കാറല്‍ മാര്‍ക്‌സും അഡോള്‍ഫ് ഹിറ്റ്‌ലറും ഒരേ നാട്ടുകാരായിരുന്നു എന്നത് ഏറെക്കുറെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ജര്‍മന്‍കാരായിരുന്നു എന്നതിനപ്പുറം ഇരുവരും തമ്മിലെ താരതമ്യം അനാവശ്യമായ ഒരു കാര്യമെന്നാവും പലരും കരുതുക. സമൂഹത്തിലെ എല്ലാത്തരം അസമത്വങ്ങളെയും ഇല്ലാതാക്കി മനുഷ്യരെ ഒന്നായി കാണാന്‍ ആഗ്രഹിച്ച മാര്‍ക്‌സും, വംശീയ വിദ്വേഷത്തിന്റെയും നരഹത്യയുടെയും പ്രതിരൂപമായിരുന്ന ഹിറ്റ്‌ലറും ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തര രേഖകളാണെന്ന വിശ്വാസമാണ് ഇതിനു കാരണം. യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്ന് ചരിത്രം പഠിക്കുന്നവര്‍ക്ക് ബോധ്യപ്പെടും. ഹിറ്റ്‌ലറെ വംശീയവാദിയായും മാര്‍ക്‌സിനെ മാനവികവാദിയായും അവതരിപ്പിക്കുന്നത് വലിയ കാപട്യമാണ്.
മാര്‍ക്‌സിസവും വംശീയവാദവും തമ്മിലെന്ത് എന്ന് ആശ്ചര്യപ്പെടുന്നവരായിരിക്കും മാര്‍ക്‌സിന്റെ അനുയായികളെപ്പോലെ എതിരാളികളും. മാര്‍ക്‌സിസ്റ്റ് വംശീയതയെക്കുറിച്ചുള്ള അജ്ഞതയാണ് ഇതിനു കാരണം. മാര്‍ക്‌സ് ഒരു വംശീയവാദിയായിരുന്നുവെന്നും, ഇക്കാര്യത്തില്‍ എന്തൊക്കെയാണ് മാര്‍ക്‌സ് പറഞ്ഞിട്ടുള്ളതെന്നും അറിയുന്നവര്‍ ചുരുക്കമായിരിക്കും. മാര്‍ക്‌സിന്റെ വംശീയത വളരെക്കുറച്ചുമാത്രം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്. നടന്നിട്ടുള്ള ചര്‍ച്ചകളൊക്കെ അക്കാദമിക് തലത്തില്‍ ഒതുങ്ങിപ്പോയി. മാര്‍ക്‌സിന്റെ സിദ്ധാന്തത്തിലും പ്രയോഗത്തിലുമുള്ള രൂഢമൂലമായ വംശീയത ഒരിക്കലും ജനമനസ്സില്‍ എത്തിയില്ല. നാസിസത്തിന്റെ വംശീയത പ്രകടമാണ്. അതിന്റെ ശാസ്ത്ര കാപട്യം പെട്ടെന്ന് കണ്ടുപിടിക്കാനും തള്ളിക്കളയാനുമാവും. എന്നിട്ടുപോലും യൂറോപ്യന്‍ ജനതയ്ക്ക് അത് മനസ്സിലാകാന്‍ രണ്ടാം ലോകയുദ്ധം വേണ്ടിവന്നു. മാര്‍ക്‌സിസ്റ്റ് വംശീയതയുടെ കാര്യത്തില്‍ ഇങ്ങനെയൊന്ന് സംഭവിച്ചില്ല.
അടിമത്തം പുരോഗതിക്ക്
കാറല്‍ മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും ആദ്യകാല രചനകള്‍ പഠിക്കുമ്പോള്‍ ഇരുവരും മാനവികവാദികളല്ലെന്ന ധാരണയിലാണ് ഒരാള്‍ എത്തിച്ചേരുക. യൂറോ കേന്ദ്രിതമായി ചിന്തിച്ചവരാണ് മാര്‍ക്‌സും ഏംഗല്‍സുമെന്ന അറിവ് പില്‍ക്കാലത്തുമാത്രം ഉണ്ടായതാണ്. സ്വന്തം കാലത്തിന്റെ പരിമിതികളൊന്നും മാര്‍ക്‌സിനും ഏംഗല്‍സിനും ബാധകമല്ലെന്നും, ചരിത്രത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും പഠിച്ച് അതിലൂടെ മാനവരാശിയെയും അതിന്റെ വികാസത്തെയും ശാസ്ത്രീയമായി മനസ്സിലാക്കാനുള്ള ഉപകരണങ്ങള്‍ അവര്‍ നല്‍കിയെന്നുമാണല്ലോ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്മാര്‍ പറയുക. ഇതുവഴി ഡാര്‍വിന്റെയും ഐന്‍സ്റ്റീന്റെയും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെപ്പോലെയാണ് മാര്‍ക്‌സിസമെന്നും, അത് മനുഷ്യചരിത്രത്തിന്റെ ശാസ്ത്രമാണെന്നും കരുതപ്പെട്ടു.
