ജനുവരി 14 മകരസംക്രമം
അസതോ മാ സദ്ഗമയ
തമസോ മാ ജ്യോതിര്‍ഗമയ
മൃത്യോര്‍ മാ അമൃതംഗമയ
നന്മയുടെ അടിസ്ഥാനത്തിലുള്ള സംക്രമണങ്ങളെപ്പറ്റി ഒരുപക്ഷെ ആദ്യമായി എഴുതിയ വാക്യങ്ങള്‍ ഇതായിരിക്കണം. അസത്യത്തില്‍നിന്ന് സത്യത്തിലേക്ക് നയിക്കേണമേ! ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കു നയിക്കേണമേ! മൃതത്തില്‍ നിന്ന് അമൃതത്വത്തിലേക്കു നയിക്കേണമേ! ഇതാണ് മന്ത്രം. ഒരു വ്യക്തി നന്നാവാന്‍, കുടുംബം നന്നാവാന്‍, സമുദായം നന്നാവാന്‍, മതം നന്നാവാന്‍, രാജ്യം നന്നാവാന്‍, ലോകം നന്നാവാന്‍ ഈയൊരു സംക്രമണം ആവശ്യമാണ്. ഇത് എത്ര വേഗം സാദ്ധ്യമാവുന്നുവോ അത്രയും വേഗം ഈ പറഞ്ഞവയില്‍ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. ഇത്തരമൊരു സംക്രമണസന്ദേശം തന്നെയാണ് അഥവാ ഈ സന്ദേശത്തിന്റെ പുന:പ്രഖ്യാപനം തന്നെയാണ് മകരസംക്രമണവും.
മകരസംക്രമണം പ്രകാശം വര്‍ദ്ധിക്കുന്ന പ്രകൃതിപ്രതിഭാസമാണ്. പ്രകാശം വര്‍ദ്ധിക്കുകയെന്നാല്‍ അറിവ് വര്‍ദ്ധിക്കലാണ്. അറിവ് വര്‍ദ്ധിക്കുകയെന്നാല്‍ കര്‍മ്മം വര്‍ദ്ധിക്കുകയാണ്. ലോകനന്മയ്ക്കു കാരണമായ പ്രവൃത്തിയെയാണ് കര്‍മ്മമെന്നു പറയുന്നത്. അറിവിന്റെ അടയാളം പ്രവൃത്തിയാണ്; നിഷ്‌ക്രിയതയല്ല.
ഗുരു ദീര്‍ഘനേരമായി ധ്യാനനിരതനായിരിക്കുന്നു. ധ്യാനത്തില്‍ നിന്നുണരുന്ന ഗുരുവിന്റെ ഉപദേശം സ്വീകരിക്കാന്‍ ശിഷ്യരും മൊഴികള്‍ കേള്‍ക്കാന്‍ ജനങ്ങളും ചുറ്റും കൂടി നില്‍ക്കുന്നു. വളരെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ണുതുറന്ന ഗുരു ചുറ്റും കൂടി നില്‍ക്കുന്നവരെ കണ്ടു. സാകൂതം നോക്കി നില്‍ക്കുന്ന ശിഷ്യരോടായി ഗുരുവിന്റെ ചോദ്യം, ‘നേരം വെളുത്തു എന്നും പ്രകാശം പരന്നു എന്നും എങ്ങനെ തിരിച്ചറിയാം?’
ഒട്ടുനേരം ആലോചിച്ച് ഒരു ശിഷ്യന്‍ മറുപടി പറഞ്ഞു, ദൂരെയുള്ള മരം മാവാണോ പ്ലാവാണോ എന്നു തിരിച്ചറിയാനായാല്‍ നേരം വെളുത്തു എന്നും പ്രകാശം പരന്നു എന്നും മനസ്സിലാക്കാം.
തൃപ്തിവരാതെ ഗുരു മറ്റൊരു ശിഷ്യനെ നോക്കി. അയാള്‍ ചുഴിഞ്ഞാലോചിച്ച് സമാനമായ മറ്റൊരു മറുപടി പറഞ്ഞു, ‘അകലെ നില്‍ക്കുന്ന മൃഗം കാളയാണോ കുതിരയാണോ എന്നു തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ നേരം വെളുത്തു എന്നും പ്രകാശം പരന്നു എന്നും മനസ്സിലാക്കാം.’
