ഉണ്ണി വക്കീലിന്റെ ഓഫീസ് വരെ ഒന്ന് പോയതായിരുന്നു.
‘ഇരിക്കൂ ഇരിക്കൂ.. ആ ഡോക്യുമെന്റ് തയ്യാറാക്കി വെച്ചിട്ടുണ്ട്, ഇതാ..’
ഡോക്യുമെന്റ് വാങ്ങി ബാഗില്‍ വെച്ചിട്ട് ഞാന്‍ പറഞ്ഞു.
‘നല്ല ചൂട്’.
എ.സി. ഇട്ട് പുള്ളി പറഞ്ഞു.
‘ഇപ്പോള്‍ രാഷ്ട്രീയമായും നല്ല ചൂട് അനുഭവപ്പെടുന്നുണ്ടല്ലേ?’
‘ഹേയ്… എന്ത് ചൂട്?’
‘ചിലരുടെ യോഗ്യതയും മറ്റു ചിലരുടെ അയോഗ്യതയും.’
‘അയോഗ്യതയുടെ കാര്യം ഒരു വക്കീലായ തനിക്ക് നന്നായി അറിയാമല്ലോ?.. കോടതി വിധി രാഷ്ട്രീയ പ്രേരിതമല്ലെന്നതും.’
‘ശരിയാ.. വലിയ വലിയ വക്കീലന്മാര്‍ ആ പാര്‍ട്ടിയിലുണ്ട്. പക്ഷെ ദുരുപദേശമല്ലാതെ ഒന്നും നല്‍കില്ല.’
‘ഹ.ഹ.ഹ.’ രണ്ടാളും ഒന്നിച്ച് ചിരിച്ചു.
‘എന്ത് പറഞ്ഞു? അത് പറയാന്‍ പാടുണ്ടോ? എന്നല്ല.. കോടതി വിധിയില്‍ ദുരുദ്ദേശം കാണാന്‍ നോക്കുകയാണ്. ജനാധിപത്യം തകര്‍ന്നെന്നും.’
‘ലോക ജനത അത് കേട്ട് ചിരിക്കുന്നുണ്ടെന്ന് മൂര്‍ഖര്‍ക്ക് അറിയില്ല. അവര്‍ ജോര്‍ജ് സോറോസിനെ പിടിച്ച് ആണയിടുകയാണ്.’
‘വിദേശകാര്യ മന്ത്രി ജയശങ്കര്‍ സോറോസിന് കൊടുത്ത മറുപടി കേട്ടുവോ?’
‘ഇല്ല..’
‘ആ വീഡിയോ കാണണം. വിദേശികള്‍ സോറോസിനെപ്പറ്റി ചോദിച്ചപ്പോള്‍ ചുട്ട മറുപടിയാണ് കൊടുത്തത്. ‘ന്യൂയോര്‍ക്കിലിരിക്കുന്ന ആ ധനികനായ വൃദ്ധന് ഇന്ത്യയില്‍ ഒരു ഭരണമാറ്റം വേണമത്രേ.. ഇന്ത്യയെക്കുറിച്ച് എന്താണാവോ ധരിച്ച് വെച്ചിരിക്കുന്നത്.’
ഇന്ത്യയുടെ ജനാധിപത്യത്തെ സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്തുകയോ? ഇത്രയും സമഗ്രമായ കുറ്റമറ്റ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്ത് വേറെ എവിടെ ഉണ്ട്? എന്തറിഞ്ഞാണ് അവര്‍ പറയുന്നത്. എട്ടു പൊട്ടും തിരിയാത്ത, ബുദ്ധിമാന്ദ്യം ബാധിച്ച ഒരു പയ്യന്‍ പറയുന്നത് ആപ്തവാക്യമായെടുക്കുകയോ?’
വക്കീല്‍ എന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിച്ചു.
‘ശരിയാ.. ഇവിടത്തെ ചില വേന്ദ്രന്മാര്‍, പ്രത്യേകിച്ചും ചില പ്രതിപക്ഷ ഇടത് ഇസ്ലാമിക ദേശവിരുദ്ധര്‍, ജോര്‍ജ് സോറോസിനെ രക്ഷകനായി കാണുന്നുണ്ട്. അമേരിക്കയും ജര്‍മ്മനിയുമൊക്കെ ഇപ്പൊ വന്നു ഇന്ത്യയില്‍ ഇടപെടും, മോദിയെ മറിച്ചിടും എന്നൊക്കെയാണ് ദിവാസ്വപ്‌നം.’
‘ഹ..ഹ…’
‘സ്വപ്‌നം കണ്ടോട്ടെ.. കണ്ടോട്ടെ..
ആങ്…പിന്നെ യോഗ്യത.. പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും വിദ്യാഭ്യാസ യോഗ്യത അളക്കാന്‍ ചിലര്‍ ഇറങ്ങിയിരിക്കയാണല്ലോ അതിനെക്കുറിച്ചാണോ സൂചിപ്പിച്ചത്?’
‘അതെ.. ശരിക്കും മോദിജിയ്ക്ക് ആ സര്‍ട്ടിഫിക്കറ്റ് ഒന്ന് കാണിച്ചുകൊടുത്താല്‍ എന്താ?’
‘മോദിജിയ്ക്ക് 72 വയസ്സായി.. ഇപ്പൊ ഇവിടെ അമ്പതും അറുപതും വയസ്സായവരുടെ കയ്യില്‍ പഴയ സര്‍ട്ടിഫിക്കറ്റില്ല എന്നിട്ടാ എഴുപത് കഴിഞ്ഞ ആളോട് ചോദിക്കുന്നത്. സര്‍ട്ടിഫിക്കറ്റും ബിരുദവും നോക്കിയല്ല ഇന്ത്യക്കാര്‍ അദ്ദേഹത്തിന് വോട്ട് ചെയ്തത്. ഇനി ചോദിക്കുന്ന ആളുകളെയും അവരുടെ മന്ത്രിമാരുടെയും യോഗ്യത നോക്കൂ ..’
‘എന്നാലും മോദിജി പോസ്റ്റ് ഗ്രാജുവേറ്റ് ആണല്ലേ?’
‘അതെ.. അദ്ദേഹം ഒരു പ്രചാരക് ആയി നാട് നീളെ നടക്കുകയായിരുന്നില്ലേ? കോളേജ് വിദ്യാഭ്യാസം സ്വകാര്യമായാണ് പൂര്‍ത്തിയാക്കിയത്. ഇന്ന് നാം distant education എന്നൊക്കെ പറയും. സര്‍ട്ടിഫിക്കറ്റ് കണ്ടപ്പോള്‍ അതില്‍ യൂണിവേഴ്‌സിറ്റി എന്നെഴുതിയതില്‍ ‘വി’ ക്കു പകരം ‘ബി’ ആണെന്നും ഒരു കൂട്ടര്‍ അത് ഫോണ്ട് മാറിയതാവാം എന്നൊരു കൂട്ടര്‍. ‘വി’ യ്ക്ക് ‘ബി’ എന്ന് പറയും വംഗനാട് തന്നെയല്ലേ ബംഗാള്‍ എന്നും. കേരളത്തിലെപ്പോലെ സ്വജനപക്ഷപാതത്തിലോ അഴിമതിയിലോ വികസനമുരടിപ്പിലോ വേറെ ഒന്നിലും ഒരു കുറ്റം പറയാനില്ലാത്തതിനാല്‍ പുതിയ വേലയുമായി ഇറങ്ങിയിരിക്കുകയാണെന്ന് മാത്രം… ഇതൊക്കെ.. വി നീഡ് ടു നെഗ്ളക്ട് കംപ്ലീറ്റ്‌ലി..’
‘ശരിയാ നെഹ്റു, ഗാന്ധിജി ഇവരൊക്കെ LLB പരീക്ഷ പാസ്സായവരൊന്നുമല്ല.. ലണ്ടനില്‍ പോയി ഒരു ബാരിസ്റ്റര്‍ പരീക്ഷയെഴുതി പാസ്സായി. അതും നെഹ്റു സ്‌കൂളിലൊന്നും പോയിട്ടില്ല വീട്ടില്‍ വെച്ച് ട്യൂഷന്‍ മാത്രമായിരുന്നു എന്ന് കേട്ടിട്ടുണ്ട്’.
‘ശരിയാണ്. അക്കാലത്തൊക്കെ അങ്ങനെയാണ്. ബാരിസ്റ്റര്‍ പരീക്ഷ കഷ്ടി പാസ്സായി എന്ന് നെഹ്റു തന്നെ പറയുന്നുണ്ട് ‘”I passed with neither glory nor ignominy’ എന്ന് വെച്ചാല്‍ വല്ല്യേ കീര്‍ത്തിയില്ലാതെ വല്ല്യേ മാനഹാനിയുമില്ലാതെ… കഴ്ച്ചിലായി എന്ന്! ഗാന്ധിജിയും ഏറെക്കുറെ അങ്ങനെതന്നെ രണ്ടാളും വക്കീല്‍ പണി ചെയ്തിട്ടുമില്ല.’
‘ഞാന്‍ കേട്ടിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം പത്ത് കൊല്ലം ഇന്ത്യയുടെ വിദ്യാഭ്യാസമന്ത്രിയായിരുന്ന അബ്ദുല്‍ കലാം ആസാദിന് അടിസ്ഥാന വിദ്യാഭ്യാസം ഒന്നും ഉണ്ടായിരുന്നില്ല അറബിക്കും മതപഠനവും മാത്രം. ബാക്കി എല്ലാം സ്വയം പഠിച്ചെടുത്തതായിരുന്നത്രെ.’
‘കൂട്ടത്തില്‍ പറയാം ഇന്ത്യ ഭാരത രത്‌നം നല്‍കി ആദരിച്ചെങ്കിലും അദ്ദേഹത്തിന്റെ സെക്കുലറിസം സംശയാസ്പദമായിരുന്നു. അതിനാലാണ് പട്ടേലുമായി സ്വരച്ചേര്‍ച്ചയില്ലാതിരുന്നത്. നമ്മുടെ വിദ്യാഭ്യാസ നയങ്ങളില്‍ ഉണ്ടായ പാളിച്ച, പാഠ്യവിഷയങ്ങളില്‍ അറബ് – മുഗള ചരിത്രത്തിന്റെ ആധിക്യം, സ്ഥാനീയ രാജാക്കന്മാരെയും ഭരണാധിപന്മാരെയും ഒഴിവാക്കിയത് എന്നിവ. അന്നൊന്നും ആരും വിദ്യാഭ്യാസ യോഗ്യത ചോദിച്ചില്ല. അല്ലെങ്കില്‍ വെറും 35 വയസ്സില്‍ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആവില്ലല്ലോ?’
‘ഗാന്ധിജി അദ്ദേഹത്തെ വാനോളം പുകഴ്ത്തി പ്ലാറ്റോ, അരിസ്റ്റോട്ടില്‍, പൈതഗോറസ് എന്നിവര്‍ക്കൊപ്പം പ്രതിഷ്ഠിക്കുന്നുണ്ട്. നെഹ്റുവും കാരവാന്‍ നേതാവ് എന്ന് പ്രകീര്‍ത്തിക്കുന്നുണ്ട്. അപ്പോള്‍ വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെയല്ലാതെ അറിവ് നേടിയ രാഷ്ട്രീയക്കാര്‍ നമുക്ക് ഏറെയുണ്ടായിരുന്നു. എന്നിട്ടും സര്‍ട്ടിഫിക്കറ്റ് കാണണമെന്ന് വാശി പിടിക്കുന്നവരുടെ ഉദ്ദേശം വേറെയാണ്.’
‘കേരളത്തിലുള്ളവരാണല്ലോ ഇത്തരം കാര്യങ്ങളില്‍ ഏറെ തര്‍ക്കിക്കുന്നവര്‍. ഇവിടത്തെ മന്ത്രിമാരുടെ യോഗ്യത പാടെ മറന്നാണ് അപവാദ പ്രചാരണങ്ങള്‍ അല്ലെ?’
‘ശരിയാണ്. യോഗ്യതയെ നാം കാര്യമായി ഗൗനിച്ചിട്ടില്ല. ഉണ്ടെങ്കില്‍ ഗവര്‍ണറുമായി ഇങ്ങനെ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവുകയില്ലല്ലോ? ഇടതുപക്ഷ സര്‍ക്കാര്‍ ആണ് ഇത്രയും സ്വജന പക്ഷപാതം കാട്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേര് കളയുന്നത്. വൈസ് ചാന്‍സലര്‍മാര്‍ തൊട്ട് സാധാരണ ലെക്ച്ചറര്‍മാര്‍ വരെ ചുളുവില്‍ സ്ഥാനം നേടിയവര്‍. കോപ്പിയടിച്ച് പാസ്സായവരും അക്ഷരാഭ്യാസമില്ലാത്ത ജവറ ക്കാരും!’
‘കേരളം മുന്നേറുന്നുണ്ട്. ആരോ തമാശയ്ക്ക് പറഞ്ഞു. കേരളത്തില്‍ Phd എന്ന് പറഞ്ഞാല്‍ Passed Highschool with Difficulty എന്നാണെന്ന്.’
‘ഹ..ഹ.. ശരിയാണ്.. ഈയിടെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ജവറ എടുത്ത ഒരു വനിതയുടെ ട്വീറ്റ് വാചകം എല്ലാവരും വായിച്ച് മൂക്കത്ത് വിരല്‍ വെച്ചു. മലയാളവും അറിയില്ല ഇംഗ്ലീഷും അറിയില്ല. ഗംഭീര ശമ്പളത്തില്‍ ജോലി വേണം. അത് നമ്മുടെ സര്‍ക്കാര്‍ സാധിച്ചുകൊടുക്കുന്നുമുണ്ട്. വോട്ട് കൊടുത്ത് ജയിപ്പിക്കുന്നവര്‍ മൂര്‍ഖര്‍ അല്ലാതെന്താ?’
‘ഒരു മുല്ല നസറുദ്ദീന്‍ കഥ
ഓര്‍മ്മ വരികയാണ്.
ഒരിക്കല്‍ മുല്ല നസറുദ്ദീന്‍ രാജാവുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പലതും പറഞ്ഞ കൂട്ടത്തില്‍ മനുഷ്യന്റെ ആഗ്രഹങ്ങളെപ്പറ്റിയായി സംസാരം.
രാജാവ് ചോദിച്ചു: ‘മുല്ലയുടെ ഏറ്റവും വലിയ ആഗ്രഹം എന്താണ്?’
‘അടിയന്റെ ഏറ്റവും വലിയ ആഗ്രഹം രാജാവാകണമെന്നാണ്’ മുല്ല വിനീതമായി ഉണര്‍ത്തിച്ചു.
രാജാവ് അദ്ഭുതപ്പെട്ടു.
‘രാജാവാകണമെന്നോ? തനിക്കെന്താ ഭ്രാന്തുണ്ടോ?’
‘അയ്യോ.. ആ യോഗ്യത കൂടി വേണമോ രാജാവാകാന്‍? അതെനിക്കറിയില്ലായിരുന്നു ക്ഷമിക്കണം.’
എന്ന് മുല്ല.
‘ഹ.ഹ..ഹ..’
ഞാന്‍ പോകാന്‍ എഴുന്നേറ്റപ്പോള്‍ ഉണ്ണി വക്കീല്‍ പറഞ്ഞു.:
‘തമാശയതല്ല ഈ യോഗ്യതാ ആരോപണങ്ങളൊക്കെ ആരെ ലക്ഷ്യം വെച്ചാണോ അയാള്‍ക്ക് ഒരു കൂസലുമില്ല.’
‘ഹ!. അദ്ദേഹം സ്ഥിതപ്രജ്ഞനാണ് .. അതുണ്ടോ ഈ മൂര്‍ഖര്‍ അറിയുന്നു.!’
…
കോണി ഇറങ്ങി പോരുമ്പോള്‍ നദിക്കരയിലെ സെന്‍ ഗുരുവിന്റെ കഥ ഓര്‍ത്തു.
നദിക്കരയിലെ ആല്‍മരച്ചുവട്ടില്‍ വൈകുന്നേരങ്ങളില്‍ ഗുരു പതിവായി ധ്യാനത്തില്‍ ഇരിക്കും. കുറച്ച് തെറിച്ച പിള്ളേര്‍ പതിവായി ആ വഴി വരും. വെള്ളത്തിലേക്ക് കല്ലെറിഞ്ഞു ഗുരുവിന്റെ ധ്യാനം തെറ്റിയ്ക്കും, വെള്ളം തെറിപ്പിയ്ക്കും.
അതിലവര്‍ സന്തോഷം കണ്ടെത്തുന്നുണ്ടെന്ന് അറിഞ്ഞു ഗുരുവിന്റെ ധ്യാനം അവരുടെ ആനന്ദത്തിലായി. ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കല്ലുകള്‍ തീര്‍ന്നു. കല്ലേറ് നിന്നു. പിള്ളേര്‍ വീണ്ടും ആ വഴി വന്നപ്പോള്‍ ഗുരുവിനെ കണ്ടില്ല. അവര്‍ ഗുരുവിനെ തിരക്കി നടന്നു. തെല്ലു നടന്നപ്പോള്‍ അവര്‍ ഗുരുവിനെ കണ്ടെത്തി. തങ്ങള്‍ക്കു വേണ്ടി കല്ലുകള്‍ തിരയാന്‍ പോയതായിരുന്നു ഗുരു. ഗുരു അതാ ഭാണ്ഡവും പേറി കഷ്ടപ്പെട്ട് വരുന്നു. അത് നിറയെ കല്ലുകളായിരുന്നു. അവര്‍ക്ക് മുന്നില്‍ ആ കല്ലുകള്‍ ഇട്ട് എറിഞ്ഞുകൊള്ളുവാന്‍ ആംഗ്യം കാട്ടി ഗുരു തന്റെ ഇരിപ്പിടത്തിലേയ്ക്ക് പോയി. പിന്നീട് കല്ലേറുണ്ടായില്ല. കുട്ടികള്‍ മാപ്പ് പറഞ്ഞു പോയി.
ഗുരു തന്റെ പഴയ ധ്യാനം തുടര്‍ന്നു.
ഇതൊക്കെ അത്രേയുള്ളു.