കേരളത്തിന്റെ ആദ്ധ്യാത്മിക ഹൃദയസ്ഥാനമാണ് ശബരിമല. പഞ്ചഭൂതനാഥനായ ധര്‍മ്മശാസ്താവ് കുടികൊള്ളുന്ന ശബരിമലയെന്ന ധര്‍മ്മപീഠത്തെ തകര്‍ക്കാനുള്ള ആസുരിക ശക്തികളുടെ ആസൂത്രിതമായ പടയൊരുക്കങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ തന്നെ പഴക്കമുണ്ട്. എന്നാല്‍ സന്നിധാനത്തെ അണയാത്ത ആഴി പോലെ അയ്യപ്പധര്‍മ്മം ഒരു യജ്ഞാഗ്‌നി കണക്കെ അഗ്‌നിശോഭയോടെ ജ്വലിച്ചുയരുകയാണ്. ശബരിമലയുടെ വര്‍ദ്ധിച്ചു വരുന്ന പ്രാധാന്യത്തെയും പ്രസക്തിയെയും അവിടുത്തെ പ്രശ്‌നങ്ങളെയും കുറിച്ച് കേസരിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി നിലപാട് വ്യക്തമാക്കുന്നു…..
♠കേരളത്തിലെ ഹൈന്ദവ സമാജത്തെ സംബന്ധിച്ചിടത്തോളം ശബരിമല ക്ഷേത്രത്തിന്റെ പ്രാധാന്യമെന്താണ്?
കേരളത്തിലെ മാത്രമല്ല ഇന്ന് ദക്ഷിണേന്ത്യയിലെ തന്നെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല. കേരളത്തെക്കൂടാതെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ ഭക്തജനങ്ങള്‍ ശബരിമലയിലേക്ക് വരുന്നത്. നേരത്തെയുള്ളതില്‍ നിന്ന് വ്യത്യസ്തമായി ഭാരതത്തിന്റെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഭാരതത്തിനു പുറത്തു നിന്നും ധാരാളം ആളുകള്‍ ഇപ്പോള്‍ ശബരിമലയിലേക്ക് വരുന്നുണ്ട്. അതായത് കുറച്ചുകാലം കൊണ്ട് ശബരിമലയുടെ കീര്‍ത്തി വിശ്വവിശ്രുതമായിത്തീര്‍ന്നിരിക്കുകയാണ്. കേരളത്തിലെ ഹിന്ദുസമാജത്തെ സംബന്ധിച്ച് പതിനായിരക്കണക്കിനു ഗ്രാമങ്ങളില്‍ നിന്നും എല്ലാ സാമൂഹ്യ വിഭാഗങ്ങളില്‍ നിന്നും ശബരിമലയിലേക്ക് ഭക്തന്മാര്‍ പോകുന്നുണ്ട്. മറ്റു മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആസൂത്രിതവും സംഘടിതവുമായ സംവിധാനങ്ങള്‍ ഇല്ലാത്ത ഹിന്ദു സമാജത്തില്‍ ഭക്തിയും, നിഷ്ഠയും, ആചാരവും, സാമാജികബോധവും എല്ലാം നിലനിര്‍ത്തുന്നതില്‍ ശബരിമലയ്ക്ക് നിര്‍ണായകമായ ഒരു പങ്കുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലെ ഹിന്ദു സമാജത്തെ സംബന്ധിച്ചിടത്തോളം ഓരോ പ്രദേശത്തുമുള്ള ആയിരക്കണക്കിന് ക്ഷേത്രങ്ങളെ കൂടാതെ സനാതനധര്‍മ്മത്തില്‍ കോടിക്കണക്കിന് ആളുകളെ ഉറപ്പിച്ചു നിര്‍ത്തുന്ന മാസ്മരിക പ്രഭാവമുള്ള ഒരു ക്ഷേത്ര സവിധവും പുണ്യ സങ്കേതവുമാണ് ശബരിമല.
കേരളത്തിലെ പൊതുസമൂഹം വേണ്ടത്ര ശ്രദ്ധിക്കാത്ത ചില കാര്യങ്ങളും ശബരിമലയിലുണ്ട്. അവിടെ കോടിക്കണക്കിനു അയ്യപ്പഭക്തന്മാര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വരുന്ന സമയത്ത് വലിയ തോതിലുള്ള സാമ്പത്തികമായ പുരോഗതി കേരളത്തിനുണ്ടാകുന്നുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിലൂടെ നല്ല രീതിയിലുള്ള വരുമാനം നമ്മുടെ ഖജനാവിലേക്ക് വരുന്നുണ്ട്. ഒരു സീസണില്‍ ചെറുതും വലുതുമായി ചുരുങ്ങിയത് 10-30 ലക്ഷം വാഹനങ്ങള്‍ കേരളത്തിലേക്ക് പ്രവേശിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അങ്ങനെ പ്രവേശിക്കുന്ന വാഹനങ്ങളില്‍ ഏറ്റവും ചുരുങ്ങിയത് പത്ത് ലിറ്റര്‍ ഇന്ധനമെങ്കിലും അടിച്ചാല്‍ കോടിക്കണക്കിനു ലിറ്റര്‍ ഇന്ധനമാണ് വാഹനങ്ങളില്‍ അടിക്കേണ്ടി വരുക. ഒരു ലിറ്റര്‍ അടിക്കുമ്പോള്‍ തന്നെ സംസ്ഥാന ഖജനാവിലേക്ക് ഏതാണ്ട് 30 രൂപ എത്തുന്നുണ്ട്. ആ ഇനത്തില്‍ തന്നെ കോടിക്കണക്കിനു രൂപ നമ്മുടെ ഖജനാവിലേക്ക് എത്തുന്നു. കെഎസ്ആര്‍ടിസി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ശബരിമല മണ്ഡല- മകരവിളക്ക് കാലത്തെ വരുമാനം കൊണ്ടാണ് പലപ്പോഴും പിടിച്ചുനില്‍ക്കുന്നത്. ആ സമയത്ത് സംസ്ഥാന വ്യാപകമായി അധിക സര്‍വീസുകള്‍ ഓടിക്കാന്‍ കെഎസ്ആര്‍ടിസിക്ക് കഴിയുന്നുണ്ട്. അതോടൊപ്പം അധിക വരുമാനവും അധികചാര്‍ജും