രാവിലെ 9.00 മണി, വൈകിട്ട് 3.30, രാത്രി 7.15-8.15 കുറെകാലമായി ഈ സമയങ്ങളും പി.ടി.ഉണ്ണിമാധവനും ഞാനും തമ്മില്‍ കമ്പിയില്ലാക്കമ്പിയെന്ന ടെലിഫോണ്‍ ബന്ധമാണ് ‘എന്താ നായരേ’ എന്ന കുസൃതിയാണ് ഞാന്‍ അങ്ങോട്ടു പറയുക. ലോകത്തിന് മുകളിലും താഴെയും(അങ്ങനെയുണ്ടെങ്കില്‍) ഉള്ള സകലമാന വിഷയങ്ങളും ഇതില്‍ ഏതെങ്കിലും സമയത്ത് വെള്ളരിപ്രാവുകള്‍ ചില്ലയില്‍ ചേക്കേറുന്നതു പോലെ പറന്നുവരും.
ഒരു പത്രക്കാരന്റെ ഉത്കണ്ഠയും ജിജ്ഞാസയും സ്വാഭാവികമായി ഉണ്ണിയേട്ടന്‍ എന്ന് പലരും സ്‌നേഹത്തോടെ വിളിക്കുന്ന ഉണ്ണി മാധവനുണ്ടായിരുന്നു. എന്നാണ് അദ്ദേഹത്തെ പരിചയപ്പെട്ടത് എന്നറിയില്ലെങ്കിലും ജന്മ ജന്മാന്തര സുകൃത സാന്നിധ്യമായി ആ വ്യക്തിത്വം എനിക്കൊപ്പം ഉണ്ടെന്ന ഒരു തോന്നലായിരുന്നു.
എറണാകുളത്ത് ജന്മഭൂമിയുടെ ഡസ്‌കില്‍ നിന്ന് വാര്‍ത്താ സംബന്ധമായി വിളിക്കുമ്പോള്‍ വയസു കൊണ്ടും വിവേകം കൊണ്ടും എത്രയോ താഴെയായ എന്നോട് എന്തൊരു ബഹുമാനത്തോടെയായിരുന്നു ഉണ്ണിയേട്ടന്‍ സംസാരിക്കാറ്! അത് വല്ലാത്തൊരു അനുഭവമായിരുന്നു. പലര്‍ക്കും പലതു കൊണ്ടും കൈമോശം വന്ന കരുതല്‍ മരണ ദൂതന്മാര്‍ എത്തുന്ന അവസാന നിമിഷത്തില്‍ പോലും അദ്ദേഹത്തിനുണ്ടായിരുന്നു. അസാധാരണക്കാരനായ ഒരു സാധാരണക്കാരനായിരുന്നു ഉണ്ണിയേട്ടന്‍.
മരണത്തിന് ഒരു ദിവസം മുമ്പ് ഏതാണ്ട് എട്ടെട്ടര മിനിറ്റ് അദ്ദേഹം സംസാരിച്ചു. സാധാരണ പോലെ ഒട്ടേറെ രസികന്‍ പരാമര്‍ശങ്ങള്‍ക്കിടെ ഞാന്‍ പറഞ്ഞു: ‘നായരേ എന്തിനാ ബോഡി കത്തിക്കുന്നത്. അത് മെഡിക്കല്‍ കോളേജിന് കൊടുത്താല്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുമല്ലോ’ എന്ന്. ഉണ്ണിയേട്ടന്റെ മറുപടി ഇങ്ങനെ: ‘എടോ, അത് ശരിയാവൂല. എന്നെ കത്തിച്ചാല്‍ മതി. അവര്‍ക്ക് കൊടുത്താല്‍ വിറ്റ് കാശാക്കും. അതിന് എന്നെ കിട്ടൂല’. പകുതി കാര്യവും പകുതി കളിയും അതില്‍ നിറഞ്ഞിരുന്നു. ജോലി സമയത്തും അതുകഴിഞ്ഞും മെഡിക്കല്‍ കോളേജുമായി ഇങ്ങനെ ബന്ധപ്പെട്ട ഒരു പത്രപ്രവര്‍ത്തകന്‍ വേറെയുണ്ടാവില്ല. മറ്റുള്ളവര്‍ക്കു വേണ്ടി എന്തു ചെയ്യാനും ഓരോ നിമിഷത്തിലും ആ മനുഷ്യന്‍ ശ്രമിച്ചിരുന്നു. ബഹുഭൂരിഭാഗവും പൂര്‍ണ വിജയത്തിന് അപ്പുറത്തായിരുന്നു. അങ്ങനെ നിഷ്‌കാമ പ്രവര്‍ത്തനം നടത്തിയ ഉണ്ണിയേട്ടന് അവശ നിമിഷത്തില്‍ വേണ്ടത്ര പരിചരണം കിട്ടിയോ എന്ന് സംശയമാണ്. അദ്ദേഹം ഒരിക്കലും അതിന് ആഗ്രഹിച്ചിരുന്നില്ല എന്നത് മറ്റൊരു കാര്യം.
