”ആദ്യം അവരെത്തിയത് കമ്യൂണിസ്റ്റുകളെത്തേടിയാണ്, ഞാന്‍ നിശ്ശബ്ദത പാലിച്ചു-കാരണം ഞാന്‍ ഒരു കമ്യൂണിസ്റ്റായിരുന്നില്ല.
അവര്‍ പിന്നീടു വന്നത് സോഷ്യലിസ്റ്റുകളെത്തേടിയാണ്, അപ്പോഴും ഞാന്‍ നിശ്ശബ്ദത പാലിച്ചു-കാരണം ഞാന്‍ ഒരു സോഷ്യലിസ്റ്റായിരുന്നില്ല.
അവര്‍ വീണ്ടും വന്നത് തൊഴിലാളി നേതാക്കളെത്തേടിയാണ്, ഞാന്‍ പിന്നെയും നിശ്ശബ്ദത പാലിച്ചു-കാരണം ഞാന്‍ തൊഴിലാളി നേതാവായിരുന്നില്ല.
പിന്നീട് അവര്‍ ജൂതന്മാരെത്തേടിയെത്തി, പതിവുപോലെ ഞാന്‍ ഒന്നും മിണ്ടിയില്ല- കാരണം ഞാന്‍ ഒരു ജൂതനുമായിരുന്നില്ല.
ഒടുവില്‍ അവര്‍ എന്നെത്തേടിയെത്തി-എനിക്കുവേണ്ടി സംസാരിക്കാന്‍ അപ്പോള്‍ ആരും അവശേഷിച്ചിരുന്നില്ല.”
ഫാസിസ്റ്റ് വിരുദ്ധ വേദികളില്‍ നിരന്തരം മുഴങ്ങികേള്‍ക്കുന്ന വരികളാണിത്. ഹിറ്റ്‌ലറുടെ കാലത്ത് ജര്‍മനിയില്‍ ജീവിക്കുകയും, നാസി പാര്‍ട്ടിയില്‍ അംഗമായി അവര്‍ക്കുവേണ്ടി ചില യുദ്ധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുള്ള മാര്‍ട്ടിന്‍ നിമോളര്‍ എഴുതിയതായി പ്രചരിപ്പിക്കപ്പെടുന്നതാണ് ഈ കവിത. ഹിറ്റ്‌ലറോട് തീവ്രമായ ആഭിമുഖ്യം പുലര്‍ത്തുകയും, നാസി ആശയങ്ങളില്‍ ഉറച്ചുവിശ്വസിക്കുകയും ചെയ്തിരുന്ന നിമോളര്‍ക്ക് മതപരമായ കാര്യങ്ങളില്‍ മാത്രമായിരുന്നു അവരോടുള്ള വിയോജിപ്പ്. ജൂതന്മാര്‍ കൊലചെയ്യപ്പെടേണ്ടവര്‍ തന്നെയാണെങ്കിലും അവരില്‍ മതംമാറി ക്രൈസ്തവരായവരെ അംഗീകരിക്കാത്തതായിരുന്നു നിമോളറുടെ പ്രശ്‌നം. പ്രൊട്ടസ്റ്റന്റ് സഭയില്‍പ്പെട്ടവരെ പിടികൂടുന്നതിനെ വിമര്‍ശിച്ചതോടെ നാസികള്‍ക്ക് അനഭിമതനായ നിമോളര്‍ സോവിയറ്റ് യൂണിയന്റെ ഇഷ്ടക്കാരനാവുകയും, ലോക സമാധാന പ്രസ്ഥാനത്തിന്റെ വക്താവാകുകയും ചെയ്തു!
എഴുതിയത് ആരെന്നുപോലും അറിയാതെ മലയാളത്തിലടക്കം പ്രചരിച്ച ഈ കവിത ലക്ഷ്യംവയ്ക്കുന്നത് വംശഹത്യ നടത്തിയ നാസികളെയാണ്. ജൂതന്മാര്‍ മാത്രമല്ല, കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും തൊഴിലാളി നേതാക്കളും ഫാസിസത്തിന്റെയും നാസിസത്തിന്റെയും ഇരകളായിരുന്നു എന്നുവരുത്തിത്തീര്‍ക്കാനാണ് ഈ കവിത ശ്രമിക്കുന്നത്. എന്നാല്‍ കവിത ശുദ്ധ കാപട്യമാണെന്ന് ‘ജര്‍മനിക്ക് ഒരു ഹിറ്റ്‌ലര്‍ ആവശ്യമുണ്ട്’ എന്നു പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഈ കവിയുടെ ജീവിതം തെളിയിക്കുന്നു. ഇതുപോലൊരു കാപട്യമാണ് ഹിറ്റ്‌ലറുമായോ ഫാസിസവുമായോ തങ്ങള്‍ക്ക് ബന്ധമില്ലെന്നും, അവരുടേതിന് വിരുദ്ധമാണ് തങ്ങളുടെ പ്രത്യയശാസ്ത്രമെന്നും മാര്‍ക്‌സിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതും.
ആചാര്യനും അനുയായിയും
സ്വേച്ഛാധിപതികളും മനുഷ്യക്കശാപ്പുകാരുമായിരുന്ന കാറല്‍ മാര്‍ക്‌സിന്റെ അനുയായികളെ ചരിത്രത്തിന് സുപരിചിതമാണ്. ലെനിന്‍, സ്റ്റാലിന്‍, മാവോ, പോള്‍പോട്ട് എന്നിങ്ങനെ നീളുന്നു ഇവരുടെ പട്ടിക. ഇവരില്‍പ്പെടുന്ന മാര്‍ക്‌സിന്റെ ഒരു അനുയായിയെ ലോകം ശരിയായി തിരിച്ചറിഞ്ഞിട്ടില്ല. വംശീയ ഉന്മൂലനത്തിലൂടെ മാനവരാശിയുടെ ചരിത്രത്തില്‍ വെറുപ്പിന്റെ പ്രതീകമായി നിലകൊള്ളുന്ന ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറാണിത്. വിരുദ്ധ ധ്രുവങ്ങളിലാണ് പ്രതിഷ്ഠിക്കപ്പെടാറുള്ളതെങ്കിലും മാര്‍ക്‌സും ഹിറ്റ്‌ലറും ആചാര്യനും അനുയായിയുമായി മാറുന്ന കാഴ്ച ചിലരെയൊക്കെ അമ്പരപ്പിച്ചേക്കാമെങ്കിലും അതൊരു സത്യമാണ്.