ഈടാക്കുന്നുണ്ട്. ചിലയിടങ്ങള്‍ അവരുടെ കുത്തകയാണ്. നിലയ്ക്കല്‍- പമ്പ റൂട്ടില്‍ മറ്റു വാഹനങ്ങള്‍ ഓടുന്നില്ല. അങ്ങനെ കെഎസ്ആര്‍ടിസിക്ക് നല്ല വരുമാനം ഉണ്ടാകുന്നുണ്ട്. കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി ഉള്‍പ്പെടെയുള്ള മറ്റെല്ലാ വകുപ്പുകള്‍ക്കും അധിക വരുമാനമുണ്ടാകുന്നുണ്ട്. നമ്മുടെ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന അയ്യപ്പഭക്തന്മാര്‍ വാങ്ങുന്ന ഓരോ സാധനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിനു നികുതി ലഭിക്കുന്നുണ്ട്. ഏറ്റവും ചുരുങ്ങിയത് ഒരു പതിനായിരം കോടി രൂപ എങ്കിലും സംസ്ഥാന സര്‍ക്കാരിനു പ്രത്യക്ഷമായി ലഭ്യമാക്കുന്ന ഒരു നിധി തന്നെയാണ് ശബരിമല എന്ന കാര്യത്തില്‍ സംശയമില്ല. ഒരുതരത്തില്‍ നോക്കിയാല്‍ മറ്റൊരു ആവശ്യത്തിനും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ കേരളത്തിലേക്ക് വരുന്നില്ല. വിദ്യാഭ്യാസത്തിനുവേണ്ടി വരുന്നില്ല, ആരോഗ്യാവശ്യത്തിനുവേണ്ടി വരുന്നില്ല. ആകെ ആളുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നത് ശബരിമലയിലേക്കാണ്. സംസ്ഥാനത്തിന് പുറത്തുള്ള കോടിക്കണക്കിനു ഭക്തന്മാരെ ഈ കേരളത്തിലേക്ക് വലിച്ചടുപ്പിക്കുന്ന മാസ്മരിക ശക്തിയുള്ള, ഐന്ദ്രജാലിക സിദ്ധിയുള്ള, ആദ്ധ്യാത്മിക ആകര്‍ഷണ കേന്ദ്രമാണ് ശബരിമല.
♠ശബരിമല തീര്‍ത്ഥാടനത്തിന്റെ സാമൂഹ്യമായ പ്രസക്തി എത്രത്തോളമാണ്?
ശബരിമലയെ സംബന്ധിച്ചെടുത്തോളം മണ്ഡലകാലം അല്ലെങ്കില്‍ മകരവിളക്ക് ഉത്സവം എന്ന് പറയുന്നത് വളരെ ആദ്ധ്യാത്മിക പ്രാധാന്യമുള്ള ഒരു കാലഘട്ടമാണ്. മണ്ഡല കാലത്താണ് കൂടുതല്‍ ആളുകള്‍ ശബരിമലയിലേക്ക് പോകുന്നത്. അത് വൈയക്തികമായല്ല; ശബരിമല യാത്ര നടത്തുന്നത് സാമൂഹ്യമായാണ്. അതിനു ആദ്യം ഒരു ഗുരു ആവശ്യമുണ്ട്. ഗുരുവില്‍ നിന്നാണ് മുദ്ര ധരിക്കുന്നത്. പിന്നീടുള്ള ഓരോ ചടങ്ങുകളും കൂട്ടായാണ് ചെയ്യുന്നത്. ശബരിമലയില്‍ പോകുന്ന ആളുകള്‍ ഒന്നിച്ചു ഭജന നടത്തുന്നു, ഒരുമിച്ച് ആഹാരമുണ്ടാക്കുന്നു. ഒന്നിച്ചു ക്ഷേത്രദര്‍ശനം നടത്തുന്നു. അന്നദാനം നടത്തുന്നു, ഒരുമിച്ച് താമസിക്കുന്നു. അതിലെ ആചാരങ്ങള്‍ ഓരോന്നും വൈയക്തികമായി ഓരോരുത്തരുടെയും മാനസികവും, ശാരീരികവുമായ ഉണര്‍വിനും ഉന്മേഷത്തിനും അതുപോലെ ആദ്ധ്യാത്മികമായ ഔന്നത്യത്തെയും ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. ഗുരുവില്‍ നിന്ന് മാല സ്വീകരിക്കുന്നതോടെ ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കുന്നു, ശരണം വിളിക്കുന്നു, ഭജന നടത്തുന്നു, സാത്വിക ആഹാരങ്ങള്‍ കഴിക്കുന്നു, സദ് വിചാരത്തോടെ ജീവിക്കുന്നു, സത്യസന്ധമായി പെരുമാറുന്നു. ധാര്‍മിക മൂല്യങ്ങള്‍ അനുസരിച്ച് ജീവിക്കുന്നു. സഹജീവികളോട് ഉദാരമായും സഹാനുഭൂതിയോടും പെരുമാറുന്നു. ഒരാളുടെ ജീവിതത്തില്‍ സമഗ്രമായ പരിവര്‍ത്തനത്തിന് ശബരിമല വ്രതം കാരണമാകുന്നു. എല്ലാവരിലും എല്ലാറ്റിലും ഈശ്വരനെ കാണുന്നു. പ്രകൃതിയെ ആരാധനയോടെ കാണുന്നു. കാനന ക്ഷേത്രം, ഭൂതനാഥന്‍ എന്നീ സങ്കല്‍പങ്ങള്‍ ഇതിന്റെ തെളിവാണ്. ആയുര്‍വേദ ശാസ്ത്രമനുസരിച്ച് നാല്പത്തൊന്നു ദിവസത്തെ വ്രതം ഒരാളുടെ മാനസികവും ശാരീരികവുമായ പരിവര്‍ത്തനത്തിന് പര്യാപ്തമായ കാലമാണ്. ഒരാളില്‍ നിലീനമായിക്കിടക്കുന്ന ഈശ്വരാംശത്തെ ഉയര്‍ത്തി അയാളെ ആദ്ധ്യാത്മികമായി അദ്വൈതത്തെ സാക്ഷാത്കരിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ സ്വാഭാവികമായും ശബരിമല ആചാരത്തിനു ഒരു സാമൂഹ്യമായ വശമുണ്ട്. വ്യക്തിയെ പരിവര്‍ത്തനത്തിന് പാകമാക്കുകയും സമാജ സംഘാടനം ഉറപ്പാക്കുകയും ചെയ്യുകയാണ് ശബരിമല ക്ഷേത്രവും അവിടുത്തെ അനുഷ്ഠാനങ്ങളും.
