ഇരുമുടി
രവിവര്‍മ്മ തമ്പുരാന്‍
മനോരമ ബുക്‌സ്
പേജ്: 210 വില: 280 രൂപ
മാജിക്കല്‍ റിയലിസം എന്ന സാഹിത്യത്തിലെ ട്രീറ്റ്‌മെന്റില്‍ വിജയിച്ച എഴുത്തുകാര്‍ മലയാളത്തില്‍ വളരെ കുറവാണ്. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിലൂടെയാണ് ഈ രീതി വിഖ്യാതമായത്. ഒരു സാങ്കല്പിക ലോകത്തെയും കഥാപാത്രങ്ങളെയും സൃഷ്ടിച്ച് അവരിലൂടെ മനുഷ്യന്റെ സ്ഥായിയായ മാനസികാവസ്ഥകളെയും ജീവിതത്തെയും വിശകലനം ചെയ്യുന്ന രീതിയാണിത്. എന്നാല്‍ മാര്‍ക്കേസിനും മുമ്പ്, ഈ രീതിക്ക് മാജിക്കല്‍ റിയലിസം എന്ന പേരുപോലും വരുന്നതിനു മുമ്പ് ഖസാക്കിന്റെ ഇതിഹാസത്തിലൂടെ ഓ.വി. വിജയന്‍ നടത്തിയ ഇന്ദ്രജാലം നമുക്കറിയാം. വിജയനെ കൂടാതെ സേതു, എം.മുകുന്ദന്‍ തുടങ്ങിയവരും മാജിക്കല്‍ റിയലിസത്തിന്റെ സാധ്യതകളെ നന്നായി ഉപയോഗിച്ചവരാണ്.
അങ്ങനെയിരിക്കുമ്പോഴാണ്, ഏറെക്കാലത്തിനു ശേഷം രവിവര്‍മ്മ തമ്പുരാന്റെ ഭയങ്കരാമുടി, മുടിപ്പേച്ച് എന്നീ നോവലുകള്‍ വായിക്കാന്‍ ഇടവന്നത്. ഭയങ്കരാമുടി എന്ന സാങ്കല്പിക ലോകത്തിലെ കഥാപാത്രങ്ങളിലൂടെയും സംഭവങ്ങളിലൂടേയും സമകാലിക രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ അവതരിപ്പിക്കുകയാണ് രവിര്‍മ്മ തമ്പുരാന്‍ ചെയ്യുന്നത്. ഈ പരമ്പരയിലെ അവസാന പുസ്തകമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഇരുമുടി.
ഭയങ്കരാമുടിയില്‍ നിലനില്‍ക്കുന്ന ഭീതിദമായ അവസ്ഥകളിലൂടെ സാമൂഹ്യപരിവര്‍ത്തനത്തിന് ഇറങ്ങിപ്പുറപ്പെട്ട ഏതാനും ചെറുപ്പക്കാരുടെ പ്രവര്‍ത്തനങ്ങളിലേക്ക് ഒരു ഈശ്വരനിയോഗമെന്നവണ്ണം സ്വാമി അയ്യപ്പന്റെ ചരിത്രവും കഥകളും കടന്നുവരുന്നതാണ് നോവലിന്റെ കാതല്‍. ആയിരക്കണക്കിന് വര്‍ഷം നീണ്ടുകിടക്കുന്ന ചരിത്രത്തില്‍ നിന്നും വര്‍ത്തമാനത്തിലേക്കും തിരിച്ചുമുള്ള കഥാകഥനരീതി അത്ര എളുപ്പമുള്ളതല്ല. പണ്ട് വികെഎന്നിനു മാത്രം കഴിഞ്ഞിരുന്ന ആ രചനാ മെയ്‌വഴക്കം വളരെ വിദഗ്ദ്ധമായി രവിവര്‍മ്മ തമ്പുരാന് ഈ നോവലില്‍ ഉപയോഗിക്കുന്ന കാഴ്ച ഏതൊരു സാഹിത്യപ്രേമിക്കും വളരെ ആസ്വാദ്യകരമാണ്. കാലത്തിലൂടെ സഞ്ചരിക്കുക എന്നത് ഹൃദ്യമായ ഒരു അനുഭവം തന്നെയാണ്.
