Saturday, July 5, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഇത് ഹിന്ദുരാഷ്ട്രം- സനാതനം അതിന്റെ വിശേഷണം

ഡോ.മന്‍മോഹന്‍ വൈദ്യ

Print Edition: 26 May 2023

ഭാരതം അനാദിയും അനന്തവുമാണെന്നതിനാല്‍ അതിനു നല്‍കിയ വിശേഷണമാണ് സനാതനം അഥവാ ശാശ്വതം. അതിന് രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന്, ഭാരതത്തെ രൂപപ്പെടുത്തിയ തത്ത്വശാസ്ത്രം ശാശ്വതമാണ്. രണ്ട് ആ തത്ത്വശാസ്ത്രമനുസരിച്ച് ജീവിക്കുന്ന, അതിന്റെ മൂര്‍ത്തരൂപമായ സമൂഹവും ശാശ്വതമാണ്.

ഭാരതത്തിന്റെ പ്രപഞ്ചവീക്ഷണം ആദ്ധ്യാത്മികതയില്‍ അധിഷ്ഠിതമാണെന്നതിനാല്‍ അത് അദ്വിതീയമാണ്, സമഗ്രമാണ്, സമ്പൂര്‍ണമാണ്. ഈ പ്രപഞ്ചവീക്ഷണം കാരണം, അദ്വിതീയമായ ബോധത്തിന്റെ വ്യത്യസ്തമായ രൂപങ്ങളിലുള്ള അഭിവ്യക്തിയായ സമ്പൂര്‍ണ സൃഷ്ടിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി ഭാരതം കരുതുന്നു. അതുകൊണ്ടുതന്നെ ലോകത്തെ നയിക്കുന്നത് സമന്വയമാണ്, സംഘര്‍ഷമല്ല എന്ന് ഭാരതം വിശ്വസിക്കുന്നു.

ഭാരതം അഥവാ ഭാരതസമൂഹം അതിന്റെ നാഗരികതയുടെ കേന്ദ്രബിന്ദുവായി അംഗീകരിച്ചിരിക്കുന്നത് നാല് വിശ്വാസപ്രമാണങ്ങളെയാണ്. 1. ഉണ്മ അഥവാ ഈശ്വരന്‍ ഏകവും അദ്വിതീയവുമാണ്. അതിനെ വ്യത്യസ്ത പേരുകള്‍ വിളിക്കാനും വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെ, മതാനുഷ്ഠാനങ്ങളിലൂടെ സാക്ഷാത്കരിക്കാനും സാധിക്കും. 2. നാനാത്വത്തില്‍ ഏകത്വത്തെ ദര്‍ശിക്കുകയും, അതിനെ വിലമതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുക എന്നതും ഭാരതീയ ജീവിതപദ്ധതിയുടെ കാതലായ വശമാണ്. 3. ഓരോ ആത്മാവും ദിവ്യമാണ്. ആന്തരികവും ബാഹ്യവുമായ പ്രകൃതിയെ സംയമനം ചെയ്ത് ഈ ദിവ്യത്വത്തെ അഭിവ്യക്തമാക്കുക എന്നതാണ് ജീവിതത്തിന്റെ ലക്ഷ്യം. അപ്രകാരം ജനി-മൃതികളുടെ ചക്രത്തില്‍ നിന്ന് സ്വയം മുക്തിനേടി പരമമായ ബോധത്തില്‍ വിലയം പ്രാപിക്കുക എന്നതാണ് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം 4. തന്നില്‍ അന്തര്‍ലീനമായ ദിവ്യത്വത്തെ സ്വന്തം പ്രകൃതത്തിനും താല്പര്യത്തിനും അനുഗുണമായ പാതയിലൂടെ സഞ്ചരിച്ച് സാക്ഷാത്കരിക്കാനാവും. ഇത്തരം എല്ലാ മാര്‍ഗ്ഗങ്ങളും തുല്യവും സ്വീകാര്യവും ഒരുപോലെ ആദരണീയവുമാണ്. ഈ മാര്‍ഗ്ഗങ്ങളെല്ലാം വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നുവെന്ന് മാത്രം. കാലഗതിയില്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ ഉണ്ടായെന്നും വന്നേക്കാം. ഇത്തരം പഴയതിനും പുതിയതിനുമെല്ലാം ഇവിടെ സ്വീകാര്യതയുണ്ട്. ഇത് ഭാരതത്തിന്റെ മാത്രം സവിശേഷതയാണ്. അതുകൊണ്ടാണ് 1893ല്‍ ചിക്കാഗോവിലെ വിശ്വമതമഹാസമ്മേളനത്തില്‍ സംസാരിക്കവെ വിവേകാനന്ദ സ്വാമികള്‍ ഭാരതത്തെ ‘എല്ലാ മതങ്ങളുടെയും മാതാവ്’ എന്ന് വിശേഷിപ്പിച്ചത്. ഈ തത്ത്വശാസ്ത്രത്തിന്റെ അടിസ്ഥാനം ആദ്ധ്യാത്മികതയാണെന്നത് കൊണ്ടാണ് അത് ശാശ്വതമായിത്തീരുന്നത്.

