രാഷ്ട്രസേവനത്തിനായി നീണ്ട 56 വര്‍ഷം സംഘത്തിന്റെ പ്രചാരകനായി പ്രവര്‍ത്തിച്ച ഹസ്തിമല്‍ജി തന്റെ കര്‍മ്മമയ ജീവിതം അവസാനിപ്പിച്ച് ഈ ലോകത്തോട് യാത്ര പറഞ്ഞ കാര്യം ഞെട്ടലോടെയാണ് കേട്ടത്. തന്റെ 76-ാം വയസ്സിലാണ് ആ കര്‍മ്മയോഗി നമ്മെ വിട്ടു പിരിഞ്ഞത്. പ്രാന്ത പ്രചാരകന്മാരെന്ന നിലയിലും അഖില ഭാരതീയ കാര്യകര്‍ത്താക്കള്‍ എന്ന നിലയിലും ദീര്‍ഘകാലം ഞങ്ങള്‍ സഹപ്രവര്‍ത്തകരായിരുന്നു. ഉദയപൂര്‍ ജില്ലയില്‍ ചന്ദ്രഭാഗ നദിയുടെ തെക്കേക്കരയിലെ ആമേഠ എന്ന സ്ഥലത്താണ് 1945 ലെ ശ്രാവണ ശുക്ല ചതുര്‍ദ്ദശി ദിവസം അദ്ദേഹം ജനിച്ചത്. അതിബുദ്ധിമാനായ വിദ്യാര്‍ത്ഥിയായിരുന്നു ഹസ്തി മല്‍ ജി. ഹയര്‍ സെക്കന്ററി മുതല്‍ എം.എവരെയുള്ള ക്ലാസ്സിലെ പരീക്ഷകളിലെല്ലാം ഒന്നാമതായി ജയിച്ചു. ബി.എ വരെയുള്ള പഠനത്തിന് മെറിറ്റ് സ്‌ക്കോളര്‍ഷിപ്പിനും 1969ല്‍ എം.എ(സംസ്‌കൃതം) യ്ക്ക് നാഷണല്‍ സ്‌കോളര്‍ഷിപ്പിനും അദ്ദേഹം അര്‍ഹനായി.
ബാല്യത്തില്‍ തന്നെ സ്വയംസേവകനായിത്തീരാനുള്ള സൗഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു. 1964 ല്‍ ഹയര്‍ സെക്കന്ററി പരീക്ഷയ്ക്ക് ശേഷം സംഘത്തിന്റെ തൃതീയ വര്‍ഷ പ്രശിക്ഷണം പൂര്‍ത്തിയാക്കി. തുടര്‍ന്ന് പ്രചാരകനായി. ആദ്യത്തെ 10 വര്‍ഷം ഉദയ പൂരില്‍ തന്നെ വിവിധ ചുമതല യില്‍ പ്രവര്‍ത്തിച്ചു.
1975 ലെ അടിയന്തരാവസ്ഥയില്‍ ഒളിവില്‍ പ്രവര്‍ത്തിക്കവെ അറസ്റ്റ് ചെയ്യപ്പെട്ട് ജയ്പ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായി . ജയില്‍ മുക്തനായ ശേഷം 2000 ആണ്ടുവരെ അദ്ദേഹം ജയപ്പൂരില്‍ത്തന്നെ വിഭാഗ് പ്രചാരക് , പ്രാന്ത പ്രചാരക്, ക്ഷേത്ര പ്രചാരക് എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് അഖില ഭാരതീയ സഹബൗദ്ധിക്ക് ശിക്ഷണ്‍ പ്രമുഖ്, അഖില ഭാരതീയ സമ്പര്‍ക്ക പ്രമുഖ് എന്നീ ചുമതലകള്‍ വഹിച്ചു. രാജസ്ഥാനിലെ ആദ്യകാല പ്രചാരകന്മാരായിരുന്ന സ്വര്‍ഗ്ഗീയ ബ്രഹ്‌മദേവ്ജി സ്വര്‍ഗ്ഗീയ സോഹന്‍ സിംഗ് ജി തുടങ്ങിയവരുടെ സ്‌നേഹവും മാര്‍ഗദര്‍ശനവും കിട്ടി വളര്‍ന്ന ഹസ്തി മല്‍ജി അതേ പാത പിന്‍തുടര്‍ന്നു കൊണ്ട് ജയ്പൂര്‍ ഭാഗത്തെ സംഘപ്രവര്‍ത്തനം ഗ്രാമതലത്തിലേക്ക് എത്തിക്കുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചു. രാജസ്ഥാനിലെ ‘പാഥേയ കണ്‍’ എന്ന പാക്ഷികം ആരംഭിക്കുന്നതിലും അതിന്റെ നടത്തിപ്പ് തുടങ്ങിയ കാര്യങ്ങളിലെല്ലാം കാര്യമായ ശ്രദ്ധ പതിപ്പിച്ച് അതിന് ശക്തമായ അടിത്തറ സൃഷ്ടിച്ചു. ഇന്ന് രാജസ്ഥാനിലെ ഏറ്റവും പ്രചാരമുള്ള പത്രികയാണത്.മരണാനന്തരം തന്റെ ഭൗതികശരീരം വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി സ്വയം സമര്‍പ്പിച്ചിരുന്നു. സൗമ്യനും സദാ പ്രസന്നന്നും സരള സ്വഭാവക്കാരനുമായ അദ്ദേഹത്തിന്റെ പ്രകൃതം എല്ലാവരുമായും എളുപ്പത്തില്‍ ആത്മീയ ബന്ധം സൃഷ്ടിക്കുന്നതായിരുന്നു. അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ ആ കര്‍മയോഗിയുടെ ജ്വലിക്കുന്ന സ്മരണക്കു മുന്നില്‍ ഒരായിരം പ്രണാമങ്ങളര്‍പ്പിക്കുന്നു.
(ആര്‍.എസ്.എസ്. അഖിലഭാരതീയ കാര്യകാരി അംഗമായിരുന്നു ലേഖകന്‍)