Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

മാര്‍ക്‌സിന് ദേശീയത മനസ്സിലായില്ല (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 15)

മുരളി പാറപ്പുറം

Print Edition: 30 December 2022

കാറല്‍ മാര്‍ക്‌സ് മുതല്‍ ഇങ്ങോട്ടുള്ള ഏതാണ്ട് എല്ലാ മാര്‍ക്‌സിസ്റ്റുകളും ദേശീയവാദത്തെ സമീപിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത രീതി ആസ്‌ട്രേലിയന്‍ മാര്‍ക്‌സിസ്റ്റായ ഒട്ടൊ ബെയര്‍ തള്ളിക്കളയുന്നുണ്ട്. രാഷ്ട്രവും ദേശീയതയും വര്‍ഗത്തില്‍നിന്നും വര്‍ഗസമരത്തില്‍നിന്നും വേറിട്ടു നില്‍ക്കുന്ന സ്വതന്ത്ര ശക്തിയാണെന്ന നിഗമനത്തിലാണ് ബെയര്‍ ചെന്നെത്തുന്നത്. ക്ലാസിക്കല്‍ മാര്‍ക്‌സിസ്റ്റുകളുടെ സമീപനത്തിലൂടെ ദേശീയതയെ വിമര്‍ശിക്കുകയും അപഹസിക്കുകയും ചെയ്യുന്ന എറിക് ഹോബ്‌സ്ബാമും അറിഞ്ഞോ അറിയാതെയോ ഇത്തരമൊരു നിലപാടില്‍ എത്തിച്ചേരുന്നു എന്നത് രസകരമാണ്. രാഷ്ട്രവുമായുള്ള സാങ്കല്‍പിക ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടുപിടിക്കപ്പെട്ട യുക്തിരഹിതമായ പ്രത്യയശാസ്ത്രമാണ് ദേശീയത എന്നു പറയുമ്പോള്‍ തന്നെ, അതിന് വര്‍ഗവുമായും സാമൂഹ്യപ്രക്രിയകളുമായും നേരിട്ടുള്ള യാതൊരു ബന്ധവുമില്ല എന്നാണ് ഹോബ്‌സ്ബാം കണ്ടെത്തുന്നത്.

കാറല്‍ മാര്‍ക്‌സിന്റെ ദേശീയതാ വിമര്‍ശനത്തിന്റെ അപര്യാപ്തത ബ്രിട്ടീഷ് സാമൂഹ്യചിന്തകനായ അന്തോണി ഗിഡ്ഡന്‍സ് ചൂണ്ടിക്കാട്ടുന്നുണ്ട്. ”ദേശീയതയുടെ സ്വഭാവം, സ്വാധീനം എന്നിവയെക്കുറിച്ച് വളരെക്കുറച്ചേ മാര്‍ക്‌സ് ശ്രദ്ധിച്ചിട്ടുള്ളൂ. ഇതുസംബന്ധിച്ച മാര്‍ക്‌സിന്റെ പരാമര്‍ശങ്ങള്‍ വിജ്ഞാനപ്രദമോ ആഴമുള്ളതോ അല്ല. ദേശീയതയെക്കുറിച്ചല്ല, ദേശീയ പ്രശ്‌നത്തെക്കുറിച്ചായിരുന്നു പില്‍ക്കാല മാര്‍ക്‌സിസ്റ്റുകള്‍ക്ക് ആശങ്ക. ഇതു സംബന്ധിച്ച മാര്‍ക്‌സിസ്റ്റ് സാഹിത്യവും ദേശീയതയുടെ ഉല്‍പ്പത്തിയും സ്വഭാവവും അറിയാന്‍ ഉതകുന്നതല്ല. പ്രബലമായ വര്‍ഗം സ്വന്തം താല്‍പ്പര്യങ്ങള്‍ മുഖംമൂടിയിട്ട് അവതരിപ്പിക്കുന്നതാണ് ദേശീയവാദം എന്നവിധമുള്ള മാര്‍ക്‌സിസ്റ്റ് വ്യാഖ്യാനങ്ങള്‍ യുക്തിസഹമല്ല.” (78)

ബ്രിട്ടീഷ് മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ ഡേവിഡ് മക്‌ലെല്ലാനും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. ”മാര്‍ക്‌സിന്റെ എഴുത്തുകളിലെ ഏറ്റവും വലിയ വിടവ് ദേശീയത സംബന്ധിച്ചാണ്. മാര്‍ക്‌സ് ദേശരാഷ്ട്രത്തിനും ദേശീയതയ്ക്കും വളരെ പരിമിതമായ പരിഗണനയേ നല്‍കിയിട്ടുള്ളൂ. മാര്‍ക്‌സിസ്റ്റുകള്‍ അവയെ അപ്രധാനമായി കണ്ട് അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്തു… പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയായപ്പോഴേക്കും യൂറോപ്പിലും ലോകത്തിന്റെ മറ്റിടങ്ങളിലും ദേശീയത സോഷ്യലിസവുമായി ഒരു ആശയമെന്ന നിലയ്ക്ക് ശക്തിപരീക്ഷണം നടത്തുകയും സ്വന്തം ശക്തി തെളിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ബ്രിട്ടന്‍, കാനഡ, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സുപ്രധാന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തരത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് വന്‍ ജനപിന്തുണ ലഭിച്ചു. ദേശീയാഭിലാഷങ്ങള്‍ സൃഷ്ടിച്ച പ്രശ്‌നങ്ങളെയും ദേശരാഷ്ട്രങ്ങള്‍ തമ്മിലുള്ള മത്സരങ്ങളെയും പരിഹരിക്കാന്‍ സോഷ്യലിസത്തിന് കഴിയാതെ വന്നതിനാല്‍ സോഷ്യലിസ്റ്റ് ദേശരാഷ്ട്രങ്ങള്‍ തമ്മില്‍ ഗുരുതരമായ സംഘര്‍ഷങ്ങള്‍ ഉരുത്തിരിയുകയും, ചില സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ വിയോജിപ്പിന്റെ വിത്തുപാകുന്നതില്‍ വിജയിക്കുകയും ചെയ്തു.” (79)

