ദ്രൗപദി മുര്‍മു
പ്രചോദനം പകരും ജീവിതകഥ
പി.എസ്. രാകേഷ്
മാതൃഭൂമി ബുക്‌സ്
പേജ്: 64 വില: 120 രൂപ
ഫോണ്‍: 0495-2362000
ഗോത്ര മേഖലയില്‍ നിന്നുള്ള ഒരു വ്യക്തിക്ക് രാഷ്ട്രത്തിന്റെ പരമോന്നത ഭരണഘടനാപദവിയില്‍ എത്താന്‍ കഴിഞ്ഞു എന്നത് ഭാരത ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവുമാണ് വ്യക്തമാക്കുന്നത്. ദരിദ്രഭവനത്തില്‍ ജനിച്ച്, ഉന്നതവിദ്യാഭ്യാസം നേടി പോരാട്ടങ്ങളിലൂടെ ജീവിതത്തെ രൂപപ്പെടുത്തിയ വനിത കൂടിയാകുമ്പോള്‍ അതിന് മാറ്റ് കൂടുന്നു. ആ വിശിഷ്ട വ്യക്തിത്വമാണ് ഭാരതത്തിന്റെ ആദ്യ ഗോത്രവംശജയായ രാഷ്ട്രപതിയായി അധികാരമേറ്റ ദ്രൗപദി മുര്‍മു. സ്വതന്ത്ര ഭാരതത്തില്‍ ജനിച്ച ഭാരതത്തിലെ ആദ്യത്തെ രാഷ്ട്രപതി കൂടിയായ ദ്രൗപദി മുര്‍മുവിന്റെ ലഘുജീവചരിത്രമാണ് പി.എസ്. രാകേഷ് രചിച്ച ‘ദ്രൗപദി മുര്‍മു – പ്രചോദനം പകരും ജീവിതകഥ’. ദ്രൗപദി മുര്‍മു തന്റെ ജീവിതയാത്രയില്‍ കടന്നുപോയിട്ടുള്ള സന്ദര്‍ഭങ്ങളെയും സാഹചര്യങ്ങളെയും വിശദമാക്കിക്കൊണ്ട് അവരുടെ പ്രചോദനം പകരുന്ന ജീവിതത്തെ ഗ്രന്ഥകാരന്‍ ഈ പുസ്തകത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. മക്കളെ നഷ്ടപ്പെട്ട മാതാവിനെയും, പ്രതികൂല സാഹചര്യങ്ങളെ പോരാട്ടത്തിലൂടെ മറികടന്ന രാഷ്ട്രീയ നേതാവിനെയും, ജീവിതത്തിലെ പ്രതിസന്ധികളെ ദുഃഖത്തോടെ എങ്കിലും ആത്മധൈര്യം കൈവിടാതെ നേരിട്ട ഭാരതീയ നാരീശക്തിയുടെ വര്‍ത്തമാനകാല പ്രതീകത്തെയും നമുക്ക് ഈ പുസ്തകത്തില്‍ വായിച്ചെടുക്കാനാകും. രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഗോത്ര വിഭാഗത്തിന്റെയുമെല്ലാം പ്രതീക്ഷകള്‍ നിറവേറ്റാന്‍ കാലം കാത്തുവെച്ച ദ്രൗപദി മുര്‍മുവിന്റെ ജീവിതം എല്ലാവര്‍ക്കും പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുപോകാനുള്ള ആത്മധൈര്യം പകരുന്നതാണ്. ശ്രീകാന്ത് കോട്ടക്കല്‍ എഴുതിയ അവതാരികയും രാഷ്ട്രപതിയുടെ ആദ്യ പാര്‍ലമെന്ററി പ്രസംഗവും ഈ പുസ്തകത്തിന്റെ മാറ്റു കൂട്ടുന്നു.
