പ്രജ്ഞാ പ്രവാഹിന്റെ ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അമൃതകാലഭാരതം ആഗ്രഹിച്ച തരത്തില്‍ ഗൗരവപൂര്‍ണ്ണമായ പഠന ഗവേഷണങ്ങള്‍ നടത്തിയതിന്റെ ഫലമായി കണ്ടെത്തിയ നേരറിവുകളുടെ പുസ്തക രൂപമാണ് Swa – Struggle for National Selfhood – Past Present and Future. സ്വത്വത്തനിമ തേടിയുള്ള ഭാരതത്തിന്റെ യാത്രയുടെ ഭൂതവും വര്‍ത്തമാനവും ഭാവിയും പഠന വിഷയമാക്കിയതിലൂടെ ഗ്രന്ഥകാരന്‍ മുന്നില്‍ നിന്ന് പൂര്‍ണ്ണമാക്കിയത് 2047ലെ സ്വാതന്ത്ര്യ ശതാബ്ദിയിലേക്കുള്ള ആത്മനിര്‍ഭര ഭാരതത്തിന്റെ മുന്നേറ്റത്തിന് ബൗദ്ധിക മേഖല നിര്‍വഹിക്കേണ്ട ചുമതലയുടെ ആദ്യ ഘട്ടമാണ്.
ഭാരതീയ സ്വത്വത്തനിമയുടെ സഞ്ചാരപഥം വിഷയമാക്കിയ ഗ്രന്ഥ രചനയിലൂടെ ദേശീയ ബോധത്തിലൂന്നിയ ചരിത്രവായനയ്ക്കാണ് നന്ദകുമാര്‍ജി തുടക്കം കുറിച്ചിരിക്കുന്നത്. പഠന ഗവേഷണങ്ങള്‍ നടത്തി ലഭിച്ച കണ്ടെത്തലുകള്‍ സകാരാത്മകമായ പുതിയ സംവാദങ്ങള്‍ക്ക് വഴി തുറന്നിരിക്കുന്നു. ദേശീയതയെ തകര്‍ക്കുന്നത് പ്രത്യയശാസ്ത്രപരമായ അനിവാര്യതയായി കണക്കാക്കി വഴിതെറ്റിപ്പോയ കമ്യൂണിസ്റ്റുകള്‍ ഈ ഗ്രന്ഥം പഠിക്കേണ്ടതുണ്ട്. ഇംഗ്ലീഷുകാരും ഇസ്ലാമിക മതമൗലികവാദികളും കമ്യൂണിസ്റ്റുകളും ഭാരതീയ ദേശീയതയുടെ സ്വത്വത്തനിമയെ കടന്നാക്രമിച്ചപ്പോഴും രക്തപ്പുഴകളൊഴുക്കിയപ്പോഴും ഞങ്ങള്‍ അഹിംസാമൗലികവാദികളാണെന്നും പറഞ്ഞ് അക്രമപക്ഷത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ ശക്തി കുറച്ച് ‘നിര്‍വികാരപരബ്രഹ്‌മങ്ങളായി’ സ്വയം നാണംകെട്ടവര്‍ ഇത് പാഠപുസ്തകമാക്കേണ്ടതുണ്ട്. അന്നും ഇന്നും എന്നും ദേശീയതയ്‌ക്കൊപ്പം എന്ന ഉറച്ച നിശ്ചയ ദാര്‍ഢ്യമുള്ള സ്വയംസേവകരും സ്വത്വത്തനിമയുടെ ഉള്‍പ്രേരണയുടെ ഉണ്മ ഉജ്ജ്വലമാക്കുവാനുള്ള ഉള്ളടക്കം കൊണ്ട് ധന്യമായ ഈ രചന പാഠപുസ്തകമാക്കേണ്ടതുണ്ട്.