മറ്റുപലരും സമാനമായ ഉത്തരങ്ങള്‍ തന്നെയാണ് പറഞ്ഞത്. ഒന്നിലും തൃപ്തിവരാതിരുന്ന ഗുരു ഒടുവില്‍ മൊഴിഞ്ഞു, ‘മറ്റൊരുവന്റെ കണ്ണില്‍ നോക്കുമ്പോള്‍ തന്നെത്തന്നെ കാണുന്നുവെങ്കില്‍ നേരം വെളുത്തുവെന്നും പ്രകാശം പരന്നുവെന്നും കണക്കാക്കാം.’
അതായത് അറിവും അതിന്റെ അടയാളമായ തിരിച്ചറിവുമാണ് പ്രകാശം പരന്നതിന്റെ പ്രമാണമായി ഗുരു ചൂണ്ടിക്കാണിച്ചത്. പ്രകാശം പരക്കുകയെന്നാല്‍ ഉളളം തെളിയുക എന്നര്‍ത്ഥം.
ഈ അറിവിനെ ആരാധിച്ച രാഷ്ട്രമാണ് ഭാരതം. എപ്പോഴാണോ വിദ്യാപൂജ നാം ഉപേക്ഷിച്ചത് അപ്പോള്‍ തിരിച്ചറിവു നഷ്ടപ്പെടുകയും അടിമത്തം ഏറ്റുവാങ്ങുകയും ചെയ്തു. മറ്റൊരുവന്റെ കണ്ണില്‍ തന്നെ കണ്ടില്ല. അവന്‍ വേറെയെന്നു സങ്കല്പിച്ചു. അകറ്റിനിര്‍ത്തി. ആട്ടിയകറ്റി. അകലം ഉണ്ടായപ്പോള്‍ ആ വിടവിലേക്ക് രാഷ്ട്രശത്രുക്കള്‍ കടന്നുനിന്നു. വിഭജിക്കപ്പെട്ടുപോയ ഹിന്ദു സമൂഹത്തെ പരാജയപ്പെടുത്തി അധികാരം അടിച്ചേല്‍പ്പിച്ചു. ആയിരത്താണ്ടുകളുടെ ഭാരം നാം ചുമന്നു.
ഇടയില്‍ കടന്നുനിന്നവര്‍ ഹിന്ദു സമൂഹം വീണ്ടും ഒന്നാകാതിരിക്കാന്‍ മതിലായി നില്‍ക്കുക മാത്രമല്ല ചെയ്തത്. എന്നെങ്കിലും അവര്‍ക്ക് പിന്തിരിയേണ്ടി വന്നാലും വിഭജനം ശാശ്വതമാകണം. അതിനായി അവര്‍ വിഷച്ചെടികള്‍ വച്ചുപിടിപ്പിച്ചു. അതു വളര്‍ന്ന് വലിയ വിഷവൃക്ഷങ്ങളായി മാറി. അതിന്റെ കാറ്റേറ്റ് ഭാരതം വിങ്ങി. അന്തിമമായി രാഷ്ട്രവിഭജനം ചരിത്രമായി.
രണ്ടുതരം വിഭജനങ്ങളാണ് അറിവിനെ, പ്രകാശത്തെ നിഷേധിച്ചപ്പോള്‍ നാം അനുഭവിച്ചത്. ഒന്ന്, സഹസ്രാബ്ദങ്ങളായി ഒന്നിച്ചു ജീവിച്ച നമ്മുടെതന്നെ രക്തത്തിന്റെ രക്തവും മാംസത്തിന്റെ മാംസവുമായ സഹോദരങ്ങളെ തിരിച്ചറിയാതെ തമ്മില്‍ത്തമ്മില്‍ അകറ്റി; ജാതീയത പ്രകാശമില്ലായ്മയുടെ, ബുദ്ധിയില്‍ അന്ധത ബാധിച്ചതിന്റെ അടയാളമായി എഴുന്നുനിന്നു. മറ്റൊന്ന്, പുറത്തുനിന്നും വച്ചുപിടിപ്പിച്ച വിഷവൃക്ഷത്തില്‍നിന്നും പടര്‍ന്നുപന്തലിച്ച മതവിഭജനത്തിന്റെ വടുക്കള്‍ ഉണങ്ങാതെ പൊറ്റ കെട്ടി വ്രണമായി വളര്‍ന്നു; പടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ഈ വിഭജനങ്ങള്‍ക്കുമേല്‍ അറിവിന്റെ പ്രകാശം പരത്തണം. വിഭജനങ്ങളെല്ലാം അറിവില്ലായ്മ കൊണ്ടാണെന്നു ബോദ്ധ്യപ്പെടണം. ജാതി-മത വിഭജനവാദികളെ ബോദ്ധ്യപ്പെടുത്തണം. നിരന്തര പ്രബോധനങ്ങള്‍കൊണ്ടേ അതു സാധ്യമാവൂ. ‘സത്യം ച സ്വാദ്ധ്യായ പ്രവചനേ ച’, ഉപനിഷത്തിന്റെ ആഹ്വാനമാണ്. സത്യമെന്തെന്നു പഠിച്ചറിഞ്ഞ് പ്രഘോഷിക്കണം. സത്യത്തെ മനസ്സിലാക്കുകയും ലോകം മുഴുവന്‍ നിരന്തരം പ്രഘോഷിക്കുകയും ചെയ്തിരുന്നപ്പോള്‍ ഭാരതം ലോകത്തിന്റെ ഗുരുസ്ഥാനത്ത് അവരോധിക്കപ്പെട്ടു. പ്രഘോഷണം അവസാനിപ്പിക്കുകയും പഠനം ചുരുങ്ങുകയും ചെയ്തപ്പോള്‍ അടിമത്തം ശാശ്വതമായി.