രമണസന്നിധിയില്‍
സരസ്വതി എസ്.വാര്യര്‍
മാതൃഭൂമി ബുക്‌സ്
പേജ്: 134 വില: 190 രൂപ
ഫോണ്‍: 0495-2362000
തമിഴില്‍ രമണമഹര്‍ഷിയുടെ ജീവചരിത്രം എഴുതിയ ശുദ്ധാനന്ദഭാരതി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തയാളായിരുന്നു. അദ്ദേഹത്തിന്റെ അവസാനത്തെ രാഷ്ട്രീയ പ്രസംഗം വ. ചിദംബരം പിള്ളയുടെ അദ്ധ്യക്ഷതയില്‍ തൂത്തുക്കുടിയില്‍ നടന്നതായിരുന്നു. വട്ടക്കിണറു മൈതാനിയില്‍ വലിയ ജനക്കൂട്ടത്തിനു മുമ്പില്‍ അദ്ദേഹം പ്രസംഗിച്ചു: ”ഭൂഗോളത്തിലെ ഒരു തുണ്ട് ഭൂമി മാത്രമല്ല ഭാരതം. ദൈവിക ശക്തികളുടെ ആസ്ഥാനമാണിവിടം. ഈ ശക്തി ഇന്ത്യയെ സ്വാതന്ത്രയാക്കും”. ഉത്തരപ്പാറയില്‍ മഹര്‍ഷി അരവിന്ദന്‍ നടത്തിയ പ്രസംഗത്തിന് സമാനമാണീ പ്രസംഗം. രമണമഹര്‍ഷിയെപ്പോലുള്ള നൂറുകണക്കിന് ആത്മീയ പുരുഷന്മാര്‍ക്ക് ജന്മം നല്‍കിയ ഭൂമിയ്ക്ക് ഒരിക്കലും പാരതന്ത്ര്യത്തിലാഴ്ന്നു കഴിയാന്‍ സാധിക്കില്ല.
കേവലം ദര്‍ശനംകൊണ്ട് ഏതൊരു ഭക്തനും മോക്ഷത്തിനുള്ള വഴി കാണിക്കാന്‍ കഴിയുന്ന ആത്മീയ ചൈതന്യമാണ് രമണ മഹര്‍ഷിയുടേത്. അദ്ദേഹത്തിന്റെ മൗനം പോലും ഭക്തരുടെ സംശയമകറ്റുന്നതാണ്. ദക്ഷിണാമൂര്‍ത്തിയെപ്പോലെ വിളങ്ങുന്ന സര്‍വ്വവിജ്ഞാനങ്ങളുടെ അവതാരമാണദ്ദേഹം. ഇത്തരം നിരവധി അനുഭവങ്ങളുടെ കഥനമാണ് സരസ്വതി എസ്.വാര്യരുടെ ‘രമണ സന്നിധിയില്‍’ എന്ന പുസ്തകം. രമണമഹര്‍ഷിയുടെ കൃപയും സ്‌നേഹവും വഴികാട്ടലുമെല്ലാം പലരുടെയും അനുഭവങ്ങളിലൂടെ ഗ്രന്ഥകര്‍ത്താവ് വിവരിച്ചുതരുന്നു. ഇവയെല്ലാം അദ്ദേഹത്തിന്റെ കാലഘട്ടത്തിലുള്ള സംഭവങ്ങളും കുറിപ്പുകളുമാണ് എന്നതു അതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
തിരുവങ്ങാട്
ശ്രീരാമസ്വാമിക്ഷേത്രം
മാഹാത്മ്യവും – ചരിത്രവും
സി.മാധവന്‍ നായര്‍
തിരുവങ്ങാട് ദേവസ്വം
തലശ്ശേരി
മൊ.: 9544064294
കേരളത്തിലെ ശ്രീരാമക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ സവിശേഷതകളും പ്രാധാന്യവും അനാവരണം ചെയ്യുന്ന പുസ്തകമാണ് സി. മാധവന്‍നായര്‍ രചിച്ച ‘തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം മാഹാത്മ്യവും ചരിത്രവും’. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുള്ള ഗ്രന്ഥകാരന്‍ തിരുവങ്ങാട് ശ്രീരാമക്ഷേത്രവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ഗ്രന്ഥരചന നടത്തിയിരിക്കുന്നത്. അയത്‌നലളിതമായ പ്രതിപാദനരീതി പുസ്തകത്തെ ആകര്‍ഷകമാക്കുന്നു.
Comments