കെ.വി. തോമസ് പുണ്യാളന്റെ ചിത്രത്തിനു മുകളില്‍ ‘ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സമരണ’ എന്നും താഴെ മുഖ്യമന്ത്രി വിജയന്‍ സഖാവ് എന്നും എഴുതിയ ഒരു പരസ്യം ചില നസ്രാണി പത്രങ്ങളില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ‘കെ.വി. തോമസ് ദല്‍ഹിയില്‍ കേരളത്തിന്റെ പ്രതിനിധി’ എന്ന ചൂടന്‍ വാര്‍ത്തയാണ് പത്രങ്ങളായ പത്രങ്ങളിലും ചാനലുകളായ ചാനലുകളിലും വന്നത്. പരസ്യം പത്രത്തില്‍ വന്നിരുന്നെങ്കില്‍ അതു കണ്ട് നിര്‍വൃതിയടയാന്‍ പുണ്യാളനേ ഉണ്ടാകൂ. എന്നാല്‍ വാര്‍ത്തയും വ്യാഖ്യാനവുമായി പത്രങ്ങള്‍ ആഘോഷിച്ചപ്പോള്‍ പുണ്യാളന്റെ മാത്രമല്ല ഇടതുമുന്നണിയുടെയും മനസ്സ് കുളിര്‍ത്തു. പിച്ചച്ചട്ടിയെടുത്ത കേരള ജനതയുടെ വയറ്റത്തടിയല്ലേ ഈ തീരുമാനം എന്ന് ചോദിക്കാനും പറയാനും ആരും വരില്ല എന്ന സമാധാനം മുഖ്യന്‍ സഖാവിനുണ്ട്. അദ്ദേഹത്തിന് സ്വന്തക്കാര്‍ക്ക് വാരിക്കോരിക്കൊടുക്കാനുള്ളതാണ് കേരള ഖജനാവ്. കെ.എന്‍. ബാലഗോപാലന്‍ അതിന്റെ അടിമാന്തുന്നതിന്റെ ശബ്ദം നാടുനീളെ കേള്‍ക്കാനുണ്ടെങ്കിലും ദാനം ചെയ്യുന്നതിന് കാരണവര്‍ക്ക് കുറവൊന്നുമില്ല. ദാരിദ്ര്യമുണ്ടായാലും കോണകം പുരപ്പുറത്തു കിടക്കണമെന്നേ നിര്‍ബ്ബന്ധമുള്ളൂ.
കോണ്‍ഗ്രസ്സിനുപുറത്തായ മുന്‍ എം.പി പ്രൊഫ. കെ.വി. തോമസിനെ ക്യാബിനറ്റ് റാങ്കില്‍ ദല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധിയാക്കിയത് കേന്ദ്ര സര്‍ക്കാരിനെ കയറുകെട്ടി കറന്നെടുക്കാനാണ്. കേന്ദ്ര ധനകാര്യ വകുപ്പ് കാര്യമായി കനിയുന്നില്ലെന്നാണ് അധികാരമേറ്റതു മുതല്‍ വിജയന്‍ സഖാവിന്റെ പരാതി. ഇതു പരിഹരിക്കാന്‍ ദല്‍ഹിയില്‍ നിന്നു സമ്പത്തുകൊണ്ടു വരാന്‍ കെ-റെയില്‍ പാതയിടുന്ന പണി ആദ്യം ഏല്പിച്ചത് എ.സമ്പത്ത് എന്ന മാര്‍ക്‌സിസ്റ്റ് മുന്‍ എം.പിയെയായിരുന്നു. ഇങ്ങോട്ടു സമ്പത്തൊന്നും വന്നില്ലെങ്കിലും സമ്പത്തിന്റെ കീശയില്‍ കേരള ഖജനാവില്‍ നിന്ന് 4.62 കോടി എത്തി. 20 മാസം കൊണ്ട് സമ്പത്തിന്റെ ഓഫീസിനായി മൊത്തം ചിലവിട്ടത് ഏഴര കോടിയിലധികം രൂപ. എന്നിട്ടു സമ്പത്തുകൊണ്ടു വന്നതോ ഓട്ടക്കലം. മാര്‍ക്‌സിസ്റ്റുകാരനെ നിശ്ചയിച്ചു പരാതി വേണ്ട എന്നു കരുതിയാവാം ഐ.എ. എസ്സുകാരനായ വേണു രാജാമണിയെ ദല്‍ഹിയിലിരുത്തിയിട്ടും തഥൈവ. രാജാമണി അവിടെ സര്‍ക്കാര്‍ ചെലവില്‍ കഴിയുമ്പോഴാണ് തോമസ് മാഷെക്കൂടി കേന്ദ്രത്തില്‍ ഇടപെടല്‍ നടത്തി ഫണ്ട് എത്തിക്കാന്‍ ഏല്പിച്ചത്. രാജാമണിയും തോമസ് മാഷും കൂടി ശ്രമിച്ചാല്‍ പൊങ്ങിയില്ലെങ്കില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ സഖാവിന്റെ സി.ഐ.ടി.യു പടയേയും കൂടി ഏല്പിക്കാം. ‘ഏലൈസ’ വിളിച്ച് അവര്‍ ദല്‍ഹി മൊത്തം ഇങ്ങ് കേരളത്തിലെത്തിക്കും തീര്‍ച്ച.
Comments