മുഹമ്മദന്‍ ലൊ എന്ന പേരില്‍ ഇന്ത്യയില്‍ അറിയപ്പെടുന്ന മുസ്ലീം വ്യക്തി നിയമം പത്തും പതിനൊന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പെ അന്നത്തെ കാലഘട്ടത്തിനനുസരിച്ച് തയ്യാറാക്കിയ ഫിഖ്ഹ് (കര്‍മ്മ ശാസ്ത്ര നിയമം) ഭാഗങ്ങളും അതിനെ അടിസ്ഥാനമാക്കി പിന്നീടുണ്ടായ കോടതി വിധികളും ചേര്‍ന്ന ഒരു അവിയല്‍ നിയമമാണ്. 1937 ല്‍ രൂപപ്പെടുത്തിയ ഇന്ത്യയിലെ മുസ്ലീം ശരീഅത്ത് വ്യക്തി നിയമം(The Muslim Personal Law (Sheriath) Application Act 1937), 1939 ലെ മുസ്ലീം വിവാഹ മോചന ആക്ട്, 1954ലെ വഖഫ് ആക്ട് എന്നീ മൂന്ന് കേന്ദ്ര ആക്ടുകളാണ് മുസ്ലീം വ്യക്തിനിയമത്തിലുള്ളത്.
1937 ലെ ശരീഅത്ത് ആക്ടില്‍ വിവാഹം, വിവാഹമോചനം, വിവാഹമൂല്യം, പരിരക്ഷണം, രക്ഷാകര്‍തൃത്വം, പിന്തുടര്‍ച്ചാവകാശം, വഖഫ്, ദാനം, ട്രസ്റ്റ്, സ്ത്രീ സ്വത്ത് എന്നീ 10 വിഷയങ്ങളാണുളളത്. വിവാഹ സംബന്ധമായ 5 നിയമങ്ങളും സ്വത്ത് സംബന്ധമായ 5 നിയമങ്ങളുമാണവ. കാലത്തിനനുസരിച്ച് നിയമം ഭേദഗതി ചെയ്യാനുള്ള അനുവാദമാണ് ഇജ്മായും, ഖിയാസും. ഖുറാനേയും നബിചര്യയേയും മാത്രം അടിസ്ഥാനമാക്കി കോടതികള്‍തീരുമാനമെടുക്കാന്‍ പാടില്ലെന്നാണ് ശരീഅത്ത് ആക്ട് പറയുന്നത്. കാരണം ഖുറാനിലും നബിചര്യയിലും വരാത്ത കാര്യങ്ങള്‍ വരെ ശരീഅത്ത് ആക്ടിലുണ്ട്.
1197ല്‍ അന്തരിച്ച ഷൈഖ് ബുര്‍ഹാനുദ്ദീന്‍ അലി എന്ന ഹനഫിനേതാവ് എഴുതിയ ‘അല്‍ ഹീദായത്തുല്‍ ഫീല്‍ ഫാറൂഅ്’ എന്ന അറബി ഗ്രന്ഥമാണ് ശരീഅത്ത് ആക്ടിന്റെ മൂല ഗ്രന്ഥങ്ങളിലൊന്ന്. രണ്ടാമത്തേത് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബിന്റെ ഭരണകാലത്ത് (1618-1707) ക്രോഡീകരിച്ച മതവിധികളാണ്. ഇത് ഫത്‌വ ആലംകീരിയ്യ എന്നാണ് അറിയപ്പെടുന്നത്. ഇവയെല്ലാം സുന്നീ ശരീഅത്തില്‍ പെടുന്നു. ശിയാക്കളുടെ ശരീഅ ത്താകട്ടെ നജ്മുദ്ദീന്‍ ജഅ്ഫറുബ്‌നു മുഹമ്മദ് ഹില്ലി (അഉ 1205-1277) എഴുതിയ ‘ശമാഉല്‍ ഇസ്ലാം’ എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഹനഫി മദ്ഹബ് ഗ്രന്ഥമായ ഹിദായയിലൊ ശിയാക്കളുടെ ഗ്രന്ഥമായ ശമാഉല്‍ ഇസ്ലാമിലോ പറയാത്തത് കോടതിക്ക്‌പോലും ചോദ്യം ചെയ്യാന്‍ അര്‍ഹതയില്ലത്രെ. മാത്രമല്ല ഖുറാനിലെ വചനങ്ങള്‍ പ്രമാണമാക്കിയും നിയമം നടപ്പിലാക്കാന്‍ പറ്റില്ല. അതായത് ഹീദായയില്‍ പറയുന്ന പ്രകാരവും ഇമാമിയ്യയില്‍ പറയുന്ന പ്രകാരവും മാത്രമേ വിധി നടത്താവൂ. നബിചര്യയില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ മതനേതൃത്വം അവകാശപ്പെടുന്ന നിയമങ്ങളേ സ്വീകരിക്കാവൂ എന്നാണ് നിയമം. അതായത് ഖുറാനേക്കാളും നബിചര്യകളേക്കാളും ഇസ്ലാമിക പണ്ഡിതരുടെ വാക്കുകള്‍ക്കാണ് മുന്‍ഗണന കൊടുക്കേണ്ടതെന്നര്‍ത്ഥം.