മാര്‍ക്‌സിസത്തിന്റെ മഹത്തായ പരാജയം
ദേശീയത താല്‍ക്കാലികവും അസ്വാഭാവികവുമായ ഒരു പ്രതിഭാസമാണെന്നും, അന്യവല്‍ക്കരിക്കപ്പെട്ട മനുഷ്യന്റെ സൃഷ്ടികളിലൊന്നാണെന്നുമാണ് അതെന്നുമാണ് മാര്‍ക്‌സ് ദൃഢമായി വിശ്വസിച്ചത്. വിരുദ്ധ ചേരിയില്‍ നിന്ന് പോരടിക്കുന്ന ദേശരാഷ്ട്രങ്ങള്‍ കൃത്രിമമായ ദേശാതിര്‍ത്തികളുടെ പേരില്‍ മനുഷ്യരെ പരസ്പരം വിഭജിക്കുകയും, മനുഷ്യനെ പ്രകൃതിയില്‍നിന്ന് അകറ്റിക്കളയുകയും ചെയ്യും. ദേശീയമായ വിധേയത്വം രൂപപ്പെടുന്നതോടെ, സ്വന്തം സൃഷ്ടിയല്ലെന്ന് അധികം വൈകാതെ തിരിച്ചറിയപ്പെടുന്ന ഒന്നില്‍ (രാഷ്ട്രം) തന്റെ തന്നെ ഗുണങ്ങള്‍ ആരോപിക്കും. ഇപ്രകാരം വിഗ്രഹാരാധനയുടെ മറ്റൊരു രൂപമായാണ് മാര്‍ക്‌സ് ദേശീയതയെയും ദേശാഭിമാനത്തെയും കണ്ടത്. തന്റെ സിദ്ധാന്തത്തിലും പ്രയോഗത്തിലും മാര്‍ക്‌സ് പലപ്പോഴായി വലിയ വിട്ടുവീഴ്ചകള്‍ ചെയ്തപ്പോഴും ദേശീയതയുടെ കാര്യത്തില്‍ നിലപാട് മാറ്റിയില്ല. ദേശീയതയെയും ദേശരാഷ്ട്രങ്ങളെയും ആധുനിക മുതലാളിത്തവും വ്യവസായവല്‍ക്കരണവും തകര്‍ക്കുമെന്നുതന്നെ ഉറച്ചുവിശ്വസിച്ചു. ഇതാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ ഇങ്ങനെ പറയാന്‍ മാര്‍ക്‌സിനെ പ്രേരിപ്പിച്ചത്: ”ബൂര്‍ഷ്വാസിയുടെ വളര്‍ച്ചയുടെ, വ്യാപാര സ്വാതന്ത്ര്യത്തിന്റെ, ലോക കമ്പോളത്തിന്റെ, ഉല്‍പ്പാദന രീതിയിലും തദനുസൃതമായി ജീവിതസാഹചര്യങ്ങളിലും ഉണ്ടായിട്ടുള്ള ഐക്യരൂപത്തിന്റെ ഫലമായി ദേശഭേദങ്ങളും ജനതകള്‍ തമ്മിലുള്ള വൈരങ്ങളും ദിനംപ്രതി അധികമധികം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.” (80)

