ധര്‍മ്മരാജ്യമെന്നാല്‍ മതാധിഷ്ഠിതരാജ്യം – Theocratic State- അല്ല. മതാധിഷ്ഠിതരാജ്യ സങ്കല്പം യൂറോപ്പിന്റെ സംഭാവനയാണ്. ഇവിടെയെത്തിയ ഇംഗ്ലീഷുകാര്‍ 150 വര്‍ഷം നമ്മെ ഭരിച്ചു. അവര്‍ നമ്മെ പഠിപ്പിച്ച വാക്കുകളില്‍ ഒന്ന് തിയോക്രാറ്റിക് സ്റ്റേറ്റ് ആണ്. നമ്മുടെ നാട്ടില്‍ രാജാക്കന്മാര്‍ക്ക് നിരങ്കുശമായി തങ്ങളുടെ സ്വേച്ഛയനുസരിച്ച് ഭരണം നടത്താന്‍ കഴിയുമായിരുന്നില്ല. വേനനെന്ന രാജാവ് ചെയ്തത് അതായിരുന്നു. നമ്മുടെ ഋഷിമാര്‍ സ്വേച്ഛാധിപതിയായിരുന്ന വേനനെ വധിച്ചു. പകരം അവര്‍ ആ രാജസിംഹാസനത്തില്‍ കയറിയിരുന്നില്ല. അവര്‍ വേനന്റെ പുത്രനെ രാജസിംഹാസനത്തിലിരുത്തി രാജാവായി വാഴിക്കുകയാണ് ചെയ്തത്. രാവണന്റെ രാക്ഷസഭരണം അവസാനിപ്പിക്കാന്‍ വേണ്ടി ശ്രീരാമന് അദ്ദേഹത്തെ വധിക്കേണ്ടതായി വന്നു. എന്നാല്‍ ശ്രീരാമന്‍ ലങ്കയില്‍ രാജാധികാരം സ്വയം ഏറ്റെടുത്തില്ല. ‘സ്വര്‍ണ്ണമയിയായ ലങ്ക ഞങ്ങള്‍ യുദ്ധം ചെയ്ത് നേടിയതാണ്. അതുകൊണ്ട് ജ്യേഷ്ഠന്‍ ഇവിടെ രാജാവാകണം’ എന്ന് ലക്ഷ്മണന്‍ ശ്രീരാമനോട് പറഞ്ഞപ്പോള്‍, ശ്രീരാമന്‍ നല്‍കിയ മറുപടി ഇതായിരുന്നു. ‘അപി സ്വര്‍ണമയീ ലങ്കാ ന മേ ലക്ഷ്മണ രോചതേ, ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ” (ലക്ഷ്മണ, ലങ്ക സ്വര്‍ണ്ണമയി ആയിരിക്കാം, എന്നാല്‍ ഇവിടെ കഴിയാന്‍ എനിക്കിഷ്ടമില്ല, പെറ്റമ്മയും ജന്മഭൂമിയും സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമാണ്). അങ്ങനെ 14 വര്‍ഷത്തെ വനവാസം പൂര്‍ത്തിയായതോടെ ശ്രീരാമന്‍, ലക്ഷ്മണന്‍, വിഭീഷണന്‍, സുഗ്രീവന്‍ മുതലായ സഹയോഗികള്‍ക്കൊപ്പം നേരെ പോയത് അയോദ്ധ്യയിലേക്കാണ്. എന്നാല്‍ അവിടുന്ന് രാജധാനിയില്‍ പ്രവേശിച്ചില്ല. ചിത്രകൂടത്തില്‍ തന്നെ വന്നു കണ്ട അതേ മാനസികാവസ്ഥയില്‍ തന്നെയാണോ പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷവും ഭരതനുള്ളത്, അതോ അത്രയും കാലം ഭരണം നടത്തിയ സാഹചര്യത്തില്‍ ഭരതന്റെ മനസ്സില്‍ എന്തെങ്കിലും മാറ്റമുണ്ടായോ എന്നതായിരുന്നു ശ്രീരാമന്റെ ശങ്ക. അതുകൊണ്ട് അവിടുന്ന് ഭരതനെ കണ്ടു സംസാരിക്കാന്‍ വേണ്ടി ഹനുമാനെ നിയോഗിച്ചു. ”ഭരതനെ ചെന്നു കാണണം. ഭരതന്‍ എന്ത് പറയുന്നു എന്ന് കേട്ടാല്‍ മാത്രംപോര. ഭരതന്റെ ഹാവഭാവങ്ങളും മനസ്സിലിരിപ്പും വ്യക്തമായി മനസ്സിലാക്കണം” എന്നായിരുന്നു ഹനുമാന് അവിടുന്ന് നല്‍കിയ നിര്‍ദ്ദേശം. ഭരതനെ കണ്ട് തിരിച്ചുവന്ന