♠1950 ലെ തീവെപ്പ്, നിലയ്ക്കല്‍ പ്രക്ഷോഭം, യുവതീ പ്രവേശനം തുടങ്ങി ശബരിമല ക്ഷേത്രത്തയും ശബരിമല തീര്‍ത്ഥാടനത്തെയും അട്ടിമറിക്കാനുള്ള വളരെ ആസൂത്രിതവും സംഘടിതവുമായ നീക്കങ്ങള്‍ വളരെക്കാലമായി നടക്കുന്നുണ്ട്. ഇതിന് കാരണമെന്താണ്?
ഭാരതത്തില്‍ പൊതുവെയും, കേരളത്തില്‍ വിശേഷിച്ചും തങ്ങളുടെ ആശയത്തിനും കാഴ്ചപ്പാടിനുമനുസരിച്ച് സമൂഹത്തെ മാറ്റിയെടുക്കാന്‍ പരിശ്രമിക്കുന്ന പലവിധത്തിലുള്ള ശക്തികളുമുണ്ട്. അതില്‍ മതശക്തികളുണ്ട്, രാഷ്ട്രീയ ശക്തികളുണ്ട്, സാമ്പത്തിക മൂലധനശക്തികളുമുണ്ട്. കേരളത്തില്‍ അവരുടെയെല്ലാം ലക്ഷ്യത്തിന് ഒരു തടസ്സമായി നില്‍ക്കുന്നത് ശബരിമലയും അയ്യപ്പ വിശ്വാസവുമാണ്. ഉദാഹരണത്തിന് സെമറ്റിക് മതങ്ങള്‍ ഭാരതത്തില്‍ വ്യാപകമായി മതപരിവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഹിന്ദു സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളെയാണ് അവര്‍ പലപ്പോഴും ലക്ഷ്യം വെക്കുന്നത്. അവരുടെ ഈ ലക്ഷ്യത്തിന് ശബരിമല ഒരു തടസ്സമാണ്. മണ്ഡലകാലത്ത് പട്ടികജാതി വര്‍ഗ വിഭാഗങ്ങളില്‍ ഉള്ളവരടക്കം മുദ്രധരിച്ച് ശബരിമലയില്‍ പോകുന്നു. അതുകൊണ്ട് നേരത്തെ ഉള്ളതുപോലെ ഒരു മതപരിവര്‍ത്തനക്കൊയ്ത്ത് നടത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല. പ്രത്യേകിച്ച് ക്രൈസ്തവ മതശക്തികള്‍ക്ക്. ആദ്യം അവര്‍ ശബരിമലയ്ക്ക് സമീപം പല തീര്‍ത്ഥാടന കേന്ദ്രങ്ങളും സ്ഥാപിച്ച് ശബരിമലക്ഷേത്രത്തിന്റെ പ്രാധാന്യം ഇല്ലാതാക്കാന്‍ നോക്കി. പക്ഷെ അവര്‍ക്ക് അതില്‍ വിജയിക്കാന്‍ സാധിച്ചില്ല. ശബരിമല തീവെപ്പ് ക്രൈസ്തവ ശക്തികള്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ആ തീവെപ്പോടുകൂടി ശബരിമലയിലെ വിശ്വാസവും കൂടി അതില്‍ ദഹിച്ചു പോകും എന്നാണ് അവര്‍ കരുതിയത്. എന്നാല്‍ ശബരിമലയിലെ വിശ്വാസം ആളിക്കത്തുകയായിരുന്നു. അതോടു കൂടിയാണ് ശബരിമല വിശ്വാസത്തിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചത്. മാത്രമല്ല, അതോടെ കേരളത്തിന്റെ അതിരുകള്‍ തന്നെ ഭേദിച്ച് ശബരിമലയും അയ്യപ്പവിശ്വാസം വളര്‍ന്നു.
ഒരുകാലത്ത് ഹൈന്ദവ വിരുദ്ധ നിലപാടുകളുടെ കാര്യത്തില്‍ കേരളത്തേക്കാള്‍ അപകടകരമായ സ്ഥിതിയായിരുന്നു തമിഴ്‌നാട്ടില്‍. ദ്രാവിഡ രാഷ്ട്രീയം ഇന്നത്തേതിനേക്കാള്‍ ശക്തമായിരുന്ന കാലത്ത് അവിടെ ഈശ്വരവിശ്വാസവും ഹൈന്ദവബോധവും ഒന്നുമുണ്ടായിരുന്നില്ല. അങ്ങനെ പൂര്‍ണമായും സനാതനധര്‍മ്മവിരുദ്ധമായ ഒരു അവസ്ഥയിലായിരുന്നു അവിടം. മീനാക്ഷിപുരത്ത് ഒരു ഗ്രാമം മുഴുവന്‍ കൂട്ടമായി മതപരിവര്‍ത്തനം ചെയ്യപ്പെട്ട സംഭവമുണ്ടായിരുന്നു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ശബരിമലയിലേക്കു വരുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. അങ്ങനെ തമിഴ്‌നാട്ടിലെ മതപരിവര്‍ത്തനലോബിക്ക് ശബരിമല ഒരു തടസ്സമായി മാറുന്നു. ഇത്തരമൊരു പക സെമറ്റിക് മതശക്തികള്‍ക്ക് ശബരിമലയോട് എന്നുമുണ്ടായിരുന്നു. തീവെച്ചിട്ടും പാവനത നശിപ്പിക്കാന്‍ കഴിയാത്തത് കൊണ്ടാണ് 1984 ല്‍ നിലയ്ക്കലില്‍ അവര്‍ കുരിശു നാട്ടിയത്. അന്ന് കേരളത്തിലെ ഹൈന്ദവ ജനത ഒറ്റക്കെട്ടായായി അതിനെ എതിര്‍ത്തു. അവരെ സംബന്ധിച്ചിടത്തോളം ശബരിമലയെ തകര്‍ക്കണമെന്നത് എന്നും അവരുടെ ഒരു ലക്ഷ്യമാണ്.
കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ച് അവരുടെ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം എന്ന പ്രത്യയശാസ്ത്രം തന്നെ ഈശ്വരവിശ്വാസത്തിന് എതിരാണ്. അതുകൊണ്ട് തന്നെ അവരുടെ ഈ പ്രത്യയശാസ്ത്രം കേരളത്തില്‍ ആശയപരമായി വിജയിക്കാത്തതിന് കാരണം അയ്യപ്പ വിശ്വാസമാണ് എന്ന് അവര്‍ കരുതുന്നു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ പോലും അയ്യപ്പവിശ്വാസം ശക്തമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി ഒരിക്കല്‍ പറഞ്ഞത് ശബരിമലയില്‍ പോകുന്നവരില്‍ ആര്‍എസ്എസുകാരേക്കള്‍ കൂടുതല്‍ ഡിവൈഎഫ്‌ഐക്കാരുണ്ട് എന്നാണ്. ഇത് അവരുടെ പ്രത്യയശാസ്ത്രപരമായ പരാജയത്തെയാണ് കാണിക്കുന്നത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അവരുടെ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം ഉപേക്ഷിക്കേണ്ടി വന്നതിന് കാരണം ശബരിമലയും അയ്യപ്പവിശ്വാസവുമാണ്. ശബരിമലയ്‌ക്കെതിരെ വ്യാപകമായ പ്രചാരണങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. മകരജ്യോതിക്കെതിരെ ഉള്‍പ്പെടെ. പുറത്തു നിന്ന് എതിര്‍ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ദേവസ്വം ബോര്‍ഡില്‍ ഉള്‍പ്പെടെ നുഴഞ്ഞു കയറി ശബരിമലയെ തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെ ഇരിക്കുമ്പോഴാണ് 2018 ലെ കോടതി വിധി ഒരു കനകാവസരമായി അവര്‍ക്കു മുന്നില്‍ വന്നത്. 1950 ലെ തീവെപ്പ് മുതല്‍ യുവതീപ്രവേശന വിഷയം വരെയുള്ള പ്രശ്‌നങ്ങള്‍ ശബരിമലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമായിരുന്നു. അതിനു പിന്നില്‍ പലതരത്തിലുള്ള നിക്ഷിപ്ത താല്പര്യങ്ങളുമുണ്ട്. എന്നാല്‍ ശബരിമലയില്‍ ആളിക്കത്തുന്ന ആഴി പോലെ ആളുകളില്‍ അയ്യപ്പവിശ്വാസവും ഒരു യജ്ഞാഗ്‌നി പോലെ ജ്വലിച്ചുയര്‍ന്നു കൊണ്ടിരിക്കുകയാണ്.
♠താങ്കള്‍ ശബരിമല യുവതീപ്രവേശനത്തിനെതിരായ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നല്ലോ. ആ അനുഭവം ഒന്ന് വിവരിക്കാമോ?
സുപ്രീംകോടതിയില്‍ ശബരിമല യുവതീപ്രവേശനം സംബന്ധിച്ച കേസ് വന്നപ്പോള്‍ മുതല്‍ അവിടെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്നും ലിംഗനീതിയുടെ നിഷേധമാണ് നടക്കുന്നതെന്നുമൊക്കെയുള്ള ആഖ്യാനങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമം നടന്നത്. ഇതൊരു കളവായിരുന്നു. പൗരാണികകാലം മുതല്‍ ശബരിമലയില്‍ സ്ത്രീകള്‍ പോകാറുണ്ട്. പക്ഷേ ഒരു പ്രായപരിധി ഉള്ളവര്‍ സ്വമേധയാ അവിടെ പോകാറുണ്ടായിരുന്നില്ലെന്ന് മാത്രം. അയ്യനെ കാണാന്‍ എത്രകാലം വേണമെങ്കിലും ഭക്തിപൂര്‍വ്വം കാത്തുനില്‍ക്കാന്‍ കേരളത്തിലെ യുവതികള്‍ തയ്യാറായിരുന്നു. ശബരിമലയിലുള്ള വിശ്വാസം എന്നും പുരുഷന്മാരേക്കാള്‍ സ്ത്രീജനങ്ങള്‍ക്കായിരുന്നു കൂടുതല്‍. അവരുടെ പ്രിയപ്പെട്ടവര്‍ ശബരിമലയില്‍ പോകുമ്പോള്‍ അവര്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സുമായാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരാണ് കേസുമായി കോടതിയില്‍ പോയത്. അതിനു പിന്നില്‍ നിക്ഷിപ്തവും നിഗൂഢവുമായ താല്പര്യങ്ങളുണ്ട്. സുപ്രീംകോടതി വിധി വന്ന ഉടനെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത് ശബരിമലയില്‍ വരുന്ന സ്ത്രീകള്‍ക്ക് വിരിവെക്കാന്‍ വേണ്ടി ശബരിമലയിലെ കാടുകള്‍ മുഴുവന്‍ വെട്ടിത്തെളിക്കുമെന്നായിരുന്നു. അത്യാവേശത്തോടെയുള്ള ഈ പ്രതികരണത്തില്‍ നിന്ന് തന്നെ ആചാരങ്ങള്‍ അട്ടിമറിച്ചു ശബരിമലയെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് വ്യക്തമായിരുന്നു. സര്‍ക്കാര്‍ തന്നെ ചില സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുവന്ന് ആചാര ലംഘനം നടത്താനുള്ള ശ്രമവും നടത്തി. ഇതിനെതിരായ പ്രതിഷേധത്തിന് ആദ്യം പന്തളത്ത് നേതൃത്വം നല്കിയതും സ്ത്രീകള്‍ തന്നെയായിരുന്നു. ശബരിമലയിലെ യുവതീപ്രവേശനത്തിന് അനുകൂലമായി ചിന്തിച്ചിരുന്ന വ്യക്തികളെയും ശക്തികളെയും പോലും മാറ്റിച്ചിന്തിപ്പിച്ച ഒരു മുന്നേറ്റമായിരുന്നു അത്. ആ പ്രതിഷേധം കേരളത്തില്‍ വിശ്വാസപരമായ വലിയൊരു വേലിയേറ്റം തന്നെ ഉണ്ടാക്കി. അതിന്റെ തുടര്‍ച്ചയായി സസ്ഥാനത്ത് എമ്പാടും നാമജപ പ്രതിഷേധങ്ങള്‍ നടന്നു. എന്നാല്‍ സമാധാനപരമായി നടന്ന ഈ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരും പോലീസും രംഗത്ത് വന്നു. ഭക്തജനങ്ങളെ പോലീസ് മൃഗീയമായി വേട്ടയാടാന്‍ തുടങ്ങി. വാഹനങ്ങള്‍ തകര്‍ത്തും, നിരപരാധികളെ ആക്രമിച്ചും ഭക്തജനങ്ങളെ കയ്യേറ്റം ചെയ്തും പോലീസ് അരാജകത്വം സൃഷ്ടിച്ചു. ഹൈന്ദവ വിശ്വാസങ്ങള്‍ക്ക് നേരെ ഏകപക്ഷീയമായ ഈ അക്രമങ്ങളും വേട്ടയാടലും നടന്ന പശ്ചാത്തലത്തിലാണ് സംഘ പ്രസ്ഥാനങ്ങള്‍ പ്രശ്‌നത്തില്‍ ഇടപെടുന്നത്. വിശ്വാസികളല്ലാത്ത യുവതികളെ ആസൂത്രിതമായി ശബരിമലയില്‍ കയറ്റാന്‍ ശ്രമം നടന്നപ്പോള്‍ അത് അനുവദിക്കാന്‍ പാടില്ലെന്ന ഭക്തജനവിശ്വാസത്തിന്റെ കൂടെ സ്വാഭാവികമായും നമ്മളും അണി ചേരുകയായിരുന്നു. അഖിലഭാരതീയ തലത്തില്‍ ശബരിമല കര്‍മ സമിതി നിലവില്‍ വന്നു. സന്നിധാനത്ത് സംഘര്‍ഷം ഉണ്ടാവുമെന്ന് വന്നപ്പോള്‍ ഒരു ആപദ് ധര്‍മ്മമെന്ന നിലയില്‍ ഞാന്‍ അതില്‍ ഇടപെട്ടിട്ടുണ്ട്. ഒരു അയ്യപ്പവിശ്വാസി എന്ന നിലയില്‍ ചെയ്ത ധര്‍മ്മപ്രവൃത്തിയായിരുന്നു അത്.
♠നിലയ്ക്കല്‍ പ്രക്ഷോഭ കാലത്ത് ഹിന്ദുക്കള്‍ക്ക് ആരുണ്ട് നേതാവ് എന്നൊരു ചോദ്യം അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍ ചോദിച്ചിരുന്നു. ശബരിമല പ്രക്ഷോഭത്തിലൂടെ ഹിന്ദു സമാജം ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തി എന്ന് പറയാന്‍ കഴിയുമോ?
നിലയ്ക്കല്‍ പ്രക്ഷോഭ സമയത്ത് ഹൈന്ദവ സമാജത്തിന് നിശ്ചയമായും ഒരു നേതാവുണ്ടായിരുന്നു. സംപൂജ്യ സത്യാനന്ദ സരസ്വതി സ്വാമികളായിരുന്നു അത്. കെ. കരുണാകരന്റെ ചോദ്യത്തിന് അദ്ദേഹം ഉത്തരമൊന്നും പറഞ്ഞില്ലെങ്കിലും ‘സ്വയമേവ മൃഗേന്ദ്രത’ എന്ന ആപ്തവാക്യം അന്വര്‍ത്ഥമാക്കിക്കൊണ്ട് ആ പ്രക്ഷോഭത്തിന് അദ്ദേഹം നേതൃത്വം നല്‍കുകയായിരുന്നു. അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക നേതൃത്വത്തിന്റെ കീഴിലാണ് അന്ന് ഹൈന്ദവ സമാജം സംഘടിച്ചത്. ഹിന്ദുഐക്യവേദിയുടെ പിറവി പോലും അതിനെത്തുടര്‍ന്നുണ്ടായതാണ്. അതായത്, ഹിന്ദുക്കള്‍ക്ക് ആരാണ് നേതാവ് എന്ന ചോദ്യത്തിന് അന്നു തന്നെ ഉത്തരമുണ്ടായിരുന്നു എന്നര്‍ത്ഥം. ശബരിമല പ്രക്ഷോഭ സമയത്ത് ഏതെങ്കിലുമൊരു വ്യക്തിയല്ല, സമാജമൊന്നാകെ ആ പ്രക്ഷോഭത്തിലേക്ക് ആര്‍ത്തലച്ചു വരികയാണുണ്ടായത്. ആ പ്രക്ഷോഭത്തില്‍ ഏതെങ്കിലുമൊരു വ്യക്തിക്ക് സവിശേഷമായ എന്തെങ്കിലും പ്രാധാന്യമോ പ്രാമാണികതയോ ഉണ്ടായിട്ടില്ല. ഒരുപാട് ആളുകള്‍ പേരോ പ്രശസ്തിയോ ഒന്നും കാംക്ഷിക്കാതെ അണിയറയില്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് അന്ന് ശബരിമലയില്‍ ആചാരസംരക്ഷണം ഉറപ്പാക്കാനായത്. ഊണും ഉറക്കവും ഉപേക്ഷിച്ച് ആ കാനനത്തിലെ എല്ലാ വിഷമതകളും സഹിച്ചാണ് ഭക്തന്മാര്‍ അതിനു നേതൃത്വം നല്‍കിയത്. ഏതെങ്കിലും ഒരു വ്യക്തിക്ക് അതില്‍ പ്രാധാന്യമില്ല. കൂട്ടായ ഒരു നേതൃത്വത്തിന്റെ ചര്‍ച്ചയുടെയും തീരുമാനത്തിന്റെയും ഫലമായിരുന്നു ശബരിമല പ്രക്ഷോഭം.