ദേശീയതയെ തൃപ്തികരമായി നിര്‍വചിക്കുന്നതിലും, അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിലും മാര്‍ക്‌സിസത്തിന്റെ പരാജയങ്ങളെ ചില മാര്‍ക്‌സിസ്റ്റു ചിന്തകന്മാര്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവരിലൊരാളാണ് സ്‌കോട്ടിഷ് രാഷ്ട്രീയ ചിന്തകന്‍ ടോം നൈറന്‍. ”മാര്‍ക്‌സിസത്തിന്റെ മഹത്തായ പരാജയത്തെ പ്രതിനിധീകരിക്കുന്നത് ദേശീയതയുടെ സിദ്ധാന്തമാണ്. മറ്റു ചിലതുണ്ടാവാം. ചിലത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുമുണ്ടാവാം. പക്ഷേ അവയൊന്നും സൈദ്ധാന്തികമായോ പ്രായോഗികമായോ ദേശീയതയുടെ പ്രശ്‌നംപോലെ പ്രധാനപ്പെട്ടതോ മൗലികമോ അല്ല” (81) എന്നാണ് നൈറന്‍ വിലയിരുത്തുന്നത്.
മാര്‍ക്‌സിസ്റ്റുകള്‍ക്കും മാര്‍ക്‌സിസ്റ്റു വിരുദ്ധര്‍ക്കും ഒരുപോലെ അംഗീകരിക്കേണ്ടിവരുന്ന പൊതുതത്വമാണിത്. മാര്‍ക്‌സിസത്തെപ്പോലുള്ള രാഷ്ട്രീയ തത്വചിന്തകള്‍ക്ക് ശരിയായി മനസ്സിലാക്കാന്‍ കഴിയാത്ത മൗലികവും അടിസ്ഥാനപരവുമായ സങ്കല്‍പ്പമാണ് ദേശീയത. മാര്‍ക്‌സിസത്തിന്റെ കാര്യം പരിഗണിക്കുമ്പോള്‍ സമൂഹത്തിന്റെ സാമ്പത്തികാടിത്തറയാണ് ഉപരിഘടനയെ നിര്‍ണയിക്കുന്നതെന്ന ലളിതവല്‍ക്കരണവും വര്‍ഗസമരതത്വവുമാണ് ദേശീയതയെ മനസ്സിലാക്കുന്നതിന് തടസ്സം. ക്ലാസിക്കല്‍ മാര്‍ക്‌സിസത്തിന്റെ കാലം മുതല്‍ ഇതാണ് അവസ്ഥ. ദേശീയതയുടെ പ്രശ്‌നം (ചമശേീിമഹ ഝൗലേെശീി) സംബന്ധിച്ച് മാര്‍ക്‌സും ഏംഗല്‍സും നടത്തിയിട്ടുള്ള ആശയവിനിമയങ്ങൡതന്നെ ഇതു കാണാം. പലരും തെറ്റിദ്ധരിച്ചിട്ടുള്ളതുപോലെ ദാര്‍ശനികരെന്ന നിലയ്‌ക്കോ സാമൂഹ്യചിന്തകരെന്ന നിലയ്‌ക്കോ അല്ല ഇരുവരും ദേശീയതയുടെ പ്രശ്‌നങ്ങളെ സമീപിച്ചത്, രാഷ്ട്രീയക്കാര്‍ എന്ന നിലയ്ക്കാണ്. തങ്ങളുടെ കാലത്തെ രാഷ്ട്രീയ പ്രശ്‌നങ്ങളോട് ഇടപെടുമ്പോഴാണ് അവര്‍ക്ക് ദേശീയതയോട് പ്രതികരിക്കേണ്ടിവന്നത്. പോളണ്ടിലെ ജനതയുടെ ദേശീയ മുന്നേറ്റങ്ങളെ പിന്തുണച്ച മാര്‍ക്‌സ് റഷ്യന്‍ സമൂഹം പ്രതിലോമപരമാണെന്ന് വിലയിരുത്തിയത് ഇതിനുദാഹരണമാണ്.

യൂറോപ്പില്‍ ദേശീയതയും ദേശരാഷ്ട്രങ്ങളും ഒരു യാഥാര്‍ത്ഥ്യമായിരുന്നിട്ടും മാര്‍ക്‌സ് അത് ശരിയായി മനസ്സിലാക്കിയില്ല. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ദേശീയമായ ഐക്യത്തെയും സ്വാതന്ത്ര്യത്തെയും പിന്തുണയ്ക്കുകയെന്നാല്‍ സാമ്രാജ്യത്വത്തിനും രാജാധികാരത്തിനുമെതിരായ ജനവികാരത്തെ പിന്തുണയ്ക്കുക എന്നായിരുന്നു അര്‍ത്ഥം. ദേശരാഷ്ട്രങ്ങള്‍ അഭിവൃദ്ധി പ്രാപിക്കുന്നത് ജനാധിപത്യപരമായാണ് കണ്ടിരുന്നത്. ഒന്നാം ലോകയുദ്ധത്തിനുശേഷമാണ് അരാജകവാദികളും ഇടതുപക്ഷ ലിബറലുകളും ദേശീയതയ്ക്ക് തെറ്റായ വ്യാഖ്യാനം നല്‍കാന്‍ തുടങ്ങിയത്. മാര്‍ക്‌സും ഏംഗല്‍സും അക്കാലത്തെ ദേശീയതയുടെ പ്രശ്‌നങ്ങളോട് പക്ഷപാതപരമായ സമീപനമാണ് സ്വീകരിച്ചത്. ദേശീയതയെ അപഗ്രഥിക്കുന്നതില്‍ വലിയ താല്‍പര്യം കാണിച്ചില്ല. അവര്‍ക്ക് അതില്‍ വിശ്വാസമില്ലായിരുന്നു. ദേശീയതയുടെ രാഷ്ട്രീയവും ജനാധിപത്യ രാഷ്ട്രീയവും തമ്മിലെ വ്യത്യാസം ഗ്രഹിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ദേശീയതാല്‍പ്പര്യങ്ങളെയും മുന്നേറ്റങ്ങളെയും സവിശേഷമായി മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനു പകരം ദേശീയതയെ ഒരു അസാധാരണ പ്രതിഭാസമായി കാണുകയാണ് മാര്‍ക്‌സ് ചെയ്തത്.