ഹിറ്റ്‌ലര്‍ക്ക് ജൂതന്മാരോട് മാത്രമായിരുന്നു വിദ്വേഷമെങ്കില്‍ മാര്‍ക്‌സ് ജൂതന്മാരെയും നീഗ്രോവംശജരെയും മറ്റ് പല ജനവിഭാഗങ്ങളെയും കഠിനമായി വെറുത്തു. അടിമത്തത്തെപ്പോലും ന്യായീകരിച്ചു. യൂറോപ്യനിതര സംസ്‌കാരങ്ങളിലെ മനുഷ്യജീവനുകള്‍ക്ക് മാര്‍ക്‌സ് വിലകല്‍പ്പിച്ചില്ല. അമേരിക്കയിലേക്ക് അടിമകളെ കടത്തിയതിനെക്കുറിച്ച് മാര്‍ക്‌സ് എങ്ങനെയാണ് ചിന്തിച്ചതെന്ന് രാഷ്ട്രീയ ചിന്തകനും കറുത്ത വര്‍ഗക്കാരെക്കുറിച്ച് പഠിക്കുകയും ചെയ്തിട്ടുള്ള പ്രൊഫ. സെഡ്രിക് റോബിന്‍സണ്‍ പറയുന്നത് നോക്കുക:
”ചരക്കുകപ്പലുകളില്‍ കുത്തിനിറച്ചുകൊണ്ടുവന്നിരുന്ന അടിമകള്‍ യഥാര്‍ത്ഥ മനുഷ്യജീവികളായിരുന്നു. ഇവര്‍ക്കൊപ്പം ആഫ്രിക്കന്‍ സംസ്‌കാരങ്ങളും അവരുടെ ഭാഷകളും പ്രപഞ്ച വിജ്ഞാനീയവും തത്വചിന്തകളും ജീവിതരീതികളും വിശ്വാസപ്രമാണങ്ങളും സാന്മാര്‍ഗികതയുമൊക്കെ ഉണ്ടായിരുന്നതായി മാര്‍ക്‌സ് തിരിച്ചറിഞ്ഞില്ല. ഇതവരുടെ മാനുഷികത തന്നെയായിരുന്നു. ഈ ചരക്കു കപ്പലുകളില്‍ ഒറ്റപ്പെട്ട ബുദ്ധിജീവികളോ സംസ്‌കാര വിലോപം വന്ന കറുത്ത വര്‍ഗക്കാരോ അല്ലായിരുന്നു. തങ്ങളുടെ പഴയ ലോകത്തുനിന്ന് വേര്‍പെടുത്തപ്പെട്ട പുരുഷന്മാരും സ്ത്രീകളും കുട്ടികളുമായിരുന്നു.” (126)
അമേരിക്കയില്‍ നിലനിന്നിരുന്ന അടിമത്തവ്യവസ്ഥിതിയെ വിമര്‍ശിക്കുമ്പോഴും ആഫ്രിക്കന്‍ അടിമത്തവും അറ്റ്‌ലാന്റിക്കിലൂടെയുള്ള അടിമക്കച്ചവടവും ചരിത്രത്തിന്റെ വികാസത്തിന് അത്യന്താപേക്ഷിതമാണെന്ന് മാര്‍ക്‌സ് കരുതി. അടിമത്തത്തിന്റെ മോശം വശം തള്ളിക്കളയുന്ന മാര്‍ക്‌സ്, സാമ്പത്തികമായി നോക്കുമ്പോള്‍ അതിന് ഒരു നല്ല വശമുണ്ടെന്ന് കണ്ടുപിടിച്ചു! മാര്‍ക്‌സ് ഇങ്ങനെയാണ് അത് വിശദീകരിക്കുന്നത്:
”അടിമത്തമില്ലാതെ പരുത്തിയില്ല. പരുത്തിയില്ലെങ്കില്‍ ആധുനിക വ്യവസായവുമില്ല. സാമ്രാജ്യത്വ കോളനികള്‍ക്ക് അതിന്റെ മൂല്യം നല്‍കിയത് അടിമത്തമാണ്. കോളനികളാണ് ലോകവ്യാപാരം സൃഷ്ടിച്ചത്. വന്‍ വ്യവസായങ്ങളുടെ മുന്നുപാധി ലോകവ്യാപാരമായിരുന്നു. അങ്ങനെ അടിമത്തം വളരെ പ്രധാനപ്പെട്ട സാമ്പത്തിക വിഭാഗത്തില്‍പ്പെടുന്ന ഒന്നാണ്. അടിമത്തമില്ലായിരുന്നുവെങ്കില്‍ അങ്ങേയറ്റം വികസിച്ച രാജ്യങ്ങളിലൊന്നായ വടക്കെ അമേരിക്ക പുരുഷാധിത്യപരമായ രാജ്യമാകുമായിരുന്നു. ലോകഭൂപടത്തില്‍നിന്ന് ഈ രാജ്യത്തെ കഴുകിക്കളയുകയും, അരാജകത്വം വരുകയും ചെയ്യുമായിരുന്നു-അതായത് ആധുനിക വാണിജ്യത്തിന്റെയും പരിഷ്‌കാരത്തിന്റെയും സമ്പൂര്‍ണമായ അപചയം.”(127)
മാര്‍ക്‌സിന്റെ നീഗ്രോനിന്ദ
മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന വിശ്വാസപ്രമാണം യൂറോപ്യനിതര സംസ്‌കാരങ്ങള്‍ക്ക് യാതൊരു മൂല്യവും കല്‍പ്പിക്കുന്നില്ല. മനുഷ്യചരിത്രത്തെ തന്നെ അത് ഇങ്ങനെയാണ് നോക്കിക്കാണുന്നത്. ദശലക്ഷക്കണക്കിനാളുകളെ പട്ടിണിക്കിട്ട് കൊന്ന ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ച മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടില്‍ ഏഷ്യന്‍ ഭൂഖണ്ഡം, ഇന്ത്യന്‍ സമൂഹം ‘പുരോഗതി പ്രാപിക്കാന്‍’ ആവശ്യമായിരുന്നു. ഇതുപോലെ പടിഞ്ഞാറിന് പുരോഗമിക്കാന്‍ ആഫ്രിക്കയില്‍ നിന്ന് അറ്റ്‌ലാന്റിക് വഴിയുള്ള അടിമക്കച്ചവടം ആവശ്യമായിരുന്നു. മാര്‍ക്‌സും ഏംഗല്‍സും വംശത്തെ കണ്ടത് ഒരു സാമ്പത്തിക വിഭാഗമായാണ്. ജീവശാസ്ത്രപരമായിത്തന്നെ യൂറോപ്യന്‍ മേലാളന്മാരെക്കാള്‍ കുറഞ്ഞവരായാണ് മാര്‍ക്‌സ് മറ്റുള്ളവരെ കരുതിയത്. ഇന്ത്യയിലെ ജാട്ടുവംശത്തെ പുരാതന ജര്‍മന്‍കാരോടും ബ്രാഹ്‌മണരെ പ്രാചീന ഗ്രീക്കുകാരോടും ഉപമിക്കുന്നതിനു പിന്നിലെ മനഃശാസ്ത്രം ഇതാണ്. കൊളോണിയലിസത്തിലൂടെ യൂറോപ്യന്‍വല്‍ക്കരിക്കപ്പെടുമ്പോഴോ, അടിമത്തത്തിലൂടെയോ മാത്രമേ ഇവരുടെ നില മെച്ചപ്പെടുകയുള്ളൂ! അല്ലാത്തപക്ഷം അവരൊക്കെ പതിതവംശജരായിരിക്കും!!
