മഹാകാരുണികനും മാനവരാശിയുടെ വിമോചകനുമായ ഒരു നായകന്റെ തേജോമയമായ ചിത്രമാണ് കാറല്‍ മാര്‍ക്‌സിനെക്കുറിച്ച് ശരാശരി മലയാളിയുടെ മനസ്സില്‍ കലയിലൂടെയും സാഹിത്യത്തിലൂടെയും മറ്റും കയറിക്കൂടിയിട്ടുള്ളത്.
”മുനികള്‍ക്കും മുനിയായി
മണിരത്‌ന ഖനിയായി
……………………………….
ഉയിരേകി തൊഴിലുകള്‍ക്കു-
ണര്‍വ്വേകി കാറല്‍ മാര്‍ക്‌സ്.”
(ചങ്ങമ്പുഴ)
”ഇനിയുമെത്താത്ത
വാഗ്ദത്ത ഭൂമിതന്‍
നിനവുകള്‍ നി-
ന്നെരിയും മനുഷ്യനില്‍,
ഇടിമുഴക്കമായി,
വിദ്യുല്‍ക്കണങ്ങളായ്
ഇവിടെ നിന്‍വാക്കുറങ്ങാതിരിക്കുന്നു.” (ഒഎന്‍വി)
”വിലങ്ങിന്‍ പാടുകള്‍ പേറു-
മായിരം കയ്യുകളോടെ
വിശപ്പിന്‍ വേദനനീറു-
മായിരം കണ്ണുകളോടെ
ഊഴിയും വാനവും തിങ്ങും
ഭീകരമാമുടലോടെ
വരവായി, ഈ യുഗത്തിന്റെ
നായകന്‍ ഹാ, വരവായി.” (സി. ആര്‍. പരമേശ്വരന്‍)
മൂന്നു തലമുറയില്‍പ്പെടുന്ന മലയാള കവികള്‍ മാര്‍ക്‌സിനെക്കുറിച്ച് ഒരേപോലെ വരച്ചിടുന്ന മനുഷ്യസ്‌നേഹപരമായ ചിത്രമാണിത്. സോവിയറ്റ് യൂണിയനിലെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും കിരാതമായ കമ്യൂണിസ്റ്റ് വാഴ്ചകളുടെ കൊടുംക്രൂരതകള്‍ പുറംലോകം അറിയാതിരുന്ന ഒരുകാലത്ത് മാര്‍ക്‌സിനെ, മാനവസമൂഹത്തെ പറുദീസയിലേക്ക് നയിക്കാന്‍ പീഡനങ്ങളേറ്റു വാങ്ങുന്ന മതമില്ലാത്ത ക്രിസ്തുവായി സങ്കല്‍പ്പിച്ച കവികളോട് പൊറുക്കാം. പക്ഷേ സോവിയറ്റ് യൂണിയനിലെ സൈബീരിയന്‍ തടങ്കല്‍പ്പാളയങ്ങളിലെയും, ചൈനയില്‍ അരങ്ങേറിയ സാംസ്‌കാരിക വിപ്ലവത്തിലെയും, കമ്പോഡിയയിലെ കൊലവയലുകളിലെയും മറ്റു പ്രാകൃതമായ നരഹത്യകളുടെയും വിവരണാതീതമായ പീഡനങ്ങളുടെയും വിവരങ്ങള്‍ പുറത്തുവന്നതിനുശേഷവും മാര്‍ക്‌സിനെ മനുഷ്യസ്‌നേഹിയായും വിമോചകനായും കരുതുന്നത് വലിയൊരു തിന്മയായിരിക്കും. മലയാളികളായ എഴുത്തുകാരില്‍ പലരും ഒരേസമയം അവനവനോടും മറ്റുള്ളവരോടും ഈ തെറ്റു ചെയ്തവരാണ്. മാര്‍ക്‌സിന്റെ മനുഷ്യസ്‌നേഹത്തെക്കുറിച്ചും സഹനങ്ങളെക്കുറിച്ചും പറയുമ്പോഴും എഴുതുമ്പോഴും ഇവരുടെ കണ്ണുനിറയുകയും കണ്ഠമിടറുകയും ചെയ്തു.
കാറല്‍ മാര്‍ക്‌സും കൂട്ടക്കൊലകളും
കമ്യൂണിസ്റ്റ് വാഴ്ചക്കാലത്ത് വിവിധ രാജ്യങ്ങളില്‍ നടന്ന മനുഷ്യക്കശാപ്പുകളുടെ കണക്ക് പലതരത്തില്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട്. ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും അതിന്റെ സംഖ്യാവലുപ്പം മനുഷ്യമനസ്സിന് ഉള്‍ക്കൊള്ളാവുന്നതിലുമപ്പുറമാണ്. 2017 ല്‍ പ്രസിദ്ധീകരിച്ച ‘ബ്ലാക്ക് ബുക്ക് ഓഫ് കമ്യൂണിസം’ എന്ന പുസ്തകം അവതരിപ്പിക്കുന്ന ഒരു കണക്ക് ഇങ്ങനെയാണ്: സോവിയറ്റ് യൂണിയന്‍ 20 ദശലക്ഷം, ചൈന 65 ദശലക്ഷം, ഉത്തരകൊറിയ 2 ദശലക്ഷം, കമ്പോഡിയ 2 ദശലക്ഷം, വിയറ്റ്‌നാം 1 ദശലക്ഷം, ആഫ്രിക്ക 1.7 ദശലക്ഷം, കിഴക്കന്‍ യൂറോപ്പ് 1 ദശലക്ഷം, ആഫ്രിക്ക 1.7 ലക്ഷം, കിഴക്കന്‍ യൂറോപ്പ് 1 ദശക്ഷം, ലാറ്റിനമേരിക്ക 15 ലക്ഷം. ഇരുപതാം നൂറ്റാണ്ട് മൊത്തമായെടുക്കുമ്പോള്‍ 100 വര്‍ഷത്തിനുള്ളില്‍ 100 മില്യണ്‍ അതായത് പത്തു കോടി മനുഷ്യര്‍ കമ്യൂണിസ്റ്റ് വാഴ്ചകള്‍ക്കിടെ കൊലചെയ്യപ്പെട്ടിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടില്‍ നടന്ന രണ്ട് ലോക മഹായുദ്ധങ്ങളിലുമായി കൊല്ലപ്പെട്ടത് 8.6 കോടി പേരായിരിക്കെയാണ് അതിനെ മറികടക്കുന്ന നരഹത്യകള്‍ കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ നടത്തിയത്.