റുഡോള്‍ഫ് ജോസഫ് റമ്മല്‍ എന്ന അമേരിക്കന്‍ രാഷ്ട്രീയ ചിന്തകന്‍ ലോകത്തെ ഭരണകൂടങ്ങള്‍ മനുഷ്യരെ കൂട്ടക്കൊല ചെയ്തതിനെക്കുറിച്ച് ‘ഡെത്ത് ബൈ ഗവണ്‍മെന്റ്’ എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. സ്റ്റാലിനും (4.2 കോടി) മാവോയും (3.8 കോടി) കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മനുഷ്യരെ കൂട്ടക്കൊല ചെയ്തത് ഹിറ്റ്‌ലറാണന്ന് (2.1 കോടി) റമ്മല്‍ രേഖപ്പെടുത്തുന്നു. (122)ദശലക്ഷണക്കിനാളുകളെ കൂട്ടക്കൊല ചെയ്തതിന്റെ പേരിലാണ് ഹിറ്റ്‌ലറെ വിചാരണ ചെയ്യുന്നതെങ്കില്‍ അതേ കുറ്റം ചെയ്തവരാണ് കമ്യൂണിസ്റ്റ് സ്വേച്ഛാധിപതികളും. ഹിറ്റ്‌ലറുടെ കുറ്റകൃത്യങ്ങള്‍ ഭൂരിഭാഗവും ജര്‍മനിയില്‍ ഒതുങ്ങി നില്‍ക്കുമ്പോള്‍ കമ്യൂണിസ്റ്റ് ഏകാധിപതികളുടെ നരഹത്യകള്‍ നിരവധി രാജ്യങ്ങളിലായി പരന്നു കിടക്കുന്നു. ഹിറ്റ്്‌ലര്‍ ചെയ്തതിനെക്കാള്‍ എത്രയോ വലുതാണ് ഇവര്‍ നടത്തിയിട്ടുള്ള നരഹത്യകള്‍. ആദ്യമൊക്കെ നിഷേധിച്ചുപോന്നെങ്കിലും സോവിയറ്റ് യൂണിയനിലെയും മറ്റും കൂട്ടക്കൊലകള്‍ സത്യമാണെന്ന് സമ്മതിക്കേണ്ടി വന്നപ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെ ഒരു ന്യായവാദം അവതരിപ്പിക്കുകയുണ്ടായി. ലെനിനും സ്റ്റാലിനുമൊന്നും ദൈവങ്ങളല്ല, അതുപോലെ ചെകുത്താന്മാരുമല്ല. അവര്‍ക്ക് തെറ്റുപറ്റും. യുദ്ധകാല കമ്യൂണിസമാണ് കൂട്ടക്കൊലകളുള്‍പ്പെടെ ചില തെറ്റുകള്‍ അവരെക്കൊണ്ട് ചെയ്യിച്ചതത്രേ.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംകൊണ്ട് തെറ്റുകള്‍ ചെയ്യേണ്ടിവന്ന സ്റ്റാലിനെയും മാവോയേയുമൊക്കെയാണ് ഏറിവന്നാല്‍ ഹിറ്റ്‌ലറോട് താരതമ്യപ്പെടുത്താവുന്നത് എന്നുപറഞ്ഞ് മാര്‍ക്‌സിന് ഒരു ബന്ധവുമില്ലെന്ന് സ്ഥാപിക്കാനാണ് ശ്രമം. മാര്‍ക്‌സ് മരിച്ച് അഞ്ച് വര്‍ഷം കൂടി കഴിഞ്ഞാണല്ലോ (1889) ഹിറ്റ്‌ലര്‍ ജനിക്കുന്നതുതന്നെ. ഹിറ്റ്‌ലര്‍ ജര്‍മനിയുടെ ഏകാധിപതിയാവുന്നത് 1933ലും. തികച്ചും വ്യത്യസ്തമായ രണ്ട് കാലങ്ങളില്‍ ജീവിച്ചവര്‍. അതിനാല്‍ വിദൂരമായിപ്പോലും ഹിറ്റ്‌ലറില്‍ ഒരു മാര്‍ക്‌സിസ്റ്റ് ബന്ധം ആരോപിക്കാനാവില്ല. ഹിറ്റ്‌ലറെ മാര്‍ക്‌സിന്റെ അനുയായിയായി ചിത്രീകരിക്കുന്നത് ചരിത്രത്തിന് നിരക്കുന്നതല്ല. ഇങ്ങനെയൊക്കെ ഒരാള്‍ക്ക് തോന്നാമെങ്കിലും മാര്‍ക്‌സിന്റെ അധികമൊന്നും അറിയപ്പെടാത്ത വംശീയ പക്ഷപാതവും, ഹിറ്റ്‌ലറുടെ രാഷ്ട്രീയ വിശ്വാസവും പരിശോധിക്കുമ്പോള്‍ മറ്റൊരു ചിത്രം തെളിയും. ലെനിനേയും സ്റ്റാലിനെയുമൊക്കെപ്പോലെ മാര്‍ക്‌സിന്റെ അനുയായിയാവാനുള്ള എല്ലാ യോഗ്യതകളും ഹിറ്റ്‌ലര്‍ക്കുണ്ടെന്ന് സമ്മതിക്കേണ്ടിവരും.
