രാഷ്ട്രീയ സ്വയംസേവക സംഘം ശതാബ്ദി വര്‍ഷത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഈ വിശേഷാവസരത്തില്‍, സംഘത്തിന്റെ കര്‍മ്മപദ്ധതിയെ കുറിച്ച് അറിയാനുള്ള ആഗ്രഹം അനുദിനം വളര്‍ന്നു വരികയാണ്. രാജനൈതിക രംഗത്ത് സംഘത്തിനുള്ള സ്വാധീനം തൊട്ട് സംഘത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്കാളിത്തം വരെ ഒട്ടനവധി വിഷയങ്ങള്‍ സംഘത്തിനെതിരെ ഉന്നയിക്കപ്പെടുന്നു. സംഘത്തില്‍ യുവാക്കളുടെ പങ്കാളിത്തം, സമൂഹത്തില്‍ സാങ്കേതികവിദ്യയുടെ സ്വാധീനം, ലിംഗ-ലൈംഗിക ന്യൂനപക്ഷത്തെ (LGBT) സംബന്ധിക്കുന്ന കാഴ്ചപ്പാട്, സമ്പദ്ഘടന, പരിസ്ഥിതി എന്നീ വിഷയങ്ങളില്‍ അഭിപ്രായമറിയാനും ദിശാബോധം നേടാനും ജനങ്ങള്‍ ആഗ്രഹിക്കുന്നു. സംഘത്തിന്റെ പരംപൂജനീയ സര്‍സംഘചാലക് ഡോ.മോഹന്‍ജി ഭാഗവത്, സ്വയംസേവകര്‍ കൂടിയായ പാഞ്ചജന്യ വാരികയുടെ പത്രാധിപര്‍ ഹിതേശ് ശങ്കര്‍, ഓര്‍ഗനൈസര്‍ വാരികയുടെ പത്രാധിപര്‍ പ്രഫുല്‍ കേത്കര്‍ എന്നിവര്‍ക്ക് നാഗപ്പൂരിലെ സംഘത്തിന്റെ കേന്ദ്ര ആസ്ഥാനമായ ഡോ. ഹെഡ്‌ഗേവാര്‍ ഭവനില്‍ വെച്ച് അനുവദിച്ച അഭിമുഖത്തില്‍ മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ക്ക് പുറമെ മറ്റ് അനേകം കാര്യങ്ങളെക്കുറിച്ചുമുള്ള അഭിപ്രായം അസന്ദിഗ്ദ്ധമായ രീതിയില്‍ പ്രകടമാക്കുകയുണ്ടായി. പ്രസ്തുത അഭിമുഖത്തിന്റെ മലയാള വിവര്‍ത്തനം.
പത്രാധിപര്‍
പതിവായി പാഞ്ചജന്യ, ഓര്‍ഗനൈസര്‍ എന്നീ വാരികകള്‍ താങ്കളുമായി അഭിമുഖം നടത്താറുള്ളതാണ്. വായനക്കാരും ആകാംക്ഷയോടെ അതിനുവേണ്ടി കാത്തിരിക്കാറുണ്ട്. പക്ഷെ, കോവിഡ്-19 മഹാമാരി കാരണം കഴിഞ്ഞ രണ്ടുവര്‍ഷം അത് മുടങ്ങിപ്പോയി. രണ്ടു വര്‍ഷത്തെ അന്തരാളഘട്ടത്തില്‍ സംഘം അതിന്റെ ശതാബ്ദി വര്‍ഷത്തോട് കൂടുതല്‍ അടുത്തിരിക്കയാണ്. നൂറുവര്‍ഷത്തെ യാത്ര പൂര്‍ത്തിയാക്കുന്നത് ഏതൊരു സംഘടനയെ സംബന്ധിച്ചും അത്യന്തം കഠിനമായൊരു വെല്ലുവിളിയാണ്. പൊതുവെ കണ്ടുവരാറുള്ളത് ഒന്നുകില്‍ ഇടയ്ക്കുവെച്ച് പഥഭ്രംശം സംഭവിക്കുകയോ അല്ലെങ്കില്‍ യാത്രതന്നെ അവസാനിപ്പിക്കുകയോ ചെയ്യുന്ന കാഴ്ചയാണ്. സുപ്രധാനമായ ഈ നാഴികക്കല്ലിലേക്ക് നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ സംഘത്തിന് ഏറ്റവും വലിയ വെല്ലുവിളി നേരിടേണ്ടിവന്ന അവസരമേതാണ്.