പ്രകൃതിനിര്‍ധാരണത്തിലൂടെ ജീവജാതികളുടെ ഉല്‍പ്പത്തിയെക്കുറിച്ച് വിശദീകരിക്കുന്ന ചാള്‍സ് ഡാര്‍വിന്റെ സിദ്ധാന്തത്തില്‍ മാര്‍ക്‌സ് തുടക്കത്തില്‍ വിശ്വസിച്ചിരുന്നെങ്കിലും പിന്നീട് ഫ്രഞ്ച് നരവംശശാസ്ത്രജ്ഞനും വംശീയവാദിയുമായിരുന്ന പിയറി ട്രെമാക്‌സിന്റെ ആശയങ്ങൡലേക്ക് മാറി. ഡാര്‍വിന്റെ സിദ്ധാന്തത്തെക്കാള്‍ പുരോഗമിച്ചതാണ് ട്രെമാക്‌സിന്റെ ഊഹങ്ങളെന്ന് 1866 ല്‍ ഏംഗല്‍സിനെഴുതിയ കത്തില്‍ മാര്‍ക്‌സ് പറയുന്നുണ്ട്. ചരിത്രപരവും രാഷ്ട്രീയവുമായുള്ള പ്രയോഗങ്ങളില്‍ ഡാര്‍വിന്റെ സിദ്ധാന്തങ്ങളെക്കാള്‍ പ്രാധാന്യമുണ്ട് ട്രെമാക്‌സിന്റെ ആശയങ്ങള്‍ക്കെന്ന് മാര്‍ക്‌സ് വിശദീകരിക്കുന്നു.
റഷ്യയും അടിമത്തം നിലനില്‍ക്കുന്ന പാശ്ചാത്യനാടുകളും തമ്മിലെ വ്യത്യസ്തതയെക്കുറിച്ചുള്ള പോള്‍ ഡുചിന്‍സ്‌കിയുടെ നിഗമനങ്ങളെ ട്രെമാക്‌സ് തിരുത്തുന്നതാണ് ഇതിന് കാരണം. റഷ്യക്കാര്‍ സ്ലാവ് വംശജര്‍ എന്നതിനെക്കാള്‍ ടാര്‍ട്ടാറുകളാണെന്ന് ഡുചിന്‍സ്‌കി കരുതിയപ്പോള്‍ അടിമകളായ സ്ലാവുകള്‍ ടാര്‍ടാര്‍വല്‍ക്കരിക്കപ്പെടുകയും മംഗോള്‍വല്‍ക്കരിക്കപ്പെടുകയും ചെയ്തുവെന്നാണ് ട്രെമാക്‌സ് സ്ഥാപിക്കാന്‍ ശ്രമിച്ചിച്ചത്. മാര്‍ക്‌സ് ഈ വാദത്തെ പിന്തുണച്ചു. സാധാരണ നീഗ്രോ ഉയര്‍ന്ന വര്‍ഗക്കാരെക്കാള്‍ ഏറെ അധഃപതിച്ചതാണെന്ന ഉറച്ച ധാരണയാണ് മാര്‍ക്‌സിനുണ്ടായിരുന്നത്.
സാമ്പത്തിക ശാസ്ത്രത്തിന്റെ ഭാഷയില്‍ വംശീയതയുടെ വളരെ അപകടകരമായ ഒരു മിശ്രിതം നിര്‍മിക്കുകയാണ് മാര്‍ക്‌സ് ഇവിടെ ചെയ്യുന്നത്. ഏംഗല്‍സ് ഇതിനെ സിദ്ധാന്തവല്‍ക്കരിക്കുകയും ചെയ്യുന്നു. ”ആത്യന്തികമായി ചരിത്ര വികാസത്തെ നിര്‍ണയിക്കുന്നത് സാമ്പത്തിക ഘടകങ്ങളാണെന്ന് ഞങ്ങള്‍ കരുതുന്നു. പക്ഷേ വംശം എന്നതുതന്നെ ഒരു സാമ്പത്തിക ഘടകമാണ്.” ലാമാര്‍ക്കിന്റെ ആര്‍ജിത സംസ്‌കാരത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ വച്ച് വംശങ്ങളെ ജൈവികമായി വര്‍ഗീകരിച്ചുകൊണ്ട് ഏംഗല്‍സ് ഇക്കാര്യം കൂടുതല്‍ വിശദീകരിക്കുന്നുണ്ട്. സ്വാഭാവികമായും കൂടുതല്‍ ബുദ്ധിവൈഭവം പ്രകടിപ്പിക്കുന്ന യൂറോപ്യന്മാര്‍ മുകളിലുമാവും.
