മൂല്യങ്ങളെ ചവിട്ടിയരച്ച് മുന്നേറുന്നതാണ് കേരള സമൂഹത്തിന്റെ ഇന്നത്തെ ചിത്രം. സ്‌നേഹം, ആര്‍ദ്രത, ഭക്തി, നന്മയോടുള്ള ആഭിമുഖ്യം എന്നതൊക്കെ പഴഞ്ചനായിക്കഴിഞ്ഞു. എത്ര മനുഷ്യ സ്‌നേഹിയായാലും സമൂഹം ശ്രദ്ധിക്കണമെങ്കില്‍ ഒരു പ്രത്യേക രാഷ്ട്രീയ നിലപാടിനോടൊപ്പം നിന്നാലേ കഴിയൂ എന്നതാണുസ്ഥിതി. അത്തരക്കാരെ മാത്രമേ മുഖ്യധാരാ മാധ്യമങ്ങളും ശ്രദ്ധിക്കുന്നുള്ളൂ. മുദ്രാവാക്യമാണ് കവിത എന്നതാണ് ഏറ്റവും ദയനീയമായി തോന്നുന്ന കാര്യം. നന്മയുടെ പക്ഷത്ത് ഉറച്ചുനില്‍ക്കണമെങ്കില്‍ വലിയ സഹനം വേണം എന്നായിരിക്കുന്നു. അത്തരക്കാര്‍ക്ക് സമൂഹം ഒന്നും തിരിച്ചുനല്‍കുന്നതേയില്ല. ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടും നന്മയോടൊപ്പം നടക്കാന്‍ മനസ്സു കാണിക്കുന്ന ചിലരുണ്ട് എന്നത് നാടിന്റെ സൗഭാഗ്യം എന്നേ പറയാനാവൂ. ജനകീയ കവിത മുദ്രാവാക്യവും അംഗീകൃത കവിത പത്രറിപ്പോര്‍ട്ടുമായി തരംതാണുപോയിരിക്കുന്നു. അതിനിടയില്‍ വരുന്ന ചില മൗലികതയുള്ള രചനകള്‍ ശ്രദ്ധിക്കപ്പെടുന്നേയില്ല. മൗലികമായ രണ്ടു രചനകളെകുറിച്ചാണ് ഇനി പറയുന്നത്.
കാവാലം ശശികുമാര്‍ എന്ന കവിയുടെ രണ്ടു രചനകള്‍. ഒന്നു ഹിന്ദുവിശ്വയിലും മറ്റൊന്നു കേസരിയുടെ ശബരിമലപതിപ്പിലും കാണാനിടയായി. ഹിന്ദുവിശ്വയിലെ കവിത ‘കാന്താരതാരക’വും (ഡിസംബര്‍) കേസരിയിലേത് ‘മരുന്നും തേടി’യും. രണ്ടിലും ഭക്തിയും പാരമ്പര്യശോഭയുമുണ്ട്. കാന്താരതാരകം എന്ന തലക്കെട്ട് നമ്മളെ പെട്ടെന്ന് എ.ആര്‍. രാജരാജവര്‍മ്മയുടെ നളചരിതം വ്യാഖ്യാനത്തിലേയ്ക്കാണു കൊണ്ടുപോകുന്നത്. എന്നാലിവിടെ കാന്താരത്തിലെ താരകം സാക്ഷാല്‍ ശ്രീ അയ്യപ്പനാണ്. അടുത്ത കവിതയിലും ഉള്ളടക്കം ഭക്തി തന്നെ. അവിടെയും അയ്യപ്പ ചിന്തകളാണ് നിറഞ്ഞു നില്‍ക്കുന്നത്. കലിയുഗവരദനായ അയ്യപ്പനാണല്ലോ ഇക്കാലത്ത് സ്തുതിക്കപ്പെടേണ്ട മൂര്‍ത്തി. അക്കാര്യം തിരിച്ചറിഞ്ഞതിനാലാവാം കവി രണ്ടു കവിതകളിലൂടെ ആ കര്‍മ്മം അനുഷ്ഠിക്കുന്നത്.