സ്വാതന്ത്ര്യ സമരത്തിന്റെ പ്രേരണാ സ്രോതസ്സ് എന്ന നിലയില്‍ സ്വത്വത്തനിമയുടെ പ്രഭാവം 1858 മുതല്‍ 1911 വരെയുള്ള കാലഘട്ടത്തില്‍ ഉണ്ടായിരുന്നതില്‍ നിന്ന് 1911 മുതല്‍ 1947 വരെയുള്ള കാലഘട്ടത്തില്‍ കുറഞ്ഞതുമായി ബന്ധപ്പെട്ട ഈ പുസ്തകത്തിലെ വിശകലനം കൂടുതല്‍ പ്രസക്തിയുള്ളതാകും. കാരണം, ഇംഗ്ലീഷ് സ്വത്വത്തനിമയുടെ ഭാഗമാകാന്‍ മോഹിച്ച് ഭാരതീയ സ്വത്വത്തനിമയില്‍ മുറിപ്പാടുകള്‍ വീഴ്ത്താന്‍ സ്വയം തയ്യാറായ ഒരു വിഭാഗം കോണ്‍ഗ്രസ്സിനുളളില്‍ ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ശ്രീ അരബിന്ദോ കോണ്‍ഗ്രസ്സിലെ അന്നത്തെ വ്യത്യസ്ത പക്ഷങ്ങളെ മിതവാദികളെന്നും തീവ്രവാദികളെന്നും തരംതിരിക്കുന്നതിനു പകരം ലോയലിസ്റ്റുകളെന്നും നാഷണലിസ്റ്റുകളെന്നും തരംതിരിച്ചു വിളിച്ചത്. ഭാരതം രാഷ്ട്രീയ സ്വാതന്ത്ര്യം നേടാന്‍ 1947 വരെ കാത്തിരിക്കേണ്ടി വന്നതുതന്നെ കോണ്‍ഗ്രസ്സിനുള്ളിലെ ഭാരതീയ സ്വത്വത്തനിമയില്‍ അഭിമാനമില്ലായിരുന്ന ഇംഗ്ലീഷ് ലോയലിസ്റ്റുകളുടെ മേല്‍ക്കോയ്മയായിരുന്നുവോ, എന്നൊരു ചോദ്യം അവിടെ ഉയരാം. അതിന് ഉത്തരം തേടാന്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് അവസരം ബാക്കിയുണ്ട്.
ഇക്കാര്യത്തില്‍ ഈ പുസ്തകം നടത്തുന്ന വെളിപ്പെടുത്തലുകളില്‍ നിന്ന് വായിച്ചെടുക്കാവുന്ന തിരിച്ചറിവുകളാണ് സായുധ/സാധാരണ സമര പോരാളികളില്‍ ഭഗവദ്ഗീതയ്ക്കുണ്ടെന്ന് ഇംഗ്ലീഷുകാര്‍ തിരിച്ചറിഞ്ഞ സ്വാധീനവും അതിനെ മറികടക്കാന്‍ അവരൊരുക്കിയ രണതന്ത്രവും. പുസ്തകത്തില്‍ നിന്നുള്ള ഒരു ഉദ്ധരണി നോക്കാം. ‘ബംഗാളില്‍ രാജ്യത്തെ മറ്റേതെങ്കിലും ഭാഗത്തേക്കാള്‍ അധികമായി യുവ വിപ്ലവകാരികളുടെ മേല്‍ ഗീതയുടെ പ്രഭാവം പ്രകടമായിരുന്നു. ഖുദിറാം ബോസ് എന്ന പതിനെട്ടുകാരനായ ബംഗാളി വിപ്ലവകാരിയെ വധശിക്ഷക്കായി തൂക്കു കയര്‍ അണിയിക്കും മുമ്പ് ധരിച്ചാണ് ഭഗവദ്ഗീതയും ആ ധീരയുവാവ് തൂക്കുമരത്തില്‍ കയറിയത്! ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധ സംഘട്ടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ധാക്കാ അനുശീലന്‍ സമിതി എന്ന വിപ്ലവകാരികളുടെ സംഘടനയുടെ കാര്യാലയം റെയ്ഡ് ചെയ്തപ്പോള്‍ ബ്രിട്ടീഷ് പോലീസ് ഡസന്‍ കണക്കിന് ഭഗവദ്ഗീതയുടെ കോപ്പികളാണ് പിടിച്ചെടുത്തത്’. സ്വാഭാവികമായും ഭാരത സ്വാതന്ത്ര്യ സമരത്തിന്റെ പ്രേരണാഘടകമായി ഉയര്‍ന്നുകണ്ട സ്വത്വത്തനിമയുടെ കേന്ദ്രബിന്ദുവായ ഭഗവദ്ഗീതയുടെ പ്രഹരശേഷി ഇംഗ്ലീഷ് പക്ഷം തിരിച്ചറിഞ്ഞു. ആ പ്രഹരശേഷിയുടെ മുനയൊടിക്കുവാന്‍ അവര്‍ തിരഞ്ഞെടുത്തവഴി ദ്വിമുഖമായിരുന്നു. ഗീതയുടെ സന്ദേശം യഥാതഥമായി നല്‍കിയ ശ്രീ അരബിന്ദോയെയും ബാലഗംഗാധരതിലകനെയും, അത് കൃത്യമായി കര്‍മ്മപഥത്തിലെത്തിക്കാന്‍ രണതന്ത്രം മെനഞ്ഞ് മുന്നില്‍ നിന്ന് നയിക്കാന്‍ തയ്യാറായ സാവര്‍ക്കറെയും ആ വഴിയിലൂടെ പോരാട്ട വഴിയിലിറങ്ങിയ ഗദര്‍ പ്രസ്ഥാനത്തിലെയുള്‍പ്പെടെയുള്ള സായുധ സമരയോദ്ധാക്കളെയും, കാരാഗൃഹത്തിലടച്ചും പീഡിപ്പിച്ചും കൊന്നൊടുക്കിയും ഇല്ലാതാക്കുന്നതായിരുന്നു ഇംഗ്ലീഷ് പക്ഷ രണതന്ത്രത്തിന്റെ ഒരു മുഖം. ഗീതയെ ഉള്‍ക്കൊണ്ടിരുന്നുവെങ്കിലും സായുധ സമരമാര്‍ഗത്തിലേക്ക് പൂര്‍ണ്ണമായി കടന്നിരുന്നിട്ടില്ലായിരുന്ന സാധാരണ സ്വാതന്ത്ര്യസമര പോരാളികളായിരുന്നു അടുത്ത ലക്ഷ്യം. അക്രമസമരങ്ങള്‍ അനിവാര്യമായാല്‍ അറച്ചുനില്‍ക്കാനിടയില്ലാത്ത ആ സാധാരണ സമര പോരാളികളെ ആയുധമെടുക്കുവാന്‍ മടിക്കുന്നവരും നിരായുധരും നിഷ്‌ക്രിയരുമാക്കുവാന്‍വേണ്ടി ഭഗവദ്ഗീതയ്ക്ക് അഹിംസയുടെ പാഠപുസ്തകം എന്നൊരു കപട പരിവേഷം സൃഷ്ടിക്കുകയായിരുന്നു ഇംഗ്ലീഷ് രണതന്ത്രത്തിന്റെ രണ്ടാമത്തെ മുഖം. ആ രണതന്ത്രത്തിന് അവര്‍ക്ക് സഹായകരമായി ഗീതയ്ക്ക് പുതിയ വ്യാഖ്യാനവുമായി രംഗത്തുവന്നവര്‍ക്ക് നേരെ ശ്രീ അരബിന്ദോ ഉയര്‍ത്തിയ വിമര്‍ശനമാണ് ഈ പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു പരാമര്‍ശം.
ആ പരാമര്‍ശം ഒന്ന് ശ്രദ്ധിച്ചു നോക്കാം; സ്വാതന്ത്ര്യസമരം വെല്ലുവിളികളെ നേരിട്ട ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ ഭഗവദ്ഗീതയെ അഹിംസയുടെ പാഠപുസ്തകമായി തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് ഗീതയുടെ ആത്മാവില്ലാതാക്കാന്‍ ഒരു വിഭാഗം വ്യാഖ്യാതാക്കള്‍ നടത്തിയ ശ്രമങ്ങളെ അരബിന്ദോ ശക്തമായി വിമര്‍ശിച്ചു. ‘അഹിംസ ഗീതയിലില്ല. മഹാത്മാ ഉള്‍പ്പെടെ ചില ആളുകള്‍, ഗീത ഒരു ആത്മീയയുദ്ധമോ പോരാട്ടമോ മാത്രമാണ് സൂചിപ്പിക്കുന്നതെന്ന് പറയുന്നവര്‍, (പറയട്ടെ) അപ്പോള്‍ എന്താണ് അപരിഹര്യര്‍ത്ഥേയും ഹന്യമാനേയും ”ഒഴിവാക്കാന്‍ വയ്യാത്ത സാഹചര്യങ്ങളും” ‘ശരീരം കൊല്ലപ്പെടുന്നതും’ മറ്റും? ‘മരിച്ചവരെ കുറിച്ച് സങ്കടപ്പെടുന്നതിനെ സംബന്ധിച്ച ശ്ലോകത്തെ കുറിച്ച് എന്തു പറയുന്നു? അങ്ങനെ വായിക്കുന്നത് അവരുടെ മാനസികാവസ്ഥയുടെ തകരാറുകൊണ്ടാണെന്നാണ് എനിക്ക് തോന്നുന്നത്’. ഗാന്ധിജിയുടെ അനാസക്തിയോഗ പ്രചരിക്കപ്പെടുന്നതിനു വളരെ മുമ്പ് അഹിംസയെയും ഗീതയെയും സംബന്ധിച്ച ഒരു ചോദ്യത്തിന് മറുപടിനല്‍കുമ്പോള്‍ അരബിന്ദോ പറഞ്ഞു.