ഈ കാര്യങ്ങളെല്ലാം കേവലം ചിന്തയിലും തത്ത്വത്തിലും ഒതുങ്ങിനിന്നാല്‍ പോരാ. ഈ തത്ത്വശാസ്ത്രത്തിന്റെ ഫലമായി കാലാതീതമായ ജീവിത പാരമ്പര്യം ഇവിടെ ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. എണ്ണമറ്റ ആക്രമണങ്ങളും പീഡനങ്ങളും സഹിക്കേണ്ടിവന്ന സാഹചര്യത്തിലും ‘രാഷ്ട്ര’ മെന്ന് വിളിക്കപ്പെടുന്ന ഈ സമൂഹം ഇപ്പോഴും ഇവിടെ നിലനിന്നുപോരുന്നു. ഈ സമൂഹത്തിന്റെ മരണമില്ലാത്ത അവസ്ഥയും ഭാരതത്തെ സനാതനമാക്കുന്നു. ഈ രാഷ്ട്രത്തെ സനാതനമായി നിലനിര്‍ത്തുന്ന രണ്ട് മുഖ്യ ഘടകങ്ങളാണ് അതിന്റെ ആദ്ധ്യാത്മികമായ അടിത്തറയും ഭരണകൂടത്തിലധിഷ്ഠിതമല്ലാത്ത ജീവിതക്രമവും. രവീന്ദ്രനാഥ ടാഗൂര്‍ അദ്ദേഹത്തിന്റെ ‘സ്വദേശി സമാജം’ എന്ന പ്രബന്ധത്തില്‍ എഴുതുന്നു ‘ക്ഷേമരാജ്യം എന്നത് ഭാരതീയ പാരമ്പര്യത്തില്‍ പെടുന്നതല്ല.’ ക്രമസമാധാനം, പ്രതിരോധം, വിദേശകാര്യം എന്നിവയൊഴിച്ച് വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാരം, വാണിജ്യം, ക്ഷേത്രങ്ങള്‍, മേളകള്‍, കലകള്‍, സൗന്ദര്യശാസ്ത്രം, സംഗീതം, നൃത്തം, നാടകം തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കും സമൂഹത്തിന് സ്വയംഭരണാവകാശമുള്ള സംവിധാനങ്ങളുണ്ട്. സമൂഹത്തിന്റെ ഇത്തരം കാര്യങ്ങള്‍ക്ക് സനാതന ഭാരതം ഭരണകൂടത്തിന്റെ സാമ്പത്തിക സംവിധാനങ്ങളെ ആശ്രയിക്കുമായിരുന്നില്ല. ഇത്തരം വിഷയങ്ങള്‍ക്കെല്ലാം സമൂഹത്തിന് ധാര്‍മ്മാധിഷ്ഠിതവും ധര്‍മ്മനിര്‍ദ്ദേശം പിന്തുടരുന്നതുമായ സ്വതന്ത്ര വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. ധര്‍മ്മമെന്നാല്‍ മതമോ ആരാധനക്രമമോ അല്ല. സ്വന്തം കുടുംബത്തിന് നല്‍കുന്ന അതേ ഭാവത്തോടെ സമാജത്തിന് തിരിച്ചു നല്‍കുന്നതിനെയാണ് ധര്‍മ്മമെന്ന് കരുതുന്നത്. തങ്ങളുടെ അദ്ധ്വാനത്തിന്റെ പ്രതിഫലം അവനവന് വേണ്ടി എടുത്തുവെക്കുന്നതിനു പകരം, അത് സമൂഹത്തിന് നല്‍കുന്ന ജനങ്ങള്‍ ഉള്ള സമൂഹം സമ്പന്നവും സമൃദ്ധവുമായിത്തീരുമെന്ന് വിവേകാനന്ദ സ്വാമികളുടെ ശിഷ്യ ഭഗിനി നിവേദിത പറഞ്ഞിട്ടുണ്ട്. അതിന്റെ ഫലമായി സമൂഹത്തിലെ ഓരോ വ്യക്തിയും സമ്പന്നനും ബുദ്ധിയുള്ളവനുമായിത്തീരും. ഇതിനെയാണ് ധര്‍മ്മം എന്ന് പറയുന്നത്. ധര്‍മ്മം ഒരിക്കലും പക്ഷഭേദം കാണിക്കില്ല. അത് എല്ലാവരെയും പരസ്പരം ബന്ധിപ്പിക്കുകയും എല്ലാവരെയും ഒരുമിപ്പിച്ച് ഒറ്റക്കെട്ടായി നിലനിര്‍ത്തുകയും ചെയ്യും. നേരെമറിച്ച് ജനങ്ങള്‍ സ്വന്തം അദ്ധ്വാനത്തിന്റെ പ്രതിഫലം സമൂഹത്തിന് നല്‍കുന്നതിന് പകരം അത് അവരവരുടെ പക്കല്‍ തന്നെ വെച്ചാല്‍ സമൂഹത്തില്‍ ചില ആളുകള്‍ സമ്പന്നരായിത്തീരുകയും സമൂഹം ദാരിദ്ര്യത്തിലകപ്പെടുകയും ചെയ്യും. ഒറ്റ കമ്പില്‍ കെട്ടിപ്പൊക്കിയ കൂടാരം ആ കമ്പ് കേടുവരുന്ന സാഹചര്യത്തില്‍ തകര്‍ന്ന് നിലംപൊത്തും. അതേസമയം, മൂന്നോ നാലോ കമ്പുകളുപയോഗിച്ച് നിര്‍മ്മിച്ച കൂടാരം, കമ്പുകളിലൊന്ന് കേടുവന്നുപോയാലും തകര്‍ന്നു വീഴില്ല എന്നുമാത്രമല്ല അതിനെ ശരിയാക്കിയെടുക്കാനും കഴിയും. ഭാരതം പരമ്പരാഗതമായി പ്രവര്‍ത്തിച്ചുപോരുന്നത് ഇപ്രകാരമാണ്. അതുകൊണ്ട് വിദേശീയരുടെ ആക്രമണത്തില്‍ ഇവിടത്തെ രാജാക്കന്മാര്‍ പരാജയപ്പെട്ടപ്പോഴും സമൂഹം ഒരു രാഷ്ട്രമെന്ന നിലയില്‍ പരാജയപ്പെടാതെ നിലനിന്നു. ഉചിതമായ ബോധവല്‍ക്കരണത്തിലൂടെ ‘സ്വരാജ്യം’ വീണ്ടെടുക്കപ്പെട്ടു. ഈ ഉപായമാണ് ഭാരതത്തെ സനാതനമാക്കിത്തീര്‍ത്ത കാതലായ മറ്റൊരു രഹസ്യം.