‘കാറല്‍മാര്‍ക്‌സ്, റേസിസ്റ്റ്’ എന്ന ഗ്രന്ഥമെഴുതിയ നതാനിയേല്‍ വെയ്ല്‍ അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്: ”രാഷ്ട്രീയമായ കാരണങ്ങളാല്‍ മാര്‍ക്‌സും ഏംഗല്‍സും പരസ്യമായി നീഗ്രോകളുടെ സുഹൃത്തുക്കളായി നടിച്ചുവെങ്കിലും സ്വകാര്യമായി ഇരുവരും കറുത്തവര്‍ഗക്കാരെ അങ്ങേയറ്റം വെറുത്ത വംശീയവാദികളായിരുന്നു. നീഗ്രോ വംശത്തോട് മുഴുവന്‍ അവര്‍ക്ക് പുച്ഛമായിരുന്നു. അവരെ മൃഗങ്ങളോടുവരെ താരതമ്യപ്പെടുത്തി ഈ പുച്ഛം പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു. കറുത്തവര്‍ഗക്കാരെ മാര്‍ക്‌സും ഏംഗല്‍സും ‘വിഡ്ഢികള്‍’ എന്നാണ് വിളിച്ചിരുന്നത്. സ്വകാര്യ കത്തിടപാടുകളില്‍ ഇരുവരും കറുത്തവര്‍ഗക്കാരെക്കുറിച്ചു പറയാന്‍ ‘നിഗ്ഗെര്‍’ എന്ന നിന്ദാവഹമായ വാക്കുതന്നെ നിരന്തരം ഉപയോഗിച്ചു. ജര്‍മന്‍ ഭാഷയിലാണ് ഇരുവരും കത്തെഴുതിയിരുന്നതെങ്കിലും നീഗ്രോകളെക്കുറിച്ച് പറയുന്നിടത്ത് ‘നെഗര്‍’ എന്ന ശരിയായ ജര്‍മന്‍ വാക്കിനു പകരമാണ് ഇംഗ്ലീഷിലെ ‘നിഗ്ഗെര്‍’ എന്ന അധിക്ഷേപ വാക്കുപയോഗിച്ചത്.”(128)
കറുത്തവരോടുള്ള അമര്‍ഷം
മാര്‍ക്‌സ് വംശീയവാദത്തിന്റെ വക്താവാണെന്ന് ഉറപ്പിക്കാവുന്നതിന് ഉദാഹരണമായി വെയ്ല്‍ പറയുന്നത് ട്രെമാക്‌സിന്റെ പുസ്തകത്തെ മാര്‍ക്‌സ് പ്രശംസിച്ചതാണ്. ശാസ്ത്രത്തെക്കുറിച്ച് ശരിയായ ജ്ഞാനമുള്ള ആര്‍ക്കും ട്രെമാക്‌സ് തന്റെ പുസ്തകത്തില്‍ പറയുന്നത് അസംബന്ധമാണെന്ന് മനസ്സിലാവും. എന്നിട്ടും മാര്‍ക്‌സും ഏംഗല്‍സും അതിനെ പ്രശംസിക്കുകയാണ്. നീഗ്രോകളെ ട്രെമാക്‌സ് ഇകഴ്ത്തിക്കാട്ടുന്നതാണ് ഇതിനു കാരണം. ”വളരെ ഉയര്‍ന്ന ഒന്നില്‍നിന്ന് അധഃപതിച്ചതാണ് സാധാരണ നീഗ്രോ എന്നു തെളിയിച്ചു” എന്നാണ് മാര്‍ക്‌സ്, ട്രെമാക്‌സിനു നല്‍കുന്ന ബഹുമതി! നീഗ്രോ വംശം പരിണാമത്തിന്റെ ഉല്‍പ്പന്നമല്ലെന്നും, മറിച്ച് മനുഷ്യന്‍ അധഃപതിച്ചതാണെന്നുമുള്ള ഒരു മണ്ടന്‍ കണ്ടുപിടുത്തമാണ് ട്രെമാക്‌സ് നടത്തുന്നത്. ”പുരോഗതി പ്രാപിക്കാത്ത നീഗ്രോ കുരങ്ങ് പരിണമിച്ചുണ്ടായതല്ല, മനുഷ്യന്‍ അധഃപതിച്ചതാണ്.” ഇതാണ് ട്രെമാക്‌സിന്റെ വാക്കുകള്‍. ഇതിനെയാണ് ഡാര്‍വിന്റെ കണ്ടുപിടുത്തത്തെക്കാള്‍ മഹത്തരമെന്ന് മാര്‍ക്‌സ് വാഴ്ത്തുന്നത്!!
