ഉന്നത വിദ്യാഭ്യാസം സാര്‍വത്രികമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് കേന്ദ്ര സര്‍വ്വകലാശാലകള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 54 ഓളം കേന്ദ്ര സര്‍വ്വകലാശാലകള്‍ വിവിധ വിഷയങ്ങളില്‍ ബിരുദ-ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനും അവസരങ്ങള്‍ നല്‍കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം മികച്ച അവസരങ്ങളാണ് ഈ സര്‍വ്വകലാശാലകളില്‍ ലഭ്യമാകുന്നത്. അത്യാധുനിക സംവിധാനങ്ങളോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലൈബ്രറികള്‍ ഉള്‍പ്പടെ വ്യക്തിത്വ വികാസത്തിനായുള്ള നിരവധി അവസരങ്ങള്‍ കേന്ദ്ര സര്‍വ്വകലാശാലകള്‍ പ്രദാനം ചെയ്യുന്നു. സ്വയംഭരണ സ്ഥാപനങ്ങള്‍ ആയതുകൊണ്ടുതന്നെ സമൂഹത്തിന്റെ മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പാഠ്യപദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കുവാന്‍ സ്വാതന്ത്ര്യമുള്ളവയാണ് കേന്ദ്ര സര്‍വ്വകലാശാലകള്‍. ഇവ കൂടാതെ പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിലും ഇവ മുന്‍പന്തിയിലാണ്. ഉദാഹരണത്തിന്, ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന യു.ജി-പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ മാസവും 2000 രൂപ സ്‌കോളര്‍ഷിപ്പായി നല്‍കുന്നുണ്ട്. കലാ സാംസ്‌കാരിക, കായിക മേഖലകളിലും, സെമിനാറുകള്‍, ചര്‍ച്ചകള്‍, സാമൂഹിക സേവനം ഉള്‍പ്പടെയുള്ള മികച്ച അവരസങ്ങള്‍ ലഭിക്കുവാന്‍ കേന്ദ്ര സര്‍വ്വകലാശാലകള്‍ ഉപരിപഠനത്തിനായി തെരഞ്ഞെടുക്കുന്നത് വളരെ പ്രയോജനകരമാണ്.
പ്ലസ്ടു പരീക്ഷയുടെ മാര്‍ക്ക് ഉള്‍പ്പടെയുള്ള വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ സര്‍വ്വകലാശാലകളും മുന്‍പ് പ്രവേശനം നടത്തിയിരുന്നത്. 2022 മുതല്‍ സി.യു.ഇ.ടിയിലൂടെ (Common University Entrance Test CUET)- രാജ്യത്താകമാനം ഏകീകൃതമായ പ്രവേശന പരീക്ഷയ്ക്ക് തുടക്കം കുറിക്കുകയുണ്ടായി. ദേശീയ പരീക്ഷ ഏജന്‍സിയാണ് (National Testing Agency NTA) ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ദല്‍ഹി യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ജാമിയ മിലിയ ഇസ്ലാമിയ, അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി, തേസ്പൂര് യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, വിശ്വഭാരതി യൂണിവേഴ്‌സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള തുടങ്ങിയവയാണ് രാജ്യത്തെ പ്രധാന കേന്ദ്ര സര്‍വ്വകലാശാലകള്‍. ന്യൂനപക്ഷ പദവി ഉള്ളതിനാല്‍ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയിലും അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലും പട്ടികജാതി- പട്ടികവര്‍ഗ്ഗ മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രവേശനത്തിന് സംവരണം ഉണ്ടായിരിക്കുകയില്ല.
ഒറ്റ ഫീസിലൂടെയും ഒറ്റ പരീക്ഷയിലൂടെയും രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നതാണ് പുതിയ രീതി. നാല് വിഭാഗങ്ങളിലായാണ് പ്രധാനമായും പരീക്ഷ നടത്തുന്നത്. വിഭാഗം IA യില്‍ 13 ഭാഷകളും വിഭാഗം IB യില്‍ 19 ഭാഷകളും വിഭാഗം II ല്‍ 27 നിര്‍ദ്ദിഷ്ട വിഷയങ്ങളും വിഭാഗം IIIല്‍ പൊതുപരീക്ഷയും ഉള്‍പ്പെടുത്തിയിരിക്കുന്നു. എല്ലാ വിദ്യാര്‍ത്ഥികളും എല്ലാ ഭാഗവും എഴുതണമെന്ന് നിര്‍ബന്ധമില്ല. നാം പ്രവേശനം ആഗ്രഹിക്കുന്ന കേന്ദ്ര സര്‍വ്വകലാശാലയിലെ പ്രവേശന രീതിക്ക് അനുയോജ്യമായ വിഭാഗങ്ങളും ഭാഷയും വിഷയവും തിരഞ്ഞെടുത്തു വേണം പരീക്ഷ എഴുതാന്‍. അതിനാല്‍ നമുക്ക് ആവശ്യമുള്ള കേന്ദ്ര സര്‍വ്വകലാശാലകളുടെ ബുള്ളറ്റിന്‍ പരിശോധിക്കുന്നത് ഉപകാരപ്രദമായിരിക്കും. അതത് വെബ്‌സൈറ്റുകളില്‍ ഇവ ലഭ്യമാണ്. 2023ലെ CUET ന്റെ തീയതികള്‍ NTA പ്രസിദ്ധീകരിച്ചതു പ്രകാരം യു.ജി പരീക്ഷ 2023 മെയ് 21 മുതല്‍ 31 വരെയും പി.ജി പരീക്ഷ 2023 ജൂണ്‍ 1 മുതല്‍ 10 വരെയുമാണ് നടക്കുന്നത്.
