”രാഷ്ട്രത്തിന് അല്‍പ്പം തത്വശാസ്ത്രം ആവശ്യമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. മാര്‍ക്‌സിസത്തെ ഗൗരവമായി ചോദ്യം ചെയ്യുന്നതിലേക്ക് ആദ്യം എന്നെ നയിച്ചത് രാഷ്ട്രമാണ്.” ഫ്രഞ്ച് മാര്‍ക്‌സിസ്റ്റും ചെഗുവേരയുടെ സഹയാത്രികനും, പില്‍ക്കാലത്ത് കടുത്ത മാര്‍ക്‌സിസ്റ്റ് വിമര്‍ശകനുമായിരുന്ന റെഷി ദെബ്രെയുടെ വാക്കുകളാണിത്. ദെബ്രെ ഇങ്ങനെ വിശദീകരിക്കുന്നു: ”കൂടുതല്‍ തുരക്കാതെ കോട്ടയ്ക്കുപുറത്തേക്ക് സഞ്ചരിക്കാന്‍ എന്നെ പ്രാപ്തമാക്കിയ ഭിത്തിയിലെ യഥാര്‍ത്ഥ വിടവാണിത്. അതാണ് എന്നെ പുറത്തുകടത്തിയതും വിശാലമായ കാഴ്ചപ്പാടിലെത്തിച്ചതും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദേശീയതയാണ,് മാര്‍ക്‌സിസം ചരിത്രത്തെക്കുറിച്ചുള്ള ധാരണകളില്‍ നിര്‍ണായകമാണെങ്കിലും ആത്യന്തികമല്ലെന്ന് കാണാന്‍ പഠിപ്പിച്ചത്.”
മാര്‍ക്‌സിസവും ദേശീയതയും തമ്മിലുള്ള പ്രക്ഷുബ്ധമായ ബന്ധത്തിന്റെ ഒറ്റപ്പെട്ട പ്രതികരണമല്ല റെഷി ദെബ്രെ നടത്തുന്നത്. ദെബ്രെയെപ്പോലെ പല മാര്‍ക്‌സിസ്റ്റുകളും പില്‍ക്കാലത്ത് ദേശീയതയുടെ പിടിയിലകപ്പെട്ടിട്ടുണ്ട്. ആധുനിക സമൂഹത്തിന്റെ പ്രശ്‌നപരിഹാരങ്ങള്‍ക്ക് ദേശീയതയല്ല, വര്‍ഗസമരമാണല്ലോ മാര്‍ക്‌സ് മുന്നോട്ടുവച്ചത്. മാര്‍ക്‌സോ ഏംഗല്‍സോ ദേശീയതയെക്കുറിച്ച് വ്യക്തമായും തൃപ്തികരമായും അധികമൊന്നും പറഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച മാര്‍ക്‌സിന്റെ ആശയങ്ങള്‍ വിമര്‍ശനാത്മകമായി പരിശോധിക്കുമ്പോള്‍ ഇക്കാര്യം ബോധ്യമാവും. അടിച്ചമര്‍ത്തലുകളില്‍നിന്നുള്ള മോചനം, സോഷ്യലിസത്തിലേക്കുള്ള വിപ്ലവ പാത, ഭരണകൂടത്തിന്റെ പങ്ക്, തൊഴിലാളി വര്‍ഗ ഐക്യത്തിന്റെ അന്തര്‍ദേശീയത, ചരിത്രത്തിന്റെ അനിവാര്യമായ പുരോഗതി എന്നിങ്ങനെ അഞ്ച് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് മാര്‍ക്‌സ് ദേശീയതയുടെ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നത്. മാര്‍ക്‌സിന്റെ സൈദ്ധാന്തിക തത്വങ്ങളെല്ലാം പ്രയോജനവാദപരമാണ്. മുതലാളിത്തത്തെ നീക്കംചെയ്യുന്ന ഒരു ആഗോളവിപ്ലവമാണല്ലോ മാര്‍ക്‌സ് പ്രതീക്ഷിച്ചത്.
പത്തൊന്‍പതാം നൂറ്റാണ്ടിലെ യാഥാര്‍ത്ഥ്യങ്ങളെയാണ് മാര്‍ക്‌സിസം അഭിമുഖീകരിച്ചത്. മാര്‍ക്‌സിന് പരിചിതമായിരുന്ന യൂറോപ്യന്‍ ദേശീയത പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉപോല്‍പ്പന്നമാണ്. ദേശീയത അപകടകരവും വിധ്വംസകവും സങ്കുചിതവുമായിരിക്കുമ്പോള്‍ തന്നെ സോഷ്യലിസ്റ്റു ലക്ഷ്യത്തിനുവേണ്ടി അത് ഉപയോഗിക്കാനാവുമെന്നും മാര്‍ക്‌സ് വിലയിരുത്തി. 1848 ന് മുന്‍പ് ദേശീയതയെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ വിലയിരുത്തലുകള്‍ ലിബറലിസം, വ്യവസായവല്‍ക്കരണം, ആധുനിക ദേശരാഷ്ട്രങ്ങളുടെ ആവിര്‍ഭാവം എന്നിവയോടുള്ള പ്രതികരണമായിരുന്നു. ഹെഗലിന്റെ ചിന്താഗതിയുടെ സ്വാധീനത്തില്‍ മാര്‍ക്‌സ് ദേശീയതയെ നിരസിച്ചു. ദേശരാഷ്ട്രം വളരെ പരിമിതവും സങ്കുചിതവുമാണ്. മുതലാളിത്ത വിപണിയുടെ ഫലമായി ഉയര്‍ന്നുവന്നതിനാല്‍ അത് മനുഷ്യരെ വിമോചനത്തിലേക്കു നയിക്കില്ല. രാഷ്ട്രത്തിന് പകരം നില്‍ക്കേണ്ടത് വര്‍ഗമാണ് എന്നൊക്കെയായിരുന്നു മാര്‍ക്‌സിന്റെ ചിന്ത. യൂറോപ്പില്‍ രണ്ട് വര്‍ഷത്തോളം തുടര്‍ന്ന 1848 ലെ വിപ്ലവങ്ങള്‍ വരെ മാത്രമേ മാര്‍ക്‌സിന്റെ ഈ ചിന്താഗതി നിലനിന്നുള്ളൂ.