അതുല്യമായ ആദ്ധ്യാത്മിക-കേന്ദ്രിത ജീവിത വീക്ഷണം വെച്ചു പുലര്‍ത്തുന്ന ഈ രാഷ്ട്രം ലോകമെമ്പാടും ഹിന്ദുവെന്ന പേരിലറിയപ്പെടുന്നു. അതുകൊണ്ടാണ് ഇത് ഹിന്ദുരാഷ്ട്രമെന്ന് വിളിക്കപ്പെടുന്നതും സനാതനം എന്ന വിശേഷണത്തിന് പാത്രമായതും. നാം ഒരിക്കലും നമ്മെ മാനവരാശിയില്‍ നിന്നും ഒരു തരത്തിലും ഭിന്നമാണെന്ന് കരുതിയിട്ടില്ല എന്നതിനാല്‍ ഈ പേര് നാം സ്വയം സ്വീകരിച്ചതല്ല. ‘വസുധൈവ കുടുംബകം’ എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. സിന്ധുനദിയുടെ മറുകരയില്‍ അധിവസിക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ നമ്മെ തിരിച്ചറിയാന്‍ പാകത്തില്‍ പുറമെ നിന്നുള്ളവരാണ് നമുക്ക് ഈ പേര് നല്‍കിയത്. 1935-40 കാലഘട്ടത്തില്‍ നാഗപ്പൂരിലെ നെയ്യ് വില്പന സ്ഥാപനങ്ങള്‍, നെയ്യ് വില്പനക്കെത്തിക്കുന്ന ഗ്രാമത്തിന്റെ പേരോടുകൂടിയ ഫലകങ്ങളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. ബോരേഗാംവ്, ദഹിഗാവേ, ആംഗാംവ് എന്നിങ്ങനെ അതത് ഗ്രാമത്തിന്റെ പേര് ആദ്യം എഴുതിയശേഷം നെയ്യ് വില്പനക്കട എന്ന് എഴുതിവെക്കുകയായിരുന്നു പതിവ്. എന്നാല്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് ഡാല്‍ഡ വനസ്പതി കമ്പോളത്തില്‍ വില്പനക്കെത്തിയതോടെ കണ്ടാല്‍ നെയ്യ് പോലെ തോന്നിക്കുന്ന അതില്‍ നിന്നും വ്യത്യസ്തമാണ് തങ്ങളുടെ ഉല്പന്നം എന്നറിയിക്കാന്‍ അവര്‍ കടകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഫലകങ്ങളില്‍ ‘ശുദ്ധമായ നെയ്യ് വില്‍ക്കുന്ന കട’ എന്ന വാക്യം എഴുതിവെച്ചു. അതായത്, നേരത്തെ എഴുതിവെച്ച വാക്യത്തോടൊപ്പം ശുദ്ധമായ എന്ന വാക്കു കൂടി കൂട്ടിച്ചേര്‍ത്തു. ഇതിന്റെ അര്‍ത്ഥം മുമ്പ് വിറ്റിരുന്നത് അശുദ്ധമായ നെയ്യായിരുന്നു എന്നല്ല. നെയ്യിന്റെ കൃത്രിമാനുകരണമായ ഉല്പന്നത്തില്‍ നിന്നും വ്യത്യസ്തമാണ് തങ്ങളുടെ ഉല്പന്നം എന്ന സന്ദേശം നല്‍കാനാണ് ശുദ്ധമായ എന്ന വാക്ക് കൂട്ടിച്ചേര്‍ത്തത്. ഇതുതന്നെയാണ് ഹിന്ദുവിന്റെ കാര്യത്തിലും സംഭവിച്ചത്. ‘ആത്മവത് സര്‍വ്വ ഭൂതേഷൂ” (എല്ലാവരേയും തന്നെപ്പോലെ കരുതുക) എന്ന തത്ത്വം അനുസരിച്ച് ജീവിച്ചുപോന്ന നമുക്ക് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ് നാം എന്ന് അറിയിക്കാന്‍ പ്രത്യേകമായി ഒരു പേര് വേണം എന്ന തോന്നല്‍ ഇല്ലാതിരുന്നതുകൊണ്ട് നാമതിന് മുതിര്‍ന്നില്ല.