♠ശബരിമല പ്രക്ഷോഭം കേരളത്തില്‍ വരുത്തിയ രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങള്‍ എന്തൊക്കെയാണ്?
ഹിന്ദു സമൂഹത്തിന് പൊതുവായി ഒരു ഐക്യബോധവും ഉള്‍ക്കാഴ്ചയും ഉണ്ടാക്കാന്‍, ഒന്നിച്ച് നിന്നില്ലെങ്കില്‍ നിലനില്പുണ്ടാവില്ല എന്ന ചിന്ത സമാജത്തിനുള്ളില്‍ വ്യാപകമായി പടര്‍ത്താന്‍ ശബരിമല പ്രക്ഷോഭം കാരണമായിട്ടുണ്ട്. കേരളത്തില്‍ അടുക്കളകളില്‍ നിന്നും അന്തപ്പുരങ്ങളില്‍ നിന്നും സാധാരണ സ്ത്രീകള്‍ നേരിട്ട് ഇറങ്ങിവന്ന് നടത്തിയ ഒരു സമരം ചരിത്രത്തില്‍ അതിന് മുന്‍പ് ഉണ്ടായിട്ടില്ല. അന്ന് സംപൂജ്യ ചിദാനന്ദപുരി സ്വാമികള്‍ ഉള്‍പ്പെടെയുള്ള ഹൈന്ദവ ആചാര്യന്മാരുടെ ആഹ്വാനം ഉള്‍ക്കൊണ്ട് കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ അണമുറിയാതെ അയ്യപ്പജ്യോതി തെളിയിക്കാന്‍ ലക്ഷക്കണക്കിന് ആളുകളാണ് സ്വമേധയാ മുന്നോട്ടു വന്നത്. പ്രക്ഷോഭത്തിനിടെ ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അദ്ധ്യക്ഷയെ അന്യായമായി അറസ്റ്റ് ചെയ്തപ്പോള്‍ രാത്രി ഒരു മണിക്കാണ് ആളുകള്‍ പ്രതിഷേധവുമായി കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും എത്തിയത്. ശബരിമല പ്രക്ഷോഭം സമരചരിത്രത്തില്‍ ഒരുപാട് പുതുമകള്‍ സൃഷ്ടിച്ചു. അത് ഹിന്ദു സമാജത്തിനിടയില്‍ ജാഗ്രതയുണ്ടാക്കി. ശബരിമല പ്രക്ഷോഭത്തിന് മുന്‍പും ശേഷവും എന്ന് കൃത്യമായി അതിരിട്ട് അടയാളപ്പെടുത്താന്‍ കഴിയുന്ന തരത്തിലുള്ള ഒരു മാറ്റം രാഷ്ട്രീയ മേഖലയില്‍ അതിനുശേഷം ഉണ്ടായിട്ടുണ്ട്. ആര്‍ക്കും കൊട്ടാവുന്ന ഒരു ചെണ്ടയല്ല ഹിന്ദു സമാജമെന്നുള്ള ഒരു സന്ദേശം അതിനെത്തുടര്‍ന്ന് കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലുണ്ടായി. അത് കഴിഞ്ഞുള്ള പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് വലിയ പാഠം നല്‍കി. ഓരോ വീട്ടിലും പോയി അവര്‍ക്ക് മാപ്പ് പറയേണ്ടി വന്നു. അവരുടെ രാഷ്ട്രീയമായ എല്ലാ ഔദ്ധത്യവും അതോടെ അവസാനിച്ചു. ഹിന്ദു സമാജത്തോടുള്ള സമീപനത്തില്‍ മാറ്റം വരുത്താനും ഇനി ഹിന്ദുക്കളെയും കൂടി പരിഗണിക്കേണ്ടതുണ്ട് എന്ന് രാഷ്ട്രീയ കക്ഷികളെക്കൊണ്ട് ചിന്തിപ്പിക്കാനും ശബരിമല പ്രക്ഷോഭം കാരണമായിട്ടുണ്ട്.
♠ശബരിമലയില്‍ ഇനി സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ആചാരലംഘനത്തിനുള്ള സാധ്യത കാണുന്നുണ്ടോ?
ഇത്തവണ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഒരു സര്‍ക്കുലറുണ്ട്. അതിശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് അത് പിന്‍വലിക്കുകയായിരുന്നു. സര്‍ക്കാരിന്റെ കുടിലബുദ്ധിയാണ് അതില്‍നിന്ന് വ്യക്തമാവുന്നത്. പോലീസിന് വേണ്ടി ഇറക്കിയിരിക്കുന്ന ആ സര്‍ക്കുലറില്‍ പറയുന്നത് ലിംഗപ്രായ ഭേദമന്യേ എല്ലാവര്‍ക്കും ശബരിമലയില്‍ പ്രവേശനമുണ്ടെന്നാണ്. അതുകൊണ്ട് യുവതീപ്രവേശനമെന്ന അജണ്ടയില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്മാറി എന്ന് പറയാറായിട്ടില്ല. എങ്കിലും ഇനി അത് അത്ര എളുപ്പമല്ല. ശബരിമലയില്‍ ഇനി യുവതികളെ പ്രവേശിപ്പിക്കുമെന്നൊരു ഭയം ഹൈന്ദവ സംഘടനകള്‍ക്കില്ല. എന്നാല്‍ ജാഗ്രതയുണ്ടുതാനും.