ഈ നരഹത്യകളുമായി മാര്‍ക്‌സിന് എന്തുബന്ധം എന്നൊരു നിര്‍ദോഷമായ ചോദ്യം പലരും ഉന്നയിക്കാറുണ്ട്. മാര്‍ക്‌സ് 1883ല്‍ മരിച്ചു. മൂന്നു പതിറ്റാണ്ടിലേറെ കഴിഞ്ഞാണല്ലോ 1917 ല്‍ റഷ്യന്‍ വിപ്ലവം നടക്കുന്നതും, ലെനിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് ഭരണകൂടം സ്ഥാപിതമാവുന്നതും. ലെനിന്റെ കാലത്തുതന്നെ പീഡനങ്ങളും ഉന്മൂലനങ്ങളും ആരംഭിച്ചിരുന്നു. പലരും തെറ്റിദ്ധരിക്കുന്നതുപോലെ പിന്‍ഗാമിയായ സ്റ്റാലിനല്ല ഇതിന് തുടക്കം കുറിച്ചത്. മാര്‍ക്‌സിന്റെ മരണശേഷം ഏംഗല്‍സായിരുന്നു മാര്‍ക്‌സിസത്തിന്റെ ആധികാരിക വക്താവ്. തനിക്ക് പ്രായമായപ്പോള്‍ ഈ സ്ഥാനം ആസ്ട്രിയന്‍ മാര്‍ക്‌സിസ്റ്റ് കാള്‍ കൗട്‌സ്‌കി ഏറ്റെടുത്തു. മാര്‍ക്‌സിന്റെ കയ്യെഴുത്തു പ്രതികള്‍ പരിശോധിച്ച് മിച്ചമൂല്യ സിദ്ധാന്തങ്ങളെക്കുറിച്ച് മൂലധനത്തിന്റെ നാലാംഭാഗം തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയതുപോലും കൗട്‌സ്‌കിയെയാണ്. ബോള്‍ഷെവിക് വിപ്ലവത്തിന്റെ വിമര്‍ശകനായിരുന്ന കൗട്‌സ്‌കിയുമായി ലെനിന്‍ വലിയ ശത്രുത പുലര്‍ത്തി. ഇരുവരും നീണ്ട തര്‍ക്കങ്ങളിലേര്‍പ്പെട്ടു. ”കൗട്‌സ്‌കിക്ക് മാര്‍ക്‌സിസം മനഃപാഠമാണ്. പക്ഷേ മാര്‍ക്‌സിസത്തിന്റെ താല്‍പ്പര്യം എന്തെന്ന് അറിയില്ല” എന്ന ലെനിന്റെ വിമര്‍ശനം പ്രസിദ്ധമാണല്ലോ.
തന്നെ എതിര്‍ക്കുന്നവരെ പരാജയപ്പെടുത്തുകയെന്നതല്ല, തുടച്ചുനീക്കുകയെന്നതായിരുന്നു ലെനിന്റെ ശൈലി. ലെനിനെതിരെ പ്രകടനം നടത്തിയ തൊഴിലാളികളെയും അവരുടെ നേതാക്കളെയും സോവിയറ്റ് പോലീസ് നിഷ്‌ക്കരുണം വധിച്ചു. ഒരിക്കല്‍ തന്റെ അനുയായികളായിരുന്ന 7000 നാവികരെയാണ് സെന്റ് പിയേഴ്‌സ്ബര്‍ഗിലെ ക്രണ്‍സ്റ്റഡ് നാവികത്താവളത്തില്‍ ‘റെഡ് ആര്‍മി’ കൊന്നൊടുക്കിയത്. റഷ്യയില്‍ അധികാരം പിടിച്ചതിനെ തുടര്‍ന്നു നടന്ന ആഭ്യന്തര യുദ്ധത്തില്‍ 10000 നും 90000 നും ഇടയില്‍ ആളുകളെ ലെനിന്റെ ഭരണം കൊലപ്പെടുത്തിയെന്നാണ് ഒരു കണക്ക്. തങ്ങള്‍ കൃഷി ചെയ്തുണ്ടാക്കിയ ധാന്യം പിടിച്ചെടുക്കുന്നത് ചെറുത്ത കര്‍ഷകര്‍ക്കെതിരെ ലെനിന്റെ സൈന്യം രാസായുധം പ്രയോഗിച്ചതിന്റെ ഫലമായി 50000 പേരാണ് മരിച്ചത്. ഇത്തരം നരഹത്യകള്‍ നടത്തരുതെന്ന് കൗട്‌സ്‌കിപോലും ലെനിനോട് അപേക്ഷിക്കുകയുണ്ടായി.