അങ്ങനെ ഭാരതത്തിന്റെ സ്വത്വത്തനിമയില്‍ മായം ചേര്‍ത്ത് പ്രഹരശേഷി കുറച്ച് ശത്രുപക്ഷത്തിന്റെ പ്രഹര ശേഷി കൂട്ടിയതിന്റെ പരിണത ഫലം ചരിത്രം ആവര്‍ത്തിച്ചു കണ്ടറിഞ്ഞിരിക്കുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് 1921 ലെ മലബാര്‍ ഹിന്ദുനരഹത്യ, പിന്നീട് ഭാരതത്തിന്റെ വിവിധ മേഖലകളില്‍ നടന്ന ഹിന്ദുവിന്റെ നേരയുണ്ടായ കടന്നാക്രമങ്ങള്‍, 1945ലെ നേരിട്ടുള്ള നടപടി, വിഭജന വേളയിലെ കൂട്ടക്കൊലകള്‍, കശ്മീര്‍ ഹിന്ദുക്കളുടെ നരഹത്യ തുടങ്ങി സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും ഉണ്ടായ കൊടുംക്രൂര കടന്നാക്രമണങ്ങള്‍ വേണ്ട വിധത്തില്‍ പ്രതിരോധിക്കപ്പെടാതെയും പ്രതികരിക്കപ്പെടാതെയും പോയത്. അതിനെല്ലാം ഉപരിയായാണ് ഈ പുസ്തകം തന്നെ ഉയര്‍ത്തുന്ന മര്‍മ്മ പ്രധാനമായ മറ്റൊരു ചോദ്യം. 1905ലെ ബംഗാള്‍ വിഭജനത്തെ ചെറുത്ത് പോരാടിയ സമാജത്തിന്റെ മുമ്പില്‍ 1947 ലെ ഭാരത വിഭജനത്തിന് പച്ചക്കൊടി കാട്ടിയ, ഭാരതത്തിന്റെ സ്വത്വത്തനിമയില്‍ നെറികെട്ട നീക്കുപോക്കുകള്‍ കാട്ടിയ അഹിംസാ മതമൗലികവാദികളുടെ കോണ്‍ഗ്രസ്സ് നേതൃത്വം, തങ്ങളുടെ രാഷ്ട്രീയ അവസരവാദത്താല്‍ ഒളി മങ്ങിയ മുഖമല്ലേ കാട്ടുന്നത്?