തൊഴിലാളികള്‍ക്ക് രാജ്യമുണ്ട്
”തൊഴിലാളികള്‍ക്ക് രാജ്യമില്ല, അവര്‍ക്കില്ലാത്തത് അവരില്‍നിന്ന് നമുക്ക് എടുത്തു മാറ്റാനാവില്ല.”(73) കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ഈ പ്രഖ്യാപനം മാര്‍ക്‌സിനുതന്നെ തിരുത്തേണ്ടി വന്നു. ദേശരാഷ്ട്രങ്ങള്‍ ശക്തിപ്രാപിച്ചതോടെ ആ ശക്തി തൊഴിലാളികള്‍ തങ്ങളുടെ നേട്ടങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയാണെന്ന് മാര്‍ക്‌സിനു മനസ്സിലായി. എന്നുമാത്രമല്ല, ഭരണകൂടംതന്നെ തൊഴിലാളി വര്‍ഗത്തെ വിപുലീകരിക്കാന്‍ തുടങ്ങി. ഇത് മാര്‍ക്‌സിനെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ദേശീയ പ്രക്ഷോഭങ്ങളെ ചില സാഹചര്യങ്ങളില്‍ പിന്തുണയ്ക്കാനാവും. വര്‍ഗപരമായ ലക്ഷ്യങ്ങള്‍ നേടാന്‍ ഉപയോഗിക്കുകയും ചെയ്യാം. ഇതാണ് ‘ചരിത്രപരമായ രാഷ്ട്രങ്ങളെ’ന്നും ‘ചരിത്രപരമല്ലാത്ത രാഷ്ട്രങ്ങളെ’ന്നുമുള്ള വേര്‍തിരിവിന് ഏംഗല്‍സിനെ പ്രേരിപ്പിച്ചത്. ദേശീയവാദത്തെക്കുറിച്ചുള്ള ഇത്തരമൊരു വിഭജനം ഈ വിഷയത്തില്‍ വ്യക്തമായ ഒരു സമീപനം അനിവാര്യമാക്കി. 1850 കളിലും 1860 കളിലും അയര്‍ലന്റിനെയും പോളണ്ടിനെയും കുറിച്ച് നടത്തിയ പഠനങ്ങള്‍ ദേശീയമായ പ്രശ്‌നങ്ങളുടെ പരസ്പര പ്രവര്‍ത്തനം പുനഃപരിശോധിക്കാന്‍ മാര്‍ക്‌സിനെ നിര്‍ബന്ധിതനാക്കി. വര്‍ഗസമരത്തിന്റെ പുരോഗതിക്ക് വ്യത്യസ്തമായ മാനങ്ങള്‍ നല്‍കാന്‍ ദേശീയമായ സവിശേഷതകള്‍ക്ക് കഴിയുമെന്ന് മാര്‍ക്‌സിന് ബോധ്യമായി. 1860 കള്‍ മുതല്‍ ദേശീയ വാദത്തിന്റെ പങ്കിനെക്കുറിച്ച് മാര്‍ക്‌സ് കൂടുതല്‍ പഠിക്കാന്‍ തുടങ്ങി. മര്‍ദ്ദിത രാഷ്ട്രങ്ങള്‍-മര്‍ദ്ദക രാഷ്ട്രങ്ങള്‍ എന്നൊക്കെയുള്ള വിഭജനങ്ങളില്‍നിന്നും, ഒന്നാം ഇന്റര്‍നാഷണലിലെ ഫെര്‍ഡിനാന്‍ഡ് ലസ്സാലുമായും പ്രൂദോണുമായും ബകുനിനുമായുമുള്ള ചര്‍ച്ചകളില്‍നിന്നും ഇക്കാര്യം വ്യക്തമാണ്. ദേശീയതയുടെ ‘അപകടകരമായ പ്രവണതകളില്‍’ ആശങ്കപ്പെട്ട് വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനവും ലോകതൊഴിലാളി വര്‍ഗത്തിന്റെ താല്‍പ്പര്യങ്ങളും പൊരുത്തപ്പെടുത്തുന്നതിനായി മാര്‍ക്‌സ് ജാഗ്രത പാലിച്ചു.
ലോകമെമ്പാടും മാര്‍ക്‌സിസത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയത് ദേശീയവാദമാണ്. ‘തൊഴിലാളികള്‍ക്ക് രാജ്യമില്ല’ എന്ന കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ മാനവരാശിയെ മോചിപ്പിക്കാന്‍ രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കമിട്ട മാര്‍ക്‌സിസം ദേശരാഷ്്ട്രങ്ങളുടെ നിര്‍മാര്‍ജ്ജനം ആത്യന്തിക ലക്ഷ്യമായി കരുതി. ഇതിന് അനുസൃതമായാണ് 1867 ല്‍ ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് മെന്‍ അസോസിയേഷന്‍ അഥവാ ഒന്നാം ഇന്റര്‍നാഷണല്‍ തൊഴിലാളി വര്‍ഗത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തിനു വേണ്ടി രൂപീകരിച്ചത്.