ഹനുമാന്‍ ”ഭരതന്റെ മനോഭാവത്തില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ല, അദ്ദേഹം അങ്ങയെ പ്രതീക്ഷിച്ചിരിക്കുകയാണ്” എന്ന് അറിയിച്ച ശേഷം മാത്രമാണ് ശ്രീരാമന്‍ അയോദ്ധ്യയില്‍ പ്രവേശിച്ചത്. ധര്‍മ്മരാജ്യത്തെ ആദര്‍ശങ്ങള്‍ മുറുകെപ്പിടിച്ചു ജീവിക്കുന്ന ഒരാള്‍ക്ക് മാത്രമെ ഇത്തരത്തില്‍ പെരുമാറാനാവൂ. ധര്‍മ്മരാജ്യത്തിന്റെ അര്‍ത്ഥം തിയോക്രാറ്റിക് സ്റ്റേറ്റ് എന്നല്ല. അതേസമയം, യൂറോപ്പിന്റെ ചരിത്രത്തില്‍ മതമേധാവി തന്നെയായിരുന്നു ഭരണകര്‍ത്താവ്. ഒരു പക്ഷെ, രാജസിംഹാസനത്തില്‍ കയറിയിരുന്നില്ലായിരിക്കാം എങ്കിലും ഫലത്തില്‍ ഭരണം നടത്തിയിരുന്നത് മതമേധാവി തന്നെയായിരുന്നു. ഏത് രാജാവ് ഏത് രാജാവിനോട് യുദ്ധം ചെയ്യണം, ഏത് രാജാവിനോട് യുദ്ധം ചെയ്യരുത്, ഏത് രാജാവ് എത്ര വിവാഹം കഴിക്കാം, ആരെയാണ് വിവാഹം കഴിക്കേണ്ടത് മുതലായ കാര്യങ്ങളെല്ലാം അവിടെ നിശ്ചയിച്ചിരുന്നത് മതമേധാവിയായ പോപ്പ് ആയിരുന്നു. ഇംഗ്ലണ്ടിലെ രാജാവ് ഹെന്റി 8-ാമന്‍ പോപ്പുമായി വഴക്കുകൂടിയത് വിവാഹത്തെ ചൊല്ലിയായിരുന്നു. അരഗണിലെ കാഥറീന്‍ രാജ്ഞിയില്‍ നിന്നുള്ള രാജാവിന്റെ വിവാഹമോചനത്തിന് അനുമതി നല്‍കാതിരുന്ന അന്നത്തെ പോപ്പിനോട് പിണങ്ങിയാണ് അദ്ദേഹം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്ഥാപിച്ചത്. ഈ ചര്‍ച്ചിന്റെ കര്‍ദിനാളിനെ നിശ്ചയിക്കുന്നത് ഇംഗ്ലണ്ടിലെ രാജാവാണ്. അതായത് സ്റ്റേറ്റ് അഥവാ ഭരണകൂടമാണ് ഈ കാര്യം ചെയ്യുന്നത്. ഇത്തരമൊരു കീഴ്‌വഴക്കം നമ്മുടെ നാട്ടില്‍ ഒരിടത്തും കാണുവാനാകില്ല. ഋഷി ഒരിക്കലും രാജാവായി വാഴിക്കപ്പെട്ടിരുന്നില്ല. രാജാവിനാകട്ടെ ഋഷിയുടെ അന്തസ്സും സ്ഥാനവും ലഭിച്ചിരുന്നില്ല. രാജാവിന് ഭരിക്കാനുള്ള അവകാശം മാത്രമാണുണ്ടായിരുന്നത്. ക്രിസ്ത്യാനികളെ അപേക്ഷിച്ച് മുസ്ലീങ്ങള്‍ ഒരു പടികൂടി മുന്നോട്ടുപോയി. അവരെ സംബന്ധിച്ച് മതമേധാവി തന്നെയായി ഭരണകര്‍ത്താവ്. വാസ്തവത്തില്‍ രാജാവ് തന്നെയായിരുന്നു അവരുടെ മതമേധാവി. അങ്ങനെയാണ് ഖലീഫമാരുടെ ആവിര്‍ഭാവമുണ്ടായത്. ഇത്തരം കാര്യമൊന്നും നമ്മുടെ നാട്ടില്‍ കാണാനാവുന്നില്ല. അതുകൊണ്ട്, ധര്‍മ്മരാജ്യത്തെ തിയോക്രാറ്റിക് സ്റ്റേറ്റ് ആയി ചിത്രീകരിക്കുന്നത് തെറ്റാണ്. നമ്മുടെ നാട്ടില്‍ സ്റ്റേറ്റ് എക്കാലവും മതേതരം അഥവാ സെക്യൂലര്‍ ആണ്. 