ഒരു രാഷ്ട്രത്തിന്റെ നാലതിര്‍ത്തിക്കപ്പുറത്തേക്ക് അതിന്റെ പൈതൃകവും വീക്ഷണവും നിലപാടുകളും തനതായ രാഷ്ട്രീയ സ്വത്വവും ഒക്കെ പ്രകടിതമാകുന്നത് ആ രാജ്യത്തിന്റെ വിദേശനയത്തിലൂടെയാണ്. ലോകചരിത്രത്തിലുടനീളം രാജ്യങ്ങളുടെ ശക്തിയും ദൗര്‍ബല്യവും രൂപപ്പെടുത്തുന്നതില്‍ വിദേശനയം സൃഷ്ടിച്ച സ്വാധീനം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ കോളനികള്‍ രൂപപ്പെടുത്തിയതിലും, വ്യാപാരനയങ്ങള്‍ ആവിഷ്‌കരിച്ചതിലും, തുടര്‍ന്ന് ലോകയുദ്ധങ്ങള്‍ അരങ്ങേറിയതിലുമെല്ലാം നിര്‍ണായകമായത് രാഷ്ട്രങ്ങളുടെ നയങ്ങള്‍ തന്നെയാണ്. സാഹചര്യത്തിനനുസൃതമായി ഭാവി താല്‍പര്യത്തിനുതകുന്ന വിദേശനയം രൂപവല്‍ക്കരിക്കുന്ന ഭരണാധികാരികളെ അവരുടെ ദീര്‍ഘവീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ചരിത്രം പില്‍ക്കാലത്ത് പ്രശംസിക്കാറുണ്ട്.
ഭാരതത്തിന്റെ സമകാലിക വിദേശനയം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന പഠനമേഖലയാണ്. പതിറ്റാണ്ടുകളായി തുടര്‍ന്നു വന്നിരുന്ന നെഹ്‌റുവിന്റെ വിദേശനയത്തില്‍ നിന്നുള്ള കാതലായ വ്യതിചലനമാണതിനു കാരണം. നെഹ്‌റുവിന്റെ ചേരിചേരാനയത്തില്‍ അധിഷ്ഠിതമായ വീക്ഷണപശ്ചാത്തലത്തില്‍ പരിവര്‍ത്തനം കൊണ്ടുവരാനുള്ള നയനൈപുണി പില്‍ക്കാല ഭരണകര്‍ത്താക്കളില്‍ വിരളമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിലൂടെ നാം കടന്നുപോകുമ്പോള്‍ വിദേശനയത്തില്‍ സമൂലമായ മാറ്റങ്ങള്‍ ദൃശ്യമാകുന്നുണ്ട്. ഭരണാധികാരിയെന്ന നിലയില്‍ നരേന്ദ്രമോദിയുടെ കാല്‍പ്പാടുകള്‍ ആഴത്തില്‍ പതിഞ്ഞ ഒരു മേഖലയായി വിദേശനയം രൂപാന്തരപ്പെട്ടിട്ടുണ്ട്.
21-ാം നൂറ്റാണ്ടില്‍ തിരശ്ശീലയ്ക്ക് പിന്നിലേക്ക് ചേരിചേരാനയം പിന്തള്ളപ്പെടുമ്പോള്‍, അവസരോചിതമായി മുന്‍പേ സഞ്ചരിച്ചുകൊണ്ട് അന്താരാഷ്ട്രരംഗത്ത് തനതായ സ്ഥാനമുറപ്പിക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. ഈ അവസരത്തില്‍ പരമ്പരാഗത ഇന്ത്യന്‍ പൈതൃകത്തെ നവീന ഭാവത്തില്‍ അന്തര്‍ദ്ദേശീയരംഗത്ത് തനതായ ശൈലിയില്‍ പ്രതിഫലിപ്പിക്കാന്‍ മോദിയ്ക്ക് കഴിഞ്ഞു.