ദല്‍ഹി സര്‍വ്വകലാശാലയ്ക്ക് കീഴിലെ 91 ഓളം കോളേജുകളിലേക്ക് 2023-ലെ യു.ജി-പി.ജി പ്രവേശനം CUET സ്‌കോറുകള്‍ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് ഡിസംബര്‍ 30 ന് ചേര്‍ന്ന സര്‍വ്വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി മലയാളി വിദ്യാര്‍ത്ഥികളാണ് നിലവില്‍ ദല്‍ഹി സര്‍വകലാശാലയില്‍ പഠിക്കുന്നത്. കേന്ദ്രീകൃത പ്രവേശനം നടപ്പിലാക്കിയതോടെ ദല്‍ഹിയില്‍ പ്രത്യേകിച്ചു ദല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ എണ്ണം 2022-ല്‍ കുറയുന്ന സ്ഥിതിയുണ്ടായി. കേരളത്തില്‍ ലഭിക്കുന്ന വിദ്യാഭ്യാസം ദേശീയ തലത്തിലെ പരീക്ഷകള്‍ക്ക് ഉതകുംവിധം നിലവാരമില്ലാതെ വന്നതിന്റെ ഫലമായാണ് ഇത്തരത്തിലുള്ള സാഹചര്യമുണ്ടായത്. ഇതേ സമയത്ത് സാക്ഷരതയില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന ബീഹാര്‍ ബോര്‍ഡില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ വര്‍ദ്ധിക്കുകയാണുണ്ടായത്. ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ 2021-ല്‍ പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ച 70,000 ത്തോളം വിദ്യാര്‍ത്ഥികളില്‍ 2.33 ശതമാനം മലയാളി വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. എന്നാല്‍ 2022-ല്‍ മലയാളി വിദ്യാര്‍ത്ഥികളുടെ എണ്ണം 0.62 ശതമാനമായി കുറഞ്ഞു. ജെ.എന്‍.യു അടക്കമുള്ള ദല്‍ഹിയിലെ മറ്റ് വിദ്യാലയങ്ങളിലും ഈ സ്ഥിതിയുണ്ടായി. അതുകൊണ്ട് തന്നെ മലയാളി വിദ്യാര്‍ത്ഥികള്‍ ശ്രദ്ധയോടെ പ്രവേശനപരീക്ഷകള്‍ക്ക് തയ്യാറെടുക്കേണ്ടതാണ്.
CUET യു.ജി-പി.ജി -ഗവേഷണ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങള്‍ക്കും ദല്‍ഹിയിലെ യുവ കൈരളി സൗഹൃദവേദി കൂട്ടായ്മയെ സമീപിക്കാവുന്നതാണ്. ഉപരിപഠനത്തിനായി കേരളത്തില്‍ നിന്നും ദല്‍ഹിയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സഹായങ്ങള്‍ നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് യുവകൈരളി സൗഹൃദവേദി. മലയാളി വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 2019-ലാണ് കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. നിലവില്‍ ദല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ വിവിധ കോളേജുകള്‍, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ദല്‍ഹി ഐ.ഐ.ടി തുടങ്ങിയ വിവിധ വിദ്യാഭ്യാസ സഥാപനങ്ങളിലെ നൂറുകണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ കൂട്ടായ്മയുടെ ഭാഗമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ കുറഞ്ഞ ചിലവില്‍ താമസ സൗകര്യവും കേരളീയ ഭക്ഷണവും ആദി ശങ്കരാചര്യ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ ആദി ശങ്കര ഹോസ്റ്റലുകളിലൂടെ നല്‍കി വരുന്നു. വിദ്യാര്‍ത്ഥികളുടെ അക്കാദമിക് രംഗത്തെ വളര്‍ച്ചയും കൂട്ടായ്മയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. സെമിനാറുകള്‍, ചര്‍ച്ചകള്‍, ഇന്റേണ്‍ഷിപ്പുകള്‍, പ്രമുഖ വ്യക്തികളുമായി ഇടപഴകാനും പാര്‍ലമെന്റ് അടക്കമുള്ള വിവിധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തങ്ങള്‍ കണ്ട് മനസിലാക്കാനുള്ള അവസരം തുടങ്ങി തലസ്ഥാനത്തെ എല്ലാ അക്കാദമിക സൗകര്യങ്ങളും പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് പ്രദാനം ചെയ്യുന്നതിനും കൂട്ടായ്മ ശ്രദ്ധ നല്‍കുന്നു. കൈരളിയുടെ 24 മണിക്കൂറും സന്നദ്ധരായ സേവ ടീം ദല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു നല്‍കുന്നുണ്ട്.