1950-ല്‍ ആണ് നമ്മുടെ ഭരണഘടന അംഗീകരിക്കപ്പെട്ടത്. അപ്പോള്‍ ഭരണഘടനയില്‍ ‘സെക്യുലര്‍’ എന്ന വാക്ക് ഉണ്ടായിരുന്നില്ല. 1976-ലാണ് ആ വാക്ക് ചേര്‍ത്തത്. ഭരണഘടന നിലവില്‍ വന്നശേഷം 25 വര്‍ഷക്കാലം നമ്മുടെ ഭരണഘടന സെക്യുലര്‍ അല്ലായിരുന്നു എന്നാണോ ഇതിന്റെ അര്‍ത്ഥം? 1976ല്‍ അടിയന്തരാവസ്ഥ നിലനിന്നിരുന്ന പ്രത്യേക സാഹചര്യത്തെ മുതലെടുത്ത് ശ്രീമതി ഇന്ദിരാഗാന്ധിയാണ് ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തില്‍ (Preamble) സെക്യുലര്‍ എന്ന വാക്ക് കൂട്ടിച്ചേര്‍ത്തത്. അതിന് മുമ്പും നമ്മുടെ രാജ്യം സെക്യുലര്‍ തന്നെയായിരുന്നു. സെക്യുലര്‍ എന്നാലെന്താണ്? സെക്യുലര്‍ എന്ന വാക്കിന് സര്‍വ്വമത സമഭാവന എന്ന അര്‍ത്ഥം നല്‍കിയത് പിന്നീടാണ്. ഇത് സെക്കന്‍ഡറി അര്‍ത്ഥമാണ്. ഏതെങ്കിലും ഇംഗ്ലീഷ് നിഘണ്ടു പരിശോധിച്ചാല്‍ ‘Respect for all religions’ എന്നൊരര്‍ത്ഥം ഈ വാക്കിന് കാണാനാവില്ല. സെക്യുലര്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഇഹലോക സംബന്ധിയായത് എന്നാണ്. രാജ്യത്തിന്റെ അഥവാ ഭരണകൂടത്തിന്റെ ബന്ധം ‘This Worldly” യുമായാണ്. ജനങ്ങളുടെ രക്ഷ ഉറപ്പാക്കണം. ജനങ്ങള്‍ക്ക് ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പാക്കണം. ജനങ്ങള്‍ക്ക് ശരിയായ മാര്‍ഗ്ഗത്തിലൂടെ ജീവിക്കാനാകണം.
മൃച്ഛകടികം എന്ന പേരിലൊരു സംസ്‌കൃത നാടകമുണ്ട്. സംസ്‌കൃത നാടകങ്ങളുടെ സവിശേഷത, നാടകത്തിന്റെ അവസാനം എല്ലാ കഥാപാത്രങ്ങളും വേദിയില്‍ ഒന്നിച്ചണിനിരന്ന് നടത്തുന്ന പ്രാര്‍ത്ഥനയാണ്. ഇത്തരത്തില്‍ മൃച്ഛകടികം നാടകത്തിന്റെ ഭരതവാക്യം അഥവാ അവസാനത്തെ പ്രാര്‍ത്ഥനാ ശ്ലോകം ഇപ്രകാരമാണ്:
”ക്ഷീരണ്‍യഃ സന്തു ഗാവോ ഭവതു വസുമതി സര്‍വസംപന്നസസ്യാ
പര്‍ജന്യഃ കാലവര്‍ഷീ സകലജനമനോനന്ദിനോ വാന്തു വാതാഃ!
മോദന്താം ജന്മഭാജഃ സതതമഭിമതാ ബ്രഹ്‌മണാഃ സന്തു സന്തഃ
ശ്രീമന്തഃ പാന്തു പൃഥിവീം പ്രശമിതരിപവോ ധര്‍മ്മനിഷ്ഠാശ്ച ഭൂപാ:!”
അര്‍ത്ഥം: പശുക്കള്‍ പാലുചുരത്തുന്നവയാകട്ടെ. ഭൂമി സകലവിധ ധാന്യങ്ങളാലും സമ്പന്നയായിരിക്കട്ടെ. മഴ കൃത്യസമയത്തുതന്നെ പെയ്യട്ടെ. എല്ലാ ജനങ്ങള്‍ക്കും ആനന്ദമേകുന്ന കാറ്റ് എല്ലായ്‌പ്പോഴും വീശിക്കൊണ്ടിരിക്കട്ടെ. എല്ലാ പ്രാണികള്‍ക്കും ആനന്ദം ലഭിക്കുമാറാകട്ടെ. സജ്ജനങ്ങളായ വിദ്വാന്മാരെല്ലാം ആദരിക്കപ്പെടട്ടെ. ധനസമ്പന്നനായ, ശത്രുക്കളെ പരാജയപ്പെടുത്തുന്ന ധര്‍മ്മനിഷ്ഠനായ രാജാവ് ഭൂമിയെ പരിപാലിക്കട്ടെ.