♠ശബരിമല വികസനം സംബന്ധിച്ച് സംപൂജ്യ സ്വാമി സത്യാനന്ദ സരസ്വതി സ്വാമികള്‍ ആവിഷ്‌കരിച്ച ഹരിവരാസനം പദ്ധതിയുടെ പ്രസക്തി എന്താണ്?
ശബരിമല വികസനത്തെ സംബന്ധിച്ച രണ്ട് പദ്ധതികളുണ്ട്. സുപ്രീംകോടതി തന്നെ അംഗീകരിച്ചിട്ടുള്ള ശബരിമല മാസ്റ്റര്‍പ്ലാനാണ് അതില്‍ ഒന്നാമത്തെത്. അമ്പതു വര്‍ഷം മുന്നില്‍ കണ്ടു കൊണ്ട് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടം വരാതെ കാനനക്ഷേത്രമെന്ന സങ്കല്പം നിലനിര്‍ത്തി പരിസ്ഥിതിക്ക് കോട്ടം വരാതെയുള്ള ഒരു മാസ്റ്റര്‍പ്ലാനാണ് സുപ്രീംകോടതി അംഗീകരിച്ചത്. എന്നാല്‍ അതിനെക്കുറിച്ച് ഇപ്പോള്‍ നാം കേള്‍ക്കുന്നില്ല. അതുപോലെ തന്നെയാണ് സത്യാനന്ദ സരസ്വതി സ്വാമികളുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ച ഹരിവരാസനം പദ്ധതി. കുറേക്കൂടി ആദ്ധ്യാത്മികമായ മാനങ്ങളുള്ള എന്നാല്‍ നേരത്തെ പറഞ്ഞതുപോലുള്ള വികസന പദ്ധതികള്‍ കൂടി ഉള്‍ക്കൊള്ളുന്ന ഒന്നാണത്. എന്നാല്‍ ഈ രണ്ട് പദ്ധതികളോടും സര്‍ക്കാര്‍ മുഖംതിരിച്ചു നില്‍ക്കുകയാണ്. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിച്ചുകൊണ്ട് വേണം ശബരിമലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എന്നതാണ് ഈ രണ്ടു പദ്ധതികളും നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ ശബരിമലയെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ അവിടെ നടക്കുന്നത്. ശബരിമലയെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്ന് ഒരു വിനോദസഞ്ചാര കേന്ദ്രമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശബരിമലയെ സംബന്ധിച്ചിടത്തോളം ധര്‍മ്മാശാസ്താവാണ് അവിടെ ഉള്ളത്. അതുകൊണ്ട് തന്നെ അവിടെ വരുന്നവര്‍ക്കെല്ലാം എല്ലാം ധര്‍മ്മമായി തന്നെ കിട്ടേണ്ടതാണ്. കൊടുക്കുക എന്നതാണ് ധര്‍മ്മം. അത് നിര്‍വഹിക്കേണ്ടത് സര്‍ക്കാരാണ്. അതിനാവശ്യമായ പണം അവിടെ വരുന്നുണ്ട്. ഭക്തജനങ്ങള്‍ക്ക് ആഹാരം, പ്രാഥമിക സൗകര്യങ്ങള്‍, സുഖദര്‍ശനം എന്നിവ ലഭ്യമാക്കണം. എന്നാല്‍ കച്ചവടക്കണ്ണോടെയും ലാഭക്കണ്ണോടെയുമാണ് സര്‍ക്കാര്‍ ശബരിമലയെ കാണുന്നത്. അതുകൊണ്ട് അവരെ സംബന്ധിച്ചിടത്തോളം കച്ചവടം, വരുമാനം എന്നിവയ്ക്കാണ് ഊന്നല്‍.
♠ശബരിമലയില്‍ ഭക്തന്മാര്‍ ധാരാളം ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇതിനെ എങ്ങനെ കാണുന്നു?
ശബരിമല തീര്‍ത്ഥാടനത്തിന്റെ ആദ്ധ്യാത്മികമായ അംശത്തെ ചോര്‍ത്തിക്കളഞ്ഞ് ഭക്തന്മാര്‍ മടുപ്പോടുകൂടി തിരിച്ചു പോകണം എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ശബരിമലയില്‍ കാര്യങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ഒരു ദിവസം ഏതാണ്ട് ഒരു ലക്ഷം പേര്‍ എത്തുന്ന പമ്പയില്‍ കേവലം 250 പേര്‍ക്ക് വിരി വെക്കാവുന്ന സംവിധാനം മാത്രമാണുള്ളത്. ബാക്കി സ്ഥലങ്ങളെല്ലാം കച്ചവടത്തിനുവേണ്ടി നല്‍കിയിരിക്കുകയാണ്. എന്തും സഹിക്കാനുള്ള ഒരു മാനസികാവസ്ഥയോടെയാണ് ഭക്തന്മാര്‍ ശബരിമലയിലേക്ക് വരുന്നത്. ഈ മാനസികാവസ്ഥയെ ദേവസ്വം ബോര്‍ഡ് മുതലെടുക്കുകയാണ്. ശബരിമലയില്‍ എല്ലാ തരത്തിലുള്ള വഴിപാടുകള്‍ക്കും വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അവിടെ 600- 700 മുറികളുള്ള ദേവസ്വം ബോര്‍ഡ് ലോഡ്ജുകളുണ്ട്. അവിടെ പന്ത്രണ്ടു മണിക്കൂര്‍ നേരത്തേക്ക് 1500 രൂപയാണ് വാങ്ങുന്നത്. ചെറിയ മുറികള്‍ക്ക് പോലും 3000 രൂപയാണ് നിരക്ക്. ഏതു സാധനത്തിനും ശബരിമലയില്‍ തീപിടിച്ച വിലയാണ്. ശബരിമലയെ സര്‍ക്കാര്‍ ചൂഷണത്തിനുള്ള ഒരു കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധവും നിയമപോരാട്ടവും നടത്താന്‍ ഹൈന്ദവ സംഘടനകള്‍ മുന്നിട്ടിറങ്ങും.