ജര്‍മനിയുടെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും ഈ പക്ഷപാതപരമായ സമീപനം പ്രകടമായിരുന്നു. ജര്‍മന്‍ ഏകീകരണത്തെ പൂര്‍ണമായി അനുകൂലിച്ചിരുന്നുവെങ്കിലും രണ്ടുപേരും ജര്‍മന്‍ ദേശീയവാദികള്‍ ആയിരുന്നില്ല. ദേശീയമായ ഏകീകരണം ജര്‍മന്‍ ജനാധിപത്യ വിപ്ലവത്തിന്റെ പ്രാഥമിക ഉപാധിയായാണ് ഇരുവരും കണ്ടത്. ഇറ്റലിയുടെ ദേശീയ ഏകീകരണത്തെ അനുകൂലിച്ചപ്പോഴും സമീപനവും ലക്ഷ്യവും വ്യത്യസ്തമായിരുന്നു. ”പോളണ്ടിലെ ജനതയെ ഒഴിച്ചുനിര്‍ത്തിയാല്‍ അയല്‍പക്കത്തെ ആധിപത്യശക്തികള്‍ ഇത്രമാത്രം നിര്‍ലജ്ജം അടിച്ചമര്‍ത്തുകയും, പലപ്പോഴും ധീരമായിതന്നെ ഈ അടിച്ചമര്‍ത്തലിന്റെ നുകം വലിച്ചെറിയാന്‍ ശ്രമിക്കുകയും ചെയ്ത മറ്റൊരു ജനതയില്ല” (82) എന്നാണ് ഇറ്റലിയെക്കുറിച്ച് മാര്‍ക്‌സും ഏംഗല്‍സും എഴുതുന്നത്.

ദേശീയതയിലും വര്‍ഗസമരം
ഇങ്ങനെയൊക്കെ എഴുതുമ്പോഴും ദേശീയമായ ആവശ്യങ്ങളെ നിരുപാധികം പിന്തുണയ്ക്കുകയല്ല മാര്‍ക്‌സിസത്തിന്റെ സ്ഥാപകര്‍ ചെയ്യുന്നത്. അക്കാലത്തെ രാഷ്ട്രീയത്തിന്റെ ഭാഗമായി ചില നിലപാടുകള്‍ എടുക്കുകയാണ്. മാര്‍ക്‌സിനെയും ഏംഗല്‍സിനെയും സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രത്തെ നിര്‍വചിക്കാന്‍ പൊതുവായ ഭാഷയും പാരമ്പര്യവും, ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ ഏകാത്മതയും മതിയാവില്ല. സാമ്പത്തിക വികാസമാണ് അതിന് മാനദണ്ഡമാക്കേണ്ടത്. രാഷ്ട്രങ്ങളുടെ സ്വയംനിര്‍ണയാവകാശവും നിരുപാധികമല്ല. അന്തര്‍ദ്ദേശീയതയുമായും വര്‍ഗസമര വികാസവുമായും അത് ബന്ധപ്പെട്ടിരിക്കുന്നു. സിദ്ധാന്തത്തെക്കാള്‍ രാഷ്ട്രീയ പരിഗണനകള്‍ വച്ചാണ് ദേശീയപ്രശ്‌നങ്ങളില്‍ മാര്‍ക്‌സും ഏംഗല്‍സും നിലപാട് എടുത്തിരുന്നത്. ഐറിഷ് പ്രശ്‌നത്തിലും ഇതാണുണ്ടായത്.

”ഇംഗ്ലണ്ടില്‍നിന്നുള്ള അയര്‍ലന്റിന്റെ വേര്‍പെടുത്തല്‍ അസാധ്യമെന്നാണ് ഞാന്‍ നേരത്തെ കരുതിയിരുന്നത്. ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് അത് അനിവാര്യമെന്നാണ്.” ഇങ്ങനെയാണ് ഏംഗല്‍സിനുള്ള ഒരു കത്തില്‍ (1867) മാര്‍ക്‌സ് എഴുതുന്നത്. അയര്‍ലന്റ് വ്യാവസായികമായി പുരോഗമിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ ബ്രിട്ടന്‍ അതിനെ അടിച്ചമര്‍ത്തി ഒരു കാര്‍ഷിക രാജ്യമാക്കി മാറ്റും എന്നാണ് ഏംഗല്‍സ് പറയുന്നത്. മര്‍ദ്ദിത രാഷ്ട്രത്തിലെ ദേശീയത, മര്‍ദ്ദകരാഷ്ട്രത്തിലെ ദേശീയത എന്നിങ്ങനെ വര്‍ഗവിഭജനത്തിന്റെ യാന്ത്രികമായ കാഴ്ചപ്പാടാണ് ഇവിടെ സ്വീകരിക്കുന്നത്.

