തിനുശേഷമാണ് കേരളത്തിലെ ഇസ്ലാമിക സമൂഹത്തില്‍ ഇത്തരം ഒരു നീക്കം ഉണ്ടായത്. മറ്റു സഹോദര സമുദായങ്ങള്‍ക്കൊപ്പം ഒന്നിച്ച് നീങ്ങുകയും വേഷവിധാനത്തിലും മറ്റും കാര്യമായ മാറ്റമില്ലാതെ പോവുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ തട്ടം മാത്രമാണ് വ്യത്യസ്തമായി ധരിച്ചിരുന്നത്. വിദ്യാഭ്യാസകാര്യത്തിലെ പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് എം.ഇ.എസ് എന്ന സ്ഥാപനം ഡോക്ടര്‍ അബ്ദുല്‍ ഗഫൂര്‍ ആരംഭിച്ചത്. മുസ്ലിം വിദ്യാഭ്യാസത്തിന് മാത്രമല്ല, മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഏറ്റവും ശക്തമായ നിലപാടെടുത്ത് അതിനുവേണ്ടി കേരളത്തില്‍ അങ്ങോളമിങ്ങോളം യാത്രചെയ്യുകയും സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്ത ഡോക്ടര്‍ അബ്ദുല്‍ ഗഫൂര്‍ ഒരു മത ഭീകരനോ വര്‍ഗീയവാദിയോ ആയിരുന്നില്ല. സ്വന്തം സമൂഹത്തിലെ ആളുകളെ പൊതുവിദ്യാഭ്യാസത്തിലൂടെ മുന്‍നിരയിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷമാണ് എം.ഇ.എസ്സിന് വഴിതെറ്റിയത്. 1990 കളിലെ മതമൗലികവാദപ്രസ്ഥാനങ്ങളുടെ കൈകളില്‍ അകപ്പെട്ട എം.ഇ.എസ് ഇന്ന് മതനിരപേക്ഷമെന്നോ ഭീകരാനുകൂലികളല്ലെന്നോ പറയാനാകാത്ത സാഹചര്യമാണ്. അബ്ദുല്‍ ഗഫൂറിന്റെ മകനായ ഫസല്‍ ഗഫൂര്‍ കേരളത്തിലെ ഹിന്ദുക്കളും ക്രൈസ്തവരും അടക്കമുള്ള ഇതര സഹോദര മതസ്ഥരെ നേരിടാനുള്ള രഹസ്യാസ്ത്രങ്ങള്‍ ഉണ്ടെന്ന് പറയുന്ന അവസ്ഥയിലേക്ക് എം.ഇ.എസ് മാറി. മുസ്ലിംലീഗിന്റെയും ഇസ്ലാമിക ഭീകര-തീവ്രവാദ പ്രസ്ഥാനങ്ങളുടെയും സമ്മര്‍ദ്ദഫലമായിട്ടാണ് ഇന്ന് മദ്രസ വിദ്യാഭ്യാസത്തിന് പലയിടത്തും പൊതുവിദ്യാഭ്യാസത്തിന് തുല്യമായ പദവി നല്‍കിയിരിക്കുന്നതും അതിന്റെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗങ്ങളില്‍ കയറിപ്പറ്റാന്‍ അവസരം ലഭിക്കുന്നതും.
മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഉത്തര്‍പ്രദേശിലും ജാര്‍ഖണ്ഡിലും മറ്റും പുതിയ മദ്രസകള്‍ ആരംഭിച്ചിട്ടുണ്ട്. അവിടെ ശാസ്ത്രം മുതല്‍ കമ്പ്യൂട്ടര്‍ വരെ മതബോധനത്തോടൊപ്പം നടപ്പാക്കിയിരിക്കുന്നു. ആധുനിക ശാസ്ത്രസാങ്കേതികവിദ്യകളില്‍ നിന്നും സങ്കേതങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി മദ്രസയില്‍ ഓത്തു പഠിച്ച് മാത്രം എത്രകാലം ഒരു സമൂഹത്തിന് മുന്നോട്ടുപോകാനാകും? ഇന്ന് രാഷ്ട്രവിരുദ്ധ ചിന്തകളും ഭീകരവാദവും സ്വയം പൊട്ടിത്തെറിക്കാനുള്ള മനോഭാവവുമുള്ളവ, പൊട്ടുന്നതും വളരുന്നതും മദ്രസകളിലാണ്. മദ്രസ വിദ്യാഭ്യാസത്തിന് കാലാകാലങ്ങളില്‍ മുസ്ലിം ലീഗ് മന്ത്രിമാരും കെ.