നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിങ് (എന്‍. സി.ഇ. ആര്‍.ടി.) ചരിത്ര പാഠപുസ്തകങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന വാഗ്വാദം കേട്ടപ്പോള്‍ റഷ്യന്‍ നോവലിസ്റ്റ് ലിയോ ടോള്‍സ്റ്റോയിയുടെ ഒരു അഭിപ്രായ പ്രകടനം ഓര്‍ത്തുപോയി. അത് ഇപ്രകാരമാണ് ‘മാനവരാശിയുടെ ജീവിതം നിര്‍ണയിക്കുന്ന ഘടകങ്ങള്‍ പലതാണ്. അവയില്‍നിന്ന് ഒന്നു മാത്രമായിരിക്കും ചരിത്രകാരന്മാര്‍ തിരഞ്ഞെടുക്കുന്നത്. അതു രാഷ്ട്രീയപരമോ സാമ്പത്തികമോ ആയിരിക്കാം. അതിനെ സാമൂഹിക മാറ്റത്തിനുള്ള പ്രാഥമിക കാരണമായി അവതരിപ്പിക്കുകയും ചെയ്യും’.
എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകങ്ങളില്‍ വരുത്തിയ തെറ്റുതിരുത്തലുകളും പരിഷ്‌കാരങ്ങളും ചരിത്രത്തിന്റെ ബോധപൂര്‍വമായ വളച്ചൊടിക്കലോ പുനരാഖ്യാനം നടത്തലോ ആണെന്നു ചില മാധ്യമങ്ങളില്‍ വായിക്കാനിടയായത് എന്നെ അദ്ഭുതപ്പെടുത്തി. ഇപ്പോഴത്തെ ചരിത്രകാരന്മാര്‍ക്കു കഴിവ് കുറവാണെന്നും പ്രത്യേക ആശയസംഹിതയുടെ സ്വാധീനത്തില്‍പ്പെട്ട് അവര്‍ നമ്മുടെ ചരിത്രത്തിലെ ചില ഭാഗങ്ങള്‍ മായ്ച്ചുകളയുകയാണെന്നും മാധ്യമങ്ങളില്‍ കണ്ടു.
ഇത്തരത്തിലുള്ള ആരോപണങ്ങള്‍ പരിഹാസ്യമാണ്. എന്നു മാത്രമല്ല, ഇന്ത്യയുടെ സാംസ്‌കാരിക ഇന്നലെകളെക്കുറിച്ച് സ്‌കൂളുകളില്‍ എന്തു പഠിപ്പിക്കണമെന്നു തീരൂമാനിക്കാനുള്ള പരമമായ അറിവ് ഈ കാലഘട്ടത്തിലെ ഒരു വിഭാഗം ചരിത്രകാരന്മാര്‍ക്കു മാത്രമേ ഉള്ളൂ എന്ന തെറ്റിദ്ധാരണ ഇതിനു പിന്നിലുണ്ടുതാനും.
സ്‌കൂള്‍ പാഠപുസ്തകങ്ങള്‍, പ്രത്യേകിച്ച് എന്‍.സി.ഇ.ആര്‍.ടി. പോലുള്ള കേന്ദ്ര സ്ഥാപനങ്ങള്‍ക്കായുള്ളവ, രചിക്കുന്നതില്‍ അക്കാദമിക, ബൗദ്ധിക സ്വാശ്രയത്വത്തിന് അമിത ഊന്നല്‍ നല്‍കരുതെങ്കിലും ഇപ്പോഴത്തെ സര്‍ക്കാര്‍ സ്ഥാപനപരമായ സ്വാശ്രയത്വത്തെ വിലകുറച്ചു കാണുകയാണെന്നും അക്കാദമിക സ്വാതന്ത്ര്യം സമ്മര്‍ദ്ദത്തിന് അടിപ്പെടുകയാണെന്നുമുള്ള ആരോപണം ദിശാബോധമില്ലാത്തതും ഏകപക്ഷീയമായ ചിന്തകളുടെ ഭാഗവുമാണ്.
കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ എന്തു പഠിപ്പിക്കണമെന്നോ ഒരു വിഷയത്തെ അധികരിച്ചുള്ള ചോദ്യങ്ങള്‍ എങ്ങനെ തയ്യാറാക്കണമെന്നോ ആരുംതന്നെ എന്നെ ഉപദേശിച്ചിട്ടില്ല. എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകങ്ങളെക്കുറിച്ചു പറയുകയാണെങ്കില്‍ അവയിലെ ഉള്ളടക്കം മെച്ചപ്പെടുത്തുകയും തിരുത്തുകയും വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. കണ്ടുപിടിത്തങ്ങളും നവവിജ്ഞാനവും ഉള്‍പ്പെടുത്തുന്നതിനായി പത്തു വര്‍ഷം ഇടവിട്ട് പുതുക്കപ്പെടണമെന്നാണ് ഞാന്‍ കരുതുന്നത്. അതു വിദ്യാര്‍ത്ഥികള്‍ക്കു സഹായകരമായിരിക്കും. ചക്രവാളം വികസിക്കാനും നമ്മുടെ ഭൂതകാലത്തെക്കുറിച്ചും രാഷ്ട്രീയ, സാമൂഹിക സംവിധാനങ്ങളെക്കുറിച്ചും സ്വതന്ത്രമായി ചിന്തിക്കാനും ഭാവിപദ്ധതി മനസ്സിലാക്കാനും ഇതു സഹായകമായിരിക്കും.
എന്‍.സി.ഇ.ആര്‍.ടിയുടെ ഇപ്പോഴത്തെ സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങള്‍ 2006ല്‍ രചിക്കപ്പെട്ടതാണ്. മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് 12-ാം ക്ലാസ്സിലെ പാഠപുസ്തകങ്ങളിലെ തെറ്റുകള്‍ തിരുത്തി യുക്തിഭദ്രമാക്കാന്‍ എന്‍.സി.ഇ.ആര്‍.ടി. തയ്യാറായി എന്നാണ്. അതല്ലാതെ, മാറ്റിയെഴുതിയിട്ടില്ല. ചരിത്രത്തിന്റേതു മാത്രമല്ല, എന്‍.സി.ഇ.ആര്‍.ടിയുടെ എല്ലാ പാഠപുസ്തകങ്ങളും പുതുക്കേണ്ടത് അത്യാവശ്യമാണെങ്കിലും പുസ്തകങ്ങളുടെ സമഗ്ര പരിഷ്‌കാരത്തിനും സിലബസ് നവീകരണത്തിനുമുള്ള വിശദമായ പദ്ധതിയുമായി പുതിയ നാഷണല്‍ കരിക്കുലം ഫ്രെയിംവര്‍ക്ക് (എന്‍.സി.എഫ്.) രൂപപ്പെടുന്നതുവരെ നിലവിലുള്ള പാഠപുസ്തകങ്ങള്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഏതായാലും യുക്തിഭദ്രമാവുന്നതും വിടവുകള്‍ നികത്തുന്നതും ദല്‍ഹി കേന്ദ്രീകൃതമാകുന്നത് ഒഴിവാക്കുകയും പാഠപുസ്തകത്തിലെ ഉള്ളടക്കം നവീകരിക്കുകയും ചെയ്യുന്നത് ഒരു തുടര്‍പ്രക്രിയയാണ്. 1966ല്‍ പുറത്തിറക്കിയ ആദ്യ എഡിഷന്‍ ചരിത്ര പുസ്തകത്തില്‍ പിന്നീട് എത്ര തിരുത്തലുകള്‍ വരുത്തിയിരിക്കുന്നു!
പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതാനുള്ള അവകാശം ഒരു വിഭാഗത്തിനു മാത്രമേ ഉള്ളൂ എന്നു പറയുന്നതു ശരിയാണോ? നേരത്തെയുണ്ടായിരുന്ന ചരിത്രകാരന്മാര്‍ എഴുതിയ പാഠപുസ്തകങ്ങള്‍ പലതവണ പരിഷ്‌കരിക്കപ്പെടുകയും ഒടുവില്‍ അതൊഴിവാക്കി 2006ല്‍ മറ്റൊരു വിഭാഗം ഗ്രന്ഥകര്‍ത്താക്കള്‍ രചിച്ച പാഠപുസ്തകം സ്വീകരിക്കുകയും ചെയ്തു. അതു സംബന്ധിച്ച് എന്തെങ്കിലും വിവാദം ഉണ്ടായിരുന്നതായി ആരും ഓര്‍ക്കുന്നില്ല. അതിലുപരി, പുസ്തകങ്ങള്‍ മാറ്റിയെഴുതുന്നത് അസ്വീകാര്യമായിരുന്നു എങ്കില്‍ നാം ഇപ്പോഴും സ്‌കൂളുകളില്‍ പഠിപ്പിക്കുന്നത് കൊളോണിയല്‍ ചരിത്രകാരന്മാര്‍ രചിച്ച പുസ്തകങ്ങളായിരിക്കും. കുട്ടികളുടെ പഠനഭാരം കുറയ്ക്കുന്നതിന് എന്‍.സി.ഇ.ആര്‍.ടി. ഊന്നല്‍ നല്‍കണം.