നീഗ്രോകളെ മാര്‍ക്‌സ് എങ്ങനെയാണ് കണ്ടിരുന്നതെന്ന് മറ്റൊരു സംഭവം ഒന്നുകൂടി തെളിയിക്കുന്നുണ്ട്. മാര്‍ക്‌സിനെക്കൊണ്ട് ‘ന്യൂയോര്‍ക്ക് ഡെയ്‌ലി ട്രിബൂണ്‍’ പത്രത്തില്‍ എഴുതിച്ച ചാള്‍സ് ഡാനയുമായി ബന്ധപ്പെട്ടതാണത്. ഒരു അമേരിക്കന്‍ വിശ്വവിജ്ഞാന കോശത്തിനുവേണ്ടി ലേഖനങ്ങള്‍ എഴുതാനുള്ള നിര്‍ദേശവുമായി ഡാന, മാര്‍ക്‌സിനെ സമീപിച്ചു. കടംകേറി മുടിഞ്ഞ മാര്‍ക്‌സ് ഇതും ഒരു വരുമാനമാര്‍ഗമായി കണ്ടു. ‘ബി’ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന വിഷയങ്ങളെക്കുറിച്ച് എഴുതാമെന്ന് മാര്‍ക്‌സ് സമ്മതിച്ചു. ലാറ്റിനമേരിക്കന്‍ വിമോചകനായ സിമോണ്‍ ബൊളീവറെക്കുറിച്ച് ഒട്ടും മര്യാദയില്ലാത്ത ഒരു ജീവചരിത്രമാണ് മാര്‍ക്‌സ് എഴുതിയത്. പക്ഷപാതപരമായ ഈ എഴുത്തില്‍ അസ്വസ്ഥനായ ഡാന ഇതിന്റെയൊക്കെ റഫറന്‍സ് നല്‍കാന്‍ മാര്‍ക്‌സിനോട് ആവശ്യപ്പെട്ടു. പതിവുപോലെ ഇക്കാര്യത്തെക്കുറിച്ച് ഏംഗല്‍സിന് എഴുതിയ കത്തില്‍ തന്റെ കാഴ്ചപ്പാടില്‍ ആരാണ് ബൊളിവര്‍ എന്ന് മാര്‍ക്‌സ് പറയുന്നുണ്ട്. ‘ഭീരുവും ഹീനനും ദുരിതമനുഭവിക്കുന്ന നീചനും’ ആണ് ബൊളിവറെന്ന് മാര്‍ക്‌സ് വിലയിരുത്തുന്നു. ”ബൊളിവര്‍ ശരിക്കും ഒരു സുലൂക്ക്(കൊള്ളരുതാത്തവന്‍) ആണ്” എന്നുകൂടി മാര്‍ക്‌സ് കൂട്ടിച്ചേര്‍ക്കുന്നു. അപാരമായ ശേഷിയും കാര്‍ക്കശ്യവും സമ്മേളിച്ച കറുത്തവര്‍ഗക്കാരനായ അടിമയായിരുന്നു ഫൗസ്റ്റിന്‍ ഏലി സുലൂക്ക്. സൈനിക മേധാവിയായിരുന്ന ഇയാള്‍ ഹെയ്ത്തിയുടെ അധികാരം പിടിച്ച് സ്വയം ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു. ഇവിടെയും കറുത്തവര്‍ഗക്കാരോടുള്ള അമര്‍ഷമാണ് മാര്‍ക്‌സില്‍ പ്രകടമാകുന്നത്.
നീഗ്രോകള്‍ ചരിത്രത്തിന് പുറത്ത് നില്‍ക്കുന്നവരാണെന്നും, നാഗരികതയ്ക്ക് സംഭാവന നല്‍കാന്‍ കഴിയാത്തവരാണെന്നുമുള്ള വിശ്വാസം മാര്‍ക്‌സും ഏംഗല്‍സും ഹെഗലില്‍നിന്ന് സ്വീകരിച്ചതാണ്. എന്നാല്‍ മാര്‍ക്‌സിനെപ്പോലെ നീഗ്രോകളെ ഹെഗല്‍ നിന്ദിക്കുകയുണ്ടായില്ല. ”ഒരു നീഗ്രോ തന്റെ വന്യവും മെരുങ്ങാത്തതുമായ പ്രകൃതത്തില്‍ സ്വഭാവിക മനുഷ്യനെ പ്രദര്‍ശിപ്പിക്കുകയാണ്” എന്ന് ഹെഗല്‍ കരുതി. ആഫ്രിക്കയിലെ നീഗ്രോകള്‍ക്ക് മതവിശ്വാസികളാവാന്‍ കഴിയില്ലെന്നും, മന്ത്രവാദിനികളെപ്പോലെ പ്രകൃതിയുടെ ശക്തികളെ നിയന്ത്രിക്കാനാവുമെന്ന് അവര്‍ കരുതുന്നതായും ഹെഗല്‍ വിശ്വസിച്ചു. ഹെഗലിന്റെ നിഗമനങ്ങളെ പ്രത്യക്ഷത്തില്‍ അംഗീകരിക്കുന്ന മാര്‍ക്‌സും ഏംഗല്‍സും ചരിത്രബാഹ്യമായ അവരുടെ പരിതഃസ്ഥിതിയെക്കുറിച്ചും മതബോധം ആര്‍ജിക്കാന്‍ കഴിയാത്തതിനെക്കുറിച്ചും പറയുന്നത് കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു. നീഗ്രോ സ്വാഭാവിക മനുഷ്യന്റെ വന്യവും ക്രൂരവുമായ അവസ്ഥയില്‍ ഉറഞ്ഞുപോയതിന്റെ കാരണങ്ങളെക്കുറിച്ച് ഹെഗലിനും വ്യക്തതയില്ല.
തന്നോട് വിയോജിക്കുന്ന സഹയാത്രികരായ വിപ്ലവകാരികളെ വിമര്‍ശിക്കാനാണ് മാര്‍ക്‌സ് പലപ്പോഴും സമയം ചെലവഴിച്ചത്. ഇവരിലൊരാള്‍ ഫ്രാന്‍സിലെ അക്കാലത്തെ പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകന്‍ പിയറി ജോസഫ് പ്രൂദോണ്‍ ആയിരുന്നു. പ്രൂദോണ്‍ ‘ദ ഫിലോസഫി ഓഫ് പോവര്‍ട്ടി’ എന്നൊരു പുസ്തകമെഴുതിയപ്പോള്‍ അതിന് കടുത്ത ഭാഷയില്‍ മറുപടി പറഞ്ഞ് ‘ദ പോവര്‍ട്ടി ഓഫ് ഫിലോസഫി’ എന്നൊരു ഗ്രന്ഥം തന്നെ മാര്‍ക്‌സ് എഴുതി. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരായ അടിമകളുടെ മോചനത്തെക്കുറിച്ച് പ്രൂദോണ്‍ പറയുന്നത് മാര്‍ക്‌സിനെ പ്രകോപിപ്പിച്ചു. പ്രൂദോണിനുള്ള ഈ മറുപടിയിലാണ് അടിമത്തമില്ലെങ്കില്‍ പുരോഗതിയില്ല, ലോകഭൂപടത്തില്‍ അമേരിക്കയില്ല എന്നൊക്കെ മാര്‍ക്‌സ് വികാരഭരിതനാവുന്നത്. അടിമകളുടെ വിമോചനത്തെക്കുറിച്ചുള്ള പ്രൂദോണിന്റെ ആശയം ബാലിശമെന്നു തന്നെ മാര്‍ക്‌സ് കരുതി.