കമ്യൂണിസ്റ്റ് സഖാക്കള്‍ ഈ പുസ്തകം വായിക്കാന്‍ തുടങ്ങിയാല്‍ ഇ.എംഎസ്സിന്റെ വാക്കുകള്‍ ഉദ്ധരിച്ചിട്ടുള്ളിടത്ത് കണ്ണുടക്കിയാല്‍ അതിശയിക്കേണ്ട കാര്യമില്ല. അദ്ദേഹം ‘എ ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ഫ്രീഡം സ്ട്രഗിളില്‍’ (1986ല്‍) എഴുതിയതാണ് ഉദ്ധരണിയായി നല്‍കിയിരിക്കുന്നത്: ‘വിനായക ദാമോദര്‍ സാവര്‍ക്കര്‍, പ്രസ്ഥാനത്തിന്റെ (അഭിനവ് ഭാരത്) നേതാവ്, പിന്നീട് തന്റെ പ്രവര്‍ത്തനങ്ങള്‍ ഇംഗ്ലണ്ടിലേക്ക് മാറ്റുകയും അവിടെ കിട്ടാവുന്ന സഹായങ്ങളൊക്കെ സമാഹരിച്ച് ഭാരതത്തില്‍ വിപ്ലവം തുടങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. ഈ ഗ്രൂപ്പ് (അഭിനവ് ഭാരത്) അതിന്റെ മഹാരാഷ്ട്രയിലാകെയുണ്ടായിരുന്ന ശാഖകളിലൂടെ മഹാരാഷ്ട്രയില്‍ മാത്രമല്ല, ഭാരതത്തിലാകെ ഒരു വിപ്ലവ പ്രസ്ഥാനം വികസിപ്പിച്ചെടുക്കുന്നതില്‍ പ്രമുഖമായ പങ്ക് വഹിച്ചു. സാവര്‍ക്കറെ ഇംഗ്ലണ്ടില്‍ അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ ഇന്ത്യയിലേക്ക് പോലീസ് കാവലില്‍ കൊണ്ടുവരുന്നതിനിടയില്‍, അദ്ദേഹം രക്ഷപ്പെടാന്‍ ശ്രമിച്ചു; പക്ഷേ പോലീസ് വീണ്ടും പിടിച്ചു. ആ സംഭവം ഒരു ഇതിഹാസമായി മാറി’. അത് വായിച്ച് ഉള്‍ക്കൊള്ളുന്നതും, ഹിന്ദുവിരുദ്ധ വര്‍ഗീയതയ്ക്കു വേണ്ടി വെള്ളം കോരാനും വിറകുവെട്ടാനും നടക്കുന്ന ഈ കാലഘട്ടത്തില്‍ സഖാക്കള്‍ പിന്തുടര്‍ന്നു പോരുന്ന കുപ്രചരണങ്ങളുടെ രാഷ്ട്രീയ ശൈലി തിരുത്തുകയും ചെയ്യുന്നത് നല്ലതു തന്നെ. പക്ഷേ അതിനപ്പുറമാണ് ഈ പുസ്തകം കമ്യൂണിസ്റ്റ് പക്ഷത്തിനു നല്‍കുന്ന ‘സ്വയം വിമര്‍ശനങ്ങളുടെയും’ ‘തെറ്റുതിരുത്തലുകളുടെയും’ സാദ്ധ്യതകള്‍.
സ്വത്വത്തനിമയെ തള്ളിപ്പറയുകയും ദേശീയതയെ തകര്‍ക്കുകയും ചെയ്യുന്നത് പ്രത്യയശാസ്ത്രപരമായ അനിവാര്യതയായി കണക്കാക്കിത്തുടങ്ങിയിടത്തു നിന്നാണ് ഭാരതത്തിലെ കമ്യൂണിസ്റ്റു സഖാക്കള്‍ വഴിതെറ്റിപ്പോയതെന്ന സൂചനകള്‍ ഈ ഗ്രന്ഥത്തില്‍ പ്രകടമാണ്. അത് തിരിച്ചറിയാന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ലെനിന്റെയും സ്റ്റാലിന്റെയും സോവിയറ്റ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ മേധാവിത്വം സ്വീകരിച്ചതിനു ശേഷമാണ് അവര്‍ ഭാരതത്തോട് അകന്നതെന്നും ഭാരതം അവരെ അകറ്റി നിര്‍ത്തിയതെന്നും ഈ പുസ്തകത്തില്‍ വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാന്‍ കഴിയും. ഒരു സൂചന ഇതേ ലേഖനത്തില്‍ തന്നെ ഇതിനു മുമ്പ് ഉദ്ധരിച്ചിട്ടുള്ള ധാക്കാ അനുശീലന്‍ സമിതിയിലെ റെയ്ഡും അവിടെ നിന്നും പിടിച്ചെടുത്ത ഭഗവദ്ഗീതയുടെ കോപ്പികളുമാണ്. അതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഒന്ന്- ഭാരതത്തിന്റെ സ്വത്വത്തനിമയാല്‍ പ്രേരിതമായി രക്തം കൊടുത്തും പോരാടാനിറങ്ങിയവരായിരുന്നു അവര്‍. രണ്ട്-അവരില്‍ നിന്നാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ക്ക് നിരവധി ആദ്യകാല സഖാക്കളെ കിട്ടിയത്. മൂന്ന്-സ്വത്വത്തനിമയുടെ വീണ്ടെടുക്കലിനു വേണ്ടി സോവിയറ്റ് സഹായം തേടിയാണവര്‍ മോസ്‌കോയിലേക്ക് നോക്കിയതും അങ്ങോട്ടു പോയതും. നാല്-ചികിത്സിക്കാന്‍ ചെന്ന രോഗിയുടെ കിഡ്‌നിയോ മറ്റവയവങ്ങളോ അടിച്ചു മാറ്റുന്ന ആശുപത്രിക്കാരെ പോലെ അങ്ങോട്ടടുത്ത സഖാക്കളിലെ സ്വത്വത്തനിമയോടും ദേശീയതയോടുമുള്ള പ്രതിബദ്ധത മുറിച്ചുമാറ്റി സാര്‍വ്വദേശീയതയുടെ പേരില്‍ സ്റ്റാലിനിസ്റ്റ് റഷ്യയുടെ അടിയാളന്മാരാക്കി മാറ്റിയതിലൂടെയാണ് ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാരായ വേര് അഴുകിത്തുടങ്ങിയത്.