♠വെല്ലുവിളി എന്നത് വളരെ ഗൗരവമേറിയ വാക്കാണ്. ശരിയാണ്, യാത്ര നിരപ്പില്ലാത്തതും ദുര്‍ഘടം പിടിച്ചതുമായ പാതയിലൂടെയാണ്. വളവുകളും തരണം ചെയ്യേണ്ടിവന്നു. കൂടാതെ അതോടൊപ്പം അപ്രതീക്ഷിതമായ പ്രതിബന്ധങ്ങളും മാര്‍ഗ്ഗതടസ്സങ്ങളും ഉണ്ടായിരുന്നു. എന്നാല്‍, നമുക്ക് നിറവേറ്റാനായി ഒരു ദൗത്യമുണ്ടായിരുന്നു. പൂര്‍ണ്ണമായും അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു യാത്ര. കഠിനമായ പരീക്ഷണത്തിലൂടെ കടന്നുപോകുമ്പോഴും നമ്മുടെ ദിശ തെറ്റാതിരിക്കാന്‍, നമ്മുടെ സ്വത്വം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതു തന്നെയായിരുന്നു നമ്മുടെ ഏറ്റവും വലിയ വെല്ലുവിളി.
നാം എതിര്‍പ്പിനെ നേരിടേണ്ടി വന്നപ്പോള്‍ – അത് പലപ്പോഴും ഉച്ചത്തിലുള്ളതായിരുന്നു – നമുക്ക് ശാന്തമായി അതിനെ അതിജീവിക്കേണ്ടിവന്നു. എന്തെന്നാല്‍ നമ്മെ അധിക്ഷേപിക്കുന്നവരുടെ എതിരാളികളായി സ്വയം മാറരുതെന്ന് നമുക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കാരണം, അത് കൂടുതല്‍ എതിര്‍പ്പ് വരുത്തിവെക്കും. അശ്രാന്തമായ തീയണക്കല്‍ പ്രക്രിയയായിരിക്കും അതിന്റെ പരിണതി. അത് ഒരിക്കലും നമുക്ക് അനുവദിക്കാനാവില്ല. ചില അവസരങ്ങളില്‍ സാഹചര്യങ്ങള്‍ ദിശാമാറ്റത്തിന് നമ്മെ നിര്‍ബന്ധിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ യാത്രയുടെ ദിശ മാറ്റുന്നതിന് പകരം, നമ്മെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ പോന്ന പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനായിരിക്കണം നമ്മുടെ ശ്രമം. നമ്മുടെ ആസൂത്രണത്തിന്റെ ഭാഗമല്ലാത്ത തിരിവ് സ്വീകരിക്കേണ്ടി വന്നാലും നാം ദിശാബോധം നഷ്ടപ്പെടാതെ നോക്കണം. എങ്കില്‍ മാത്രമെ പുതുതായ ഈ വഴികളും തിരിവുകളും നാം ആഗ്രഹിച്ച സല്‍ഫലം ലഭിക്കുന്നതിന് കാരണമാകൂ. അല്ലാത്തപക്ഷം വഴിമാറ്റം ദിശാമാറ്റത്തിലാകും ചെന്ന് കലാശിക്കുക. ഈ തിരിച്ചറിവാണ് നമ്മുടെ യാത്രയിലുടനീളം നമുക്ക് വഴികാട്ടിയായി വര്‍ത്തിച്ച ദീപസ്തംഭം. പാത മുള്ളുകള്‍ നിറഞ്ഞതാണെന്ന് നമുക്ക് അറിയാമായിരുന്നു. അത് നാം പ്രതീക്ഷിച്ചിരുന്നതുമാണ്.