കേരളത്തിന്റെ വിവിധ ആഘോഷങ്ങളും കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കാറുണ്ട്. 2022 ഏപ്രിലില്‍ നടത്തിയ വിഷുദിന സംഗമവും സപ്തംബറില്‍ നടന്ന ഓണാഘോഷവും വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ജെ.എന്‍.യു വൈസ് ചാന്‍സലര്‍ പ്രൊഫ. ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ് ഉദ്ഘാടനം ചെയ്ത ഓണാഘോഷ പരിപാടിയില്‍ സംവിധായകന്‍ മേജര്‍ രവി മുഖ്യാതിഥിയായി പങ്കെടുത്തു. ജെ. എന്‍.യുവില്‍ മലയാളം പഠന കേന്ദ്രം സ്ഥാപിക്കുമെന്ന് വൈസ് ചാന്‍സിലര്‍ വേദിയില്‍ പ്രഖ്യാപിച്ചത് കൂട്ടായ്മയ്ക്കുള്ള വലിയ അംഗീകാരമായി. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള, കവി മധുസൂദനന്‍ നായര്‍, ഡോ.കെ.എസ്. രാധാകൃഷ്ണന്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, അല്‍ഫോന്‍സ് കണ്ണന്താനം തുടങ്ങി സമൂഹത്തിലെ ഉയര്‍ന്ന വ്യക്തിത്വങ്ങളും ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും കൂട്ടായ്മയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുണ്ട്. ദല്‍ഹി വിവിധ സംസ്‌കാരങ്ങളുടെ സമന്വയ കേന്ദ്രമായതുകൊണ്ടു തന്നെ അവിടെ എത്തിച്ചേരുന്ന മലയാളി വിദ്യാര്‍ത്ഥികളെ ഒരു പ്രത്യേക വിഭാഗമായി നിലനിര്‍ത്തുകയല്ല കൂട്ടായ്മയുടെ ലക്ഷ്യം.


നിന്ന്
തലമുറകളായി നിലനില്‍ക്കുന്ന പ്രാദേശികവും ഭാഷാപരവുമായ ഭിന്നതകള്‍ കുറച്ചു കൊണ്ട് വിദ്യാര്‍ത്ഥികളില്‍ ഏകതാ മനോഭാവം വളര്‍ത്തുകയും ദേശീയ ബോധവും വ്യക്തമായ ഭാവി കാഴ്ചപ്പാടുകളുംനല്‍കി രാഷ്ട്ര നിര്‍മ്മാണത്തില്‍ ശ്രദ്ധേയമായ പങ്ക് നിര്‍വ്വഹിക്കുവാന്‍ പ്രാപ്തരാക്കുവാനും കൂട്ടായ്മ ശ്രമിക്കുന്നു. കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഫേസ്ബുക് പേജ്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയും ഫോണ്‍ ഉള്‍പ്പടെയുള്ള മാര്‍ഗങ്ങളിലൂടെയും യുവകൈരളി സൗഹൃദവേദിയുടെ പ്രവര്‍ത്തകരെ ബന്ധപ്പെടാവുന്നതാണ്.
ദേശീയ വിദ്യാഭ്യസ നയം 2020ന്റെ ഭാഗമായി ലോകത്തെ ആദ്യ നൂറ് റാങ്കുകളില്‍ ഉള്‍പ്പെട്ട വിദേശ സര്‍വ്വകലാശാലകളുടെ കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ തുടങ്ങുന്നതിന് അനുമതി നല്‍കിയിരിക്കുന്നു. കേന്ദ്ര സര്‍വ്വകലാശാലകളിലേതു പോലെ തന്നെ ഇത്തരം വിദ്യാലയങ്ങളിലും പ്രവേശനം നേടുന്നതിന് വിദ്യാര്‍ത്ഥികള്‍ തയ്യാറാവേണ്ടതുണ്ട്. മികച്ച ഭാവിയിലേക്കുള്ള വിജയകരമായ ചവിട്ടുപടിയായി കേന്ദ്ര സര്‍വ്വകലാശാല പ്രവേശനത്തെ മാറ്റിത്തീര്‍ക്കേണ്ടതുണ്ട്.
(ലേഖകന്‍ ജെ.എന്‍.യുവിലെ ഗവേഷകനും ദല്‍ഹി യുവകൈരളി സൗഹൃദവേദി കൂട്ടായ്മയുടെ അദ്ധ്യക്ഷനുമാണ്.)
Comments