മാര്‍ക്‌സ് പറയുന്നത് വളരെ ലളിതമാണ്. പരുത്തി ഉല്‍പ്പാദിപ്പിക്കാന്‍ നീഗ്രോ അടിമകള്‍ വേണം. ആധുനിക മുതലാളിത്ത വ്യവസായത്തിന് പരുത്തി അടിസ്ഥാന അസംസ്‌കൃത വസ്തുവാണ്. അതിനാല്‍ അമേരിക്കയുടെയും ആധുനിക പരിഷ്‌കാരത്തിന്റെയും അതിജീവനത്തിന് നീഗ്രോകളുടെ അടിമത്തം ആവശ്യമാണ്. നീഗ്രോകളുടെ ദുര്‍വിധിയിലോ അവരുടെ ക്ഷേമത്തിലോ തനിക്ക് യാതൊരു താല്‍പ്പര്യവുമില്ലെന്ന് തുറന്നുപറയുകയാണ് മാര്‍ക്‌സ് ചെയ്യുന്നത്. മറ്റൊന്ന് മാര്‍ക്‌സ് നടത്തുന്ന അപഹാസ്യമായ പ്രവചനമാണ്. അടിമത്തം നിര്‍ത്തലാക്കിയാല്‍ അമേരിക്ക പുരുഷാധിപത്യ രാജ്യമാകുമത്രേ? എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? ആദിമകാലത്തെ ആട്ടിടയന്മാരുടെ രാജ്യമെന്നോ? അടിമത്തം അവസാനിപ്പിച്ചാല്‍ അമേരിക്കയ്ക്ക് ഒരു രാജ്യമായി നിലനില്‍ക്കാനാവില്ല എന്നാണ് മാര്‍ക്‌സ് കരുതിയത്! താരതമ്യേന ആധുനികകാലത്ത് വിദ്യാസമ്പന്നനായ ഒരു മനുഷ്യന്‍ ഇങ്ങനെയൊക്കെയുള്ള വിധിതീര്‍പ്പുകളില്‍ ചെന്നെത്തുന്നത് അചിന്ത്യമെന്നാണ് നതാനിയേല്‍ വെയ്ല്‍ അഭിപ്രായപ്പെടുന്നത്.
ലിങ്കണെയും അപമാനിക്കുന്നു
അടിമത്തം നിര്‍ത്തലാക്കുന്നതിനെതിരെ പൊട്ടിപ്പുറപ്പെട്ട അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തെക്കുറിച്ച് മാര്‍ക്‌സും ഏംഗല്‍സും സ്വീകരിച്ച അവസരവാദ നിലപാടുകളും വെയ്ല്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ആഭ്യന്തര യുദ്ധത്തില്‍ വലിയ താല്‍പ്പര്യം കാണിച്ച ഇരുവരും വടക്കന്‍ സംസ്ഥാനങ്ങളുടെ പക്ഷത്താണ് നിലയുറപ്പിച്ചത്. നീഗ്രോ അടിമകളെ ആയുധമണിയിക്കുന്നതിലൂടെ സാഹചര്യങ്ങള്‍ സമ്പൂര്‍ണ വിപ്ലവത്തിലേക്ക് പരിണമിപ്പിക്കുമെന്ന് ഇരുവരും കരുതി. ആഭ്യന്തര യുദ്ധം തെക്കെ അമേരിക്കയില്‍നിന്ന് പരുത്തി കയറ്റിവരുന്ന കപ്പലുകള്‍ മുടക്കി ബ്രിട്ടനില്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നായിരുന്നു മാഞ്ചെസ്റ്ററിലെ വസ്ത്രവ്യാപാരിയായ ഏംഗല്‍സ് കണ്ടത്. ഇത് ബ്രിട്ടനിലും യൂറോപ്പിലും വലിയ തോതിലുള്ള തൊഴിലില്ലായ്മയ്ക്ക് വഴിവയ്ക്കുമെന്നും, അത് സാമൂഹ്യവിപ്ലവത്തിന്റെ പുതിയ ഘട്ടം തുറക്കുമെന്നും ഏംഗല്‍സ് വിലയിരുത്തി.
ആഭ്യന്തര യുദ്ധത്തിലൂടെ മാര്‍ക്‌സ് കണ്ടത് മറ്റൊന്നാണ്. തെക്കന്‍ സംസ്ഥാനങ്ങള്‍ വിജയിച്ചാല്‍ വടക്കന്‍ ഭാഗങ്ങളിലേക്കും അടിമത്തം വ്യാപിക്കും. ഇതുവഴി വെള്ളക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കൂലി കുറയുകയും യൂറോപ്പില്‍നിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റക്കാരുടെ ഒഴുക്ക് മുറിയുകയും ചെയ്യും. ഇത് അമേരിക്കന്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ സ്തംഭിപ്പിക്കും. മാര്‍ക്‌സിന്റെ ഈ വിലയിരുത്തല്‍ അയഥാര്‍ത്ഥമായിരുന്നു. കാരണം നീഗ്രോകള്‍ ചെയ്തിരുന്നത് തോട്ടങ്ങളിലെ കൃഷിപ്പണി മാത്രമായിരുന്നു.