കാലത്തിന്റെ ഒഴുക്കില്‍ സ്വാഭാവികമായും എല്ലാ സമൂഹങ്ങളിലും മാറ്റമുണ്ടാകും. ശാശ്വതമായ തത്ത്വത്തില്‍ ഉറച്ചുനിന്നുകൊണ്ട് അതിന്റെ വെളിച്ചത്തില്‍ കാലഹരണപ്പെട്ട ആചാരങ്ങളെ ഉപേക്ഷിക്കാനും, അതോടൊപ്പം പുതിയ ആചാരങ്ങളെ ഉള്‍ക്കൊള്ളുവാനുമുള്ള കഴിവ് സ്വാഭാവികമായിത്തന്നെ ഭാരതത്തിനുണ്ട്. അപ്രകാരം വൈദേശികമെങ്കില്‍പ്പോലും ആവശ്യമായ മൂല്യങ്ങളും സമ്പ്രദായങ്ങളും സ്വീകരിച്ച് നമ്മുടെ തനതായ സിദ്ധാന്തങ്ങള്‍ക്ക് അനുഗുണമായി പുതിയ രീതിയില്‍ മാറ്റിപ്പണിത് സ്വാംശീകരിക്കാനുള്ള ശേഷിയും ഭാരതത്തിനുണ്ട്. ഈ മുഖമുദ്രയാണ് ഭാരതത്തെ ഒരേസമയം ചിരപുരാതനവും നിത്യനൂതനവുമായി നിലനിര്‍ത്തുന്നത്. കാലാതീതമായ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മേല്‍പ്പറഞ്ഞവിധം തത്ത്വങ്ങളെയും ജ്ഞാനപദ്ധതികളെയും സംയോജിപ്പിക്കാനും സ്വാംശീകരിക്കുവാനുമുള്ള ഭാരതത്തിന്റെ കഴിവിനെ പ്രതിഫലിപ്പിക്കുന്നതാണ് നമ്മുടെ സ്മൃതിഗ്രന്ഥങ്ങളും മറ്റും. ഭാരതീയ തത്ത്വശാസ്ത്രമാണ്് അറിവിനെ സംബന്ധിക്കുന്ന അവസാന വാക്ക്, അതിനപ്പുറം അറിയാന്‍ യാതൊന്നും അവശേഷിക്കുന്നില്ല എന്ന് ഭാരതം ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല.