മുഗള്‍ കാലഘട്ടത്തെക്കുറിച്ചു കീഴെയുള്ള ക്ലാസ്സുകള്‍ക്കായി തയ്യാറാക്കിയ പാഠപുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങളാണ് പന്ത്രണ്ടാം ക്ലാസ്സിലെ ചരിത്ര പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയതെന്ന് എന്‍.സി.ഇ.ആര്‍.ടി. വിശദീകരിച്ചിട്ടുണ്ട്. വേണ്ടെന്നുവെച്ചതാകട്ടെ, സ്‌കൂള്‍ വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം അപ്രസക്തമായ മുഗളന്മാരുടെ രാഷ്ട്രീയ ചരിത്രമാണ്. ചരിത്രമോ രാഷ്ട്രതന്ത്രശാസ്ത്രമോ സംബന്ധിച്ച ചില ഭാഗങ്ങള്‍ സംബന്ധിച്ച് ആഴത്തില്‍ പഠിക്കാനുള്ള അവസരം സര്‍വകലാശാലാ തലത്തില്‍ ലഭിക്കുമെന്നതിനാല്‍ ആ നിലപാടു പ്രസക്തമാണു താനും.
ഇപ്പോഴത്തെ ചരിത്ര പാഠപുസ്തകങ്ങള്‍ രചിച്ചവര്‍ മുഗളന്മാരുടെ ഉദാരത സംബന്ധിച്ചും സഹിഷ്ണുത സംബന്ധിച്ചും പഠിപ്പിക്കേണ്ടത് അനിവാര്യമാണെന്നു കരുതുന്നു എങ്കില്‍ മുഗളന്മാരുടെ മതമൗലികവാദത്തെക്കുറിച്ചും പഠിപ്പിക്കേണ്ടതാണ്. വ്യാഖ്യാനങ്ങള്‍ മാറിവരാമെങ്കിലും വസ്തുതകള്‍ വിശുദ്ധിയാര്‍ന്നതാണ്. മാറ്റത്തെ വിമര്‍ശിക്കുന്നത് 2006ല്‍ വരുത്തിയ മാറ്റമാണ് അന്തിമമെന്നും ഇനിയൊരു മാറ്റവും വരുത്താന്‍ പറ്റില്ല എന്നും പറയുന്നതിനു തുല്യമാണ്. നാനാത്വവും ഉള്‍ച്ചേര്‍ക്കലും ആനന്ദമായി കരുതുന്ന സംസ്‌കൃതിക്കായി നടത്തുന്ന നിഷേധാത്മകമായ വാദമാണത്.
നിലവിലുള്ള എന്‍.സി.ഇ.ആര്‍.ടി. സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങളുടെ ഉള്ളടക്കം പുതുക്കുകയും മെച്ചപ്പെടുത്തുകയും ഭാഷ നന്നാക്കുകയും വഴി വിദ്യാര്‍ത്ഥികള്‍ക്കു കൂടുതല്‍ സ്വീകാര്യമാക്കി മാറ്റണം. അവ അര്‍ത്ഥപൂര്‍ണമായ ബോധനശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. തങ്ങള്‍ക്ക് എല്ലാം അറിയാമെന്നു കരുതുന്നവരുടെ ഉപദേശം ആവശ്യമില്ല. വസ്തുതകള്‍ വ്യക്തമായി അവതരിപ്പിക്കപ്പെടണം. അപ്പോള്‍ തങ്ങള്‍ ആഗ്രഹിക്കുന്ന വിജ്ഞാനം നേടിയെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്കു സാധിക്കും.