ജനങ്ങള്‍ക്ക് സ്വാഭാവികമായും, തന്റെ പ്രസ്ഥാനത്തിന് പ്രത്യേകമായും തനിക്കു ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യാന്‍ അദ്ദേഹം നിഷ്‌കര്‍ഷിച്ചു. ഓരോ വാര്‍ത്തയും ഉണ്ടാക്കുന്ന പ്രതികരണങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടോടെയാണ് ഉണ്ണിയേട്ടന്‍ സംസാരിച്ചിരുന്നത്. ആര്‍ജിതാനുഭവങ്ങളുടെ മഹാ സാഗരം തന്നെയായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തന മേഖലയില്‍ വിവര സാങ്കേതികതയും മറ്റ് പരിഷ്‌കാരങ്ങളും വിഭ്രാമകതയോടെ മുന്നേറുമ്പോഴും അനുഭവങ്ങളുടെ മഹാമേരുവില്‍ തന്റെ താടിയും ഉഴിഞ്ഞ് നിസ്സംഗതയോടെ ഇരിക്കുന്ന ഉണ്ണിയേട്ടന്റെ രൂപം പരിചയമുള്ളവരുടെ മനസ്സില്‍ നിന്ന് അത്ര പെട്ടെന്നൊന്നും മായില്ല. വാര്‍ത്തകളിലെ ഉള്‍വാര്‍ത്ത അന്വേഷിക്കുകയും അതിന്റെ കാമ്പിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.
രാഷ്ട്ര സംബന്ധിയായ വാര്‍ത്തകളുടെ തലക്കെട്ടില്‍ ചിലപ്പോള്‍ ‘ഒരു വികാരവുമില്ലെടോ’ എന്ന് വിഷമത്തോടെ പലപ്പോഴും പറയുമായിരുന്നു. സ്വര്‍ഗീയ വി.എം. കൊറാത്തിന് പത്ര പ്രവര്‍ത്തനം സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു. ഇവിടെ ഉണ്ണിമാധവനും ഒരര്‍ത്ഥത്തില്‍ അങ്ങനെയായിരുന്നു. ദേശീയതയുടെയും ദേശസ്‌നേഹത്തിന്റെയും നേര്‍ക്കാഴ്ചയായ സംഘടനയ്ക്കു വേണ്ടിയുള്ള പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന് പത്രപ്രവര്‍ത്തനം. ഏതുമേഖലയിലെ ആരുമായും സംസാരിക്കാനും അവരെക്കൊണ്ട് കാര്യങ്ങള്‍ ചെയ്യിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. മെഡിക്കല്‍ കോളേജ് തന്നെയാണ് അതിന്റെ ഉത്തമ ഉദാഹരണം.

സേവാഭാരതിയുടെ നിസ്തുലമായ പ്രവര്‍ത്തനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരംഭിക്കുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വന്തം നിലയ്ക്ക് സമിതിയുണ്ടാക്കി കഞ്ഞി വിതരണമുള്‍പ്പെടെ അവിടെ നടത്തിയിരുന്നു. അന്നത്തെ ജനകീയസമിതിയുടെ താങ്ങും തണലും ഉണ്ണിമാധവനായിരുന്നു. സ്വന്തം കൈയില്‍ നിന്ന് പണം ചെലവാക്കി നടത്തിയ പ്രവര്‍ത്തനങ്ങള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കിയ ആശ്വാസം ചില്ലറയല്ല. പഴയ വിവരങ്ങള്‍ അറിഞ്ഞ ഇന്നത്തെ തലമുറയിലെ പ്രഗല്‍ഭനായ ഒരു ഡോക്ടര്‍ വീട്ടില്‍ പരിശോധനയ്ക്ക് ചെന്ന ഉണ്ണിയേട്ടനോട് ഫീസ് വാങ്ങുകയുണ്ടായില്ല. ജന്മഭൂമിയില്‍ വാര്‍ത്താ സംബന്ധമായും പൊതുജനങ്ങള്‍ക്ക് അവരുടെ ആവശ്യത്തിനുമായല്ലാതെ തന്റെ ബന്ധങ്ങള്‍ ഉണ്ണിയേട്ടന്‍ വിനിയോഗിച്ചിട്ടില്ല എന്നതാണ് വസ്തുത.
ആരെയും നിമിഷങ്ങള്‍ക്കകം കൈയിലെടുക്കാനുള്ള ചാതുര്യം അദ്ദേഹത്തിനുണ്ടായിരുന്നു. നര്‍മത്തിന്റെ മധുരത്തിലൂടെ തനിക്ക് പറയാനുള്ളത് കൃത്യമായി വിവരിച്ചു കൊടുക്കാന്‍ സാധിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം. എല്ലാ പത്രക്കാരുമായും നല്ല ബന്ധം വെച്ചുപുലര്‍ത്തുമ്പോഴും തന്റെ വിശ്വാസാദര്‍ശങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ തുനിഞ്ഞിട്ടില്ല. ദേശീയതയുടെ മുഖത്തെഴുത്തില്‍ ഉണ്ണിമാധവന്റെ കൈക്കുറ്റപ്പാടില്ലാത്ത ഒട്ടേറെ രചനകളുണ്ട്.