വ്യത്യസ്തനായ മാര്‍ക്‌സിസ്റ്റ്
രണ്ടാം ലോക മഹായുദ്ധത്തിലെ പരാജയത്തെത്തുടര്‍ന്ന് സ്വയം വെടിവച്ചു മരിച്ചതോടെ ഹിറ്റ്‌ലറുടെ രാഷ്ട്രീയ വിശ്വാസം എന്തായിരുന്നുവെന്ന ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലാതായി. ഗ്യാസ് ചേമ്പറിലും മറ്റും അതിക്രൂരമായി കൊലചെയ്യപ്പെട്ട ജൂതവംശജരുടെ കുന്നുകൂടിക്കിടക്കുന്ന നഗ്നമായ ശവശരീരങ്ങളുടെ ഭയാനകമായ ചിത്രങ്ങള്‍ ഇതിനുള്ള സാധ്യതതന്നെ ഇല്ലാതാക്കി. ഒരു കിറുക്കന്റെയോ കോമാളിയുടെയോ പ്രതിച്ഛായ കൈവന്നതോടെ ദേശീയ സോഷ്യലിസം എന്ന ഹിറ്റ്‌ലറുടെ ആശയം തന്നെ അപ്രസക്തമായിത്തീര്‍ന്നു. ഒരുകൂട്ടം കൊള്ളക്കാരുടെയും കൊലപാതകികളുടെയും തലവനായ ഹിറ്റ്‌ലറെക്കുറിച്ച് ലോകത്തിന് അധികമൊന്നും അറിയേണ്ടതില്ലായിരുന്നു. ഹിറ്റ്‌ലറുടെ അനുയായികളായ ചിലരുടെ പുസ്തകങ്ങള്‍ പതിറ്റാണ്ടുകള്‍ക്കുശേഷം പുറത്തുവന്നപ്പോഴാണ് ഈ അവസ്ഥയ്ക്കു മാറ്റം വരുന്നത്.
ഹിറ്റ്‌ലറും കൂട്ടാളികളും സോഷ്യലിസ്റ്റുകളായിരുന്നുവെന്നതാണ് സത്യം. എതിരാളികളായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളും അങ്ങനെയാണ് കരുതിയത്. ഹിറ്റ്‌ലറെ സംബന്ധിച്ചിടത്തോളം ‘ദേശീയ സോഷ്യലിസം’ ഒരു കാപട്യമായിരുന്നില്ല. 1945 ന് മുന്‍പ് ഭൂമുഖത്ത് ഒരേയൊരു സോഷ്യലിസ്റ്റു രാജ്യമായി സോവിയറ്റ് യൂണിയന്‍ നിലനിന്നിരുന്ന കാലത്ത് ഹിറ്റ്‌ലര്‍ ‘മാര്‍ക്‌സിസ്റ്റ് വിരുദ്ധന്‍’ ആയിരുന്നു. ബോള്‍ഷെവിസത്തിന് എതിരാണെന്നതിനാല്‍ എന്താണ് തന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്നു പരസ്യമായി പറയാന്‍ ഹിറ്റ്‌ലര്‍ വിമുഖത കാണിച്ചു. സ്വന്തം അഹന്തമൂലം ആരുടെയെങ്കിലും അനുയായിയെന്ന് തന്നെ വിശേഷിപ്പിക്കുന്നത് ഇഷ്ടപ്പെട്ടതുമില്ല. എന്നാല്‍ യഥാര്‍ത്ഥ ഹിറ്റ്‌ലര്‍ ഇതായിരുന്നില്ല. സ്വകാര്യ സംഭാഷണങ്ങളില്‍ മാര്‍ക്‌സിസ്റ്റ് പാരമ്പര്യത്തോടുള്ള തന്റെ കടപ്പാട് ഹിറ്റ്‌ലര്‍ സമ്മതിച്ചിട്ടുള്ളതായി 1933 ല്‍ അധികാരത്തിലേറുന്നതിനു മുന്‍പും പിന്‍പും ഈ ഏകാധിപതിയെ നന്നായി അറിഞ്ഞ, ഇടക്കാലത്തുമാത്രം നാസികളുമായി കൈകോര്‍ത്ത, പിന്നീട് ആ ബന്ധം ഉപേക്ഷിക്കുകയും ചെയ്ത ജര്‍മന്‍ രാഷ്ട്രീയ നേതാവ് ഹെര്‍മന്‍ റൗസ്‌നിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. ”മാര്‍ക്‌സിസത്തില്‍നിന്ന് ഞാന്‍ വളരെയധികം പഠിച്ചിട്ടുണ്ട്. അക്കാര്യം സമ്മതിക്കാന്‍ എനിക്ക് മടിയുമില്ല” (123)എന്നാണത്രേ ഒരിക്കല്‍ ഹിറ്റ്‌ലര്‍ പറഞ്ഞിട്ടുള്ളത്. ഒന്നാം ലോകയുദ്ധത്തിനു മുന്‍പ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്തും, പിന്നീട് ജര്‍മനിയിലെ ബവേറിയന്‍ ജയിലിലായിരുന്നപ്പോഴും മാര്‍ക്‌സിസ്റ്റ് ഗ്രന്ഥങ്ങള്‍ വായിക്കുന്നതിന് ഹിറ്റ്‌ലര്‍ക്ക് താല്‍പ്പര്യമായിരുന്നു. അതേസമയം വെയ്മര്‍ (ജര്‍മനി) റിപ്പബ്ലിക്കിലെ രാഷ്ട്രീയക്കാര്‍ ‘ഒരിക്കലും മാര്‍ക്‌സിനെ വായിച്ചിട്ടില്ല’ എന്നാണത്രേ തന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഓട്ടോ വാഗെനറോട് ഹിറ്റ്‌ലര്‍ പറഞ്ഞത്. 1917 ലെ ഒക്ടോബര്‍ വിപ്ലവത്തെ ‘റഷ്യയുടെ ഒരു സ്വകാര്യ വിഷയമായാണ്’അവര്‍ കണ്ടതെങ്കില്‍, അത് മാനവചരിത്രത്തിന്റെ ഗതിമാറ്റിയ സംഭവമാണെന്നായിരുന്നു ഹിറ്റ്‌ലര്‍ വിശ്വസിച്ചത്. ആശയപരമെന്നതിനെക്കാള്‍ പ്രായോഗികമായ വിയോജിപ്പുകളായിരുന്നു ഹിറ്റ്‌ലര്‍ക്ക് കമ്യൂണിസ്റ്റുകളോട് ഉണ്ടായിരുന്നത് എന്നര്‍ത്ഥം.