ലെനിന്റെ ഉന്മൂലന ശൈലി കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോവുകയാണ് സ്റ്റാലിന്‍ ചെയ്തത്. ലിയോണ്‍ ട്രോഡ്‌സ്‌കിയടക്കം മുന്‍കാല സഹപ്രവര്‍ത്തകരെയും സ്റ്റാലിന്‍ ഒന്നിനുപുറകെ ഒന്നായി കൊലപ്പെടുത്തി. മാര്‍ക്‌സിസത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരെപ്പോലും വെറുതെ വിട്ടില്ല. കമ്യൂണിസ്റ്റിതര രാജ്യങ്ങളില്‍ ജീവിക്കാന്‍ കഴിഞ്ഞ ഇക്കൂട്ടരില്‍പ്പെടുന്നവര്‍ക്കു മാത്രമാണ് സ്വാഭാവിക മരണത്തിന് അവസരം ലഭിച്ചത്. ലെനിന്റെ ഭരണകാലത്തുതന്നെ സോവിയറ്റു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ സ്റ്റാലിന്‍ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയിരുന്നു. ലെനിന്റെ മരണത്തെത്തുടര്‍ന്ന് സര്‍വാധിപതിയായിത്തീര്‍ന്ന സ്റ്റാലിന്റെ ഉത്തരവുപ്രകാരം 1934-40 കാലയളവില്‍ പത്ത് ലക്ഷം പേരെയാണ് കൊന്നൊടുക്കിയത്. സോവിയറ്റ് യൂണിയനില്‍ ലെനിനും സ്റ്റാലിനും നടപ്പാക്കിയ കൂട്ട നരഹത്യകളാണ് വ്യത്യസ്തമായ രീതികളില്‍ ചൈനയില്‍ മാവോ സേതുങ്ങും കമ്പോഡിയയില്‍ പോള്‍പോട്ടും ക്യൂബയില്‍ ഫിദല്‍ കാസ്‌ട്രോയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഭരണാധികാരികളും പ്രാവര്‍ത്തികമാക്കിയത്. മനുഷ്യരുടെ ജീവനെടുക്കുന്നതില്‍ ഈ ഭരണാധികാരികള്‍ക്കൊന്നും യാതൊരു കുറ്റബോധവുമുണ്ടായിരുന്നില്ല. അവര്‍ പശ്ചാത്തപിച്ചതുമില്ല. ”സോഷ്യലിസം സ്ഥാപിക്കാന്‍ രക്തപ്പുഴകളൊഴുകണം” (117) എന്നാണ് 1966 ല്‍ വിപ്ലവകാരിയും കാസ്‌ട്രോയുടെ വലംകയ്യും ക്യൂബന്‍ മന്ത്രിയുമായിരുന്ന ചെഗുവേര പ്രഖ്യാപിച്ചത്.
കമ്യൂണിസ്റ്റ് കമ്പോഡിയയുടെ ദേശീയഗാനത്തില്‍പ്പോലുമുണ്ടായിരുന്നു രക്തക്കൊതി:
”പിതൃഭൂമിയായ കമ്പോഡിയയുടെ നഗരങ്ങളിലും സമതലങ്ങളിലും ചുവന്നു തുടുത്ത രക്തം തുടികൊട്ടട്ടെ,
തൊഴിലാളികളുടെയും കര്‍ഷകരുടെയും ശുദ്ധമായ രക്തം,
ആണും പെണ്ണുമായ വിപ്ലവപ്പോരാളികളുടെ രക്തം,
ഈ രക്തം മഹത്തായ രോഷത്തിലേക്കും പോരാട്ടത്തിനുള്ള ദൃഢപ്രതിജ്ഞയിലേക്കും കവിഞ്ഞൊഴുകട്ടെ.”
അവരെല്ലാം മാര്‍ക്‌സിന്റെ അനുചരന്മാര്‍
അഞ്ച് ഭൂഖണ്ഡങ്ങളിലുമായി മാനവരാശിയുടെ ചരിത്രത്തെ ചോരയില്‍ മുക്കിയ കൊടുംപാതകങ്ങളെ നിസ്സാരവല്‍ക്കരിക്കുകയാണ് കമ്യൂണിസ്റ്റുകള്‍ ചെയ്യാറുള്ളത്. ‘മുട്ട പൊട്ടിക്കാതെ ഓംലെറ്റ് കഴിക്കാനാവില്ല’ എന്നതായിരുന്നു അവരുടെ ന്യായം. എന്നാല്‍ ‘എല്ലായിടത്തും മുട്ട പൊട്ടിയെങ്കിലും ആരും ഓംലെറ്റ് കഴിക്കുന്നത് കണ്ടില്ല’ എന്നതാണ് സത്യം. സോവിയറ്റ് യൂണിയനിലെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും കമ്യൂണിസ്റ്റ് വ്യവസ്ഥിതികള്‍ തകരുകയും, പീഡനങ്ങളുടെയും നാടുകടത്തലുകളുടെയും നരഹത്യകളുടെയും നടുക്കുന്ന വിവരങ്ങള്‍ ആധികാരികമായി പുറത്തുവരുകയും ചെയ്തതോടെ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുള്‍പ്പെടെ സമര്‍ത്ഥമായ ഒരു അടവുനയം പുറത്തെടുത്തു. സോവിയറ്റ് യൂണിയനിലും മറ്റും നടന്ന അതിക്രൂരമായ നരഹത്യകള്‍ക്കൊന്നും മാര്‍ക്‌സ് ഉത്തരവാദിയല്ല എന്നതായിരുന്നു അത്.