ദേശീയതയുടെ കാര്യത്തില്‍ മാര്‍ക്‌സിനും ഏംഗല്‍സിനും സംഭവിച്ചത് ‘മഹത്തായ പരാജയം’ മാത്രമല്ല, യാഥാര്‍ത്ഥ്യം കാണാന്‍ കൂട്ടാക്കാതിരുന്നതുമാണ്. ദേശീയതയുടെ കാലഘട്ടത്തില്‍ ജീവിച്ചിട്ടും അന്തര്‍ദ്ദേശീയതയാണ് ഇരുവരും ഉല്‍ബോധിപ്പിച്ചത്. പലപ്പോഴും അവര്‍ അന്തര്‍ദ്ദേശീയതയെ പെരുപ്പിച്ചുകാട്ടുകയും, ലോകത്തെ ഒന്നിപ്പിക്കാനുള്ള അതിന്റെ ശക്തിയെ കണക്കിലേറെ വിലമതിച്ചുകാണുകയും ചെയ്തു. ‘യാഥാര്‍ത്ഥ്യത്തിന്റെ സാങ്കല്‍പികവും വ്യാജവുമായ പ്രതിനിധാനങ്ങളായാണ് മാര്‍ക്‌സിന്റെ എഴുത്തുകളില്‍ ദേശീയത കടന്നുവന്നതെന്ന്’ ചില ചിന്തകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മതത്തെ മയക്കുമരുന്നായി കണ്ടതുപോലെ ജനങ്ങളുടെ കാഴ്ചയെ മറയ്ക്കുന്ന മൂടുപടമായാണ് മാര്‍ക്‌സ് ദേശീയതയെ കണ്ടത്. അത് യഥാര്‍ത്ഥ വര്‍ഗസമരത്തെ കാണാന്‍ അനുവദിക്കാതെ ഒരുതരം വ്യാജബോധം സൃഷ്ടിക്കുന്നു. ദേശീയത അയഥാര്‍ത്ഥവും ആപേക്ഷികവുമാണ് എന്നൊക്കെയാണ് മാര്‍ക്‌സ് എഴുതുന്നത്. അന്തര്‍ദ്ദേശീയതയാവട്ടെ വസ്തുനിഷ്ഠവും ഭൗതികവുമാണ്. ദേശീയതയുമായി തെറ്റായ ബന്ധം സ്ഥാപിക്കുന്നത് പുരോഗമനവിരുദ്ധമായിരിക്കുമെന്ന റഷ്യന്‍ മാര്‍ക്‌സിസ്റ്റായ മിഖായേല്‍ ബകുനിന്റെയും മറ്റ് അരാജകവാദികളുടെയും വിമര്‍ശനം കൂടിയായപ്പോള്‍ മാര്‍ക്‌സ് മറിച്ചു ചിന്തിച്ചില്ല.
കമ്യൂണിസ്റ്റുകാര്‍ ശാസ്ത്രബോധമുള്ളവരും യുക്തിപരമായി ചിന്തിക്കുന്നവരും, ദേശീയവാദികള്‍ ഇതിന് വിരുദ്ധപക്ഷത്തുള്ളവരുമെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കപ്പെട്ടു. തങ്ങള്‍ക്ക് വഴങ്ങാത്ത ഏതെങ്കിലും ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യമുണ്ടെങ്കില്‍ അതിനെതിരെ പ്രയോഗിക്കാനുള്ള പ്രവര്‍ത്തന പദ്ധതി ആവിഷ്‌കരിക്കുകയെന്നത് കമ്യൂണിസ്റ്റുകളുടെ പതിവ് രീതിയാണ്. റഷ്യന്‍ ദേശീയതകളുടെ കാര്യത്തില്‍ ലെനിന്‍ വികസിപ്പിച്ച സിദ്ധാന്തം ഇതിലൊന്നായിരുന്നു. ‘രാഷ്ട്രങ്ങളുടെ സ്വയംനിര്‍ണയാവകാശം’ ഇപ്രകാരം ക്രോഡീകരിക്കപ്പെട്ടതാണ്. ജൂവിഷ് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഉയര്‍ത്തിയ ദേശീയതയുടെ പ്രശ്‌നത്തെ നേരിടാനാണ് രാഷ്ട്രങ്ങളുടെ സ്വയംനിര്‍ണയാവകാശം ലെനിന്‍ ബോള്‍ഷെവിക് രാഷ്ട്രീയത്തിന്റെ ഭാഗമാക്കിയത്. 1905 ലെ റഷ്യന്‍ വിപ്ലവത്തോടെ ദേശീയതയുടെ പ്രശ്‌നം ബോള്‍ഷെവിക് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി. ‘ജനങ്ങളുടെ തടവറ’ എന്നു ലെനിന്‍ വിശേഷിപ്പിച്ച സാര്‍ ഭരണം അവസാനിപ്പിക്കുന്നതിനുള്ള തന്ത്രമാണ് സ്വയംനിര്‍ണയാവകാശത്തെ മുന്‍നിര്‍ത്തി ലെനിന്‍ പ്രയോഗിച്ചത്. ബോള്‍ഷെവിക്കുകള്‍ ഭരണം പിടിച്ചപ്പോള്‍ സ്വയംനിര്‍ണയാവകാശം ചവറ്റുകൊട്ടയില്‍ എറിഞ്ഞത് ഇതിനാലാണ്. ഒരേസമയം ദേശീയ മുന്നേറ്റങ്ങളെ പിന്തുണയ്ക്കുകയും പിന്തുണയ്ക്കാതിരിക്കുകയും ചെയ്യുന്ന, വിശ്വാസ്യതയുണ്ടെന്നു തോന്നിക്കുക മാത്രം ചെയ്യുന്ന ഒരു വഴിയാണ് മാര്‍ക്‌സിസ്റ്റുകള്‍ സ്വീകരിച്ചത്. സൗകര്യംപോലെ നിലപാട് സ്വീകരിക്കാനുള്ള സാമര്‍ത്ഥ്യം ഇതിലൂടെ അവര്‍ നിലനിര്‍ത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടും ഇങ്ങനെയൊരു തന്ത്രപരവും ആത്മാര്‍ത്ഥതയില്ലാത്തതുമായ സമീപനമാണ് മാര്‍ക്‌സും ഏംഗല്‍സും സ്വീകരിച്ചത്.