എഴുത്തും വായനയും മാത്രമാണ് രാഷ്ട്രീയമെന്ന് ജര്‍മന്‍ കമ്യൂണിസ്റ്റുകള്‍ വിചാരിക്കുന്നതായി ഹിറ്റ്‌ലര്‍ പരിഹസിച്ചു. അവര്‍ ലഘുലേഖയെഴുത്തുകാരാണ്. ”ഈ ചില്ലറ വില്‍പ്പനക്കാരും പേനയുന്തുകാരും തുടങ്ങാന്‍ മടിക്കുന്ന കാര്യങ്ങളാണ് താന്‍ പ്രാവര്‍ത്തികമാക്കുന്നത്” (124)എന്നു പറയുമായിരുന്നു ഹിറ്റ്‌ലര്‍. ദേശീയ സോഷ്യലിസം, അത് മുഴുവനും മാര്‍ക്‌സിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുമായിരുന്നു.
മാര്‍ക്‌സിസമാണ് ദേശീയ സോഷ്യലിസത്തിന്റെ അടിസ്ഥാനമെന്ന് വിശ്വസിക്കാന്‍ ഹിറ്റ്‌ലര്‍ക്ക് തന്റേതായ കാരണങ്ങളുണ്ടായിരുന്നു. ലിബറലിസവും സോഷ്യല്‍ ഡമോക്രസിയും പോലെ മാര്‍ക്‌സിസം നിയമനിര്‍മാണത്തിനുള്ള നിര്‍ദേശങ്ങളല്ലെന്നും, അത് ചരിത്രത്തിന്റെ സിദ്ധാന്തമാണെന്നും മാര്‍ക്‌സിസ്റ്റുകളെപ്പോലെ ഹിറ്റ്‌ലറും കരുതി. മാനവരാശിയുടെ ഭൂതവും ഭാവിയുമൊക്കെ മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നാണ് മാര്‍ക്‌സിസമെന്നും ഹിറ്റ്‌ലര്‍ ചിന്തിച്ചു. ദേശീയ സോഷ്യലിസം പോലെ അന്തര്‍ദേശീയ സോഷ്യലിസവുമുണ്ടെന്ന് ഹിറ്റ്‌ലര്‍ കണ്ടുപിടിച്ചു. സോഷ്യലിസത്തിന്റെ ഭാവി ജര്‍മന്‍ ജനതയിലാണെന്ന് അവകാശപ്പെട്ട ഹിറ്റ്‌ലര്‍, പ്രായമേറിയവരെ കൊല്ലാതെ തന്നെ ജര്‍മന്‍ ജനതയെ സോഷ്യലിസത്തിലേക്ക് പരിവര്‍ത്തിപ്പിക്കണം എന്ന പക്ഷക്കാരനായിരുന്നുവത്രേ. സമ്പന്നവര്‍ഗത്തെ നശിപ്പിക്കുന്നതിനു പകരം അവരെ ഉപയോഗിക്കുകയാണ് വേണ്ടതെന്നും, ഭരണകൂടത്തിന്റെ നിയന്ത്രണമില്ലാതെയും സമ്പന്നവര്‍ഗങ്ങളെ കുടിയിറക്കാതെയും സാമ്പത്തിക ആസൂത്രണം നടത്താനാവുമെന്നും ഹിറ്റ്‌ലര്‍ വിശ്വസിച്ചു. വ്യത്യസ്തനായ മാര്‍ക്‌സിസ്റ്റ് എന്നുവേണമെങ്കില്‍ ഹിറ്റ്‌ലറെ വിശേഷിപ്പിക്കാം.
നാസികള്‍ ഇടതുപക്ഷം
മാര്‍ക്‌സും ലെനിനും മുന്‍നിര്‍ത്തിയ ലക്ഷ്യം ശരിയായിരുന്നു. പക്ഷേ തെരഞ്ഞെടുത്ത പാത തെറ്റായിപ്പോയി എന്നു പലര്‍ക്കുമുള്ള അഭിപ്രായമാണ് ഹിറ്റ്‌ലര്‍ക്കുമുണ്ടായിരുന്നതെന്ന് വാഗെനെര്‍ രേഖപ്പെടുത്തുന്നു. വേദനാജനകവും നീണ്ടതുമായ പാതയായിരുന്നു ഇത്. ബൂര്‍ഷ്വാസികളെയും കര്‍ഷകരായ കുലാക്കുകളെയുമൊക്കെ തകര്‍ത്ത് റഷ്യയെ മനുഷ്യരുടെ മരുഭൂമിയാക്കി മാറ്റി. എന്നാല്‍ ദേശീയ സോഷ്യലിസത്തില്‍ അധിഷ്ഠിതമായ രാജ്യം മുതലാളിത്തത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്തവിധം ജീവിത നിലവാരം ഉയര്‍ത്തും. ഹിറ്റ്‌ലറും കൂട്ടാളികളും സോഷ്യലിസം ഗൗരവത്തിലാണെടുത്തതെന്നു വേണം ഇതില്‍നിന്ന് മനസ്സിലാക്കാന്‍. തീവ്ര വലതുപക്ഷത്തിന്റെ പ്രതിനിധിയായാണ് ഹിറ്റ്‌ലറെ വിലയിരുത്താറുള്ളത്. പതിറ്റാണ്ടുകളായുള്ള പ്രചാരണവും അങ്ങനെയായിരുന്നു. എന്നാല്‍ ഇടതുപക്ഷത്തോടായിരുന്നു ഹിറ്റ്‌ലര്‍ക്ക് ആഭിമുഖ്യം. ഒരു സ്വയം പ്രഖ്യാപിത സോഷ്യലിസ്റ്റായിരുന്നു ഹിറ്റ്‌ലര്‍.