സോവിയറ്റ് യൂണിയന്‍ നടപ്പാക്കിയത് ‘ശരിയായ കമ്യൂണിസം’ അല്ലെന്ന വാദവും ഇവര്‍ മുന്നോട്ടുവച്ചു. സോവിയറ്റ് യൂണിയനിലും മറ്റും അതിക്രമങ്ങള്‍ നടക്കുമ്പോള്‍ മൗനം പാലിക്കുകയും ന്യായീകരിക്കുകയും ചെയ്ത ഇടതുബുദ്ധിജീവികളും അവരുടെ പിന്‍മുറക്കാരുമാണ് ഇങ്ങനെ പെരുമാറിയതെന്ന് ഓര്‍ക്കണം. കമ്യൂണിസ്റ്റ് വാഴ്ചക്കിടെ കൂട്ടക്കൊലകള്‍ അരങ്ങേറിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി ലെനിനെയും സ്റ്റാലിനെയും മാവോസേതൂങ്ങിനെയും പോലുള്ള ഭരണാധികാരികളാണെന്നും, മാര്‍ക്‌സിന് ഈ രക്തത്തില്‍ പങ്കില്ലെന്നും ഇക്കൂട്ടര്‍ പറയാന്‍ തുടങ്ങി. സോവിയറ്റ് ഏകാധിപതിയായിരുന്ന സ്റ്റാലിന്‍ രാക്ഷസനായി മാറിയത് ഒരു മാര്‍ക്‌സിസ്റ്റായതുകൊണ്ടല്ല എന്നു പറയുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. മാര്‍ക്‌സിസ്റ്റ് ആയതിനാലാണ് സ്റ്റാലിന് രാക്ഷസനാവാന്‍ കഴിഞ്ഞത്. സ്റ്റാലിന്‍ ഭ്രാന്തനായതുകൊണ്ടല്ല, ഒരു മാര്‍ക്‌സിസ്റ്റായതുകൊണ്ടാണ് ദശലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയത്. മാര്‍ക്‌സിന്റെ സിദ്ധാന്തം ആവശ്യപ്പെടുന്നതുകൊണ്ടാണ് സ്റ്റാലിന്‍ അറപ്പുളവാക്കുന്ന ക്രൂരതകള്‍ ചെയ്തുകൂട്ടിയത്. കൂട്ടുകൃഷിയിടങ്ങളും ഘനവ്യവസായങ്ങളുമൊക്കെ ആരംഭിച്ച് സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കണമെങ്കില്‍ മനുഷ്യജീവനുകള്‍ അതിന് വിലയായി നല്‍കേണ്ടിവരുമെന്ന് സ്റ്റാലിന്‍ ഉറച്ചുവിശ്വസിച്ചു.
റഷ്യ മുതല്‍ ചൈന വരെയും വിയറ്റ്‌നാം മുതല്‍ കമ്പോഡിയ വരെയും ഉത്തരകൊറിയ മുതല്‍ ക്യൂബവരെയും ഒരു നൂറ്റാണ്ടിനിടെ ഒരുകോടി മനുഷ്യരെ കൊന്നൊടുക്കിയതില്‍ മാര്‍ക്‌സിന്റെ തത്വശാസ്ത്രത്തിന് നേരിട്ട് ബന്ധമുണ്ട്. ഇക്കാര്യത്തില്‍ മാര്‍ക്‌സ് ഒരുവിധത്തിലും കുറ്റവിമുക്തനാവുന്നില്ല. കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നടന്ന കൊടുംപീഡനങ്ങള്‍ക്കെല്ലാം അത് ചെയ്ത സ്വേച്ഛാധിപതികള്‍ക്കൊപ്പം തുല്യനിലയില്‍ മാര്‍ക്‌സും ഉത്തരവാദിയാണ്. എന്നുമാത്രമല്ല വലിയ കുറ്റവാളി മാര്‍ക്‌സാണെന്നു പറയേണ്ടിവരും. ‘ശരിയായ ഒരേയൊരു വിപ്ലവസിദ്ധാന്തം’ എന്നാണ് ലെനിന്‍ മാര്‍ക്‌സിസത്തെ വിശേഷിപ്പിച്ചത്. ‘ഉത്തമവും ശരിയായതും മനോഹരവും’ എന്നായിരുന്നു മാവോയുടെ പ്രശംസ. ”മരണം എല്ലാറ്റിനും പരിഹാരമാണ്. മനുഷ്യനില്ലെങ്കില്‍ മരണവുമില്ലല്ലോ. ഒരു മരണം ഒരു ദുരന്തമാണ്. ദശലക്ഷം മരണങ്ങള്‍ സ്ഥിതിവിവര കണക്കുകളും” എന്നൊക്കെ സ്റ്റാലിനെക്കൊണ്ട് പറയിപ്പിച്ചതും മാര്‍ക്‌സാണ്. മാര്‍ക്‌സിന്റെ ഉറ്റ അനുയായികളെന്ന നിലയ്ക്കാണ് സ്റ്റാലിന്‍ 12 ദശലക്ഷം മനുഷ്യരെയും മാവോ 40 ദശലക്ഷം മനുഷ്യരെയും കൊന്നൊടുക്കിയത്. മാര്‍ക്‌സ് ജനിക്കാതിരിക്കുകയും വിധ്വംസകമായ ഒരു തത്വശാസ്ത്രത്തിന് രൂപം നല്‍കാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യരാശിയുടെ ഗണ്യമായ ഒരു വിഭാഗം കൊടിയ പീഡനങ്ങളില്‍നിന്നും നരഹത്യകളില്‍നിന്നും ഒഴിവാകുമായിരുന്നു. അങ്ങനെ ലോകം കുറെക്കൂടി സുന്ദരമാകുമായിരുന്നു.