ഞാന്‍ വര്‍ത്തമാന കാലത്തേക്ക് നോക്കുമ്പോള്‍, അവജ്ഞയുടെയും എതിര്‍പ്പിന്റെയും നാളുകള്‍ അവസാനിച്ചതായി കാണാനാകുന്നു. ഇന്ന് നമുക്ക് സമൂഹത്തില്‍ നിന്ന് അളവറ്റ സ്‌നേഹവും വാത്സല്യവും ലഭിക്കുന്നു. സമയം നമ്മുടെ വീക്ഷണഗതിക്ക് അനുകൂലമാണ്. വാസ്തവത്തില്‍, ആനുകാലിക ആഗോള സാഹചര്യം മാനവരാശിയെ കൊണ്ടുപോകുന്നതും ഇതേ ദിശയിലേക്കാണ്. ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും ജനങ്ങള്‍ നമ്മളെപ്പോലെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കൂടാതെ, കാലഗതിയില്‍ ഈ വികാരം കൂടുതല്‍ ശക്തി പ്രാപിക്കുകയേ ചെയ്യൂ. ഈ കാരണത്താല്‍ നമ്മുടെ പാത ഏറെക്കുറെ സുഗമമായി തീര്‍ന്നിരിക്കയാണ്. എന്നാല്‍ ഇതും ഒരു വെല്ലുവിളി തന്നെയാണ്.
നേരത്തെ നാം പാതയില്‍ നേരിട്ടുകൊണ്ടിരുന്ന മുള്ളുകളുടെ പ്രകൃതം മാറിയിട്ടുണ്ട്. ഭൂതകാലത്ത് എതിര്‍പ്പിന്റെയും അവജ്ഞയുടെയും മുള്ളുകളെയാണ് നാം നേരിടേണ്ടി വന്നിരുന്നത്. നമുക്ക് അവയെ തടയാനായി. ചില നേരത്ത് നാം അവയെ ഒഴിവാക്കിയിട്ടുമുണ്ട്. പുത്തന്‍ സ്വീകാര്യത നമ്മുടെ പക്കല്‍ വിഭവങ്ങള്‍, സൗകര്യങ്ങള്‍, സമൃദ്ധി എന്നിവ കൊണ്ടുവന്നിട്ടുണ്ട്. നമ്മുടെ സാമൂഹിക അംഗീകാരം കുതിച്ചുയര്‍ന്നിട്ടുണ്ട്. സമൂഹം നമ്മില്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ട്. പ്രതീക്ഷകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. നാം ഒരു മാറ്റം ഉണ്ടാക്കുമെന്ന തോന്നല്‍ സമൂഹത്തിന് ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യങ്ങളില്‍ നമ്മുടെ ജനസമ്മതിയും വിഭവങ്ങളും നാം നേരിടേണ്ട മുള്ളുകളായി മാറിയിട്ടുണ്ട്. ഉദാഹരണത്തിന്, പല വിഷയങ്ങളെയും സംബന്ധിച്ച് പ്രതികരിക്കാന്‍ മാധ്യമങ്ങളുടെ മുമ്പിലേക്ക് പോകാന്‍ നാം ആഗ്രഹിക്കുന്നില്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ നമുക്ക് അതൊഴിവാക്കാനാവില്ല. കാരണം, അത് വിപരീത ഫലം ചെയ്യും. നാം എന്തുകൊണ്ട് ഇരുട്ടത്തൊളിക്കുന്നു എന്ന് അവര്‍ അതിശയിക്കും. അതുകൊണ്ട് നാം മാധ്യമങ്ങളെ കാണേണ്ടി വരും. നാം പുറത്തിറങ്ങിയാല്‍ മാധ്യമങ്ങള്‍ നമ്മളെക്കുറിച്ച് എഴുതും, നമ്മുടെ പടങ്ങളും പ്രസിദ്ധീകരിക്കും. പക്ഷെ, നമ്മള്‍ പ്രസിദ്ധിക്കുവേണ്ടി കൊതിക്കരുത്. ഇപ്പോള്‍ നമ്മുടെ പക്കല്‍ ഉപാധിയും വിഭവങ്ങളും ഉണ്ടെങ്കില്‍, അവയെ നമ്മുടെ പ്രവര്‍ത്തനത്തിന് അനിവാര്യമായ ഉപകരണങ്ങളായി വേണം നാം കാണാന്‍. അവയെ നിയന്ത്രിക്കാന്‍ നമുക്കാവണം; നാം അവയുടെ നിയന്ത്രണത്തിലാവരുത്. നാം അവയെ ശീലമാക്കരുത്. ബുദ്ധിമുട്ടുകളെ നേരിടുന്ന നമ്മുടെ പഴയ സ്വഭാവം ഒരിക്കലും ഇല്ലാതാകരുത്. കാലഘട്ടം അനുകൂലമാണെന്നത് പൊങ്ങച്ചത്തിന് കാരണമാകരുത്.