ഇക്കാലത്ത് കവികള്‍ ഉപയോഗിക്കാന്‍ തീര്‍ച്ചയായും മടിക്കുന്ന ധാരാളം പ്രൗഢപദങ്ങള്‍ കവിതയ്ക്ക് കാവാലം ശശികുമാര്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഭൈഷജ്യം (ഔഷധം), അച്ഛം (നിര്‍മ്മലം) തുടങ്ങിയ പദങ്ങളൊക്കെ കവിതയില്‍ ഉപയോഗിക്കാന്‍ ഇക്കാലത്തെ കവികള്‍ ധൈര്യപ്പെടില്ല. പലര്‍ക്കും കാര്യമായ പദപരിചയവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇക്കാലത്തെ കവികളില്‍ ഉന്നതമായ പദസംസ്‌കാരം പി.നാരായണക്കുറുപ്പ്, ആലങ്കോട് ലീലാകൃഷ്ണന്‍, മുഖത്തല ശ്രീകുമാര്‍ തുടങ്ങി അപൂര്‍വ്വം കവികളിലേ ഞാന്‍ കണ്ടിട്ടുള്ളൂ. പോയകാലത്തെ കവികളെപ്പോലെ ഭാഷാനൈപുണ്യമോ പദബോധമോ ഇന്നത്തെ കവികള്‍ക്കില്ല. അതൊന്നും കവികള്‍ക്ക് ആവശ്യമില്ല എന്ന് കരുതുന്നവരാണ് പുതുകവികള്‍. ആ ധാരണ തെറ്റാണ്. കവികള്‍ക്കുപോലും ഭാഷയെക്കുറിച്ച് കാര്യമായ ധാരണയില്ലെങ്കില്‍ പിന്നെ ആര്‍ക്കാണുണ്ടാവുക? വളരെ ലളിതമായ രീതിയില്‍ എഴുതിയ ഓയെന്‍വിയെപ്പോലുള്ള കവികള്‍ക്ക് ഭാഷയില്‍ അഗാധജ്ഞാനമുണ്ടായിരുന്നു. വേണ്ടുന്ന സന്ദര്‍ഭങ്ങളില്‍ അദ്ദേഹമത് പ്രകടമാക്കുന്നതും കേള്‍ക്കാനിടയായിട്ടുണ്ട്. ലളിതവും സാമാന്യജനങ്ങള്‍ക്കു പരിചിതവുമായ പദങ്ങള്‍ ഉപയോഗിക്കുന്നതും മോശം കാര്യമല്ല. എന്നിരിക്കിലും അവ മാത്രമേ ഉപയോഗിക്കാവൂ എന്നില്ല. ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ചാണ് ഭാഷയുടെ തീവ്രതയും വേണ്ടത്. ഗഹനമായ ഉള്ളടക്കങ്ങള്‍ക്ക് ഗഹനമായ ഭാഷയും വേണ്ടിവരും. അതിനൊക്കെയുള്ള പ്രാപ്തി കവികള്‍ ആര്‍ജ്ജിച്ചിരിക്കണം. ചലച്ചിത്രഗാനങ്ങള്‍ എഴുതിത്തഴമ്പിച്ച കൈകള്‍ കൊണ്ടു തന്നെ വയലാറിനു സര്‍ഗ്ഗസംഗീതം പോലുള്ള പ്രകൃഷ്ടരചനകളും നിര്‍വ്വഹിക്കാന്‍ കഴിഞ്ഞു.
ഭക്തിയും പ്രധാനപ്പെട്ട ഒരു കാവ്യവിഷയമാണ്. പി. കുഞ്ഞിരാമന്‍നായര്‍ എത്രയോ മനോഹരങ്ങളായ ഭക്തികാവ്യങ്ങള്‍ നമുക്കു സമ്മാനിച്ചിരിക്കുന്നു. കടന്നുപോയ കവി എസ്.രമേശന്‍ നായരുടെ ഭക്തിഗാനങ്ങള്‍ പോലും പലപ്പോഴും കവിതകളായിരുന്നു. വള്ളത്തോളിന്റെ ഏറ്റവും ശ്രദ്ധേയ രചനകളിലൊന്നാണല്ലോ ‘ഭക്തിയും വിഭക്തിയും’. ഇവിടെ കാവാലം ശശികുമാറും ഭക്തിയാല്‍ കവിതയെ ധന്യമാക്കാന്‍ ശ്രമിക്കുന്നു. ആ ശ്രമത്തില്‍ കവി പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. കാന്താര താരകത്തിന്റെ തുടക്കത്തില്‍
”പുല്ലിതില്‍ തങ്ങിനില്‍ക്കുന്ന മഞ്ഞുനീര്‍-
തുള്ളിചോദിക്കുന്നിതെന്നുപോകും
ചെല്ലുമ്പോഴെന്നെയും കണ്ടതു ചൊല്ലുമോ
ചെല്ലമായ് തെന്നലും മോഹിക്കുന്നു”.
