ത്രിപുരയില്‍ കോണ്‍ഗ്രസ്സുമായുണ്ടാക്കിയ സഖ്യം ശരിയായിരുന്നു എന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാഷ് സിദ്ധാന്തിച്ചിരിക്കുന്നത്. എന്താണ് ഈ സിദ്ധാന്തത്തിലെ ശരിയെന്ന് ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് എത്ര തലപുകച്ചിട്ടും പിടികിട്ടിയില്ല. 2018ല്‍ പാര്‍ട്ടിയ്ക്കുള്ള 42 ശതമാനം വോട്ട് 2023ല്‍ 24.6 ശതമാനമായി കുതിച്ചുയര്‍ന്നതാണ് ശരിയെന്നു ഗോവിന്ദന്‍ മാഷ് പാര്‍ട്ടി ശിഷ്യന്മാരെ പഠിപ്പിച്ചുകൊണ്ടിരിക്കയാണ്. 2018ല്‍ 16 സീറ്റുണ്ടായിരുന്നത് 11 ആയി വര്‍ദ്ധിച്ചതും അരിവാള്‍ചുറ്റികയും കയ്യും കൂട്ടിക്കെട്ടിയതിന്റെ നേട്ടമാണ് എന്നതും സഖാവിന്റെ സിദ്ധാന്തമാണ്. ഫാസിസ്റ്റ് വിരുദ്ധയുദ്ധത്തില്‍ പാര്‍ട്ടി ഇത്തരം വലിയ നേട്ടത്തിന്റെ പടവുകള്‍ ചാടിക്കയറുന്നത് സ്വാഭാവികം മാത്രമാണല്ലോ. എന്നാല്‍ സഖ്യംകൊണ്ട് വലിയ നഷ്ടമുണ്ടായത് കോണ്‍ഗ്രസ്സിനാണ്. അവര്‍ക്ക് ത്രിപുരയില്‍ ഒരു സീറ്റുപോലുമില്ലാതിരുന്ന സ്ഥലത്ത് മൂന്നു സീറ്റ് കിട്ടി എന്നതാണ് നഷ്ടം. ഇത് സഖാവ് ഗോവിന്ദന്റെ വൈരുദ്ധ്യാത്മ സിദ്ധാന്തമാണ്.
ഈ സിദ്ധാന്തപ്രകാരം ത്രിപുര തിരഞ്ഞെടുപ്പില്‍ 33 സീറ്റുനേടിയ ബി.ജെ.പി സഖ്യത്തിനാണ് ഏറ്റവും വലിയ കോട്ടം സംഭവിച്ചിരിക്കുന്നത്. അവര്‍ അധികാരം നിലനിര്‍ത്തി എന്നതാണ് അവരുടെ വീഴ്ച. ഈ വീഴ്ചയുണ്ടാവാന്‍ വല്ലാതെ പണമൊഴുക്കി എന്ന് സീതാറാം യെച്ചൂരി സമാധാനിക്കുകയാണ്. താഴെക്കിടയില്‍ നിന്നു വലിയ സമ്മര്‍ദ്ദമുണ്ടായതുകൊണ്ടാണ് കോണ്‍ഗ്രസ്സുമായി സഖ്യത്തിനു തയ്യാറായതെന്ന് യെച്ചൂരി കൈമലര്‍ത്തുന്നു. ദേശീയ തലത്തില്‍ ഈ സഖ്യം വരാന്‍ ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍ദ്ദേശിച്ചാല്‍ കേരളത്തിലെ ഇടതു ഭരണത്തിന്റെ ഗതിയെന്താവുമെന്ന് പ്രധാനമന്ത്രി പ്രവചിച്ചു കഴിഞ്ഞിട്ടുണ്ട്.
Comments