അനുകൂല കാലാവസ്ഥ ജനപ്രീതിയുണ്ടാക്കും – നാമത് ഇഷ്ടപ്പെടുന്നു. ജനക്കൂട്ടം അഭിവാദനമര്‍പ്പിക്കാന്‍ റെയില്‍വെ സ്റ്റേഷനിലെത്തുമ്പോള്‍ നമുക്ക് സന്തോഷം തോന്നും. എന്നാല്‍, ഇത്തരം തോന്നലുകളിലേക്ക് നയിക്കുന്ന ഘടകങ്ങളെക്കുറിച്ച് നാം സദാ ജാഗരൂകരായിരിക്കണം. അതേസമയം, നാം ജാഗരൂകരായിരിക്കേണ്ട വൈകാരികാനുഭവങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ നമുക്ക് ആ അനുഭവങ്ങളിലൂടെ കടന്നുപോയേ തീരൂ. ഇതേക്കുറിച്ചുള്ള ബോധമുണ്ടാവുകയും സദാ സമയം ജാഗരൂകരായിരിക്കുകയും ചെയ്യുക എന്നതാണ് നമ്മെ സംബന്ധിച്ച് വലിയൊരു വെല്ലുവിളി. നാം അക്ഷീണമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കയാണ്. നാം യഥാര്‍ത്ഥവും സത്യസന്ധവുമായ ഒരു വീക്ഷണഗതി മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ നമ്മുടെ സത്യം മുന്നേറിക്കൊണ്ടിരിക്കയാണ്. ആത്യന്തികമായി സത്യത്തെ സ്വീകരിക്കാന്‍ എല്ലാവരും മുമ്പോട്ടു വരികതന്നെ ചെയ്യും. നമ്മുടെയും ഈ രാജ്യത്തിന്റേയും ഭാവി പടുത്തുയര്‍ത്തേണ്ടത് ഈ സത്യത്തിന്റെ അടിത്തറയിലാണ്. ഇതേക്കുറിച്ച് നമുക്ക് വേവലാതിയില്ല. എന്നാല്‍ യാത്ര പൂര്‍ത്തിയാക്കുമ്പോഴേക്ക് ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കാനും യാത്രയില്‍ ഉടനീളം നമ്മുടെ ‘സ്വത്വ’ ബോധത്തെ ഊനം തട്ടാതെ നിലനിര്‍ത്താനും നമുക്ക് സാധിക്കണം. അതുകൊണ്ടു ഈ ഉദ്ദേശ്യങ്ങളുടെ കാഴ്ചപ്പാടില്‍, സാഹചര്യങ്ങള്‍ അനുകൂലമായ ഇപ്പോഴത്തെ പരിതസ്ഥിതി ഏറ്റവും ബുദ്ധിമുട്ടുള്ളതാണെന്ന് തോന്നുന്നു. ഈ പരിതഃസ്ഥിതി തരണം ചെയ്യുക എന്നതാണ് നമ്മെ സംബന്ധിച്ച് വലിയൊരു വെല്ലുവിളി.