ഈ വരികള്‍ പിയുടെ കളിയച്ഛന്റെ ആരംഭത്തെ അനുസ്മരിപ്പിക്കുന്നു. പി. എഴുതുന്നു
”മൗനശില്പം കളിക്കോപ്പു പുതുക്കുകെ-
ന്നാനന്ദഹേമന്ദസന്ധ്യകള്‍ ചൊല്‍കിലും
വിണ്ടലമേറിയതാരകള്‍ നിന്‍കളി
വീണ്ടുമരങ്ങേറുകെന്നറിയിക്കിലും
പൊന്നിന്‍ മലരുതരികെന്നുഷസ്സുകള്‍
തെന്നല്‍ കുറിപ്പുകള്‍ വീണ്ടുമയയ്ക്കിലും
………. …………. …………….”
പ്രകൃതിയിലെ ഓരോ ലാവണ്യ പ്രതിഭാസങ്ങളെയും എടുത്തെടുത്ത് അവതരിപ്പിച്ചുകൊണ്ട് കുഞ്ഞിരാമന്‍നായര്‍ കളിയച്ഛന്‍ തുടങ്ങുന്നു. ഇവിടെയും പ്രകൃതിയുടെ സൗന്ദര്യാതിരേകങ്ങളില്‍ നിന്നുതന്നെ ആരംഭിക്കുന്നു. പക്ഷെ രണ്ടും തമ്മില്‍ സാദൃശ്യമൊന്നുമില്ല. ഭക്തകവിയായ പി.യുടെ അബോധസ്മരണ കവിയില്‍ ഉണ്ടായിരുന്നിരിക്കണം. ഭക്തിയെ വിഷയമാക്കിയതുകൊണ്ടുമാത്രം കവിത നല്ലതാകില്ല. അതില്‍ കവിതയുടെ ആര്‍ദ്രതയും വേണം. ഈ കവിയുടെ രചനയില്‍ ഭക്തിയും കവിതയും ജ്ഞാനവും സമന്വയിക്കുന്നു.
കലാകൗമുദിയിലെ (ജനുവരി 1) മണമ്പൂര്‍ രാജന്‍ ബാബുവിന്റെ ലഘുകവിത ‘കവിളിലെ ഉമ്മ’ ധ്വനിമധുരമാണ്. 18 വരികളുണ്ടെങ്കിലും അത് തീരെ ചെറിയവയായതിനാല്‍ ആകെക്കൂടി ഒരു 8 വരിയുടെ വലിപ്പമേ കവിതയ്ക്കുള്ളു. പക്ഷെ ആ ചെറിയ വരികളില്‍ ഗദ്യരചനയാണെങ്കിലും വലിയ മൂല്യം ഒളിപ്പിച്ചു വയ്ക്കാന്‍ കവിക്കു കഴിയുന്നു. ‘അയല്‍രാജ്യത്തെ ഭസ്മമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഭ്രാന്തനായ ഭരണാധികാരിക്ക് അയാളുടെ പേരക്കുട്ടി നല്‍കിയ ഒരുമ്മ വീണ്ടുവിചാരത്തിനു കാരണമായത്രേ!’ അതിനാല്‍ ഇതെഴുതുന്ന ഞാനും വായിക്കുന്ന താങ്കളും ഇപ്പോഴും ഈ ഭൂമിയില്‍….” എന്ന് കവിത അവസാനിക്കുന്നു. ‘ഭൂമിയില്‍’ എന്നഅര്‍ദ്ധോക്തിയാണ് ഇവിടെ കവിത സൃഷ്ടിക്കുന്നത്. ജീവിച്ചിരിക്കുന്നു എന്നു കൂടിചേര്‍ത്ത് ഒരു പൂര്‍ണവാക്യമാക്കിയിരുന്നെങ്കില്‍ കവിത ചോര്‍ന്നു പോകുമായിരുന്നു. അവിചാരിതമായ വിച്ഛിത്തി കവിതയെ മനോഹരമാക്കുന്നു.