മാര്‍ക്‌സ് ചിന്തിച്ചതിന് വിരുദ്ധമായി ബഹുഭൂരിപക്ഷം മാര്‍ക്‌സിസ്റ്റുകളും ദേശീയവാദത്തെ അനുരൂപമാക്കുകയോ ഉള്‍പ്പെടുത്തുകയോ ചെയ്തു. ദേശരാഷ്ട്രങ്ങളെ ഇല്ലാതാക്കുകയല്ല, അവയെ പ്രബുദ്ധമാക്കുകയാണ് വേണ്ടതെന്ന ധാരണയിലായിരുന്നു ഇത്. മാര്‍ക്‌സിസ്റ്റുകളില്‍ ഒരു ചെറിയ വിഭാഗം ദേശീയ സമര യാഥാര്‍ത്ഥ്യങ്ങളെ വിസ്മരിച്ച് ലോക തൊഴിലാളി വര്‍ഗത്തിന്റെ ഐക്യത്തിനുവേണ്ടി വെറുതെ ആഹ്വാനം ചെയ്‌തെന്നിരിക്കും. അന്തര്‍ദേശീയ വാദികളെന്ന നിലയ്ക്കുതന്നെ ദേശീയസമര മുന്നേറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള ശ്രമങ്ങള്‍ പല മാര്‍ക്‌സിസ്റ്റുകളും നടത്തിയിട്ടുണ്ടെങ്കിലും അവസരവാദപരം എന്നു വിശേഷിപ്പിക്കപ്പെടാവുന്ന അവയൊന്നും വിജയിച്ചില്ല. 1860 ല്‍ മാര്‍ക്‌സ് അയര്‍ലന്റിലെ വിമോചന സമരത്തോട് എടുത്ത സമീപനമാണ് ഇക്കൂട്ടരും സ്വീകരിച്ചത്.
ലെനിനെ തള്ളി ലക്‌സംബര്‍ഗ്
ദേശീയതയെക്കുറിച്ചും ദേശരാഷ്ട്രങ്ങളെക്കുറിച്ചുമുള്ള മാര്‍ക്‌സിന്റെ വിചാരങ്ങള്‍ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്ക കാലം മുതല്‍ തന്നെ വിലപ്പോയിരുന്നില്ല. 1880 കളില്‍ മാര്‍ക്‌സിന്റെ ജന്മനാടായ ജര്‍മനിയിലാണ് ലോക സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കംകുറിച്ചത്. അക്കാലത്ത് പാര്‍ലമെന്ററി സംവിധാനത്തോടുകൂടിയ രാജഭരണമായിരുന്നു അവിടെ. വളരെക്കുറച്ചു പേര്‍ക്ക് മാത്രമേ പ്രായപൂര്‍ത്തി വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ. പിന്നീട് കൂടുതല്‍ തൊഴിലാളികള്‍ക്ക് വോട്ടവകാശം ലഭിക്കുകയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (ജര്‍മന്‍ ഭാഷയില്‍ എസ്പിഡി) പ്രമുഖ രാഷ്ട്രീയ ശക്തിയാവുകയും ചെയ്തു. ജര്‍മന്‍ ഭരണകൂടത്തെ പുറത്താക്കുന്നതിനല്ല, അത് പിടിച്ചെടുക്കുന്നതിനാണ് ഈ പാര്‍ട്ടി ശ്രമിച്ചത്! ദേശീയവികാരമാണ് ഇതിന് പാര്‍ട്ടിയെ നയിച്ചത്!! പാര്‍ട്ടി നേതാക്കള്‍ ‘പുരോഗമന ജര്‍മന്‍ കൊളോണിയലിസ’ത്തെക്കുറിച്ച് പറയാന്‍ തുടങ്ങി!!! അവര്‍ ദേശരാഷ്ട്രങ്ങളുമായി താദാത്മ്യം പ്രാപിച്ചു. ഒന്നാം ലോക യുദ്ധത്തില്‍ ജര്‍മനി പങ്കുചേരുന്നതിനെപ്പോലും എസ്പിഡി പിന്തുണച്ചു. രണ്ടാം ഇന്റര്‍നാഷണലിലെ ഏറെ പാര്‍ട്ടികള്‍ ഇതിനെ പിന്തുണക്കുകയും ചെയ്തു. പോളിഷ്-ജര്‍മന്‍ മാര്‍ക്‌സിസ്റ്റ് റോസ ലക്‌സംബര്‍ഗും റഷ്യന്‍ മാര്‍ക്‌സിസ്റ്റ് ലെനിനും ലോകത്തെ വിഭജിച്ചെടുക്കാനുള്ള മുതലാളിത്ത ശക്തികളുടെ മത്സരമാണെന്നു പറഞ്ഞ് യുദ്ധത്തെ എതിര്‍ത്തെങ്കിലും, ജര്‍മന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നിലപാടിനെ അത് ബാധിച്ചില്ല. തൊഴിലാളികള്‍ സ്വന്തം രാജ്യത്തെ ഭരണവര്‍ഗങ്ങളെ പിന്തുണയ്ക്കുന്നതിനു പകരം ഇപ്പോഴത്തെ പ്രതിസന്ധി മുതലെടുത്ത് വര്‍ഗസമരം ശക്തിപ്പെടുത്തണമെന്ന് ഇരുവരും വാദിച്ചു.