ധര്‍മ്മമെന്ന വാക്കിന് കര്‍ത്തവ്യം എന്ന അര്‍ത്ഥം കൂടിയുണ്ട്. ഈ അര്‍ത്ഥം എങ്ങനെയാണ് കൈവന്നത്? അവനവനെ ഏതെങ്കിലും വ്യാപകതയുമായി ബന്ധിക്കുന്നതിനെയാണ് ധര്‍മ്മമെന്ന് പറയുന്നത്. പുത്രധര്‍മ്മം എന്നാലെന്താണ്? പുത്രന്റെ കര്‍ത്തവ്യം. ഈ കര്‍ത്തവ്യമാണ് പുത്രനെ മാതാപിതാക്കളുമായി ബന്ധിപ്പിക്കുന്നത്. രാജധര്‍മ്മമെന്താണ്? രാജാവിന്റെ കര്‍ത്തവ്യം. ഈ കര്‍ത്തവ്യം കാരണമാണ്, നിയമങ്ങള്‍ കാരണമാണ് രാജാവ് സ്വയം തന്നെ പ്രജകളുമായി ബന്ധിപ്പിക്കുന്നത്. അത്തരം രാജാവ് ധര്‍മ്മനിഷ്ഠനാണ്. അതുകൊണ്ട്, നമ്മുടെ ഈ ധര്‍മ്മം എത്രത്തോളം പാരമാര്‍ത്ഥികമാണോ അത്രതന്നെ ഐഹികവുമാണ്. ഏതൊരു ധര്‍മ്മശാസ്ത്രഗ്രന്ഥത്തിലും നാം ‘സെക്യുലര്‍ ഥിങ്‌സ്’, ‘സെക്യുലര്‍ മാറ്റേഴ്‌സ്’, ‘സെക്യുലര്‍ സബ്ജക്ട്‌സ്’ എന്നെല്ലാം പറയുന്ന കാര്യങ്ങളെ സംബന്ധിച്ചുള്ള വളരെയധികം ചര്‍ച്ചകള്‍ കാണാം. ഉദാഹരണത്തിന് ‘മനുസ്മൃതി’ തന്നെയെടുക്കാം. ‘മാനവധര്‍മ്മശാസ്ത്രം’ എന്നാണതിന്റെ മുഴുവന്‍ പേര്. ‘മനുസ്മൃതി’ യുടെ പകുതിയിലധികം ഭാഗവും സെക്യുലറാണ്. രാജാവ് എങ്ങനെയായിരിക്കണം, രാജാവിന്റെ കര്‍ത്തവ്യമെന്താണ്, നികുതി ഈടാക്കേണ്ടതെങ്ങനെ തുടങ്ങിയ വിഷയങ്ങളെല്ലാം അതിലുണ്ട്. തേനീച്ച എപ്രകാരം പൂക്കളില്‍ നിന്ന് തേന്‍ ശേഖരിക്കുന്നുവോ, അപ്രകാരം വേണം രാജാവ് പ്രജകളില്‍ നിന്ന് നികുതി ഈടാക്കാന്‍. ‘മധു ദോഹം ദുഹേദ് രാഷ്ട്രം.’ മറ്റൊരാധ്യായത്തില്‍ ഏത് കുറ്റത്തിന് ഏതുതരം ശിക്ഷയാണ് നല്‍കേണ്ടതെന്ന് വിവരിക്കുന്നുണ്ട്. അപരാധം ശാരീരികമാകാം, മാനസികവുമാകാം. മാനസിക അപരാധത്തിന് ചെയ്യേണ്ട പ്രായശ്ചിത്തമെന്ത്, ശാരീരിക അപരാധത്തിന് നല്‍കേണ്ട ശിക്ഷയെന്ത് എന്നീ കാര്യങ്ങളെക്കുറിച്ചെല്ലാം പറഞ്ഞിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കൊക്കെ നിഃശ്രേയസുമായി, മോക്ഷവുമായി എന്ത് ബന്ധമാണുള്ളത്? ജനങ്ങള്‍ ഇത്തരത്തില്‍ ജീവിക്കാനാരംഭിച്ചാല്‍ അതോടൊപ്പം ആദ്ധ്യാത്മികമായ അവരുടെ ഉന്നമനവും അനായാസം നിറവേറുന്നു. ഹിന്ദുക്കളുടെ ധര്‍മ്മരാജ്യ സങ്കല്പത്തില്‍ ഭരണകൂടം സെക്യുലര്‍ തന്നെയാണ്. രാജ്യം അഥവാ ഭരണകൂടം സെക്യുലര്‍ ആവണമെന്ന് പറയുന്നതുതന്നെ പുനരുക്തിയാണ്, മനുഷ്യന് രണ്ടു കാലുകള്‍ ഉണ്ടാവണമെന്ന് പറയുന്ന പോലെയാണ്. ഏതെങ്കിലും കാരണത്താല്‍ വൈകല്യമുണ്ടായാല്‍ അത് മറ്റൊരു കാര്യം. ഏതൊരു മനുഷ്യനും രണ്ടു കാലുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതുകൊണ്ട്, മനുഷ്യന് രണ്ടു കാലുകള്‍ ഉണ്ടാവണമെന്ന് പ്രത്യേകം എടുത്ത് പറയുന്നത് രാജ്യം സെക്യുലറാകണം എന്ന് പറയുന്നതിന് തുല്യമാണ്. അതുകൊണ്ടാണ് മൂന്നു വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെ നാം ചിട്ടപ്പെടുത്തിയ ഭരണഘടനയില്‍ സെക്യുലര്‍ എന്ന വാക്ക് ചേര്‍ക്കാതിരുന്നത്.