2014നു മുന്‍പ് ഭാരതത്തിന്റെ നയതന്ത്രബന്ധം ചില മേഖലകളില്‍ പ്രത്യേകിച്ച് അറബ് രാജ്യങ്ങള്‍, പടിഞ്ഞാറന്‍ യൂറോപ്പ്, യു.എസ്.എ, റഷ്യ, ബ്രിക്‌സ്- ആസിയാന്‍ രാജ്യങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു. കാലങ്ങളായി പ്രധാനമന്ത്രിമാര്‍ ബന്ധം ദൃഢമാക്കാന്‍ പരിശ്രമിച്ചിരുന്ന മേഖലകളും ഇത്തരത്തില്‍ ആയിരുന്നു. ഇതാകട്ടെ ഒരുതരം ആശ്രയമനോഭാവത്തില്‍ അധിഷ്ഠിതവുമായിരുന്നു. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഇത്തരം രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണെന്ന വിശ്വാസത്തില്‍ നിന്നാണ് ഈയൊരു മനോഭാവം ഉരുത്തിരിഞ്ഞത്.
മോദിയാകട്ടെ തന്റെ ഒന്നാമത്തെ ഊഴത്തില്‍ ലോകരാജ്യങ്ങളില്‍ സമയോചിതമായി സഞ്ചരിക്കുകയും, വിവിധ ഭൂമിശാസ്ത്ര മേഖലകളുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് ദീര്‍ഘവീക്ഷണത്തോടെ ചെറുതും വലുതും വികസിതവും അവികസിതവുമായ എല്ലാ രാജ്യങ്ങളുമായി ഭാരതത്തിന്റെ നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള പ്രക്രിയക്ക് തുടക്കം കുറിക്കുകയും ചെയ്തു.
ഭാരതത്തിന്റെ നയതന്ത്രബന്ധത്തില്‍ വേണ്ടത്ര പ്രാധാന്യം കല്പിക്കാതിരുന്ന വിവിധ രാജ്യങ്ങളില്‍ ദീര്‍ഘമായ ഇടവേളക്കുശേഷം സന്ദര്‍ശനം നടത്തുന്ന ആദ്യ പ്രധാനമന്ത്രിയായി മോദി മാറി. അത്തരം രാജ്യങ്ങള്‍ക്കാകട്ടെ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഏറെ അഭിമാനകരമായ നിമിഷവുമായിരുന്നു. ഭാരതത്തിന്റെ സാമ്പത്തിക സുസ്ഥിരതയും വര്‍ദ്ധിച്ചുവരുന്ന സൈനികശക്തിയും ലോകരാജ്യങ്ങളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നു.
ലോകത്ത് ഭൂരിഭാഗം രാജ്യങ്ങളിലും ഭാരതത്തിന് എംബസികള്‍, അംബാസിഡര്‍മാര്‍, നയതന്ത്രപ്രതിനിധികള്‍ എന്നിവയുണ്ട്. പക്ഷേ രാഷ്ട്രീയമായി വിവിധ രാഷ്ട്രങ്ങളുമായി തന്ത്രപ്രധാനമായ ബന്ധം രൂപപ്പെടുത്തുന്നതിലൊരു വൈമനസ്യം മുന്‍കാല രാഷ്ട്രീയ നേതൃത്വത്തില്‍ നിലനിന്നിരുന്നു. വിദേശവിഷയങ്ങളില്‍ മോദി പുലര്‍ത്തുന്ന അതീവ താല്‍പര്യം പല ഭരണാധികാരികള്‍ക്കും അവരുടെ കാലഘട്ടത്തില്‍ കേവലമൊരു ചടങ്ങ് മാത്രമായിരുന്നു. മോദിയാകട്ടെ നെഹ്‌റുവിനുപോലും കടന്നു ചെല്ലാന്‍ കഴിയാത്ത അന്തര്‍ദേശീയതലങ്ങളിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നു.
എന്‍.ഡി.എയുടെ ഭരണത്തില്‍ വിദേശനയം തിരഞ്ഞെടുക്കുന്ന രാജ്യം എന്ന നിലയില്‍ നിന്നും വിദേശനയം രൂപപ്പെടുത്തുന്ന ശക്തിയായി ഭാരതം പരിണമിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ വന്‍ശക്തികള്‍ വിഹരിച്ചിരുന്ന അന്തര്‍ദ്ദേശീയ രംഗത്ത് വന്‍ശക്തിയെന്ന നിലയില്‍ ശബ്ദമുയര്‍ത്താന്‍ നമുക്ക് കഴിയുന്നു എന്നതാണ് പ്രസക്തം. വന്‍ശക്തിയായുള്ള രാജ്യത്തിന്റെ വളര്‍ച്ച ദീര്‍ഘകാലമായുള്ള പ്രക്രിയ തന്നെയാണ്. എന്നാല്‍ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ-സാംസ്‌കാരിക തലങ്ങളില്‍ ചിന്നിച്ചിതറി നിന്ന ശക്തിയെ ഏകീകരിച്ചുകൊണ്ട് ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞു എന്നതാണ് മോദിയുടെ ഭരണനൈപുണി. പൗരന്മാരില്‍ ആത്മാഭിമാനവും, ആത്മവിശ്വാസവും വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന്റെ നിരന്തര പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. മോദിയുടെ പര്യടനങ്ങള്‍ വിദേശ ഇന്ത്യന്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന അലയൊലികള്‍ ഇതിനുദാഹരണമാണ്.
വന്‍ശക്തികളെ പിണക്കാതിരിക്കാന്‍ ചില സന്ദര്‍ഭങ്ങളില്‍ നയപരമായ മൗനം അവലംബിച്ചത് വിദേശനയത്തിന്റെ ദൗര്‍ബല്യമായി മുന്‍കാലങ്ങളില്‍ നയതന്ത്രവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈയൊരു സ്ഥിതിവിശേഷത്തിന് ഇന്ന് മാറ്റം വന്നിട്ടുണ്ട്. രാജ്യതാല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്ന സന്ദര്‍ഭത്തില്‍ ഇന്ത്യയെ പൂര്‍ണമായി തള്ളിപ്പറയാന്‍ ഒരു രാജ്യവും തയ്യാറാകുന്നില്ല എന്ന വസ്തുത നാം കാണേണ്ടതായുണ്ട്. ഭാരതത്തിന്റെ നിലപാടുകളിലെ എതിര്‍പ്പുകള്‍ മിതമായി ഉന്നയിക്കുമ്പോഴും അകല്‍ച്ച ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ രാജ്യങ്ങള്‍ സ്വീകരിക്കുന്നു. നവലോകക്രമത്തിലെ ഭാരതത്തിന്റെ ശക്തിയും സ്വാധീനവും ഇതിലൂടെ വെളിപ്പെടുന്നുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ അപൂര്‍വ്വം നേതാക്കള്‍ മാത്രമാണ് ലോകനേതാക്കളായി വിലയിരുത്തപ്പെടാറുള്ളത്. സാധാരണഗതിയില്‍ വന്‍ശക്തികളായ രാജ്യങ്ങളുടെ തലവന്മാരെ ആ നിലയില്‍ ലോകനേതാക്കന്മാരായി പരിഗണിക്കാറുണ്ട്. ചെറു രാഷ്ട്രങ്ങളിലെ അപൂര്‍വ്വം നേതാക്കള്‍ വ്യക്തിപരമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. മോദിയാകട്ടെ രാഷ്ട്ര നേതാവെന്ന രീതിയില്‍ മാത്രമല്ല, മറിച്ച് സ്വന്തം വ്യക്തിപ്രഭാവത്താല്‍ ലോകനേതൃസ്ഥാനത്ത് തനതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. ആഭ്യന്തരവിഷയങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര സംഭവങ്ങളും രാഷ്ട്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ചാലകശക്തിയാകുമെന്നുള്ളത് വസ്തുതയാണ്. യു.പി.എ ഭരണത്തില്‍ നിന്നും വ്യത്യസ്തമായി സാമ്പത്തിക-സുരക്ഷാ നയങ്ങള്‍ക്കൊപ്പം സാംസ്‌കാരിക നിക്ഷേപ മേഖലയിലൂന്നിയ വിദേശനയമാണ് മോദി ചിട്ടപ്പെടുത്തിയത്. സവിശേഷമായ ഈ നയത്തിലൂടെ രാജ്യത്തെ അന്താരാഷ്ട്രനയങ്ങളുടെ കേന്ദ്രസ്ഥാനത്ത് എത്തിക്കാനും, ശക്തനായ നേതാവ് എന്ന പ്രതിച്ഛായ സമൂഹത്തില്‍ വളര്‍ത്തിയെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഒരുപക്ഷേ ചൈനീസ്-റഷ്യന്‍ പ്രസിഡന്റുമാര്‍ക്കുപോലും കഴിയാത്ത വ്യക്തിപരമായൊരു മുന്നേറ്റം മോദി തന്റെ തന്മയത്വത്തിലൂടെയും ചടുലമായ നീക്കത്തിലൂടെയും അന്തര്‍ദ്ദേശീയരംഗത്ത് കൈവരിച്ചിട്ടുണ്ട്.
ഒന്നാം മോദി സര്‍ക്കാര്‍ വികസനപദ്ധതികള്‍, രാഷ്ട്ര സന്ദര്‍ശനങ്ങള്‍, ആശയപ്രചാരണം എന്നീ ഉപാധികളിലൂടെ ലോകം മുഴുവന്‍ ഇന്ത്യയെന്ന ബ്രാന്‍ഡിന് സ്വാധീനം വര്‍ദ്ധിപ്പിച്ചു. ഈ അടിത്തറയില്‍ നിന്നുകൊണ്ട് രണ്ടാംമോദി സര്‍ക്കാര്‍ രാജ്യത്തെ ആഗോളശക്തിയായി ഉയര്‍ത്തി. വിദേശകാര്യ സെക്രട്ടറിയായ വ്യക്തിയെ വിദേശകാര്യ മന്ത്രിയാക്കിയതിലൂടെ ഭരണാധികാരിയെന്ന നിലയില്‍ വിദേശവിഷയങ്ങള്‍ക്ക് എത്രമാത്രം ഗൗരവം നല്‍കുന്നുണ്ടെന്ന് മോദി വ്യക്തമാക്കുന്നു. എസ്. ജയശങ്കറാകട്ടെ നയതന്ത്ര വിദഗ്ദ്ധന്‍ എന്ന നിലയിലും, മികച്ചയൊരു വാഗ്മി എന്ന നിലയിലും ശോഭിക്കുന്നതായി കാണാം. കേവലമൊരു പരമ്പരാഗത രാഷ്ട്രീയക്കാരന് അസാധ്യമായ കാര്യങ്ങള്‍ നയതന്ത്രവിദഗ്ദ്ധനിലൂടെ കഴിയുമെന്ന മോദിയുടെ കണക്കുകൂട്ടലിന്റെ അനന്തരഫലം തന്നെയാണ് ജയശങ്കറിന്റെ സ്ഥാനലബ്ധി. ഉദ്യോഗസ്ഥവൃന്ദത്തിന്റെ ആശ്രയത്വം കുറയ്ക്കാനും സര്‍ക്കാരിന്റെ ആശയങ്ങള്‍ അന്തര്‍ദ്ദേശീയ സമൂഹത്തിനു മുന്‍പില്‍ കൃത്യമായി ആവിഷ്‌കരിക്കാനും ഇതിലൂടെ കഴിഞ്ഞു.
ഇന്ത്യയുടെ വിദേശനയം മാറിയിരിക്കുന്നു. അതിനെ ചേരിചേരാനയത്തിലോ, പഞ്ചശീലതത്വങ്ങളിലോ തളച്ചിടാന്‍ കഴിയില്ല. ആധുനിക ലോകക്രമത്തിനും, മാറിയ ശക്തിസന്തുലനത്തിനും വിധേയമായാണ് ഈയൊരു മാറ്റം. അതാകട്ടെ ആശ്രയത്വത്തില്‍ നിന്നും പ്രാപ്തതയിലേക്കും, നയങ്ങളോടുള്ള പ്രതികരണരീതിയില്‍ നിന്നും നയരൂപീകരണത്തിലേക്കും, കേവലം അംഗരാജ്യമെന്നതില്‍ നിന്നും നേതൃസ്ഥാനത്തേക്കുമുള്ള മുന്നേറ്റമാണ്. ഈ മുന്നേറ്റത്തില്‍ ഭരണകൂടത്തില്‍ നിന്നും ആശങ്കയും നിസ്സംഗതയും ഉയരുന്നില്ല; പകരം നിര്‍ണയമെടുക്കാനുള്ള ശേഷിയും, നയവ്യക്തതയുമാണ് പ്രകടമാകുന്നത്.