ടി. ജലീലിനെ പോലുള്ള മുന്‍ സിമി ഇസ്ലാമിക ഭീകരവാദികളും നല്‍കിയ പിന്തുണയും മുല്ലാ, മുക്രി പെന്‍ഷനും അടക്കമുള്ള അനുബന്ധ സൗകര്യങ്ങളുമാണ് ഇന്ത്യയില്‍ ഒരിടത്തും ഇല്ലാത്തതുപോലെ മദ്രസകള്‍ കേരളത്തില്‍ വളരാനും പടര്‍ന്നു പന്തലിക്കാനും കാരണം. മദ്രസകള്‍ക്കോ മദ്രസാ വിദ്യാഭ്യാസത്തിനോ നമ്മള്‍ ആരും എതിരല്ല. പക്ഷേ പൊതുസമൂഹത്തില്‍ നിന്നും പൊതു വിദ്യാഭ്യാസത്തില്‍ നിന്നും പൂര്‍ണമായും വേറിട്ട മതവിദ്യാഭ്യാസം മാത്രം നല്‍കി അവര്‍ വ്യത്യസ്തരാണെന്ന് രൂപത്തിലും ഭാവത്തിലും പഠിപ്പിലും സാമൂഹിക ജീവിതത്തിലും ഒറ്റപ്പെടുത്തി തീവ്രവാദ സ്വഭാവത്തിലേക്ക് രൂപകല്‍പ്പന ചെയ്ത് എടുക്കുന്ന ഈ മദ്രസ സംസ്‌കാരം കൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനം ഉണ്ടോ? സ്വയം പൊട്ടിത്തെറിക്കാന്‍ ചാവേറായി പോയ ഭൂരിപക്ഷം ആളുകളെയും ഈ മദ്രസകളില്‍ നിന്ന് ബ്രോയിലര്‍ ചിക്കന്‍ മാതിരി വളര്‍ത്തിയെടുത്തതാണ് എന്നകാര്യം വിസ്മരിക്കരുത്. അതുകൊണ്ടുതന്നെയാണ് മദ്രസ വിദ്യാഭ്യാസത്തില്‍ പരിഷ്‌കരണം ആവശ്യമാണെന്ന് പി.കെ. ജാമിത ടീച്ചറും ജബ്ബാര്‍ മാഷും ആരിഫ് ഹുസൈന്‍ തെരുവത്തും അടക്കമുള്ളവരും എക്‌സ് മുസ്ലിങ്ങളും ഹമീദ് ചേന്നമംഗല്ലൂര്‍, എം.എന്‍. കാരശ്ശേരി, റഹീം ഓങ്ങല്ലൂര്‍, എ.പി. അഹമ്മദ് തുടങ്ങി സാമൂഹ്യപ്രതിബദ്ധതയുള്ള എല്ലാവരും ആവശ്യപ്പെടുന്നത്.
ഇതര മതസ്ഥരെ വധിക്കണമെന്ന ഖുര്‍ആന്‍ വ്യാഖ്യാനത്തിനെതിരെ ശക്തമായ നിലപാടെടുത്ത ആളാണ് ചേകന്നൂര്‍ മൗലവി. അദ്ദേഹത്തിന്റെ ‘സര്‍വ്വമത സത്യവാദം ഖുര്‍ആനില്‍’ എന്ന പുസ്തകം ഇറങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് അദ്ദേഹത്തെ വധിച്ചത്. സി.ബി.ഐ അന്വേഷിച്ചിട്ടും ഇന്നുവരെ മൃതദേഹം പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തീവ്രവാദ പ്രസ്ഥാനങ്ങള്‍ ശക്തമായപ്പോള്‍ അടുത്തിടെ ഒരു വിഭാഗത്തിന് നല്ല വിദ്യാഭ്യാസം കൊടുക്കാനുള്ള നടപടിയും ആസൂത്രിതമായി ഉന്നത വിദ്യാഭ്യാസത്തിലേക്കും സിവില്‍ സര്‍വീസിലേക്കും ജുഡീഷ്യല്‍ സര്‍വീസിലേക്കും ഒക്കെ ആളെ എത്തിക്കാനുള്ള പരിശ്രമവും നടക്കുന്നുണ്ട്. അതിന്റെ പിന്നിലെ ഭീകരരുടെയും തീവ്രവാദി സംഘടനകളുടെയും സാന്നിധ്യം ഭയപ്പെടുത്തുന്നുണ്ട്. മദ്രസയിലും അനാഥാലയത്തിലും പഠിച്ചു വന്ന ചില ഉന്നത ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന ഇസ്ലാം അനുകൂല നിലപാട് സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലും പൊതുസമൂഹത്തിലും കാര്യമായ ചര്‍ച്ചയായിട്ടുണ്ട്. ഒരുവശത്ത് ഇത് നടക്കുമ്പോഴാണ് മറ്റൊരു ഭാഗത്ത് ഒരു വിഭാഗം കുഞ്ഞുങ്ങളെ പൂര്‍ണ്ണമായും പൊതുവിദ്യാഭ്യാസത്തില്‍ നിന്ന് ഒഴിവാക്കി മത വിദ്യാഭ്യാസത്തില്‍ മാത്രം ഒതുക്കി ഭീകരതയുടെ പ്രഭവ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. ഇക്കാര്യത്തില്‍ പുരോഗമനവാദികള്‍ എന്നവകാശപ്പെടുന്ന ഇടത് സര്‍ക്കാരിന്റെ അഭിപ്രായം അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്ക് ഉണ്ട്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് പുരോഗമനപരവും