ഇന്ത്യന്‍ ശരീഅത്ത് ആക്ട് പ്രകാരം മുസ്ലീമാണെന്ന് പറയുന്ന ആര്‍ക്കും യാതൊരു തിരുവെഴുത്തു നിയന്ത്രണവുമില്ലാതെ ഒരേ സമയത്ത് നാലു ഭാര്യമാരാകാം. ഒരു കാരണവും കൂടാതെ ഓരോന്നായി മൊഴി ചൊല്ലാനും യാതൊരുരേഖയും വേണ്ട. അവന് ധനപരമായും ശാരീരികമായും കൂടുതല്‍ ഭാര്യമാരെ ആവശ്യമുണ്ടോ എന്നും അവരോട് നീതിപുലര്‍ത്തേണ്ടതുണ്ടോ എന്നും ചിന്തിക്കേണ്ടവന്‍ അവന്‍ തന്നെയാണ്. ബഹുഭാര്യത്വം സ്വീകരിക്കാന്‍ ഒരിടത്ത് അനുവദിക്കുന്നുണ്ടെങ്കിലും ഖുറാന്‍ ഉപാധിവെച്ചിട്ടുണ്ട്. ഭാര്യമാരോട് തുല്യനീതിയോടെ പെരുമാറാന്‍ കഴിയുന്നവര്‍ക്കേ ബഹുഭാര്യത്വം സ്വീകരിക്കാന്‍ അര്‍ഹതയുള്ളൂ. ലോകത്തില്‍ ഒരു പുരുഷനും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി നടപ്പിലാക്കാന്‍ കഴിയില്ലെന്ന അവസ്ഥ നിലനില്‍ക്കുമ്പോള്‍ ആര്‍ക്കും ബഹുഭാര്യത്വം സ്വീകരിക്കാന്‍ അര്‍ഹതയില്ലെന്ന് അംഗീകരിക്കുന്ന നിയമമാണ് ഇതെന്ന് വ്യക്തമാകുന്നു.
അതുപോലെ തന്നെ വിവാഹമോചനം ചെയ്യുന്നതിന് മുന്‍പ് രണ്ട് കൂട്ടരേയും പങ്കെടുപ്പിച്ച് കൗണ്‍സിലിംഗ് നടത്തണമെന്നും സന്ധിസംഭാഷണം നടത്തി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ബോധ്യപെട്ടാലേ വിവാഹമോചനം അനുവദിക്കാന്‍പാടുള്ളൂ എന്നുമുള്ള വകുപ്പു കൂടിയുണ്ട്. ഈ ഖുറാനിക നിയമം പരിഗണിക്കാതെയാണ് ശരീഅത്ത് ആക്ടിന് രൂപം കൊടുത്തത്. 1984ല്‍ ശരീഅത്ത് വിവാദം നടക്കുമ്പോള്‍ ശരീഅത്ത് നിയമംഭേദഗതി ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച ഇഎംഎസിനെതിരെ ലീഗണികള്‍ വിളിച്ച മുദ്രാവാക്യം ആരും മറന്നിട്ടുണ്ടാവില്ല. 1986ല്‍ രാജീവ്ഗാന്ധി ഷാ ബാനു കേസില്‍ മുസ്ലിം മതപണ്ഡിതരുടെ താല്പര്യത്തിന് വഴങ്ങുകയാണ് ചെയ്തത്. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ മുത്തലാഖ് നിയമം കൊണ്ടുവന്ന് മുസ്ലീം വനിതകള്‍ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുകയാണ് ചെയ്തത്.