ദേശീയതയ്ക്ക് ചുവപ്പുനിറം!
റഷ്യയില്‍ അധികാരത്തില്‍ വരാന്‍ കഴിഞ്ഞതോടെ സോവിയറ്റ് മാര്‍ക്‌സിസം ജര്‍മനിയെപ്പോലുള്ള മുതലാളിത്ത രാജ്യങ്ങളിലേക്ക് കണ്ണുപായിക്കാന്‍ തുടങ്ങി. വിപ്ലവം അവിടങ്ങളിലേക്കും വ്യാപിക്കാമെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. പക്ഷേ മാര്‍ക്‌സിനെപ്പോലെ ലെനിനും നിരാശപ്പെടേണ്ടി വന്നു. പാശ്ചാത്യരാജ്യങ്ങളിലെ തൊഴിലാളിവര്‍ഗത്തിന് ദേശീയ മൂല്യങ്ങളോടുള്ള ഗാഢമായ ബന്ധം വിപ്ലവ സാധ്യതയെ അലസിപ്പിച്ചുകളഞ്ഞു. ഇതോടെയാണ് റഷ്യന്‍ വിപ്ലവം കിഴക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ തുടങ്ങിയത്. 1920 ല്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായ അസര്‍ബൈജാനില്‍ ചേര്‍ന്ന കിഴക്കന്‍ ജനതയുടെ ഒന്നാം കോണ്‍ഗ്രസ്സില്‍ ദേശീയവാദം മുന്‍പന്തിയിലേക്ക് വന്നു. മൂന്നാം ഇന്റര്‍നാഷണലിലെ നേതാക്കള്‍ തികച്ചും മാര്‍ക്‌സിസ്റ്റ് വിരുദ്ധമായ രീതിയില്‍ ദേശീയ വിപ്ലവകാരികളെ പ്രലോഭിപ്പിച്ചു. ”സുഹൃത്തുക്കളെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ വിശുദ്ധയുദ്ധം നടത്താനാണ് നിങ്ങളെ വിളിച്ചുവരുത്തിയിട്ടുള്ളത്!” എന്ന് ലെനിന്റെ കൂട്ടാളിയായ ഗ്രിഗറി സിനോവീവ് പ്രഖ്യാപിച്ചു. പ്രാദേശിക രൂപഭാവങ്ങളില്‍ കിഴക്കന്‍ രാജ്യങ്ങളിലെ കമ്യൂണിസം പുനര്‍ജനിക്കുകയായിരുന്നു. യൂറോപ്പിതര രാജ്യങ്ങളിലെ ജനങ്ങള്‍ ലോക തൊഴിലാളി വര്‍ഗ വിപ്ലവത്തിന് നല്‍കാന്‍ പോകുന്ന സംഭാവനകളെക്കുറിച്ച് അതുവരെ പറഞ്ഞുകൊണ്ടിരുന്ന കമ്യൂണിസ്റ്റുകള്‍ നിശ്ശബ്ദരായി.

ദേശീയവാദത്തെ നേരിട്ടു പിന്തുയ്ക്കുന്നതിനു പകരം സാമ്രാജ്യത്വ വിരോധത്തിന്റെ പേരില്‍ അങ്ങനെ ചെയ്യാന്‍ തുടങ്ങി. മൂന്നാംലോക രാജ്യങ്ങളിലെ ദേശീയ മുന്നേറ്റങ്ങളെ പിന്തുണയ്ക്കുകയെന്ന നയം സ്വീകരിച്ചു. സോവിയറ്റ് യൂണിയന്റെ സാമ്രാജ്യത്വ ഉപരോധം മറികടക്കാന്‍ ലെനിന്‍തന്നെ ഈ ആശയപരമായ വിച്ഛേദം പ്രഖ്യാപിക്കുകയായിരുന്നു. 1922 ല്‍ സാമ്രാജ്യ വിരുദ്ധ ഐക്യമുന്നണി എന്ന ആശയം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ നാലാം കോണ്‍ഗ്രസ്സ് മുന്നോട്ടുവച്ചു. ‘സ്വാതന്ത്ര്യം നേടുന്നതിനുള്ള ദേശീയ വികാരത്തെ പിന്തുണയ്ക്കുന്നത് അങ്ങേയറ്റം വ്യത്യസ്തമാണെന്ന വസ്തുത പൂര്‍ണമായി ഉള്‍ക്കൊള്ളുന്നു. സാമ്രാജ്യത്വത്തിനെതിരായ ഓരോ ദേശീയ വിപ്ലവ മുന്നേറ്റങ്ങളെയും കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ പിന്തുണയ്ക്കുന്നു’ എന്നതായി മാറിയ നിലപാട്. മൂന്നാം ലോക രാജ്യങ്ങളിലെ ദേശീയ മുന്നേറ്റങ്ങളെ പിടിച്ചുനിര്‍ത്താന്‍ സോവിയറ്റ് യൂണിയന്‍ ശ്രമിച്ചതിന്റെ ഭാഗമായിരുന്നു ഇത്. യൂറോപ്പിനു പുറത്തെ കൊളോണിയല്‍ രാജ്യങ്ങളിലേക്ക് തിരിഞ്ഞ് ‘ദേശീയ കമ്യൂണിസം’ എന്ന ഉറപ്പുള്ള മിശ്രിതത്തിന് രൂപംനല്‍കി. മാര്‍ക്‌സിസത്തെ ദേശീയത ചെറുക്കുന്നതാണ് ഇവിടെ കണ്ടത്. അതേസമയം യൂറോപ്യന്‍ മാര്‍ക്‌സിസം ദേശീയതയെ ഉള്‍ക്കൊള്ളാതെ അതിന് വിരുദ്ധമായിത്തന്നെ നിലകൊണ്ടു. 1780 മുതലുള്ള ദേശീയതയെക്കുറിച്ച് മുന്‍കാല പ്രാബല്യത്തോടെ എറിക് ഹോബ്‌സ്ബാം 1989ല്‍ എഴുതിയത് ഇങ്ങനെയാണ്: ”1945നു ശേഷമുള്ള ലോക രാഷ്ട്രീയം അടിസ്ഥാനപരമായി വിപ്ലവത്തിന്റെയും പ്രതിവിപ്ലവത്തിന്റെയും രാഷ്ട്രീയമാണ്. ദേശീയ പ്രശ്‌നങ്ങള്‍ ഇതിനെ ശരിവയ്ക്കുകയോ ശല്യപ്പെടുത്തുകയോ മാത്രമാണ് ചെയ്തിട്ടുള്ളത്.” (83) ദേശീയതയ്ക്ക് ചുവപ്പുനിറം നല്‍കുന്നതില്‍ ഹോബ്‌സ്ബാം വിമുഖത കാണിക്കുന്നു. പക്ഷേ ലോക രാഷ്ട്രീയത്തെക്കുറിച്ച് ഇങ്ങനെയൊരു അപക്വവീക്ഷണം പുലര്‍ത്തുന്നത് മനസ്സിലാക്കാന്‍ പ്രയാസമാണെന്ന വിമര്‍ശനമുണ്ട്. ലോകത്തിന് വഴികാട്ടുമെന്ന് കരുതപ്പെട്ട ഒരു തത്വശാസ്ത്രം ലോകക്രമത്തെ വിപുലമായി സ്വാധീനിച്ച ദേശീയതയുടെ പ്രാധാന്യത്തിനു മുന്നില്‍ നിഷ്പ്രഭമാവുകയായിരുന്നു.