കുരിശുയുദ്ധത്തിന് ക്രിസ്തു ഉത്തരവാദിയല്ലാതിരിക്കുന്നതുപോലെ കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ രാക്ഷസീയമായ അടിച്ചമര്‍ത്തലുകള്‍ക്ക് മാര്‍ക്‌സും ഉത്തരവാദിയല്ല എന്ന് ആധുനിക മാര്‍ക്‌സിസ്റ്റ് ടെറി ഈഗിള്‍ട്ടനെപ്പോലുള്ളവര്‍ പറയുന്നത് ചരിത്ര വിരുദ്ധവും യുക്തിക്ക് നിരക്കുന്നതുമല്ല. അര്‍ഹിക്കാത്ത ബഹുമതിയാണ് ഈഗിള്‍ടണ്‍ മാര്‍ക്‌സിന് നല്‍കുന്നത്. മാര്‍ക്‌സിന്റെ വ്യക്തിത്വവും തത്വചിന്തയും ഹിംസാത്മകമായിരുന്നു. ഇതിനു പിന്നിലുണ്ടായിരുന്നത് സ്‌നേഹവും കാരുണ്യവുമായിരുന്നു എന്നൊക്കെ പറയുന്നത് സ്തുതിപാഠകര്‍ അണിയിക്കുന്ന വര്‍ണാവരണങ്ങള്‍ മാത്രം. കൊടിയ ഹിംസകൊണ്ട് ലോകത്തെ ഞെട്ടിച്ച ലെനിന്‍, സ്റ്റാലിന്‍, മാവോ, ചെഗുവേര, പോള്‍പോട്ട് എന്നിവരുമായി മാര്‍ക്‌സിന് ബന്ധമുണ്ടെന്നു പറയുന്നത് തെറ്റിദ്ധാരണകൊണ്ടാണെന്നും, യഥാര്‍ത്ഥ മാര്‍ക്‌സ് പഴയ നിയമത്തിലെ പ്രവാചകനെപ്പോലെ, പത്തൊന്‍പതാം നൂറ്റാണ്ടിലെ യൂറോപ്പില്‍ നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയ മനുഷ്യസ്‌നേഹിയായിരുന്നു എന്നും വാദിക്കുന്നത് വലിയ കാപട്യമാണ്. നീതിയിലും നന്മതിന്മകളിലുമൊന്നും താല്‍പ്പര്യമുള്ളയാളായിരുന്നില്ല മാര്‍ക്‌സ്. ധാര്‍മികതയ്ക്ക് സ്വന്തമായ നിലനില്‍പ്പില്ലെന്ന് മാര്‍ക്‌സ് വിശ്വസിച്ചു. ഇതാണ് ലെനിനും മറ്റും ആയുധമാക്കിയത്. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഇവരെ പിന്തിരിപ്പിക്കാതിരുന്നതും, അതില്‍ മനസ്സാക്ഷിക്കുത്തില്ലാതിരുന്നതും ഇതുകൊണ്ടാണ്. ”നന്ദി എന്നത് നായ്ക്കളെ ബാധിക്കുന്ന രോഗമാണെന്ന്” സ്റ്റാലിനെക്കൊണ്ട് പറയിപ്പിച്ചതും മറ്റൊന്നല്ല. സോവിയറ്റ് യൂണിയന്‍ അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടിയിരുന്നെങ്കില്‍ അവിടെ നടന്ന പീഡനങ്ങളും കൂട്ടക്കൊലകളും സ്വീകാര്യമാവുമോ എന്നു ചോദിച്ചപ്പോള്‍ ‘അതെ’ എന്നു മറുപടി പറയാന്‍ എറിക് ഹോബ്‌സ്ബാമിനെപ്പോലുള്ളവരെ പ്രേരിപ്പിച്ചതും മാര്‍ക്‌സിസ്റ്റ് സഹജമായ ഹൃദയശൂന്യതയാണ്.
