നമ്മുടെ കാർഷിക സംസ്ക്കാരത്തിലേക്കും ,ഭക്ഷണ രീതികളിലേക്കും ഇപ്പോൾ നാം തിരിച്ചുപോയിക്കൊണ്ടിരിക്കുകയാണ് . മില്ലറ്റുകൾ അഥവാ ചെറു ധാന്യങ്ങൾ നമ്മുടെ പുതിയ ഭക്ഷണ സംസ്കാരത്തിൽ പ്രധാനിയായി മാറുന്നു. പ്രാചീന മനുഷ്യനെ കർഷകനാക്കിയതും , കാർഷിക വൃത്തിയിലേക്ക് മാറ്റിയതും ചെറു ധാന്യങ്ങളാണ്. നാടോടികളെപ്പോലെ നടന്നിരുന്ന അവർ കയ്യിൽ കിട്ടുന്ന വിത്തുകൾ വഴിയിടങ്ങളിൽ വാരി വിതറി പോവുന്നു പിന്നീട് ദിവസങ്ങൾ പലത് കഴിഞ്ഞ് തിരിച്ച് ആ വഴി വരുമ്പോൾ അവ വിളവെടുപ്പിന് പാകമായി മാറുന്നു . ഈ അനുഭവമാണ് പിന്നീട് ഒരിടത്ത് തന്നെ സ്ഥിരമായി നിൽക്കുവാനും കൃഷി ചെയ്യുവാനും പ്രാചീന മനുഷ്യനെ പ്രാപ്തനാക്കിയത്.
ചെറു ധാന്യങ്ങളുടെ ഒരു കാർഷിക സംസ്ക്കാരത്തിൽ നിന്ന് നാം നെൽകൃഷിയിലേക്കും ,ഗോതമ്പ് കൃഷിയിലേക്കും ഉൾപ്പെടെ മറ്റു കൃഷികളിലേക്ക് പതുക്കെ മാറുകയായിരുന്നു . കുറെക്കൂടി കൃഷി ലാഭകരമാക്കുക എന്ന ചിന്തയും ഹരിത വിപ്ലവത്തിൻ്റെ വലിയ സാധ്യതയും ഈ മാറ്റത്തിന് കരുത്തേകി .
നെല്ലും ,ഗോതമ്പും നമ്മുടെ പ്രധാന ഭക്ഷ്യവസ്തുക്കളായി. പിന്നീട് മറ്റു റെഡിമെയ്ഡ് ഭക്ഷണങ്ങളിലേക്കും എത്തി. പുതിയ മാറ്റങ്ങളിൽ പരമ്പരാഗതമായി നമുക്കുണ്ടായിരുന്ന കാർഷിക- ഭക്ഷണ രീതികളും ,പൈതൃകമായ അറിവുകളും ,വിത്തുകളും നഷ്ടമാവുകയും ഒപ്പം നല്ല ആരോഗ്യമെന്ന അവസ്ഥയിൽ നിന്ന് നാം മാറുകയും ചെയ്തു .പുതിയ കാലത്ത് ഇത് നമുക്ക് ഉണ്ടാക്കുന്ന ദോഷഫലങ്ങൾ വലുതാണ് . രോഗങ്ങൾ ,ശരീരത്തിൻ്റെ പ്രതിരോധ ശേഷിക്കുറവ് ,ജീവിത ശൈലി രോഗങ്ങൾ വ്യാപകമാകൽ അങ്ങിനെ നീളുന്നു .
ഇനി മാറിയേ തീരൂ എന്ന നമ്മുടെ തിരിച്ചറിവിൽ നിന്നാണ് വർത്തമാനകാലത്ത് ചെറുധാന്യങ്ങൾക്ക് വീണ്ടും പ്രസക്തിയേറുന്നത് .
2023 നെ ചെറുധാന്യ വർഷമായി ആചരിക്കുവാൻ ഐക്യരാഷ്ട്രസഭ തീരുമാനമെടുത്തിരുന്നു. ഇതിൻ്റെ ചുവട് പിടിച്ച് ഭാരതത്തെ ചെറുധാന്യങ്ങളുടെ ഗ്ലോബൽ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങളുമായി ചേർന്ന് നൂതന പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ദക്ഷിണ ഭാരതത്തിലും മില്ലറ്റ് കൃഷി വ്യാപകമായിട്ടുണ്ട് . കർണ്ണാടക ,തമിഴ്നാട് സംസ്ഥാനങ്ങൾ വലിയ പുരോഗതി ഈ രംഗത്ത് നേടിക്കഴിഞ്ഞു . ചെറു ധാന്യങ്ങളുടെ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്നത് ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ച് സെൻ്ററാണ് . ഈ സ്ഥാപനത്തെ മികവിൻ്റെ കേന്ദ്രമാക്കി രാജ്യ സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി .ചെറു ധാന്യങ്ങളുടെ മികവ് തിരച്ചറിഞ്ഞ് അതിനെ ശ്രീ അന്ന എന്ന നാമകരണവും കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നു. സമൃദ്ധമായ ഭക്ഷണം എന്ന അർത്ഥത്തിലാണ് ഈ പേര് നൽകിയിരിക്കുന്നത് .ഇതുമായി ബന്ധപ്പെട്ട സംരഭങ്ങൾക്കും ,സ്റ്റാർട്ടപ്പുകൾക്കും പ്രത്യോക ധന സഹായങ്ങളും കേന്ദ്രം നൽകാൻ തയ്യാറാണ് .തമിഴ്നാട്ടിലെ വിരുദനഗർ ജില്ലയിൽ കർഷകൂട്ടായ്മയിൽ രൂപം കൊണ്ട വിരുതൈ മില്ലെറ്റ്സ് എന്ന കർഷക കമ്പിനിയുടെ വിജയം ഈ രംഗത്തെ വലിയ മാറ്റത്തിൻ്റെ സൂചനയാണ് . റാഗി ,ചാമ ,കുതിരവാലി തുടങ്ങിയ ചെറു ധാന്യങ്ങളാണ് ഇവിടുത്തെ കർഷകരുടെ പ്രധാന കൃഷി. നിരവധി കമ്പനികൾ പുതുതായി രൂപപ്പെട്ടുവരുന്നു .ഇവ മില്ലറ്റുകളും അവിയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും വിപണനം നടത്തുന്നുണ്ട് . കേരളത്തിലെ അട്ടപ്പാടി മേഖലയെ മില്ലറ്റ് ഗ്രാമം ആക്കാനുള്ള ശ്രമങ്ങൾ ഏതാനും വർഷങ്ങളായി നടന്നു വരുന്നുണ്ട് . തിന ,റാഗി ,ചാമ ഇവയാണ് അട്ടപ്പാടിയിലെ പ്രാധാന കൃഷി . ബജ്റ, ചോളം ,വരക്, പനിവരുക് ഇവയാണ് മറ്റു പ്രധാന ചെറു ധാന്യങ്ങൾ .
