ചൈനയുടെ ജൈവായുധപ്പുരയായ വുഹാനില്‍ നിന്നും യാത്രയാരംഭിച്ച ഒരു കുഞ്ഞന്‍ വൈറസ് ലോകം കണ്ടുതുടങ്ങിയതോടെയാണ് മനുഷ്യന് അവന്റെ സഞ്ചാരങ്ങള്‍ അവസാനിപ്പിച്ച് വീടിനുള്ളില്‍ അടച്ചിരിക്കേണ്ടിവന്നത്. യാത്രകളെ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് രണ്ട് വര്‍ഷക്കാലം ജയിലിലകപ്പെട്ട അവസ്ഥയിലായിരുന്നു. നൂറ്റാണ്ടുകള്‍ക്കിടയില്‍ ഉണ്ടാകുന്ന അപൂര്‍വ്വ പ്രതിസന്ധികളില്‍ ഒന്നായിരുന്നല്ലോ കോവിഡ് വ്യാധി. ഇത് ശാരീരികമെന്ന പോലെ മനുഷ്യനെ മാനസികമായും തകര്‍ത്തുകളഞ്ഞു. പ്രതിരോധ കുത്തിവയ്പ് രാജ്യത്ത് ഏതാണ്ടെല്ലായിടത്തും എത്തിയതോടെ മെല്ലെ ലോക്ഡൗണുകള്‍ പിന്‍വലിച്ച് ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങിയപ്പോഴാണ് എനിക്ക് സംഘടനാപരമായ ചില മീറ്റിംഗുകള്‍ക്ക് റായ്പൂര്‍ വരെ പോകേണ്ടി വന്നത്. സാധാരണ എല്ലാ വര്‍ഷവും ഉത്തര ഭാരതത്തില്‍ ഒരു യാത്രയെങ്കിലും പതിവുള്ളതാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മുടങ്ങിപ്പോയ യാത്രകളാണ് മെല്ലെ തിരികെ കിട്ടുന്നത്. കൂടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എം.ബാലകൃഷ്ണന്‍ജിയും എം.സതീശ്ജിയും ഉള്ളത് കൂടുതല്‍ ആവേശമായി.
റായ്പൂര്‍ ഛത്തീസ്ഗഡിന്റെ തലസ്ഥാന നഗരിയാണ്. ഏതാണ്ട് മദ്ധ്യഭാരതമെന്ന് പറയാം. ഛത്തീസ്ഗഡ് സംസ്ഥാനം രൂപീകരിക്കുന്നതിനു മുമ്പ് ഈ പ്രദേശങ്ങളെല്ലാം മദ്ധ്യപ്രദേശിന്റെ ഭാഗമായിരുന്നു. മീറ്റിംഗുകള്‍ക്ക് ശേഷം നാലു ദിവസം സ്ഥലങ്ങള്‍ കാണാനായി മാറ്റിവച്ചു. ഛത്തീസ്ഗഡിനെക്കാളും എന്നെ ഏറെക്കാലമായി വ്യാമോഹിപ്പിച്ചു കൊണ്ടിരുന്നത് തൊട്ടടുത്തുള്ള സംസ്ഥാനമായ ഒഡീഷയായിരുന്നു. അതുകൊണ്ട് ഛത്തീസ്ഗഡില്‍ ഒരു ദിവസം മാത്രം ചുറ്റിക്കറങ്ങാന്‍ നീക്കിവച്ച് ബാക്കി മൂന്നുദിവസവും ഒഡീഷയില്‍ ചിലവഴിക്കാന്‍ തീരുമാനിച്ചു. ഇത്തരം യാത്രകളിലെല്ലാം അതാത് സംസ്ഥാനങ്ങളില്‍ താമസിക്കുന്ന ഏതെങ്കിലും മലയാളി സഹോദരന്മാരുടെ സഹായവും മാര്‍ഗ്ഗ നിര്‍ദ്ദേശവും തേടാറുണ്ട്. കാരണം വര്‍ഷങ്ങളായി കേരളത്തിനു പുറത്തു താമസിക്കുന്ന മലയാളികളെ സംബന്ധിച്ച് അവര്‍ക്ക് കേരളത്തെക്കാള്‍ സുപരിചിതമായ സ്ഥലങ്ങളായിരിക്കും വര്‍ഷങ്ങളായി കര്‍മ്മഭൂമിയായി തിരഞ്ഞെടുത്ത സ്ഥലങ്ങള്‍. റായ്പൂരില്‍ ചെന്നിറങ്ങും മുന്നെ തന്നെ അവിടെ മലയാളികള്‍ ആരെങ്കിലും പരിചയത്തിലുണ്ടോ എന്ന് അന്വേഷിക്കാതിരുന്നില്ല. എന്നാല്‍ എന്തുകൊണ്ടോ പെട്ടെന്നാരുടെയും പേരുകള്‍ ഓര്‍മ്മയില്‍ വന്നില്ല. ഒരു ദിവസം കൊണ്ട് കാണാന്‍ സാധിക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങള്‍ ഏതൊക്കെ എന്നറിയാന്‍ തദ്ദേശവാസികളുടെ സഹായം ഉപകാരപ്രദമാകാറുണ്ട്. പക്ഷെ എന്റെ ഇത്തരം യാത്രകളിലെല്ലാം ഈശ്വരന്‍ തന്നെ സഹയാത്രികനായി വരാറുള്ളതുകൊണ്ട് ഛത്തീസ്ഗഡിലെ യാത്ര ഞാന്‍ കാര്യമായി ആസൂത്രണം ചെയ്തില്ല. മീറ്റിങ്ങിന്റെ രണ്ടാം ദിവസം അത്താഴം കഴിച്ചിറങ്ങുമ്പോഴാണ് മീറ്റിങ്ങില്‍ ഞങ്ങളുടെ ക്ഷേമം ശ്രദ്ധിക്കാന്‍ നിയുക്തനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ചെറുപ്പക്കാരന്‍ വന്ന് പറഞ്ഞത് ഞങ്ങളെ കാണാന്‍ മലയാളിയായ ഒരു പത്രപ്രവര്‍ത്തകന്‍ വരുന്നു എന്ന വിവരം. ഛത്തീസ്ഗഡില്‍ മാധ്യമ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന കെ.കൃഷ്ണദാസ് സത്യത്തില്‍ ഗുരുവായൂര്‍കാരനായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ ഒരു ഉദ്യോഗസ്ഥനായി എത്തിച്ചേര്‍ന്നതാണ്. കൃഷ്ണദാസ് ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം ഛത്തീസ്ഗഡിലായിരുന്നതുകൊണ്ട് അദ്ദേഹം സംസാരിച്ചിരുന്ന മലയാളത്തിന് മൊത്തത്തില്‍ ഒരു ഹിന്ദി ചുവയുണ്ടായിരുന്നു. ഹിതവാതയിലും ടെലഗ്രാഫിലും ഒക്കെ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ച കൃഷ്ണദാസ് 2020 മുതല്‍ സ്വന്തമായി ആരംഭിച്ച റി വെറ്റിംഗ് ഡിജിറ്റല്‍ മാധ്യമത്തിന്റെ പത്രാധിപരായി പ്രവര്‍ത്തിച്ചു പോരുന്നു. മീറ്റിങ്ങിനു ശേഷമുള്ള റായ്പൂര്‍ കറക്കത്തെക്കുറിച്ച് ഞങ്ങള്‍ സൂചിപ്പിച്ചപ്പോള്‍ തന്നെ അദ്ദേഹം ഞങ്ങളോടൊപ്പം കാറുമായി വരാമെന്നേറ്റു. എന്നു മാത്രമല്ല ഛത്തീസ്ഗഡിനെക്കുറിച്ചും അതിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക ചരിത്ര പശ്ചാത്തലത്തെക്കുറിച്ചും ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കൃഷ്ണദാസ്ജിക്ക് നല്ല അവഗാഹമുണ്ടായിരുന്നതുകൊണ്ട് പിറ്റേ ദിവസത്തെ യാത്രയെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു ധാരണ ഉണ്ടാക്കാന്‍ കഴിഞ്ഞു.