മറ്റൊരു വാദഗതി ചിലര്‍ ഉയര്‍ത്തുന്നത് ധര്‍മ്മരാജ്യം ജനാധിപത്യത്തിന് എതിരാണെന്നാണ്. എന്നാല്‍ വസ്തുത അതല്ല. ഇംഗ്ലീഷുകാരിലൂടെയാണ് ജനാധിപത്യത്തെക്കുറിച്ച് നമുക്കറിയാന്‍ കഴിഞ്ഞതെന്ന് ആളുകള്‍ പറയാറുണ്ട്. ഇത് തികച്ചും തെറ്റാണ്. ജനാധിപത്യത്തെക്കുറിച്ച് നാമറിഞ്ഞത് ഇംഗ്ലീഷുകാരിലൂടെയെന്ന് കരുതുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. ഇപ്പോള്‍ പാകിസ്ഥാനെന്നറിയുന്ന പ്രദേശത്തും ഇംഗ്ലീഷ് ഭരണം 150 വര്‍ക്കാലം നിലനിന്നിരുന്നു. പക്ഷെ, അവിടെ ജനാധിപത്യം പുലരാത്തതെന്തുകൊണ്ട്? ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ ഭരണം നടത്തിയ അത്രത്തോളം കാലം അവിടെയും ഭരണം നടത്തിയിരുന്നു എന്നത് ആര്‍ക്കാണ് നിഷേധിക്കാനാവുക? അപ്പോള്‍ അവിടെയെങ്ങനെ സികന്തര്‍ മിര്‍സ, അയൂബാഖാന്‍, യാഹ്യാഖാന്‍, സിയാ-ഉള്‍-ഹഖ്, മുഷറഫ് മുതലായ സ്വേച്ഛാധിപതികളുണ്ടായി? പാകിസ്ഥാന്‍ തിയോക്രാറ്റിക് സ്റ്റേറ്റ് അഥവാ മതാധിഷ്ഠിത രാജ്യമാണ്. അവിടെ ഒരു പ്രത്യേക മതത്തിന് പ്രാമുഖ്യമുണ്ട്. അത് രാജ്യത്തിന്റെ ഔദ്യോഗിക മതമാണ്. എവിടെയെല്ലാം മതത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ വിവേചനം നിലനില്‍ക്കുന്നുവോ അവയെല്ലാം തിയോക്രാറ്റിക് സ്റ്റേറ്റ്‌സ് ആണ്. അവ ധര്‍മ്മരാജ്യമെന്ന വിശേഷണത്തിന് അര്‍ഹമല്ല. ഹിന്ദു ചിന്ത മതാധിഷ്ഠിതരാജ്യ സങ്കല്പത്തിന് അനുകൂലമല്ല. പണ്ഡിറ്റ് നെഹ്‌റുവിന്റെയും അടല്‍ബിഹാരി വാജ്‌പേയിയുടെയും മന്‍മോഹന്‍ സിങ്ങിന്റെയും വോട്ടിന്റെ മൂല്യം ഒരു പ്യൂണിന്റെ വോട്ടിന്റെ മൂല്യത്തിന് തുല്യമാണ്.