♠ശബരിമലയിലെ ദര്‍ശനസമയം വര്‍ദ്ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരിക്കുകയാണ്. വര്‍ഷത്തില്‍ എല്ലാ ദിവസവും ദര്‍ശനം നടത്തുന്ന നിലയിലേക്ക് ശബരിമലയെ മാറ്റുന്നതിന്റെ മുന്നോടിയാണോ ഇത്? ഇതിനോടുള്ള പ്രതികരണം
ക്ഷേത്രങ്ങള്‍ സവിശേഷമായ ആരാധനാ കേന്ദ്രമാണ്. ഓരോ ക്ഷേത്രത്തിന്റെയും ആചാരാനുഷ്ഠാനങ്ങള്‍ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളില്‍ തീരുമാനമെടുക്കേണ്ടതും മാറ്റം വരുത്തേണ്ടതും സര്‍ക്കാരോ കോടതിയോ ഒന്നുമല്ല. അതില്‍ തീരുമാനം എടുക്കേണ്ടത് ക്ഷേത്രത്തിന്റെ തന്ത്രിയോ അതുമായി ബന്ധപ്പെട്ട ആചാര്യന്മാരോ ഒക്കെയാണ്. ബാഹ്യശക്തികളുടെ ഇടപെടല്‍ അക്കാര്യത്തില്‍ ഉണ്ടാകാന്‍ പാടില്ല.
♠ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് മോചിപ്പിക്കണമെന്നത് ഹിന്ദു ഐക്യവേദിയുടെ ദീര്‍ഘകാലത്തെ ആവശ്യമാണ്. ഇതിന് പകരം മുന്നോട്ടു വെക്കാനുള്ള ബദല്‍ സംവിധാനം എന്താണ്?
നമ്മുടേത് ഒരു മതേതര ഭരണകൂടമാണ്. അങ്ങനെ ഉള്ളപ്പോള്‍ ക്ഷേത്ര കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടാന്‍ പാടുണ്ടോ എന്നതാണ് മൗലികമായ ഒരു ചോദ്യം. സര്‍ക്കാര്‍ ക്ഷേത്രഭരണം നടത്തുന്നത് ഭരണഘടനാദത്തമായ വിശ്വാസ സ്വാതന്ത്ര്യത്തിന് എതിരാണ്. കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഇതിനെതിരായ കോടതിവിധികള്‍ വന്നിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പിന്മാറിയാല്‍ ക്ഷേത്രം ആര് ഭരിക്കും എന്ന ഒരു ചോദ്യം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഇത് പണ്ട് ബ്രിട്ടീഷുകാര്‍ ഉന്നയിച്ച ചോദ്യമാണ്. തങ്ങള്‍ പോയാല്‍ ഭാരതം ആര് ഭരിക്കും എന്നാണ് അവര്‍ ചോദിച്ചത്. മഹാത്മജി ഉള്‍പ്പെടെയുള്ള നമ്മുടെ ദേശീയ നേതൃത്വം അതിന് മറുപടി നല്‍കിയത് ഭാരതം ആര് ഭരിക്കണമെന്നത് ഭാരതീയര്‍ തീരുമാനിക്കും എന്നാണ്. അതുപോലെ ദേവസ്വം ബോര്‍ഡ് പിന്മാറിയാല്‍ ക്ഷേത്രം ആര് ഭരിക്കണമെന്ന് ഹിന്ദുക്കള്‍ തീരുമാനിക്കും. അത് വിശ്വാസികള്‍ തീരുമാനിക്കും. കേരളത്തില്‍ തന്നെ എല്ലാ ക്ഷേത്രങ്ങളും ദേവസ്വം ബോര്‍ഡ് അല്ല ഭരിക്കുന്നത്. ഇത് സംബന്ധിച്ച് ജസ്റ്റിസ് കെ.പി. ശങ്കരനായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതില്‍ ക്ഷേത്ര ഭരണം നടത്തേണ്ടത് ആരാണെന്നതിന് കൃത്യമായ ഉത്തരം നല്‍കിയിട്ടുണ്ട്.
♠ഒരുഭാഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ ബലം പ്രയോഗിച്ച് പിടിച്ചെടുക്കുകയാണ്. മറുഭാഗത്ത് വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട തീരുമാനം നിരുപാധികം പിന്‍വലിക്കുന്നു. ഇത് മതേതര ഭരണകൂടം നടത്തുന്ന മതപരമായ വിവേചനമല്ലേ?
കേരളത്തില്‍ മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ ഹൈന്ദവ വികാരത്തെ ഒട്ടും പരിഗണിക്കാറില്ല. ഹിന്ദുക്കള്‍ സംഘടിത വോട്ട് ബാങ്കല്ല എന്നതാണ് കാരണം. അടുത്തിടെ നടന്ന വിഴിഞ്ഞം സമരത്തില്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചിട്ടും പോലീസ് സംയമനം പാലിക്കുകയായിരുന്നു. എന്നാല്‍ ശബരിമലയില്‍ നാമജപ പ്രതിഷേധം നടത്തിയ അയ്യപ്പഭക്തന്മാരെ പോലീസ് ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിട്ടു. വിഴിഞ്ഞത്ത് സമരം നടന്നത് പള്ളിയില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ്. അതുകൊണ്ട് തന്നെ അവര്‍ വോട്ട് ചെയ്യുന്നതും മതപുരോഹിതന്മാരുടെ നിര്‍ദേശത്തിനനുസരിച്ചാണ്. ഇതുപോലെ തന്നെയാണ് വഖഫ് ബോര്‍ഡ് വിഷയവും. സമാജം എന്ന നിലയില്‍ സ്വയം സംഘടിക്കാന്‍ സന്നദ്ധരാകുക എന്നതാണ് ഇതില്‍ നിന്ന് ഹിന്ദുക്കള്‍ക്ക് പഠിക്കാനുള്ള വിലയേറിയ പാഠം.