കമ്യൂണിസ്റ്റുകളുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് വിഷയമാകേണ്ട മറ്റൊരു സൂചന ഗദര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടുള്ളതാണ്. 1917ല്‍ ഗദര്‍ പാര്‍ട്ടിയുടേതായി വന്ന സുപ്രധാനമായ പ്രസ്താവന ഈ പുസ്തകത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.
‘ഈ വിപ്ലവ കക്ഷിയുടെ രാഷ്ട്രീയത്തിന്റെ ഉടനെയുള്ള ലക്ഷ്യം ഒരു ഫെഡറല്‍ റിപ്പബ്ലിക്ക് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ഇന്ത്യ, ഒരു സംഘടിത സായുധ വിപ്ലവത്തിലൂടെ നേടിയെടുക്കുകയാണ്. ഈ റിപ്പബ്ലിക്കിന്റെ ഭരണഘടന ഇന്ത്യയുടെ പ്രതിനിധികള്‍ക്ക് അവരുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള കരുത്ത് ലഭിക്കുന്ന കാലത്ത്, രൂപം നല്‍കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ്. പക്ഷേ, റിപ്പബ്ലിക്കിന്റെ അടിസ്ഥാന തത്വം സാര്‍വ്വത്രികമായ സമ്മതിദാനാവകാശവും മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന എല്ലാ സംവിധാനങ്ങളും ഇല്ലാതാക്കുന്നതുമായിരിക്കും. ഈ വിപ്ലവ കക്ഷി ദേശീയമാകില്ല, സാര്‍വ്വദേശീയമായിരിക്കും; ആത്യന്തിക ലക്ഷ്യം വിവിധ രാജ്യങ്ങളുടെ വൈവിധ്യങ്ങളായ താത്പര്യങ്ങളെ മാനിച്ചുകൊണ്ടും ഉറപ്പുവരുത്തിക്കൊണ്ടും ലോകത്ത് ഒരുമ കൊണ്ടുവരുന്നതുമായിരിക്കും; അത് ലക്ഷ്യം വെക്കുന്നത് വിവിധ രാജ്യങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള മത്സരങ്ങളല്ല, അവ തമ്മിലുള്ള പരസ്പര സഹകരണമായിരിക്കും; അക്കാര്യത്തില്‍ മഹാന്മാരായ ഭാരതീയ ഋഷിമാരുടെയും പുതിയ കാലത്തെ ബോള്‍ഷെവിക്ക് റഷ്യയുടെയും പാത പിന്തുടരുന്നതായിരിക്കും’.