കാലാനുസൃതവുമാണെന്ന് അവകാശപ്പെട്ട് മതില്‍ കെട്ടാനും യുവതികളെ ക്ഷേത്രത്തില്‍ കയറ്റാനും ആചാരങ്ങള്‍ തകര്‍ക്കാനും ശ്രമിച്ച പിണറായി വിജയന് മദ്രസകളിലെ വിദ്യാഭ്യാസ കാര്യത്തില്‍ എന്ത് അഭിപ്രായമാണ് ഉള്ളത്? സ്ത്രീകളെ പള്ളിയില്‍ കയറ്റുന്നതും അവരെ പുരോഹിതരാക്കുന്നതും അടക്കമുള്ള കാര്യങ്ങളിലേക്ക് സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ മുന്നേറുകയാണ്. ബഹിരാകാശത്തേക്ക് ഒരു മുസ്ലിം യുവതി മത അനുശാസനത്തിന് വിരുദ്ധമായി ഭര്‍ത്താവിന്റെ കുടുംബത്തിലെ ആളില്ലാതെ പോകുന്ന സാഹചര്യത്തിലൂടെ ഇസ്ലാമിക രാഷ്ട്രങ്ങള്‍ മുന്നേറുന്നു. സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളില്‍ പര്‍ദ്ദ ഉപേക്ഷിച്ചു കഴിഞ്ഞു. പര്‍ദ്ദയ്‌ക്കെതിരെ ഇറാനില്‍ നടക്കുന്ന പോരാട്ടം അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ഉപേക്ഷിച്ചു കഴിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തില്‍ ഇസ്ലാമിക സമൂഹത്തിന്റെ മേല്‍ ഒരുപറ്റം ഭീകരര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.
സൗദി അറേബ്യയിലടക്കം വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ശാസ്ത്രീയവും ഗൗരവതരവുമായ പരിഷ്‌കരണം നടപ്പിലാക്കുകയാണ്. ഭഗവദ്ഗീത അടക്കം അവിടെ പഠന വിഷയമാക്കുമ്പോഴും ഇവിടെ മതത്തിനുവേണ്ടി പോരാടി സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ കിട്ടുന്ന 72 ഹൂറികളെയും തേനും പാലും ഒഴുകുന്ന പുഴകളെയും കുറിച്ച് മസ്തിഷ്‌കപ്രക്ഷാളനം നടത്തി യുവാക്കളെ വഴിതെറ്റിക്കുകയാണ് ചെയ്യുന്നത്. 11 വര്‍ഷം മദ്രസയില്‍ പഠിച്ചു വന്നശേഷം മദ്രസ വിദ്യാഭ്യാസത്തിന്റെ സ്വഭാവത്തെക്കുറിച്ചും ദേശവിരുദ്ധതയെക്കുറിച്ചും ഭീകരന്മാരെ വാര്‍ത്തെടുക്കുന്നതിനെക്കുറിച്ചും പത്രസമ്മേളനം നടത്തിയ അസ്‌കര്‍ അലിയുടെ വാക്കുകള്‍ നമ്മള്‍ മറക്കരുത്. കേരളത്തിലെ ഭരണകൂടം ഭീകരതയുടെ പിടിയില്‍ അമര്‍ന്നിരിക്കുന്നു എന്ന ചിന്ത ഇന്ന് ദേശവ്യാപകമായി പൊതുസമൂഹത്തിലും അന്താരാഷ്ട്രതലത്തില്‍ മലയാളികളിലും രൂഢമൂലമാണ്. പിഞ്ചു കുഞ്ഞുങ്ങളെ സ്‌കൂളില്‍ അയക്കാതെ മതപഠനത്തിന് മാത്രം വിടുന്ന സാഹചര്യം ശരിയാണോ എന്നകാര്യം സംസ്ഥാന സര്‍ക്കാരും പൊതുസമൂഹവും ആലോചിക്കണം. വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിക്കും ഒക്കെ ഇക്കാര്യത്തില്‍ നിലപാട് എടുക്കേണ്ടി വരും. ഹൈക്കോടതിയും സുപ്രീംകോടതിയും അടക്കമുള്ള നീതിപീഠങ്ങള്‍ ഇക്കാര്യം അറിയണം, കാണണം. തീരുമാനങ്ങള്‍ എടുക്കാന്‍ പ്രായമായിട്ടില്ലാത്ത കൊച്ചുകുഞ്ഞുങ്ങളുടെ ഭാവി പന്താടുന്ന രീതിയില്‍ മതവിദ്യാഭ്യാസം മാത്രം നല്‍കുന്ന രീതി ശരിയാണോ എന്നകാര്യം നീതിപീഠങ്ങളും പരിശോധിക്കണം. ഏറ്റവും കുറഞ്ഞത് കേരളം ഭീകരതയിലേക്ക് വഴിതെറ്റി വീഴാതിരിക്കാനെങ്കിലും ഇക്കാര്യത്തില്‍ പൊതുസമൂഹം നിലപാടെടുത്തേ കഴിയൂ.