ഛത്തീസ്ഗഡ് പുരാണ പ്രസിദ്ധമായ ഭൂമിയാണ്. രാമായണ മഹാഭാരത ഇതിഹാസങ്ങളിലെ നിരവധി ഇതിവൃത്തങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്നത് ഈ സംസ്ഥാനത്താണ്. ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂര്‍ ചതുര്‍യുഗങ്ങളിലും നിലനിന്നിരുന്ന നഗരമായിരുന്നു. സത്യയുഗത്തില്‍ ഇത് കനകപൂര്‍ എന്നും ത്രേതായുഗത്തില്‍ ഹാട് കപൂര്‍ എന്നും ഈ നഗരം വിളിക്കപ്പെട്ടു. ദ്വാപരയുഗത്തില്‍ കഞ്ചന്‍പൂര്‍ എന്നറിയപ്പെട്ട നഗരം കലിയുഗാരംഭം മുതലാണത്രെ റായ്പൂര്‍ എന്നറിയപ്പെട്ടു തുടങ്ങിയത്. ഭാരതത്തിലെ പല പ്രാചീനപുണ്യനഗരങ്ങളും ഇങ്ങനെ പല യുഗങ്ങളില്‍ പല പേരില്‍ അറിയപ്പെട്ടിരുന്നതായി പറയപ്പെടുന്നു. നഗരങ്ങള്‍ ലോകത്തെല്ലായിടത്തും ഭോഗഭൂമികളായി കണക്കാക്കപ്പെടുമ്പോള്‍ ഭാരതത്തില്‍ അവയെ മോക്ഷ നഗരികള്‍ എന്ന് നാം വിളിക്കുന്നു. ഇത് ജനതയുടെ സാംസ്‌കാരിക സമീപനത്തെയാണ് കാണിക്കുന്നത്. രാമായണത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ദക്ഷിണ കോസലമാണ് ഇന്നത്തെ ഛത്തീസ്ഗഡ്. ശ്രീരാമചന്ദ്രന്റെ മാതാവായ കൗസല്യാ ദേവിയുടെ ജന്മഭൂമിയാണ് ദക്ഷിണ കോസലം. ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ വനവാസ ജീവിതം ആരംഭിച്ചത് ഇന്നത്തെ ഛത്തീസ്ഗഡിന്റെ ആരണ്യ മേഖലയിലായിരുന്നത്രെ. ധര്‍മ്മ വിരുദ്ധ ജീവിതം നയിക്കുകയും യാഗാദി കര്‍മ്മങ്ങളെ തകര്‍ക്കുകയും ചെയ്തു പോന്ന അസുരരാക്ഷസ പ്രഭൃതികള്‍ തിങ്ങിപ്പാര്‍ത്തു എന്നു കരുതുന്ന ദണ്ഡകാരണ്യം ഈ സംസ്ഥാനത്തിലാണ്. ഈ രാക്ഷസ വര്‍ഗ്ഗത്തെ വധിക്കാനാണ് കൗമാരം വിട്ടുമാറാത്ത രാമലക്ഷ്മണന്മാരെയുമായി വിശ്വാമിത്ര മഹര്‍ഷി ദണ്ഡകാരണ്യം പൂകിയത്. അസ്ത്രശസ്ത്രങ്ങളുടെ ഭാഷ മാത്രം മനസിലാകുന്ന രാക്ഷസ ശക്തികളെ ഒടുക്കിയ രാമന്‍ മഹര്‍ഷിമാര്‍ക്ക് ശാന്തമായി ആത്മജ്ഞാന സാധന ചെയ്യാവുന്ന അന്തരീക്ഷമൊരുക്കി. ഇന്ന് ദണ്ഡകാരണ്യത്തിലെ ബസ്തര്‍ പോലുള്ള പ്രദേശങ്ങളില്‍ മാവോയിസ്റ്റ് രാക്ഷസപ്പടയുമായി ഭാരത സൈന്യം യുദ്ധം ചെയ്യുന്നു. രാമായണകാലം മുതല്‍ നിണ ഗന്ധമൊഴുകുന്ന യുദ്ധഭൂമിയായി ദണ്ഡകാരണ്യം തുടരുന്നു എന്ന് പറയാം.എന്നാല്‍ അടുത്തകാലത്തായി മാവോയിസ്റ്റ് ശക്തികള്‍ക്ക് കാര്യമായ ശക്തി ക്ഷയം ഈ പ്രദേശത്തുണ്ടായിട്ടുണ്ട് എന്നാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ കൃഷ്ണദാസ്ജിയുടെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാനായത്.