ആനുകാലിക ഭാരതത്തെ സംബന്ധിച്ച് നമ്മുടെ ഭരണഘടനയാണ് ഏറ്റവും പുതിയ സ്മൃതിഗ്രന്ഥം. ഈ ഭരണഘടനയെ പരിഷ്‌ക്കരിക്കാനുള്ള നിബന്ധനകള്‍ ഭരണഘടനയില്‍ തന്നെ ഉള്ളടങ്ങിയിട്ടുണ്ട്. അതിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ അപ്പടി നിലനിര്‍ത്തി ഉപരിഘടനയെ നവീകരിക്കാനുള്ള വൈദഗ്ദ്ധ്യം ഭാരതം പ്രകടമാക്കിയിട്ടുണ്ട്. ഇത് നമ്മുടെ നാഗരികമായ നൈരന്തര്യത്തെയും നവീകരണശേഷിയേയും സുരക്ഷിതമാക്കിവെച്ചിട്ടുണ്ട് എന്നതാണ് അതിനെ സനാതനമാക്കിത്തീര്‍ക്കുന്നത്.

അഭ്യുദയത്തിനും (ഇഹലോകപരമായ ക്ഷേമം) നിഃശ്രേയസത്തിനും (പാരത്രികമായ മോക്ഷം) തുല്യപ്രാധാന്യം നല്‍കുന്നുവെന്നതാണ് ഭാരതത്തിന്റെ മറ്റൊരു സവിശേഷത. പരസ്പരം വേര്‍പ്പെടുത്താനാവാത്ത ഇവ രണ്ടിനെയും സമതുലിതമായി നിലനിര്‍ത്തുന്നതാണ് ധര്‍മ്മം (ധര്‍മ്മം മതമല്ല). ”യതോƒഭ്യുദയ നിഃ ശ്രേയസ സിദ്ധി: സ ധര്‍മ്മ” എന്നാണ് ധര്‍മ്മത്തിനു നല്‍കിയിരിക്കുന്ന മറ്റൊരു നിര്‍വ്വചനം. ഈ കാഴ്ചപ്പാടിന്റെ ഫലമായി ആധുനിക കാലത്തെ 17 നൂറ്റാണ്ടുകളില്‍ ലോക വാണിജ്യത്തിന്റെ 30 ശതമാനത്തിലധികം പങ്ക് ഭാരതത്തിന്റേതായിരുന്നു. അതായത്, അക്കാലത്തെ ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാല്‍, അനേകം ലോകരാജ്യങ്ങളുമായി വാണിജ്യബന്ധമുണ്ടായിരുന്ന സാഹചര്യത്തിലും അവയെ കോളനിവല്‍ക്കരിക്കാനോ അവരുടെ സമ്പത്ത് കൊള്ളയടിക്കാനോ, തദ്ദേശീയരെ മതപരിവര്‍ത്തനം ചെയ്യാനോ, അവരെ അടിമകളാക്കി അവരുടെ മാന്യത ഇല്ലാതാക്കാനോ, കച്ചവടച്ചരക്കാക്കാനോ നാമൊരിക്കലും മുതിര്‍ന്നില്ല. ഇതിനെല്ലാം കാരണം ഭാരതത്തിന്റെ ‘വസുധൈവ കുടുംബകം’ എന്ന കാഴ്ചപ്പാടായിരുന്നു. ഭാരതം പ്രാചീനമായ ഒരു നാഗരികതയാണ്. അതിന്റെ സുദീര്‍ഘമായ യാത്രക്കിടയില്‍ ഉണ്ടായ അപചയത്തിന്റെ കാലഘട്ടങ്ങളില്‍ ജനങ്ങളുടെ മനോഭാവത്തില്‍ നിഷ്‌ക്രിയത്വം കടന്നുകൂടിയപ്പോള്‍ ജനങ്ങളെ ഉണര്‍ത്തുവാനും സമൂഹത്തെ ശക്തിപ്പെടുത്തുവാനും സമാജത്തിന്റെ എല്ലാ വിഭാഗങ്ങളിലും അവതരിച്ച ദിവ്യപുരുഷന്മാര്‍ ശ്രമിക്കുകയും ജനങ്ങള്‍ക്ക് പുത്തനുണര്‍വ്വ് നല്‍കി അവരുടെ അന്തര്‍ബോധം ശക്തിപ്പെടുത്തുന്നതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം ദിവ്യപുരുഷന്മാരുടെയും സന്യാസിമാരുടെയും സമയോചിതമായ ഇടപെടലും സമാജത്തിന് ദിശാബോധം പകര്‍ന്ന പ്രവര്‍ ത്തനവും ഭാരതത്തിന് സനാതനമെന്ന വിശേഷണം ലഭിക്കുന്നതില്‍ സഹായകമായിട്ടുണ്ട്.

ലോകം മുഴുവന്‍ അടുത്തു വന്നിരിക്കുന്ന, സഞ്ചാരോപാധികളുടെയും ആശയവിനിമയ മാര്‍ഗ്ഗങ്ങളുടെയും വേഗത വളരെയധികം വര്‍ദ്ധിച്ച ഇന്നത്തെ സാഹചര്യത്തില്‍, ലോകത്ത് ലഭ്യമായ പരിമിതമായ വിഭവങ്ങളുടെ സഹായത്താല്‍ ഭാഷാപരവും വംശപാരമ്പര്യപരവും മതപരവുമായ വൈവിധ്യങ്ങള്‍ നിലനിര്‍ത്തുക എന്നത് മാനവരാശിയെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയായി തീര്‍ന്നിരിക്കയാണ്. പരസ്പര ഐക്യത്തോടെ യഥാര്‍ത്ഥ സമ്പല്‍സമൃദ്ധിയോടെ ജീവിക്കുക എന്ന ലോകത്തിന്റെ അഭിലാഷം സാക്ഷാത്കരിക്കാന്‍, ഭാരതത്തിന്റെ തനതായ പ്രപഞ്ചവീക്ഷണം, തത്ത്വശാസ്ത്രം, അനുഭവം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇതെങ്ങനെ സഫലമാക്കിത്തീര്‍ത്തു എന്നതിന്റെ പ്രത്യക്ഷോദാഹരണം മാതൃകയായി ലോകത്തിന്റെ മുമ്പിലുണ്ട്.