ഉജ്വലമായ സൈനികനേതൃത്വത്തിന്‍ കീഴില്‍ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് നേരത്തെ യുദ്ധം തുടങ്ങിയ തെക്കന്‍ സംസ്ഥാനങ്ങളാണ് വിജയിക്കുകയെന്ന് മാര്‍ക്‌സിനെഴുതിയ കത്തില്‍ ഏംഗല്‍സ് പറയുന്നുണ്ട്. വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് സാമര്‍ത്ഥ്യമില്ലെന്നും വിജയിക്കാന്‍ താല്‍പ്പര്യമില്ലെന്നും, ഉടന്‍തന്നെ വിപ്ലവകരമായില്ലെങ്കില്‍ അവ പരാജയപ്പെടുമെന്നും, അത് അവര്‍ അര്‍ഹിക്കുന്നതാണെന്നുമൊക്കെ ഏംഗല്‍സ് പ്രവചിക്കുന്നു. എന്നാല്‍ മാര്‍ക്‌സ് ഇത് അംഗീകരിക്കുന്നില്ല. ഈ വിയോജിപ്പ് എന്തുതന്നെയായിരുന്നാലും അമേരിക്ക വിപ്ലവത്തിലേക്ക് നീങ്ങുകയാണെന്ന വികാരം ഇരുവരും പങ്കുവയ്ക്കുന്നുവെന്നതാണ് പ്രധാനം. ലോകാവസാനം പ്രഖ്യാപിക്കുന്ന സുവിശേഷകരെപ്പോലെയാണിതെന്നാണ് വെയ്ല്‍ പരിഹസിക്കുന്നത്. എബ്രഹാം ലിങ്കണോ അമേരിക്കന്‍ ജനതയോ ഒരു വിപ്ലവവും ആഗ്രഹിച്ചിരുന്നില്ല എന്നതാണ് വാസ്തവം.
അടിമത്തത്തിന്റെ ശത്രുവും കറുത്ത വര്‍ഗക്കാരായ നീഗ്രോകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുകയും ചെയ്തയാളായി അറിയപ്പെടുന്ന എബ്രഹാം ലിങ്കന്റെ ആരാധകരാണ് മാര്‍ക്‌സും ഏംഗല്‍സും എന്നാണ് പൊതുധാരണ. ഇതില്‍ സത്യത്തിന്റെ കണികപോലുമില്ലായിരുന്നു. മാര്‍ക്‌സും ഏംഗല്‍സും സ്വകാര്യമായ കത്തിടപാടുകളില്‍ ”ദുരുപായങ്ങള്‍ കൊണ്ടുനടക്കുന്ന ചില്ലറ വക്കീല്‍” ആയാണ് എബ്രഹാം ലിങ്കണെ കണ്ടിരുന്നത്. വയസ്സനായ ലിങ്കണ്‍ തെക്കന്‍ സംസ്ഥാനങ്ങളുമായി നടത്തുന്ന കൂടിയാലോചനകളാവട്ടെ വെറും തിരഞ്ഞെടുപ്പ് തന്ത്രവും അസംബന്ധവും ആയിരുന്നു. എന്നാല്‍ ലിങ്കണ്‍ രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒന്നാം ഇന്റര്‍നാഷണലിന്റെ പേരില്‍ ‘തൊഴിലാളി വര്‍ഗത്തിന്റെ ലക്ഷ്യബോധമുള്ള പുത്രന്‍’ എന്നായിരുന്നു മാര്‍ക്‌സിന്റെ പ്രശംസ. ലിങ്കണ്‍ കൊലചെയ്യപ്പെട്ടപ്പോള്‍ പിന്‍ഗാമിയായ ആന്‍ഡ്രൂ ജോണ്‍സണ് ഏംഗല്‍സ് എഴുതിയത് ‘പ്രഭുവാഴ്ചയുടെ കൊടുംവിഷം’ എന്നാണ്. ഒരു മാസത്തിനകം ഇതേ ജോണ്‍സണ്‍ തെക്കന്‍ സംസ്ഥാനങ്ങളിലെ കിഴവന്‍ പ്രഭുക്കന്മാരെ അധികാരത്തില്‍ കുടിയിരുത്താന്‍ ശ്രമിക്കുന്നു എന്നു ഏംഗല്‍സ് വിമര്‍ശിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ദിനപത്രങ്ങളില്‍ നിന്ന് വായിച്ചറിഞ്ഞതല്ലാതെ ലിങ്കണെക്കുറിച്ചോ ജോണ്‍സണെക്കുറിച്ചോ മാര്‍ക്‌സിനും ഏംഗല്‍സിനും യാതൊന്നും അറിയില്ലായിരുന്നു.