2000 നവംബര്‍ ഒന്നിന് രൂപീകൃതമായ ഛത്തീസ്ഗഡില്‍ 32 ജില്ലകളാണുള്ളത്. കല്‍ക്കരി, ഇരുമ്പ് തുടങ്ങിയ ധാതുക്കളുടെ വലിയ നിക്ഷേപമുള്ള സംസ്ഥാനമാണ് ഇത്. ജനസംഖ്യയില്‍ 30.6% ഇന്നും ഗോത്രവര്‍ഗ്ഗ സമൂഹമാണ്. ഖനി മുതലാളിമാര്‍ ബ്രിട്ടീഷുകാരുടെ കാലം മുതല്‍ ഗോത്രവര്‍ഗ്ഗ സമൂഹത്തിന്റെ മനുഷ്യാവകാശങ്ങളെ നിഷേധിക്കുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്തു പോന്നിരുന്നു. സ്വതന്ത്ര ഭാരതത്തിലും അടുത്ത കാലം വരെ ഗോത്ര സമൂഹങ്ങള്‍ക്ക് വലിയ നീതി നിഷേധങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്നും ഇത്തരം സമൂഹങ്ങള്‍ ചൂഷണമുക്തമാണ് എന്ന് പൂര്‍ണ്ണമായി പറയാന്‍ കഴിയില്ല. കേരളത്തിലെ അട്ടപ്പാടി ഊരുകളിലെ അവിവാഹിതകളായ അമ്മമാരും വര്‍ദ്ധിച്ച ശിശു മരണനിരക്കുമൊക്കെ ഈ അസമത്വങ്ങളുടെ കേരള മാതൃകകളാണ്. ഇത്തരം സാമൂഹ്യ അസമത്വങ്ങളുടെ പഴുതിലേക്കാണ് മാവോയിസം പോലുള്ള അതിതീവ്ര പ്രസ്ഥാനങ്ങള്‍ വേരാഴ്ത്തി വളരുന്നത്. ചരിത്രകാലത്ത് ഈ പ്രദേശം കലിംഗ രാജ്യത്തിന്റെ ഭാഗമായിരുന്ന ചേദി നാട്ടുരാജ്യമായിരുന്നു. ഈ പ്രദേശത്തിന് ഛത്തീസ്ഗഡ് എന്ന പേരു വരുവാന്‍ കാരണമായി പറയുന്നത് ഛത്രപതി ശിവജിയുമായി ബന്ധപ്പെട്ട ഇതിവൃത്തമാണ്. ശിവജി തന്റെ സാമ്രാജ്യവിസ്തൃതി വര്‍ദ്ധിപ്പിക്കുകയും ഈ പ്രദേശം കീഴടക്കി അവിടെ മുപ്പത്താറ് കോട്ടകള്‍ സ്ഥാപിച്ച് സുരക്ഷ ഒരുക്കുകയും ചെയ്തത്രെ. ഹിന്ദിയില്‍ ഛത്തീസ് എന്നാല്‍ 36 എന്നും ഗഡ് എന്നാല്‍ കോട്ടയെന്നുമാണല്ലോ അര്‍ത്ഥം. ആ നിലയ്ക്കുണ്ടായതാണത്രെ ഛത്തീസ്ഗഡ് എന്ന സ്ഥല നാമം. മഹാനദി എന്ന പുണ്യനദി ഉദ്ഭവിച്ച് ഛത്തീസ്ഗഡിനെ ഫലഭൂയിഷ്ഠമാക്കി തൊട്ടടുത്തു കിടക്കുന്ന ഒഡീഷയിലേക്ക് ഒഴുകുന്നു.
തുടക്കം ചിതാഭൂമിയില്‍ നിന്ന്
രാവിലെ എട്ടരയായപ്പോഴേയ്ക്കും കൃഷ്ണദാസ് കാറുമായെത്തി. യാത്ര എവിടെ നിന്നും തുടങ്ങണമെന്ന ചോദ്യത്തിന് എന്റെ മനസ്സില്‍ കൃത്യമായ പദ്ധതി ഉണ്ടായിരുന്നു. പുണ്യവാഹിനിമഹാനദിയുടെ പോഷക പ്രവാഹമായ കരുണ്‍ നദിയുടെ കരയിലാണ് റായ്പൂര്‍ നഗരം സ്ഥിതി ചെയ്യുന്നതെന്ന് മുന്നേ തന്നെ മനസ്സിലാക്കിയിരുന്നു. ആ പുണ്യ സരിത്തിന്റെ കരയില്‍ മഹാദേവ ഘാട്ട് എന്ന പേരില്‍ ഒരു ശ്മശാനമുണ്ടത്രെ. എന്നാല്‍ യാത്ര തുടങ്ങുന്നത് അവിടുന്നു തന്നെയാവാം എന്ന് മനസ്സില്‍ കുറിച്ചിരുന്നു. ശ്മശാനത്തില്‍ എന്താണ് കാണാനുള്ളതെന്ന ആകാംഷ കൃഷ്ണദാസ്ജി ഉന്നയിക്കാതിരുന്നില്ല. പലപ്പോഴും