പഠനവും പ്രബോധനവും തന്നെയാണ് പരിഹാരം. പുതിയ കാലത്തെ വെല്ലുവിളി ബൗദ്ധികമാണ്. ആയുധം പിന്നാലെയാണ്. ബുദ്ധിപരമായി കീഴടക്കപ്പെട്ടവരെ ഭരിക്കാന്‍ പിന്നെ ആയുധം ആവശ്യമില്ലതന്നെ. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി ഭാരതത്തിനു പറ്റിയത് ഈ വീഴ്ചയായിരുന്നു. ഭാരതം വീഴുകയും ഇന്ത്യ ഉണ്ടാവുകയുമായിരുന്നു. അത് വീണ്ടും ഭാരതമാകണം. ഭാസില്‍ രതിയുള്ളത്. പ്രകാശത്തില്‍ രമിക്കുന്നത്. വെളിച്ചത്തെ പൂജിച്ചു തുടങ്ങിയാല്‍ വീണ്ടും ഭാരതമാകും. മകരസംക്രമം മൂലം വര്‍ദ്ധിച്ചുകിട്ടുന്ന വെളിച്ചത്തെ നാം അറിവിന്റെ പ്രഘോഷണത്തിന് ഉപയോഗിക്കണം. അതിനാദ്യം അറിവ് ആര്‍ജിക്കണം. എല്ലാത്തരത്തിലുമുള്ള അറിവ് പ്രധാനമാണ്. ജ്ഞാനവിജ്ഞാനങ്ങള്‍ എന്ന് പൂര്‍വ്വിക ഗുരുക്കന്മാര്‍ ആവര്‍ത്തിച്ചു പറഞ്ഞതാണ്. ‘ജ്ഞാനം വിജ്ഞാന സഹിതം’ എന്ന് ഭഗവദ്ഗീത ഓര്‍മ്മിപ്പിച്ചതാണ്. പക്ഷേ നാം മറവിയുടെ കാണാക്കയങ്ങളിലേക്ക് സ്വയം മുങ്ങി. ചരിത്രം പഠിച്ചില്ല, ഭൗതികത തെറ്റെന്നു തെറ്റിദ്ധരിച്ചു.
ഇനി ഉയരാതിരിക്കാന്‍ കഴിയില്ല. അന്ധകാരത്തില്‍ അടയിരുന്നത് അവസാനിപ്പിക്കണം. ഒരിക്കല്‍ സ്വാമി വിവേകാനന്ദന്‍ എല്ലാവരെയും വിളിച്ചുണര്‍ത്തിയതാണ്. തീക്കാറ്റായി അദ്ദേഹം ചീറിയടിച്ചു. അനാചാരത്തിന്റെ വിഴുപ്പുകള്‍ എരിഞ്ഞൊടുങ്ങി. മാമൂല്‍പ്രിയര്‍ പ്രതിഷേധിച്ചു. പരിഷ്‌ക്കരണവാദികള്‍ പരിഹസിച്ചു. സ്വാമികള്‍ പാറപോലെ ഉറച്ചുനിന്നു. എല്ലാ ആക്രമണങ്ങളെയും പരിഹാസങ്ങളെയും വേദാന്തത്തിന്റെ പരിചകൊണ്ടു പ്രതിരോധിച്ചു. ഉപനിഷത്തുക്കള്‍കൊണ്ട് ആക്രമിച്ചുകയറി. ലോകം മുഴുവന്‍ വീണ്ടും അദ്വൈതത്തിന്റെ ദര്‍ശനങ്ങള്‍ വെളിച്ചം പകര്‍ന്നു. വിയര്‍ത്തു വിജ്ഞാനം നേടിയ പാശ്ചാത്യതയും ജീവിതം എരിച്ചു നേടിയ ഭാരതീയതയും കൂടിച്ചേര്‍ന്നാല്‍ ഭാവിലോകം സുരക്ഷിതമെന്നു പ്രവചിച്ചു. എന്നാല്‍ കാലം പോകെ സ്വാതന്ത്ര്യാനന്തരം നാം കുംഭകര്‍ണ്ണസേവയിലേക്കു കൂപ്പുകുത്തി. ജ്ഞാന തൃഷ്ണ ഒടുങ്ങി. ഭോഗതൃഷ്ണ ശീലിപ്പിച്ചു. ‘നവഭാരതശില്പി’കളില്‍ ചിലരുടെ ആഗ്രഹമായിരുന്നു ഈ ഉറക്കിക്കിടത്തല്‍. രാക്ഷസീയത കൈമുതലായവര്‍ അവസരം വിനിയോഗിച്ചു. ഉറങ്ങിയവര്‍ മേലില്‍ ഉണരുത്. മസ്തിഷ്‌ക്കപ്രക്ഷാളനം – തലച്ചോറു കഴുകി, അതിലുണ്ടായിരുന്ന ഭാരതീയതയെ വലിച്ചൂറ്റിക്കളഞ്ഞു. അഭാരതീയതയുടെ, ഭാരതവിരുദ്ധതയുടെ വിഷം ലേപനം ചെയ്തു. ഉറങ്ങിയുണര്‍ന്നു എന്നു കരുതിയ ഭാരതീയര്‍ സ്വപ്‌നാടനക്കാരായി.
ഈയൊരു ഗതി മുന്‍കൂട്ടിക്കണ്ടയാളായിരുന്നു ഡോ: കേശവ ബലിറാം ഹെഡ്‌ഗേവാര്‍! വിവേകാനന്ദന്‍ ആഹ്വാനം ചെയ്തതിനെ പ്രായോഗികമാക്കാന്‍ പുതിയ യന്ത്രം സ്ഥാപിച്ചു. അതാണ് രാഷ്ട്രീയ സ്വയംസേവക സംഘം. നിരന്തരം നിശ്ശബ്ദം ഓരോരുത്തരിലായി ഭാരതീയത സന്നിവേശിപ്പിച്ചു. നൂറ്റാണ്ടൊന്നു തികയുമ്പോഴേക്ക് ഭാരതം ഇതാ പുനര്‍ജ്ജനിക്കുന്നു. ഭാരതത്തിന്റെ ശബ്ദം കേള്‍ക്കാന്‍ ലോകം വീണ്ടും ചെവിയോര്‍ക്കുന്നു. ഹിന്ദുത്വത്തിനുനേരെ വാദകോലാഹലങ്ങള്‍ ഉന്നയിച്ച് കലപില കൂട്ടുന്നവരും ചുറ്റിനുമുണ്ട്. പക്ഷെ മുന്‍ഗാമികള്‍ കാണിച്ചുതന്ന മാര്‍ഗവും ലക്ഷ്യവും നമ്മുടെ മുമ്പിലുണ്ട്. അറിവ് ആര്‍ജ്ജിക്കുക, പ്രഘോഷിക്കുക. അതിന്നായി പ്രവര്‍ത്തിക്കുക.
അറിവേറിയിരുന്ന എല്ലാ മഹാഗുരുക്കന്മാരും മരണപര്യന്തം വിശ്രമരഹിത കര്‍മ്മമാര്‍ഗത്തിലായിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍ തുടങ്ങി എല്ലാ സിദ്ധന്മാരും ആചാര്യന്മാരും സമാധിസ്ഥരാകുന്നിടം വരെ കര്‍മ്മമാര്‍ഗത്തെ ഉപേക്ഷിച്ചില്ല. ‘എനിക്കൊന്നും നേടാനില്ലാതിരുന്നിട്ടും ഞാന്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു അര്‍ജ്ജുന’ എന്ന് കൃഷ്ണന്‍ ശിഷ്യനോട് ഉറപ്പിച്ചു പറയുന്നു.
മകരസംക്രമത്തിന്റെ സന്ദേശം വിശ്രമരഹിത കര്‍മ്മത്തിന്റേതാണ് എന്നര്‍ത്ഥം. കര്‍മ്മത്തില്‍ ആനന്ദം അനുഭവിക്കാനായാല്‍ ലക്ഷ്യം വിദൂരമല്ല.