എല്ലാറ്റിലും ഉപരി, സ്‌കൂള്‍ പാഠപുസ്തകങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍നിന്ന് അക്കാദമിക വിദഗ്ദ്ധരും രാഷ്ട്രീയക്കാരും വിട്ടുനില്‍ക്കണം. പാഠപുസ്തകങ്ങള്‍ ഭൂതകാലത്തെക്കുറിച്ചുള്ള അറിവ് വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നു നല്‍കുന്നതാവണം. അല്ലാതെ, അര്‍ദ്ധസത്യങ്ങള്‍ നിറഞ്ഞതോ ചരിത്രഭാഗങ്ങള്‍ മായ്ച്ചുകളയുക വഴി വിടവുകള്‍ ഉള്ളതോ ആയിരിക്കരുത്. വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്നവരെക്കുറിച്ചോ ചോള, ചേര, പാണ്ഡ്യ, പല്ലവ രാജവംശങ്ങളെക്കുറിച്ചോ അഹോം രാജവംശത്തില്‍പ്പെട്ടവര്‍, കരുത്തരായ മറാഠ രാജാക്കന്മാര്‍ എന്നിവരെക്കുറിച്ചോ അവരുടെ ധീരതയെക്കുറിച്ചോ സംഭാവനകളെക്കുറിച്ചോ നമ്മുടെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ പരാമര്‍ശിക്കുന്നതേയില്ല.
ഇളക്കമുള്ളതോ വ്യാജമോ ആയ അടിത്തറകളില്‍ ചരിത്രരചന സാധ്യമല്ല. തെറ്റായ ചരിത്രത്തിനു മീതെ ഐതിഹ്യസമാനമോ കൃത്രിമമോ ആയ ഐക്യമാണ് കെട്ടിപ്പടുത്തിരിക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതോ നേരത്തേ ചരിത്രത്തില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ടതോ ആയവരുടെ ശബ്ദത്തിനു പ്രാതിനിധ്യം നല്‍കിക്കൊണ്ട് പലവിധ ശബ്ദങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സ്വതന്ത്ര പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് എന്‍.സി.എഫ്. ഞാന്‍ അതിനെ അംഗീകരിക്കുന്നു.
ഭൂതകാലത്തോടും വസ്തുതകളോടും നാം കൂടുതല്‍ സത്യസന്ധത പുലര്‍ത്തേണ്ടിയിരിക്കുന്നു. ചരിത്രം സംസ്‌കാരങ്ങളുടെ ഓര്‍മ്മകളെയും ജനങ്ങളുടെ പ്രവൃത്തികളെയും ഇന്നെലകളെയും പ്രതിനിധാനം ചെയ്യുന്നു. ഈ ഓര്‍മ്മകളെ ചരിത്രകാരന്മാര്‍ സത്യസന്ധമായും വിശ്വസപൂര്‍ണമായും ഭാവി തലമുറകള്‍ക്കു മുന്നില്‍ അവതരിപ്പിക്കണം. പാഠ്യപദ്ധതി വീണ്ടും വീണ്ടും പുതുക്കേണ്ടിവരുന്നതിനനുസരിച്ച് പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കപ്പെടണം. അതുവഴി വിടവുകള്‍ നികത്തപ്പെടണം. അതുവഴി പാഠപുസ്തകങ്ങളെ പ്രസക്തമാക്കി മാറ്റാനും മാറുന്ന കാലത്തും സ്വീകാര്യതയുള്ളതായി മാറ്റാനും കഴിയും. ഈ ദിശയിലുള്ള ശ്രമമാണ് എന്‍.സി.എഫ്. നടത്തിവരുന്നത്.
ഏതു രചന നടത്തുമ്പോഴും സത്യത്തോടു നീതി പുലര്‍ത്തുന്നത് അഭിലഷണീയമായ മേന്മയാണെന്നു തിരുവള്ളുവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ. നമ്മുടെ സംസ്‌കാരത്തിന്റെ ധര്‍മ്മചിന്തയ്ക്ക് അനുയോജ്യമായ ആശയമാണിത്.
(ജെ.എന്‍.യു.വൈസ് ചാന്‍സലറാണ് ലേഖിക)
വിവര്‍ത്തനം: അനുരാജ് എ.കെ.