യുദ്ധത്തെ എതിര്‍ക്കുന്നതില്‍ യോജിപ്പായിരുന്നെങ്കിലും ദേശീയസമരങ്ങളോട് സ്വീകരിക്കേണ്ട സോഷ്യലിസ്റ്റ് സമീപനം എന്തായിരിക്കണമെന്നതില്‍ ഇവരും വിയോജിച്ചു. മുതലാളിത്തം പൂര്‍ണമായും അന്തര്‍ദ്ദേശീയവല്‍ക്കരിക്കപ്പെട്ട സാമ്രാജ്യത്വ കാലത്ത് ദേശീയ സമരങ്ങള്‍ കാലഹരണപ്പെട്ടുവെന്നും, ലോക സമ്പദ്‌വ്യവസ്ഥ അതിശക്തമായതിനാല്‍ സാമ്പത്തികമായി സ്വതന്ത്രമായ ദേശരാഷ്ട്രങ്ങള്‍ എന്നത് അപലപനീയമാണെന്നും ലക്‌സംബര്‍ഗ് വാദിച്ചു. പഴയ സാമ്രാജ്യത്വത്തെ തകര്‍ത്ത് പുതിയ ബൂര്‍ഷ്വാ മുതലാളിത്ത ഭരണകൂടം സ്ഥാപിച്ച കാലത്ത് ദേശീയ സമരങ്ങള്‍ പുരോഗമനപരമായിരുന്നുവെന്നും, എന്നാല്‍ ആ കാലം കഴിഞ്ഞുപോയെന്നും അവര്‍ വിലയിരുത്തി. അന്തര്‍ദേശീയ മുതലാളിത്തത്തിന്റെ കാലത്ത് പുതിയ ദേശരാഷ്ട്രങ്ങളെ പിന്തുണയ്ക്കുന്നത് പ്രതിലോമപരമാണ്. ലോക മുതലാളിത്തത്തിനെതിരെ തൊഴിലാളിവര്‍ഗത്തെ അണിനിരത്തുകയെന്നതാണ് ഇപ്പോഴത്തെ ദൗത്യം. ‘സാമ്രാജ്യത്വത്തിന്റെ പടയോട്ടക്കാലത്ത് ദേശീയ സമരങ്ങള്‍ എന്നൊന്നില്ല. അത് പൊതുജനങ്ങളെ വഞ്ചിക്കാന്‍ മാത്രമേ ഉപകരിക്കൂ.’ ലക്‌സംബര്‍ഗ് പ്രഖ്യാപിച്ചു.
ദേശീയ സമരങ്ങള്‍ രാഷ്ട്രീയസമരങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നു നോക്കിയാവണം സോഷ്യലിസ്റ്റ് വിപ്ലവകാരികള്‍ നിലപാടെടുക്കേണ്ടതെന്നു പറഞ്ഞ് ലെനിന്‍, ലക്‌സംബര്‍ഗിനെ തള്ളുന്നുണ്ട്. അയര്‍ലന്റിന്റെ സ്വാതന്ത്ര്യസമരത്തില്‍ മാര്‍ക്‌സ് സ്വീകരിച്ച നിലപാടിനെ പിന്‍പറ്റുകയാണ് ലെനിന്‍ ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ ലക്‌സംബര്‍ഗ് ആയിരുന്നു ശരി. അവരുടെതായിരുന്നു മാര്‍ക്‌സിസ്റ്റ് രീതി. അയര്‍ലന്റിന്റെ കാര്യത്തില്‍ മാര്‍ക്‌സ് സ്വീകരിച്ചത് യഥാര്‍ത്ഥത്തില്‍ മാര്‍ക്‌സിസ്റ്റ് വിരുദ്ധ സമീപനമായിരുന്നു. അത് അവസരവാദപരവുമായിരുന്നു.
റഷ്യന്‍ ദേശീയതയുടെ പ്രശ്‌നത്തില്‍ ലെനിന്റെ കാപട്യത്തെ ലക്‌സംബര്‍ഗ് തുറന്നുകാട്ടുന്നുണ്ട്. രാഷ്ട്രങ്ങള്‍ക്ക് സ്വയം നിര്‍ണയാവകാശം നല്‍കുന്നത് തൊഴിലാളികള്‍ക്ക് സ്വര്‍ണത്തളികയില്‍ ഭക്ഷണം കഴിക്കാനുള്ള അവകാശം നല്‍കുന്നതിന് തുല്യമാണെന്ന് പരിഹസിക്കുകയാണ് ലക്‌സംബര്‍ഗ്. അവസരവാദപരമായ നിലപാടുകള്‍ അവര്‍ക്ക് എന്നും അന്യമായിരുന്നു. ദേശീയാഭിലാഷങ്ങളെ സോഷ്യലിസ്റ്റുകള്‍ നിരുപാധികം പിന്തുണയ്ക്കണമെന്ന് പറയുന്നത് അബദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നു പറഞ്ഞ് ലെനിനെ തിരുത്താന്‍ ലക്‌സംബര്‍ഗ് ശ്രമിച്ചു.
ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള അയര്‍ലന്റിന്റെ സമരത്തെ മാര്‍ക്‌സും ഏംഗല്‍സും സൈദ്ധാന്തികമായ കാഴ്ചപ്പാടില്‍ ലാഘവബുദ്ധിയോടെയാണ് ആദ്യം കണ്ടിരുന്നത്. അക്കാലത്തെ ബ്രിട്ടീഷ് തൊഴിലാളി വര്‍ഗത്തിന്റെ ചാര്‍ട്ടിസ്റ്റ് പ്രസ്ഥാനം ഈ പ്രശ്‌നം പരിഹരിക്കുമെന്ന് ഇരുവരും കരുതി. ബ്രിട്ടനിലെ വര്‍ഗസമരത്തിന്റെ ഒരു ചെറുഘടകം മാത്രമാണ് ഐറിഷ് പ്രശ്‌നമെന്ന് വിലയിരുത്തിയ മാര്‍ക്‌സ്, ചാര്‍ട്ടിസ്റ്റ് പ്രസ്ഥാനവുമായി ചേരാത്തതില്‍ ഐറിഷ് ദേശീയവാദികളെ കുറ്റപ്പെടുത്തുകയും ചെയ്തു. ചാര്‍ട്ടിസ്റ്റ് പ്രസ്ഥാനത്തിന്റെ തകര്‍ച്ചയോടെ ഐറിഷ് വിരോധം ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ശക്തി പ്രാപിക്കാന്‍ തുടങ്ങി. 1860 കളില്‍ ഐറിഷ് സ്വാതന്ത്ര്യസമരം മുന്നേറാന്‍ തുടങ്ങിയതോടെയാണ് മാര്‍ക്‌സ് നിലപാട് മാറ്റിയത്. ഐറിഷ് വിരുദ്ധ വികാരം ബ്രിട്ടനിലെ തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിന് വലിയ തടസ്സമാണെന്ന് മാര്‍ക്‌സ് അഭിപ്രായപ്പെട്ടു.
