നിയമസഭക്കകത്തു വെച്ച് കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പിലിനോട് അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ തോറ്റു പോകുമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞത് തെറ്റായിപ്പോയി എന്നാണ് ചിലരുടെ പക്ഷം. ഷംസീര്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഷാഫിക്ക് മനസ്സിലായി. മാര്‍ക്‌സിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസ്സുകാര്‍ക്കും പിടികിട്ടി. അതിനാല്‍ അതിന്റെ പേരില്‍ സ്പീക്കറോട് തര്‍ക്കിക്കാന്‍ അവര്‍ക്ക് ഒട്ടും താല്പര്യമില്ല. ഇതിന്റെ അര്‍ത്ഥം മനസ്സിലാകാത്തത് മണ്ടന്മാരായ കേരളത്തിലെ വോട്ടര്‍മാര്‍ക്കാണ്.
കഴിഞ്ഞ തവണ ഷാഫി പറമ്പില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടുത്തിയത് മാര്‍ക്‌സിസ്റ്റുകാരാണ്. വോട്ടെണ്ണലിന്റെ അവസാന ഘട്ടം വരെ ബിജെപിയുടെ മെട്രോമാന്‍ ഇ.ശ്രീധരന്‍ മുന്നിലായിരുന്നു. മാര്‍ക്‌സിസ്റ്റ് കേന്ദ്രങ്ങളിലെ വോട്ടെണ്ണിയപ്പോഴാണ് ഷാഫി മുന്നിലെത്തിയത്. ഇത് ഷാഫിക്കും അറിയാം, ഷംസീറിനുമറിയാം. കുറച്ചു നാളായി ഇതൊക്കെ ശ്രദ്ധിക്കാതെ ഷാഫി തലമറന്ന് എണ്ണ തേയ്ക്കുകയാണ്. സഖാക്കള്‍ നല്ല പാഠം പഠിപ്പിക്കേണ്ട സ്ഥിതിയിലായിട്ടുണ്ട്. അതാണ് തോറ്റു പോകും എന്ന മുന്നറിയിപ്പ് സ്പീക്കര്‍ നല്‍കിയത്. ഷാഫിക്ക് തെറ്റ് തിരുത്താന്‍ ഒരു അവസരം കൊടുത്തിരിക്കയാണ്. ഇത് ഷാഫിക്കും മനസ്സിലായി. അതാണ് എന്നെ തോല്പിച്ചാല്‍ ആരാണ് ജയിക്കുക എന്ന തിരിച്ചുള്ള ചോദ്യം ചോദിച്ചത്. ബിജെ.പിയെ തോല്പിക്കാന്‍ സഖാക്കള്‍ ഷാഫിക്കു തന്നെ വോട്ടുചെയ്യേണ്ടിവരും എന്ന സൂചന. കേരള രാഷ്ട്രീയത്തിലെ ഇടത്-വലത് ചക്കളത്തിപ്പോരിന്റെ പ്രകടനം മാത്രമാണ് സ്പീക്കറും ഷാഫിയും തമ്മില്‍ നടന്നത്. പാവം വോട്ടര്‍മാരെ വിഡ്ഢികളാക്കുന്ന ഇത്തരം കള്ളക്കളി ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്സും സിപിഎമ്മും തയ്യാറല്ല. ബ്രഹ്‌മപുരവും അവര്‍ക്ക് വിഷയമല്ല. അടിയന്തരപ്രമേയ ചര്‍ച്ചക്കു മേലുള്ള കയ്യാങ്കളി നാടകം വഴി അവര്‍ ജനങ്ങളെ വീണ്ടും വിഡ്ഢിയാക്കിക്കൊണ്ടിരിക്കുന്നു.