നാസികള്‍ എന്നത് ഹിറ്റ്‌ലറെയും കൂട്ടാളികളെയും വിശേഷിപ്പിക്കുന്ന പേരാണല്ലോ. നരഹത്യ ചെയ്യുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് ഈ വാക്ക് ഉപയോഗിച്ചുപോരുന്നതെങ്കിലും ‘നാസി’ എന്നത് ഹിറ്റ്‌ലര്‍ രൂപം നല്‍കിയ പാര്‍ട്ടിയുടെ ചുരുക്കപ്പേരായിരുന്നു. ‘നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് ജര്‍മന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി’ എന്നതിന്റെ ജര്‍മന്‍ ഭാഷയിലെ ചുരുക്കപ്പേരാണിത്. വംശീയ മേധാവിത്വവും മൃഗീയമായ ഭരണവും ലക്ഷ്യംവച്ചുകൊണ്ടുതന്നെ സോഷ്യലിസ്റ്റ് പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടാനാണ് ഹിറ്റ്‌ലറുടെ പാര്‍ട്ടി ശ്രമിച്ചത്. ചരിത്രപരമായി നോക്കുമ്പോള്‍ തീവ്ര വലതുപക്ഷം എന്നതിനേക്കാള്‍ ഇടതുപക്ഷം എന്ന വിശേഷണമാണ് നാസികള്‍ക്ക് ചേരുക. കാരണം സോഷ്യലിസത്തിന്റെ മറ്റൊരു രൂപമായാണ് ഹിറ്റ്‌ലറും കൂട്ടാളികളും നാസിസത്തെ കണ്ടത്. എന്നിട്ടും നാസികള്‍ വലതുപക്ഷ തീവ്രവാദികളാണെന്ന പൊതുബോധം ആസൂത്രിതമായി സൃഷ്ടിക്കപ്പെട്ടു.
‘നാഷണല്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് ജര്‍മനി’ എന്ന പേര് സൂചിപ്പിക്കുന്നതുപോലെ നാസികള്‍ ഇടതുപക്ഷ സോഷ്യലിസ്റ്റുകളായിരുന്നു. മാര്‍ക്‌സിസവുമായി അതിന് താരതമ്യമുണ്ട്. മുതലാളിമാര്‍ക്കെതിരെ, പ്രത്യേകിച്ച് ജൂതമുതലാളിമാരുടെ ചൂഷണം തടയാന്‍ ജര്‍മന്‍ തൊഴിലാളികളെ ആഹ്വാനം ചെയ്യുന്ന വര്‍ഗസമരമാണ് തന്റേതെന്ന് ഹിറ്റ്‌ലര്‍ അവകാശപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യരംഗം, ഗതാഗതം, വ്യവസായങ്ങള്‍ എന്നിവ ദേശസാല്‍ക്കരിക്കണമെന്നതായിരുന്നു ഇടതുപക്ഷത്തപ്പോലെ ഹിറ്റ്‌ലറുടെയും നയം. സോഷ്യലിസ്റ്റ് ട്രേഡ് യൂണിയനുകളുടെ ചില സമരങ്ങളെ നാസികള്‍ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. നാസികള്‍ പ്രചരിപ്പിച്ച പല അരാജക ആശയങ്ങളും ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്നതായിരുന്നു.