ഡോക്ടര്‍ അനൂപ് മുരളീധരന്‍ കൂടല്‍ കലാകൗമുദിയിലെഴുതിയിരിക്കുന്ന കവിത ‘മുള്ളും മുകുളവും മുക്തിയും’ മൊത്തത്തില്‍ മെച്ചപ്പെട്ട രചനയൊന്നുമല്ല. പക്ഷേ സൂക്ഷ്മമായ ചില നിരീക്ഷണങ്ങള്‍ കാണാതെ പോകുന്നതു ശരിയല്ല. ”മനുഷ്യജന്മം കാച്ചിപ്പഴുപ്പിക്കലാണ് ഊതിയുരുക്കലാണ്. പക്ഷേ പൂജന്മവും പൂമ്പാറ്റ ജന്മവും മോക്ഷമാണ്. പ്രപഞ്ചാനുശാസനങ്ങളുടെ അനുസരണമാണ്. മുള്ളും മുകുളവും മുക്തിയിലെ സമഭാവനയാണ്. സൗമ്യമാര്‍ന്ന സ്വച്ഛതയാണ്”. ഇതൊക്കെ നല്ല നിരീക്ഷണങ്ങളാണ്. പക്ഷേ ഇങ്ങനെ തുടര്‍ച്ചയായി എഴുതുന്ന ചൂര്‍ണ്ണികകള്‍ കവിതയുടെ ഘടനയെ ബാധിക്കുന്നു. കവിതയ്ക്ക് പൂര്‍ണ്ണവാക്യങ്ങള്‍ വേണ്ട. ഗദ്യത്തേയും കവിതയേയും വേര്‍തിരിക്കുന്ന ചില ഘടകങ്ങളുണ്ട്. അവ പൂര്‍ണ്ണമായും ഇല്ലാതായാല്‍ കവിത മരിച്ചു കഴിയും. ആ അതിര് ഇപ്പോള്‍ നേര്‍ത്തു വരുന്നു എന്നതു യാഥാര്‍ത്ഥ്യം. അര്‍ത്ഥത്തില്‍ മാത്രമല്ല കവിത നിലകൊള്ളുന്നത്. ശബ്ദത്തിലും കൂടിയാണ്. ആ തിരിച്ചറിവ് കവിക്കുവേണം.
എം.എസ്. സുമേഷിന്റെ കലാകൗമുദിക്കവിത ‘പ്രണയനങ്കൂരം’ നല്ല പ്രണയ കവിതയാണ്. എങ്കിലും അദ്ദേഹം അവതരിപ്പിക്കുന്ന സങ്കല്പങ്ങളും ബിംബങ്ങളുമെല്ലാം ആയിരം കവികള്‍ ഉപയോഗിച്ചു തേഞ്ഞുപോയവയാണ്.
”പ്രജ്ഞാ നവോന്മേഷശാലിനീ പ്രതിഭ”
എന്നും ”പ്രതിഭ അപൂര്‍വ്വ വസ്തു നിര്‍മ്മാണക്ഷമാപ്രജ്ഞ” എന്നും ഭാരതീയ ആലങ്കാരികന്മാര്‍ എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പു തന്നെ നിരീക്ഷിച്ചതാണ്. ഭട്ടതൗതനും അഭിനവഗുപ്തനും അന്നേ ആവര്‍ത്തനവിരസമായ കവിതകള്‍ കണ്ടു മടുത്തിട്ടുണ്ടാവണം. എം.എസ്. സുമേഷിനും ഇതൊക്കെ ബാധകമാണ്. പുതിയത് ചിലതു സൃഷ്ടിക്കാന്‍ കഴിഞ്ഞാലേ പ്രതിഭയുണ്ടെന്നു പറയാനാവൂ. മറ്റുള്ളവര്‍ പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറയുന്നതുകൊണ്ട് എന്ത് പ്രയോജനം.
കേരളം കലകളാല്‍ സമ്പന്നമാണ്. ഇത്രമാത്രം വൈവിധ്യപൂര്‍ണമായ കലാപ്രകടനങ്ങള്‍ മറ്റൊരു നാട്ടിലും ഉണ്ടെന്നു തോന്നുന്നില്ല. കൂത്തും കൂടിയാട്ടവും കഥകളിയും സംഗീതവും അനേകം നാടന്‍ കലകളും ഒക്കെ ഒത്തുചേര്‍ന്ന കേരളത്തോളം കലാസമ്പന്നമായ മറ്റൊരു നാടുണ്ടോ എന്നത് സംശയം. എല്ലാകലകളേയും നമ്മള്‍ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നു. കലാകാരന്മാര്‍ക്ക് വലിയ സാമൂഹ്യാംഗീകാരവും ലഭിക്കുന്നുണ്ട്. പക്ഷേ ഒരിക്കലും കേരളത്തില്‍ വലിയ അംഗീകാരം ലഭിക്കാത്ത ഒന്നാണ് ചിത്രകല. രാജാരവിവര്‍മ്മ, സി.രാജരാജവര്‍മ്മ, കെ.സി.എസ്.പണിക്കര്‍, എ.സി.കെ. രാജ, ടി.കെ. പത്മിനി, എ.രാമചന്ദ്രന്‍, പാരീസ് വിശ്വനാഥന്‍ തുടങ്ങി ഒരുപിടി മഹാന്മാരായ ചിത്രകാരന്മാര്‍ നമുക്കുണ്ടായിരുന്നു. പുതുതലമുറയിലും അസംഖ്യം ചിത്രകാരന്മാര്‍ എണ്ണം പറയാവുന്നവരായുണ്ട്. ഏറ്റവും ദയനീയമായ ഒരു വസ്തുത ചിത്രകാരന്മാരെ നമ്മുടെ പൊതുസമൂഹം കാര്യമായി പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ്.