മാര്‍ക്‌സിന്റെ രാഷ്ട്രീയ പദ്ധതി ഹിംസയില്‍ അധിഷ്ഠിതമാണ്. അതിന് മറിച്ചാവാന്‍ കഴിയില്ല. ചോര ചിന്താതെ വിപ്ലവം സാധ്യമല്ല. താന്‍ ഹിംസയുടെ പക്ഷത്താണെന്ന് മാര്‍ക്്‌സ് തുടക്കം മുതല്‍ ഒടുക്കംവരെ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ക്‌സിന് ഹിംസയോട് മാനുഷികമായ സമീപനമായിരുന്നുവെന്നും, അക്രമത്തിന് ഒരിക്കലും മാര്‍ക്‌സ് ആഹ്വാനം ചെയ്തിട്ടില്ലെന്നും ചിലര്‍ പറയുന്നത് ഒന്നുകില്‍ മാര്‍ക്‌സിനെ ശരിയായി മനസ്സിലാക്കാത്തതുകൊണ്ടോ, അല്ലെങ്കില്‍ ചരിത്രത്തിന്റെ വിചാരണ നേരിടുന്ന ഒരു രാക്ഷസീയ വ്യക്തിത്വത്തെ വെള്ളപൂശുന്നതിനോ ആണ്. മാര്‍ക്‌സ് എക്കാലവും ഹിംസയുടെ പക്ഷത്ത് ശക്തമായി നിലയുറപ്പിച്ചയാളാണെന്ന് നിര്‍ണായക ഘട്ടങ്ങളില്‍ മാര്‍ക്‌സ് എടുത്തിട്ടുള്ള നിലപാടുകളില്‍നിന്ന് വ്യക്തമാണ്. മാര്‍ക്‌സിസ്റ്റ് സാഹിത്യം പരിശോധിക്കുന്നവര്‍ക്ക് ഇതിന് ധാരാളം തെളിവുകള്‍ ലഭിക്കും.
ഹിംസാത്മകമായ പ്രഖ്യാപനങ്ങള്‍
ഹിംസയുടെ കാര്യത്തില്‍ മാര്‍ക്‌സിന് യാതൊരു സന്ദേഹവുമില്ലായിരുന്നുവെന്ന് 1848 ല്‍ പ്രസിദ്ധീകരിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ നിന്നുതന്നെ വ്യക്തമാണ്. ”കമ്യൂണിസ്റ്റുകള്‍ എല്ലായിടത്തും നിലവിലുള്ള സാമൂഹ്യ-രാഷ്ട്രീയക്രമങ്ങള്‍ക്കെതിരായ എല്ലാ വിപ്ലവപ്രസ്ഥാനങ്ങളെയും പിന്താങ്ങുന്നു” എന്നതാണ് നയമെന്ന് വ്യക്തമാക്കിയശേഷം എന്താണ് ചെയ്യാന്‍ പോകുന്നതെന്നും മാര്‍ക്‌സ് പ്രഖ്യാപിക്കുന്നു. ”സ്വാഭിപ്രായങ്ങളെയും ലക്ഷ്യങ്ങളെയും മൂടിവയ്ക്കുന്നതിനെ കമ്യൂണിസ്റ്റുകള്‍ വെറുക്കുന്നു. നിലവിലുള്ള സാമൂഹ്യവ്യവസ്ഥയെയാകെ ബലംപ്രയോഗിച്ച് മറിച്ചിട്ടാല്‍ മാത്രമേ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനാവൂ എന്നത് അവര്‍ പരസ്യമായി പ്രഖ്യാപിക്കുന്നു.” (118) രാഷ്ട്രീയ ശക്തി എന്നത് ഒരു വര്‍ഗത്തിന്റെ സംഘടിത ശക്തി മറ്റൊന്നിനെ അടിച്ചമര്‍ത്തുന്നതാണെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ തന്നെ മാര്‍ക്‌സ് ന്യായീകരിക്കുന്നുമുണ്ട്.
താന്‍ മുഖ്യപത്രാധിപരായി പ്രസിദ്ധീകരിച്ചിരുന്ന നെയു റെയ്ഷിംഗ് സെറ്റുങ് എന്ന ജര്‍മന്‍ പത്രത്തില്‍ 1849 മെയ് മാസത്തില്‍ എഴുതിയ മുഖപ്രസംഗത്തിലും ഹിംസയോടുള്ള ആഭിമുഖ്യം മാര്‍ക്‌സ് മറയില്ലാതെ പ്രകടിപ്പിക്കുന്നുണ്ട്. ”പഴയ സമൂഹത്തിന്റെ അതിക്രൂരമായ മരണ യാതനകളെയും പുതിയ സമൂഹത്തിന്റെ പ്രസവവേദനയെയും ചുരുക്കാനും ലഘൂകരിക്കാനും ഒരൊറ്റ വഴിയേയുള്ളൂ, വിപ്ലവകരമായ ഭീകരതയാണത്.” (119) ലെനിന്‍ മുതല്‍ ഇങ്ങോട്ടുള്ള കമ്യൂണിസ്റ്റ് സ്വേച്ഛാധിപതികളുടെ കൊടുംക്രൂരതകളില്‍ പ്രതിധ്വനിക്കുന്നത് മാര്‍ക്‌സിന്റെ ഈ വാക്കുകളാണ്. ഇതേ മുഖപ്രസംഗത്തില്‍ മാര്‍ക്‌സ് ഇങ്ങനെ തുടരുന്നു: ”ഞങ്ങള്‍ക്ക് യാതൊരു അനുകമ്പയുമില്ല. നിങ്ങളില്‍നിന്ന് ഞങ്ങള്‍ അത് ആവശ്യപ്പെടുന്നുമില്ല. ഞങ്ങളുടെ ഊഴം വരുമ്പോള്‍ ഭീകരത പ്രവര്‍ത്തിക്കാന്‍ ഒരു പിഴവും വരുത്തില്ല.”
മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനത്തില്‍ ലണ്ടനില്‍ (1847) രൂപംകൊണ്ട് ആദ്യത്തെ അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു മാര്‍ക്‌സും ഏംഗല്‍സും അംഗങ്ങളായുള്ള കമ്യൂണിസ്റ്റ് ലീഗ്. ഈ പാര്‍ട്ടിക്കുവേണ്ടിയാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിക്കപ്പെട്ടത്. 1850ല്‍ കമ്യൂണിസ്റ്റ് ലീഗിന്റെ കേന്ദ്ര കമ്മിറ്റിയെ അഭിസംബോധന ചെയ്ത് മാര്‍ക്‌സ് പ്രസംഗിച്ചത് ഇങ്ങനെയാണ്: ”വിജയം നേടിക്കഴിഞ്ഞാലുടന്‍ വിപ്ലവാവേശം കെട്ടടങ്ങുന്ന വിധമായിരിക്കരുത് (തൊഴിലാളി വര്‍ഗം) പ്രവര്‍ത്തിക്കേണ്ടത്. അതിനു പകരം കഴിയാവുന്നിടത്തോളം ആവേശം നിലനിര്‍ത്തണം. വെറുക്കപ്പെട്ടവരോടും വെറുപ്പിന്റെതായ ഓര്‍മകള്‍ തങ്ങിനില്‍ക്കുന്ന പൊതുസ്ഥാപനങ്ങളോടുമുള്ള ജനങ്ങളുടെ പ്രതികാരത്തെ അതിക്രമങ്ങളായി കണ്ട് എതിര്‍ക്കരുത്. അത്തരം പ്രവൃത്തികളെ സഹിക്കണമെന്നു മാത്രമല്ല, അതിന്റെ നിയന്ത്രണം കയ്യിലെടുക്കുകയും വേണം… വിജയത്തിന്റെ ആദ്യ നിമിഷം മുതല്‍ അടിയേറ്റ പ്രതിലോമകാരികളായ ശത്രുക്കള്‍ക്കെതിരെയും നമ്മുടെ മുന്‍ കൂട്ടാളികള്‍ക്ക് (ജനാധിപത്യ ശക്തികള്‍) എതിരെയും നമ്മുടെ അവിശ്വാസം തിരിച്ചുവിടണം… മുഴുവന്‍ തൊഴിലാളി വര്‍ഗത്തെയും തോക്കുകളും സ്‌ഫോടകവസ്തുക്കളും നല്‍കി ഉടന്‍തന്നെ ആയുധമണിയിക്കണം. സൈനിക തലവന്മാരും ഉദ്യോഗസ്ഥരുമുള്ള സ്വന്തം സൈന്യത്തിനും രൂപംനല്‍കണം. ബൂര്‍ഷ്വാസിയുടെ ജനാധിപത്യ ഭരണകൂടത്തിന് തൊഴിലാളികള്‍ക്കിടയിലുള്ള എല്ലാ പിന്തുണയും ഉടന്‍തന്നെ നഷ്ടപ്പെടണമെന്നു മാത്രമല്ല, അധികാരികളുടെ മേല്‍നോട്ടത്തിലും ഭീഷണിയിലും അവര്‍ക്കു പിന്നിലാണ് മുഴുവന്‍ തൊഴിലാളിവര്‍ഗവുമെന്ന് തുടക്കത്തില്‍ തന്നെ തിരിച്ചറിയുകയും വേണം… പുതിയ ഭരണകൂടം സ്ഥാപിതമായാലുടന്‍ അവര്‍ തൊഴിലാളികളോട് യുദ്ധം ചെയ്യാന്‍ തുടങ്ങും. വിജയത്തിന്റെ ആദ്യമണിക്കൂറില്‍ തന്നെ തൊഴിലാളി വഞ്ചന ആരംഭിക്കുന്ന ഈ പാര്‍ട്ടിയെ (ഡെമോക്രാറ്റുകളെ) നിരാശപ്പെടുത്തണം. ഇതിന് തൊഴിലാളികളെ സംഘടിപ്പിക്കേണ്ടതും ആയുധമണിയിക്കേണ്ടതും ആവശ്യമാണ്.” (120) ഭീകര പ്രവര്‍ത്തനത്തിനും കൂട്ടക്കൊലകള്‍ക്കുമാണ് മാര്‍ക്‌സ് ഇതിലൂടെ ആഹ്വാനം ചെയ്യുന്നത്. ഈ ആഹ്വാനമാണ് റഷ്യയില്‍ ലെനിനും സ്റ്റാലിനും ഉള്‍ക്കൊണ്ടതും പ്രാവര്‍ത്തികമാക്കിയതും.