ഖുറാനിലെ 2/24-ാം വചനത്തിലാണ് ‘മുത്ത്അ’ വിവാഹത്തിന് അനുവാദം നല്‍കിയത്. മുഹമ്മദ് നബിക്ക് മുമ്പുണ്ടായിരുന്ന നിയമം നിരോധിക്കാന്‍ നബി തയ്യാറായിട്ടില്ല. വേശ്യകളേയോ മറ്റോ ഒരു നിശ്ചിത ദിവസത്തേക്ക് ഒരുനിശ്ചിത തുക കൊടുത്ത് കരാറെഴുതി നടത്തുന്ന വിവാഹമാണിത്. അത് ഒരു ദിവസത്തേക്കൊ എത്ര ദിവസത്തേക്കൊ ആക്കാം. ഖലീഫ ഉമര്‍ ഈ നിയമം റദ്ദ് ചെയ്യുകയുണ്ടായെങ്കിലും ശിയാക്കളിത് റദ്ദ് ചെയ്തിട്ടില്ല. പിന്തുടര്‍ച്ചാനിയമത്തിലും ഇത്തരം സ്ത്രീ-പുരുഷവിവേചനങ്ങളുണ്ട്. ഖലീഫ ഉമറിന്റെ ഭരണകാലത്ത് ഖുറാനിലെ 9/60ല്‍ അനുവദിച്ചസകാത്ത് വിഹിതനിയമം പുതുവിശ്വാസികള്‍ക്ക് കൊടുക്കുന്നത് പിന്‍വലിച്ച നിയമം ഖുറാനിക ആശയത്തിനെതിരായിരുന്നു. ഇത്തരം നടപടികള്‍ ബഹുഭാര്യത്വം ലോകവസാനം വരെ നിലനിര്‍ത്തണമെന്ന് വാദിക്കുന്നവര്‍ ഓര്‍ക്കേണ്ടതാണ്. അതുപോലെ ഭേദഗതികള്‍ കണക്കിലെടുത്ത് ശരീഅത്ത് ആക്ടിലുള്ള പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ പോലും സ്ത്രീ-പുരുഷസമത്വം കൊണ്ടുവരാവുന്നതേയുളളൂ. ഖുറാനിലെ വചനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ പിന്തുടരണമെന്ന് പറയുന്നവര്‍ നബിയും ഖലീഫമാരും പല കാര്യങ്ങളിലും സ്വീകരിച്ച നിലപാട് അവഗണിച്ചവരോ മതതത്വങ്ങളെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗപ്പെടുത്തിയവരോ ആണ്. വിവാഹ നിയമങ്ങളും അനന്തരാവകാശനിയമങ്ങളും തികച്ചും ഭൗതികമാണ്. ഇത്തരം കാര്യങ്ങളില്‍ നബി തന്നെ സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
മദീനയിലെ കര്‍ഷകര്‍ ഈന്തപ്പന പൂക്കുന്ന കാലത്ത് പരാഗസംയോജനം നടത്തുക പതിവായിരുന്നു. ഈന്തപ്പനയുടെ ആണ്‍കുലയെ പെണ്‍കുലയുമായി ബന്ധപ്പെടുത്തി കൊടുത്തിരുന്നു. ഇത് കണ്ട നബി എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് അന്വേഷിച്ചു. കര്‍ഷകര്‍ പറഞ്ഞു:
‘കൂടുതല്‍ വിളവ് കിട്ടാനാണ്’.
‘അങ്ങനെ ചെയ്തില്ലെങ്കിലും അള്ളാഹു വിചാരിച്ചാല്‍ കൂടുതല്‍ വിളവ് കിട്ടും’ നബി പറഞ്ഞു. ഇതേ തുടര്‍ന്ന് പരാഗണ സംയോജനം അവര്‍ നിര്‍ത്തിവെച്ചു. തത്ഫലമായി വിളവ് കുറഞ്ഞു. ഇക്കാര്യം മനസ്സിലാക്കി നബി പറഞ്ഞു:
‘ഭൗതിക കാര്യങ്ങള്‍ നിങ്ങള്‍ക്കാണ് കൂടുതല്‍ അറിയുക’. നബിയുടെ ഈ പ്രസ്താവന സാമൂഹിക- സാമ്പത്തിക-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് മത ഗ്രന്ഥങ്ങളിലെ പ്രമാണങ്ങള്‍ അന്വേഷിക്കാതെ തന്നെ തീരുമാനമെടുക്കാന്‍ പറ്റുമെന്ന് തെളിയിക്കുന്നു. അതുകൊണ്ട് ഒരു പൊതു സിവില്‍കോഡ് നിര്‍മ്മിക്കുന്ന കാര്യത്തില്‍ മതവിധി അന്വേഷിക്കേണ്ട കാര്യം തന്നെ മതദൃഷ്ട്യാ ഇല്ല. ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം വകുപ്പ് എല്ലാ പൗരന്മാര്‍ക്കും ബാധകമായ നിലയില്‍ ഒരു സിവില്‍കോഡ് നടപ്പിലാക്കാന്‍ സ്റ്റേറ്റ് യത്‌നി ക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ജാതി-മത-വര്‍ഗ്ഗ പരിഗണനകളില്ലാതെ കൊല, വഞ്ചന, കൊള്ള, മോഷണം, വ്യഭിചാരം എന്നീ കുറ്റങ്ങള്‍ക്ക് ഒരേ നിയമം ഉള്ളതുപോലെ വിവാഹം, വിവാഹമോചനം, ദായക്രമം എന്നീ കാര്യങ്ങളിലും ഒരേ നിയമം ഉണ്ടാകേണ്ടത് ദേശീയോദ്ഗ്രന്ഥനത്തിനും ഇവിടത്തെ വിവിധ ജനവിഭാഗങ്ങളുടെ ഐക്യത്തിനും ശിഥിലീകരണ പ്രവണതകളും വിഘടനവാദങ്ങളും വളര്‍ന്ന് വരാതിരിക്കാനും അനിവാര്യമാണ്.
Comments