‘സംഘടന സംഘടനക്കുവേണ്ടി’ എന്ന യുക്തി സംഘത്തിന്റെ ചിന്താധാരയും അതിന്റെ പ്രവര്‍ത്തന പദ്ധതിയും അംഗീകരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ താങ്കള്‍ പറയുന്നത് സംഘം സാമൂഹിക പരിവര്‍ത്തനത്തിനും മാനവികതക്കും വേണ്ടി പ്രവര്‍ത്തിക്കണം എന്നാണ്. ഈ പശ്ചാത്തലത്തില്‍ സംഘത്തിന്റെ ചിന്താശൈലിയിലും പ്രവര്‍ത്തന പദ്ധതിയിലും താങ്കള്‍ എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കുന്നുണ്ടോ.
♠അത് ഒരിക്കലും ഒരു മാറ്റമല്ല. ഇതൊരു വികസന പ്രക്രിയയാണ്. ഒരു മൊട്ട് പൂവായി വളരുമ്പോള്‍, എല്ലാ ഇതളുകളും ഒരുമിച്ച് വിടരുകയില്ല; ചില ഇതളുകള്‍ നേരത്തെ വിടരും. നമ്മുടെ സംഘടനയിലോ കാര്യപദ്ധതിയിലോ മാറ്റമൊന്നും ഉണ്ടായിട്ടില്ല. നാം ഇപ്പോഴും സംഘടിപ്പിക്കുന്നത് സംഘടനക്കുവേണ്ടി തന്നെയാണ്. അല്ലാത്തപക്ഷം, നമ്മുടെ പക്കല്‍ ആളുകള്‍ ഏതായാലും ഉണ്ട്, സമൂഹത്തിലും പ്രതിഭകള്‍ ഉണ്ട്; വേറേയും ധാരാളം ആളുകള്‍ വരുന്നുണ്ട്; അവരെയെല്ലാം ഉപയോഗിക്കാം. അത്രയും ചെയ്താല്‍ മതി, ശാഖ നടത്തേണ്ടതില്ല എന്ന് നാം ചിന്തിക്കുമായിരുന്നു. എന്നിട്ടും നാം ശാഖകള്‍ നടത്തുന്നു. നമ്മുടെ ഭാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ, നാം എന്തിനുവേണ്ടിയാണ് സമാജത്തെ സംഘടിപ്പിക്കുന്നത്? ഇവിടെ ഈ ചോദ്യം പ്രസക്തമാണ്. നിങ്ങള്‍ ആരോഗ്യവാനായിരിക്കാന്‍ ആഗ്രഹിക്കുന്നതെന്തിനാണ്? നാം ആരോഗ്യവാന്മാരായിരുന്നാല്‍ നാം ചെയ്യുന്ന കാര്യങ്ങളും ആരോഗ്യപരമായിരിക്കും. വാര്‍ദ്ധക്യകാലത്ത് നാം ജോലിയില്‍ നിന്ന് വിരമിക്കുന്നു. പിന്നെ വിശേഷിച്ചൊന്നും ചെയ്യാനില്ലെങ്കിലും ആരോഗ്യം നിലനിര്‍ത്തേണ്ടതുണ്ട്. കുട്ടിക്കാലത്ത് കുടുംബഭാരം ഏറ്റെടുത്ത് നടത്തേണ്ട ബാധ്യതയൊന്നുമില്ലെങ്കിലും ആരോഗ്യവാനായിത്തന്നെയിരിക്കണം. ജോലിയെടുക്കുന്ന കാലത്തും ആരോഗ്യവാനായിരിക്കണം. ‘സംഘടനക്ക് വേണ്ടി സംഘടന’ എന്നത് സംഘത്തിന്റെ ഉറച്ച നിലപാടാണ്. പക്ഷെ, സേവനത്തിന് സ്വയംസേവകന്‍, പരിവര്‍ത്തനം കൊണ്ടുവരുന്നതിന് സ്വയംസേവകന്‍, വ്യവസ്ഥാ പരിവര്‍ത്തനത്തിന്, സമാജപരിവര്‍ത്തനത്തിനുവേണ്ടി സ്വയംസേവകന്‍, വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്വയംസേവകന്‍. സംഘം സംഘടിപ്പിക്കുന്ന പ്രവര്‍ത്തനമല്ലാതെ മറ്റൊരു കാര്യവും ചെയ്യില്ല. അതേസമയം, സ്വയംസേവകന്‍ ഒരു കാര്യവും നടത്താതിരിക്കില്ല. ഇപ്പോള്‍ നമുക്കിത് പ്രത്യക്ഷത്തില്‍ തന്നെ കാണാനാകുന്നു. ഇതാണ് പുരോഗമനം. ‘സംഘടനക്കു വേണ്ടി സംഘടന’ എന്ന് അപ്പോള്‍ ആളുകള്‍ പറയുമ്പോള്‍ നാം കേള്‍ക്കുമായിരുന്നു ‘സംഘടനക്കു വേണ്ടി സംഘടന’ എന്നു പറയുന്നതില്‍ യാതൊന്നും മറച്ചുവെക്കാനില്ലായിരുന്നു.