കാലാവസ്ഥാവ്യതിയാനങ്ങളെ ഏറെക്കുറെ മറികടക്കുവാൻ കഴിയും എന്നതാണ് മില്ലറ്റ് കൃഷിയുടെ പ്രത്യേകത. ആവശ്യമായ ജലവും നന്നേ കുറവാണ് . അതുകൊണ്ട് തന്നെ നിലവിലെ നമ്മുടെ സാഹചര്യങ്ങളിൽ ഏറെ അനുയോജ്യമാണ് ഈ കൃഷി .
പ്രതിരോധ ശേഷി കുറഞ്ഞ ശരീരവുമായാണ് നാം ഇന്ന് ജീവിക്കുന്നത് . ആവശ്യമായ പോഷകങ്ങളുടെ ലഭ്യതക്കുറവും നമ്മുടെയൊക്കെ ശരീരത്തിനുണ്ട് താനും. ഇവിടെയാണ് മില്ലറ്റുകളുടെ പ്രധാന്യം . ഭാരതത്തിലെ മില്ലറ്റുകളെ പ്രധാനമായും രണ്ടായി തിരിക്കാം . ചോളം ,ബജ്റ ,റാഗി ഇവയുൾപ്പെടുന്ന മുഖ്യ ചെറു ധാന്യങ്ങൾ ചാമ ,തിന, വരക് ,പനി വരക് ,കുതിര വാലി എന്നിവയുൾപ്പെട്ട ലഘുധാന്യങ്ങളും .
ഊർജ്ജം ,മാംസ്യം ,ജീവകങ്ങൾ ,ധാതുക്കൾ ഒപ്പം ഫൈബറുകളും മില്ലറ്റുകളിൽ ധാരാളമുണ്ട് . ഇവ നമ്മുടെ ശരീരത്തിനത്തെയും , പുറത്തെയും പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമാണ് . കൂടാതെ തയാമിൻ ,റൈബോഫ്ളേവിൻ ,നിയാസിൻ എന്നീ ജീവകങ്ങളും രോഗ പ്രതിരോണ്ടാവാൻ സഹായകമായ ഫൈറ്റോകെമിക്കലുകളും നിറയെയുണ്ട്. ഇവയുടെ ഗ്ലൈസീമിക് ഇൻഡക്സ് (Gl ) വളരെ കുറവായതുകൊണ്ട് ശരീരത്തിലെ ഗ്ലൂക്കോസ് അളവ് പെട്ടെന്ന് ഉയരില്ല .സാധാരണ പ്രമേഹ രോഗികൾക്കും ഇവ ഭക്ഷ്യയോഗ്യമാണ് . അതുകൊണ്ട് തന്നെ ചെറുധാന്യങ്ങൾ വർത്തമാനകാലത്തെ സൂപ്പർഫുഡ് ആയി മാറുന്നു .
കേരളത്തിലെ പ്രധാന ചെറുധാന്യമായ റാഗിയെ പോഷകങ്ങളുടെ പവർഹൗസ് എന്നാണ് വിശേഷിപ്പിക്കുന്നത് .ചാമ ശരീരത്തിന് തണുപ്പ് നൽകാൻ കഴിയുന്നവയാണ് . തിനയും ,വരഗും എല്ലാം ഉൾപ്പെട്ട ചെറുധാന്യങ്ങളാണ് നാളെയുടെ ഭക്ഷണം .
ആരോഗ്യ സമ്പത്തിനാൽ സമൃദ്ധമായ ഒരു ഭാരതത്തിനായി ചെറു ധാന്യങ്ങളിലൂടെ തിരിച്ചു പിടിക്കാം നഷ്ടപ്പെട്ട നമ്മുടെ കാർഷിക – ഭക്ഷ്യ സംസ്ക്കാരത്തെ .
Comments