ഹിറ്റ്‌ലറുടെ പ്രസംഗങ്ങളും പ്രസ്താവനകളും സോഷ്യലിസ്റ്റ് പ്രതിബദ്ധത വെളിവാക്കുന്നതായിരുന്നു. 1927 ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഹിറ്റ്‌ലര്‍ ഇങ്ങനെയാണ് പ്രഖ്യാപിച്ചത്: ”ഞങ്ങള്‍ സോഷ്യലിസ്റ്റുകളാണ്. ഇന്നത്തെ ചൂഷണാധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥയുടെ ശത്രുക്കളാണ് ഞങ്ങള്‍. ഏതുവിധേനയും ഈ വ്യവസ്ഥ തകര്‍ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചുറച്ചിരിക്കുന്നു.” സോഷ്യലിസ്റ്റുകളോട് അകലം പാലിക്കാന്‍ ഹിറ്റ്‌ലര്‍ക്ക് തന്റേതായ കാരണങ്ങളുണ്ടാവാം. ഒരിക്കല്‍ വിമര്‍ശനത്തില്‍ പ്രകോപിതനായി ഹിറ്റ്‌ലര്‍ ഇങ്ങനെ പറയുന്നുണ്ട്: ”സോഷ്യലിസം! എന്താണ് അതുകൊണ്ട് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത്? ജനങ്ങള്‍ക്ക് തിന്നാനും കുടിക്കാനും കിട്ടിയാല്‍ അതാണവരുടെ സോഷ്യലിസം?”(125) സ്വയം വിശുദ്ധരാകുകയെന്ന തന്ത്രത്തിന്റെ ഭാഗമായി നാസികളുടെ സോഷ്യലിസ്റ്റ് പൈതൃകം കഴുകിക്കളയാന്‍ മാര്‍ക്‌സിസ്റ്റുകള്‍ പില്‍ക്കാലത്ത് കാര്യമായി ശ്രമിച്ചെങ്കിലും പൂര്‍ണമായി വിജയിച്ചില്ല. ഹിറ്റ്‌ലറുടെ സോഷ്യലിസ്റ്റ് കണക്ഷന്‍ ഓര്‍മപ്പെടുത്താനാണ് അത് ഉപകരിച്ചത്. വിക്‌ടോറിയന്‍ സോഷ്യലിസ്റ്റുകളെപ്പോലെ മധ്യയുഗത്തില്‍ അഭിരമിക്കുകയല്ല, മാര്‍ക്‌സിനെയും ഏംഗല്‍സിനെയുംപോലെ അതിവിദൂര ഭൂതകാലത്തെ നീതിയിലാണ് ഹിറ്റ്‌ലര്‍ വിശ്വസിച്ചിരുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
ലക്ഷ്യം ഒന്ന് മാര്‍ഗം വേറൊന്ന്
വംശഹത്യ നടത്തിയ ഹിറ്റ്‌ലര്‍ക്ക് ഒരിക്കലും സോഷ്യലിസ്റ്റാവാന്‍ കഴിയില്ല എന്ന കമ്യൂണിസ്റ്റ് പ്രചാരണം വിലപ്പോയില്ല. ഹിറ്റ്‌ലറുടെ കാലത്ത് സോഷ്യലിസ്റ്റുകള്‍ മാത്രമായിരുന്നു വംശഹത്യയ്ക്കു വേണ്ടി വാദിച്ചിരുന്നത്. കുറഞ്ഞപക്ഷം യൂറോപ്പിലെങ്കിലും ഇതായിരുന്നു സ്ഥിതി. ഹിറ്റ്‌ലറിന് ഇത് അറിയാമായിരുന്നു. 1920 ആഗസ്റ്റില്‍ മ്യൂണിച്ചില്‍ പാര്‍ട്ടി യോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ ‘സോഷ്യലിസ്റ്റ് വംശീയത’യുടെ പേരില്‍ ഹിറ്റ്‌ലര്‍ ശപഥം ചെയ്യുന്നുണ്ട്. ”നമ്മള്‍ സോഷ്യലിസ്റ്റുകളാണെങ്കില്‍ ജൂതവിരോധികളായേ തീരൂ… ഒരു സോഷ്യലിസ്റ്റ് എന്ന നിലയ്ക്ക് എങ്ങനെ നിങ്ങള്‍ക്ക് ജൂതവിരോധിയാവാതിരിക്കാന്‍ കഴിയും?” ഹിറ്റ്‌ലര്‍ സ്വയം സോഷ്യലിസ്റ്റായി കരുതുന്നതിനെ വംശീയതയുടെ പേരില്‍ നിഷേധിക്കാന്‍ 1930 കളിലും അതിനു മുന്‍പുമുള്ള ജര്‍മന്‍ സോഷ്യലിസ്റ്റുകള്‍ക്ക് കഴിയില്ല എന്നര്‍ത്ഥം. വംശീയ കൂട്ടക്കൊലയുടെ സോഷ്യലിസ്റ്റ് പാരമ്പര്യം സുപരിചിതമായിരുന്ന ഒരുകാലത്ത് ഇങ്ങനെ വാദിക്കുന്നത് അര്‍ത്ഥശൂന്യവുമായിരുന്നു. വംശീയ കൂട്ടക്കൊലയ്ക്കുവേണ്ടി വാദിച്ചിരുന്നവരൊക്കെ സോഷ്യലിസ്റ്റുകളായി അറിയപ്പെട്ടിരുന്ന കാലമായിരുന്നു അത്.
ഹിറ്റ്‌ലറുടെ സോഷ്യലിസത്തോട് ജര്‍മനിക്കു പുറത്തുള്ള പ്രതികരണങ്ങള്‍ പില്‍ക്കാലത്ത് വിസ്മരിക്കപ്പെട്ടു. ഫാസിസത്തിന്റെ പൊടുന്നനെയുള്ള ഉയര്‍ച്ച യൂറോപ്യന്‍ ഇടതുപക്ഷത്തെ അദ്ഭുതപ്പെടുത്തി. ഇങ്ങനെയൊരു പ്രതിഭാസത്തെ പ്രവചിക്കുന്നതൊന്നും മാര്‍ക്‌സിസ്റ്റ് ഗ്രന്ഥങ്ങളില്‍ കാണാത്തത് അവരെ സംഭ്രമിപ്പിച്ചു. ഒരു ഡമോക്രാറ്റിക് സോഷ്യലിസ്റ്റും ഹൗസ് ഓഫ് കോമണ്‍സ് അംഗവുമായിരുന്ന ഹരോള്‍ഡ് നിക്കോള്‍സണ്‍ ചില ലഘുലേഖകള്‍ പഠിച്ചശേഷം ‘സൈനികവല്‍ക്കരിക്കപ്പെട്ട സോഷ്യലിസമാണ് ഫാസിസം’ എന്നു വിലയിരുത്തി. സ്വാതന്ത്ര്യം നിഷേധിക്കുന്നതാണെങ്കിലും ”ഇത് തീര്‍ച്ചയായും വ്യക്തിവാദത്തെ നശിപ്പിക്കുന്ന ഒരുതരം സോഷ്യലിസ്റ്റ് പരീക്ഷണമാണ്” എന്നും കണ്ടെത്തി! തങ്ങള്‍ ”പുതിയ ജര്‍മന്‍ സോഷ്യലിസത്തിന് അടിത്തറയിടുകയായിരുന്നു” എന്നു കരുതിയവരാണ് നാസി ജര്‍മനിയിലെ നിരവധി വിദ്യാര്‍ത്ഥികള്‍.