പെരുന്തച്ചനെ പറയിപെറ്റ പന്തിരുകുലത്തില്‍ ഉള്‍പ്പെടുത്തി ആദരിച്ചവരാണ് മലയാളികള്‍. എന്നാല്‍ ചിത്രകാരന്മാര്‍ക്ക് സ്വന്തം ചിത്രങ്ങള്‍ വിറ്റ് അതുവഴി ഉപജീവനം കഴിക്കാവുന്ന സ്ഥിതി ഇന്നത്തെ കേരളത്തില്‍ ഇല്ല. എഴുത്തുകാര്‍ക്കും എഴുത്തുകൊണ്ടു മാത്രം പിഴക്കാന്‍ കേരളത്തില്‍ കഴിയില്ല എന്നതും വാസ്തവം. പൂര്‍ണ്ണസമയ കലാകാരന്മാര്‍ ഉണ്ടായാലേ മഹത്തായ സൃഷ്ടികള്‍ ഉണ്ടാവൂ. പഴയകാലങ്ങളിലെ കൊട്ടാരം കലാകാരന്മാര്‍ നമ്മളെ വിസ്മയിപ്പിച്ചതിനു പ്രധാനകാരണം അവര്‍ക്ക് പൂര്‍ണ്ണസമയ കലാകാരന്മാര്‍ ആയിരിക്കാന്‍ കഴിഞ്ഞുവെന്നതിനാലാണ്. അവര്‍ക്ക് ഉപജീവനത്തിനായി സമയം വിനിയോഗിക്കേണ്ടി വന്നില്ല. അതിനുള്ള വക കൊട്ടാരത്തില്‍ നിന്നു ലഭിക്കുമായിരുന്നു. അതുകൊണ്ടു സമയം മുഴുവന്‍ കലയ്ക്കായി വിനിയോഗിച്ച അവര്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. ഇന്നത്തെ കലാകാരന്മാര്‍ക്ക് അത്രയും സമയം വിനിയോഗിക്കാന്‍ പറ്റില്ല. ജീവസന്ധാരണത്തിനു കുറച്ചു സമയം വിനിയോഗിച്ചേ കഴിയൂ. ചിത്രകലയുടെ ദുരവസ്ഥയെക്കുറിച്ച് ‘വാങ്ങാം വീട്ടിലേയ്ക്ക് ഒരു ചിത്രം’ എന്ന പേരില്‍ സുഭാഷ് വലവൂര്‍ എഴുതിയിരിക്കുന്ന കലാകൗമുദി ലേഖനമാണ് ചിത്രകലയുടെ ഇന്നത്തെ ദുരന്തമുഖം തുറന്നുകാണിക്കുന്നത്. ബോധപൂര്‍വ്വം ചിത്രകലയെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്‌കാരം സൃഷ്ടിച്ചെടുക്കണമെന്ന് സുഭാഷ് പറയുന്നു. അതിനോടു പൂര്‍ണ്ണമായും യോജിക്കുന്നു. എല്ലാ കലാകാരന്മാര്‍ക്കും കായിക താരങ്ങള്‍ക്കും ചലച്ചിത്രതാരങ്ങള്‍ക്കു കിട്ടുന്നതുപോലെ പരിഗണന ലഭിക്കേണ്ടതുതന്നെ.
മാതൃഭൂമി ഇത്തവണ (ജനുവരി 7) ഗുരുദേവപ്പതിപ്പാണ്. ഈടുറ്റ ധാരാളം ലേഖനങ്ങളും ഗുരുദേവനെക്കുറിച്ചുള്ള കവിതയുമുണ്ട്. എന്തിന് പ്രതിവാര പംക്തികള്‍ പോലും ഗുരുദേവനെക്കുറിച്ചുതന്നെ. ഇത് മുന്‍കാലങ്ങളില്‍ പതിവുള്ളതല്ല. ഹിന്ദു സമൂഹത്തെ അടിമുടി നവീകരിക്കാന്‍ യത്‌നിച്ച ഗുരുദേവനെ ആ തലത്തില്‍ നോക്കിക്കാണാനുള്ള ശ്രമം പക്ഷേ ലേഖനങ്ങളില്‍ കുറവാണെന്നു പറയാതെ വയ്യ.