നായ കടിക്കാന്‍ വന്നാല്‍ ആരും ഓടിക്കയറുക സ്വന്തം വീട്ടിലേക്കാണ്. അവിടെയാണ് സുരക്ഷിതസ്ഥലം. കുട്ടികള്‍ സുഖമായി ഉറങ്ങുക സ്വന്തം വീട്ടിലാണ്. കണ്ണൂരില്‍ കെ.എസ്.ടി.എ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് ഇ.പി. ജയരാജന്‍ സഖാവ് പറഞ്ഞത് പത്രക്കാര്‍ക്ക് തമാശയായിരുന്നു. സാമൂഹ്യ മാധ്യമക്കള്‍ക്ക് ട്രോളാന്‍ ഒരു അവസരവും. ആയുര്‍വേദ റിസോര്‍ട്ട് വിവാദം കത്തി നില്‍ക്കുമ്പോള്‍ ജയരാജന്‍ സഖാവ് തിരുവനന്തപുരത്തു നിന്ന് സ്വന്തം നാടായ കണ്ണൂരിലേക്ക് ഓടിയത് ഏതു പട്ടിയെ പേടിച്ചാണ് എന്ന് ആരും ചോദിച്ചില്ല. എ.കെ.ജി. സെന്ററിലെ പട്ടിയെ പേടിച്ചാണ് സഖാവ് സ്ഥലം വിട്ടത് എന്ന് ഉറപ്പ്. പട്ടികളെല്ലാം ഇരുമ്പുകൂട്ടിലായി എന്ന് ഉറപ്പായ ശേഷമാണല്ലോ സഖാവ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് തിരുവനന്തപുരത്തേയ്ക്ക് പോയത്. അതോടെ പാര്‍ട്ടിക്കാര്‍ തന്നെ ഉയര്‍ത്തിയ റിസോര്‍ട്ട് വിവാദം ചീറ്റിപ്പോയി. പാര്‍ട്ടിപോലും അതു അന്വേഷിക്കേണ്ട എന്നു തീരുമാനിച്ചു. പട്ടികളെ കൂട്ടിലാക്കാന്‍ എന്തു മായാവിദ്യയാണ് സഖാവ് ജയരാജന്‍ പ്രയോഗിച്ചത് എന്നറിയില്ല. ഗോവിന്ദന്‍ സഖാവിന്റെ നാവുപോലും ഇക്കാര്യത്തില്‍ അനങ്ങാതെയായി.
സ്വന്തം പാര്‍ട്ടിക്കാരെ ഉദ്ദേശിച്ച് നായ പരാമര്‍ശം ജയരാജന്‍ നടത്തിയത് ആര്‍ക്കും വിവാദമല്ല. എന്നാല്‍ നരേന്ദ്രമോദി നിര്‍ദ്ദോഷമായ രീതിയില്‍ ഒരു നായക്കുട്ടി പരാമര്‍ശം നടത്തിയതു മാധ്യമങ്ങള്‍ ഭൂമികുലുങ്ങുന്ന സംഭവമാക്കി. ഗുജറാത്ത് കലാപത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഒരു ചോദ്യത്തിന് നാം സഞ്ചരിക്കുന്ന വാഹനത്തിനടിയില്‍ ഒരു നായക്കുട്ടി പെട്ടുപോയാല്‍പോലും വേദനിക്കില്ലേ എന്ന മറുപടിയാണ് മോദി മുസ്ലിങ്ങളെ നായ എന്നു വിളിച്ചു എന്ന ആരോപണമാക്കി കാടിളക്കിയത്. ജയരാജന്മാര്‍ക്ക് എന്തും പറയാം കുഴപ്പമില്ല; മോദി മിണ്ടിപ്പോകരുത്. അതാണ് ഇവിടുത്തെ ന്യായം.