വിഖ്യാതനായ ഊര്‍ജ്ജതന്ത്രജ്ഞന്‍ ഫ്രിജോഫ് കാപ്ര (Fritjof Capra) ഈ വിഷയം വ്യക്തമാക്കിക്കൊണ്ടു പറയുന്നത് ഇപ്രകാരമാണ്: ”ഇപ്പോള്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുന്ന മാതൃക അനേകം നൂറ്റാണ്ടുകള്‍ നമ്മുടെ സംസ്‌കാരത്തിനു മേല്‍ ആധിപത്യം പുലര്‍ത്തിപ്പോന്നു. ഈ കാലഘട്ടത്തില്‍ അത് നമ്മുടെ ആധുനിക പാശ്ചാത്യ സമൂഹത്തെ രൂപപ്പെടുത്തുകയും മറ്റ് ലോക സമൂഹങ്ങളെ കാര്യമായി സ്വാധീനിക്കുകയും ചെയ്തു. ഈ മാതൃക രൂഢമൂലമായ ചില ആശയങ്ങളിലും മൂല്യങ്ങളിലും അധിഷ്ഠിതമാണ്. പ്രപഞ്ചം മൗലികമായ നിര്‍മ്മിതി കട്ടകളാല്‍ സൃഷ്ടിക്കപ്പെട്ട ഒരു യാന്ത്രിക ഘടനയാണ്; മനുഷ്യശരീരം ഒരു യന്ത്രമാണ്; സാമൂഹ്യ ജീവിതം നിലനില്‍ക്കാന്‍ വേണ്ടിയുള്ള മത്സരബുദ്ധിയോടു കൂടിയ സംഘര്‍ഷമാണ്; ഭൗതിക വസ്തുക്കളും, സാമ്പത്തികവും സാങ്കേതികവുമായ വളര്‍ച്ചയും അപരിമിതമാണ്; ലോകത്തെവിടെയും സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് വിധേയരായി ജീവിക്കുക എന്നത് പ്രകൃതിയുടെ നിയമമാണ്. – ഇവയെല്ലാം ഈ കാഴ്ചപ്പാടിന്റെ ഭാഗമാണ്. അടുത്ത കാലത്തെ സംഭവവികാസങ്ങള്‍ ഈ ധാരണകളെയെല്ലാം വിധിവശാല്‍ വെല്ലുവിളിച്ചിരിക്കയാണ്. വാസ്തവത്തില്‍ അവയെല്ലാം സമൂലമായ പുനരവലോകനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. പുതിയ മാതൃകയെ സമഗ്രമായ പ്രപഞ്ചവീക്ഷണം എന്ന് വിശേഷിപ്പിക്കാം. അത് പ്രപഞ്ചത്തെ വിഘടിതമായ ഭാഗങ്ങളുടെ സമാഹാരം എന്നതിന് പകരം സമഗ്രമായ സത്തയായി കാണുന്നു. പരിസ്ഥിതി വിജ്ഞാനത്തെ വിശാലവും അഗാധവുമായ കാഴ്ചപ്പാടില്‍ നിര്‍വ്വചിച്ചാല്‍, ഇതിനെ പരിസ്ഥിതി വിജ്ഞാനപരമായ കാഴ്ചപ്പാടെന്നും വിശേഷിപ്പിക്കാനാകും. പരിസ്ഥിതിയെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്ത എല്ലാ പ്രതിഭാസങ്ങളും തമ്മിലുള്ള അടിസ്ഥാനപരമായ പരസ്പരാശ്രിതത്വത്തെയും വ്യക്തിയെന്ന നിലക്കും സമാജമെന്ന നിലക്കും നാമെല്ലാം പ്രകൃതിയുടെ ചാക്രിക പ്രക്രിയയില്‍ ഉള്‍ച്ചേര്‍ക്കപ്പെടുകയും ആത്യന്തികമായി അതിനെ ആശ്രയിക്കുകയും ചെയ്യുമെന്ന വസ്തുതയെയും കുറിച്ചുള്ള അവബോധം നമ്മളിലുണര്‍ത്തും. ആത്യന്തികമായി നോക്കുമ്പോള്‍ പരിസ്ഥിതിയെക്കുറിച്ച് ആഴത്തിലുള്ള അവബോധം തന്നെയാണ് ആദ്ധ്യാത്മികതയെയും മതത്തെയും സംബന്ധിച്ചുള്ള ബോധം. മാനുഷിക ചൈതന്യം എന്ന സങ്കല്പം, സമ്പൂര്‍ണ പ്രപഞ്ചവും സ്വന്തമെന്ന തോന്നല്‍, അതിനോടുള്ള ചേര്‍ച്ച ഈ ബോധത്തിന്റെ ഒരു തലമായി കാണാനാവും. പരിസ്ഥിതിയെക്കുറിച്ചുള്ള ബോധം അതിന്റെ അത്യഗാധമായ ഭാവത്തില്‍ ആദ്ധ്യാത്മികമാണെന്ന് ഇതില്‍ നിന്നും വ്യക്തമാകും. അതുകൊണ്ട് പരമാര്‍ത്ഥതയെക്കുറിച്ച് വെളിപ്പെട്ടുകൊണ്ടിരിക്കുന്ന ആഴത്തിലുള്ള പാരിസ്ഥിതിക ബോധത്തിലധിഷ്ഠിതമായ കാഴ്ചപ്പാട്, അനശ്വരമായ തത്ത്വശാസ്ത്രം എന്നറിയപ്പെടുന്ന ആദ്ധ്യാത്മിക പാരമ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്ന് കാണാം.”