ഇവിടെ പ്രസക്തമായ ചില ചോദ്യങ്ങള്‍ ഉയരുന്നു. ‘മഹാന്മാരായ ഭാരതീയ ഋഷിമാരുടെയും പുതിയ കാലത്തെ ബോള്‍ഷെവിക്ക് റഷ്യയുടെയും പാത പിന്തുടരുന്നതായിരിക്കും’ എന്ന് ഗദര്‍ പാര്‍ട്ടിക്കാര്‍ പ്രഖ്യാപിക്കുന്നത് 1917 ലായിരുന്നു എന്നുള്ളതുകൊണ്ട് അത് ഒക്ടോബര്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തിലായിരുന്നല്ലോ? അന്നവര്‍ക്ക് ഭാരതത്തിന്റെ സ്വത്വത്തനിമയുടെ പ്രതീകങ്ങളായ മഹാന്മാരായ ഭാരതീയ ഋഷിമാരുടെയും കമ്യൂണിസം പ്രതിനിധീകരിക്കുന്ന ബോള്‍ഷെവിക്ക് റഷ്യയുടെയും സമഞ്ജസമാണ് ഭാരതത്തിന് വേണ്ടതെന്നു തോന്നിയ പ്രായോഗിക രാഷ്ട്രീയ ബുദ്ധി ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ക്കില്ലാതെ പോയതല്ലേ അവരെ ഭാരതം തിരസ്‌ക്കരിക്കാന്‍ ഇടവരുത്തിയത്? ബോള്‍ഷെവിക്കുകള്‍ സ്വന്തം രാജ്യത്തിന് യുണൈറ്റഡ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്‌ളിക്കെന്ന പേര്‍ നല്‍കി കൂട്ടിച്ചേര്‍ത്ത രാജ്യങ്ങളുടെ സ്വത്വത്തനിമകളെ ബലികഴിച്ചപ്പോഴും ഗദര്‍ പ്രസ്ഥാനം ‘വിപ്ലവ കക്ഷിയുടെ രാഷ്ട്രീയത്തിന്റെ ഉടനെയുള്ള ലക്ഷ്യം ഫെഡറല്‍ റിപ്പബ്ലിക്ക് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ഇന്‍ഡ്യ’ എന്നു പറഞ്ഞത് സ്വത്വത്തനിമയെ അവര്‍ ഹൃദയത്തോട് ചേര്‍ക്കുമെന്നായിരുന്നില്ലേ? ലെനിന്റെയോ സ്റ്റാലിന്റെയോ ആജ്ഞ അനുസരിച്ച് ഭാരതീയ ദേശീയതയേയും സ്വത്വത്തനിമയെയും തള്ളിക്കളയാതെ മാവോ സേതൂങ്ങ് ചൈനയിലും ഹോചിമിന്‍ വിയറ്റ്‌നാമിലുമൊക്കെ അവരുടെ രാജ്യങ്ങളിലെ ബഹുജനങ്ങളെ പോരാട്ടത്തിനിറക്കിയതു പോലെ ഭാരതത്തിലെ പട്ടിണിപ്പാവങ്ങളും തൊഴിലാളികളുമൊക്കെ അടങ്ങുന്ന ബഹുജനങ്ങളെ സംഘടിപ്പിച്ച് ഭാരതത്തിന്റെ സ്വത്വത്തനിമയെയും കമ്യൂണിസത്തിന്റെ സ്വീകാര്യമായ പ്രത്യയയശാസ്ത്ര സവിശേഷതകളും സകാരാത്മകമായി സമഞ്ജസിപ്പിച്ച് ഒരു വിപ്ലവത്തിന് ശ്രമിച്ചിരുന്നെങ്കില്‍ ഭാരതത്തിന്റെയും ഇവിടത്തെ കമ്യൂണിസ്റ്റുകളുടെയും ചരിത്രം മറ്റൊന്നാകുമായിരുന്നില്ലേ? അങ്ങനെയൊന്നും സംഭവിക്കാഞ്ഞതുകൊണ്ട് സോവിയറ്റ് യൂണിയനിലോ ചൈനയിലോ ഉത്തര കൊറിയയിലോ മറ്റു കമ്യൂണിസ്റ്റ് രാജ്യങ്ങളിലോ ഉണ്ടായ കൂട്ടക്കൊലകള്‍ക്കും കൊടും പട്ടിണിയ്ക്കും ഫാസിസ്റ്റ് ഏകാധിപത്യത്തിനുമൊന്നും ഇവിടെയിടവന്നില്ലെന്നതില്‍ സന്തോഷിക്കുമ്പോഴും അക്കാദമിക തലത്തില്‍ ചിന്തിക്കുമ്പോള്‍ ഭാരതത്തിന്റെ സ്വത്വത്തനിമയെ തകര്‍ക്കാനിറങ്ങിയ കമ്യൂണിസ്റ്റ് നരകാത്മക ചരിത്രം ഇഴകീറി പരിശോധിക്കുന്നതിന് നന്ദകുമാര്‍ജിയുടെ പുസ്തകം ഒരുക്കുന്ന ബൗദ്ധിക പശ്ചാത്തലം എടുത്ത് പറയാതിരിക്കാനാവില്ല.