”ഇംഗ്ലണ്ടിലെ സാധാരണ തൊഴിലാളി ഐറിഷ് തൊഴിലാളിയെ തങ്ങളുടെ ജീവിത നിലവാരം കുറയ്ക്കുന്ന എതിരാളിയായി കണ്ട് വെറുക്കുന്നു. ഐറിഷ് തൊഴിലാളിയെ അപേക്ഷിച്ച് തങ്ങള്‍ ഭരിക്കുന്ന രാഷ്ട്രത്തിലെ അംഗങ്ങളാണെന്ന് ബ്രിട്ടീഷ് തൊഴിലാളി സ്വയം കരുതാന്‍ തുടങ്ങി. ഇതുവഴി അയര്‍ലന്റിനെതിരായ തന്റെ രാജ്യത്തെ പ്രഭുക്കന്മാരുടെയും മുതലാളിമാരുടെയും ഉപകരണമായി അവര്‍ മാറി. ഇക്കൂട്ടരുടെ മേധാവിത്വത്തിന് സ്വയം കീഴടങ്ങി…. ഈ എതിര്‍പ്പാണ് ഇംഗ്ലീഷ് തൊഴിലാളി വര്‍ഗത്തിനുള്ള പ്രാധാന്യത്തിന്റെ രഹസ്യം…”(74) എന്ന് മാര്‍ക്‌സിനും എംഗല്‍സിനും പറയേണ്ടിവന്നു. തൊഴിലാളി വര്‍ഗത്തിന് രാജ്യമില്ലെന്ന് മാനിഫെസ്‌റ്റോയില്‍ എഴുതിവച്ചവര്‍ക്കാണ് പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇങ്ങനെ മാറ്റിപ്പറയേണ്ടി വന്നത്.
മാര്‍ക്‌സ് തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട്. ”ഇംഗ്ലീഷ് തൊഴിലാളി വര്‍ഗത്തിന്റെ വരവോടെ ഐറിഷ് ഭരണകൂടത്തെ പുറന്തള്ളാനാവുമെന്നാണ് ഞാന്‍ വളരെക്കാലം വിശ്വസിച്ചത്…. കാര്യം മറിച്ചാണെന്ന് ആഴത്തിലുള്ള പഠനം എന്നെ ബോധ്യപ്പെടുത്തി. അയര്‍ലന്റിന്റെ പ്രശ്‌നം പരിഹരിക്കാതെ ഇംഗ്ലീഷ് തൊഴിലാളി വര്‍ഗം ഒന്നും നേടാന്‍ പോകുന്നില്ല. ഇടപെടല്‍ വേണ്ടത് അയര്‍ലന്റിലാണ്.” (75) ഐറിഷ് പ്രശ്‌നം തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ മുന്‍പന്തിയില്‍ വേണമെന്നും, ഒന്നാം ഇന്റര്‍ നാഷണല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും മാര്‍ക്‌സ് നിര്‍ബന്ധം പിടിച്ചു. ഐറിഷ് പ്രശ്‌നത്തെക്കുറിച്ചുള്ള പുനരാലോചനയ്ക്ക് മാര്‍ക്‌സ് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ തുടങ്ങി. ‘മറ്റൊരു രാഷ്ട്രത്തെ അടിച്ചമര്‍ത്തുന്ന ഏതൊരു രാഷ്ട്രവും സ്വന്തം ചങ്ങലകളെ ശക്തിപ്പെടുത്തുകയാണ്’ എന്ന് മാര്‍ക്‌സിന് പറയേണ്ടിവന്നത് ഈ സാഹചര്യത്തിലാണ്.