അതുകൊണ്ട് ഭാരതത്തിന്റെ ഈ തനിമ, അതിന്റെ സമൃദ്ധി, തുടര്‍ച്ച, സുരക്ഷ എന്നിവയോടൊപ്പം, അതിനെ നിലനിര്‍ത്തേണ്ടത് ഒരു ആഗോള ആവശ്യകതയാണ്. മാത്രമല്ല, ഭാരതം സനാതനമായി നിലനില്‍ക്കണമെങ്കില്‍ ജീവിതത്തെക്കുറിച്ചുള്ള ആദ്ധ്യാത്മികതയിലധിഷ്ഠിതമായ കാഴ്ചപ്പാട് തുടര്‍ന്നും അഭിവൃദ്ധിപ്പെടണം. അടുപ്പമുള്ളതും ശക്തിയുറ്റതും സക്രിയവും വിജിഗീഷുവുമായ, ഈ ജീവിതവീക്ഷണത്തിന്റെ മൂര്‍ത്തരൂപമായ ഈ സമൂഹം തുടര്‍ന്നും നിലനില്‍ക്കണമെന്നതും അത്രതന്നെ പ്രാധാന്യമര്‍ഹിക്കുന്നു. ഹിന്ദു എന്ന വാക്കിന്റെ അന്തഃസത്തയെ ഉള്‍ക്കൊണ്ടുകൊണ്ട് ഹിന്ദു സമാജത്തെ ഏകോപിപ്പിക്കുകയും അതിനെ സംശുദ്ധമാക്കുകയും രാഷ്ട്രബോധം വളര്‍ത്തുകയും ചെയ്ത് ഭാരതത്തിന്റെ സനാതനത (സനാതന മൂല്യങ്ങള്‍) പരിപോഷിപ്പിച്ചുകൊണ്ട് സനാതന ഭാരതത്തെ നിലനിര്‍ത്തുക എന്നതാണ് ഇതിനുള്ള ഏക പോംവഴി.

(ലേഖകന്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സഹസര്‍കാര്യവാഹ് ആണ്)

കടപ്പാട്: ഓര്‍ഗനൈസര്‍ വാരിക
വിവര്‍ത്തനം: യു.ഗോപാല്‍ മല്ലര്‍

ShareTweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

രാഷ്ട്രസാധകന്‍

വേടനും വേട്ടക്കാരുടെ രാഷ്ട്രീയവും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies