പെരുമാറ്റത്തില്‍ സൗമ്യന്‍, നിലപാടില്‍ കാര്‍ക്കശ്യക്കാരന്‍, പ്രവൃത്തിയില്‍ നിതാന്തജാഗരൂകന്‍ അങ്ങനെ എത്രയോ വിശേഷണങ്ങള്‍ക്കര്‍ഹനാണ് ഈയിടെ അന്തരിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍. കേരളത്തില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായും ചണ്ഡിഗഢ്, കൊല്‍ക്കത്ത, ഹൈദരാബാദ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായും അദ്ദേഹം പ്രവര്‍ത്തിച്ചു. കേരള ഹൈക്കോടതി ജഡ്ജ് ആയിരിക്കുമ്പോള്‍, കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥത പതിവുപോലെ കൊച്ചിയില്‍ വെള്ളക്കെട്ടിനു കാരണമായി. അന്ന് കൈക്കോട്ടെടുത്തു കാന വൃത്തിയാക്കാനിറങ്ങിയ ന്യായാധിപനെ കൊച്ചിക്കാര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.
അദ്ദേഹം കൊല്‍ക്കത്ത ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് കോടതി മുറിയിലെ ‘മി ലോഡ്, ലോഡ്ഷിപ്പ്’ പ്രയോഗങ്ങള്‍ക്കു കത്തി വീണത്. ‘സര്‍’ എന്നു വിളിച്ചാല്‍ മതിയെന്നു ചീഫ് ജസ്റ്റിസ് വിധിച്ചു. ഏതായാലും പതിനേഴു വര്‍ഷം ഹൈക്കോടതികളില്‍ ജഡ്ജ് ആയ തോട്ടത്തിലിനു സുപ്രീംകോടതിയുടെ പടി കയറാന്‍ യോഗമുണ്ടായില്ല എന്നതിനും ചരിത്രം സാക്ഷിയാണ്. 2021 ഏപ്രില്‍ 29 കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്നു വിരമിച്ച അദ്ദേഹത്തിനു സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ ഉദ്ദേശമുണ്ടായിരുന്നു.
വിധിയും മോഹവും തമ്മിലുള്ള അകലം മൂലമാകാം, തന്നെ ഗ്രസിച്ച മാരക രോഗത്തിനു മുന്നില്‍ അദ്ദേഹത്തിനു കീഴടങ്ങേണ്ടി വന്നു. അദ്ദേഹം ഇടയ്ക്കിടെ ന്യായാധിപലോകത്തെ ഓര്‍മിപ്പിക്കുന്ന ശ്രദ്ധേയമായ പ്രയോഗമുണ്ട്. ‘ദന്ത ഗോപുരങ്ങളില്‍ നിന്നു നീതി വീട്ടുപടിക്കലെത്തണം. ഓരോ വ്യക്തിയ്ക്കും വേണ്ട സമയത്തും അതു ലഭിക്കണം.’
കൊച്ചിയില്‍ ടാങ്കര്‍ ലോറിക്കാര്‍ ശക്തരാണ്. അവര്‍ക്കുവേണ്ടി കുടിവെള്ളപൈപ്പ് പൊട്ടുന്നതും വലിയ വാര്‍ത്തയല്ല. അങ്ങനെയിരിക്കെ കുടിവെള്ളടാങ്കറില്‍ ഒരു ശക്തന്‍ ശുചിമുറി മാലിന്യം കടത്തി. പോലീസുകാര്‍ നോക്കുകുത്തികളായെങ്കിലും അവരെ പിടികൂടാന്‍ നിര്‍ഭയനായ ആ ന്യായാധിപന്‍ മടിച്ചില്ല. അങ്ങനെ എത്രയെത്ര അനുഭവങ്ങള്‍.
കൊല്ലം ജില്ലയില്‍ അഭിഭാഷകരായ എന്‍. ഭാസ്‌കരന്‍ നായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായി ജനിച്ച തോട്ടത്തില്‍ രാധാകൃഷ്ണന്‍ പില്‍ക്കാലത്ത് നീതിലോകത്തു തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അമ്മ പാറുക്കുട്ടിയമ്മ അടിയന്തരാവസ്ഥയിലെ ജനാധിപത്യധ്വംസനങ്ങള്‍ക്കെതിരെ പടപൊരുതിയ ധീരവനിതയാണ്. സാധാരണക്കാരന്റെ നീതി ഇന്ത്യയിലെ ഒരു കുടുംബവും പ്രമാണിമാരും തട്ടിയെടുത്തപ്പോള്‍ നിര്‍ഭയം പ്രതികരിച്ച കൊല്ലം ബാറിലെ ഏക പെണ്‍ തരിയായിരുന്നു പാറുക്കുട്ടിയമ്മ. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷയായിരുന്നു പാറുക്കുട്ടിയമ്മ. അമ്മയുടെ സ്വാധീനം തോട്ടത്തിലെന്ന നിര്‍ഭയന്യായാധിപനെ വാര്‍ത്തെടുക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
ഇരുപത്തിനാലാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അധ്യക്ഷനായിരുന്നു തോട്ടത്തില്‍ രാധാകൃഷ്ണന്‍. ന്യായം എവിടെയുണ്ടോ അവിടെ തോട്ടത്തില്‍ രാധാകൃഷ്ണനുണ്ടാകും. കൂട്ടായി സഹധര്‍മ്മണി മീരയും മക്കള്‍ പാര്‍വതിയും കേശവരാജും മരുമകള്‍ ഗാഥയും. 2023 ഏപ്രില്‍ മൂന്നിന് വെളുപ്പിനു മൂന്നു മണിയോടെ ആ നാദം നിലച്ചു. സൗമ്യമായി. നിര്‍ഭയം…
(അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ അദ്ധ്യക്ഷനാണ് ലേഖകന്‍)
Comments