അടുത്തതായി സംഘത്തെക്കുറിച്ച് ഓരോരുത്തരുടെയും ജിജ്ഞാസയെ പ്രകോപിക്കുന്ന ഒരു ചോദ്യത്തിലേക്ക് വരാം. സംഘത്തെ രാജനൈതികമായ കണ്ണടയിലൂടെ നോക്കിക്കാണുന്ന ഒരു പ്രവണതയുണ്ട്. രാജനൈതിക മണ്ഡലത്തിലെ സംഭവികാസങ്ങളെക്കുറിച്ച് സംഘത്തിന്റെ കാഴ്ചപ്പാടെന്തെന്ന് അറിയാനുള്ള വ്യഗ്രത മാധ്യമങ്ങള്‍ എപ്പോഴും പ്രകടിപ്പിക്കാറുണ്ട്. രാജനൈതിക മണ്ഡലവുമായി സംഘത്തിന്റെ ബന്ധത്തെ താങ്കള്‍ കാണുന്നതെങ്ങനെയാണ്.
♠പല കാരണങ്ങള്‍ കൊണ്ടും രാജനൈതികമായ കണ്ണടയിലൂടെ കാര്യങ്ങള്‍ നോക്കിക്കാണുക എന്നത് നമ്മുടെ സമൂഹത്തില്‍ ഇഷ്ടപ്പെട്ട വിഷയമാണ്. അതുകൊണ്ട് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, എല്ലാ കാര്യങ്ങളും രാജനൈതിക വീക്ഷണത്തിലൂടെയാണ് ആളുകള്‍ കാണുക. പൊതുവെ സാമൂഹ്യ ജീവിതത്തിന്റെ മറ്റ് മണ്ഡലങ്ങളില്‍ സംഭവിക്കുന്നതായ നല്ലതും ചീത്തയുമായ കാര്യങ്ങളെക്കുറിച്ച് ആളുകള്‍ പൊതുവെ ശ്രദ്ധിക്കാറില്ല. എല്ലാ കാര്യങ്ങളും രാജനൈതിക കേന്ദ്രിതമാണ്. പക്ഷെ, ആരംഭകാലം തൊട്ട് സംഘം ബോധപൂര്‍വ്വം ദൈനംദിന രാജനീതിയില്‍ നിന്ന് സ്വയം അകന്നു നിന്നിട്ടുണ്ട്. വോട്ട് രാഷ്ട്രീയം, തിരഞ്ഞെടുപ്പ് രാഷ്ട്രീയം, പരസ്പരം അപമാനിക്കുന്ന രാഷ്ട്രീയം ഇവയൊന്നുമായും സംഘത്തിന് യാതൊരു ബന്ധവുമില്ല.