മുസല്‍മാന്മാരുടെ ആവിര്‍ഭാവത്തിന് മുമ്പത്തെ കാര്യമാണ്. മഹാരാജാവ് ഹര്‍ഷവര്‍ദ്ധനന്റെ കാലത്ത് ജൈനമതം ഉണ്ടായിരുന്നു. എന്നാല്‍ മതത്തിന്റെ പേരില്‍ യാതൊരു വിവേചനവും ഉണ്ടായിരുന്നില്ല. ഹര്‍ഷവര്‍ദ്ധനന്‍ തന്റെ സ്ഥാനാരോഹണത്തിന്റെ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ദാനം നല്‍കുന്ന പതിവുണ്ടായിരുന്നു. സെക്യുലര്‍ രാജ്യമെന്നതിന്റെ അര്‍ത്ഥം രാജ്യത്തിന് ഔദ്യോഗികമതം ഇല്ലെന്നതാണ്. രാജ്യത്തിന് അതിന്റേതായ ആരാധനക്രമം ഉണ്ടാവില്ല. അതുകൊണ്ടുതന്നെ രാജ്യത്തിന് ഏതെങ്കിലും മതത്തിനോട് പ്രത്യേക മമത ഉണ്ടാവില്ല. ഈ കാരണത്താല്‍ അത് എല്ലാ മതങ്ങളെയും സമഭാവനയോടെ കാണുന്നു. എല്ലാവരോടും സമാനമായ സമീപനമായിരിക്കും. ഇതാണ് ധര്‍മ്മരാജ്യത്തിന്റെ കാഴ്ചപ്പാട്. നാം ഈ ധര്‍മ്മരാജ്യത്തെയാണ് അംഗീകരിക്കുന്നത്. അതുകൊണ്ടാണ് ഇവിടെ ജനാധിപത്യം നിലനില്‍ക്കുന്നത്. ജനാധിപത്യത്തിന്റെ ബീജതത്വം ജനങ്ങളെ ഭരിക്കാനുള്ള അംഗീകാരം ഭരണം നടത്തുന്നവര്‍ ജനങ്ങളില്‍ നിന്നും നേടിയിരിക്കണം എന്നതാണ്. Consent of the ruled for the ruler. ഇത് മൗലിക സങ്കല്പമാണ്. ഇത് നമ്മുടെ പ്രാചീനമായ പാരമ്പര്യമാണ്. ഇടക്കാലത്ത് അതില്ലാതായി എന്നതും സത്യമാണ്.
എന്നാല്‍ ഇതാണ് നമ്മുടെ പാരമ്പര്യം. രാമായണത്തിന്റെ ഉദാഹരണമെടുക്കാം. ദശരഥ മഹാരാജാവ് ശ്രീരാമന്റെ രാജ്യാഭിഷേകം ചെയ്യാന്‍ ആഗ്രഹിച്ചു. അദ്ദേഹം ഒരു സ്വേച്ഛാധിപതി ആയിരുന്നെങ്കില്‍ ‘രാമന്‍ നാളെ രാജാവാകും’ എന്ന പ്രഖ്യാപനം നടത്തുമായിരുന്നു. എന്നാല്‍ അദ്ദേഹം അങ്ങനെ ചെയ്തില്ല. അദ്ദേഹം നഗരത്തില്‍ നിന്നും ഗ്രാമത്തില്‍ നിന്നും പ്രതിനിധികളെ വിളിപ്പിച്ചു, പൗരന്മാരെയും ജനപദങ്ങളെയും വിളിപ്പിച്ചു. അവരുടെയെല്ലാം അഭിപ്രായം ആരാഞ്ഞു: ‘ഞാന്‍ രാമനെ രാജാവാക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായമെന്താണ്?’ എല്ലാവരും അനുകൂലമായി പ്രതികരിച്ചപ്പോള്‍ ദശരഥ മഹാരാജാവ് വിചിത്രമായ ഒരു ചോദ്യം ചോദിച്ചു: ”ഞാന്‍ രാജാവെന്ന നിലയില്‍ സ്തുത്യര്‍ഹമായ രീതിയില്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്നു. എന്നിട്ടും ഞാന്‍ മാറി രാമന്‍ രാജാവായി വരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തുകൊണ്ട്? ഞാന്‍ അങ്ങനെ ഒരു നിര്‍ദ്ദേശം വെച്ചതിന്റെ പേരിലാണോ നിങ്ങള്‍ അതിന് സമ്മതിച്ചത്?” ആ സഭയില്‍ രാമന്‍ ഉപസ്ഥിതനായിരുന്നില്ല. ഈ ചോദ്യം രാജാവ് ഉന്നയിച്ചപ്പോള്‍ രാജാവാകാന്‍ ആവശ്യമുള്ള ഏതെല്ലാം യോഗ്യതകളാണ്, ഗുണങ്ങളാണ് രാമനുള്ളതെന്ന് സഭയിലുള്ളവര്‍ വിവരിച്ചു. അങ്ങനെ ദശരഥന്‍ രാമന്റെ രാജ്യാഭിഷേകം ചെയ്യാന്‍ നിശ്ചയിച്ചു. പക്ഷെ. അതപ്പോള്‍ നടന്നില്ല, പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടന്നത് എന്നത് മറ്റൊരു കാര്യം.
രാജാവ് പ്രജകളുടെ ക്ഷേമത്തെക്കുറിച്ചു വേണം ചിന്തിക്കാന്‍. ദിലീപ രാജാവിനെ കുറിച്ച് കാളിദാസന്‍ എഴുതുന്നു:
പ്രജാനാം വിനയാധാനാദ് രക്ഷണാദ് ഭരണാദപി!