സ്വയം നിര്‍ണയാവകാശം എന്ന ചതി
തൊഴിലാളി വര്‍ഗത്തിന് രാജ്യമില്ലെന്നും, അവര്‍ക്ക് ദേശീയവാദികളാവാന്‍ കഴിയില്ലെന്നും മാര്‍ക്‌സ് പറയുന്നത് ഒക്ടോബര്‍ വിപ്ലവത്തിനു മുന്‍പുതന്നെ റഷ്യ തള്ളിക്കളയുകയായിരുന്നു. സാറിന്റെ സാമ്രാജ്യം റഷ്യയിലെ നിരവധി ദേശീയ ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തിയിരുന്നു. തൊഴിലാളി വര്‍ഗത്തെ സംഘടിപ്പിക്കുന്നതിനായി ദേശീയാഭിലാഷങ്ങളെ റഷ്യന്‍ മാര്‍ക്‌സിസ്റ്റുകള്‍ പിന്തുണച്ചു. മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തില്‍ ദേശീയതയ്ക്ക് ഇടമില്ലെന്നു പറഞ്ഞ് നിരവധി പേര്‍ ഇതിനെതിരെ രംഗത്തുവന്നു. ആദ്യമൊക്കെ അവഗണിക്കാന്‍ നോക്കിയെങ്കിലും ഈ പ്രശ്‌നം പിന്നീട് കൂടുതല്‍ സങ്കീര്‍ണമായി. സാമ്രാജ്യത്വ ലോകക്രമത്തില്‍ അധികാരക്രമമുള്ള രാഷ്ട്രങ്ങള്‍ക്കിടയില്‍ ദേശീയ കലാപങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്നും, ഇത്തരം ദേശീയ സംഘര്‍ഷങ്ങളില്‍ അന്തര്‍ദേശീയ നിലപാട് സ്വീകരിക്കുന്നതിലാണ് മാര്‍ക്‌സിസ്റ്റുകളുടെ മിടുക്കെന്നും മറ്റും പറഞ്ഞാണ് ലെനിന്‍ വൈരുദ്ധ്യം പരിഹരിക്കാന്‍ ശ്രമിച്ചത്. അപ്പോഴും തൊഴിലാളികളുടെ ദേശീയവികാരം (മാര്‍ക്‌സിസ്റ്റ് സിദ്ധാന്തം അനുസരിച്ച് ഇങ്ങനെയൊന്ന് ഉണ്ടാവാന്‍ പാടില്ല) അന്തര്‍ദ്ദേശീയ വികാരം കൊണ്ട് എങ്ങനെ പരിഹരിക്കാനാവുമെന്ന പ്രശ്‌നം അവശേഷിച്ചു. മര്‍ദ്ദക രാഷ്ട്രങ്ങളും മര്‍ദ്ദിത രാഷ്ട്രങ്ങളും ഏറ്റുമുട്ടുമ്പോള്‍ മാര്‍ക്‌സിസ്റ്റുകള്‍ രണ്ടാമത്തെ വിഭാഗത്തിനൊപ്പം നില്‍ക്കണമെന്നാണ് ദേശീയതയുടെ കാര്യത്തില്‍ മാര്‍ക്‌സിനെ സംരക്ഷിക്കാന്‍ ലെനിന്‍ സ്വീകരിച്ച തന്ത്രപരമായ നിലപാട്. പക്ഷേ ഈ ഏറ്റുമുട്ടല്‍ ദേശീയാഭിലാഷങ്ങളെ മുന്‍നിര്‍ത്തി രണ്ട് സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ തമ്മിലാവുമ്പോള്‍ (പില്‍ക്കാലത്ത് സോവിയറ്റ് യൂണിയനും ചൈനയും തമ്മില്‍ ഉണ്ടായതുപോലെ)എന്തുചെയ്യുമെന്ന പ്രശ്‌നത്തിന് ഉത്തരമാവുന്നില്ല.
യഥാര്‍ത്ഥത്തില്‍ ദേശീയതയെ അംഗീകരിക്കുകയോ സ്വീകരിക്കുകയോ അല്ല ലെനിന്‍ ചെയ്യുന്നത്. അതൊരു തന്ത്രമായിരുന്നു. ശരിയായ മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടില്‍ ദേശീയവാദത്തെ എതിര്‍ക്കുന്ന സമീപനം സ്വീകരിച്ച റോസ ലക്‌സംബര്‍ഗിനെ എതിര്‍ക്കാനും, മാര്‍ക്‌സിന്റെ സിദ്ധാന്തത്തിന് പ്രയോഗസാധുതയില്ലെന്നു കണ്ടും തല്‍ക്കാലം സുരക്ഷിതമായ ഒരു പാത സ്വീകരിക്കുകയായിരുന്നു ലെനിന്‍. ഇതിലൂടെ പോകാവുന്നിടത്തോളം പോകാമെന്നും കണക്കുകൂട്ടി. തൊഴിലാളി വര്‍ഗത്തിനിടയില്‍ ദേശീയത ഒരു വിഷയമാണെന്നും, അതിനെ മറികടക്കുകയാണ് വേണ്ടതെന്നും ലെനിന്‍ വാദിക്കുന്നുണ്ട്. ദേശീയവാദത്തിനെതിരെ തൊഴിലാളി വര്‍ഗ ഐക്യവും അന്തര്‍ദേശീയ വാദവും ശക്തിപ്പെടുത്താന്‍ എന്താണ് വഴിയെന്നും ലെനിന്‍ ഉപദേശിക്കുന്നു. സ്വന്തം ഭാവി നിര്‍ണയിക്കാനുള്ള മര്‍ദ്ദിത രാഷ്ട്രങ്ങളുടെ അവകാശത്തെ തുറന്നു പിന്തുണച്ച് മര്‍ദ്ദക രാഷ്ട്രത്തിലെ തൊഴിലാളികളുടെ പിന്തുണ നേടാനും, അവരുടെ ദേശീയമായ താദാത്മ്യങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിക്കാനും ഇതിലൂടെ കഴിയുമത്രേ.
കൂടുതല്‍ ദേശരാഷ്ട്രങ്ങള്‍ ഉയര്‍ന്നുവരുന്നത് കാണാനല്ല മാര്‍ക്‌സിസ്റ്റുകള്‍ ആഗ്രഹിക്കുന്നതെന്നും, ദേശീയവാദികളെന്ന നിലയ്ക്ക് തൊഴിലാളികളെ പൊതുരാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ് അവര്‍ ശ്രമിക്കേണ്ടതെന്നും ലെനിന്‍ എടുത്തു പറയുന്നു. എന്നാല്‍ ഇതൊന്നും ബലംപ്രയോഗിച്ചാവരുത്. ഇതിനുവേണ്ടിയാണ് ലെനിന്‍ സ്വയം നിര്‍ണയാവകാശത്തെ പിന്തുണച്ചത്. തൊഴിലാളികളുടെ അന്തര്‍ദ്ദേശീയ ഐക്യത്തിനുവേണ്ടിയാണിത്. സ്വയംനിര്‍ണയാവകാശത്തെ പിന്തുണയ്ക്കാതിരുന്നാല്‍ പ്രബല ദേശീയവാദവുമായി കൈകോര്‍ക്കലായിരിക്കും അതെന്നും ലെനിന്‍ വാദിക്കുന്നു. അമൂര്‍ത്തമായ അന്തര്‍ദേശീയവാദത്തിന്റെ അടിസ്ഥാനത്തില്‍ ദേശീവാദത്തെ നേരിടാനാവില്ലെന്നും, ഇതിന്റെ മനഃശാസ്ത്രം മനസ്സിലാക്കണമെന്നും ഉപദേശിക്കുന്നു.
”ദേശീയത, അത് എത്ര നീതിപൂര്‍വവും ശുദ്ധവും പ്രബുദ്ധവും പരിഷ്‌കൃതവുമാണെങ്കില്‍ തന്നെയും മാര്‍ക്‌സിസത്തിന് അതുമായി യോജിക്കാനാവില്ല”(76) എന്നു പറയുന്നിടത്ത് ലെനിന്റെ ഈ മനഃശാസ്ത്രം പുറത്തുചാടുന്നുണ്ട്. ബോള്‍ഷെവിക് പാര്‍ട്ടിയുടെ ‘ദേശീയ സ്വയംനിര്‍ണയാവകാശ’ത്തിന് റഷ്യയില്‍ അവര്‍ അധികാരം പിടിക്കുന്നതുവരെ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. സോവിയറ്റുകളുടെ അധികാരത്തെ ലെനിന്‍ നിഷ്‌ക്കരുണം അടിച്ചമര്‍ത്തുന്നതാണ് പിന്നീട് കണ്ടത്.
ഇത്തരമൊരു ‘തത്വാധിഷ്ഠിത’ നിലപാട് സ്വീകരിച്ചാല്‍ മര്‍ദ്ദിത രാഷ്ട്രത്തിലെ തൊഴിലാളികള്‍ ദേശീയവാദത്തില്‍നിന്ന് സോഷ്യലിസത്തിലേക്ക് നീങ്ങുമെന്നും ലെനിന്‍ വാദിക്കുന്നു. ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചില്ലെങ്കില്‍ മര്‍ദ്ദക രാഷ്ട്രത്തിലെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ദേശീയ ബൂര്‍ഷ്വാസിക്കൊപ്പം പോകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. ഇക്കാരണംകൊണ്ടാണ് കൊളോണിയലിസത്തിനെതിരെ ബൂര്‍ഷ്വാസിയുടെ സ്വാതന്ത്ര്യസമരത്തെ പിന്തുണയ്ക്കുമ്പോഴും സോഷ്യലിസ്റ്റുകള്‍ ‘തൊഴിലാളിവര്‍ഗ മുന്നേറ്റത്തില്‍ ഉറച്ചുനില്‍ക്കണം’ എന്ന് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ നിലപാടെടുത്തത്. എന്നാല്‍ വിഘടിച്ചു പോവുന്നതടക്കമുള്ള സ്വയം നിര്‍ണയാവകാശത്തെ പിന്തുണയ്ക്കുന്നതിന്റെ സൈദ്ധാന്തികാടിത്തറ എന്താണെന്ന് വിശദീകരിക്കുന്നില്ല. ഐറിഷ് പ്രശ്‌നത്തോടുള്ള മാര്‍ക്‌സിന്റെ വിലയിരുത്തലില്‍ നിന്നോ ലെനിന്റെ ചര്‍ച്ചകളില്‍ നിന്നോ ഇത് ലഭ്യമല്ല.
തൊഴിലാളിവര്‍ഗ ദേശീയ മുന്നേറ്റങ്ങള്‍
ദേശീയവാദത്തെ അംഗീകരിക്കാതെതന്നെ ദേശീയ സ്വാതന്ത്ര്യസമരങ്ങളെ പിന്തുണയ്ക്കുകയെന്ന അടവുനയമാണ് മാര്‍ക്‌സും ലെനിനും സ്വീകരിച്ചതെന്നു കാണാന്‍ വിഷമമില്ല. എന്നാല്‍ ഇതിന് നിരവധി പരിമിതികളുണ്ട്. ദേശീയവാദത്തിന്റെ അവിശ്വസനീയമായ ശക്തിയേയും പ്രഭാവത്തെയും മനസ്സിലാക്കാനുള്ള സിദ്ധാന്തങ്ങളൊന്നും ഇരുവരും മുന്നോട്ടുവയ്ക്കുന്നില്ല. തൊഴിലാളി വര്‍ഗത്തിനു മേലും അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കുമേലും ദേശീയവാദം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വിശദീകരിക്കാന്‍ മാര്‍ക്‌സിസത്തിന് കഴിയുന്നില്ല.
