വലതു കമ്മ്യൂണിസ്റ്റു പാര്‍ട്ടിയാണെങ്കിലും തങ്ങളാണ് യഥാര്‍ത്ഥ ഇടതന്മാര്‍ എന്നാണ് സി.പി.ഐയുടെ അവകാശവാദം. ഇയ്യിടെ ആ പാര്‍ട്ടിക്ക് വല്ലാത്ത സ്ഥലജലവിഭ്രാന്തി. തങ്ങള്‍ എവിടെയാണ് നില്‍ക്കുന്നത് എന്നു നിശ്ചയമില്ലാത്ത സ്ഥിതി. താഴെ തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം അറിയിക്കാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നതു തങ്ങളിപ്പോഴും മധ്യത്തിലേ എത്തിയിട്ടുള്ളു എന്നാണ്. ഇനിയും ഏറെ കാതം താണ്ടിയാലേ ഇടത്തേയ്ക്കു എത്തുകയുള്ളുവത്രെ. അതിനുള്ള വഴി എന്താണെന്നോ? കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ജനാധിപത്യ മതേതര കക്ഷികളെ ഉള്‍പ്പെടുത്തി ആര്‍.എസ്.എസ് – ബി.ജെ.പിക്കെതിരെയുള്ള ഐക്യം ഉറപ്പിക്കുക എന്നതുതന്നെ. എത്രകാലമായി സഖാവേ ഈ ഐക്യം ഒന്നു ഏച്ചുകെട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്നു, എന്നിട്ടെന്തുഫലം എന്നു ചോദിക്കരുത്. അതിനും പാര്‍ട്ടിയ്ക്ക് കാരണമുണ്ട്. കോണ്‍ഗ്രസ്സി നും പ്രാദേശിക കക്ഷികള്‍ക്കും നവലിബറലിസം എന്ന രോഗബാധ കാര്യമായുണ്ട്. അതിനുള്ള മരുന്ന് പാര്‍ട്ടി സഖാക്കളുടെ കയ്യിലുണ്ട്. നെഹ്‌റുവിയന്‍ ചട്ടക്കൂട്ടിലേയ്ക്കും സോഷ്യലിസ്റ്റ് മാതൃകയിലേയ്ക്കും മടങ്ങുക എന്നതാണാമരുന്ന്.
എന്തു ചെയ്യും ഈ മരുന്നു കയ്യിലെടുത്തു നടക്കുന്ന സി.പി.ഐയ്ക്ക് വയസ്സായി. നേതാക്കള്‍ക്കു മുഴുവന്‍ നരബാധിച്ചു കഴിഞ്ഞു. പാര്‍ട്ടിയില്‍ 21നും 40നും ഇടയ്ക്ക് പ്രായമുള്ളവര്‍ കേവലം 9.3 ശതമാനം മാത്രമാണ്. 45 ശതമാനം പേരും 60 വയസ്സു കഴിഞ്ഞവരാണ്. എന്നാലും പാര്‍ട്ടിയ്ക്ക് നരബാധിച്ചുവെന്നു സമ്മതിക്കാന്‍ സി.പി.ഐ നേതൃത്വം തയ്യാറല്ല. ഇനിയും ഇടത്തേയ്ക്ക് എത്തിയിട്ടില്ല എന്നു സമ്മതിക്കാന്‍ വൈകിയാണെങ്കിലും തോന്നിയ ബുദ്ധി കുറച്ചു കഴിഞ്ഞാല്‍ തങ്ങള്‍ കുഴിയിലേക്ക് കാലുനീട്ടി കുഴമ്പും പുരട്ടി ഇരിപ്പാണേ എന്നു സമ്മതിക്കാനും ഉണ്ടായിക്കൂടായ്കയില്ല.
Comments