സ രാജാ പിതരഃ താസാം കേവലം ജന്മഹേതവഃ!!
പ്രജകളുടെ വിനയാധാനം എന്നാല്‍ ശിക്ഷ. ഭരണകൂടം ജനങ്ങളെ വിനയം, വിനമ്രത എന്നിവ പഠിപ്പിക്കണം. ‘ഭരണാത്’ എന്നാല്‍ അവരുടെ ഭരണപോഷണം നടക്കണം. ‘രക്ഷണാത്’ എന്നാല്‍ അവരുടെ രക്ഷ ഉറപ്പുവരുത്തണം. രാജാവ് ശിക്ഷ നല്‍കിയിരുന്നു. അതോടൊപ്പം പ്രജകളെ രക്ഷിക്കുകയും പാലിക്കുകയും ചെയ്തിരുന്നു. ഒരു തരത്തില്‍ പ്രജകളെ സംബന്ധിച്ച് രാജാവ് പിതൃതുല്യനായിരുന്നു. ജന്മം നല്‍കുന്ന മാതാപിതാക്കള്‍ അവരുടെ ജന്മത്തിന് കേവലം നിമിത്തങ്ങളായിരുന്നു.
രാമനെ മുഖ്യകഥാപാത്രമാക്കി കവി ഭവഭൂതി രചിച്ച നാടകമാണ് ‘ഉത്തരരാമ ചരിതം’. സീതാദേവിയെ രാമന്‍ കാട്ടിലുപേക്ഷിക്കുന്നു. സീതാദേവി ഒരപരാധവും ചെയ്തിരുന്നില്ല. അവര്‍ ചാരിത്ര്യവതിയായിരുന്നു എന്നതിനെക്കുറിച്ച് രാമന് തെല്ലുപോലും സംശയമുണ്ടായിരുന്നില്ല. പക്ഷെ, സീത രാമന്റെ പത്‌നിയായി തുടരുന്നത് ആളുകള്‍ക്ക് ഒരു തരത്തിലും അംഗീകരിക്കാവതായിരുന്നില്ല. അതുകൊണ്ട്, രാമന്‍ വീണ്ടുമൊരിക്കല്‍ ഭണ്ഡകാരണ്യത്തിലേക്ക് പോകുന്ന ഒരു സന്ദര്‍ഭം ഉത്തരരാമചരിതത്തില്‍ സൃഷ്ടിക്കപ്പെട്ടു. അവിടെ വെച്ച് ഒരു വനദേവത അദ്ദേഹത്തെ കണ്ടു. അവര്‍ കണ്ണുനീര്‍ പൊഴിച്ചുകൊണ്ട് രാമനോടു ചോദിച്ചു: ”സീതക്ക് എന്താണ് സംഭവിച്ചത്? അങ്ങ് അവളെ വഞ്ചിച്ചു. അവള്‍ എന്റെ ജീവനാണ്, പ്രാണനാണ് എന്നെല്ലാമായിരുന്നല്ലോ അങ്ങ് അവളെക്കുറിച്ച് വര്‍ണിച്ചിരുന്നത്. എന്നാല്‍ അങ്ങവളെ വനത്തില്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്. എന്തിനായിരുന്നു അത്?” കവിയായ ഭവഭൂതി രാമനെക്കൊണ്ട് മൂന്നു വാക്കുകള്‍ പറയിച്ചു. ”ലോകോ ന മൃശ്യതി ഇതി” കാരണം ജനങ്ങള്‍ക്ക് അത് പൊറുപ്പിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ രാമന് ജനാധിപത്യത്തിന് മുമ്പില്‍ തലകുനിക്കേണ്ടിവന്നു. അതായത്, നമുക്കാരേയാണോ ഭരിക്കേണ്ടത്, അതിന് അവരുടെ അനുമതി വാങ്ങേണ്ടത് അനിവാര്യമാണ്. അനുമതി വാങ്ങാന്‍ പല രീതികളുണ്ട്. അതിലൊന്നാണ് തിരഞ്ഞെടുപ്പ്.