ഏറെ കൂട്ടിച്ചേര്‍ക്കലുകള്‍ക്കും, മാറ്റങ്ങള്‍ക്കുമൊക്കെ വിധേയമായി യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒരുപാടകലെയാണ് ഇന്ന് അയ്യപ്പന്റെ ചരിത്രം പ്രചരിക്കുന്നത്. ഒരു ഈശ്വരാവതാരം എന്നതില്‍ നിന്ന് മാറി ധര്‍മ്മം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഒരു വീരപുരുഷന്‍ എന്ന നിലയിലുള്ള അയ്യപ്പനെ ഇന്നത്തെ മലയാളിക്ക് ഏറെ പരിചയമില്ല. പന്തളത്തിന്റെ പടനായകനായി ദക്ഷിണകേരളം മുഴുവന്‍ പടനയിച്ച് അവസാനം ശ്രീലങ്കയില്‍ വരെ വെന്നിക്കൊടി പാറിച്ച അയ്യപ്പനെയും നമുക്കധികം പരിചയമില്ല. ആര്യന്‍ കേരളന്‍ എന്ന യഥാര്‍ത്ഥ പേരിലെ ആര്യന്‍ ലോപിച്ചാണ് അയ്യനും അയ്യപ്പനുമൊക്കെയായത് എന്നതും നമുക്ക് പുതിയ അറിവുകളാണ്. അങ്ങനെ പഴമക്കാരുടെ ഓര്‍മ്മകളിലും, ഗ്രന്ഥക്കെട്ടുകളിലും മാത്രം കിടന്ന അമൂല്യമായ പല അറിവുകളും ഇന്നത്തെ തലമുറയെ പരിചയപ്പെടുത്താന്‍ രവിവര്‍മ്മ തമ്പുരാന് കഴിയുന്നു എന്നത് ഈ നോവലിന്റെ വലിയ ഒരു സവിശേഷതയാണ്.
വായുവിലും മണ്ണിലും അച്ചന്‍കോവിലാറിന്റെ ഓളങ്ങളില്‍ പോലും അയ്യപ്പന്റെ ചരിത്രങ്ങളും ഐതിഹ്യങ്ങളും സജീവമായി നില്‍ക്കുന്ന പന്തളത്ത് ജനിച്ചുവളര്‍ന്ന, പന്തളം രാജകുടുംബവുമായി രക്തബന്ധം തന്നെയുള്ള രവിവര്‍മ്മ തമ്പുരാന് ഈ ദൗത്യം ഒരു എഴുത്തുകാരന്‍ എന്നതിലപ്പുറമുള്ള ജന്മനിയോഗമാണ്. ഇതിലെ ഓരോ വരികളും അദ്ദേഹം എഴുതിയത് ഹൃദയം കൊണ്ടാണ്. അതുകൊണ്ടുതന്നെയാണ് ഈ നോവല്‍ ഇത്രയേറെ സംവേദന ക്ഷമമാകുന്നതും.
ഭയങ്കരാമുടി എന്താണ്, അവിടുത്തെ മൂപ്പന്‍ ആരുടെ ബിംബമാണ് അങ്ങനെയങ്ങനെ ധാരാളം ധ്വനികളിലൂടെ കേരളത്തിന്റെ സമകാലീന യാഥാര്‍ത്ഥ്യം പറയാതെ പറയുന്ന തമ്പുരാന്റെ കൃതഹസ്തതയെ അഭിനന്ദിക്കാതെ വയ്യ. മനുഷ്യനും സമൂഹവും നേരിടുന്ന വെല്ലുവിളികളെയും യാഥാര്‍ത്ഥ്യങ്ങളെയും തന്റെ പ്രതിഭ കൊണ്ട് അഭിസംബോധന ചെയ്യുമ്പോഴാണ് ഒരു എഴുത്തുകാരന്റെ ജീവിതം സഫലമാകുന്നത് എന്ന വലിയ യാഥാര്‍ത്ഥ്യം ഒരിക്കല്‍ കൂടി തെളിയിക്കാന്‍ കഴിയുന്നു എന്നതാണ് ഇരുമുടിയുടെയും രവിവര്‍മ്മത്തമ്പുരാന്റെയും ഏറ്റവും വലിയ വിജയം.
Comments