ഉണരുന്ന ദേശീയതകള്‍
ആഗോളവല്‍ക്കരണത്തിന്റെ ഉയര്‍ച്ചയോടെ ദേശീയത കാലഹരണപ്പെടുമെന്ന പൊതുധാരണയാണ് പാശ്ചാത്യനാടുകളില്‍ ഉണ്ടായിരുന്നത്. സാമൂഹ്യമാറ്റത്തിന്റെ കാഴ്ചപ്പാടില്‍ ഏതുരൂപത്തിലുള്ള ദേശീയതയും വ്യാജവും അപകടകരവുമാണെന്നും ചിലര്‍ ചിന്തിക്കാന്‍ തുടങ്ങിയിരുന്നു. സാമൂഹ്യമായ അതൃപ്തികള്‍ പ്രകടിപ്പിച്ച് ജനങ്ങളെ വിമോചനത്തിലേക്ക് നയിക്കാനുള്ള ദേശീയതകളുടെ ശേഷിയെ കാണാന്‍ കൂട്ടാക്കുന്നില്ല എന്നത് യാന്ത്രികമായ ഈ വീക്ഷണത്തിന്റെ കുറവാണ്. ദേശീയത പ്രതിലോമപരമാണെന്നു പറഞ്ഞ് തള്ളിക്കളയുന്ന മാര്‍ക്‌സിസ്റ്റുകള്‍ക്ക് ആഗോളവല്‍ക്കരണ കാലത്ത് അതിനെ അപഗ്രഥിക്കാനുള്ള ഉപകരണങ്ങള്‍ കയ്യിലില്ല എന്നതാണ് സത്യം. ”ദേശീയത ഭാവാത്മകമാണ്. കൂടെക്കൂടെ അത് വലിയൊരു വിഭാഗം ജനതയെ പ്രലോഭിപ്പിക്കുകയും പരസ്പരമുള്ള പ്രതിബദ്ധത വളര്‍ത്തുകയും ചെയ്യും. ദേശീയത വെറുമൊരു വ്യാമോഹമോ കൗശലമോ ആയിരുന്നെങ്കില്‍ അത് (ചരിത്രഘട്ടങ്ങളില്‍) പ്രകടിപ്പിച്ച ശക്തി അതിനുണ്ടാവുമായിരുന്നില്ല.'(84) ആഗോളവല്‍ക്കരണത്തിന്റെ ‘മനുഷ്യസ്‌നേഹപരമായ സാമ്രാജ്യത്വം’ വിറ്റഴിക്കാന്‍ ശ്രമിക്കുന്നവര്‍ ദേശീയതകള്‍ക്ക് ബദലായി പ്രചരിപ്പിക്കുന്ന പാശ്ചാത്യ സാര്‍വലൗകികത ‘വെള്ളക്കാരന്റെ ദൗത്യം'(White man’s burdenഎന്ന പഴയ ആശയം തന്നെയാണ് പുനരു ജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നത്. മുതലാളിത്തം ഒരു വിശ്വജനാധിപത്യത്തിന്റെ(Global democracy) ) മുന്നേറ്റത്തിലേക്ക് നയിക്കുമെന്നു വിശ്വസിക്കുന്ന ഇക്കൂട്ടര്‍ക്ക് എന്തുകൊണ്ടാണ് ആഗോളവല്‍ക്കരണത്തിന് ദേശീയതയെ അതിക്രമിക്കാന്‍ കഴിയാത്തതെന്ന ചോദ്യത്തിന് മറുപടിയില്ല.