1871 ലെ സായുധ കലാപമായ പാരീസ് കമ്യൂണിനോടും മാര്‍ക്‌സ് സ്വീകരിച്ച നിലപാട് ഇതുതന്നെയായിരുന്നു. പാരീസ് കമ്യൂണ്‍ അടിച്ചമര്‍ത്തപ്പെടുന്നതിന് തൊട്ടുമുന്‍പ് മാര്‍ക്‌സ് എഴുതി: ”പാരീസുകാര്‍ കീഴടങ്ങുകയാണെന്ന് തോന്നുന്നു. ഇതവരുടെ സ്വന്തം പിഴവാണ്. അതിരുവിട്ട മര്യാദകൊണ്ടുണ്ടായ പിഴവ്. അവര്‍ പരാജയപ്പെടുകയാണെങ്കില്‍ അതിനവരുടെ ‘സല്‍സ്വഭാവത്തെ’ മാത്രമേ കുറ്റപ്പെടുത്തേണ്ടതുള്ളൂ. അവര്‍ ഉടന്‍ വെര്‍സയ്‌ലിലേക്ക് (വിപ്ലവകാരികള്‍ കമ്യൂണാക്കി മാറ്റിയ കൊട്ടാരം) മാര്‍ച്ച് ചെയ്യണമായിരുന്നു. മനഃസാക്ഷിക്കുത്തു മൂലമുള്ള വിസമ്മതംകൊണ്ട് അവര്‍ സ്വന്തം അവസരം പാഴാക്കി. ഒരു ആഭ്യന്തര യുദ്ധം ആരംഭിക്കാന്‍ അവര്‍ ആഗ്രഹിച്ചില്ല. പ്രതിവിപ്ലവ സേനയോട് ഏറ്റുമുട്ടുമ്പോള്‍ വിപ്ലവകാരികള്‍ ഹിംസ പ്രവര്‍ത്തിക്കുന്നത് പരിമിതപ്പെടുത്തണമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവുമോ? മനഃസാക്ഷിയെ തൃപ്തിപ്പെടുത്താന്‍ വിപ്ലവത്തെ വഞ്ചിക്കണമെന്ന് അവരോട് ആവശ്യപ്പെടാന്‍ കഴിയുമോ?”(121)
ലോകത്തെ സമാധാനപരമായ മാര്‍ഗത്തിലൂടെ പരിവര്‍ത്തിപ്പിക്കാമെന്ന് സ്വപ്‌നം കണ്ട തത്വചിന്തകന്റെ വിചാരണങ്ങളാണത്രേ ഇത്! ലക്ഷ്യം നേടാന്‍ കള്ളവും ചതിയും പീഡനവും കൊലപാതകവുമെന്നല്ല, എന്തുവേണമെങ്കിലുമാവാം എന്നു കരുതിയ ഒരാളുടെ മനസ്സാണിത്. സൈബീരിയയിലെ ഗുലാഗുകളും കമ്പോഡിയയിലെ കൊലവയലുകളും മറ്റും സൃഷ്ടിച്ച് ഭൂമിയെ നരകത്തിലേക്ക് നയിച്ച പാതയായിരുന്നു ഇത്. മാര്‍ക്‌സ് അപൂര്‍വം ചില അവസരങ്ങളില്‍ ജനാധിപത്യവാദി ചമയാറുണ്ടെങ്കിലും അതില്‍ യാതൊരു ആത്മാര്‍ത്ഥതയും ഉണ്ടായിരുന്നില്ല. തന്റെ ആശയങ്ങള്‍ സ്വതന്ത്രമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാവാത്ത തികഞ്ഞ ഏകാധിപതിയായിരുന്ന മാര്‍ക്‌സിന് വിമര്‍ശകര്‍ ഒന്നുകില്‍ ബൂര്‍ഷ്വാസികളായ വിഡ്ഢികള്‍, അല്ലെങ്കില്‍ തൊഴിലാളി വര്‍ഗ വഞ്ചകര്‍ ആയിരുന്നു. സൈദ്ധാന്തികമായും പ്രായോഗികമായും മാര്‍ക്‌സിന് ആഭിമുഖ്യം ഹിംസയോടായിരുന്നു.
സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിനു ശേഷമുള്ള ഒരു ലോക തൊഴിലാളി ദിനത്തില്‍ മോസ്‌കോയില്‍ നടന്ന പ്രകടനത്തില്‍ കാറല്‍ മാര്‍ക്‌സിന്റെ വേഷം ധരിച്ച ഒരാള്‍ ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡിലെ വരികള്‍ ഇങ്ങനെയായിരുന്നു:
യുവാവായിരിക്കെ ആരാണ് ലോകത്തെ മാറ്റുന്നതിനെക്കുറിച്ച് സ്വപ്‌നം കാണാതിരിക്കുക?
പക്ഷേ മാര്‍ക്‌സിന്റെ അനുയായികള്‍, അവരുടെ അഹങ്കാരംകൊണ്ട് വലിച്ചെറിഞ്ഞത് ചരിത്രവും പാരമ്പര്യവും മാത്രമല്ല, ദശലക്ഷക്കണക്കിന് മനുഷ്യജീവനുകളുമാണ്.
പുരോഗതിയുടെ പേരില്‍ അവര്‍ സ്ത്രീ പുരുഷന്മാരെയും കുട്ടികളെയും അറവുശാലയിലെ മൃഗങ്ങളെപ്പോലെ കശാപ്പു ചെയ്തു.
ഏറെക്കുറെ ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള മനുഷ്യരുടെ വന്‍കുഴിമാടങ്ങള്‍ മാര്‍ക്‌സിന്റെ വീക്ഷണത്തിന്റെ പൈശാചിക ശക്തി തെളിയിക്കുന്നു.
(തുടരും)
അടിക്കുറിപ്പുകള്‍:-
117. EL Che: The marketing of a Sadistic Racist, Mike Gonzalez
118. I-ayq-Wn-Ìv am-\n-s^-tÌm, amÀ-Iv-kvþGw-KÂ-kv
119. Marx and the Gulag, Thomas G. West, Saderson Schaub
120. Address to the Communist League, Karl Marx
121. The Civil War in France, Karl Marx
ഭാഗം 17 വായിക്കാന്‍ https://kesariweekly.com/33992/ സന്ദര്‍ശിക്കുക