ജീവിതയാത്രയുടെ അവസാന ബിന്ദുവായാണ് ശ്മശാനത്തെ കാണാറുള്ളതെങ്കിലും മറ്റൊരു പ്രയാണത്തിന്റെ കവാടമായി ശ്മശാനത്തെ കാണാനായിരുന്നു എനിക്കിഷ്ടം. പഞ്ചഭൂത ദുര്‍ഗ്ഗത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് ശുദ്ധ ബോധത്തിന്റെ പ്രയാണമാരംഭിയ്ക്കുന്ന ആത്മവിദ്യാലയങ്ങളായ ശ്മശാനങ്ങളെ അതുകൊണ്ടു തന്നെ അറിയാതെ ഞാന്‍ സ്‌നേഹിച്ചിരുന്നു. മഹാഭൈരവന്റെ നടന ഭൂമിയില്‍ ഞങ്ങള്‍ എത്തുമ്പോള്‍ തലേന്ന് കത്തിയമര്‍ന്ന ചിതകളില്‍ നിന്ന് പുകയും തീപ്പൊരിയും ഉയരുന്നുണ്ടായിരുന്നു. കരുണ്‍ നദി കരഞ്ഞു തീരാത്ത ഏതോ കണ്ണീര്‍ ചാല്‍ പോലെ കറുത്തൊഴുകുന്നു. റായ്പൂര്‍ നഗരം പൊതുവെ വൃത്തിയും വെടിപ്പും പുലര്‍ത്തിയിരുന്നെങ്കിലും കരുണ്‍ നദി മാലിന്യങ്ങളുടെ കാളിന്ദിയാറായി കാണപ്പെട്ടു. നദിയുടെ തീരത്തുള്ള ശിവക്ഷേത്രം കോണ്‍ക്രീറ്റില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാകുമായിരുന്നു. പുഴയുടെ പടിക്കെട്ടിനോട് ചേര്‍ന്ന് കുടവിരിച്ച് വിരിഞ്ഞു നിന്ന അരയാല്‍ ചുവട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ശിവലിംഗത്തിലും ഹനുമല്‍ വിഗ്രഹത്തിലും അഭിഷേകവും ആരതിയുമൊക്കെ ചെയ്ത് പ്രാര്‍ത്ഥിക്കുന്ന ഒരു ചെറുപ്പക്കാരനെ വീക്ഷിച്ചു കൊണ്ട് ഞാന്‍ കുറച്ചു സമയം നിന്നു. പരിസ്ഥിതി സൗഹൃദമായ ആ പൂജയില്‍ എന്തുകൊണ്ടോ ഒരു ലാളിത്യം തോന്നി. പുഴയ്ക്കു കുറുകെയുള്ള തൂക്കുപാലത്തിന്റെ ചിത്രമെടുത്ത് മടങ്ങുമ്പോള്‍ അല്പസമയം കൂടി പുകഞ്ഞെരിയുന്ന ഒരു ചിതയുടെ സമീപം നിന്നു. ചിലപ്പോള്‍ നാട്ടിലെ പ്രമാണി ആയിരുന്നിരിക്കണം. അല്ലെങ്കില്‍ കണ്ണിണ കൊണ്ട് കടുകു വറത്തു നടന്ന ഒരു കാലത്തെ സുന്ദരിയുമാകാം. തീ ആളിത്തുടങ്ങിയപ്പോള്‍ ബന്ധുക്കള്‍ പിരിഞ്ഞിരിക്കണം. ഇപ്പോള്‍ അനാദിയായ കാലപ്രവാഹത്തിന്റെ രൂപകം പോലെ ഒഴുകി മറയുന്ന പുഴക്കരയില്‍ പഞ്ചഭൂതങ്ങളായി ശരീരം പിരിയുന്ന തിരക്കിലാണ്. ഏതോ പൂര്‍വ്വജന്മബന്ധത്തിന്റെ കടം തീര്‍ക്കാനാവണം കാലത്തിന്റെയും സ്ഥലത്തിന്റെയും മറ്റൊരതിരില്‍ നിന്ന് ഞാനിപ്പോള്‍ ഇവിടെ എത്തിയത്. ആത്മാവുകളുടെ മര്‍മ്മരം പോലെ അരയാലിലകളില്‍ കാറ്റുപിടിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ തിരിഞ്ഞു നടന്നു. ഞാനെത്തുമ്പോഴേയ്ക്ക് എല്ലാവരും കാറില്‍ കയറിക്കഴിഞ്ഞിരുന്നു. വണ്ടി രാജീം എന്ന തീര്‍ത്ഥാടന കേന്ദ്രം ലക്ഷ്യമാക്കി കുതിച്ചു തുടങ്ങി.