നവഭാരതം സുഹൃദ് രാജ്യങ്ങളെ അഭിമാനത്തോടെ ചേര്‍ത്തുനിര്‍ത്തുകയും സൗഹൃദത്തെ മറവില്ലാതെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. പരസ്പര വിരുദ്ധരായ രാജ്യങ്ങളോട് സന്തുലനബന്ധത്തിലൂന്നിയ പ്രീണനനയം ഇന്ന് പിന്തുടരുന്നില്ല. ഉദാഹരണമായി മുന്‍കാലങ്ങളില്‍ പാലസ്തീന്‍, ഇസ്രയേല്‍ എന്നിവയോടുള്ള സമീപനത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തിയിരുന്നു. ഇസ്രയേല്‍ പ്രകടിപ്പിച്ച സാങ്കേതിക-സൈനിക സഹകരണത്തിന് തുറന്ന സ്വീകാര്യത അവലംബിക്കാന്‍ ഭരണാധികാരികള്‍ വിമുഖത കാണിച്ചിരുന്നു. അറബ് മേഖലയോടുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാകുമെന്ന ആശങ്ക മാത്രമല്ല ഇതിനു കാരണം; ആഭ്യന്തരതലത്തിലെ ന്യൂനപക്ഷപ്രീണനനയവും ഇത്തരമൊരു നയതന്ത്രസമീപനത്തിന് ഭരണാധികാരികളെ പ്രേരിപ്പിച്ചു.
എന്നാല്‍ മോദിയുഗത്തില്‍ ഇസ്രയേലിനു നല്‍കുന്ന പരിഗണന നയപരമായ സ്ഥിരതയെ സൂചിപ്പിക്കുന്നു. പരസ്പര വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും ഊഷ്മളബന്ധമായി ഇന്ത്യാ-ഇസ്രയേല്‍ സൗഹൃദം വളര്‍ന്നിട്ടുണ്ട്. സമാനമായ താല്‍പ്പര്യമുള്ളവരെ ചേര്‍ത്തുനിര്‍ത്തി മുന്നേറുന്ന പുത്തന്‍ നയസമീപനമാണ് ഭാരതം ഇന്നു പിന്തുടരുന്നത്. പലസ്തീനോടുള്ള സമീപനം പ്രീണനനയത്തില്‍ നിന്നു മാറുകയും തനതായ മാനവികബന്ധം മാത്രമായി നിലനിര്‍ത്തുകയും ചെയ്തിരിക്കുന്നു. ആസ്‌ട്രേലിയ, തായ്‌വാന്‍, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍, ജി-20, യു.എസ്.എ എന്നിവയുടെ മേല്‍ പ്രകടമായ സ്വാധീനം വളര്‍ത്തിയെടുക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്.