അതേസമയം നമ്മുടെ ദേശീയ നയങ്ങളെ, ദേശീയ താല്പര്യങ്ങളെ, ഹിന്ദുതാല്പര്യങ്ങളെ ബാധിക്കുന്ന മറ്റ് മാനങ്ങളുണ്ട്. മൊത്തത്തിലുള്ള രാജനൈതിക ദിശ ഈ വിഷയങ്ങള്‍ക്ക് അനുകൂലമാണോ എന്നതിനെക്കുറിച്ച് സംഘം ഉല്‍കണ്ഠപ്പെടാറുണ്ട്. സംഘസ്ഥാപകനായ ഡോ. ഹെഡ്‌ഗേവാറുടെ കാലം തൊട്ട് രാജനൈതിക കാര്യങ്ങള്‍ തെറ്റായ ദിശയില്‍ പോവുകയും, സാമൂഹ്യ ഉദ്ബുദ്ധത സൃഷ്ടിക്കുന്ന കാര്യം തല്‍ഫലമായി വിപരീതമായി ബാധിക്കപ്പെടുകയും ചെയ്യുമ്പോള്‍ നാം ഉല്‍കണ്ഠപ്പെടാറുണ്ട്. ദേശീയ നയങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ എപ്പോഴും നമ്മള്‍ ശക്തമായിതന്നെ സംസാരിക്കാറുണ്ട്; അതോടൊപ്പം നമ്മുടെ സര്‍വശക്തിയും ഉപയോഗിച്ച് അതിനെ ശരിയായ ദിശയില്‍ നയിക്കാന്‍ നാം ശ്രമിക്കാറുമുണ്ട്. ഇത് നാം പരസ്യമായും ശങ്ക കൂടാതെയും ചെയ്യാറുണ്ട്. ഈ വിഷയത്തില്‍ നാം ഒരിക്കലും രഹസ്യാത്മകമായി ഒന്നും ചെയ്യാറില്ല. ഇപ്പോഴത്തെ സാഹചര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ദൈനംദിന രാജനീതിയുമായി നമുക്ക് യാതൊരു ബന്ധവുമില്ല. അതേസമയം രാഷ്ട്രനീതി (ദേശീയനയം) യുമായി നമുക്ക് തീര്‍ച്ചയായും ബന്ധമുണ്ട്. അതിനെക്കുറിച്ച് നമുക്ക് വ്യക്തമായ അഭിപ്രായവുമുണ്ട്. സംഘടനാ സംവിധാനത്തിലൂടെ ഇപ്പോള്‍ ആവശ്യമായ ശക്തിവിശേഷം നാം നേടിക്കഴിഞ്ഞ സാഹചര്യത്തില്‍ അത് ദേശീയ താല്പര്യത്തിന് വേണ്ടി വിനിയോഗിക്കാനാണ് നമ്മുടെ ശ്രമം. ആ കാര്യം നാം നിര്‍വ്വഹിക്കുക തന്നെ ചെയ്യും.
ആകെയുള്ള വ്യത്യാസം മുമ്പ് കാലത്ത് നമ്മുടെ സ്വയംസേവകര്‍ രാജനൈതിക ഭരണാധികാരത്തില്‍ ഇല്ലായിരുന്നു എന്നതാണ്. അതില്‍ നിന്ന് ഒരു മാറ്റം മാത്രമാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ കൈവന്നിട്ടുള്ളത്. ഒരു രാജനൈതിക കക്ഷിയിലൂടെ സ്വയംസേവകര്‍ മാത്രമാണ് അധികാര സ്ഥാനങ്ങളിലെത്തിയതെന്ന കാര്യം ആളുകള്‍ മറക്കുന്നു. സംഘം സമൂഹത്തെ, ‘സംഘടനക്കു വേണ്ടി സംഘടന’ എന്ന കാഴ്ചപ്പാടില്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍, രാജനൈതിക രംഗത്ത് സ്വയംസേവകര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് സംഘത്തെയാണ് ഉത്തരവാദിയാക്കുന്നത്. മറ്റുള്ളവര്‍ നേരിട്ട് നമ്മെ കുറ്റപ്പെടുത്തുന്നില്ലെങ്കിലും, തീര്‍ച്ചയായും ഒരുത്തരവാദിത്തവുമില്ലെന്ന് പറയാനുമാവില്ല. കാരണം, ആത്യന്തികമായി സ്വയംസേവകരെ പരിശീലിപ്പിക്കുന്നത് സംഘത്തിലാണല്ലൊ! അതുകൊണ്ട്, നമ്മുടെ ബന്ധം ഏതുതരത്തിലുള്ളതായിരിക്കണം, (ദേശീയ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി) ഏതെല്ലാം കാര്യങ്ങളാണ്’ – ആവശ്യമായ ജാഗ്രത പുലര്‍ത്തിക്കൊണ്ടുതന്നെ – നാം പിന്തുടരേണ്ടത് എന്ന് ചിന്തിക്കാന്‍ നാം നിര്‍ബന്ധിതരായി.