ആവേശഭരിതമായ ഗദര്‍ മുന്നേറ്റത്തെ ബ്രിട്ടീഷുകാര്‍ തച്ചുതകര്‍ത്തത് സാമ്രാജ്യത്വ ക്രൂരതയുടെ മറ്റൊരദ്ധ്യായമാണ്. അവരില്‍ വധശിക്ഷയ്ക്ക് ഇരയാക്കപ്പെട്ട 48 പേരുടെ വിവരങ്ങളും ഈ പുസ്തകത്തില്‍ ലഭ്യമാണ്. ഒന്നാം ലോകമഹായുദ്ധ പശ്ചാത്തലത്തില്‍ ബ്രിട്ടീഷുകാര്‍ തകര്‍ത്തെറിഞ്ഞ ഭാരതീയ സ്വത്വത്തനിമയെ നെഞ്ചോട് ചേര്‍ത്ത ആ ധീര ബലിദാനികളോടൊപ്പമാണ് ഭാരതം എന്ന് പറഞ്ഞ് ബ്രിട്ടീഷുകാരുടെ നേര്‍ക്കു നില്‍ക്കാന്‍ തയ്യാറാകാതിരുന്ന അഹിംസാവാദികളും അവരുടെ ബലികുടീരങ്ങളില്‍ നിന്ന് പുതിയ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കാതെ സോവിയറ്റ് സഹായത്തോടെ വിപ്ലവത്തിന് കുറുക്കുവഴി തേടിയ അക്കാലത്തെ കമ്യൂണിസ്റ്റുകളും ചെയ്തത് ശരിയായില്ലായെന്ന തിരിച്ചറിവിലേക്ക് അവരുടെ വര്‍ത്തമാനകാല പിന്തുടര്‍ച്ചക്കാര്‍ എത്തുമോയെന്നൊരു ചോദ്യം പുസ്തകം മടക്കിവെക്കുമ്പോള്‍ മനസ്സില്‍ ബാക്കിയാകും. അത് സ്വതന്ത്ര ഭാരതത്തിന്റെ അമൃതകാലത്താരംഭിച്ച ചിന്താ പദ്ധതിയുടെ മുഖ്യധാരയിലേക്ക് മാറി നില്‍ക്കുന്നവരെയും ശകുനം മുടക്കാന്‍ നില്‍ക്കുന്നവരെയുമുള്‍പ്പടെ സകലരെയും പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുമെന്ന് കരുതാം.
അതിന് മഹാഭാരത ഇതിഹാസം പോലും ചൂണ്ടിക്കാണിക്കുന്ന അനുഭവം, പ്രോത്സാഹജനകമായ ഒരു ഉത്തരത്തിന്റെ സാദ്ധ്യത കാണിക്കുന്നില്ല. പാര്‍ത്ഥന് പാര്‍ത്ഥസാരഥി ഭഗവദ്ഗീത ഉപദേശിച്ച വിവരം സഞ്ജയനില്‍ നിന്ന് കേട്ട ധൃതരാഷ്ട്രരും പോരാട്ടം മതിയെന്നു പറഞ്ഞില്ല. അതൊക്കെ അറിഞ്ഞിട്ടും പിതാമഹന്‍ ഭീഷ്മരോ ഗുരുദ്രോണാചാര്യനോ യുദ്ധം മതിയാക്കാനോ ധര്‍മ്മ പക്ഷത്തു ചേരാനോ തുനിഞ്ഞതുമില്ല. അതൊന്നും ഇന്നും പ്രതീക്ഷിക്കയും വേണ്ട. പുതിയ കാല പാര്‍ത്ഥന്മാര്‍ കരളുറപ്പോടെ കൈ വിറയ്ക്കാതെ ആത്മനിര്‍ഭര ഭാരതത്തിലേക്കുള്ള കുതിച്ചു ചാട്ടത്തിന് സന്നദ്ധരാകുക മാത്രമാണ് മാര്‍ഗം.
Comments