ശ്രീലങ്ക, നേപ്പാള്‍, മാലിദ്വീപ്, ബംഗ്ലാദേശ് എന്നിവയുടെ മേല്‍ വര്‍ദ്ധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തെ കുറയ്ക്കുന്നതിനുള്ള കര്‍മ്മപദ്ധതികളും ഭാരതത്തിന്റെ പുത്തന്‍ നയസമീപനത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഭാരതത്തിന്റെ സമീപനം അതിസൂക്ഷ്മമായി അന്തര്‍ദ്ദേശീയ സമൂഹം വീക്ഷിക്കുന്നത് നാം കണ്ടു. രാജ്യത്തിന്റെ സമകാലിക പ്രസക്തിയും പ്രാധാന്യവും ഇതില്‍ നിന്ന് വ്യക്തമാണ്. ചൈനയെ ദേശീയതലത്തില്‍ നിന്നുകൊണ്ട് മാത്രമല്ല, പകരം അന്താരാഷ്ട്ര സമൂഹത്തിനു മുന്‍പിലും എതിര്‍ക്കാനുള്ള ധീരത ഇന്ത്യന്‍ നയങ്ങളില്‍ ഇന്ന് ദൃശ്യമാകുന്നുണ്ട്. രാജ്യതാല്‍പര്യത്തെ മുന്‍നിര്‍ത്തി ക്വാഡിന് (ഇന്ത്യ-യു.എസ്.എ-ജപ്പാന്‍ – ആസ്‌ട്രേലിയ) രൂപം നല്‍കിയത് ഈ പശ്ചാത്തലത്തില്‍ കാണേണ്ടതാണ്. യു.എസുമായി സഹകരിക്കുമ്പോഴും അവരുടെ ഘടകരാജ്യമായല്ല പകരം തുല്യപങ്കാളിയെന്ന നിലയിലാണ് ഭാരതം പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന് താല്‍പ്പര്യമില്ലാത്ത മേഖലകളില്‍ യു.എസിന്റെ നയങ്ങള്‍ക്ക് പിന്തുണ നല്‍കാത്തത് ഭാരതത്തിന്റെ സ്വതന്ത്ര വിദേശനയത്തിന്റെ ശക്തിയായി വിലയിരുത്താന്‍ കഴിയും. റഷ്യ-ഉക്രൈന്‍ വിഷയത്തിലെ ഇന്ത്യന്‍ നിലപാട് ഈയര്‍ത്ഥത്തിലാണ് വിശകലനം ചെയ്യപ്പെടേണ്ടത്. രാജ്യവിരുദ്ധ നിലപാടെടുക്കുന്ന രാജ്യങ്ങളോട് ചര്‍ച്ചയെന്ന മൃദുസമീപനത്തിനുപകരം ഉപരോധമെന്ന ശക്തമായ നിലപാടെടുക്കുന്ന ഭാരതത്തെ ഇന്ന് കാണാന്‍ കഴിയും. വന്‍ശക്തികള്‍ അവലംബിച്ചിരുന്ന ഇത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനുള്ള സ്വാധീനശേഷി ഇന്ന് രാജ്യത്തിനുണ്ട്. കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനുവേണ്ടി വാദിച്ച മലേഷ്യയോടുള്ള നിലപാട് ഇത്തരത്തിലുള്ളതാണ്. 1970കള്‍ മുതല്‍ ക്രൂഡ് ഓയില്‍ രാഷ്ട്രീയം അന്തര്‍ദ്ദേശീയ രംഗത്തും ഇന്ത്യന്‍ വിദേശനയത്തിലും സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയോടുള്ള ആശ്രയത്വം വളര്‍ന്നുവരാന്‍ ഇത് കാരണമായിത്തീര്‍ന്നു. ഇന്നാകട്ടെ അത്തരത്തിലുള്ള ആശ്രയത്വം ഒഴിവാക്കാനുള്ള ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഗവണ്‍മെന്റ് സ്വീകരിച്ചു വരുന്നു. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയും ഊര്‍ജ്ജമേഖലക്കായുള്ള ബദല്‍ മാര്‍ഗ്ഗങ്ങളും ഇതിനായുള്ള മുന്നൊരുക്കങ്ങളായി വിലയിരുത്തപ്പെടുന്നു. വ്യക്തമായി പറഞ്ഞാല്‍ എല്ലാ മേഖലയിലുമുള്ള സ്വയംപര്യാപ്തതയാണ് മോദിയുടെ നയങ്ങളുടെ അടിസ്ഥാനം. നെഹ്‌റുവിന്റെ കൂട്ടായ നേതൃത്വമെന്ന സങ്കല്പത്തിനു പകരം സാംസ്‌കാരികവും ജനാധിപത്യപരമായും ഔന്നത്യത്തില്‍ നില്‍ക്കുന്ന ലോകനേതാവാകാനാണ് ഭാരതം കുതിക്കുന്നത്. ആഫ്രോ-ഏഷ്യന്‍ ഐക്യത്തിന്റെ വക്താവായിരുന്നു നെഹ്‌റു. കോളനിവല്‍ക്കരണത്തില്‍ നിന്നും സ്വതന്ത്രമായ രാജ്യങ്ങളുടെ കൂട്ടായ്മകള്‍ രൂപവല്‍ക്കരിച്ചുകൊണ്ട് അത്തരം മുന്നണികളുടെ നേതൃസ്ഥാനത്തെത്താനാണ് അദ്ദേഹം പരിശ്രമിച്ചത്. സൈദ്ധാന്തികമായി ഉദാത്തമെന്ന വിശേഷണം നല്‍കാമെങ്കിലും പ്രായോഗികതലത്തിലും ആധുനികവികസന കാഴ്ചപ്പാടിലും ആ നയത്തിന് പ്രത്യേകമായ ഫലമൊന്നും അവകാശപ്പെടാന്‍ കഴിയില്ല. ചൈനീസ് യുദ്ധവേളയില്‍ ചേരിചേരാനയം പോലും പ്രയോജനപ്രദമായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം ചരിത്രത്താളുകളില്‍ അവശേഷിക്കുന്നുണ്ട്. സാമ്പത്തിക-സാങ്കേതിക-സൈനിക ശക്തിയായി വളര്‍ന്നാല്‍ മറ്റൊരു തരത്തിലുള്ള സുരക്ഷാസഖ്യത്തിന്റെയും ആവശ്യമില്ലെന്ന വസ്തുത തിരിച്ചറിയാന്‍ നെഹ്‌റുവിന് കഴിയാതെ പോയി.
ആഫ്രിക്കന്‍ രാജ്യങ്ങളുടെ അടിസ്ഥാനസൗകര്യമേഖലകളില്‍ ചൈന നടത്തുന്ന വ്യാപകമായ നിക്ഷേപം മേഖലയിലെ ചൈനീസ് മേധാവിത്വമായി പരിണമിക്കുന്നുണ്ട്. ചൈനയുമായി മത്സരിക്കുന്ന ഭാരതത്തെ സംബന്ധിച്ച് അത്തരം മേഖലയിലേക്ക് കടന്നുകയറുകയെന്നത് അത്യാന്താപേക്ഷിതമാണ്. ഇതിനായി ചെറുരാജ്യങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കേണ്ടതും, വിദേശബന്ധങ്ങള്‍ വിപുലീകരിക്കേണ്ടതുമാണ്. ഈ ദീര്‍ഘകാല ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് മോദിയുടെ വിദേശനയം ഉരുത്തിരിയുന്നത്. ഈയൊരു ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ ലോകയാത്രകളെ പരിഹസിക്കുന്ന ഇടത് സൈദ്ധാന്തികരും സൈബര്‍ ലോകവും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല എന്നതാണ് സത്യം. വിദേശബന്ധങ്ങളുടെ പ്രാധാന്യവും പ്രസക്തിയും തിരിച്ചറിയാനാകാത്ത ഒരു വിഭാഗത്തിന്റെ ജല്‍പനങ്ങളായി അത്തരം സമീപനങ്ങള്‍ അവശേഷിക്കുന്നു.
മോദി വിരുദ്ധരെ സംബന്ധിച്ച് വിദേശനയം നെഹ്‌റുവിന്റെ കാലത്ത് ആരംഭിച്ച പരമ്പരാഗതവിദേശബന്ധത്തിന്റെ തുടര്‍ച്ചയാണ്. മോദിക്കാകട്ടെ നവഭാരതനിര്‍മ്മാണത്തിനുള്ള ഉപാധിയാണ് വിദേശനയം. ഭാരതത്തെ ഉയര്‍ത്താനുള്ള അദ്ദേഹത്തിന്റെ നയതന്ത്രജ്ഞതയെ അത്ഭുതത്തോടെയാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ വാക്കുകള്‍ ”ലോകം മോദിയെ സ്‌നേഹിക്കുന്നു” എന്നാണ്. ഒരു ലോകനേതാവെന്ന നിലയില്‍ അദ്ദേഹത്തിനു ലഭിക്കുന്ന സ്വീകാര്യത ഈ വാക്കുകളില്‍ കാണാന്‍ കഴിയും.