ഉദാഹരണത്തിന്, സംഘത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിവരിക്കാന്‍ വ്യാപാരികളുടെ ഒരു സമ്മേളനം നടന്നു. അതിന്റെ അവസാനം ഒരു ചോദ്യോത്തര സത്രവും ഉണ്ടായിരുന്നു. സംഘപ്രവര്‍ത്തനത്തെക്കുറിച്ച് അവര്‍ക്കെല്ലാം വളരെ നല്ല അഭിപ്രായമായിരുന്നു. എന്നാല്‍, ആദായനികുതി, ജി.എസ്.ടി, സുഗമമായ കച്ചവട രീതി എന്നീ കാര്യങ്ങളെ സംബന്ധിച്ച് അവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു. അവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ അത്രയും സര്‍ക്കാര്‍, വ്യാപാരം, വാണിജ്യം എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു. ഓരോ തവണയും എന്റെ മറുപടി ‘അത് നമ്മുടെ പ്രവര്‍ത്തനമല്ല’ എന്നായിരുന്നു. ഞാന്‍ ഓരോ പ്രാവശ്യവും എന്റെ വാദം ”ഇത് സംബന്ധിച്ച നയം ഒരു ഭാഗത്ത് ഉണ്ട്. മറുവശത്ത് നയരൂപീകരണവും അവ നടപ്പാക്കുകയും ചെയ്യേണ്ട മാനസികാവസ്ഥ” എന്നതിനെക്കുറിച്ചായിരുന്നു. അവര്‍ സ്വാഭാവികമായും ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കും. അങ്ങനെ, നിങ്ങളുടെ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാം എന്നുവരെ എനിക്കു പറയേണ്ടിവന്നു. രാജനൈതിക തലത്തിലെ ഗതിവിധികളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് എന്തെങ്കിലും ആഗ്രഹങ്ങളുണ്ട് അഥവാ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ട് എങ്കില്‍, നമ്മുടെ പക്കലെത്തുന്ന അത്തരം കാര്യങ്ങള്‍, ബന്ധപ്പെട്ടവര്‍ സ്വയംസേവകരാണെങ്കില്‍ അവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാകും. സ്വയംസേവകര്‍ അധികാരത്തിലില്ലാതിരുന്ന കാലത്തും മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കുന്നവരുണ്ടായിരുന്നു. ഭാവിയിലും അത്തരമാളുകള്‍ ഉണ്ടാവുകയും ചെയ്യും. ജനങ്ങളുടെ ആശങ്കകളുമായി നാമവരെ സമീപിക്കുകയും ചെയ്യും. കോണ്‍ഗ്രസ്സിന്റെ ഭരണകാലത്ത് പ്രണബ് ദാ (പ്രണബ് കുമാര്‍ മുഖര്‍ജി) സാമ്പത്തികകാര്യ മന്ത്രിയായിരുന്നു. നേപ്പാളുമായി ബന്ധപ്പെട്ട വിഷയങ്ങളും അദ്ദേഹമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. നമ്മള്‍ നമ്മുടെ ആശങ്കകള്‍ അദ്ദേഹത്തെ അറിയിക്കാറുണ്ടായിരുന്നു. അതദ്ദേഹം കേള്‍ക്കുകയും ചെയ്യുമായിരുന്നു. നമ്മള്‍ അത്രമാത്രമെ ചെയ്യാറുള്ളു. ഇതൊഴിച്ചാല്‍ സക്രിയ രാജനൈതിക പ്രവര്‍ത്തനത്തിന്റെ മറ്റൊരു മേഖലയുമായും നമുക്ക് യാതൊരു ബന്ധവുമില്ല.
(തുടരും)
വിവര്‍ത്തനം: യു.ഗോപാല്‍ മല്ലര്‍
Comments