നാം സ്വീകരിച്ചിരിക്കുന്നത് പാര്‍ലമെന്ററി സമ്പ്രദായമാണ്. ഈയൊരു പദ്ധതി മാത്രമല്ല ഉള്ളത്. ഫ്രാന്‍സിലും അമേരിക്കയിലും ഈ പദ്ധതിയല്ല നിലവിലുള്ളത്. അവിടങ്ങളില്‍ മറ്റൊരു രീതിയിലാണ് ഭരണം നടക്കുന്നത്. ശ്രീലങ്കയിലും സ്ഥിതി വ്യത്യസ്തമാണ്. അതായത്, പദ്ധതികള്‍ പലതാകാം. എന്നാല്‍ എല്ലാറ്റിന്റെയും മൂലബീജം ഭരണീയരുടെ അംഗീകാരമാണ്. പദ്ധതികള്‍ക്ക് കാലാനുസൃതമായ മാറ്റമുണ്ടാകും. അത്തരം മാറ്റങ്ങള്‍ അനുപേക്ഷണീയവുമാണ്. തിരഞ്ഞെടുപ്പ് നേരിട്ടുള്ളതാകാം, പരോക്ഷമാകാം, മറ്റേതെങ്കിലും തരത്തിലുമാകാം. ഇംഗ്ലണ്ടില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സ് (പ്രഭുസഭ) ഹൗസ് ഓഫ് കോമണ്‍സ് (പ്രജാസഭ) എന്നിങ്ങനെ രണ്ടു സഭകളുണ്ട്. അതുകൊണ്ട് നമ്മുടെ രാജ്യത്തും ലോകസഭ, രാജ്യസഭ എന്നിങ്ങനെ പാര്‍ലമെന്റില്‍ രണ്ടു സഭകളുണ്ട്. നാം ഇംഗ്ലീഷുകാരെ അനുകരിക്കുകയാണ് ചെയ്തത്. എന്നാല്‍ ആ പദ്ധതി മാത്രമല്ല ഉള്ളത്, മറ്റ് പല പദ്ധതികളും ഉണ്ട്. എന്നാല്‍ ഇവയുടെയെല്ലാം ബീജമന്ത്രം നമ്മുടെ ധര്‍മ്മരാജ്യ സങ്കല്പത്തോട് സാമ്യം പുലര്‍ത്തുന്നതാണ്.
നമ്മുടെ ധര്‍മ്മരാജ്യ സങ്കല്പം ആദര്‍ശപരമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഭരണം നടക്കേണ്ടത്. ധര്‍മ്മമെന്ന് പറഞ്ഞാല്‍ മതേതരരാജ്യ സങ്കല്പത്തിന് എതിരാണെന്ന ചിന്ത തെറ്റിദ്ധാരണയുടെ ഫലമാണ്. അതുപോലെ ധര്‍മ്മരാജ്യം ജനാധിപത്യ വിരുദ്ധമാണെന്ന് കരുതുന്നതും തെറ്റാണ്.
മതാധിഷ്ഠിതരാജ്യം അസഹിഷ്ണുവായിരിക്കും. കാരണം അത് ഏതെങ്കിലുമൊരു മതത്തെ മാത്രം ശ്രേഷ്ഠമെന്ന് കരുതുന്നു. സൗദി അറേബ്യയില്‍ സിയാ മുസ്ലിം വിഭാഗത്തില്‍പ്പെട്ട ആര്‍ക്കും രാജാവാകാനാകില്ല. ഇറാനില്‍ സുന്നി മുസ്ലീമിന് ഭരണകര്‍ത്താവാനാകില്ല. പാകിസ്ഥാനില്‍ കാദിയാനിക്ക് ഭരണത്തിലേറാനാകില്ല. ധര്‍മ്മരാജ്യത്തില്‍ വിശ്വസിക്കുന്ന നാം നാനാത്വത്തെ ആദരിക്കുന്നവരാണ്. അതുകൊണ്ട് തന്നെ നാം ജനാധിപത്യത്തെയും ആദരിക്കുന്നു. കൂടാതെ സെക്യുലര്‍ എന്ന വാക്കിന് വിചിത്രമായ അര്‍ത്ഥമാണ് നല്‍കുന്നത്. ആരാണോ ഹിന്ദുവിരോധി, അവര്‍ സെക്യുലറാണ് എന്നതാണ് ഇന്നത്തെ ഭാരതത്തിലെ ചില രാജനീതിജ്ഞരുടെ നിലപാട്. അതിനെ അംഗീകരിക്കാന്‍ നമുക്കാവില്ല.
ചുരുക്കിപ്പറഞ്ഞാല്‍, രാജ്യത്തിന്റെ ബന്ധം ഇഹലോകപരമായ കാര്യങ്ങളുമായാണെന്നതുകൊണ്ട് അനിവാര്യമായും രാജ്യം സെക്യുലര്‍ ആയിരിക്കണം. രാജാവ് ആരു തന്നെയായാലും, അദ്ദേഹം ഭരിക്കുന്ന പ്രജകളുടെ അനുമതിയും അംഗീകാരവും നേടേണ്ടത് അനുപേക്ഷണീയമാണ്. ധര്‍മ്മരാജ്യം ഐഹികതയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ധര്‍മ്മരാജ്യത്തോട് ബന്ധപ്പെട്ടു കിടക്കുന്നതാണ് ജനാധിപത്യം. ധര്‍മ്മരാജ്യ സങ്കല്പത്തെ ഈ രീതിയില്‍ വേണം നാം കാണാന്‍.
(അവസാനിച്ചു)
വിവ: യു.ഗോപാല്‍ മല്ലര്‍
Comments