ആഭ്യന്തരയുദ്ധത്തില്‍ തെക്കന്‍ സംസ്ഥാനങ്ങള്‍ പരാജയപ്പെട്ടതോടെ ഏംഗല്‍സ് വളരെ കൗശലപൂര്‍വം ചില പ്രസ്താവനകള്‍ നടത്തുന്നുണ്ട്. വെള്ളക്കാരായ ഭരണവര്‍ഗം പൂര്‍ണമായി തകര്‍ന്നുവെന്നും, അവര്‍ തങ്ങളുടെ ഭൂമി കുടിയേറ്റക്കാര്‍ക്കും വടക്കന്‍ സംസ്ഥാനങ്ങളിലെ ഊഹക്കച്ചവടക്കാര്‍ക്കും വിറ്റിരിക്കുകയാണെന്നുമൊക്കെ ഏംഗല്‍സ് പറയുന്നു. പാവപ്പെട്ട വെള്ളക്കാര്‍ക്ക് ”ഉടന്‍ വംശനാശം സംഭവിക്കും. ഇവരെക്കൊണ്ട് ഇനി ഒരു പ്രയോജനവുമില്ല. കുടിയേറ്റക്കാരുമായുള്ള മിശ്രവിവാഹത്തിലൂടെ രണ്ട് തലമുറയ്ക്കകം തീര്‍ത്തും പുതിയൊരു വംശം രൂപംകൊള്ളും. നീഗ്രോകള്‍ ജമൈക്കയിലേതുപോലെ അന്യായമായി ഭൂമി കൈവശം വയ്ക്കുന്ന ഒരു ചെറിയ വിഭാഗമായി മാറും.” (129)
വടക്കന്‍ സംസ്ഥാനങ്ങളുടെ പരാജയത്തെത്തുടര്‍ന്ന് തെക്കന്‍ സംസ്ഥാനങ്ങളിലേക്ക് യൂറോപ്യന്‍ കുടിയേറ്റ തൊഴിലാളികളുടെ ഒരു കുത്തൊഴുക്കുണ്ടാകുമെന്നും, ഇവര്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ അടിത്തറയായി മാറുമെന്നും ഏംഗല്‍സ് കരുതി. അപ്പോഴും നീഗ്രോകള്‍ക്ക് ഇതില്‍ യാതൊരു സ്ഥാനവും നല്‍കുന്നില്ല. മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും ഈ മനോഭാവം അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും വലിയ സ്വാധീനം ചെലുത്തി. നീഗ്രോകളോട് വിദ്വേഷ പൂര്‍ണമായ സമീപനമായിരുന്നു ഈ സോഷ്യലിസ്റ്റുകള്‍ക്കും. ‘സോഷ്യല്‍ ഡമോക്രാറ്റിക് ഹെറാള്‍ഡ്’ എന്ന പത്രം നീഗ്രോകളെ താണവരും, സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്യാന്‍ ചുറ്റിത്തിരിഞ്ഞു നടക്കുന്ന സാമൂഹ്യവിരുദ്ധരുമായാണ് ചിത്രീകരിച്ചത്. ”നീഗ്രോകളും ആഫ്രോ-യൂറോപ്യന്‍ ദമ്പതിമാര്‍ക്ക് പിറന്നവരും ഒരു താണവംശമാണെന്നതില്‍ യാതൊരു സംശയവുമില്ല… വെള്ളക്കാരുമായി സ്വതന്ത്ര ബന്ധമുണ്ടായാല്‍ നീഗ്രോകള്‍ കൂടുതല്‍ അധഃപതിക്കും”(130)എന്ന് സോഷ്യലിസ്റ്റ് നേതാവ് വിക്ടര്‍ ബെര്‍ഗര്‍ ഈ പത്രത്തില്‍ തുറന്നു പ്രഖ്യാപിക്കുകയും ചെയ്തു.
നീഗ്രോകളെ ആള്‍ക്കൂട്ടം വ്യാപകമായി തല്ലിക്കൊല്ലുന്നതിനോട് അലംഭാവം കാണിച്ചതിന് 1903 ല്‍ രണ്ടാം ഇന്റര്‍നാഷണല്‍ അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിച്ചു. സോഷ്യലിസത്തിനു കീഴില്‍ വെള്ളക്കാര്‍ക്കും കറുത്തവര്‍ക്കും അവരുടെ ഉല്‍പ്പാദനക്ഷമതയനുസരിച്ച് കൂലി നല്‍കണമെന്നും, പക്ഷേ രണ്ടു വിഭാഗങ്ങളും ഒരേയിടങ്ങളില്‍ പണിയെടുക്കുകയും താമസിക്കുകയും ചെയ്യുമെന്നല്ല ഇതിനര്‍ത്ഥമെന്നുമുള്ള നിലപാടായിരുന്നു സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക്. ”ഒരൊറ്റ രീതിയില്‍ മാത്രമേ സോഷ്യലിസം വംശീയപ്രശ്‌നം പരിഹരിക്കുകയുള്ളൂ- പൂര്‍ണമായും വേര്‍തിരിച്ച് പാര്‍പ്പിക്കല്‍.”(131)
നീഗ്രോകളെ സംബന്ധിച്ച മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും പൈതൃകം സോവിയറ്റ് യൂണിയനില്‍ അതിന്റെ ക്രൂരമുഖം കാണിക്കുകയുണ്ടായി. വംശീയസമത്വത്തിന്റെ പേരു പറഞ്ഞ് ആഫ്രിക്കയില്‍നിന്നും അമേരിക്കയില്‍നിന്നും ആയിരക്കണക്കിന് നീഗ്രോകളെ ക്ഷണിച്ചുവരുത്തി പരിശീലിപ്പിച്ച് വിപ്ലവത്തിന്റെ കൂലിപ്പടയാളികളാക്കുകയായിരുന്നു. സമത്വത്തിന്റെയും അംഗീകാരത്തിന്റെയും ഈ പുറംപൂച്ചിനടിയില്‍ വിരോധവും മുന്‍വിധിയും സാമൂഹ്യഭ്രഷ്ടുമാണ് ഈ നീഗ്രോ വംശജര്‍ അനുഭവിച്ചിരുന്നതെന്ന് ഇവരില്‍ മടങ്ങിവന്നവരുടെ അനുഭവങ്ങള്‍ തെളിയിച്ചു.
(തുടരും)
അടിക്കുറിപ്പുകള്‍:-
126. Black Marxism-The Making of the Radical Tradition, Cedric J. Robinson.
127. The poverty of philosophy, Karl Marx.
128. Karl Marx, racist, Nathaniel Weyl
129. Ibid,130.Ibid, 131.Ibid
മുന്‍ ലക്കം വായിക്കാന്‍ https://kesariweekly.com/34367/ സന്ദര്‍ശിക്കുക
Comments