തൊഴിലാളികളില്‍ വലിയൊരു വിഭാഗത്തിനും പൗരത്വമില്ലാതിരുന്ന കാലത്താണ് യൂറോപ്പില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനം രൂപംകൊള്ളുന്നത്. ഇവര്‍ക്ക് ഓരോ രാജ്യത്തിന്റെയും പൗരത്വം ലഭിച്ചതോടെ ചിത്രം മാറി. വ്യക്തികളെന്ന നിലയ്ക്ക് ഓരോ പൗരനുമുള്ള സ്വാതന്ത്ര്യവും സാധ്യതയും ശരിയായി മനസ്സിലാക്കുന്നതില്‍ മാര്‍ക്‌സിസ്റ്റുകള്‍ പരാജയപ്പെട്ടു. പൗരത്വത്തിന്റെ ആശയപരമായ ശക്തിയെ തിരിച്ചറിഞ്ഞില്ല. തൊഴിലാളികള്‍ക്ക് സാര്‍വദേശീയ തൊഴിലാളി വര്‍ഗത്തോടുള്ളതിനെക്കാള്‍ കൂറ് സ്വന്തം രാജ്യത്തോട് വളര്‍ന്നുവന്നു. സോഷ്യലിസ്റ്റ് വഞ്ചകരെക്കുറിച്ചുള്ള മുദ്രാവാക്യങ്ങളൊന്നും ഒരുപരിധിക്കപ്പുറം വിലപ്പോയില്ല. ഉല്‍പ്പാദനോപാധികള്‍ കയ്യടക്കി വയ്ക്കുന്നതാണല്ലോ മാര്‍ക്‌സ് മുതലാളിത്തത്തില്‍ കണ്ട വലിയ ദോഷം. വിപ്ലവത്തിനുശേഷം നിലവില്‍ വന്ന റഷ്യ ഉള്‍പ്പെടെയുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ‘ആസൂത്രിത സമ്പദ് വ്യവസ്ഥ’ കൊണ്ടുവന്നതോടെ ഇതേ ദോഷം മറ്റൊരു തരത്തില്‍ ആവര്‍ത്തിക്കപ്പെട്ടു. ദേശരാഷ്ട്രങ്ങള്‍ ശക്തിപ്പെടാനാണ് ഇത് വഴിവച്ചത്. ഭരണകൂട പിന്തുണയുള്ള സോഷ്യലിസം ഓരോ രാജ്യത്തും നിലനിര്‍ത്തിയ ഘടനയും സംവിധാനങ്ങളും ദേശരാഷ്ട്രങ്ങളുടെ ധര്‍മംതന്നെ നിര്‍വഹിച്ചു. ലോകത്തെ ‘അവരും/ഞങ്ങളും’ എന്നു വിഭജിച്ചു. അന്തര്‍ദ്ദേശീയ വാദത്തിന്റെ ചെലവില്‍ ദേശീയവാദം പുനഃസ്ഥാപിക്കുന്നതായിരുന്നു ഇത്. മുതലാളിത്തത്തിന്റെ ഫലമായി രൂപംകൊണ്ട ദേശരാഷ്ട്രങ്ങള്‍ പൗരത്വത്തിനു പുറമെ മറ്റു പലതരത്തിലും ജനങ്ങളെ ഏകീകരിക്കുകയുണ്ടായി. ദേശം എന്നതിന് ഒരു സാങ്കല്‍പിക ഘടനയാണുള്ളതെങ്കിലും ജനതയെ ആകര്‍ഷിക്കാനുള്ള അതിന്റെ കഴിവിനെ തിരിച്ചറിയാന്‍ മാര്‍ക്‌സിനോ മാര്‍ക്‌സിസത്തിനോ കഴിഞ്ഞില്ല.
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ച് 150 വര്‍ഷവും- 1917-23 കാലത്തെ ഒരു ഇടവേളയൊഴികെ-തൊഴിലാളി വര്‍ഗമുന്നേറ്റത്തില്‍ ആധിപത്യം ചെലുത്തിയത് ദേശീയവാദമാണെന്നത് ഒരു വിരോധാഭാസമായി തോന്നാം. തൊഴിലാളി മുന്നേറ്റങ്ങള്‍ എല്ലാംതന്നെ സംഘടനാപരമായി ദേശീയമാണ്. മറ്റു രാജ്യങ്ങളിലെ സഹോദരീ സഹോദരന്മാരെക്കുറിച്ച് അധികമൊന്നും ചിന്തയില്ലാതെ നിര്‍ദ്ദിഷ്ട രാജ്യത്തെ തൊഴിലാളികളെ സംഘടിപ്പിക്കാനാണ് ഇവ ശ്രമിച്ചത്. ‘നമ്മുടെ ജോലി, നമ്മുടെ ജീവിത രീതി’ എന്നിവയ്ക്കുവേണ്ടി ഇറക്കുമതി നിയന്ത്രണം ഉള്‍പ്പെടെയുള്ള സംരക്ഷണവാദത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ലോകമെമ്പാടും ഇടതു ദേശീയവാദവും കാണാനാവും! എന്നാല്‍ ദേശീയവാദം തകര്‍ന്നാലല്ലാതെ സോഷ്യലിസ്റ്റ് അന്തര്‍ദേശീയതയ്ക്ക് ഭാവിയില്ല. ഇക്കാരണത്താല്‍ ‘ദേശീയ പ്രശ്‌നം’ മാര്‍ക്‌സിസ്റ്റുകളുടെ ചര്‍ച്ചാവിഷയമാണ്. ദേശീയവാദത്തിന്റെ ചില നിര്‍ബന്ധങ്ങളും ദേശീയ സമരങ്ങളുടെ യാഥാര്‍ത്ഥ്യവും മാര്‍ക്‌സിസ്റ്റുകളെ ഇത്തരമൊരു ചര്‍ച്ചയിലേക്ക് വീണ്ടും വീണ്ടും കൊണ്ടുവരുന്നു.
(തുടരും)
അടിക്കുറിപ്പുകള്‍:-
73. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, മാര്‍ക്‌സ്-ഏംഗല്‍സ്.
74. Ireland and the Irish Question, Marx and Engels
75. Ibid
76. Critical remarks on the national question, Lenin
ഭാഗം 13 വായിക്കാന്‍ https://kesariweekly.com/33459/ സന്ദര്‍ശിക്കുക