ജര്‍മനിയില്‍ അധികാരം പിടിച്ചശേഷം സഹചാരിയായ വാഗെനറോട് ഹിറ്റ്‌ലര്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അപ്പോഴും സോഷ്യലിസത്തെക്കുറിച്ചാണ് ഹിറ്റ്‌ലര്‍ ആവേശംകൊള്ളുന്നത്. സോഷ്യലിസം മനുഷ്യര്‍ പുതുതായി കണ്ടുപിടിച്ചതൊന്നുമല്ലെന്നും, പഴയ നിയമത്തിലെ ക്രിസ്തുവിന്റെ സാരോപദേശങ്ങളില്‍ അതുണ്ടെന്നുമാണ് ഹിറ്റ്‌ലര്‍ പറഞ്ഞത്. ക്രിസ്തുവിന്റെ ഉപദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ക്രിസ്തുമതം പരാജയപ്പെട്ടു. ആ മഹാപുരുഷന്റെ വാക്കുകള്‍ക്ക് മജ്ജയും മാംസവും നല്‍കേണ്ടത് നാഷണല്‍ സോഷ്യലിസത്തിന്റെ ദൗത്യമാണെന്നും ഹിറ്റ്‌ലര്‍ പ്രഖ്യാപിച്ചു. ”നമ്മള്‍ ഈ സാരോപദേശങ്ങള്‍ വെളിച്ചത്തുകൊണ്ടുവരണം.” ഹിറ്റ്‌ലര്‍ നടത്തിയ വംശഹത്യകളെ അക്കാലത്തെ പോപ്പും കത്തോലിക്കാസഭയും എന്തുകൊണ്ടു പിന്തുണച്ചു എന്നതിന്റെ രഹസ്യവും ഹിറ്റ്‌ലറുടെ ഈ വാക്കുകളിലുണ്ട്.
ജൂതന്മാര്‍ സോഷ്യലിസ്റ്റല്ലെന്നും, അവര്‍ കുരിശേറ്റിയ ക്രിസ്തുവാണ് സോഷ്യലിസ്റ്റ് വിമോചനത്തിന്റെ ശരിയായ സ്രഷ്ടാവെന്നും ഹിറ്റ്‌ലര്‍ പറയുന്നതായി വാഗെനര്‍ വെളിപ്പെടുത്തുന്നു. കമ്യൂണിസ്റ്റുകള്‍ അനുസരിക്കാന്‍ മാത്രം കഴിയുന്ന ആള്‍ക്കൂട്ടങ്ങളെയാണ് സൃഷ്ടിക്കുന്നത്. ഇതുകൊണ്ടാണ് താന്‍ അവരെ എതിര്‍ക്കുന്നത്. മാര്‍ക്‌സിന്റെയും ലെനിന്റെയും സോഷ്യലിസത്തെക്കാള്‍ താന്‍ മുന്നോട്ടുവയ്ക്കുന്ന നാഷണല്‍ സോഷ്യലിസമാണ് ശരിയെന്നും, മുതലാളിമാരുടെ ഭരണം അവസാനിപ്പിച്ച് തൊഴിലാളികളെ മോചിപ്പിക്കും, മൂലധനത്തിനുമേല്‍ തൊഴിലാളികളുടെ ഭരണം സ്ഥാപിക്കുമെന്നുമൊക്കെ ഹിറ്റ്‌ലര്‍ വിഭാവനം ചെയ്തതായും വാഗെനര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെയൊരാളെ സോഷ്യലിസ്റ്റെന്നല്ല, മാര്‍ക്‌സിസ്റ്റ് എന്നുതന്നെയല്ലേ വിളിക്കേണ്ടത്!
വാഗെനര്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ ഹിറ്റ്‌ലര്‍ യാഥാസ്ഥിതികനല്ലാത്ത മാര്‍ക്‌സിസ്റ്റാണ്. ഒരു സോഷ്യലിസ്റ്റ് വിമതന്‍ എന്നും വിളിക്കാം. പ്രാവര്‍ത്തികമാക്കുന്നതില്‍ ക്രിസ്തുമതം പരാജയപ്പെട്ടതും, കമ്യൂണിസ്റ്റുകള്‍ അതിന് ശ്രമിച്ചെങ്കിലും അബദ്ധം പിണഞ്ഞതുമായ ദൗത്യം പൂര്‍ത്തീകരിക്കാനാണത്രേ ഹിറ്റ്‌ലര്‍ ശ്രമിച്ചത്. ”പൂര്‍ത്തിയാക്കുന്നതില്‍ മാര്‍ക്‌സിസവും ലെനിനിസവും സ്റ്റാലിനിസവും പരാജയപ്പെട്ട കാര്യം നേടിയെടുക്കാന്‍ നമുക്ക് കഴിയണം” (126) ഇതായിരുന്നു ഹിറ്റ്‌ലറുടെ നാഷണല്‍ സോഷ്യലിസം. അക്കാലത്ത് ഇതും ‘പുരോഗമനപരം’ ആയിരുന്നു. ഹിറ്റ്‌ലര്‍-വാഗെനര്‍ സംഭാഷണം പുസ്തക രൂപത്തില്‍ പുറത്തുവന്നപ്പോഴേക്കും കാലം ആ വിഷയം മറന്നുകഴിഞ്ഞിരുന്നു. ഇത് ഒരുതരത്തില്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് രക്ഷയായി.
ചരിത്രത്തിന്റെ പ്രതികാരം
ഒന്നാം ലോക മഹായുദ്ധകാലത്ത് പാശ്ചാത്യ ലോകത്തെ ബുദ്ധിജീവികളില്‍ പലരും വംശ ശുദ്ധിയിലും വംശീയാധിപത്യത്തിലും വിശ്വസിക്കുന്നവരായിരുന്നു. സോഷ്യലിസം അവര്‍ക്ക് തോന്നിയതുപോലെ പെരുമാറാനുള്ള സ്വാതന്ത്ര്യവും, വംശഹത്യ ഉള്‍പ്പെടെ നടത്താനുള്ള അനുമതിയും നല്‍കി. അതിനോടകം സോവിയറ്റ് യൂണിയന്‍ സ്വീകരിച്ച ഉന്മൂലന സിദ്ധാന്തത്തെ വിഖ്യാത സാഹിത്യകാരന്‍ ബര്‍ണാഡ് ഷാ പോലും പരസ്യമായി സ്വാഗതം ചെയ്യുകയുണ്ടായി. ഒടുവില്‍ പ്രവര്‍ത്തിക്കാന്‍ ധൈര്യം കാണിച്ച ഒരു ഭരണകൂടത്തില്‍ സോഷ്യലിസ്റ്റുകള്‍ അഭിമാനംകൊണ്ടു. ഇത്തരം ചെയ്തികള്‍ക്ക് ഒരു മറയുണ്ടാവുന്നത് നല്ലതാണെന്ന് അവരില്‍ ചിലര്‍ക്ക് തോന്നിയെന്നു മാത്രം. ഇതിലൊരാളായിരുന്നു ബ്രിട്ടീഷ് സാമൂഹ്യ ശാസ്ത്രജ്ഞയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിന്റെ സ്ഥാപകരില്‍ ഒരാളുമായ ബിയാട്രിസ് വെബ്. ഉക്രൈനിലെ ഒരു പ്രാദേശിക റെയില്‍വെ സ്റ്റേഷനിലെ തീവണ്ടികളില്‍ പട്ടിണിക്കോലങ്ങളായ ”രാജ്യത്തിന്റെ ശത്രുക്കളെ കുത്തിനിറച്ചത് നേരില്‍ കാണാന്‍ ബ്രിട്ടീഷ് സന്ദര്‍ശകരെ അനുവദിച്ചത് വലിയ പിടിപ്പുകേടായിപ്പോയി” എന്നാണത്രേ 1932 ല്‍ ഒരു ചായസല്‍ക്കാരത്തിനിടെ വെബ് അഭിപ്രായപ്പെട്ടത്. വികാര ജീവികളായ ഇംഗ്ലീഷുകാരെ ഇതിന് അനുവദിച്ചത് അപലപനീയമാണെന്നും സോവിയറ്റ് യൂണിയന്റെ ആരാധികയായിരുന്ന വെബ് കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഇതേ അവസരത്തിലാണ് ‘മുട്ട പൊട്ടിക്കാതെ ഓംലെറ്റ് ഉണ്ടാക്കാനാവില്ല’ എന്ന കുപ്രസിദ്ധമായ പ്രസ്താവന സോവിയറ്റ് യൂണിയനിലെ അതിക്രമങ്ങളെ ന്യായീകരിച്ച് വെബ് നടത്തുന്നത്.
രണ്ടാം ലോകയുദ്ധത്തില്‍ സ്റ്റാലിനും ഹിറ്റ്‌ലറും തമ്മിലുണ്ടാക്കിയ അനാക്രമണ സന്ധി തകര്‍ത്ത് ജര്‍മന്‍ സൈന്യം സോവിയറ്റ് യൂണിയനെ ആക്രമിച്ചില്ലായിരുന്നുവെങ്കില്‍ ഫാസിസത്തോടും നാസിസത്തോടുമുള്ള മാര്‍ക്‌സിസ്റ്റുകളുടേയും ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സമീപനം മറ്റൊന്നാകുമായിരുന്നു. അവര്‍ക്ക് ഹിറ്റ്‌ലര്‍ നൂറുശതമാനവും സ്വീകാര്യനാവുമായിരുന്നു. വംശശുദ്ധിയുടെ പേരില്‍ ദശലക്ഷക്കണക്കിനാളുകളെ കൂട്ടക്കൊല ചെയ്ത് മാനവരാശിയുടെ പൈതൃകത്തെ കളങ്കപ്പെടുത്തിയ ഹിറ്റ്‌ലര്‍ യുദ്ധാനന്തരം കമ്യൂണിസ്റ്റുകള്‍ക്ക് വെറുക്കപ്പെട്ടവനായതിനു പിന്നില്‍ മറ്റൊരു ഗൂഢോദ്ദേശ്യമുണ്ടായിരുന്നു. ഹിറ്റ്‌ലര്‍ നടത്തിയ നരഹത്യകളെക്കുറിച്ച് പറഞ്ഞ്, തങ്ങളുടെ കൂട്ടക്കൊലകളെ മറച്ചുപിടിക്കുക. ഇക്കാര്യത്തില്‍ ചരിത്രത്തിന്റെ പ്രതികാരം അവരെ പരാജയപ്പെടുത്തി. ഹിറ്റ്‌ലറില്‍നിന്ന് അകലം പാലിക്കാന്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് കഴിയില്ല. കാരണം വംശീയവാദിയായ ഹിറ്റ്‌ലറും മാര്‍ക്‌സിസ്റ്റായിരുന്നു.
(തുടരും)
അടിക്കുറിപ്പുകള്‍:-
122. Death by Government : Genocide and Marx Murder Since 1900, R.J. Rummel.
123. Converstations with Hitler, Herman Rausching
124. Ibid
125. German Big Business and The Rise of Hitler, Hendry A. Turner.
ഭാഗം 18 വായിക്കാന്‍ https://kesariweekly.com/34238/ സന്ദര്‍ശിക്കുക