കോവിഡ് കാലഘട്ടത്തില്‍ ഇതര രാജ്യങ്ങളോട് പുലര്‍ത്തിയ സഹകരണാത്മക മനോഭാവവും, നേതൃപാടവവും, തീവ്രവാദത്തിനെതിരായ വീട്ടുവീഴ്ചയില്ലാത്ത നീക്കങ്ങളും ഭാരതസംസ്‌കാരത്തെ അന്തര്‍ദ്ദേശീയ രംഗത്ത് മികവോടെ അവതരിപ്പിക്കാനുള്ള നൈപുണിയുമെല്ലാം മോദിയുടെ നയതന്ത്രജ്ഞതയുടെ പ്രതീകങ്ങളാണ്. ഡിജിറ്റല്‍ മേഖലയുടെ കാര്യക്ഷമമായ ഉപയോഗവും സാങ്കേതികവിദ്യയോടുള്ള തീവ്രമായ അഭിനിവേശവുമെല്ലാം മാറുന്ന ലോകത്തിന് മുന്‍പേ നടക്കാന്‍ മോദിയെ പ്രാപ്തനാക്കുന്നു. ഈയൊരര്‍ത്ഥത്തില്‍ 21-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ വിദേശനയത്തിന്റെ ശില്പിയായി മോദിയെ വിലയിരുത്തേണ്ടി വരുന്നു. അദ്ദേഹം ആഭ്യന്തരരംഗത്ത് മാത്രമല്ല അന്തര്‍ദ്ദേശീയ രംഗത്തും തരംഗം സൃഷ്ടിക്കുന്നു. മോദിയുടെ ദീര്‍ഘവീക്ഷണത്താല്‍ പരമ്പരാഗത വിദേശനയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ രൂപപ്പെടുകയും പുത്തന്‍ നയരേഖകള്‍ നയതന്ത്രബന്ധത്തില്‍ സന്നിവേശിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
മോദിയുടെ വിദേശനയം സാംസ്‌കാരിക – സഹകരണാത്മക മേധാവിത്വമാണ്. ആ തത്വത്തില്‍ രാജ്യത്തിന്റെ സ്വയം പര്യാപ്തതയും, സാമ്പത്തിക വളര്‍ച്ചയും ഉപഘടകങ്ങളാണ്. ജനാധിപത്യവും സാങ്കേതികവിദ്യയുമെല്ലാം അതിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗ്ഗങ്ങള്‍ മാത്രമാണ്. ആത്യന്തികമായ ലക്ഷ്യമാകട്ടെ നവലോകക്രമത്തില്‍ ഇന്ത്യയെ നേതൃസ്ഥാനത്ത് എത്തിക്കുകയെന്നതും.
ദേശതാല്‍പര്യത്തെ സംരക്ഷിക്കാന്‍ കഴിയുന്ന ചടുലമായ നിര്‍ണയങ്ങളാണ് ഭരണാധികാരിയില്‍ നിന്നും വിദേശനയത്തില്‍ പ്രതീക്ഷിക്കുന്നത്. തുര്‍ക്കിയിലെ ഭൂചലനവേളയില്‍ ആരേക്കാളും മുന്‍പ് സഹായഹസ്തമെത്തിക്കാന്‍ ഭാരതത്തിന് കഴിഞ്ഞത് ഇതുമായി ചേര്‍ത്തു വായിക്കേണ്ടതാണ്. ശത്രുപക്ഷത്തായിരുന്ന ഒരു രാജ്യത്തെ അസാധാരണവും, അപ്രതീക്ഷിതവുമായ നയതന്ത്രചാരുതയില്‍ ഭാരതം കീഴടക്കിയത് ഇന്ന് ചര്‍ച്ചാവിഷയമാണ്. രാഷ്ട്രീയക്കാരനാകാന്‍ ആര്‍ക്കും സാധിക്കും. പക്ഷേ സമസ്ത മേഖലയിലും നയങ്ങളും പദ്ധതികളും ആവിഷ്‌കരിക്കാനും, ജനപിന്തുണയില്‍ അതിനെ പ്രായോഗികവല്‍ക്കരിക്കാനും ഒരു നേതാവിനു മാത്രമേ സാധിക്കൂ. ഇത്തരം യോഗ്യതകളാല്‍ സമ്പന്നനാണ് നവയുഗഭാരതശില്പി എന്നുള്ളത് ഭാരതത്തിന് അഭിമാനകരമാണ്.