ആരോടും പരിഭവമില്ലാത്ത, ഒരു പരാതിയുമില്ലാത്ത കളങ്കമില്ലാത്ത ഒരു മനുഷ്യനായിരുന്നു അദ്ദേഹം. പത്‌നിയുടെ നിര്യാണവും മക്കളില്ലാത്ത വിഷമവും ഒക്കെ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ മറ്റുള്ളവരുടെ ക്ഷേമവും വിവരവും ഔത്സുക്യത്തോടെ അറിയാനായിരുന്നു അവസാനം വരെ ശ്രമിച്ചത്. ഒറ്റപ്പെട്ട വേളകളില്‍ ഫോണ്‍ തന്നെയായിരുന്നു ആശ്രയം. ടൈഗര്‍ എന്ന വളര്‍ത്തുനായയായിരുന്നു പിന്നീട് ആശ്വാസം. ഒരു നാള്‍ അതും അന്ത്യശ്വാസം വലിച്ചത് ഉണ്ണിയേട്ടനെ വല്ലാതെ വിഷമിപ്പിച്ചു. ചിലപ്പോള്‍ ഫോണ്‍ സംസാരത്തിനിടെ ‘ആരുണ്ട് അടുത്ത്’ എന്നാരായുമ്പോള്‍ ‘ഭഗവാനും ഞാനും’ എന്ന് എത്ര ആത്മാര്‍ത്ഥതയോടെയാണ് പറയാറ്. നിരന്തരം ഉണ്ണിയേട്ടനെ വിളിച്ചിരുന്ന ഒരാള്‍ കണ്ണൂരിലെ എ.ദാമോദരനായിരുന്നു. മിനിമം നാല്‍പതു മിനിറ്റോളം സംസാരം നീളും. അവസാനം വിളിച്ചപ്പോള്‍ ‘രണ്ടാള്‍ വന്നിട്ടുണ്ട്, പിന്നീട് വിളിക്കാം’ എന്നാണത്രേ പറഞ്ഞത്. പിന്നീട് ആ വിളി ഉണ്ടായില്ല എന്ന വിഷമം ദാമോദരനെയും വിട്ടു പോയിട്ടില്ല.
സമ്മര്‍ദ്ദങ്ങളും അസൗകര്യങ്ങളും ഉള്‍പ്പെടെ എല്ലാ തടസ്സങ്ങളും ഇച്ഛാശക്തിയും ദൗത്യബോധവും കൊണ്ട് മറികടന്ന വ്യക്തിയായിരുന്നു ഉണ്ണിമാധവന്‍. ഒരു പത്രപ്രവര്‍ത്തകന് പ്രധാനമായും വേണ്ട ഉത്തരവാദിത്തബോധം നൂറുശതമാനം പുലര്‍ത്തിയ യഥാര്‍ത്ഥ പത്രപ്രവര്‍ത്തകന്‍. രാഷ്ട്രഗാത്രം താങ്ങി നിര്‍ത്തുന്ന നാലാം തൂണ് എന്ന പത്രപ്രവര്‍ത്തനം ജനങ്ങളെ എങ്ങനെയാണ് കാത്തുവെക്കുന്നതെന്നും കരുതിവെക്കുന്നതെന്നും സ്വജീവിതത്തിലൂടെ അദ്ദേഹം തെളിയിക്കുകയുണ്ടായി. പത്രപ്രവര്‍ത്തന മേഖലയില്‍ അധികം മാതൃക കളില്ലാത്ത കാലത്ത് ആയതില്‍ ആണ്ടിറങ്ങുന്നത് സംഘടനാ പ്രവര്‍ത്തനത്തിന് കൂടുതല്‍ പ്രയോജനം ചെയ്യുമെന്ന് കരുതിയ കറപുരളാത്ത ദേശീയവാദി. ആരെയും ആകര്‍ഷിക്കാന്‍ പോന്ന വ്യക്തി പ്രഭാവം. എന്തിന്റെയും ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് അറിയാനുള്ള വ്യഗ്രത, നര്‍മത്തിലൂടെ മറ്റുള്ളവരെ വേദനിപ്പിക്കാതെ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ചാതുര്യം, സര്‍വോപരി ഇച്ഛാശക്തി… മരണം കൈനീട്ടി വിളിക്കുമ്പോഴും ഈ സ്വഭാവ വിശേഷങ്ങെളാക്കെ ഉണ്ണിമാധവനില്‍ ഒരു നിലാവു പടര്‍ന്ന നിലയില്‍ ഉണ്ടായിരുന്നു. ഓര്‍മയില്‍ കണ്ണുനനയിക്കുന്ന ആ വ്യക്തിപ്രഭാവത്തിനു മുമ്പില്‍ കൂപ്പുകൈ.