ദേശീയതയെക്കുറിച്ച് ഒരു മാര്‍ക്‌സിസ്റ്റ് സിദ്ധാന്തം രൂപപ്പെടുത്തിയെടുക്കാന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അവയൊക്കെ പലവിധത്തില്‍ മാര്‍ക്‌സിനെ മഹത്വവല്‍ക്കരിക്കുന്നതും മാര്‍ക്‌സിസത്തിന്റെ കുറവുകളെ മൂടിവയ്ക്കുന്നതുമാണ്. ഇരുപതാം നൂറ്റാണ്ടില്‍ നിലനിന്ന കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെല്ലാം ദേശീയതയെ ശത്രുവായാണ് കണ്ടത്. മാര്‍ക്‌സില്‍നിന്ന് പൈതൃകമായി കിട്ടിയതാണ് ഈ രീതി. മാര്‍ക്‌സും ഏംഗല്‍സും ദേശീയതയെ സമഗ്രമായി സമീപിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പലപ്പോഴും പരസ്പര വിരുദ്ധമായി സംസാരിച്ചിട്ടുമുണ്ട്. ഇവയെ ആശ്രയിച്ചാണ് ചിലര്‍ ദേശീയതയെക്കുറിച്ചുള്ള മാര്‍ക്‌സിറ്റ് സിദ്ധാന്തം വികസിപ്പിക്കാന്‍ ശ്രമം നടത്തിയിട്ടുള്ളത്. രാഷ്ട്രങ്ങള്‍ തമ്മിലല്ല, വര്‍ഗങ്ങള്‍ തമ്മിലുള്ള സാമൂഹ്യവിഭജനം എന്നതായിരുന്നുവല്ലോ മാര്‍ക്‌സിന്റെ അടിസ്ഥാന കാഴ്ചപ്പാട്.

മാര്‍ക്‌സും ഏംഗല്‍സും ലെനിനുമൊക്കെ ദേശീയതയെക്കുറിച്ചും ദേശരാഷ്ട്രങ്ങളെക്കുറിച്ചും പറഞ്ഞുവച്ചതെല്ലാം പരിഹാസ്യമായിത്തീരുന്നതാണ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ലോകം കണ്ടത്. മുന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍, പ്രത്യേകിച്ച് സോവിയറ്റ് യൂണിയന്‍, യുഗോസ്ലാവിയ, ചെക്കോസ്ലോവാക്യ എന്നിവിടങ്ങളില്‍ ദേശീയത പൂര്‍വാധികം ശക്തിയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ഇവയില്‍ ചിലത് കമ്യൂണിസ്റ്റ് രാജ്യങ്ങളായി തുടരുമ്പോള്‍ തന്നെയായിരുന്നു അവിടങ്ങളില്‍ ദേശീയവികാരം അലയടിച്ചത്. ദേശീയത അപ്രത്യക്ഷമായി അതിന്റെ സ്ഥാനത്ത് തൊഴിലാളി വര്‍ഗ സാര്‍വദേശീയത പ്രതിഷ്ഠിക്കപ്പെടുമെന്നായിരുന്നുവല്ലോ മാര്‍ക്‌സിന്റെയും മറ്റും പ്രഖ്യാപനം. എന്നാല്‍ ദേശീയതയോട് മത്സരിക്കാന്‍ കമ്യൂണിസ്റ്റ് തത്വശാസ്ത്രത്തിനും അതിന്റെ പ്രയോഗത്തിനും കഴിയില്ലെന്ന് തെളിയിക്കപ്പെടുകയായിരുന്നു.

ഇനിയുള്ള കാലം മാര്‍ക്‌സിസത്തിന്റെ സങ്കീര്‍ണതകളിലും പൊരുത്തക്കേടുകളിലും വേവലാതി പൂണ്ട് സമയം കളയേണ്ടതില്ല. പക്ഷേ മാര്‍ക്‌സിസത്തിന്റെ പരാജയം ദേശീയതയെക്കുറിച്ച് മനസ്സിലാക്കാന്‍ ഉപകരിക്കണം. സോഷ്യലിസത്തിനു കീഴില്‍, ഭരണകൂടത്തെപ്പോലെ ദേശീയമായ അതിര്‍ത്തികളും കൊഴിഞ്ഞുപോകുമെന്നും, തൊഴിലാളി വര്‍ഗത്തിന്റെ ഐക്യം രാഷ്ട്രങ്ങള്‍ക്കതീതമായി സ്ഥാപിക്കപ്പെടുമെന്നുമായിരുന്നുവല്ലോ മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും പ്രവചനം. ഇതൊക്കെ വെറും മിഥ്യാധാരണകളായിരുന്നുവെന്നാണ് പിന്നീട് തെളിഞ്ഞത്.
(തുടരും)
അടിക്കുറിപ്പുകള്‍:-
78. A Contemporary Critique of Historical Materialism, Anthony Giddens
79.Marx- the first hundred Years, David Mclellan
80. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, മാര്‍ക്‌സ്-ഏംഗല്‍സ്.
81. The Break Up of Britain : Crisis and Nationalism, Tom Nairn
82. Collected works, Marx-Engels
83. Nations and Nationalism Since 1870 : Programme, Myth, Reality-Eric Hobsbawm
84. Nationalism, Calhown

ഭാഗം 14 വായിക്കാന്‍ https://kesariweekly.com/33790/ സന്ദര്‍ശിക്കുക

Tags: മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies